August 9 Sunday 2026

ആഘോഷങ്ങള്‍, പ്രതിഷേധങ്ങള്‍, വിദ്വേഷങ്ങള്‍: ഇസ്‌ലാമോഫോബിയയുടെ ആവിഷ്‌കാരം

കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ പ്രധാന രൂപങ്ങളിലൊന്ന്, ഇസ്‌ലാമിനെ പ്രാകൃത ചിന്താരീതിയായും മുസ്‌ലിംകളെ പുരോഗമന ജനാധിപത്യ ആശയങ്ങള്‍ക്ക് യോജിക്കാത്തവരായും മുദ്രകുത്തുക എന്നതാണ്. ‘ആറാം നൂറ്റാണ്ടിലെ പ്രാകൃത മതം’, ‘കിതാബില്‍’ എഴുതിയതുപോലെ ജീവിക്കുന്നവര്‍ തുടങ്ങിയ വംശീയാരോപണങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ നിരന്തരം ഉന്നയിക്കപ്പെടുന്നു. മതധാര്‍മികതക്കുപകരം ഭരണഘടനാ ധാര്‍മികതയാണ് ഇക്കാലത്തു മനുഷ്യര്‍ക്കു വേണ്ടതെന്നാണു വിമര്‍ശകര്‍ നിരന്തരം ഉപദേശിക്കുന്നത്.

എന്നാല്‍, സവര്‍ണ ഹൈന്ദവാചാരങ്ങളെ വിമര്‍ശനമേതുമില്ലാതെ സ്വാഭാവിക രാഷ്ട്രസംസ്‌കാരമായി ഭരണഘടനാ ധാര്‍മികതക്കുമേല്‍ പ്രതിഷ്ഠിക്കുകയും മറ്റുള്ളവര്‍, പ്രത്യേകിച്ചു ന്യൂനപക്ഷങ്ങള്‍, ആ സംസ്‌കൃതി സ്വീകരിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതാണ് ഇത്തരം ഇസ്‌ലാമോഫോബിയയുടെ രീതി. തന്മൂലം വിയോജിക്കാനും വിട്ടുനില്‍ക്കാനുമുള്ള ജനാധിപത്യാവകാശങ്ങളെ റദ്ദാക്കുകയും, പൊതുമണ്ഡലത്തില്‍നിന്നു പുറംതള്ളപ്പെടുകയും ചെയ്യുകയെന്നത് കേരളത്തില്‍ ‘അധീശ മതേതര ഇസ്‌ലാമോഫോബിയ’യുടെ പ്രവര്‍ത്തനശൈലിയാണ്. ഉദാഹരണത്തിനു, സര്‍ക്കാര്‍ പരിപാടികളുടെ നിലവിളക്കു കൊളുത്തിയുള്ള ഉദ്ഘാടനത്തില്‍ നിന്നു ‘മത’പരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കാനുള്ള അവകാശത്തെ ‘വര്‍ഗീയത’യും ‘തീവ്ര’ ചിന്താഗതിയുമായാണ് അധീശ പൊതുമണ്ഡലം വിലയിരുത്തുന്നത്.

ഭരണഘടന നിലപാട്
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം ഇരുപത്തിയഞ്ച്, ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവര്‍ തെരഞ്ഞെടുക്കുന്ന മതത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഇഷ്ടമുള്ള മതവിശ്വാസങ്ങളനുസരിച്ചു ജീവിക്കാനുമുള്ള മൗലികാവകാശം നല്‍കുന്നുണ്ട്. സമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തിടത്തോളം രാഷ്ട്രത്തിനു പൗരന്റെ മൗലികാവകാശത്തില്‍ ഇടപെടാനുള്ള നിയമപരമായ യാതൊരു അവകാശവുമില്ല എന്നതാണ് അനുച്ഛേദം 25ന്റെ അന്തഃസത്ത. യഹോവ സാക്ഷികളായ മൂന്നു കുട്ടികള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ സംബന്ധിക്കാത്തതുമായി ബന്ധപ്പെട്ടു സ്‌കൂളില്‍നിന്നു പുറത്താക്കിയ കേസിലെ സുപ്രീം കോടതി വിധിയില്‍ ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി, ജസ്റ്റിസ് എം.എം ദത്ത് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ മതേതര രാഷ്ട്രത്തിന്റെ മതവിശ്വാസങ്ങളോടുള്ള സമാപനങ്ങളില്‍ നിര്‍ണ്ണായകമായി വിലയിരുത്തപ്പെടുന്ന ഒന്നാണ്. 1985 ജൂലൈയില്‍ ദേശീയഗാനം ആലപിക്കുന്നത് വിശ്വാസങ്ങളെ ഹനിക്കുന്നു എന്ന നിലപാടെടുത്ത യഹോവയുടെ സാക്ഷികളായ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയത് കേരള ഹൈക്കോടതി ശരിവെച്ചു. ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടു കുട്ടികളുടെ വിശ്വാസത്തെ ഉയര്‍ത്തിപ്പിടിച്ചാണു ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഡിയും ജസ്റ്റിസ് എം.എം. ദത്തും സുപ്രീംകോടതിയില്‍ വിധി പറഞ്ഞത്. നമ്മുടെ ഭരണഘടനയും പൈതൃകവും തത്വചിന്തകളും സഹിഷ്ണുതയുള്ളതാണെന്നും, അതില്‍ വെള്ളം ചേര്‍ക്കരുതെന്നും അവര്‍ വിധിയില്‍ താക്കീതേകി. വിഷയം ദേശീയഗാനമാണെങ്കില്‍പ്പോലും വിശ്വാസിയുടെ വ്യക്തിഗത മനസ്സാക്ഷിയും മതബോധവും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന കോടതിയുടെ പ്രസ്താവം ഭരണഘടനയുടെ അന്തഃസത്തയുടെ വിളംബരമായി മാറി. മറ്റു മതങ്ങളുടെ വിശ്വാസങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും മാത്രമല്ല, ഭരണഘടനയുടെ അനുച്ഛേദം 51(a) യില്‍ പറയുന്ന മൗലിക കടമയില്‍നിന്നുപോലും മതപരമായ കാരണങ്ങള്‍കൊണ്ടു വിട്ടുനില്‍ക്കാനുള്ള അവകാശവും അനുച്ഛേദം 25 ലൂടെ ഇന്ത്യന്‍ പൗരനു കൈവരുന്നുണ്ട് എന്നതാണ് മേല്‍പറഞ്ഞ സുപ്രീംകോടതി വിധി അടിവരയിടുന്നത്.

രണ്ട് ഓണാഘോഷങ്ങള്‍

തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവ് സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ.ജി സെക്ഷനിലെ, മതവിദ്യാഭ്യാസവുംകൂടി ലക്ഷ്യമാക്കി തുടങ്ങിയ ‘ത്വിബിയാന്‍’ല്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ അധ്യാപിക അയച്ച ശബ്ദ സന്ദേശം വലിയ ബഹളങ്ങളുണ്ടാക്കി. ത്വിബിയാനിലെ കുട്ടികള്‍ക്ക് യാതൊരു ആഘോഷവും ഉണ്ടായിരിക്കുന്നതല്ലെന്നും, ഓണത്തിന്റെ അടിസ്ഥാനം ഹിന്ദുമതത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ടതാണെന്നും ടീച്ചര്‍ ശബ്ദസന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം വിപുലമായി ഓണം ആഘോഷിച്ചതും ഈ വര്‍ഷം ചുരുങ്ങിയ രീതിയിലാണ് ആഘോഷമെന്നും ടീച്ചര്‍ സൂചിപ്പിക്കുന്നുണ്ട്. ഓണത്തിന്റെ മതപരതയും ഇസ്‌ലാമിലെ ശിര്‍ക്കും വിശദീകരിച്ചു മറ്റൊരധ്യാപികയുടെ ശബ്ദസന്ദേശവും പുറത്തുവന്നു. വിഷയം പുറത്തെത്തിയ ഉടന്‍ സിപിഐ എമ്മിന്റെ പ്രാദേശിക നേതൃത്വവും ഡി.വൈ.എഫ്.ഐ, കെ.എസ്.യു, ബി.ജെ.പി തുടങ്ങിയ സംഘടനകള്‍ ടീച്ചറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി (മീഡിയവണ്‍, ആഗസ്റ്റ് 29). അധ്യാപികയുടെ പ്രസ്താവന തീവ്രവാദപരമായ, വര്‍ഗീയപരമായ, അപരിഷ്‌കൃതപരമായ ഒന്നാണെന്നും, പ്രസ്താവന നടത്തിയ ടീച്ചറെ ഇനി പഠിപ്പിക്കാന്‍ അനുവദിക്കരുത് എന്നുമാണ് ഡി.വൈ.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് ഒരു മാധ്യമത്തോട് പ്രതികരിച്ചത്. (സീ മലയാളം ന്യൂസ് 27 ആഗസ്റ്റ് 2025). സമാനസ്വഭാവത്തിലുള്ള പ്രതികരണം സി.പി.ഐ.എം, ബി.െജ.പി, കെ.എസ്.യു നേതാക്കളില്‍ നിന്നുമുണ്ടായി. ഒടുവില്‍, സ്‌കൂള്‍ മാനേജ്മന്റ് ടീച്ചറേ സസ്പെന്‍ഡ് ചെയ്യുകയും വിപുലമായ രീതിയില്‍ ഓണം ആഘോഷിക്കുകയും ചെയ്തു. കൂടാതെ, കടവല്ലൂര്‍ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ രാമപുരത്തെ ജെംസ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മാവേലി വേഷം കെട്ടിയ കുട്ടി ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത് സാമൂഹമാധ്യമങ്ങളില്‍ വയറലായി. ദി ഹിന്ദു ദിനപത്രം ഈ വാര്‍ത്ത നല്‍കിയതു നോക്കുക. പരമ്പരാഗത, നവോത്ഥന മുസ്‌ലിം സംഘടനകള്‍ ഒരുപോലെ ഓണാഘോഷത്തെ എതിര്‍ക്കുന്നുവെങ്കിലും, അവരുടെയൊക്കെ മുന്നറിയിപ്പ് അവഗണിച്ചും മലപ്പുറത്തു യുവാക്കള്‍ ഓണം വിപുലമായി ആഘോഷിക്കുന്നുവെന്നുമാണ് വാര്‍ത്ത. (ദി ഹിന്ദു ദിനപത്രം, സെപ്റ്റംബര്‍ 2).
ഈ രണ്ടു സംഭവങ്ങളിലും ഇസ്‌ലാം, അപരിഷ്‌കൃത, ആധുനിക ജനാധിപത്യ മതേതര രഷ്ട്രത്തിനു പുറത്തുള്ളതാണ് എന്ന ഇസ്‌ലാമോഫോബിക് ആഖ്യാനമാണ് തെളിയുന്നത്. ആദ്യത്തേതില്‍, ആഘോഷത്തെക്കുറിച്ചുള്ള ‘പൊതുനിര്‍മിതി’യോടു ചേരാന്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍, ഓണത്തിന് നാല് ലക്ഷം രൂപ മുടക്കി ഹെലികോപ്റ്ററില്‍ മാവേലിയെ ഇറക്കി ആഘോഷിച്ചാലും ഇസ്‌ലാം പപ്രാകൃതവും മതേതരത്തിനു പുറത്തുള്ളതുമായി നിലനില്‍ക്കുമെന്നാണു രണ്ടാമത്തെ സംഭവം കാണിക്കുന്നത്.

ഓണത്തിന്റെ ഹൈന്ദവ പശ്ചാത്തലം, കീഴാള വിരുദ്ധത തുടങ്ങിയവയെല്ലാം മാറ്റിവെച്ചാലും തങ്ങളുടെ മതപരമായ കാരണങ്ങള്‍കൊണ്ട് ഇത്തരം ആഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനുള്ള അവകാശം വ്യക്തികള്‍ക്കും സംഘടനകള്‍ക്കും, മതങ്ങള്‍ക്കുമുണ്ട്. ഭരണഘടനാപരമായി നല്‍കപ്പെട്ടതും, പരമോന്നത കോടതി അംഗീകരിച്ചതുമാണത്. ഭരണഘടനാ ധാര്‍മികതക്ക് മുകളില്‍ പൊതുബോധത്തെ അടിച്ചേല്‍പിക്കാനാണ് ഭരണകൂടവും മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചത്. ഈ രണ്ടു സാഹചര്യത്തിലും മുസ്‌ലിം സ്വയം നിര്‍ണയവകാശത്തിന്റെ നിഷേധമാണ് ഇസ്‌ലാമോഫോബിയ.

മാടായിപ്പാറയിലെ ഫലസ്തീന്‍ ഐക്യദാര്‍ഡ്യം

ഭരണകൂട ഏജന്‍സിയെന്ന നിലയില്‍ കേരളത്തിലെ ഏറ്റവും ഇസ്‌ലാമോഫോബിക് സമീപനങ്ങള്‍ സ്വീകരിക്കുന്നത് ഇവിടുത്തെ പൊലീസാണ് എന്നാണ് ‘കേരള ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് 2024′ കണക്കുകള്‍ സഹിതം രേഖപ്പെടുത്തുന്നത്. (പേജ് 18). ഈ വര്‍ഷവും സ്ഥിതി ഭേദമല്ല. ഈ പശ്ചാത്തലത്തില്‍ക്കൂടി വേണം, കണ്ണൂര്‍ മാടായിപ്പാറയില്‍ സെപ്റ്റംബര്‍ 5 നു ഫലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള പൊലീസ് നടപടിയെ നോക്കിക്കാണാന്‍. ഇസ്രായേലിന്റെ വംശഹത്യക്കെതിരേ കേരളത്തില്‍ മുഖ്യധാരാ ഇടതുപക്ഷമടക്കം തെരുവില്‍ പലതവണ പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോഴും കേരളത്തിന്റെ പല ഭാഗത്തും പല സംഘടനകളും പ്രതിഷേധം നടത്തുന്നു. എന്നാല്‍, മുസ്‌ലിം സംഘടനകള്‍ ഇസ്രായേലിനെതിരേ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കു നേരെയുള്ള പൊലീസ് നടപടികള്‍ വിവേചനപരമാണെന്ന വസ്തുത കേരള ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ട് 2024’ ല്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (പേജ്. 299). കലാപശ്രമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു ഫലസ്തീന്‍ പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. മാടായിപ്പാറയിലെ പ്രതിഷേധത്തില്‍ പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ:
….ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയില്‍പ്പെട്ട കണ്ടാലറിയാവുന്ന 30 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍, വിവിധ കൊടികളും ബാനറുകളും ഉയര്‍ത്തികാട്ടി മാടായിപ്പാറയിലൂടെ പ്രകടനമായി നടന്ന് ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതായും ആയതില്‍ വിവിധ സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് എതിര്‍പ്പുള്ളതായും വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യാതൊരു അനുമതിയുമില്ലാതെ മാടായിപ്പാറയിലൂടെ സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ കാര്യത്തിന് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയില്‍പ്പെട്ട കണ്ടാലറിയാവുന്ന 30 ഓളം പ്രവര്‍ത്തകര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നു. മറ്റു സംഘടനകള്‍ ഏതാണെന്ന് പ്രഥമ വിവര റിപ്പോര്‍ട്ട് പറയുന്നില്ല. എന്നുമാത്രമല്ല, നിയമപരമായും യുക്തിപരമായും നിലനില്‍ക്കാത്ത ആരോപണമാണിതെന്ന് വിമര്‍ശനമുയര്‍ന്നു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷുതന്നെ പൊലീസിന്റെ നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തി.

വളയത്തെ കേസ്

പൊലീസുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം നടന്നത് കോഴിക്കോട് ജില്ലയിലാണ്. വടകരക്കടുത്ത, വളയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓണദിവസം നടന്ന സാധാരണ അടിപിടിക്കേസില്‍ പ്രതികള്‍ മുസ്‌ലിംകളാണെന്നും പരാതിക്കാരന്‍ ഹിന്ദുമതത്തില്‍പെട്ട ആളാണെന്നും മുസ്‌ലിംകള്‍ ഹിന്ദുക്കളെ അടിച്ചതില്‍ പ്രദേശത്തെ ഹിന്ദുക്കള്‍ കടുത്ത അതൃപ്തിയിലാണെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തു വിട്ടു. (ഏഷ്യാനെറ്റ് ന്യൂസ്, 13 സെപ്റ്റംബര്‍ 2025). പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇല്ലാത്ത ഒരുപരാമര്‍ശം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിച്ചേര്‍ത്തു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിപിടിക്കേസില്‍ പരാതിക്കാര്‍ക്കില്ലാത്ത ആരോപണങ്ങള്‍ പൊലീസ് സ്വയം എഴുതിച്ചേര്‍ത്തുവന്നത് ഗൗരവതരമാണെന്നും വിമര്‍ശനമുയര്‍ന്നു.

വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസ്താവനകള്‍

ആഗസ്റ്റ് മാസത്തില്‍മാത്രം ആറ് ദിവസങ്ങളിലായി പത്തോളം സ്ഥലങ്ങളിലാണ് വെള്ളാപ്പള്ളി നടേശന്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്. ആഗസ്റ്റ് 3 നു ചേപ്പാട്, ആഗസ്റ്റ് 6 നു മാവേലിക്കര, ചാരുംമൂട്, ഹരിപ്പാട് കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളില്‍; ആഗസ്റ്റ് 10 നു ചങ്ങനാശ്ശേരിയിലും കുട്ടനാട്ടിലും ചേര്‍ത്തലയിലും; ആഗസ്റ്റ് 16 നു കായംകുളത്തും; ആഗസ്റ്റ് 17 നു കോട്ടയം ജില്ലയിലെ രാമപുരത്തും; ആഗസ്റ്റ് 24 നു കോട്ടയത്ത് പത്രസമ്മേളത്തില്‍ സംസാരിച്ചപ്പോഴും. അതായത് 30 ദിവസത്തിനുള്ളില്‍ എട്ടു വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെതിരേ പൊലീസ് നടപടികളൊന്നുമുണ്ടായില്ല.

ഇത്തരം പ്രസ്താവനകളുടെ തുടര്‍ച്ചതന്നെയാണ് സെപ്റ്റംബറിലും കണ്ടത്. എസ്.എന്‍.ഡി.പി യോഗം പെരിങ്ങമ്മല ശാഖ നിര്‍മിച്ച ശ്രീനാരായണീയം കണ്‍വന്‍ഷന്‍ സെന്റര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കവേ, മുസ്‌ലിം സമുദായം ലഹള നടത്തിയെന്നും ഹിന്ദുക്കളെ മാനഭംഗപ്പെടുത്തിയ മലബാര്‍ കലാപം സ്വതന്ത്ര സമരമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. മാപ്പിള ലഹളയാണു സര്‍വമത സമ്മേളനം നടത്താന്‍ ഗുരുവിനെ പ്രേരിപ്പിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍, ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി എന്ന പ്രശംസയാണ് അതേ വേദിയില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനു നല്‍കിയത്. സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പിനായി, മുഖ്യമന്ത്രിയുമായി പി.എസ് റംഷാദ് നടത്തിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി നിര്‍ണായക ഘട്ടങ്ങളില്‍ മതേതര നിലപാട് കാത്തുസൂക്ഷിച്ചിട്ടുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുക കൂടി ചെയ്യുന്നുണ്ട് പിണറായി വിജയന്‍. (സമകാലിക മലയാളം വരിക 24 ആഗസ്റ്റ് 2025-പേജ് 10-19).

മുസ്‌ലിം അദൃശ്യകരം: നാല് സംഭവങ്ങള്‍

ഒന്ന്) മുസ്‌ലിം സംഘടനകളെയും സ്ഥാപനങ്ങളെയും നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആക്രമിക്കുന്നത് ദൈനംദിന ഇസ്‌ലാമോഫോബിയയുടെ കേരള അനുഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ജമാത്തെ ഇസ്‌ലാമിക്ക് യാതൊരു ബന്ധമില്ലെങ്കിലും ഓണാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിലും മൗദൂദി -ജമാത്തെ ഇസ്‌ലാമി സ്വാധീനം നിരന്തരമായി ആരോപിക്കപ്പെട്ടു.

രണ്ട്) മറ്റൊരു ആരോപണം വന്നത് സംഘ്പരിവാറില്‍ നിന്നാണ്. കേരളത്തില്‍ പുതുതായി തുടങ്ങിയ മോണ്ടിസോറി സ്‌കൂളുകള്‍ക്ക് പിന്നിലും ജിം, അക്യുപങ്ച്ചര്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവക്കു കീഴിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും അവര്‍ രഹസ്യയോഗം ചേരാറുണ്ട് എന്നും ബിജെപി കേന്ദ്രങ്ങള്‍ ആരോപണം ഉന്നയിച്ചു. ഇടുക്കി തൊടുപുഴ അഗ്‌നിശമന കേന്ദ്രത്തിന്റെ മെസ്സില്‍ ബീഫും പന്നിയിറച്ചിയും വിലക്കിയത് ഇസ്‌ലാമിസ്റ്റുകളുടെ നിര്‍ബന്ധംകൊണ്ടാണെന്നും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആരോപണമുന്നയിച്ചു.

മൂന്ന്) എന്നാല്‍, നോവലിസ്റ്റായ അഭിലാഷ് മേലേതില്‍ അരുന്ധതി റോയിയുടെ കേരള രാഷ്ട്രീയത്തെപ്പറ്റിയുള്ള നിലപാടുകള്‍ തീവ്ര ഇസ്‌ലാമിക സംഘടനകളുടെ സ്വാധീനഫലമായുണ്ടായതാണ് എന്നാണ് ആരോപിച്ചത്. ബാബരി മസ്ജിദ് പ്രശ്‌നം വൈകാരികമായി കൈകാര്യം ചെയ്തതുകൊണ്ടാണ് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ചര്‍ച്ചകള്‍ കയ്യടക്കാനുള്ള അവസരമുണ്ടായതെന്നും അഭിലാഷ് ഫേസ്ബുക്കില്‍ എഴുതുന്നു. സ്വര്‍ണവും മയക്കുമരുന്നും കടത്തുന്ന ഒരു സംഘടനയാണ് കേരളത്തിലെ ഒരു മുന്നണിയെ ഇപ്പോള്‍ താങ്ങി നിറുത്തുന്നതെന്നും അഭിലാഷ് പറയുന്നുണ്ട്.
നാല്) ഷാഫി പറമ്പില്‍ എം.പിയുടെ കൂടെ പ്രാദേശിക മുസ്‌ലിം ലീഗ് നേതാവായ വി.വി ഷഫീഖ് എന്നയാളുടെ ചിത്രം വിദ്വേഷ പ്രചാരണത്തിനായി ഇടതുപക്ഷ ഹാന്‍ഡിലുകളും സംഘ്പരിവാറും ഒരുപോലെ ഉപയോഗിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഷാഫിക്കെതിരേകൂടി ഇടത്, സംഘ്പരിവാര്‍ അനുകൂലികള്‍ പ്രതിഷേധിച്ചിരുന്നു. താടിയും തൊപ്പിയും ധരിച്ച ഷഫീഖ് മൗലവിക്കെതിരേ ഗോത്ര തീവ്രവാദി, താലിബാന്‍ അടക്കമുള്ള വംശീയ പ്രചാരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നത്. ഷാഫി പറമ്പിലിനെതിരേ നേരത്തെയും ഇത്തരം വംശീയ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനുള്ളില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാം അജണ്ടയുമായി നടക്കുന്ന ആളാണു ഷാഫി പറമ്പിലെന്നും വി ഡി സതീശനും മുകളിലുള്ള മുസ്‌ലിം അദൃശ്യകരമാണ് എന്ന തരത്തിലുള്ള ആഖ്യാനങ്ങളും ഇതോടൊപ്പമുണ്ടായി. ഇത്തരുണത്തില്‍ എന്തിനു പിന്നിലും മുസ്‌ലിം അദൃശ്യ കരം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വംശീയ ആഖ്യാനങ്ങളും കേരളത്തിലെ ഇസ്‌ലാമോഫോബിക് പ്രയോഗങ്ങളില്‍ പ്രബലമാണ്.

കഴിഞ്ഞ നാലാഴ്ചയിലെ പത്തോളം സംഭവങ്ങളാണ് ഇവിടെ നല്‍കിയത്. വസ്തുതാപരമായി ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാലും കേരളത്തിലെ ‘മുസ്‌ലിംകളെ വിമര്‍ശിച്ചാല്‍ ഇസ്‌ലാമോഫോബിയ ആരോപണം ഉന്നയിക്കുന്നു’ എന്ന വാദമാണ് ഉയരുന്നത്. ‘ഇസ്‌ലാമോഫോബിയ കരച്ചില്‍’ തുടങ്ങിയ പുതിയ പദാവലികളും വിദ്വേഷ പ്രചാരകരുടെ സാമൂഹ്യ മാധ്യമ ഭാഷയില്‍ ധാരാളമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

 

 

 

 

Related