കേരളത്തിന്റെ സമുദ്ര തീരത്തുനിന്ന് മണല്‍ ഖനനം ചെയ്തു വില്‍ക്കുന്നതിന് സ്വകാര്യ കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ച്, ഫെബ്രുവരി 27ന് മുന്‍പ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പിടുവിച്ചിരിക്കുന്നു. കടലും കടല്‍ സമ്പത്തും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാരിന്റെ ‘ബ്ലൂ ഇകോണമി’ നയത്തിന്റെ ഭാഗമായാണ് ഈ മണല്‍ഖനനം. തീരദേശത്തിന്റെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുഹസ്സഹമാക്കുകയും ചെയ്യുന്ന ബ്ലൂ ഇകോണമി നയത്തിന്റെ പ്രത്യഘാതങ്ങള്‍ വേണ്ട അളവില്‍ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
7517 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യയുടെ കടലോരമേഖല. 20 ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രത്യേക സാമ്പത്തികമേഖലയില്‍ (Exclusive economic zone) ജൈവ, അജൈവ സമ്പത്തുകളുമായി ബന്ധപ്പെട്ട ഉല്‍പാദന, വികസന പ്രക്രിയയാകെ പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാകും. പുതിയ ഉല്‍പന്നങ്ങള്‍ ലക്ഷ്യമാക്കി വ്യവസായങ്ങള്‍ തുടങ്ങുക, പുറംകടലില്‍ നിന്ന് വ്യാവസായികമായി ഊര്‍ജോല്‍പാദനം നടത്തുക, വിനോദസഞ്ചാരം വിപുലീകരിക്കുക, പുതിയ തുറമുഖങ്ങള്‍ സ്ഥാപിക്കുക, കപ്പല്‍ ഗതാഗതം വിപുലീകരിക്കുക, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയൊക്കെ ബ്ലൂ ഇകോണമി പദ്ധതിയുടെ ഭാഗമാണ്. ബ്ലൂ ഇകോണമി നയം നടപ്പാക്കുന്നതു വഴി തീരദേശമേഖല വലിയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകും. തുറമുഖങ്ങളുടെ എണ്ണത്തിലെ വര്‍ധന, അശാസ്ത്രീയ നിര്‍മാണം എന്നിവ മൂലം കടലാക്രമണം രൂക്ഷമാകും. ഈ പ്രവര്‍ത്തനങ്ങലെല്ലാം കടല്‍ ഉപജീവന മാര്‍ഗമായ മനുഷ്യരുടെ ജീവിതങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുകയാണ്.
ഖനനം നടന്നാല്‍ കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ അന്ത്യം കുറിക്കും. തീരക്കടലിലെ അടിത്തട്ടില്‍ ഖനനം നടത്തുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുകയും മത്സ്യസമ്പത്ത് കുറയുന്നതിനു കാരണമാവുകയും ചെയ്യും.
കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ ഉതകുന്ന ഖനന പദ്ധതി, കടലിന്റ ജൈവ വൈവിധ്യത്തെയോ, ആവാസ വ്യവസ്ഥയെയോ കടലും കടല്‍ തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയെയോ ഒട്ടും പരിഗണിക്കുന്നില്ല. പുറംകടല്‍ ധാതുഖനനവുമായി ബന്ധപ്പെട്ട 2002ലെ കടല്‍ മേഖല ധാതു (വികസനവും നിയന്ത്രണവും) നിയമം 2023ല്‍ ബ്ലൂ ഇകോണമിക്ക് വേണ്ടി ഭേദഗതി ചെയ്തതിന്റെ ഭാഗമായാണ് കടല്‍ ഖനന മേഖലയിലേക്ക് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കിയത്. കേരളത്തില്‍ നിര്‍മാണാവശ്യങ്ങള്‍ക്കായി ഒരു വര്‍ഷം 30 മില്യണ്‍ ടണ്‍ മണല്‍ വേണമെന്ന് കണക്കാക്കപ്പെടുന്നു. അതായത് 25 വര്‍ഷത്തേക്ക് കേരളത്തിലെ നിര്‍മാണാവശ്യങ്ങള്‍ക്കുള്ള മണല്‍ ഒന്നാം ഘട്ടത്തില്‍ തന്നെ കടല്‍ ഖനനം ചെയ്‌തെടുക്കാമെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണക്കുകൂട്ടുന്നു. കേരളത്തിലെ പ്രധാനപ്പെട്ട കായലുകളും നദികളുമായ പറവൂര്‍ കായല്‍, അഷ്ടമുടി കായല്‍, കായംകുളം കായല്‍, പമ്പാ നദി, വേമ്പനാട് കായല്‍, പെരിയാര്‍, ചാലക്കുടി പുഴ, ഭാരതപ്പുഴ എന്നിവ കടലില്‍ പതിക്കുന്ന സ്ഥലങ്ങളോ അവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളോ ആണ്. ഈ പ്രദേശങ്ങളാണ് ഇപ്പോള്‍ സെക്ടറായി കണക്കായിട്ടുള്ള മേഖലകള്‍.
തീരത്ത് നിന്ന് ലക്ഷക്കണക്കിന് മെട്രിക്ക് ടണ്‍ മണല്‍ ഊറ്റിയെടുത്താല്‍ കരയില്‍ നിന്ന് കടല്‍ വന്‍തോതില്‍ മണല്‍ വലിച്ചെടുക്കും. കരിമണല്‍ ഖനന മേഖല ഇതിന് ഉദാഹരണമാണ്. ഇതോടെ സ്വാഭാവികമായും കടല്‍ കരയിലേക്ക് അതിശക്തമായി കടന്നുവരുകയും കടലിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്യും.
കേരളം, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലകളിലെ കടലില്‍ നിന്ന് മണലും ധാതുക്കളും ഖനനം ചെയ്യാനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ പദ്ധതി കടലിനെയും കടലിന്റെ മക്കളെയും ഞെക്കിക്കൊല്ലുന്നതാണ്. ഖനനം നടത്തുന്നതിന് വേണ്ടി സ്വകാര്യ കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. മത്സ്യ മേഖലക്കും തീരദേശ പരിസ്ഥിതിക്കും ഗുരുതര ആഘാതം ഉണ്ടാക്കുന്ന തീരുമാനമാണിത്. ഖനനം നടന്നാല്‍ കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ അന്ത്യം കുറിക്കും. തീരക്കടലിലെ അടിത്തട്ടില്‍ ഖനനം നടത്തുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുകയും മത്സ്യസമ്പത്ത് കുറയുന്നതിനു കാരണമാവുകയും ചെയ്യും.

കേരളത്തില്‍ വ്യാപകമായി ലഭിക്കുന്ന മത്സ്യങ്ങളില്‍ അധികവും തീരക്കടലിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇവയുടെ നിലനില്‍പ്പിനെ സഹായിക്കുന്ന വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ വളര്‍ച്ചക്ക് അനുകൂലമായ ആവാസ വ്യവസ്ഥ ഖനനത്തോടെ ഇല്ലാതാകും. തൃശൂര്‍ ജില്ലയിലെ ചാവക്കാടും പൊന്നാനിയും വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ നീണ്ടു നില്‍ക്കുന്ന കൊല്ലം പരപ്പുമാണ് ഖനനത്തിനായി പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ മത്തി, അയല, ചൂര, നെയ്മീന്‍, ചെമ്മീന്‍ തുടങ്ങിയ മത്സ്യസമ്പത്ത് ഇല്ലാതാകും.
സംസ്ഥാനത്തിന് വന്‍തോതില്‍ വിദേശ നാണ്യവും തൊഴിലവസരങ്ങളും നല്‍കുന്ന മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് 10 ലക്ഷത്തിലധികം കുടുംബങ്ങളാണ് ജീവിക്കുന്നത്. അവരുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകും. കടലും കടല്‍ത്തീരവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന ഭരണാധികാരികള്‍ മത്സ്യത്തൊഴിലാളികളെ കുറിച്ച്ചിന്തിക്കുന്നേയില്ല.

എല്ലാവര്‍ഷവും വന്‍തോതില്‍ കടലാക്രമണം നടക്കുന്ന തീരമാണ് കേരളത്തിന്റെത്. ആ തീരത്ത് നിന്ന് ലക്ഷക്കണക്കിന് മെട്രിക്ക് ടണ്‍ മണല്‍ ഊറ്റിയെടുത്താല്‍ കരയില്‍ നിന്ന് കടല്‍ വന്‍തോതില്‍ മണല്‍ വലിച്ചെടുക്കും. കരിമണല്‍ ഖനന മേഖല ഇതിന് ഉദാഹരണമാണ്. ഇതോടെ സ്വാഭാവികമായും കടല്‍ കരയിലേക്ക് അതിശക്തമായി കടന്നുവരുകയും കടലിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്യും. വന്‍ തോതിലുള്ളപ്രകൃതി ക്ഷോഭത്തിന് ഇത് കാരണമാകും. തീരദേശ മത്സ്യഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കുന്നതീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഭരണകൂടം അരികുവത്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ മേല്‍ നടപ്പാക്കുന്ന വംശീയ ഉന്മൂലനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന ബ്ലൂ ഇകോണമി പദ്ധതി. പൊതു സമൂഹത്തിന്റെ ആരോഗ്യ മേഖലയെ അടക്കം ഇത് ബാധിക്കും എന്നതില്‍ സംശയം ഒന്നുമില്ല.
