October 14 Wednesday 2026

തീവ്രവലത് പാതയില്‍ തോള്‍ ചേര്‍ന്നു ചരിക്കുന്ന ബിജെപിയും കേരള സിപിഎമ്മും ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കണം – ആസാദ്

കേരളത്തിലും രാജ്യത്തും ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സും ശക്തിപ്പെടേണ്ട കാലഘട്ടത്തില്‍ അതിന് വിപരീതമായി തീവ്രവലതു പാതയില്‍ തോള്‍ ചേര്‍ന്നു ചരിക്കുകയാണെന്ന് സിപിഎം എന്ന് എഴുത്തുകാരന്‍ ആസാദ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാഷിസത്തിന് തെളിച്ചവും കരുത്തുമുള്ള ബദലുണ്ടെന്നും അതിന്റെ വിജയം ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ അനിവാര്യമാണെന്നും അതിനാല്‍ ബിജെപിയും കേരള സിപിഎമ്മും ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കണമെന്നും അദ്ധേഹം കുറിക്കുന്നു.

ആസാദിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്:

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നശിക്കണമെന്നും ദേശീയ രാഷ്ട്രീയത്തിലെ ചെറുതെങ്കിലും ശക്തമായ ഇടതുപക്ഷ ഇടം ഇല്ലാതാവണമെന്നും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് നശിക്കണമെന്നും ദേശീയ രാഷ്ട്രീയത്തിലെ ബൃഹത്തായ ജനാധിപത്യ ഇടം ഇല്ലാതാവണമെന്നും ഇന്ത്യന്‍ ഇടതുപക്ഷ പാര്‍ട്ടികളും ആഗ്രഹിക്കുന്നില്ല. ഫാഷിസം തീവ്രതയാര്‍ജ്ജിക്കുന്ന കാലത്ത് ഈ തിരിച്ചറിവ് ശക്തിപ്പെടുന്നേയുള്ളു.

തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബിജെപിയെ നയിക്കുന്ന ആര്‍എസ്എസ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നാശം നേരത്തേ വിചാരധാരയില്‍തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍നിന്ന് ഒരു മാറ്റവും ബിജെപി സ്വീകരിച്ചിട്ടില്ല. 2014ല്‍ നരേന്ദ്രമോദി അധികാരമേറ്റ ശേഷം ഒട്ടും ജനാധിപത്യ ഇടം നിലനിന്നുകൂടാ എന്ന നിലപാടിലേക്ക് ബിജെപിയുടെ വാക്കും പ്രവൃത്തിയും മാറി. കോണ്‍ഗ്രസ് രഹിത ഭാരതം അവര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചു. ആ നിലപാടിനോട് ചേര്‍ന്നു നില്‍ക്കാനും സഹകരിക്കാനും ആ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കാനും തയ്യാറായ രാജ്യത്തെ ഏക പാര്‍ട്ടി കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന സിപിഐ(എം) ഘടകമാണ്. സിപിഎംതന്നെ നശിച്ചാലും കുഴപ്പമില്ല ഞങ്ങള്‍ക്കു ചില താല്‍പ്പര്യങ്ങളുണ്ട് സംരക്ഷിക്കപ്പെടാന്‍ എന്ന കരുതലാണത്.

കോണ്‍ഗ്രസ്സിന്റെ ഉന്മൂലനത്തില്‍ കണ്ണുവെച്ച് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് കേരളത്തില്‍ സിപിഎം മാറി. കോണ്‍ഗ്രസ്സില്‍നിന്നുള്ള കൊഴിഞ്ഞുപോക്കും ബിജെപിയിലേക്കുള്ള കൂറുമാറ്റവും ഏറെ പ്രോത്സാഹിപ്പിച്ചത് സിപിഎമ്മും ദേശാഭിമാനിയുമാണ്. മുമ്പ് ബിജെപി ജയിച്ചു വരാതിരിക്കാന്‍ കണ്ടറിഞ്ഞു സഹകരിച്ചുപോന്നിട്ടുണ്ട് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍. എന്നാല്‍, ഇനി അത് സാധ്യമല്ലാത്തവിധം കോണ്‍ഗ്രസ് വിരോധവും ബിജെപി സഹവര്‍ത്തിത്വവും വളര്‍ത്തിയെടുത്തു കേരളത്തിലെ സിപിഎം. കഴിഞ്ഞ പത്തവര്‍ഷത്തെ ഈ തീവ്രഹിന്ദുത്വ വളവു കാരണം കേരള രാഷ്ട്രീയത്തില്‍ ഹിന്ദുത്വ ശക്തികള്‍ക്ക് രാഷ്ട്രീയമായ അംഗീകാരവും വര്‍ധിച്ചു.

ഇസ്‌ലാമോഫോബിക്കായ ആശയങ്ങളും പ്രസ്താവനകളും മുന്നോട്ടു വെക്കുന്നതില്‍ ഹിന്ദുത്വ സംഘപരിവാരങ്ങളെ ബഹുദൂരം പിറകിലാക്കുന്ന സിപിഎമ്മിനെയാണ് സമീപകാലത്ത് കണ്ടത്. ഈ അന്തരീക്ഷം ബിജെപിക്ക് നിയമസഭയിലേക്കുള്ള പ്രവേശം എളുപ്പമാക്കുന്ന വിധമാണ്. ആരുടെയും പരസ്യമായ പ്രേരണയില്ലാതെ, വേണ്ടയിടത്ത് ബിജെപിയെയും സിപിഎമ്മിനെയും മാറിമാറി സഹായിക്കുന്ന നിലപാടെടുക്കാന്‍ ഹിന്ദുസമൂഹത്തിലെ അമിതസാമുദായികശാഠ്യം പുലര്‍ത്തുന്നവര്‍ക്ക് സൗകര്യമായി.

ഇന്ത്യയില്‍ ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരായ ജനകീയ മുന്നേറ്റത്തിന് രാഷ്ട്രീയമായ കരുത്തു പകരാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നിലനില്‍ക്കണമെന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ കാഴ്ച്ചപ്പാടിന് ഒപ്പമല്ല കേരളത്തിലെ സിപിഎം. വ്യാജ ഏറ്റുട്ടല്‍ കൊല മുതല്‍ അര്‍ബന്‍നക്‌സല്‍, ജിഹാദി പ്രചാരണങ്ങളെവരെ പിന്തുണയ്ക്കുന്ന സിപിഎം. യുഎപിഎ മുതല്‍ പിഎം ശ്രീവരെ നടപ്പാക്കിയാല്‍ എന്താണ് കുഴപ്പം എന്നു ചോദിക്കുന്ന സിപി എം. ജമാ അത്തെ ഇസ്‌ലാമി എന്ന ചെറിയ ബോര്‍ഡുകൊണ്ട് ആര്‍എസ്എസ് എന്ന ഹിംസ്രജീവിയെ മറച്ചുപിടിക്കുന്ന സിപിഎം. ഇത്രയേറെ ദൃഷ്ടാന്തങ്ങള്‍ കണ്ടാല്‍ കണ്ണു തെളിയാതെവരില്ല ഒരു പൗരസമൂഹത്തിനും. കോണ്‍ഗ്രസ്സിനെയും ഇടതുപക്ഷത്തെയും ശിഥിലമാക്കാനും ഇല്ലാതാക്കാനുമുള്ള ആര്‍എസ്എസ് അജണ്ടയാണ് ബിജെപിയും കേരള സിപിഎമ്മും ഇപ്പോള്‍ ഒന്നിച്ചു നടത്തുന്നത്.

കേരളത്തിലും രാജ്യത്തും ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സും ശക്തിപ്പെടേണ്ട കാലഘട്ടമാണിത്. അതിന് തീവ്രവലതു പാതയില്‍ തോള്‍ ചേര്‍ന്നു ചരിക്കുന്ന ബിജെപിയും കേരള സിപിഎമ്മും ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാഷിസത്തിന് തെളിച്ചവും കരുത്തുമുള്ള ബദലുണ്ടെന്നും അതിന്റെ വിജയം ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ അനിവാര്യമാണെന്നും നാം തിരിച്ചറിയണം.

 

Related