നീണ്ട തിരഞ്ഞെടുപ്പ് പടയോട്ടങ്ങൾക്ക് പരിസരമാപ്തി കുറിച്ചുകൊണ്ട് മഗധയുടെ വിധി എഴുതപ്പെട്ടിരിക്കുന്നു.ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വടക്കൻ കാറ്റിൽ മതേതര സഖ്യത്തിന് ഏറ്റത് കനത്ത പ്രഹരമാണ്. ആകെ 243 സീറ്റുകളിലേക്ക് നടന്ന പോരാട്ടത്തിൽ 202 സീറ്റുകൾ നേടി എൻഡിഎ സഖ്യം ആധികാരിക ജയം ഉറപ്പിച്ചിപ്പോൾ ഇന്ത്യാ സഖ്യത്തിന് ലഭിച്ചതാകട്ടെ കേവലം 35 സീറ്റുകൾ മാത്രം.
എൻ.ഡി.എയുടെ ഭാഗമായ ബി.ജെ.പി 89 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായപ്പോൾ 85 സീറ്റുകളുമായി ജെ.ഡി.യു രണ്ടാമത്തെ വലിയ കക്ഷിയായി. 2020 ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷി എന്ന പദവി സ്വന്തമാക്കിയ ആർ.ജെ.ഡി 75 സീറ്റുകളിൽ നിന്നും 25-ലേക്ക് കൂപ്പുകുത്തിയ ദയനീയ സാഹചര്യതിനാണ് ബീഹാർ സാക്ഷിയായത്. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രക്ക് വേദിയായ ബീഹാറിൽ 19 സീറ്റുകളിൽ നിന്നും കേവലം ആറ് സീറ്റുകളിലേക്കാണ് കോൺഗ്രസ് നിലം പതിച്ചത്. 12 സീറ്റുകൾ നിലവിലുണ്ടായിരുന്ന സി.പി.ഐ എം എൽ രണ്ടു സീറ്റിലേക്ക് ഒതുങ്ങിയതും ഇന്ത്യാ സഖ്യത്തിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു.
ബീഹാർ പോലുള്ള ഒരു സംസ്ഥാനത്ത് വോട്ട് ചോരി ആരോപണങ്ങൾ അടിസ്ഥാന വർഗ്ഗത്തിനടയിൽ സജീവ പ്രാധാന്യം അർഹിക്കുന്ന വിഷയമായിട്ടില്ല.അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യ വികസനം മുൻനിർത്തിയുള്ള ചർച്ചകളാണ് ബീഹാറിൽ വോട്ടുകളായി രൂപപ്പെടുന്നത്. സർക്കാർ മുന്നോട്ടുവച്ച സൗജന്യ പദ്ധതികൾക്ക് പുറമെ സ്ത്രീകൾക്കായുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ അനുവദിച്ചിരുന്ന തുകയുടെ വർധനവ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളെ പോളിംഗ് ബൂത്തുകളിൽ എത്തിച്ചു. ഇത് ഏറെ ഗുണപ്പെട്ടത് ഭരണമുന്നണിക്കാണ്.എഴുപത്തിയഞ്ച് ലക്ഷം സ്ത്രീകൾക്ക് സെപ്റ്റംബർ ഇരൂപത്തിയാറിനും,ഇരുപത്തിയഞ്ച് ലക്ഷം സ്ത്രീകൾക്ക് ഒക്ടോബർ മൂന്നിനും,ഇരുപത്തിയൊന്ന് ലക്ഷം സ്ത്രീകൾക്ക് ഒക്ടോബർ ആറിനും,പതിനായിരം രൂപ വീതം നിതീഷ് സർക്കാർ കൈമാറ്റം ചെയ്തത് ഇലക്ഷൻ ഫലത്തിൽ നിർണായകമായി പ്രതിഫലിച്ചു. ഒക്ടോബർ ആറിന് ഇരുപത്തിയൊന്ന് ലക്ഷം സ്ത്രീകൾക്ക് പതിനായിരം രൂപ കൈമാറ്റം ചെയ്ത ദിവസം എന്നത് ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമായിരുന്നു എന്നതും കൂടി ഇതിനോട് ചേർത്തു വായിക്കണം.വോട്ട് കൈക്കൂലി എന്ന് നിസ്സംശയം വിളിക്കാവുന്ന ഈ ഭരണകൂട നടപടിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ച ഭാവത്തിലായിരുന്നു.!.ഇലക്ഷൻ കമ്മീഷന്റെ ഈ മൗനവും എൻ.ഡി.എയെ ഏറെ സഹായിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിൽ എൻ.ഡി.എ യെ തുണച്ചതും മഹാസഖ്യത്തെ തളർത്തിയതുമായ ഘടകങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്.
അതിനുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് ബിഹാർ തിരഞ്ഞെടുപ്പിലെ റോള് കേവലം തിരഞ്ഞെടുപ്പ് നടത്തിപ്പുകാർ എന്നതിനപ്പുറം എന്തായിരുന്നു എന്നതുകൂടി ചർച്ച ചെയ്യപ്പെടേണ്ടതാണ്?.
തിരഞ്ഞെടുപ്പ് കമ്മീഷനെ ഈ ചർച്ചയിലേക്ക് കൊണ്ടുവരുന്നത് തീർച്ചയായും SIR നെ മുൻനിർത്തി തന്നെയാണ്.SIR ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ SIR എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട്.
2020ലെ തിരഞ്ഞെടുപ്പിൽ നിന്നും കേവലം അഞ്ചു ശതമാനം വോട്ടുകളുടെ കുറവ് മാത്രമാണ് ഇന്ത്യാ സഖ്യത്തിന് ഉണ്ടായിട്ടുള്ളത്. അതുപോലെതന്നെ 9% വോട്ടിന്റെ വർധനവ് മാത്രമാണ് എൻ.ഡി.എ സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിൽ വർധിപ്പിക്കാനായത്. ഈ ഒമ്പത് ശതമാനം എന്നത് 2020ൽ എൻഡിഎയുടെ ഭാഗമല്ലാതിരുന്ന ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമായ ചിരാഗ് പാസ്സ്‌വാന്റെ എൽ.ജെ.പി നേടിയ അഞ്ച് ശതമാനവും ചേർന്നതാണ് 2020 അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയ ഒൻപത് ശതമാനം വർധനവ്.അങ്ങനെ നോക്കുമ്പോൾ എൽ.ജെപി യെ മാറ്റിനിർത്തി വിലയിരുത്തിയാൽ എൻഡിഎക്ക് വർദ്ധിപ്പിക്കാൻ ആയത് അഞ്ചു ശതമാനത്തിൽ താഴെ മാത്രം വോട്ട് ഷെയറാണ്.
2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ മഹാസഖ്യത്തിനും എൻ.ഡി.എ മുന്നണിക്കും ഇടയിലെ വോട്ട് വ്യത്യാസം 12800 വോട്ടുകൾ മാത്രമായിരുന്നു.
എന്നാൽ 2025 ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന S.I.R ൽ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പേര് നീക്കം ചെയ്യപ്പെട്ടത് 68.66 ലക്ഷം വോട്ടർമാരുടേതാണ്.ഇതിൽ ബഹുഭൂരിഭാഗവും മഹാസഖ്യത്തിന്റെ ഉറച്ച വോട്ട് ബാങ്കുകളായ ഒ.ബി.സി വിഭാഗങ്ങളും മുസ്ലിം ന്യൂനപക്ഷമാണ്.കൂടാതെ സംശയാസ്പദമായി കൂട്ടിച്ചേർക്കപ്പെട്ടതാകട്ടെ 21 ലക്ഷത്തിൽ പരം വോട്ടുകളാണ്. ഞങ്ങൾ ജയിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇനിയും ഞങ്ങൾ ജമ്മു കാശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർപ്പിക്കും എന്ന് പറഞ്ഞ കേരള ബി.ജെ.പി വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന ഇവിടെയാണ് പ്രസക്തമാകുന്നത്. അതായത് 68.66 ലക്ഷം വോട്ടർമാരെ വെട്ടി മാറ്റുകയും സംശയാസ്പദമായി 21 ലക്ഷത്തിൽ പരം വോട്ടുകൾ കൂട്ടിച്ചേർക്കുകയും ചെയ്തപ്പോൾ 2020ലെ വോട്ടേഴ്സ് ലിസ്റ്റും 2025ലെ വോട്ടേഴ്സ് ലിസ്റ്റും പരിശോധിക്കുമ്പോൾ 90 ലക്ഷം വോട്ടുകളുടെ അന്തരമാണ് സൃഷ്ടിക്കപ്പെട്ടത്. 2020ൽ കേവലം 12800 വോട്ടുകൾക്ക് ഭരണം നഷ്ടപ്പെട്ട മഹാസഖ്യത്തെ ഈ 90 ലക്ഷം എന്ന വ്യത്യാസം എങ്ങനെയാണ് ബാധിച്ചതെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഇനി രണ്ടാമത്തെ പോയിന്റിലേക്ക് വരാം.
എസ്.ഐ.ആറിനു ശേഷം ബീഹാറിൽ 7.42 വോട്ടർമാർ ഉണ്ടെന്ന് പറഞ്ഞ അതേ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് തിരഞ്ഞെടുപ്പിനുശേഷം വോട്ടർപട്ടികയിൽ ആകെയുള്ളത് 7.45 കൂടി വോട്ടർമാരാണുള്ളതെന്ന് മാറ്റി പറഞ്ഞത്. അതായത് മൂന്നുലക്ഷം വോട്ടർമാരുടെ വ്യത്യാസം ഞൊടിയിടയിൽ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഈ നേരം വരെയും ഇലക്ഷൻ കമ്മീഷന് ഉത്തരമില്ല. ഇലക്ഷൻ കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നും രണ്ടാഴ്ചക്കുള്ളിൽ വ്യക്തമായ തെളിവുകളുമായി ഞങ്ങൾ വരുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.
എഴുപത്തിയഞ്ച് നിയോജകമണ്ഡലങ്ങൾ പ്രതിപക്ഷത്തിന്റെ കയ്യിൽ നിന്നും തിരിച്ചുപിടിക്കുന്നതിലും എസ്.ഐ.ആർ എൻ.ഡി.എ മുന്നണിയെ സഹായിച്ചു.174 ലേറെ മണ്ഡലങ്ങളിൽ ഭരണപക്ഷത്തിന് വിജയിച്ചു കയറാൻ എസ്.ഐ.ആറിലെ കൂട്ട വെട്ടിമാറ്റൽ നിർണായക പങ്കുവഹിച്ചു.
വോട്ട് ചോരി ആർ.ജെ.ഡി തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായി ഉയർത്തിക്കൊണ്ടുവന്നില്ല.ഇവിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷനും എൻ.ഡി.എ യുടെ മിന്നും വിജയത്തിൽ എങ്ങനെ പങ്കാളിയായി എന്ന് കാണുവാൻ സാധിക്കുക.മുന്നണിയുടെ ഭാഗമായ ഒരു കക്ഷിയെ പോലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ കാലത്തുടനീളം പെരുമാറി എന്ന ആരോപണത്തിന് കഴമ്പുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.
പട്ടാളം നിയന്ത്രിക്കുന്ന പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രഹസനങ്ങൾക്കുശേഷം ബാലറ്റ് പേപ്പറുകൾ തെരുവിൽ പറന്നു നടക്കുന്നതിനെ പറ്റിയുള്ള വാർത്തകൾ നാം വായിക്കാറുണ്ട്.എന്നാൽ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ രാജ്യത്ത് ബീഹാറിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് പാക്കിസ്ഥാന് സമാനമായി വീവിപാറ്റുകൾ തെരുവിൽ നിന്നും കണ്ടെത്തി എന്ന വാർത്ത ജനാധിപത്യ സമൂഹമായ നമ്മെ തെല്ലും പിടിച്ചുലക്കാത്തത് എന്ത് കാരണത്താലാണ്?.
തിരഞ്ഞെടുപ്പിനെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും രക്ഷപ്പെടുത്തുക എന്നതു മാത്രമാണ് ഇന്നത്തെ ചുറ്റുപാടിൽ ഭരണഘടന ജനായത്തത്തെ സംരക്ഷിച്ചു നിർത്താനുള്ള ഏക പോംവഴി എന്ന സന്ദേശമാണ് ബീഹാർ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തോട് പറഞ്ഞുവെക്കുന്നത്.ഒപ്പം എസ്.ഐ.ആർ നടപടികൾ ആരംഭിച്ച , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ഒരുങ്ങുന്ന അസമിലും പശ്ചിമബംഗാളിലും ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം എങ്ങനെയുള്ളതായിരിക്കും എന്നതിന്റെ ട്രയിലർ കൂടിയാണ് ബീഹാർ തിരഞ്ഞെടുപ്പ് ഫലം എന്നു പറയുന്നതിൽ അതിശയോക്തിയില്ല.
