സമത്വത്തിനും അന്തസ്സിനും ആത്മാഭിമാനത്തിനും വിമോചനത്തിനും വേണ്ടി ബ്രാഹ്മണാധിപത്യത്തിനെതിരെ അരങ്ങേറിയിട്ടുള്ള ദലിതരുടെ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായങ്ങളിൽ ഒന്നാണ് 1818 ജനുവരി 1 -ലെ ചരിത്രപ്രസിദ്ധമായ ഭീമ കൊറേഗാവ് യുദ്ധം. ഇന്ത്യാ ചരിത്രത്തിൽ ആംഗ്ലോ മറാത്ത യുദ്ധങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധങ്ങളിൽ അവസാനത്തതിൻ്റെ കേന്ദ്രം മഹാരാഷ്ട്രയിലെ പുനെ ജില്ലയിലെ ശിറൂർ താലൂക്കിൽ ഉൾപ്പെട്ട ഭീമ കൊറേഗാവ് ഗ്രാമം ആയതിനാലാണ് ഈ യുദ്ധം ഭീമ കൊറേഗാവ് യുദ്ധം എന്നിയപ്പെടുന്നത്. 1818 – ജനുവരി 1-ന് ഇവിടെ വച്ച് നടന്ന രക്തരൂക്ഷിതമായ യുദ്ധത്തിൽ ബ്രാഹ്മണ പേഷ്വാ ഭരണാധികാരിയായ ബജിറാവ് രണ്ടാമൻ്റെ സൈന്യവും ബ്രിട്ടീഷ് സൈനത്തിലെ മഹർ റജിമെൻ്റും തമ്മിൽ ഏറ്റുമുട്ടുകയും പേഷ്വാ സൈന്യം സമ്പൂർണമായി പരാജയപ്പെടുകയും മഹറുകൾ വെന്നിക്കൊടി പാറിക്കുകയുമായിരുന്നു.
ഇന്ത്യാ ചരിത്രത്തിൽ ആംഗ്ലോ – മറാത്ത യുദ്ധങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധങ്ങളിൽ മൂന്നാമത്തെയും അവസാനത്തെയും യുദ്ധമായിരുന്നു ഭീമ കൊറേഗാവ് യുദ്ധം. മഹാരാഷ്ട്രയിൽ ബ്രാഹ്മണ പേഷ്വാ ഭരണത്തിന് അന്ത്യം കുറിച്ച ചരിത്രപ്രസിദ്ധമായ ഈ യുദ്ധത്തിൽ മഹർ റജിമെൻ്റിലെ 500 പേർ ഉൾപ്പെടെ 800 ബ്രിട്ടീഷ് സൈനികർ 28000 -ൽ അധികം വരുന്ന പേഷ്വാ സൈന്യത്തോട് ഏറ്റുമുട്ടി വിജയം വരിക്കുകയായിരുന്നു.മഹാരാഷ്ട്രയിൽ ബ്രാഹ്മണ പേഷ്വാ ഭരണത്തിന് അന്ത്യം കുറിച്ച യുദ്ധമായിരുന്നു ഇതു. പേഷ്വാ ഭരണ കാലഘട്ടം മഹാരാഷ്ട്രയിലെ മഹറുകൾ ഉൾപ്പെടയുള്ള ദലിതരെ സംബന്ധിച്ചിടത്തോളം അതിഭീകരമായ അടിച്ചമർത്തലിൻ്റെയും ജാതിവിവേചനത്തിൻ്റെയും സാമൂഹ്യ ബഹിഷ്കരണത്തിൻ്റെയും പൗരാവകാശ ധ്വംസനത്തിൻ്റെയും ഇരുണ്ട കാലഘട്ടമായിരുന്നു. ജനാധിപത്യവും ബ്രാഹ്മണ മേധാവിത്വവും സർവാധിപത്യം സ്ഥാപിച്ചിരുന്ന ആ കാലഘട്ടത്തിൽ ദലിതർ മൃഗങ്ങളെക്കാൾ ഗതികെട്ട ജീവിതം നയിക്കാൻ നിർബന്ധിതരായിരുന്നു. പൊതു യിടങ്ങളിൽ ദലിതരുടെ നിഴൽ പോലും സവർണരെ മലിനപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. അതുകൊണ്ട് ദലിതർ സഞ്ചരിക്കുമ്പോൾ അരയിൽ ചൂലും കഴുത്തിൽ മൺപാത്രവും കെട്ടിതൂക്കണമെന്നും ചത്തമൃഗങ്ങളുടെ മാംസം ഭക്ഷിക്കണമെന്നും മറ്റുമുള്ള നിയമങ്ങൾ നിലനിന്നിരുന്നു. ബ്രിട്ടീഷുകാരുടെ വരവോടുകൂടിയാണ് ഈ ദുസ്ഥിതിക്ക് അല്പമെങ്കിലും മാറ്റമുണ്ടായി തുടങ്ങുന്നത്.1750-ൽ ബ്രിട്ടീഷുകാർ ധൈര്യശാലികളും ദൃഢഗാത്രരുമായ മഹറുകളെ ബ്രിട്ടീഷ് സൈന്യത്തിൽ ചേർത്ത് മഹർ റജിമെൻ്റ് രൂപീകരിക്കുന്നതോടുകൂടിയായിരുന്നു മാറ്റങ്ങൾ ആരംഭിച്ചത്. ബ്രിട്ടീഷ് പട്ടാളത്തിൽ അണിനിരന്ന മഹറുകൾ നൂറ്റാണ്ടുകൾ തങ്ങളെ അടിച്ചമർത്തിയ ബ്രാഹ്മണ പേഷ്വാ ഭരണാധികാരികൾക്കെതിരെ ആഞ്ഞടിക്കാനും ബ്രാഹ്മണാധിപത്യത്തിന് അന്ത്യംകുറിക്കാനും അവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ആംഗ്ലോ- മറാത്ത യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നതും മഹർ റജിമെൻ്റിൻ്റെ നേതൃത്വത്തിൽ പേഷ്വാ സൈന്യത്തിനെതിരെ പോരാടി ബ്രിട്ടീഷ് സൈന്യം വിജയം വരിക്കുന്നതും. ബ്രിട്ടീഷുകാരെ സംബന്ധിച്ച് ആംഗ്ലോ- മറാത്ത യുദ്ധങ്ങൾ മഹാരാഷ്ട്രയിൽ അവരുടെ ആധിപത്യം സ്ഥാപിക്കാൻ വഴിതുറന്നെങ്കിൽ മഹറുകളെ സംബന്ധിച്ചിടത്തോളം ഈ യുദ്ധങ്ങൾ പ്രത്യേകിച്ചും ഭീമ കൊറേഗാവ് യുദ്ധം മഹാരാഷ്ട്രയിൽ ബ്രാഹ്മണാധിപത്യത്തിന് അന്ത്യം കുറിച്ച് തങ്ങളുടെ സ്വാഭിമാനവും ധീരതയും യശസ്സും ഉയർത്തുന്നതിന് വഴിതെളിച്ച അതിജീവനത്തിൻ്റെ യുദ്ധമായിരുന്നു. യുദ്ധാനന്തരം ബ്രിട്ടീഷുകാർ കൊറേഗാവിൽ രക്തസാക്ഷികളുടെ സ്മരണാർഥം അവിടെ സ്മാരകം നിർമിക്കുകയും ശിലാഫലകത്തിൽ യുദ്ധത്തിൽ ജീവാർപ്പണം ചെയ്ത ധീര പോരാളികളുടെ പേരുകൾ രേഖപ്പെടുത്തുകയും ചെയ്തതോടെ ഇവിടം ശ്രദ്ധാകേന്ദ്രമായി മാറി. ഭീമ കൊറേഗാവ് യുദ്ധ വിജയ ദിനം മഹറുകൾ തങ്ങളുടെ ധീരതയുടെയും ത്യാഗത്തിൻ്റെയും ജീവാർപ്പണത്തിൻ്റെയും സ്വാഭിമാനത്തിൻ്റെയും പ്രതീകമായാണ് ആലോഷിച്ചുവരുന്നത്. 1927 ജനുവരി 1-ന് ബാബാസാഹേബ് അംബേദ്കർ ഭീമ കൊറേഗാവിലെ യുദ്ധസ്മാരകം സന്ദർശിച്ചതോടെ ഇവിടം ലോക ശ്രദ്ധ നേടുകയുണ്ടായി.ഡോ.അംബേദ്ക്കറുടെ ചരിത്രപ്രസിദ്ധമായ കൊറേഗാവ് സന്ദർശനാനന്തരം എല്ലാ വർഷവും ജനുവരി 1- ന് ജനലക്ഷങ്ങൾ ഇവിടെ എത്തി രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഈ ദിനം തങ്ങളുടെ വിജയദിനമായി ആഘോഷിക്കുന്നു. ഭീമ കൊറേഗാവ് യുദ്ധത്തിൻ്റെ 200-ാം വാർഷികം ആഘോഷിച്ച 2018 – ൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേരാണ് ഭീമ കൊറേഗാവിൽ സംഗമിച്ചത്. ഇതിൽ വിളറിപൂണ്ട സംഘപരിവാർ സംഘങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. പോലീസാകട്ടെ നിരവധി ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തു ജയിലിലടക്കുകയും ചെയ്യുകയുണ്ടായി. ഇതു സംബന്ധിച്ച കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ ഭീമ കൊറേഗാവിൻ്റെ ചൈതന്യവും സ്മരണയും ഇപ്പോഴും അലയടിച്ചു കൊണ്ടേയിരിക്കുന്നു.
