മമതാബാനർജിയും അഭിഷേക് ബാനർജിയും ഇല്ലാതെ പുതിയൊരു ത്രിണമൂൽ കോൺഗ്രസ് പശ്ചിമബംഗാളിൽ ഉയർന്നു വരുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്ന ചോദ്യം. ഒപ്പുവെക്കൽ വിവാദത്തിൽ പാർട്ടിയെ എതിർത്ത രണ്ടു ത്രിണമൂൽ എംഎൽഎമാരെ പുറത്താക്കിയതോടെയാണ് പാർട്ടിയിലെ പ്രശ്നങ്ങൾ വെളിപ്പെട്ട് തുടങ്ങിയത്.2022 ലെ മഹാരാഷ്ട്ര മോഡൽ ആവർത്തിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.അമ്പതോളം എംഎൽഎമാർ തൃണമൂൽ വിടും എന്ന സൂചനകൾ അന്തരീക്ഷത്തിൽ ഉണ്ട്.
മമതയുടെ വീട്ടിൽ നടന്ന എംഎൽഎമാരുടെ യോഗത്തിൽ ഭൂരിപക്ഷം എംഎൽഎമാരും വിട്ടുനിന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ബിജെപിയാണ് ഇതിന് പിന്നിൽ എന്നാണ് മമതയുടെ ആരോപണം.എം എൽ എ മാരെയും എംപിമാരെയും ബിജെപി ഭീഷണിപ്പെടുത്തുകയാണ് എന്നാണ് മമത പറയുന്നത്. മമത വിളിച്ച യോഗത്തിൽ പങ്കെടുത്താൽ ആയുധ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞതായി എംഎൽഎമാർ മമതയോട് പരാതിപ്പെട്ടതായി മമത പറയുന്നുണ്ട്.
തെക്കൻ കൊൽക്കട്ടയിലെ ഹോട്ടലിൽ പല എംഎൽഎമാരും രഹസ്യ യോഗം ചേർന്നതായി വിവരങ്ങളുണ്ട്. പല എംഎൽഎമാരും നേതാക്കന്മാർ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.70കാരി സംസ്ഥാനത്തുടനീളം ഓടി വിയർത്തതിന്റെ ഫലമാണ് പലരും എംഎൽഎമാരായത് എന്നാണ് കുനാൽ ഘോഷ് പറയുന്നത്.
കർണാടകയിലും മഹാരാഷ്ട്രയിലും തങ്ങൾക്ക് വഴങ്ങാത്ത ഭരണകൂടങ്ങളെ കുതിരക്കച്ചവടത്തിലൂടെ വീഴ്ത്തുക എന്ന നയമാണ് പശ്ചിമബംഗാളിലും ബിജെപി പയറ്റുന്നത് എന്ന് പറയാതെ വയ്യ.2022 ശിവസേനയിൽ സംഭവിച്ചത് പോലെ തൃണമൂൽ പിളരുമോ എന്നത് കണ്ടറിയേണ്ടതാണ്.
