August 9 Sunday 2026

എഫ്‌സിആര്‍എ ഭേദഗതി ബില്ലിനെതിരെ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ

എഫ്‌സിആര്‍എ ഭേദഗതി ബില്ലിനെതിരെ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ രംഗത്ത്. സ്വത്ത് പിടിച്ചെടുക്കാന്‍ കഴിയുന്നത് വലിയ വെല്ലുവിളിയാണെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞു. നിലവിലെ എഫ്‌സിആര്‍എ നിയമം കര്‍ശനമാണ്. തിടുക്കത്തില്‍ ബില്ല് അവതരിപ്പിക്കുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടുകയാണ്. ബില്ലില്‍ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ക്ലീമിസ് ബാവ പ്രതികരിച്ചു.

മാര്‍ച്ച് 26നാണ് ബില്ല് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. അതിനെതിരില്‍ ക്രൈസ്തവ സഭകള്‍ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് എഫ്സിആര്‍ഐ ലൈസന്‍സ് പുതുക്കേണ്ട സമയം എത്തുന്നത്. അപേക്ഷ നല്‍കാതിരിക്കുകയോ പുതുക്കല്‍ നിരസിക്കപ്പെടുകയോ കാലാവധി കഴിഞ്ഞും പുതുക്കി കിട്ടാതിരിക്കുകയോ ചെയ്താല്‍ ആ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ സ്വത്തു വകകള്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക സംഘത്തിന് ഏറ്റെടുക്കാം എന്ന നിയമത്തിലെ വ്യവസ്ഥയാണ് നിലവില്‍ പ്രധാനമായുമം വിവാദമായിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് എഫ്‌സി.ആര്‍.എ അക്കൗണ്ടുകള്‍ ന്യൂഡല്‍ഹിയിലെ എസ്ബി.ഐ മെയിന്‍ ബ്രാഞ്ചില്‍ മാത്രമാക്കി നിയമം കൊണ്ടുവന്നിരുന്നു സര്‍ക്കാര്‍. ആ ഭേദഗതിക്ക് പുറമെ പുതിയ ഭേദഗതിയുമായി സര്‍ക്കാര്‍ വന്നതിന്റെ പിന്നിലെ രാഷ്ട്രീയമാണ് ക്രൈസ്തവ സഭകളെ ചൊടിപ്പിച്ചത്. ഈ ഭേദഗതി അതുകൊണ്ടുതന്നെ ദുരുദ്ദേശപരമാണ് എന്നതാണ് ക്രൈസ്തവ സഭകളുടെ നിലപാട്.

Related