സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഭൂജാതനായത് മുസ്ലിം ലീഗ് രൂപീകൃതമായ 1906 ലാണ്. ഏഴു പതിറ്റാണ്ടില്‍ താഴെ മാത്രം ജീവിച്ച തങ്ങള്‍ തന്റെ ആയുസ്സിന്റെ പകുതി കാലം- ചുരുങ്ങിയത് മൂന്നര ദശകം – കോഴിക്കോട് സിറ്റി മുസ്ലിം ലീഗ് പ്രസിഡണ്ടായും പിന്നീട് മലബാര്‍ ജില്ലാ ലീഗ് പ്രസിഡണ്ടായും കേരളപ്പിറവിക്ക് ശേഷം കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രസിഡണ്ടായും ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. ബാഫഖി തങ്ങള്‍ രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല. മറിച്ച് മത-സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച ഉജ്വലമായ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു. മതനിഷ്ഠയും വിശാലവീക്ഷണവും അദ്ധേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. ഈ സവിശേഷതകളില്‍ നിന്നുയിര്‍കൊണ്ട അസാധാരണമായ ഉള്‍ക്കാഴ്ചയും ഉള്‍ക്കരുത്തും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ബാഫഖി തങ്ങളുടെ ബഹുമുഖ പ്രവര്‍ത്തനങ്ങളെ ഉജ്ജ്വലമാക്കി.
ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു ഇരട്ട പ്രസവമായിരുന്നു. ഈ പ്രസവത്തില്‍ ഒരുപാട് രക്തം വാര്‍ന്നു പോയിരുന്നു. പണ്ടുകാലത്ത് നിരവധി കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന നമ്മുടെ ഇന്ത്യ വിഭക്തമായാണ് സ്വതന്ത്രയായത്. പക്ഷേ, ഇന്ത്യാ വിഭജനത്തിന്റെ പാപക്കുരിശ് ഏകപക്ഷീയമായി മുസ്ലിം ലീഗിന്റെ പിരടിയില്‍ കെട്ടിയേല്‍പിക്കാനുള്ള ശ്രമങ്ങളാണ് അക്കാലത്ത് വളരെ സജീവമായി നടന്നത്. സത്യത്തില്‍ അംഗവൈകല്യത്തോടെ ശിശു പിറന്നതിന് ദമ്പതിമാര്‍ പരസ്പരം പഴി ചാരുന്നതുപോലുള്ള വര്‍ത്തമാനമാണിത്. വിഭജനം ഒരു തെറ്റായിരുന്നുവെങ്കില്‍ അതില്‍ ത്രികക്ഷി പങ്കാളിത്തമുണ്ടെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. (1) ഭിന്നിപ്പിച്ച് ഭരിക്കല്‍ (Divide and rule) എന്ന രീതി അടിസ്ഥാനമാക്കി അന്നിവിടെ നാട് ഭരിച്ച ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റ്. (2) ഇന്ത്യന്‍ നാഷdണല്‍ കോണ്‍ഗ്രസ്സ്. (3) സര്‍വേന്ത്യാ മുസ്ലിം ലീഗ്.
എന്നാല്‍, വിഭജനത്തിനുത്തരവാദി മുസ്ലിം ലീഗും അതുവഴി പരോക്ഷമായി മുസ്ലിംകളുമാണെന്ന പ്രചണ്ഡ പ്രചാരവേല മുസ്ലിംകളില്‍ അപകര്‍ഷതാ ബോധം വളര്‍ത്താനും മറ്റുള്ളവര്‍ക്ക് മുസ്ലിംകളുടെ നേരെ കടുത്ത വെറുപ്പുണ്ടാക്കാനും ഇടയാക്കി. ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളില്‍ മുസ്ലിം വിരുദ്ധ കലാപങ്ങളുണ്ടായതിനും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനും മുഖ്യഹേതു മേല്‍ചൊന്ന തെറ്റായ പ്രചരണമാണ്. പാവപ്പെട്ട പതിനായിരക്കണക്കിന് മുസ്ലിംകള്‍ മതപരിത്യാഗികളായിത്തീരാന്‍ വരെ ഇത് ഇടയാക്കി.
ഉത്തരേന്ത്യയിലെ ഇതേ സാമൂഹ്യാവസ്ഥ കേരളത്തിലുണ്ടായിരുന്നില്ലെങ്കിലും അതിന്റെ സ്വാധീനം ഇവിടെയുമുണ്ടായിരുന്നു. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യ വിഭജനത്തിന്റെ പ്രശ്ന സങ്കീര്‍ണതകള്‍ വളരെയൊന്നും അനുഭവിച്ചിട്ടില്ലെങ്കിലും തീവ്രമായ കുപ്രചാരണങ്ങള്‍ ഇവിടെയുമുണ്ടായിരുന്നു.
കേരളത്തിന്ന്, വിശിഷ്യാ മലബാറിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. അറബികളുമായി അവര്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന വ്യാപാര സമ്പര്‍ക്കങ്ങളായിരുന്നു അത്. അറേബ്യയില്‍ നിന്ന് നേരിട്ട് വളരെ നേരത്തെ ഇസ്ലാം ഇവിടെയെത്തിയതും പ്രചരിച്ചതും അങ്ങനെയായിരുന്നു. ളാദ് (അറബി ലിപിയിലെ ഒരക്ഷരം) എന്ന ഉച്ഛാരണം പ്രയാസകരമായ അറബി അക്ഷരം ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ളവരെ അപേക്ഷിച്ച് സ്ഫുടമായി ഉച്ഛരിക്കാന്‍ മലയാളി മുസ്ലിംകള്‍ക്ക് സാധിക്കുന്നത് ഈ അറബ് ബന്ധത്തിന്റെ സ്വാധീനം കുറിക്കുന്നു. മലയാള ഭാഷയിലും മലയാള സംസ്‌കാരത്തിലുമുള്ള അറബ്സ്വാധീനവും ഇതിന്റെ നിദര്‍ശനമാണ്. ഈ അറേബ്യന്‍ പാരമ്പര്യത്തിന്റെയും സ്വാധീനത്തിന്റെയും തുടര്‍ച്ചയാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ലോകത്തിലെ വിവിധ ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ഇസ്ലാമിന്റെ പ്രചാരണത്തില്‍ അറേബ്യന്‍ മുസ്ലിം വ്യാപാരികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
ഇതേ പാരമ്പര്യമനുസരിച്ച് മികവാര്‍ന്നതും മാതൃകാപരവുമായ ഒരു കച്ചവടപാരമ്പര്യവും സംസ്‌കാരവുമാണ് ബാഫഖി തങ്ങളുടേതും. മികച്ച കച്ചവടക്കാര്‍ ആദാന പ്രദാന പ്രക്രിയകളിലും ആളുകളുമായി ഇണങ്ങുന്നതിലും മറ്റാരേക്കാളും കേമന്മാരായിരിക്കും. വിശിഷ്യാ ഇസ്ലാമിന്റെ കച്ചവട തത്ത്വങ്ങള്‍ (Business ethics) സ്വാംശീകരിച്ചവര്‍ ഇതില്‍ കുറേകൂടി ഉന്നത നിലവാരം പുലര്‍ത്തും. അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളില്‍ ഇത് തികച്ചും പുലര്‍ന്നിരുന്നു. കെ.എം സീതി സാഹിബിന്റെ പ്രേരണയും പ്രോല്‍സാഹനവും ഇതിനെ ത്വരിതപ്പെടുത്തി. 1942-ല്‍ കോഴിക്കോട് നഗരസഭക്ക് ഒരു നോമിനേറ്റഡ് കൗണ്‍സില്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കൊയിലാണ്ടിക്കാരനായ ബാഫഖി തങ്ങളും അതിലൊരംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. എം.വി ഹൈദ്രോസ് വക്കീല്‍, പി.പി ഹസ്സന്‍കോയ, കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി, പി.ഐ അഹമ്മദ് കോയ ഹാജി മുതലായവരായിരുന്നു മറ്റ് കൗണ്‍സിലര്‍മാരില്‍ ചിലര്‍. കെ.വി സൂര്യനാരായണയ്യര്‍ ചെയര്‍മാനും. ഇതേ വര്‍ഷത്തില്‍ മലബാര്‍ പ്രൊഡ്യൂസ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ, കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭ, ഹിമായത്തുല്‍ ഇസ്ലാം സഭ തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം നടത്തിപ്പിലും അദ്ദേഹം വ്യാപൃതനായിരുന്നു. ചന്ദ്രിക പത്രത്തിന്റെ ജീവനാഡിയായും അദ്ദേഹം വര്‍ത്തിച്ചു. മുസ്ലിംകളുടെ വിഷയങ്ങളും വാര്‍ത്തകളും പരമാവധി തമസ്‌കരിക്കുകയും വക്രീകരിക്കുകയും ചെയ്ത ആ നാളുകളില്‍ ചന്ദ്രിക മാത്രമായിരുന്നു മുസ്ലിംകളുടെ വിഷയങ്ങള്‍ ഒരളവോളമെങ്കിലും പ്രകാശനം ചെയ്തത്. ആകയാല്‍ ചന്ദ്രികയുടെ കാര്യത്തില്‍ തങ്ങള്‍ പുലര്‍ത്തിയ വലിയ താല്‍പര്യം വളരെ പ്രസക്തമായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം 1948-ല്‍ സര്‍വേന്ത്യാ മുസ്ലിം ലീഗ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗായി പരിണമിച്ചു. പക്ഷേ, വിഭജനത്തിന് ഉത്തരവാദികളെന്നും വര്‍ഗീയവാദികളെന്നും മറ്റും ആക്ഷേപിച്ച് മുസ്ലിം ലീഗിനെ രാഷ്ട്രീയ രംഗത്തുനിന്ന് അകറ്റാനും ഒറ്റപ്പെടുത്താനുമായിരുന്നു എല്ലാവരുടെയും ശ്രമം. കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ വളരെയേറെ തീവ്രത പുലര്‍ത്തുകയും ചെയ്തു. ദേശീയ മുസ്ലിംകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള കോണ്‍ഗ്രസ്സിലെ മുസ്ലിം നേതാക്കള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ ലീഗ് വിരോധം പ്രസരിപ്പിച്ചുകൊണ്ടേയിരുന്നു. മുസ്ലിം ലീഗിനേയും മറ്റു ഇസ്ലാമിക കൂട്ടായ്മകളെയും രൂക്ഷമായി എതിര്‍ത്താലേ അവര്‍ക്ക് കോണ്‍ഗ്രസ്സിനുള്ളില്‍ അല്‍പമെങ്കിലും പരിഗണന ലഭിക്കുമായിരുന്നുള്ളൂ. പോരെങ്കില്‍ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുന്നതിനെച്ചൊല്ലി നൈസാമും ഇന്ത്യാ ഗവര്‍ണ്‍മെന്റും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് ഒടുവില്‍ ഇന്ത്യന്‍ പട്ടാളം ഹൈദരാബാദിലേക്ക് കടക്കാനും ഹൈദരാബാദിനെ ഇന്ത്യയില്‍ ലയിപ്പിക്കാനും നൈസാമിനെ നിര്‍ബന്ധിതനാക്കി. ഈ ഘട്ടത്തില്‍ കാര്യകാരണ ബന്ധമൊന്നുമില്ലാതെ മലബാറിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. മുസ്ലിംകളെ അകാരണമായി സംശയ ദൃഷ്ട്യാ നിരീക്ഷിക്കാനാണ് കോണ്‍ഗ്രസ്സ് ഗവര്‍ണ്‍മെന്റ് പിന്നീട് പലപ്പോഴുമെന്ന പോലെ അന്നും തുനിഞ്ഞത്. ബാഫഖി തങ്ങളുടെ പാസ്പോര്‍ട്ട് തടഞ്ഞുവെച്ചു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറും കോണ്‍ഗ്രസ്സ് നേതാക്കളും മുസ്ലിം ലീഗിനോട് വളരെയേറെ ശത്രുതാപരമായാണ് പെരുമാറിയതെന്ന് പഴയകാല ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധപൂര്‍വം പറയാറുണ്ട്. ഇന്ത്യാ വിഭജനത്തോടെ ഭീരുത്വംകൊണ്ടും പ്രചണ്ഡ പ്രചാരവേലയാല്‍ ഉണ്ടായിത്തീര്‍ന്ന അപകര്‍ഷതാ ബോധത്താലും പലരും ലീഗ് വിട്ടിരുന്നു. പ്രമുഖനായ പി.പി ഹസ്സന്‍ കോയയെ പോലെ പലരും മുസ്ലിം ലീഗില്‍ നിന്ന് രാജി വെച്ചു. മദ്രാസ് അസംബ്ലിയിലെ ഒന്‍പത് ലീഗ് എം.എല്‍.എ മാര്‍ ഒറ്റയടിക്ക് രാജിവെച്ചു. ദര്‍ഗകളിലെ ഹരിതവര്‍ണ കൊടിപോലും കാണുന്ന മാത്രയില്‍ കലി തുള്ളുന്നവരായിരുന്നു ഇവിടം ഭരിക്കുന്ന കോണ്‍ഗ്രസ്സുകാര്‍. ഈ സന്നിഗ്ദ ഘട്ടത്തിലാണ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ അനിതര സാധാരണമായ നേതൃശേഷിയും ആര്‍ജവവും വെളിവായത്.
സ്വാതന്ത്ര്യാനന്തരം 1952-ല്‍ നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പില്‍ ബാഫഖി തങ്ങളുടെ പക്വതയാര്‍ന്ന നേതൃത്വത്തിന്‍ കീഴില്‍ സാഹചര്യം തികച്ചും പ്രതികൂലമായിരുന്നു. സൗകര്യം വളരെ കുറവായിരുന്നിട്ടും മുസ്ലിം ലീഗ് ഏതാനും സീറ്റുകളില്‍ മത്സരിച്ചത് തങ്ങളുടെ നേതൃപാടവത്തിന്റെ ഉരക്കല്ല് തന്നെയായിരുന്നു. കഷ്ടനഷ്ടങ്ങള്‍ ഏറെ സഹിച്ചിട്ടാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കണമെന്നായിരുന്നു ബാഫഖി തങ്ങളുടെ ഉറച്ച അഭിപ്രായം. ഏതാനും നിയോജക മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തി മത്സരിക്കാനും മറ്റിടങ്ങളില്‍ അനുയോജ്യരായ കക്ഷിരഹിതര്‍ക്ക് പിന്തുണ നല്‍കാനും തീരുമാനിച്ചു. ഭരണം കൈയാളുന്ന ഭരണകൂടത്തിന്റെ സകല സൗകര്യങ്ങളുമുള്ള കോണ്‍ഗ്രസ്സിനെ ശക്തമായിട്ടെതിര്‍ക്കുക എന്നതായിരുന്നു ഈ തീരുമാനത്തിന്റെ ആകസാരം. വടകരയില്‍ കോണ്‍ഗ്രസ്സിനെതിരെ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായ കേളോത്ത് മൊയ്തുഹാജിയെ ലീഗ് പിന്തുണച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ്സിന്റെ കോഴിപ്പുറത്ത് മാധവമേനോനെതിരെ പ്രമുഖ അഭിഭാഷകനായ ടി.സി കരുണാകരന്‍ എന്ന സ്വതന്ത്രനെയാണ് ലീഗ് വളരെ സജീവമായി പിന്തുണച്ചത്. രണ്ടിടത്തും ബാഫഖി തങ്ങളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഫലമായി കോണ്‍ഗ്രസ്സ് തോറ്റു. മുസ്ലിം ലീഗിന്റെ ഒരു എം.പിയും അഞ്ച് എം.എല്‍.എമാരും മലബാറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മദിരാശി അസംബ്ലിയില്‍ കോണ്‍ഗ്രസ്സിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ സി. രാജഗോപാലാചാരി ലീഗിന്റെ പിന്തുണ തേടി. ലീഗ് നിരുപാധിക പിന്തുണ രാജാജി സര്‍ക്കാറിന് നല്‍കുകയും ചെയ്തുകൊണ്ട് ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ്സിനോട് മധുരമായ പ്രതികാരം (Noble revenge) നിര്‍വഹിക്കുകയായിരുന്നു. കേരള സംസ്ഥാന പിറവിക്ക് ശേഷം വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ലീഗിനെ അടുപ്പിച്ചില്ല. ലീഗ് സോഷ്യലിസ്റ്റ് നേതാവ് കെ.ബി മേനോനുമായി ചര്‍ച്ച നടത്തി. ലീഗും പി.എസ്.പിയും തമ്മില്‍ ധാരണയായി. ഈ തെരഞ്ഞെടുപ്പ് സഖ്യത്തിനെതിരെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു വരെ ശക്തമായി രംഗത്ത് വന്നു. ഒടുവില്‍ കോണ്‍ഗ്രസ് കനത്ത വില കൊടുക്കേണ്ടിവന്നു. തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് ഗവര്‍ണ്‍മെന്റ് ഉണ്ടാവുകയെന്ന ലോകത്തിലെ ആദ്യ സംഭവം നടന്നു.
1959 ല്‍ ഇ.എം.എസ് മന്ത്രിസഭക്കെതിരെ പ്രക്ഷോഭ സമരങ്ങള്‍ ഉണ്ടായി. പി.എസ്.പി – ലീഗ്- കോണ്‍ഗ്രസ്സ് കക്ഷികളുടെ നേതൃത്വത്തില്‍, നേരിയ ഭൂരിപക്ഷത്തില്‍ തുടരുന്ന ഇ.എം.എസ് മന്ത്രിസഭക്കെതിരായ വിമോചന സമരം കാരണമായി ഒടുവില്‍ ഭരണ ഘടനയിലെ 356-ാം വകുപ്പ് പ്രയോഗിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവം ഉണ്ടായി. വിമോചന സമരം ലീഗ് കോണ്‍ഗ്രസ്സ് സഹകരണത്തിന് വേദിയൊരുക്കി. കോണ്‍ഗ്രസ്സിനുള്ളില്‍ പലരും കടുത്ത ലീഗ് വിരോധികളാണെങ്കിലും രാഷ്ട്രീയ കാലാവസ്ഥയും ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ ലീഗെടുത്ത പക്വവും ചടുലവുമായ നയനിലപാടുകളും കോണ്‍ഗ്രസ്സിനെ അത്തരമൊരവസ്ഥയിലെത്തിക്കുകയായിരുന്നു. ബാഫഖി തങ്ങളുടെ മാസ്മരിക വ്യക്തിത്വത്തിന്‍ കീഴില്‍ മുസ്ലിം ലീഗ് എല്ലാ കടമ്പകളെയും അതിജീവിച്ച് മുന്നേറുകയായിരുന്നു.
1960 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.എസ്.പി-ലീഗ്- കോണ്‍ഗ്രസ്സ് മുക്കൂട്ട് മുന്നണി 94 സീറ്റ് നേടി. മുസ്ലിംലീഗ് മത്സരിച്ച 12 സീറ്റുകളില്‍ പതിനൊന്നും വിജയിച്ചു. നേരത്തെ 43 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 63 സീറ്റ് കിട്ടി. മുസ്ലിംലീഗിന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു ഇതിന്ന് സഹായകമായത്. പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍.എസ്.എസുമായി അകത്ത് കത്തിയും പുറത്ത് പത്തിയുമായി കഴിഞ്ഞിരുന്ന ചിലര്‍ ലീഗിനെ ഉള്ളഴിഞ്ഞ് പിന്തുണക്കാറില്ല. തക്കം കിട്ടുമ്പോള്‍ ലീഗിനെ ഭര്‍ത്സിക്കാനും തകര്‍ക്കാനും ശ്രമിക്കാറുമുണ്ട്. പക്ഷേ, ബാഫഖി തങ്ങള്‍ ഇതിനെ തന്ത്രപൂര്‍വം നേരിട്ടുകൊണ്ട് കോണ്‍ഗ്രസ്സിലെ നല്ലൊരു വിഭാഗത്തിന്റെ മനം കവരുന്നതിലും അത് മുസ്ലിം രാഷ്ട്രീയത്തിന്നനുഗുണമാക്കുന്നതിലുമാണ് ശ്രദ്ധിച്ചത്. പകയുടെയും ചതിയുടെയും രാഷ്ട്രീയം അദ്ദേഹത്തിനന്യമായിരുന്നു. തങ്ങള്‍ അന്ന് അനുവര്‍ത്തിച്ച രാഷ്ട്രീയ സത്യസന്ധതയാണ് മുന്നണി രാഷ്ട്രീയത്തില്‍ ഇന്നും മുസ്ലിം ലീഗിന് സ്വീകാര്യത നിലനിര്‍ത്തുന്നത്. ”മുസ്ലിം ലീഗ് മത്സരിക്കുന്നത് 126 മണ്ഡലങ്ങളിലാണ്. അഥവാ കേരളത്തിലെ 126 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ത്രികക്ഷി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികളാണ്. ആ അര്‍ഥം മനസ്സില്‍ വെച്ചുകൊണ്ട് സഖ്യകക്ഷി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം.” ഇതായിരുന്നു ബാഫഖി തങ്ങളുടെ ആഹ്വാനം. മുസ്ലിം ലീഗിന്ന് അയിത്തം കല്‍പിച്ചവര്‍ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരാകും വിധം ലീഗിനെ വിവേകപൂര്‍വം നയിച്ച ബാഫഖി തങ്ങളുടെ നേതൃത്വം മുസ്ലിംകളിലും ആവേശമുണ്ടാക്കി. നേരത്തെ ലീഗിനെ എതിര്‍ത്തിരുന്നവരും ഭീരുത്വം കാരണം അകന്ന് കഴിഞ്ഞവരും ലീഗിലേക്ക് കടന്നുവരാന്‍ തുടങ്ങി. ബാഫഖി തങ്ങള്‍ വളര്‍ത്തിയെടുത്ത സി.എച്ച് മുഹമ്മദ് കോയയുടെയും മറ്റും പ്രഭാഷണങ്ങള്‍ കേരള മുസ്ലിംകളെ അപകര്‍ഷതാ ബോധത്തില്‍ നിന്നും വിമുക്തരാക്കി. എത്രത്തോളമെന്നാല്‍ കോണ്‍ഗ്രസ്സ് അനുകൂല പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും ന്യൂഡല്‍ഹിയില്‍ നിന്നിറങ്ങുന്ന സ്റ്റേറ്റ്സ്മാന്‍ പത്രവും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി അടയാളപ്പെടുത്തിക്കൊണ്ട് മുഖ പ്രസംഗമെഴുതി. മുസ്ലിം ലീഗിനെ എതിര്‍ക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാത്ത മാതൃഭൂമി തങ്ങളുടെ മുഖ പ്രസംഗത്തില്‍ ഇങ്ങനെയെഴുതി:
”കോണ്‍ഗ്രസ്സിനോടും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയോടും ആത്മാര്‍ഥമായ ഒരു ഒത്തുതീര്‍പ്പിലൂടെ ഒന്നിച്ച് നിന്ന് കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിടിയില്‍നിന്ന് കേരളത്തെയും അതുവഴി ഭാരതത്തെയും സംരക്ഷിച്ചുകൊണ്ടു നടന്ന വിമോചന സമരത്തിലും അതിന്റെ വിജയകരമായ പര്യവസാനത്തിലും ഇടക്കാല തെരഞ്ഞെടുപ്പിലും മുസ്ലിംകള്‍ വഹിച്ച മഹത്തായ പങ്കിന്ന് കമ്യൂണിസ്റ്റേതര വൃത്തങ്ങളില്‍ പരക്കെ അംഗീകാരം ലഭിച്ചു കാണുന്നുണ്ട്. മുസ്ലിം ലീഗ് ഒരു വര്‍ഗീയ സംഘടനയാണെന്നുള്ള പഴയ വാദഗതി ആവര്‍ത്തിക്കുന്നത് കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങളെ അവഹേളിക്കലാകും. ആരെന്തു പറഞ്ഞാലും ആയിരക്കണക്കിന് മുസ്ലിംകള്‍ മുസ്ലിം ലീഗ് തങ്ങളുടെ സമുദായ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷിയാണെന്ന് ഹൃദയപൂര്‍വം വിശ്വസിക്കുന്നു.” (മാതൃഭൂമി 10.2.1960) (സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ എം.സി വടകര- പേജ് 126)
മുസ്ലിം ലീഗിനെ പരമ പുഛത്തോടെ ”ചത്തകുതിര”യെന്നും മറ്റും വിശേഷിപ്പിച്ച നെഹ്റുവിന്റെ കോണ്‍ഗ്രസ്സ് വീണ്ടും അതിന്റെ തനിനിറം കാണിച്ചു. ഒന്നിച്ച് മത്സരിച്ച ലീഗിനെ മന്ത്രിസഭയിലെടുക്കില്ലെന്നതായിരുന്നു കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിലപാട്. വിഭജനത്തിന്റെ നാളുകളില്‍ നിലനിന്ന ഹിന്ദു-മുസ്ലിം ഭിന്നതയെ ചെറുക്കാന്‍ ഹിന്ദു-മുസ്ലിം ഐക്യമാണ് വേണ്ടതെന്നായിരുന്നു ബാഫഖി തങ്ങളുടെ സുചിന്തിത വീക്ഷണം. പക്ഷേ, വിശാലമായ ഹിന്ദു മുസ്ലിം ഐക്യം അസാധ്യമാക്കുന്നതായിരുന്നു കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിലപാട്. മുന്നണി മര്യാദക്ക് ഒട്ടും ചേരാത്ത കോണ്‍ഗ്രസ്സ് നിലപാടിനെ ഘടക കക്ഷിയായ പി.എസ്.പി അങ്ങേയറ്റം എതിര്‍ത്തിരുന്നു. ഒടുവില്‍ ബാഫഖി തങ്ങളുടെ ഉപദേശ പ്രകാരം മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി പി.എസ്.പിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാനും അതിനെ പിന്തുണക്കാനും തീരുമാനിച്ചു. പി.എസ്.പിയുടെ കൂടി നിര്‍ദേശപ്രകാരം ലീഗ് സ്പീക്കര്‍ പദവി സ്വീകരിച്ചു. ഈ ഘട്ടത്തില്‍ മുസ്ലിം ലീഗ് സ്വീകരിച്ച വിട്ടു വീഴ്ച പ്രത്യക്ഷത്തില്‍ അപമാനകരമായിരുന്നുവെങ്കിലും ഒരര്‍ഥത്തില്‍ അതൊരു ‘ഹുദൈബിയാ സന്ധി’ (ഇസ്ലാമിക ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ് ഹുദൈബിയ സന്ധി എന്നറിയപ്പെടുന്ന യുദ്ധ വിരാമക്കരാര്‍) ആയിരുന്നു. മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം വലിയ വിജയത്തിന്റെ ഒരു തുടക്കമായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിക്കു മുമ്പില്‍ അനുയായികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ച ഇതര കക്ഷികളും പത്രങ്ങളും ഇത്തിരി അമ്പരപ്പോടെയാണ് വീക്ഷിച്ചത്. ഈ ഘട്ടത്തില്‍ കര്‍ണാടകയിലെയും മദ്രാസിലെയും പല മുസ്ലിം നേതാക്കളും ബാഫഖി തങ്ങളെ സന്ദര്‍ശിച്ചു. ബാഫഖി തങ്ങളുടെ പക്വതയും ദീര്‍ഘ വീക്ഷണവും സമുദായ സ്നേഹവും അവരില്‍ മതിപ്പുളവാക്കി. തമിഴ്നാട്ടില്‍ തങ്ങള്‍ ഒരു പര്യടനവും നടത്തി.
1961 ഏപ്രിലില്‍ സീതി സാഹിബ് നിര്യാതനായി. തുടര്‍ന്ന് സ്പീക്കറായി സി.എച്ച് മുഹമ്മദ് കോയ തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ മുസ്ലിം ലീഗ് അംഗത്വം മുന്‍കൂട്ടി രാജിവെക്കണമെന്ന അസാധാരണ നിര്‍ദേശം കോണ്‍ഗ്രസ്സ് മുന്നോട്ട് വെച്ചു. ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും ചേര്‍ന്ന് ആ വിട്ടുവീഴ്ചയും ചെയ്തു. ജനാധിപത്യ സംരക്ഷണവും ഉറച്ച ഭരണവും സുസാധ്യമാക്കാനായിരുന്നു ഈ തീരുമാനം. മറുവശത്ത് കോണ്‍ഗ്രസ്സിന്റെ മര്യാദയില്ലായ്മ ബഹുജനങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമാകാനും ലീഗിന്റെ മുന്നണി മര്യാദയും വിട്ടുവീഴ്ചയും രാജ്യസ്നേഹവും ജനാധിപത്യ വിശ്വാസികള്‍ക്ക് ബോധ്യമാകാനും ഇത് ഇടയാക്കി. ഒരടി പിന്മാറിക്കൊണ്ട് നാലടി മുന്നേറുക എന്ന തന്ത്രവും ഇതിലുണ്ടായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിയും വിവേകവും പക്വതയുമൊക്കെ ഉള്‍ചേര്‍ന്ന നേതൃത്വം അണികളെ അച്ചടക്കപൂര്‍വം ഒതുക്കി നിര്‍ത്താന്‍ ഏറെ തുണച്ചു. തങ്ങളുടെ നിര്‍ദേശോപദേശങ്ങള്‍ അന്തിമ വിശകലനത്തില്‍ വളരെ വിജയകരമാകുമെന്ന ബോധ്യം ലീഗണികള്‍ക്കുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തില്‍ ഇങ്ങനെ ഒരു നേതൃത്വമോ അനുയായി വൃന്ദമോ അന്ന് മറ്റാര്‍ക്കുമുണ്ടായിരുന്നില്ല.
”തൊപ്പി ഊരിയെറിഞ്ഞിട്ടും ലുങ്കി മാറിയുടുത്തിട്ടും കിട്ടിയതെന്തേ സ്പീക്കര്‍ സ്ഥാനം, റാഹത്തായില്ലേ?” എന്ന് ലീഗ് വിരോധികളും മാര്‍ക്സിസ്റ്റുകളും നാടെങ്ങും പരിഹസിച്ചപ്പോഴും അണികള്‍ ചിതറാതെ, പതറാതെ തങ്ങള്‍ക്കു പിന്നില്‍ അച്ചടക്കപൂര്‍വം ഉറച്ചു നിന്നത് പ്രതിയോഗികളെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുകയുണ്ടായി.
കോണ്‍ഗ്രസ്സിന്റെ നന്ദികേട് പിന്നെയും പുറത്തു വന്നു. 1962 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ലീഗിനെ ഒറ്റപ്പെടുത്തുകയും ചെയ്തു. ബാഫഖി തങ്ങളും ഖാഇദെ മില്ലത്തും സന്നിഹിതരായ ലീഗ് നേതൃയോഗം ത്രികക്ഷി സഖ്യം അവസാനിപ്പിക്കാനും സ്പീക്കര്‍ സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ബാഫഖി തങ്ങളാണ് ഇതിന്നുള്ള കരുനീക്കങ്ങള്‍ നടത്തിയത്. ലീഗ് സ്വന്തത്തില്‍ മൂന്ന് സീറ്റുകളില്‍ മത്സരിച്ചു. (കോഴിക്കോട്, മഞ്ചേരി, പൊന്നാനി) വടകര, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നാല് സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്തു. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ചപ്പോള്‍ ലീഗിന്റെ പാര്‍ലമെന്റ് സീറ്റ് ഒന്നില്‍ നിന്ന് രണ്ടായി ഉയര്‍ന്നു. ലീഗ് പിന്തുണച്ച രണ്ട് സ്വതന്ത്രന്മാര്‍ വടകരയിലും തലശ്ശേരിയിലും ജയിക്കുകയും ചെയ്തു. എസ്.കെ പൊറ്റക്കാട് ഈ വിഷയത്തില്‍ ബാഫഖി തങ്ങളുടെ ദീര്‍ഘദൃഷ്ടിയും ആര്‍ജവവും പ്രശംസനീയമായിരുന്നുവെന്ന് പ്രത്യേകം എടുത്തോതിയിട്ടുണ്ട്.
ബാഫഖി തങ്ങള്‍ കോണ്‍ഗ്രസ്സിനെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. 1965-ല്‍ കമ്യൂണിസ്റ്റുകളുമായും സോഷ്യലിസ്റ്റുകളുമായും നീക്കുപോക്കുകളുണ്ടാക്കി. കോണ്‍ഗ്രസ്സിന്റെ സീറ്റ് 63-ല്‍ നിന്ന് മുപ്പത്തിയഞ്ചായി ചുരുങ്ങി. കോണ്‍ഗ്രസ്സ് ഇതര കക്ഷികള്‍ക്ക് 97 സീറ്റുകള്‍ കിട്ടിയെങ്കിലും നിയമസഭ ചേരുകയോ മന്ത്രിസഭ രൂപീകരിക്കുകയോ ഉണ്ടായില്ല. മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി, സി.പി.ഐ സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങി ഏഴ് കക്ഷികളുടെ മുന്നണി 1967-ല്‍ മത്സരിച്ചു. മുന്നണിക്ക് ആകെ 117 സീറ്റ് കിട്ടി. ലീഗിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. ആകെ മത്സരിച്ച 15 ല്‍ 14 സീറ്റും ലഭിച്ചു. ആദ്യമായി ലീഗിന്ന് രണ്ട് മന്ത്രിമാരുണ്ടായി. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും. കോണ്‍ഗ്രസ്സ് കേവലം ഒന്‍പത് സീറ്റില്‍ ഒതുങ്ങി. ബാഫഖി തങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അവരെ പാഠം പഠിപ്പിച്ചു.
പക്ഷേ, ഇ.എം.എസ് മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയില്ല. മുന്നണി മര്യാദയുടെ ഭാഗമായ വാഗ്ദത്തപാലനം നടത്താതെ, ഘടക കക്ഷികളെ വെറുപ്പിക്കുന്ന പണിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത്. മുന്നണിയെ നില നിര്‍ത്താന്‍ ചില അനുരഞ്ജന ശ്രമങ്ങള്‍ തങ്ങള്‍ നടത്തി. കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായി തങ്ങള്‍ മാറിയ നാളുകളായിരുന്നു അത്. 32 മാസം പ്രായമായ മന്ത്രിസഭ നിലംപൊത്തി.
തുടര്‍ന്ന് 1969 നവംബര്‍ ഒന്നാം തിയ്യതി സി. അച്ചുതമേനോന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ നിലവില്‍ വരുന്നതില്‍ തങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. തുടര്‍ന്നുള്ള പന്ത്രണ്ട് വര്‍ഷക്കാലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അധികാരത്തിലേറാന്‍ പറ്റിയില്ല. ഇ.എം.എസ് പിന്നെ മുഖ്യമന്ത്രിയായതുമില്ല. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക റോള്‍ വഹിച്ച തങ്ങള്‍ 1970-ലെ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിലും സജീവ പങ്ക് വഹിച്ചു.
ഖാഇദെ മില്ലത്തിന്റെ വിയോഗത്തോടെ 1972-ല്‍ തങ്ങള്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിനെ അഖിലേന്ത്യാ തലത്തില്‍ ശക്തിപ്പെടുത്താന്‍ വേണ്ടി സി.എച്ച് മുഹമ്മദ് കോയയെ പാര്‍ലമെന്റിലേക്ക് ഖാഇദെ മില്ലത്തിന്റെ ഒഴിവില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി അച്ചുതമേനോന്‍, കെ. കരുണാകരന്‍, ബേബി ജോണ്‍ തുടങ്ങി പലരും തങ്ങളില്‍ പല മാര്‍ഗേണ സമ്മര്‍ദം ചെലുത്തി. തങ്ങള്‍ വഴങ്ങിയില്ല. തങ്ങളുടെ ഇഛാശക്തിയുടെ ദാര്‍ഢ്യത പലര്‍ക്കും ബോധ്യം വന്ന നാളുകളായിരുന്നു അത്. മന്ത്രി സ്ഥാനത്തേക്കാളും വലുത് സമുദായത്തിന്റെയും പാര്‍ട്ടിയുടെയും വളര്‍ച്ചയുമാണെന്ന നിലപാടില്‍ തങ്ങള്‍ ഉറച്ചു നിന്നു. തുടര്‍ന്ന് ഹജ്ജിന്ന് പോയ തങ്ങള്‍ ഹജ്ജിന് ശേഷം അവിടെ വെച്ച് 1973 ജനുവരി 19 ന് മരിച്ചു.
കേരള മുസ്ലിംകള്‍ക്ക് രാഷ്ട്രീയ സാമൂഹ്യരംഗത്ത് അഭിമാനകരമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു. ലീഗിന്റെ നേരെ പുലര്‍ത്തിയ അയിത്തം തന്ത്രപരമായി ഭേദിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. പി.എസ്.പിയുമായും കോണ്‍ഗ്രസ്സുമായും കമ്യൂണിസ്റ്റുകാരുമായുമെല്ലാം മാറിമാറി സഖ്യത്തിലേര്‍പ്പെടുക വഴി ലീഗിനെതിരെ വര്‍ഗീയതയാരോപിക്കാനുള്ള പഴുതടക്കുകയും ലീഗിനെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ വിജയിക്കുകയും ചെയ്തു. മുസ്ലിംലീഗിന്ന് ചില അബദ്ധങ്ങള്‍ സംഭവിച്ചിരിക്കാമെങ്കിലും മുസ്ലിം പ്രശ്നങ്ങള്‍ ഒരളവോളം ഉയര്‍ത്തിക്കൊണ്ടുവരാനും സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ അധികൃത കേന്ദ്രങ്ങളില്‍ മുസ്ലിം ശബ്ദം പരിഗണിക്കപ്പെടാനും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുള്ള ലീഗ് രാഷ്ട്രീയം സഹായിച്ചിട്ടുണ്ട്. മുസ്ലിംകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുളള ലീഗ് രാഷ്ട്രീയം ഏറെ തുണച്ചുവെന്നതും അനിഷേധ്യ വസ്തുതയാണ്. ബഹുസ്വര സമൂഹത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രായോഗിക രാഷ്ട്രീയം കൈയാളുന്നതില്‍ തങ്ങള്‍ കാണിച്ച പ്രാഗത്ഭ്യം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പഠന വിധേയമാക്കാവുന്നതാണ്. കച്ചവടക്കാരനായിക്കൊണ്ടു തന്നെ രാഷ്ട്രീയം കൈകാര്യം ചെയ്ത തങ്ങള്‍ രാഷ്ട്രീയത്തെ ഉപജീവനോപാധിയാക്കിയില്ലെന്ന് മാത്രമല്ല, അധികാരത്തിന്റെ ശീതളഛായ അനുഭവിക്കാനോ ഭരണ സ്വാധീനം സ്വാര്‍ഥമായി ദുരുപയോഗം ചെയ്യാനോ മിനക്കെടാതെ വളരെ ഉയര്‍ന്നു നിന്നുവെന്നതും സംസാരങ്ങളിലും സമീപനങ്ങളിലും നിലപാടുകളിലും സന്തുലിതത്വവും മിതത്വവും പാലിച്ചുവെന്നതും നമുക്ക് മാതൃകയാവേണ്ടതാണ്. ബാഫഖി തങ്ങള്‍ക്ക് ശേഷം അങ്ങനെയൊരു പക്വവും പ്രഗത്ഭവുമായ നേതൃത്വം ലീഗിന്നുണ്ടായിട്ടില്ലെന്ന നിഷ്പക്ഷമതികളുടെ നിരീക്ഷണം എളുപ്പം തള്ളിക്കളയാവുന്നതല്ല. തങ്ങള്‍ക്ക് ശേഷം ലീഗ് ആകെ ഒന്ന് ഉലഞ്ഞുവെന്നതും ലീഗിന്റെ ആദ്യകാല വിശുദ്ധിക്ക് ഗ്ലാനി സംഭവിച്ചുവെന്നുമുള്ള വിലയിരുത്തലില്‍ വസ്തുതയുണ്ട്. അഖിലേന്ത്യാ ലീഗും പിന്നീട് ഇന്ത്യന്‍ നാഷനല്‍ ലീഗും ഉണ്ടായത് പില്‍ക്കാല ലീഗ് നേതൃത്വങ്ങളുടെ നേതൃ ശേഷിക്കുറവിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ”ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍…” എന്ന് പഴമക്കാരും സാത്വികരുമായ പല ലീഗുകാരും പലപ്പോഴും സങ്കടപ്പെട്ടിരുന്നതും തങ്ങളുടെ ”രാഷ്ട്രീയ കറാമത്തുകള്‍” ഓര്‍ക്കുന്നതും വെറുതെയല്ല. തങ്ങള്‍ക്ക് ഒരു Celestial personality ഉണ്ടായിരുന്നുവെന്ന് അടുത്തിടപഴകിയ പലരും പറഞ്ഞിട്ടുണ്ട്. ഇന്ന് ലീഗിന്ന് ഒരുപാട് സൗകര്യങ്ങളുണ്ട്. ദീര്‍ഘ കാലമായി അധികാരത്തിന്റെ തണലുമുണ്ട്. സ്വാതന്ത്ര്യത്തിന്ന് ശേഷം ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കുമ്പോള്‍ ഇത്തരം സൗകര്യമൊന്നുമുണ്ടായിരുന്നില്ലെന്നതും സാഹചര്യം വളരെ പ്രതികൂലമായിരുന്നുവെന്നതും നാം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
ബാഫഖി തങ്ങളുടെ രാഷ്ട്രീയ വ്യക്തിത്വം മാത്രം വിശകലനം ചെയ്ത് മതിയാക്കുന്നത് ശരിയായിരിക്കില്ല. തങ്ങള്‍ കേരള മുസ്ലിംകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ കേരളീയ മുസ്ലിം സമൂഹം ഇന്നത്തേപ്പോലെയായിരുന്നില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്നു. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ തങ്ങള്‍ വ്യക്തിപരമായി നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വകയായി സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. സി.എച്ച് മുഹമ്മദ് കോയാ സാഹിബ്, പ്രൊഫ. ടി. അബ്ദുല്ല സാഹിബ് ഉള്‍പ്പടെ പതിനാല് പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഒരേ സമയം നല്‍കിയിരുന്നതായി പ്രൊഫ. ടി. അബ്ദുല്ല സാഹിബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ വേറെയും പലരെയും തങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഫാറൂഖ് കോളജ് ഉള്‍പ്പടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും തങ്ങളുടെ പങ്ക് വലുതായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സംസ്ഥാപനത്തിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിക്കുന്നതിലും തങ്ങള്‍ നേതൃപരമായി പങ്ക് വഹിച്ചു. എം.ഇ.എസ് സ്ഥാപിതമായ പ്രാരംഭകാലത്തും തങ്ങള്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്.
മതരംഗത്ത് കേരള മുസ്ലിംകള്‍ രണ്ട് ധാരയായിരുന്നു. സുന്നികളും മുജാഹിദുകളും. ഇവര്‍ തമ്മില്‍ കടുത്ത ഭിന്നതയും അകല്‍ച്ചയുമായിരുന്നു. എന്നാല്‍, ഇവരെ രാഷ്ട്രീയ രംഗത്ത് മുസ്ലിം ലീഗിന്റെ പ്ലാറ്റ് ഫോമില്‍ ഒന്നിപ്പിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു.
മുസ്ലിം ലീഗ് നേതൃരംഗത്ത് ധാരാളം മുജാഹിദുകള്‍ ഉണ്ടായിരുന്നു. സുന്നികളും മുജാഹിദുകളും തമ്മിലുള്ള തര്‍ക്കം ഇന്നത്തേക്കാള്‍ വളരെ വളരെ രൂക്ഷമായിരുന്ന ആ കാലത്ത് സുന്നീ വീക്ഷണത്തോട് ചേര്‍ന്നു നില്‍ക്കുക മാത്രമല്ല അതില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത തങ്ങള്‍ മുജാഹിദുകളുമായി വളരെയേറെ സഹകരിക്കകയും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്തു. മുജാഹിദുകളും സുന്നികളും ലീഗിന്റെ പ്ലാറ്റ്‌ഫോമില്‍ സഹകരിക്കാന്‍ തങ്ങളുടെ പക്വമായ നേതൃത്വം സാഹചര്യമൊരുക്കിയപ്പോള്‍ മുജാഹിദ്-സുന്നി തര്‍ക്കങ്ങളുടെ തീഷ്ണത അല്പമെങ്കിലും കുറക്കാന്‍ സാഹചര്യമുണ്ടായി (പിന്നീടുണ്ടായ ഗള്‍ഫ് കുടിയേറ്റവും ഹജ്ജ്, ഉംറ എന്നിവ സാര്‍വത്രികമായതും അറബി ഭാഷയുടെ പ്രചാരണവും അറബ് ലോകവുമായുള്ള പ്രത്യക്ഷ-പരോക്ഷ സമ്പര്‍ക്കങ്ങളുമൊക്കെ കുറെ തര്‍ക്കങ്ങളുടെ തീഷ്ണത വളരെ കുറച്ചിട്ടുണ്ട്.) ലീഗിന്റെ പ്ലാറ്റ് ഫോമില്‍ എന്‍.വി അബ്ദുല്‍ സലാം മൗലവി, കെ.എം മൗലവി ഉള്‍പ്പടെ പല ഉല്‍പതിഷ്ണു പണ്ഡിതന്മാരുമായുണ്ടായ സജീവ സമ്പര്‍ക്കങ്ങള്‍ സ്വതവേ പക്വമതിയും വിശാലവീക്ഷണഗതിക്കാരനുമായ തങ്ങളിലും ചില രചനാത്മാക മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കാം. തങ്ങളവര്‍കള്‍ വളര്‍ത്തിയ സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പടെ പലരും ഉല്‍പതിഷ്ണു പക്ഷത്തോട് ചേര്‍ന്നു നിന്നതിനെ തങ്ങള്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല.
സമുദായത്തിലെ മതപരമായ തര്‍ക്കവിഷയങ്ങളില്‍ അദ്ദേഹത്തിന്ന് സ്വന്തമായ, നിലപാടുകളുമുണ്ടായിരുന്നു. സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം ഭൗതിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ തങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണല്ലോ ചെയ്തത്. മഹാഭൂരിപക്ഷം മുസ്ലിംകളും സുന്നികളായ സ്ഥിതിക്ക് അവരെ പിണക്കാതിരിക്കുക എന്നത് പ്രായോഗിക രാഷ്ട്രീയ ബുദ്ധിയുടെ തേട്ടം തന്നെയാണ്. (അന്നത്തെ ഉത്പതിഷ്ണുക്കളുടെ പല നിലപാടുകളും പക്വമായിരുന്നില്ലെന്നതും ഒരു വസ്തുതയാണ്.) സുന്നികളെ പയ്യെ പയ്യെ അവരോട് ചേര്‍ന്നുനിന്നുകൊണ്ട് കൂടുതല്‍ നല്ല നിലപാടിലേക്ക് കൊണ്ടുവരിക എന്ന പ്രായോഗിക സമീപനം സ്വീകരിക്കുക, അവരെ പിണക്കി അകറ്റാതിരിക്കുക എന്നിങ്ങനെയുള്ള തങ്ങളുടെ നിലപാടാണ് മുസ്ലിം ലീഗിന്ന് ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ സഹായിച്ചത്.
