August 11 Tuesday 2026

അയ്യന്‍കാളിയുടെ ശ്രീമൂലം പ്രജാസഭ അംഗത്വവും പ്രാതിനിധ്യ ജനാധിപത്യത്തിന്റെ പ്രയോഗങ്ങളും

മഹാത്മ അയ്യന്‍കാളിയും കേരള നവോത്ഥാനവും (ഭാഗം -03)

1907-ല്‍ അയ്യന്‍കാളി നേതൃത്വം നല്‍കിയ പണിമുക്ക് സമരവും 1910-ലെ ഊരുട്ടമ്പലം സ്‌കൂള്‍ പ്രവേശന സമരവും തുടര്‍ന്നുണ്ടായ കലാപങ്ങളും തിരുവിതാംകൂര്‍ ഭരണകൂടത്തിന് അധഃസ്ഥിത വിഭാഗങ്ങളോടുള്ള സമീപനങ്ങളില്‍ ഗണ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വഴിതെളിയിക്കുകയുണ്ടായി എന്നു കാണാം. ഇതോടെ ഇന്ത്യയിലെ ഏക ഹിന്ദു രാഷ്ട്രം എന്ന പേരില്‍ അഹങ്കരിച്ചിരുന്ന തിരുവിതാംകൂറിന് സമൂഹത്തിന്റെ അടിത്തട്ടില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്ന അവസ്ഥ സംജാതമായി. സാമൂഹിക പരിവര്‍ത്തനാര്‍ഥം അധഃസ്ഥിത വിഭാഗക്കാര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് കുടിയേറി കൊണ്ടിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഈഴവരും കൂട്ടത്തോടെ ഹിന്ദുമതം ഉപേക്ഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ഈഴവരാദി അധഃസ്ഥിത വിഭാഗക്കാര്‍ ഒന്നടങ്കം ക്രിസ്തുമതം സ്വീകരിച്ചാല്‍ തിരുവിതാംകൂര്‍ എന്ന ഹിന്ദു രാഷ്ടത്തിന്റെ ഭാവി അപകടത്തിലാകും എന്ന ഭയവും ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അധഃസ്ഥിത വിഭാഗക്കാരുടെ ആവശ്യങ്ങളോട് ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഭരണകൂടം തയ്യാറാകുന്നത്. ഇതിനു വേണ്ട ശുപാര്‍ശകള്‍ നല്‍കാന്‍ ദിവാന്‍ രാജഗോപാലാചാരിയെയാണ് രാജാവ് ചുമതലപ്പെടുത്തിയത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ദലിതരുടെ പള്ളിക്കൂട പ്രവേശനത്തിന് വേണ്ടത് ചെയ്യണമെന്നും പ്രജാസഭയില്‍ അവര്‍ക്ക് നാമമാത്രമായെങ്കിലും പ്രതിനിധ്യം നല്‍കണമെന്നും ദിവാന്‍ തന്റെ റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെടുകയും ചെയ്തു. തത്ഫലമായി പുലയരുടെ പ്രതിനിധിയായി 1912-ല്‍ അയ്യന്‍കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് സമ്മേളനത്തിലാണ് അയ്യന്‍കാളി ആദ്യമായി പ്രസംഗിക്കുന്നത്. ആ പ്രസംഗത്തിലുടനീളം പുലയരാദി അധഃസ്ഥിത വിഭാഗക്കാരുടെ വിദ്യാഭ്യാസ അവശതകള്‍ നീക്കം ചെയ്യുന്നതിനെപ്പറ്റിയും അവരുടെ ഭൂമിപ്രശ്‌നത്തെപ്പറ്റിയുമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ആറു ലക്ഷത്തിലധികം വരുന്ന തിരുവിതാംകൂറിലെ അധഃസ്ഥിത വിഭാഗക്കാരെ പ്രതിനിധീകരിക്കാന്‍ ഒരോ സമുദായത്തില്‍ നിന്നും ഓരോ പ്രതിനിധികളെ വീതം സഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. തത്ഫലമായി 1913-ല്‍ ചരതന്‍ സോളമന്‍, വെള്ളിക്കര ചോതി, കാവാരിക്കുളം കണ്ടന്‍ കുമാരന്‍ തുടങ്ങിയ സാമുദായിക നേതാക്കളെ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി. ഇത്തരത്തില്‍ അധികാരത്തിന്റെ സാധ്യതകളെ സഹോദര സമുദായങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുംവിധം ഭരണാധികളെ കൊണ്ട് തീരുമാനം എടുപ്പിക്കാനും അത് നടപ്പാക്കാനും അയ്യന്‍കാളി ബദ്ധശ്രദ്ധനായിരുന്നുവെന്ന കാര്യം അവിസ്മരണീയമാണ്.

1912ല്‍ അയ്യന്‍കാളി വെങ്ങാന്നരില്‍ വച്ച് നാരായണ ഗുരുവുമായി ആദ്യത്തെ കൂടിക്കാഴ്ച നടത്തി. അക്കാലത്ത് അധഃസ്ഥിതരായിരുന്ന ഈഴവര്‍ പോലും ദലിതരോട് സാമൂഹിക അകലം പാലിക്കുന്നതില്‍ നാരായണ ഗുരു അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഗുരുവുമായുള്ള കൂടിക്കാഴ്ചയില്‍ അയ്യന്‍കാളി നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിക്കുകയുണ്ടായി. ഗുരുവിന്റെ ആത്മീയ നേതൃത്വത്തില്‍ ഈഴവ സമുദായം ചുടലമായ പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമായി മുന്നേറി കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. വിദ്യാഭ്യാസത്തിലൂടെ വിമോചിതരാകുക, സംഘടനയിലൂടെ ശക്തരാവുക എന്ന ആശയം സാമൂഹിക അനീതിക്കും അവമതിക്കും വിധേയമായികൊണ്ടിരുന്ന എല്ലാ അധഃസ്ഥിത സമുദായങ്ങളെയും ആഴത്തില്‍ സ്വാധീനിച്ചിരുന്നു. തത്ഫലമായി വിവിധ സമുദായങ്ങള്‍ക്കിടയില്‍ സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു പോന്നു.

1913ല്‍ പ്രജാസഭയില്‍ പ്രസംഗിക്കവെ അധഃസ്ഥിത വിഭാഗങ്ങളുടെ അടിയന്തിര പ്രശ്‌നം എന്ന നിലയില്‍ ഭൂരഹിത കര്‍ഷക തൊഴിലാളികളുടെ ഭൂമി പ്രശ്‌നം അയ്യന്‍കാളി വീണ്ടും സഭയില്‍ അവതരിപ്പിച്ചു. ഭൂരഹിതരായ എല്ലാ അയിത്തജാതിക്കാര്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പക്ഷേ ഭൂപരിഷ്‌കരണത്തിന് വേണ്ടി തിരുവിതാംകൂറില്‍ മുഴങ്ങി കേട്ട ആദ്യ ശബ്ദം ഇതായിരിക്കാം. 1913-ല്‍ നടത്തിയ മറ്റൊരു പ്രസംഗത്തില്‍ അധഃസ്ഥിത വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അയ്യന്‍കാളിയുടെ ആവശ്യം അംഗീകരിച്ച ദിവാന്‍ ജാതി-മത പരിഗണനകള്‍ക്കതീതമായി അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ള പതിനൊന്ന് പേര്‍ക്ക് വിവിധ വകുപ്പുകളിലായി സര്‍ക്കാര്‍ ഉദ്യോഗം നല്‍കുകയും ചെയ്തു. 1891-ലെ മലയാളി മെമ്മോറിയലിലൂടെയും 1896-ലെ ഈഴവ മെമ്മോറിയലിലൂടെയും നായന്മാരും സുറിയാനി ക്രിസ്ത്യാനികളും ഈഴവരും ഇതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ ഉദ്യോഗം നേടിയിരുന്നെങ്കിലും ആ മെമ്മോറിയലുകള്‍ ദലിതരുടെ സര്‍ക്കാര്‍ ഉദ്യോഗ പ്രവേശനത്തെ വിസ്മരിച്ചത് സ്മരണീയമാണ്. 1914-ല്‍ അയിത്തജാതിക്കാരുടെ വിദ്യാലയ പ്രവേശന വിഷയം വീണ്ടും അയ്യന്‍കാളി പ്രജാസഭയില്‍ ഉന്നയിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് 1910-ല്‍ അനുകൂലമായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും സവര്‍ണരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രസ്തുത ഉത്തരവ് മരവിപ്പിച്ചിരുന്നതിനാല്‍ 1914- വരെ അധഃസ്ഥിത വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അധഃസ്ഥിതരുടെ വിദ്യാലയ പ്രവേശന വിഷയം അദ്ദേഹം വീണ്ടും സഭയില്‍ ഉന്നയിക്കുന്നതും ദിവാനില്‍ നിന്നും അനുകൂല ഉത്തരവുകള്‍ സമ്പാദിക്കുന്നതും. ഇതോടൊപ്പം മുന്‍പ് അദ്ദേഹം വെങ്ങാനൂരില്‍ സ്ഥാപിച്ച പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിപ്പെടുത്തുകയും ചെയ്തു.

വര്‍ഷം 1915. ഈ വര്‍ഷമാണ് ചരിത്ര പ്രസിദ്ധമായ കൊല്ലം പെരിനാട് സമരത്തിന് ആസ്പദമായ സംഭവപരമ്പരകള്‍ അരങ്ങേറുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ അയ്യന്‍കാളി നടത്തിയ സാമൂഹിക നവോത്ഥാന പോരാട്ടങ്ങളില്‍ പ്രചോദിതരായി പെരിനാട്ടെ അധഃസ്ഥിത വിഭാഗക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കാന്‍ തുടങ്ങുന്നതോടുകൂടിയാണ് അവിടെ അസ്വസ്ഥതകള്‍ പൊട്ടിപ്പുറപ്പെടുന്നത്. 1828-വരെ തിരുവിതാംകൂറിലെ അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് മേല്‍ വസ്ത്രം ധരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അങ്ങനെ ചെയ്യുന്നത് ആചാരലംഘനവും സവര്‍ണരോടുള്ള ധിക്കാരവുമായാണ് ഭരണാധികാരികള്‍ കണക്കാക്കിയിരുന്നത്. ക്രിസ്തുമതം സ്വീകരിച്ച ചാന്നാര്‍ സ്ത്രീകളാണ് ഈ അനാചാരത്തിനെതിരെ ആദ്യം രംഗത്ത് വന്നത്. 1822-ല്‍ അവര്‍ സംഘടിതമായി റൗക്ക ധരിച്ച് പൊതുവഴിയിലൂടെ സഞ്ചരിക്കുന്നതോടുകൂടിയാണ് നാടകീയമായ സംഭവപരമ്പരകള്‍ അരങ്ങേറുന്നത്. റൗക്ക ധരിച്ച ചാന്നാര്‍ സ്ത്രീകളെ ആചാരലംഘനം നടത്തിയെന്ന് ആരോപിച്ച് സവര്‍ണര്‍ മര്‍ദ്ദിച്ചതും ചാന്നാന്മാര്‍ക്കെതിരെ വ്യാപകമായി അക്രമം അഴിച്ചുവിട്ടതും തെക്കന്‍ തിരുവിതാംകൂറില്‍ ഒരു ലഹളക്ക് വഴിയൊരുക്കിയിരുന്നു. ചാന്നാര്‍ ലഹള എന്ന പേരില്‍ വിവക്ഷിക്കപ്പെട്ട ഈ ലഹളക്കൊടുവില്‍ ചാന്നാര്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതിനുള്ള അവകാശം നേടിയെടുത്തത് പുലയര്‍ ഉള്‍പ്പെടെയുള്ള ഇതര അധഃസ്ഥിത വിഭാഗങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ചാന്നാര്‍ സ്ത്രീകള്‍ ഈ അവകാശം നേടിയെടുത്തെങ്കിലും പുലയരാദി അധഃസ്ഥിത വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടിരുന്നു. അയ്യന്‍കാളിയുടെ കാലഘട്ടത്തിലും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായില്ലെന്നു മാത്രമല്ല അതിന് വേണ്ടിയുള്ള ശബ്ദം ഒരിടത്തും മുഴങ്ങിയിരുന്നുമില്ല. 1915-ല്‍ അയ്യന്‍കാളി തന്റെ സമുദായത്തിലെ സ്ത്രീകളോട് അന്നുവരെ അവര്‍ ധരിച്ചിരുന്ന കല്ലയും മലയും വലിച്ചെറിഞ്ഞ് മാന്യമായി അന്തസ്സോടെ മേല്‍വസ്ത്രം ധരിക്കാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ ആഹ്വാനം ശിരസ്സാവഹിച്ച തെക്കന്‍ തിരുവിതാംകൂറിലെ അധഃസ്ഥിത സ്ത്രീകള്‍ കല്ലയും മാലയും ഉപേക്ഷിച്ചതും മേല്‍വസ്ത്രം ധരിക്കാന്‍ തുടങ്ങിയതും വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാടിന്റെ നാനാഭാഗങ്ങളിലും സമാന സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ഈയൊരു പശ്ചാത്തലത്തിലാണ് കൊല്ലത്ത് പെരിനാട്ടെ അധഃസ്ഥിത വിഭാഗത്തിലെ സ്ത്രീകള്‍ ഗോപാല ദാസന്‍ എന്ന നേതാവിന്റെ കീഴില്‍ സമ്മേളനം ചേര്‍ന്ന് കല്ലയും മാലയും ബഹിഷ്‌ക്കരിക്കാന്‍ തയ്യാറാവുന്നതും അതിനെത്തുടര്‍ന്ന് അവിടെ ലഹള പൊട്ടിപ്പുറപ്പെടുന്നതും. സമ്മേളനത്തില്‍ പങ്കെടുത്തവരെ നായന്മാര്‍ ആക്രമിച്ചതായിരുന്നു ലഹളക്ക് തുടക്കം. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ തിരിച്ചടിച്ചതോടെ അതൊരു കലാപമായി മാറി. പെരിനാട്ടെ ദലിതരുടെ കുടിലുകള്‍ മുഴുവന്‍ സവര്‍ണര്‍ തീവച്ചു നശിപ്പിച്ചു. ആയിരക്കണക്കിന് ദലിതര്‍ക്ക് സ്വന്തം ഗ്രാമം വിട്ടു പലായനം ചെയ്യേണ്ടി വന്നു.

പെരിനാട് കലാപത്തെപ്പറ്റി മലയാളി പത്രം റിപ്പോര്‍ട്ട് ചെയ്തത് മിതവാദിയില്‍ ഇപ്രകാരം ഉദ്ധരിച്ച് ചേര്‍ത്തിരുന്നു. ” കഴിഞ്ഞ ഞായറാഴ്ച തിരുവിതാംകൂര്‍ പെരിനാട് വച്ച് സാധുജന പരിപാലന സംഘം സെക്രട്ടറി ഗോപാല ദാസന്റെ അധ്യക്ഷതയില്‍ പുലയരുടെ ഒരു മഹായോഗം കൂടുകയുണ്ടായി. ആ അവസരത്തില്‍ നാനാദിക്കുകളില്‍ നിന്നുമായി ഏകദേശം രണ്ടായിരത്തിന് മേല്‍ പുലയര്‍ ഹാജരുണ്ടായിരുന്നു. കൂടാതെ ആ സ്ഥലത്തുള്ള ഏതാനു നായന്മാരും സന്നിഹിതരായിരുന്നു. യോഗമധ്യേ രണ്ടു നായര്‍ യുവാക്കള്‍ പുലയരുടെ ഇടയില്‍ കടന്ന് എന്തോ ആവശ്യപ്പെടുകയോ മറ്റോ ചെയ്തുവെന്ന കാരണത്തിന്മേല്‍ ഒരു ലഹളയുണ്ടാകുകയും അതില്‍ പലര്‍ക്കും മുറിവുകള്‍ പറ്റുകയും ചെയ്യുകയുണ്ടായി. അനന്തരം പുലയര്‍ സംഘമായി പുറപ്പെടുകയും ഒരു നായരുടെ വീടിന് തീ വയ്ക്കുകയും വഴിമധ്യേ തടഞ്ഞ ചിലരെ കല്ലുകൊണ്ട് എറിയുകയും മറ്റും ചെയ്യുകയുണ്ടായി. പെരിനാട്, മങ്ങാട്, കിളിക്കൊല്ലൂര്‍ എന്നിവിടങ്ങളില്‍ പുലയരുടെ ചില പുരകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവിടെയുള്ള പുലയരില്‍ മിക്കവാറും പേര്‍ ആ സ്ഥലം വിട്ടു പോയിരിക്കുന്നതായി അറിയുന്നു. ഡിസ്ടിക്റ്റ് മജിസ്‌ട്രേറ്റ് ഇന്നലെ രാവിലെ കൃത്യ സ്ഥലത്ത് പോയിരുന്നു”. ഇങ്ങനെയാണ് മിതവാദിയിലെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. കലാപം അമര്‍ച്ച ചെയ്യാന്‍ രംഗത്ത് എത്തിയ പൊലിസ് സവര്‍ണര്‍ക്കൊപ്പം ചേര്‍ന്നതോടെ ദലിതര്‍ ഒന്നടങ്കം വേട്ടയാടപ്പെട്ടു. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. അനേകം പേര്‍ ജയിലില്‍ അടക്കപ്പെട്ടു. ഇതിനിടയില്‍ സാധുജന പരിപാലന സംഘത്തിന്റെ ഒരു കൂട്ടം യുവാക്കള്‍ വെങ്ങാനൂരില്‍ എത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി. താമസിയാതെ പെരിനാട് എത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുകയും ഗ്രാമം വിട്ടു പോയവരെ മടക്കി കൊണ്ടുവരാന്‍ നടപടിയെടുക്കുകയും പൊലീസ് മേധാവിയുമായി ധാരണയുണ്ടാക്കി മറ്റൊരു സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. നാലായിരത്തിലധികം പേര്‍ പങ്കെടുത്ത ചരിത്രപ്രസിദ്ധമായ ആ സമ്മേളനത്തില്‍ വച്ച് നൂറ് കണക്കിന് പുലയ സ്ത്രീകള്‍ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞ് മാന്യമായി മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശ പ്രഖ്യാപനം നടത്തി. അങ്ങനെ രക്തരൂക്ഷിതമായെങ്കിലും പെരിനാട് കലാപം ഒടുവില്‍ വിജയ ഗാഥ രചിക്കുക തന്നെ ചെയ്തു.

പെരിനാട് കലാപത്തിന്റെ വിജയത്തെ തുടര്‍ന്ന് അയ്യന്‍കാളി വെങ്ങാനൂര്‍ കേന്ദ്രമാക്കി സമുദായത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സമുദായത്തിനുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വെങ്ങാനൂരില്‍ അദ്ദേഹം സമുദായ കോടതി സ്ഥാപിക്കുന്നതും ഇക്കാലത്ത് തന്നെ. സംഘത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധുജന പരിപാലിനി എന്ന പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു. ഉപജാതി വ്യത്യാസങ്ങള്‍ക്കതീതമായി അധഃസ്ഥിത വിഭാഗങ്ങള്‍ ഏകീകരിക്കണമെന്നും, അവര്‍ ഒരു സ്വതന്ത്ര സമുദായമായി ശക്തിയാര്‍ജ്ജിച്ച് അവകാശങ്ങള്‍ നേടിയെടുക്കണമെന്നും സാധുജന പരിപാലിനിയുടെ അദ്ദേഹം നിരന്തരം ഉദ്‌ബോധിപ്പിച്ചു കൊണ്ടിരുന്നു. അയ്യന്‍കാളി നടത്തിയ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞ ഗാന്ധി 1936 – ല്‍ വെങ്ങാനൂരില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച് പുലയ രാജാവ് എന്ന് അഭിസംബോധന ചെയ്യുകയുണ്ടായി. തന്റെ സമുദായത്തില്‍ നിന്നും പത്ത് ബി.എക്കാരെ കണ്ടിട്ട് തനിക്ക് മരിച്ചാല്‍ മതിയെന്നായിരുന്നു അപ്പോള്‍ അയ്യന്‍കാളി ഗാന്ധിയോട് മറുപടി പറഞ്ഞത്. അധഃസ്ഥിതരുടെ പൗരാവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ ത്യാഗോജ്ജ്വലമായ പോരട്ടം നടത്തി ചരിത്രം തിരുത്തിക്കുറിച്ച മഹാത്മ അയ്യന്‍കാളി 1941 ജൂണ്‍ 18 ന് കാലയവനികക്കുള്ളില്‍ അനശ്വരനായി.

(അവസാനിച്ചു)

 

 

 

 

Related