August 11 Tuesday 2026

ആയത്തുല്ല അലി ഖാംനഈ: ഈ രക്തസാക്ഷിത്വം പാഴാവുകയില്ല

ആയത്തുല്ല അലി ഖാംനഈ എന്ന വിപ്ലവ സൂര്യന്റെ വിയോഗം കേവലം ഒരു നേതാവിന്റെ അന്ത്യമല്ല; മറിച്ച്, അത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ കരുത്തായി നിലകൊണ്ട അദ്ദേഹം, ആഗോളതലത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇറാന്‍ ജനതയോടും ലോകമെമ്പാടുമുള്ള പോരാട്ട വീര്യമുള്ള മനുഷ്യരോടും ഹൃദയപൂര്‍വ്വം അനുശോചനം രേഖപ്പെടുത്തുന്നു.

പോരാടുന്ന ജനതക്ക് രക്തസാക്ഷിത്വം വീര്യം പകരുന്ന ഇന്ധനമാണ്. ഈ രക്തസാക്ഷിത്വം പാഴാവുകയില്ല. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഒരു നേതാവിനെ ഇല്ലാതാക്കുന്നതിലൂടെ ഒരു പ്രസ്ഥാനത്തെയോ ആശയത്തെയോ തകര്‍ക്കാന്‍ കഴിയില്ല എന്നാണ്. ഖാംനഈയുടെ വിയോഗം ഇറാനിലെ ദേശീയ ഐക്യത്തെ കൂടുതല്‍ ദൃഢമാക്കുമെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ഓരോ തുള്ളി ചോരയും ആയിരക്കണക്കിന് പുതിയ പോരാളികള്‍ക്ക് ജന്മം നല്‍കും. ശത്രുക്കള്‍ കരുതുന്നത്, പോരാട്ടം അവസാനിച്ചു എന്നാണ്. എന്നാല്‍, അത് കൂടുതല്‍ കരുത്തുറ്റ മുന്നേറ്റങ്ങളുടെ തുടക്കം മാത്രമാണ്.
അധിനിവേശ ശക്തികളുടെ പരാജയത്തിലേക്കുള്ള ദിശാസൂചകമാണ് ഖാംനഈയുടെ രക്തസാക്ഷിത്വം.

അമേരിക്കന്‍-സയണിസ്റ്റ് ഭീകരശക്തികള്‍ ഇപ്പോഴും മനസ്സിലാകാത്ത സത്യം വിപ്ലവാദര്‍ശങ്ങളെ ബോംബുകള്‍ കൊണ്ട് തകര്‍ക്കാനാവില്ല എന്നതാണ്. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ആഗോളതലത്തില്‍, തകര്‍ന്നു പോയ തങ്ങളുടെ പ്രതിച്ഛായയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ യുദ്ധത്തെയും കൊലപാതകത്തെയും ആശ്രയിക്കുന്നത് അങ്ങേയറ്റം ദുര്‍ബലമായ രാഷ്ട്രീയമാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ അമേരിക്കക്കും ഇസ്രയേലിനും ഇതു കനത്ത നഷ്ടമായിരിക്കും സൃഷ്ടിക്കുക.

ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയെയും നേരിടാന്‍ ആ രാജ്യം സുസജ്ജമാണെന്ന് ഖാംനഈ പകര്‍ന്നുനല്‍കിയ വിപ്ലവവീര്യം തെളിയിക്കുന്നു. അനശ്വരമായ ആശയങ്ങളാണ് ജീവിതം കൊണ്ടും മരണം കൊണ്ടും
ആയത്തുല്ലാ അലി ഖാംനഈ മുന്നോട്ട് വെച്ചത്. ഇറാന്റെ രാഷ്ട്രീയ-സൈനിക നയങ്ങളില്‍ തുടര്‍ന്നും അവ ജ്വലിച്ചുനില്‍ക്കും. ‘ലോകത്തെ സ്വേച്ഛാധിപതികള്‍ക്കെതിരായ വലിയൊരു പ്രക്ഷോഭത്തിന്റെ തുടക്കമായിരിക്കും ഈ രക്തസാക്ഷിത്വം’ എന്ന സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ വാക്കുകള്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്. ഖാംനഈയുടെ വിയോഗത്തിനു ശേഷം ഇറാന്‍ നടത്തിയ പ്രഥമ പ്രതികരണത്തില്‍ നിന്നും ഇതെല്ലാം വായിച്ചെടുക്കാം.

അനീതിക്ക് ഒരിക്കലും നീതിയെ അതിജയിക്കാനാവില്ല. അധിനിവേശത്തിന് ഒരിക്കലും സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനാവില്ല. രക്തസാക്ഷികള്‍ മരിക്കുന്നില്ല; അവര്‍ ചരിത്രമായി മാറുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനായി പോരാടിയ ആ മഹാനായ നേതാവിന് ഇറാന്‍ ജനത വിസ്മരിക്കുകയില്ല. ആ സ്മരണകള്‍ ലോകമെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് എന്നും കരുത്തായിരിക്കും.

ഖാംനഈ: ജീവിതം, വിദ്യാഭ്യാസം, വിപ്ലവം

ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ അലി ഖാംനഈ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ഒരു സാധാരണ കുടുംബത്തില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര സഹനത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രമാണ്.

1939-ല്‍ മശ്ഹദിലെ ഒരു പണ്ഡിത കുടുംബത്തിലാണ് സയ്യിദ് അലി ഖാംനഈ ജനിച്ചത്. കടുത്ത ദാരിദ്ര്യത്തിലാണ് അദ്ദേഹം വളര്‍ന്നത്. മശ്ഹദിലെ മതപാഠശാലകളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പിന്നീട് ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കേന്ദ്രമായ ഖുമിലേക്ക് മാറി. വിപ്ലവ നായകന്‍ ആയത്തുല്ലാ ഖാംനഈയുടെ കീഴിലുള്ള പഠനമാണ് ഖാംനഈയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. ഇസ്ലാമിക നിയമങ്ങളിലും തത്വശാസ്ത്രത്തിലും അദ്ദേഹം അഗാധമായ പാണ്ഡിത്യം നേടി.

ഷാ ഭരണകൂടത്തിനെതിരെ
പഠനകാലത്ത് തന്നെ ഖാംനഈ രാഷ്ട്രീയത്തില്‍ സജീവമായി. ഇറാനിലെ അമേരിക്കന്‍ അനുകൂല ഷാ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1963-നും 1978-നും ഇടയില്‍ ആറ് തവണ അദ്ദേഹം ജയിലിലടക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെങ്കിലും തന്റെ ആശയങ്ങളില്‍ നിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു അദ്ദേഹം. വിപ്ലവാനന്തരം പ്രതിരോധ മന്ത്രാലയത്തിലും വിപ്ലവ ഗാര്‍ഡിലും അദ്ദേഹം പ്രധാന ചുമതലകള്‍ വഹിച്ചു.

ഇറാന്റെ സാമൂഹിക രൂപീകരണത്തില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നു. 1981 മുതല്‍ 1989 വരെ ഇറാന്റെ പ്രസിഡന്റായും, തുടര്‍ന്ന് ഖുമൈനിയുടെ വിയോഗത്തിന് ശേഷം റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇറാഖ്-ഇറാന്‍ യുദ്ധകാലത്ത് രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ശാസ്ത്ര-സാങ്കേതിക പുരോഗതിയിലും ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയിലും പ്രതിരോധ രംഗത്തും രാജ്യത്തെ ലോകത്തെ മുന്‍നിര രാഷ്ട്രങ്ങളോടൊപ്പം എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അമേരിക്കയും സഖ്യ ശക്തികളും ഇറാന്റെ മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധങ്ങള്‍ക്കിടയിലായിരുന്നു ഇതെല്ലാം. കൂടാതെ ഇറാന്റെ ആണവോര്‍ജ്ജം, മിസൈല്‍ സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം എന്നീ മേഖലകളിലെ സ്വയംപര്യാപ്തതക്ക് അദ്ദേഹം നേതൃത്വം നല്‍കി. തല്‍ഫലമായി ലോകത്തിലെ വന്‍കിട രാഷ്ട്രങ്ങളോട് ഇടപെടക്കാന്‍ കഴിയുന്ന ഭൗതിക പുരോഗതി ഇറാന്‍ കൈവരിച്ചതും ഖംനാഇയുടെ നേതൃത്വത്തില്‍ ആയിരുന്നു. പാശ്ചാത്യ സാംസ്‌കാരിക അധിനിവേശത്തെ പ്രതിരോധിക്കാനും ഇസ്ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു ആധുനിക സമൂഹം കെട്ടിപ്പടുക്കാനും അദ്ദേഹം നിരന്തരം പരിശ്രമിച്ചു.

ബാല്യത്തിലെ ദാരിദ്ര്യത്തില്‍ നിന്ന് പാണ്ഡിത്യത്തിന്റെ ഔന്നത്യത്തിലേക്കും, അവിടെ നിന്ന് വിപ്ലവത്തിന്റെ കനല്‍വഴികളിലൂടെ ഇറാന്‍ എന്ന രാജ്യത്തിന്റെ അച്ചുതണ്ടായും മാറിയ ചരിത്രമാണ് അലി ഖാംനഈയുടേത്. ഷാ ഭരണകൂടത്തിന്റെ തടവറകളില്‍ പതറാത്ത ആ വീര്യം, പിന്നീട് ലോകത്തെ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള വന്‍മതിലായി മാറി. ഇറാന്റെ ശാസ്ത്രീയ മുന്നേറ്റങ്ങളിലും സാമൂഹികമായ ഐക്യത്തിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കാലം അടയാളപ്പെടുത്തും. കേവലം ഒരു ഭരണാധികാരിയെന്നതിലുപരി, ഒരു ജനതയുടെ ആത്മാഭിമാനമായിരുന്നു അദ്ദേഹം.

ആയത്തുല്ല അലി ഖാംനഈക്ക് ശേഷം ഇറാന്‍ ഏത് ദിശയിലേക്ക് നീങ്ങും എന്നത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചാവിഷയമാണ്. ഇറാന്റെ ഭരണഘടനയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരിശോധിച്ചാല്‍ പ്രധാനമായും മൂന്ന് വശങ്ങളാണ് തെളിഞ്ഞു വരുന്നത്:

1. ഭരണഘടനാപരമായ പിന്‍ഗാമി (Succession)
– ഇറാനിലെ പരമോന്നത നേതാവിനെ (Supreme Leader) തെരഞ്ഞെടുക്കുന്നത് ‘അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്’ (Assembly of Experts) എന്ന 88 അംഗങ്ങളുള്ള പണ്ഡിത സഭയാണ്.
– ഖാംനഈയുടെ വിയോഗത്തിന് ശേഷം ഈ സഭ യോഗം ചേര്‍ന്ന് പുതിയ നേതാവിനെ കണ്ടെത്തും.
– ഭരണഘടനയനുസരിച്ച്, പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ ഒരു താല്‍ക്കാലിക കൗണ്‍സില്‍ ഭരണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കും.

2. സാധ്യമായ പുതിയ നേതൃത്വം
പുതിയ നേതാവ് ആരാകുമെന്നതില്‍ പല പേരുകളും ഉയര്‍ന്നു കേള്‍ക്കാറുണ്ട്:
– മുജ്തബ ഖാംനഈ: അലി ഖാംനഈയുടെ മകനായ മുജ്തബയ്ക്ക് ഭരണകൂടത്തിലും സൈന്യത്തിലും (IRGC) വലിയ സ്വാധീനമുണ്ട്. എങ്കിലും, ഒരു കുടുംബവാഴ്ചയിലേക്ക് ഇറാന്‍ പോകുമോ എന്ന ചോദ്യവും ആശങ്കയും ഇറാന്‍ രാഷ്ട്രീയ വിദഗ്ധര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
– മറ്റ് മുതിര്‍ന്ന പണ്ഡിതര്‍: അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സിലെ പ്രമുഖരായ മതപണ്ഡിതരില്‍ ഒരാളെ സമവായത്തിലൂടെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

3. നയപരമായ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നതാണ് മറ്റൊരു ചോദ്യം?
ഖാംനഈക്ക് ശേഷം ഇറാന്‍ പെട്ടെന്ന് ഒരു വലിയ മാറ്റത്തിലേക്ക് പോകാന്‍ സാധ്യത കുറവാണ്. ഇതിനുള്ള കാരണങ്ങള്‍ ഇവയാണ്:
– വിപ്ലവ ഗാര്‍ഡിന്റെ (IRGC) സ്വാധീനം: ഇറാന്റെ സൈനിക-സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനമുള്ള വിപ്ലവ ഗാര്‍ഡ്, നിലവിലുള്ള വിപ്ലവാദര്‍ശങ്ങള്‍ (അമേരിക്കന്‍ വിരുദ്ധത, പ്രാദേശിക പ്രതിരോധം) മാറ്റമില്ലാതെ തുടരാന്‍ സമ്മര്‍ദ്ദം ചെലുത്തും.
– സ്ഥിരതയ്ക്കുള്ള ശ്രമം: ഭരണമാറ്റത്തിന്റെ സമയത്ത് രാജ്യത്ത് അസ്ഥിരത ഉണ്ടാകാതിരിക്കാന്‍ ഭരണകൂടം കൂടുതല്‍ ജാഗ്രത പാലിക്കും. ആഭ്യന്തരമായ ഐക്യം നിലനിര്‍ത്തുക എന്നതിനായിരിക്കും മുന്‍ഗണന.
– വിദേശനയം: ഇസ്രായേല്‍, അമേരിക്ക എന്നീ രാജ്യങ്ങളോടുള്ള നിലപാടിലും പ്രാദേശികമായ (ഹിസ്ബുല്ല, ഹൂത്തികള്‍ തുടങ്ങിയവര്‍ക്കുള്ള) പിന്തുണയിലും പെട്ടെന്നൊരു വിട്ടുവീഴ്ച പ്രതീക്ഷിക്കാനാവില്ല.
ചുരുക്കത്തില്‍, ഖാംനഈക്ക് ശേഷമുള്ള ഇറാന്‍ കൂടുതല്‍ യാഥാസ്ഥിതികവും (Conservative) പ്രതിരോധത്തിലൂന്നിയതുമായ നയങ്ങള്‍ തുടരാനാണ് സാധ്യത. നേതൃത്വത്തില്‍ മാറ്റം വരുമെങ്കിലും ‘ഇസ്ലാമിക് റിപ്പബ്ലിക്’ എന്ന ഭരണകൂടത്തിന്റെ അടിസ്ഥാന ശിലകളില്‍ പെട്ടെന്ന് ഇളക്കം തട്ടില്ല. എന്നാല്‍, ആഭ്യന്തരമായി പരിഷ്‌കരണവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും സാമ്പത്തിക പ്രതിസന്ധിയും പുതിയ നേതാവിന് വലിയ പരീക്ഷണമായിരിക്കും.

ആഗോളതലത്തില്‍ ഇറാനെ സംബന്ധിച്ച് പ്രചരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വാര്‍ത്തയുണ്ട്. ഇറാന്‍ അതിന്റെ വിപ്ലവ മൂല്യങ്ങളില്‍ നിന്ന് പിന്നോട്ട് പോവുകയാണ് എന്ന്. പുതിയ തലമുറയ്ക്ക് പരമോന്നത നേതൃത്വത്തോട് പ്രതിബദ്ധത ഇല്ല എന്ന്. ആഭ്യന്തര രാഷ്ട്രീയ ശൈഥില്യലേക്ക് ഈ പ്രവണത ഇറാനെ കൊണ്ടുചെന്നെത്തിക്കും എന്ന്. എന്നാല്‍ ഖംനാഇയുടെ രക്തസാക്ഷിത്വം ഈ പ്രതിസന്ധിയില്‍ നിന്ന് ഇറാനെ താല്‍ക്കാലികമായി രക്ഷപ്പെടുത്തി എന്ന് പറയാം. ദേശീയമായ രാഷ്ട്രീയ ഐക്യം ഇറാനില്‍ വീണ്ടും ശക്തി പ്രാപിക്കുകയും മുഖ്യ ശത്രുവിനെതിരായ പോരാട്ടത്തിന്റെ പാതയില്‍ ഇറാന്‍ ഇനിയും ഒരുപാട് നാള്‍ മുന്നോട്ട് പോകുകയും ചെയ്യും. യാങ്കി-ഇസ്രയേല്‍ സാമ്രാജ്യത്വത്തോട് നേര്‍ക്കുനേര്‍ പോരാടുന്ന ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി എന്ന സ്ഥാനത്തേക്ക് ഇറാന്‍ വീണ്ടും കയറിയിരിക്കുകയാണ്. എതിരാളിയില്ലാത്ത പോര്‍ക്കളത്തില്‍ ഏകപക്ഷീയമായ രാഷ്ട്രീയ വിധി തീര്‍പ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും ഇത് സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ല. അമേരിക്കന്‍ ഇസ്രായേല്‍ ആധിപത്യത്തിന് മുന്നില്‍ രാഷ്ട്രീയമായി ദുര്‍ബലമായി പോയ അറബ് രാജ്യങ്ങളില്‍ ഇതുണ്ടാക്കാന്‍ പോകുന്ന അലയൊലികള്‍ എന്താകും എന്ന് നമുക്കു കാത്തിരിക്കാം.

 

 

Related