അതിരടി എന്ന സിനിമയിലെ ഒരു കോണ്‍ഫ്‌ലിക്റ്റിന്റെ ന്യൂക്ലിയസ് എന്നത് രൂപപ്പെടുന്നത് രണ്ടു തരത്തിലുള്ള ശബ്ദങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ ആണ് എന്നതാണ് എന്നെ ആ സിനിമ വളരെ രസകരമായി തോന്നിപ്പിച്ചത്. ടോവിനോ തോമസ് എന്ന ശ്രീക്കുട്ടന്‍ വെള്ളയാണി ഒരു ഉത്സവപ്പറമ്പിലെ സ്റ്റേജ് റിഹേഴ്സലില്‍ ‘അമ്മ പുതപ്പേ’ എന്ന ഒരു ഗാനം റിഹേഴ്സല്‍ ചെയ്യുമ്പോഴാണ് തൊട്ടപ്പുറത്ത് ഒരു വാഹനത്തില്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ (?) ഒക്കെ വെച്ച് കൊണ്ട് തൊട്ടടുത്ത എഞ്ചിനീയറിങ് കോളേജിലെ ‘ആരോഹണ്‍’ എന്ന ഫെസ്റ്റിവലില്‍ വിനീത് ശ്രീനിവാസന്റെ കോണ്‍സെര്‍ട്ടിന്റെ പരസ്യവും പറഞ്ഞു കൊണ്ട് കടന്നു പോകുന്നത്. രണ്ടു തരം കോലാഹലങ്ങളുടെ, ശബ്ദങ്ങളുടെ, ലഹളയുടെ സംഘര്‍ഷങ്ങള്‍ ഇവിടെ ആണ് തുടങ്ങുന്നത്. ഈ ശബ്ദങ്ങളുടെ സംഘര്‍ഷങ്ങള്‍ സിനിമയുടെ കോര്‍ ഫാക്ടര്‍ ആകുന്നത് രസകരവുമാണ്. ഈ സിനിമയിലെ ഒരു സീനില്‍ ടോവിനോയുടെ ശ്രീകുമാര്‍ ഒരു റോബോട്ട് രൂപത്തിന്റെ തല പറിച്ചു പോകുമ്പോള്‍ ബേസിലിന്റെ സാം കുട്ടി ഒരു ഡിജിറ്റല്‍ സ്‌ക്രീനില്‍ ഒരു അടി അടിച്ച് വിനീത് ശ്രീനിവാസന്റെ രൂപം പ്രത്യക്ഷപ്പെടുത്തുന്നത് ഒരു പക്ഷേ കേരളം എന്ന സാംസ്‌കാരികത ഒരു പോസ്റ്റ് ഡിജിറ്റല്‍ ലോകത്തേക്ക് കടക്കുന്നതിന്റെ സൂചന കൂടെ ആകാം.
വെള്ളയാണി ശ്രീകുമാര്‍ എന്ന റിട്ടയേര്‍ഡ് ഗുണ്ട നല്ല ജീവിതം ജീവിക്കുവാന്‍ ഒരു പാട്ടുകാരനായി, ഗാനമേള ട്രൂപ്പ് ഒക്കെ ആയി ജീവിക്കുകയാണ്. ഒരു ക്ഷേത്രത്തില്‍ പാട്ട് പാടുന്നതിനു വേണ്ടി ആണ് അയാള്‍ റിഹേഴ്സല്‍ ചെയ്യുന്നത്. ഗാനമേളക്കാരുടെ സ്പേസ് ഇപ്പോഴും ക്ഷേത്രങ്ങള്‍ക്ക് പുറത്താണ്. ക്ഷേത്രങ്ങളുടെ അകത്തുള്ള സൊ കോള്‍ഡ് ബ്രാഹ്മണിക്കല്‍ പരിശുദ്ധിയില്‍ ഇത്തരം ഗാനമേളയുടെ ശബ്ദങ്ങള്‍ക്ക് വലിയ പ്രാധാന്യവും പ്രവേശനവും ഇല്ല. പരിശുദ്ധിക്ക് പുറത്തുള്ള ശബ്ദങ്ങളുടെ ലോകത്തിലാണ്, അല്ലെങ്കില്‍ ഒരു പുറമ്പോക്കിലെ ഒരു സ്റ്റേജിലാണ് അയാള്‍ ‘അമ്മപ്പുതപ്പേ’ എന്ന പാട്ടിലൂടെ പൊതു ഇടത്തിന് ഒരു ഇമോഷണല്‍ ഹൈപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. അതിനെയാണ് വിനീത് ശ്രീനിവാസനെ കുറിച്ചുള്ള അനൗണ്‍സ്മെന്റ് ഡിസ്ട്രാക്ട് ചെയ്യിക്കുന്നത്.
രണ്ടു ഐഡന്റിറ്റികളുടെ സാംസ്‌കാരിക സംഘര്‍ഷങ്ങളാണ് ഇവിടെ രസകരമായി രൂപപ്പെടുന്നതായി തോന്നിയത്. മലയാള സിനിമയിലും കേരള സാംസ്‌കാരികതയിലും തൊണ്ണൂറുകള്‍ക്ക് ശേഷം രൂപപ്പെട്ട സെമി ക്ലാസിക്കല്‍ സംഗീതത്തിന്റെയും ഒരു തരം ഹിന്ദുത്വ ലോജിക്കിന്റെയും അതി പ്രസരങ്ങള്‍ ഇതില്‍ ശ്രീകുമാറിന്റെ പാട്ടുകളിലും, അയാളുടെ വേഷത്തിലും, കുറിയിലും, കയ്യിലെ ചരടിലും ഒക്കെ രൂപപ്പെടുന്നുണ്ട്. അയാള്‍ ഗുണ്ടാ ജീവിതം അവസാനിപ്പിച്ച് നല്ല ഒരു ജീവിതം ജീവിക്കുന്നത് കയ്യില്‍ ഒരു ചരടൊക്കെ കെട്ടിയാണ്. അതേ സമയം വിനീത് ശ്രീനിവാസന്‍ എന്ന ഐഡന്റിറ്റി ഇത്തരം എക്‌സ്പ്ലിസിറ്റ് ആയ ഒരു ഹിന്ദുത്വ സിനിമകളുടെ മങ്ങലിന് ശേഷം, ന്യൂ ജനറേഷന്‍ സിനിമകളുടെ പാറ്റേണില്‍ രൂപപ്പെട്ട ഒരു പുതിയ തലമുറയുടെ ഭാഗമായിരുന്നു. പഴയ ഹിന്ദുത്വവും ജാതിയുമൊക്കെ (‘അവള്‍ മസ്ലിമാണെങ്കില്‍ ഞാന്‍ നായരാടാ നായര്‍’ തട്ടത്തിന്‍ മറയത്ത്) പുതിയ ഒരു സോഫ്റ്റ് രീതിയില്‍ അയാളുടെ സിനിമയില്‍ പുനരാവിഷ്‌കരിക്കുന്നത് പോലെ, കേരളീയ ഗ്രാമങ്ങള്‍, കുടുംബങ്ങള്‍ എന്നിവ എന്നിവയുടെ മോഡേണിസ്റ്റ് രൂപങ്ങളിലൂടെയുമായിരുന്നു അയാളുടെ സിനിമകളിലൂടെ അവതരിപ്പിച്ചത്. അതിന് ഏകതാനമായ രൂപങ്ങള്‍ വിട്ടു പല തരം സ്വഭാവ വിഘടനങ്ങളും ഉണ്ടായിട്ടുണ്ട്.
പക്ഷെ, പുതിയ തലമുറ വളര്‍ന്നു വരുന്ന ഒരു ഡിജിറ്റലൈസ്ഡ് ആയ ഓണ്‍ലൈന്‍ എക്‌സ്‌പോഷറുകളുടെയും പുതിയ ലോകത്തിലേക്ക് മാറിയ കേരളീയ പശ്ചാത്തലത്തില്‍ മോഡേണിറ്റിയുടെ പല ട്രെയിറ്റുകളും വിനീത് ശ്രീനിവാസന്റെ സാംസ്‌കാരിക ജീവിതത്തില്‍ അവതരിപ്പിക്കപ്പെട്ടു. അയാളുടെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകള്‍, സ്റ്റേജ് ഷോകള്‍, വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍, വിദേശങ്ങളിലെ ഷൂട്ടുകള്‍, അയാളുടെ മലയാളീകരിക്കാത്ത വേഷങ്ങള്‍ ഒക്കെ തന്നെ ഒരു മോഡേണിസ്റ്റ് ട്രെയിറ്റ് ഉണ്ടാക്കി. ഈ സിനിമയിലും അദ്ദേഹം വിനീത് ശ്രീനിവാസന്‍ ആയിട്ടു തന്നെ ആണ് വരുന്നതും. വെള്ളയാണി ശ്രീക്കുട്ടന്‍ എന്ന ആ ഉത്സവപ്പറമ്പിലെ ‘പഴയ’ ഗാനമേള പാട്ടുകാരനും, വിനീത് ശ്രീനിവാസന്‍ എന്ന പുതിയ സാംസ്‌കാരികതയിലെ സ്റ്റേജ് ഷോ-കണ്‍സേര്‍ട്ട് സാംസ്‌കാരികതയില്‍ ജീവിക്കുന്ന ഒരു ഐഡന്റിറ്റിയും തമ്മിലുള്ള ശബ്ദങ്ങളുടെ ലഹളയുടെ ഒക്കെയുള്ള സംഘര്‍ഷങ്ങള്‍ ഈ സിനിമയെ സാംസ്‌കാരികപരമായി കേരളത്തില്‍ വേറിട്ട ഒരു ടെക്സ്റ്റ് ആയി നിലനിര്‍ത്തുന്നുണ്ട്.
അത് പോലെ ഈ സിനിമ കേരളത്തിലെ പാട്ടുകളുടെ കോണ്‍സെര്‍ട്ടുകളുടെയും, സ്റ്റേജ് ഷോകളുടെയും ഒരു മേറ്റമോര്‍ഫോസിസുകളുടെ ചില ഹിസ്റ്ററികളുടെ ഹിന്റുകള്‍ നല്‍കുന്നുമുണ്ട്. കേരളത്തിലെ ടെലിവിഷനുകളിലെ റിയാലിറ്റി ഷോകള്‍ പുതിയ പാട്ടുകാരെ സൃഷ്ടിക്കുകയും, അവാര്‍ഡ് നൈറ്റുകളിലെ സാംസ്‌കാരിക കലാപരിപാടികള്‍ കേരളത്തിലെ സ്റ്റേജ് ഷോകളിലെ ലൈറ്റിങ്ങുകളെ സ്വാധീനിക്കുകയും, അവയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ശ്രീകുമാറിന്റെ ഗാനമേള ഈ സിനിമയില്‍ വളരെ പരമ്പരാഗതമായ രീതിയില്‍ മുന്നോട്ട് പോവുകയും, സ്റ്റേജ് ഷോകളിലൂടെ വളര്‍ന്ന ഒരു ചെറിയ കുട്ടിയായ കലാകാരന് അത്തരം ഒരു വേദിയില്‍ പാടേണ്ടതിന്റെ പല തരത്തിലുള്ള അതൃപ്തിയും അവന്‍ പ്രകടിപ്പിക്കുന്നുമുണ്ട്. അത്തരം പല തരത്തിലുള്ള തലമുറ വ്യത്യാസങ്ങളുടെയും, സ്റ്റേജ് ഷോകളുടെ തലമുറ വ്യത്യാസങ്ങളുടെ സംഘര്‍ഷങ്ങളും ഈ സിനിമയില്‍ ദൃശ്യതപ്പെടുന്നു.
വിനീത് ശ്രീനിവാസന്‍ തനിക്ക് പാട്ട് പാടുമ്പോള്‍ ഫീഡ്ബാക്ക് വേണം (പാടുന്നത് തിരിച്ചു കേള്‍ക്കുന്ന സാങ്കേതികത) എന്ന് പറയുമ്പോള്‍, ഫീഡ്ബാക്ക് എന്താണ് എന്ന് മനസ്സിലാകാത്ത ഒരു ടെക്‌നിക്കല്‍ പാപ്പരത്തം ശ്രീകുമാര്‍ ഈ സിനിമയില്‍ അനുഭവിക്കുന്നുണ്ട്. തനിക്ക് സ്റ്റേജില്‍ പാടുമ്പോള്‍ ഇന്ന ഇന്ന ടെക്‌നിക്കാലിറ്റികള്‍ വേണം എന്ന് കൃത്യമായി വിനീത് ശ്രീനിവാസന്‍ പറയുന്നു. പാട്ട് എന്നത് ജന്മനാ ഉള്ള പാരമ്പര്യപരമായ വാസന മാത്രമല്ല എന്നും, ടെക്‌നിക്കാലിറ്റിയുടെ ഒരു കളിയാണെന്നും കൂടി പറഞ്ഞു വെച്ച് ചില ശുദ്ധിവാദങ്ങളെ വിനീത് ശ്രീനിവാസന്‍ അട്ടിമറിക്കുന്നുമുണ്ട്. ഈ വിവരമില്ലായ്മ ശ്രീക്കുട്ടനെയും പരമ്പരാഗത സംഗീതത്തെയും പിന്നിലേക്ക് തള്ളുന്നു. കരോക്കെ മൈക്ക് പോലുള്ള സാങ്കേതികതയുടെ കാലത്ത് ഏതൊരു മനുഷ്യനും ഇന്ന് പാട്ടുകാരാകുന്നത്, പാട്ട് എന്ന കലയുടെ കഴിഞ്ഞ പരമ്പരാഗത ശുദ്ധി എന്ന സങ്കല്‍പ്പത്തെ തന്നെ തുടച്ചു മാറ്റുന്നുമുണ്ട്. പിന്നീട് പുതിയ കാലത്തിന്റെ മറ്റൊരു സ്‌പോര്‍ട്‌സ് ഇവന്റ് ആയ മഡ് റേസ് നടത്തി, ശ്രീക്കുട്ടന്‍ ഈ പാട്ട് പാടാനുള്ള സാങ്കേതികതകള്‍ മുഴുവന്‍ വാങ്ങിക്കാനുള്ള പൈസ കണ്ടെത്തുകയാണ്.
അതിരടി എന്ന സിനിമ ക്ഷേത്രങ്ങള്‍ക്ക് പുറത്തെ ഉത്സവങ്ങളുടെ ശബ്ദങ്ങളും, ബഹളങ്ങളും, ആഘോഷങ്ങളും, ഘോഷയാത്രകളും, അത് പോലെ കോളേജ് എന്ന വിദ്യാഭ്യാസ ‘സ്ഥാപന’ത്തിനു പുറത്തുള്ള ‘ആരോഹണ്‍’ പോലുള്ള ഫെസ്റ്റിവലുകളും, അതിന്റെ ആഘോഷങ്ങളും, അടിപൊളി പരിപാടികളും തമ്മിലുള്ള രണ്ടു സാംസ്‌കാരിക ലഹളകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ്. കേരളം ‘ലഹളകള്‍’ എന്ന് ചരിത്രത്തില്‍ വിളിച്ചത് പൊതു എന്ന് അറിയപ്പെടാത്ത പല തരം അപരമനുഷ്യരുടെ കലാപങ്ങളെയാണ്. അതില്‍ ദലിതര്‍, ആദിവാസികള്‍, തുടങ്ങിയവര്‍ ഒക്കെ ഉള്‍പ്പെടും. ഈ സിനിമയില്‍ അത് കോളജ്, ക്ഷേത്രങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ലഹളകളുടെ ശബ്ദങ്ങളുടെയും ആഘോഷങ്ങളുടെയും രണ്ടു സാംസ്‌കാരികതകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളായി ആണ് രൂപപ്പെടുന്നത്. ആ ശബ്ദങ്ങളുടെ ലഹളയുടെ ആഘോഷങ്ങള്‍ തമ്മിലുള്ള അടിപിടിയും പൊരിഞ്ഞ മത്സരവും സ്‌ക്രീനില്‍ കാണുന്നത് രസമാണ്. അതിന്റെ കൂടെ സിനിമയുടെ കാണികള്‍ ആര്‍ത്തു വിളിക്കുന്നത് കൂടി ഒരു മാസ് ഒരാളുടെ വേറെ ഒരു തരത്തിലുള്ള ഹൈപ്പ് അല്ലെങ്കില്‍ ഹൈ തിയേറ്ററില്‍ രൂപപ്പെടുന്നു.
എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ ബേസിലിന്റെ സാംകുട്ടി എന്ന കഥാപാത്രത്തിലും ഇത്തരം ബഹളങ്ങളെ താല്‍പര്യപ്പെടുന്ന ഒരു വൈബ്രന്‍സ് ഉണ്ട്. അയാളുടെ ബഹളങ്ങളോടും വൈബ്രന്‍സുകളോടുമുള്ള ഒരു ജൈവികമായ താല്‍പര്യം കൂടെയാണ് ഈ സിനിമയുടെ ഒരു ഓറ നിലനിര്‍ത്തുന്നത്. നമ്മുടെ ക്ലാസുകളില്‍, ക്ലാസ്റൂമുകളില്‍ മിണ്ടാതെ ഇരിക്കാന്‍ പറയുന്ന, സംഗീതം എന്നാല്‍ ശുദ്ധിയാണ് എന്ന് പറയുന്ന മാഷന്മാരൊന്നും ഈ സിനിമയില്‍ ഇല്ല. ഈ സിനിമയില്‍ ഒരു ക്ലാസ്റൂമിലെ സീന്‍ പോലും ഇല്ല. എന്തിനു നല്ലവനായ ഉണ്ണി ആകാന്‍ ശ്രമിക്കുന്ന ശ്രീക്കുട്ടന്‍ പോലും കുറച്ച് കഴിയുമ്പോള്‍ വയലന്‍സിന്റെ വേറെ ഒരു ലോകത്തേക്ക് കടക്കുന്നുമുണ്ട്. ബേസിലിന്റെ സാംകുട്ടി എല്ലാ കാലത്തും കോളേജിന്റെ ക്ലാസ്റൂം അല്ലെങ്കില്‍ സ്ഥാപനം എന്ന ഘടനക്ക് പുറത്തും, ആരോഹണ്‍ എന്ന ഒരു ശബ്ദ ബഹളത്തിലും ആഘോഷത്തിലുമാണ്. അത് തന്നെയുമാണ് ഈ സിനിമയിലെ വൈബ്.
ഒരു എഞ്ചിനീയറിങ് കോളേജിലെ ആരോഹണ്‍ ഫെസ്റ്റിവലിന്റെ ഡിസ്‌പ്ലേ അല്ലെങ്കില്‍ ഘോഷയാത്രയും, അത് പോലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിലെ ഘോഷയാത്രയും തമ്മിലുള്ള സംഘര്‍ഷം കേരളീയ സമൂഹത്തിന്റെ പല തരത്തിലുള്ള മാറുന്ന ഘടനകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളായി വായിച്ചെടുക്കാവുന്നതാണ്. ഒരു പക്ഷെ ഒരു റോബോട്ടിക് ജയന്റ് ക്ഷേത്ര ഘോഷയാത്രയിലെ രാവണന്റെ തല തകര്‍ക്കുമ്പോള്‍, തിരിച്ചു റോബോട്ടിക് ജയന്റിന്റെ തല ശ്രീക്കുട്ടന്‍ പറിച്ച് കളയുന്നുണ്ട്. അവസാനം സാംകുട്ടി ആ റോബോട്ടിക് ജയന്റിന്റെ തല ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സീനുമുണ്ട്. അതായത്, കേരളത്തിന്റെ ഗ്രാമീണത, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ബഹളങ്ങള്‍, ലഹളകള്‍, അപരത്വങ്ങള്‍ എന്നിവ ഒരു കേരളീയമായ മലയാളിത്ത സാംസ്‌കാരികമായ ഹിന്ദുത്വ പരിസരത്തില്‍ നിന്ന് ഒരു കോളേജിന്റെ ആരോഹണ്‍ എന്ന ആഘോഷത്തിലേക്ക് കടക്കുമ്പോള്‍, അത് റാപ് മ്യൂസിക്കിന്റെ, ഫാഷന്‍ ഷോകളുടെ, മഡ് റേസിന്റെ, സയന്റിഫിക് ഡിസ്‌പ്ലേകളുടെ, സ്റ്റേജ് ഷോകളുടെ മറ്റും പലതരം പുതിയ ബഹളങ്ങളുടെയും ആഘോഷങ്ങളിലേക്കും അട്ടിമറിക്കപ്പെടുന്നു. ഇതില്‍ ആര് ശരി, ആര് തെറ്റ് എന്ന ഒരു മോറല്‍ ഡിസ്‌കഷനിലേക്ക് ഞാന്‍ കടക്കുന്നില്ല. പക്ഷെ ഇത്തരം ആഘോഷങ്ങളുടെ ട്രാന്‍സ്ഫര്‍മേഷന്‍ ഈ സിനിമയിലൂടെ കാണിക്കുമ്പോള്‍, മലയാള കേരളീയ സംസ്‌കാരത്തിലെ ആഘോഷങ്ങളുടെ ഒരു ജെന്‍സി തലമുറകളുടെ ട്രാന്‍സ്ഫര്‍മേഷന്‍ ഈ സിനിമ വിസിബ്ലൈസ് ചെയ്യുന്നുണ്ട്.
അതിനപ്പുറം ഇത്തരം ആഘോഷങ്ങളുടെയും, ബഹളങ്ങളുടെയും, ഉത്സവങ്ങളുടെയും, ഫെസ്റ്റുകളുടെയും, കോണ്‍സെര്‍ട്ടുകളുടെയും ഒരു ആരവം സാംസ്‌കാരികമായ ഒരു ടെക്സ്റ്റ് ആക്കുന്നതിനപ്പുറം, സിനിമ എന്ന ഒരു ടൂള്‍ ഉപയോഗിച്ച് സിനിമയുടെ കാണികളിലേക്ക് എത്തിച്ചു വേറെ ഒരു തരം മാസ്മരികത തിയേറ്ററില്‍ സൃഷ്ടിച്ച് ഒരു വൈബ് അല്ലെങ്കില്‍ മാസ് സ്പിരിച്വാലിറ്റിയും ഈ സിനിമ സൃഷ്ടിക്കുന്നുമുണ്ട്.
പ്രത്യേകിച്ച് ഈ സിനിമയിലെ ആള്‍ക്കൂട്ടത്തെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന ക്യാമറ, സിനിമാറ്റിക്കായി കോണ്‍സെര്‍ട്ടുകളും ഉത്സവാന്തരീക്ഷങ്ങളും സൃഷ്ടിച്ചിരിക്കുന്നത്, ചമന്‍ ചാക്കോ എന്ന എഡിറ്ററുടെ കട്ടുകള്‍ ഇവ വെറും സിനിമാറ്റിക് ആയി മാത്രമല്ല, പകരം അതൊരു മോഡേണിറ്റി ട്രെയിറ്റ് കൂടെയാണ്. വിനീത് ശ്രീനിവാസന്‍ ഒരു ബസ്സിന്റെ മുകളില്‍ നിന്ന് ‘അമ്മക്കിളിയുടെ പൈതലായ്’ എന്ന ഒരു പാട്ട് പാടുമ്പോള്‍, ഒരു ജെന്‍ ദയുടെ ആള്‍ക്കൂട്ടം ആരവത്തോടുകൂടി ആ പാട്ട് ഏറ്റുപാടുന്നതും, ആ ഷോട്ടിലെ ലൈറ്റിങ്ങും, ഫ്‌ലയേഴ്‌സ് പറക്കുന്നതും, എന്തിനു ആ ദൃശ്യം മുഴുവനായും കേരളീയമായ ഒരു മലയാളിത്തം നിറഞ്ഞ ഒരു സാംസ്‌കാരികമായ പഴയ പശ്ചാത്തലത്തെ മുഴുവന്‍ തൂത്തെറിഞ്ഞ് അത്രക്ക് ഫ്രഷ് ആയ ഒരു പുതിയ സാംസ്‌കാരികതയുടെ മള്‍ട്ടികള്‍ച്ചറല്‍ ആള്‍ക്കൂട്ടത്തെ ദൃശ്യതയില്‍ കൊണ്ട് വരുന്നുമുണ്ട്.
ബേസില്‍ ജോസഫിന്റെ ഈ സിനിമയുടെ പ്രൊഡക്ഷന്‍ ലോഗോ ഒരു കോണകം ഉടുത്ത ഒരു കാരിക്കേച്ചര്‍ ആണ്. അതിലെ അയാളുടെ ചിരി തന്നെ ഒന്നിലും വലിയ കാര്യം ഇല്ല എന്ന തരത്തിലുമാണ്. ഈ സിനിമ തന്നെ ആ തരത്തില്‍ പുതിയ തലമുറകളുടെ വേഷം, അറ്റയറുകള്‍, സാംസ്‌കാരികതകള്‍, ഭാഷകള്‍, സൗഹൃദങ്ങള്‍, അവരുടെ ആഘോഷങ്ങള്‍, ആള്‍ക്കൂട്ടങ്ങള്‍ എന്നിവയിലൂടെ ഒരു പുതിയ സാംസ്‌കാരികമായ വിഷ്വലൈസേഷന്‍ നിര്‍മ്മിക്കുന്നു.അത് കൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം തിയേറ്ററില്‍ ആഘോഷിച്ചു, ബഹളങ്ങളുടെ സ്പിരിച്വാലിറ്റിയില്‍ ഞാന്‍ ആസ്വദിച്ച ഒരു ഉഗ്രന്‍ കള്‍ച്ചറല്‍ ടെക്സ്റ്റ് ആയിട്ടാണ് അതിരടി എന്ന സിനിമ എനിക്ക് തോന്നിയത്. ഒരു കാര്‍ണിവല്‍ സിനിമയായ അതിരടി പുതിയ തലമുറയുടെ സാംസ്‌കാരികമായ തൂക്കി അടി ആണ്.
