നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. മൊത്തം വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് വോട്ടര്‍പട്ടികയിലുള്ളത്.
പട്ടികയില്‍ 2,42,093 പ്രവാസി വോട്ടര്‍മാരുണ്ട്. അതില്‍ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും 8 ട്രാന്‍സ്ജെന്‍ഡര്‍മാരുമുണ്ട്. 53,984 സര്‍വീസ് വോട്ടര്‍മാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സര്‍വീസ് വോട്ടര്‍മാരായി ഉള്ളത്. മാര്‍ച്ച് 15 വരെ ലഭിച്ച അപേക്ഷ പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കള്‍ രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍ അധികമുണ്ട്. 2.69 കൊടി വോട്ടര്‍മാരായിരുന്നു എസ്ഐആര്‍ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വരെ വോട്ട് ചേര്‍ക്കാന്‍ അവസരമുണ്ടാകുമെന്നായിരുന്നു നേരത്തെ ഇലക്ഷന്‍ കമീഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍, വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കാലതാമസം എടുക്കുമെന്നതിനാല്‍ മാര്‍ച്ച് 15 വരെ അപേക്ഷിച്ചവരെ മാത്രമെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളടക്കം നിരവധിപേര്‍ പരാതിയുമായി രംഗത്തു വന്നിരുന്നു.
പുതുക്കിയ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമീഷന്റെ voters.eci.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
