രണ്ടായിരത്തിയറുന്നൂറിലധികം വര്‍ഷത്തെ ചരിത്രപ്പഴമയുണ്ട് ബുദ്ധദര്‍ശനത്തിന്. ഒരു മതവിശ്വാസം എന്ന നിലയിലും ഇത്ര തന്നെ വര്‍ഷത്തെ കാലദൈര്‍ഘ്യം ബുദ്ധിസത്തിനുണ്ട്. ബി.സി 563 ല്‍ നേപ്പാളിലെ ലുംബിനിയില് പിറന്ന് മനുഷ്യകുലത്തിന്റെ ആകുലതക്ക് ശാശ്വത പരിഹാരം തേടി, ആറു വര്‍ഷക്കാലത്തോളം നിതാന്തമായ ആത്മീയ യാത്രകള്‍ നടത്തി ഒടുവില്‍ ബിഹാറിലെ ബോധ്ഗയയില്‍ വച്ച് ബോധോദയം നേടി ഗൗതമ ബുദ്ധനായി തീര്‍ന്ന സിദ്ധാര്‍ത്ഥ രാജകുമാരന്റെ ചിന്തകളില്‍ നിന്നും ഉരുവംകൊണ്ട ബുദ്ധമതം ഏതാണ്ട് എ.ഡി 12-ാം നൂറ്റാണ്ട് വരെ പൗരാണിക ഇന്ത്യയുടെ സാമൂഹ്യ, സാസ്കാരിക, ദാര്‍ശനിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച പ്രബുദ്ധതയുടെ ജീവിതദര്‍ശനമായിരുന്നു. ബുദ്ധന്റെ കാലഘട്ടത്തില്‍ സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചിരുന്ന ബ്രാഹ്മണാധീശത്വത്തെയും ചാതുര്‍വര്‍ണ്യത്തെയും ആത്മബ്രഹ്മ പരലോക സങ്കല്പങ്ങളെയും ഹിംസയെയും നിരാകരിച്ച ബുദ്ധ ദര്‍ശനം’ ബഹുജനഹിതായ ബഹുജന സുഖായ’ എന്ന ജനാധിപത്യ വീക്ഷണം ഉയര്‍ത്തിയാണ് സമൂഹത്തില്‍ അതിന്റെ സ്വാധീനം ശക്തിപ്പെടുത്തിയത്. ബുദ്ധന്റെ കാലഘട്ടത്തില്‍ വടക്കേയിന്ത്യലുടനീളം, അവിടങ്ങളില്‍ നിലനിന്നിരുന്ന ജനപദങ്ങളിലൊക്കെയും ബുദ്ധമതത്തിന് അഴത്തില്‍ സ്വാധീനം ചെലുത്താനായി. നിരവധി ഭരണാധികാരികളും പൗരപ്രമുഖരും പണ്ഡിതന്മാരും ബുദ്ധമതത്തിന്റെ അനുയായികളായി മാറിയത് ബുദ്ധമതത്തിന്റെ വളര്‍ച്ചയെയും വ്യാപനത്തെയും ത്വരിതപ്പെടുത്തി. അവര്‍ണനെന്നോ സവര്‍ണനെന്നോ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെയാണ് മനുഷ്യര്‍ ബുദ്ധമതത്തിന്റെ അനുയായികളായി മാറിയത്. യാഗാദിയ ജ്ഞങ്ങളിലും കര്മമോക്ഷ സങ്കല്പങ്ങളിലും കേന്ദ്രീകൃതമായ ബ്രാഹ്മണിസത്തിനെതിരെ ഒരു സാംസ്കാരിക, സാന്മാര്ഗിക വിപ്ലവം എന്ന നിലയില്‍ വികസിച്ച ബുദ്ധിസം പ്രജ്ഞ, കരുണ, മൈത്രി, സമത തുടങ്ങിയ ആശയങ്ങള്ക്കായിരുന്നല്ലോ പ്രാമുഖ്യം നല്‍കിയത്. ലോകത്ത് ദുഃമുണ്ടെന്നും ദുഃഖത്തിന് കാരണമുണ്ടെന്നും ദുഃഖത്തിന് പര്യവസാനമുണ്ടെന്നും അഷ്ടാംഗമാര്ഗത്തിലൂടെ ദുഃഖത്തെ പര്യവസാനിച്ച് നിര്‍വാണം പ്രാപിക്കാമെന്നും ബുദ്ധന് തന്റെ പ്രബോധനങ്ങളിലൂടെ വെളിപ്പെടുത്തി. ചാതുര്‍വര്‍ണ്യത്തെയും വേദസംഹിതകളെയും ചോദ്യം ചെയ്ത തഥാഗതന് സമൂഹത്തിലെ അടിത്തട്ടുകാര്ക്കും സ്ത്രീകള്‍ക്കും തന്റെ സംഘത്തിന്റെ വാതിലുകള്‍ തുറന്നിട്ടു കൊണ്ടായിരുന്നു സമത്വത്തിനു വേണ്ടി നിലകൊണ്ടത്. ജന്മം കൊണ്ടല്ല കര്‍മം കൊണ്ടാണ് ആഢ്യത്വം നേടേണ്ടതെന്ന് ബുദ്ധന് പ്രസ്താവിച്ചു. തന്റെ പ്രബോധങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാകുന്നതിനു വേണ്ടി സാധാരണക്കാരുടെ ഭാഷയായ പാലിയിലായിരിന്നു ബുദ്ധന് സംവദിച്ചിരുന്നത്. ഇക്കാരണത്താല്‍ തന്നെ സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ബുദ്ധന്റെ കാല ഘട്ടത്തില്‍ തന്നെ ബുദ്ധദര്‍ശനങ്ങള്‍ക്ക് ആകര്‍ഷിക്കാനായി.
ബുദ്ധന്റെ മഹാപരിനിര്‍വാണം കഴിഞ്ഞ് ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം മഹാനായ മൗര്യ ചക്രവര്‍ത്തി അശോകന്റെ (ബി.സി. 269- 232) കാലഘട്ടത്തിലാണ് ബുദ്ധമതം വീണ്ടും ഇന്ത്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ച പ്രാപിക്കുന്നത്. ഈ കാലഘട്ടത്തെ ബുദ്ധമതത്തിന്റെ നവോത്ഥാന കാലഘട്ടമെന്നും ബുദ്ധമതത്തിന്റെ ഉയര്‍ച്ചയുടെ കാലഘട്ടമെന്നുമാണ് ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത്. ബി.സി.32 1 -ല്‍ ചന്ദ്രഗുപ്ത മൗര്യന് സ്ഥാപിച്ച മൗര്യ സാമ്രാജ്യത്തിലെ മൂന്നാമത്തെ രാജാവായിരുന്നു അശോകന്. യുദ്ധങ്ങളിലൂടെ സാമ്രാജ്യത്വ വിസ്തൃതി ലക്ഷ്യമിട്ട അശോക ചക്രവര്‍ത്തി ബി.സി 261-ലെ രക്തരൂക്ഷിതമായ കലിംഗയുദ്ധത്തില് മനസാന്തരപ്പെട്ട് യുദ്ധവിജയങ്ങളുടെ പാതവെടിഞ്ഞ് ധര്‍മവിജയത്തിന്റെ പാത സ്വീകരിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തും ബുദ്ധധമം പ്രചരിപ്പിക്കുന്നതിനുള്ള മഹാദൗത്യത്തിലേര്പ്പെടുന്നതോടുകൂടിയാണ് ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ വീണ്ടെടുപ്പിന് ആരംഭം കുറിക്കപ്പെടുന്നത്. കലിംഗ യുദ്ധത്തില്‍ അശോകന് വിജയിച്ചെങ്കിലും യുദ്ധത്തിലെ രക്തച്ചൊരിച്ചില്‍ അദ്ദേഹത്തെ മാനസാന്തരപ്പെടുത്തുകയായിരുന്നു. ഇനിയൊരിക്കലും യുദ്ധം ചെയ്യില്ലെന്ന് ശപഥം ചെയ്ത അശോകന് നിത്യസമാധാനത്തിന്റെ മാര്‍ഗമെന്ന നിലയിലാണ് കരുണയുടെ മഹാസാഗരമായ ബുദ്ധധര്‍മത്തില്‍ അഭയം തേടിത്. കലിംഗ യുദ്ധത്തിന്റെ പത്താം നാള് അശോകന്റെ ബുദ്ധമത പ്രവേശനം ധര്‍മ വിജയ ദിനമായാണ് ആഘോഷിക്കപ്പെട്ടത്. വിജയദശമി എന്നാല്‍ പത്താം നാളിലെ വിജയാഘോഷം എന്നാണ് അര്‍ഥം. അശോക ചക്രവര്‍ത്തി യുദ്ധങ്ങളുടെ പാതവെടിഞ്ഞ് കരുണയുടെയും അഹിംസയുടെയും സമാധനത്തിന്റെയും മഹാപാതയായ ബുദ്ധമതത്തില്‍ അഭയം തേടി അഹിംസയുടെ സന്ദേശവാഹകനായി പരിവര്‍ത്തനം ചെയ്ത സുദിനം എന്ന നിലയില്‍ അശോകന്റെ ബുദ്ധമത പ്രവേശനം മഹാവിജയദശമിയായി ആഘോഷിക്കപ്പെട്ടു തുടങ്ങുന്നതും അശോകന്റെ കാലഘട്ടത്തില്‍ തന്നെ. ഇതു പില്ക്കാലത്ത് ബുദ്ധമതത്തിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. യുദ്ധവിനാശങ്ങള്ക്കെതിരെ ബുദ്ധധര്മത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ട ദിനം എന്ന നിലയിലും ബുദ്ധമതത്തിന്റെ വീണ്ടെടുക്കലിന് തുടക്കം കുറിക്കപ്പെട്ട ദിനം എന്ന നിലയിലും ബുദ്ധമതത്തില്‍ വിജയദശമിക്ക് സവിശേഷമായ പ്രാധാന്യമാണുള്ളത്.
കലിംഗ യുദ്ധത്തിന് ശേഷം കരുണയുടെ മഹാപ്രവാചകനായ ഭഗവാന് ബുദ്ധന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന അശോക ചക്രവര്‍ത്തി ചരിത്രത്തിലെ ബുദ്ധമത തിരുശേഷിപ്പുകള്‍ കണ്ടെടുത്തും അവിടങ്ങളിലെല്ലാം അശോക സ്തംഭങ്ങളും സ്മാരകശിലകളും നിര്‍മിച്ചും ശാസനങ്ങളിലൂടെയും ശിലാലിഖിതങ്ങളിലൂടെയും സ്തൂപങ്ങളിലൂടെയും ബുദ്ധമത ആശയങ്ങള്‍ പ്രചരിപ്പിച്ചും സംഘാരാമങ്ങള്‍ പണികഴിപ്പിച്ചും ജീവജാലങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷണാര്‍ഥം ഭരണ പരിഷ്കാരങ്ങള്‍ നടപ്പാക്കിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബുദ്ധമത പ്രചരണാര്‍ഥം ബുദ്ധഭിക്ഷുക്കളുടെ ദൗത്യ സംഘങ്ങളെ നിയോഗിച്ചും ചരിത്രത്തിലെ എക്കാലത്തെയും അനന്യനായ ബുദ്ധോപാസകനും പ്രചാരകരമായി മാറുകയായിരുന്നു. ബി.സി 250 – ല്‍ പാടലീപുത്രത്തില്‍ സംഘടിപ്പിക്കപ്പെട്ട മൂന്നാം ബുദ്ധമത കൗണ്‍സിലിന്റെ രക്ഷാധികാരി അശോക ചക്രവര്‍ത്തിയായിരുന്നു. അഭിവന്ദ്യ ഭിക്ഷു മൊഗാലിപൊട്ട ടിസ്സയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നാം ബുദ്ധമത കൗണ്‍സിലിലാണ് തെക്ക് ഇന്നത്തെ ആന്ധ്രാപ്രദേശം വരെയും വടക്ക് അഫ്ഗാനിസ്ഥാന് വരെയും വ്യാപിച്ചു കിടന്നിരുന്ന മൗര്യ സാമ്രാജ്യത്തിന് പുറത്ത് അറിയപ്പെടുന്ന ലോകത്തൊക്കെയും ബുദ്ധമതം പ്രചരിപ്പിക്കുന്നതിനുള്ള ദൗത്യസംഘങ്ങളെ അയക്കാന്‍ തീരുമാനിക്കപ്പെടുന്നതും ശ്രീലങ്ക, സിറിയ, ഈജിപ്ത്, മാസിഡോണിയ എന്നിവിടങ്ങളിലേക്ക് ബുദ്ധിസ്റ്റ് മിഷണറിമാരെ നിയോഗിക്കപ്പെടുന്നതും. വിദേശികളായ ചേര, ചോള, പാണ്ഡ്യരാജാക്കന്മാരെ കുറിച്ചും സിംഹളരെ കുറിച്ചും അശോകന് ശിലകളില്‍ എഴുതിയ ശാസനങ്ങള്‍ പ്രസിദ്ധങ്ങളാണ്. അശോകന്റെ പുത്രി സംഗമിത്രയും പുത്രന് മഹേന്ദ്രനും ശ്രീലങ്കയിലേക്ക് നയിച്ച ബുദ്ധമത ദൗത്യം ചരിത്രപ്രസിദ്ധമാണല്ലോ. സിംഹള ഭാഷയില്‍ എഴുതിയ മഹാവംശം അശോകന്റെ വിജയഗീതങ്ങള്‍ പ്രഘോഷണം ചെയ്യുന്നുണ്ട്. കേരളം ഉള്‍പ്പെട്ട അന്നത്തെ തമിഴകത്ത് ബുദ്ധമതം പ്രവേശിക്കുന്നതും അശോകന്റെ കാലഘട്ടത്തില്‍ തന്നെ. ഗുജറാത്തിലെ ഗിര്‍നാര്‍ ഗുഹയിലെ ശിലാശാസനവും കാഞ്ചീപുരത്തെ അശോക സ്തംഭവും ഇതു വ്യക്തമാക്കുന്നുണ്ട്. മുന്‍പ് സൂചിപ്പിച്ചതു പോലെ അശോക ചക്രവര്‍ത്തി ബുദ്ധമതം ആശ്ലേഷിച്ച ദിവസം അശോകവിജയദശമി എന്ന പേരില്‍ ആഘോഷിക്കാന്‍ തുടക്കം കുറിച്ചതും മഹാനായ അശോകനായിരുന്നു. അന്നു മുതല്‍ ലോകത്തെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ അശോക വിജയദശമി വിദ്യാരംഭത്തിനും ബുദ്ധധര്‍മ പ്രചരണത്തിനും ബുദ്ധമത ആശ്ലേഷണത്തിനുള്ള സുദിനമായും ആര്‍ഭാടപൂര്‍വം ആഘോഷിച്ചു വരുന്നു.
പില്ക്കാലത്ത് ഡോ. അംബേദ്കറുടെ ബുദ്ധമത പ്രവേശനത്തോടെയാണ് ബുദ്ധമതം സ്വീകരിക്കുന്നതിനുള്ള ഉത്തമ ദിവസമെന്ന നിലയില്‍ അശോക വിജയദശമി വീണ്ടും ചരിത്രത്തില്‍ പ്രസിദ്ധിയാര്‍ജ്ജിക്കുന്നത്. യുദ്ധവും ആയുധവും ഹിംസയും അധര്‍മവും ഉപേക്ഷിച്ച് അറിവിനെ പുണര്‍ന്ന ദിനം എന്ന നിലയില്‍ വിദ്യാരംഭ ദിനമായും ലോകത്തെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ വിജയദശമി ദിനം ആഘോഷിക്കുന്നു. 1956-ലെ അശോക വിജയദശമി ദിനത്തില്‍ (ഒക്ടോബര്‍ 14) ലക്ഷക്കണക്കിന് അനുയായികളോടൊപ്പമാണ് ബാബാസാഹേബ് ഡോ. അംബേദ്കര്‍ നാഗ്പൂരിലെ ചരിത്രപ്രസിദ്ധമായ ദീക്ഷാഭൂമിയില്‍ വച്ച് ബുദ്ധമതം സ്വീകരിച്ച് നവയാന ബുദ്ധിസത്തിന് തുടക്കം കുറിക്കുന്നത്. ഇതോടെ അശോക വിജയദശമിയുടെ ചരിത്ര പ്രാധാന്യം വീണ്ടും വര്‍ധിച്ചു. അന്നു മുതല്‍ ലോകമെമ്പാടുമുള്ള ബുദ്ധമത അനുയായികള്‍ ധമ്മചക്ര പരിവര്‍ത്തന ദിനമായും അശോക വിജയദശമി ആഘോഷിച്ചുവരുന്നു. നവയാന ബുദ്ധിസ്റ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് അശോക വിജയദശമി. 1935-ല്‍ താന്‍ ഒരു ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖ്യാപിച്ച ഡോ. അംബേദ്കര്‍ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബുദ്ധിസത്തിലേയ്ക്ക് പ്രയാണം നടത്തുന്നത്. ഇതോടു കൂടിയാണ് ആധുനിക ഇന്ത്യയില്‍ ബുദ്ധമത നവോത്ഥാനം ഒരു സാംസ്കാരിക വിപ്ലവ മുന്നേറ്റമായി പരിണമിക്കുന്നത്. ദശലക്ഷക്കണക്കിന് ബുദ്ധമത വിശ്വാസികളാണ് വിജയദശമി ദിനം ദീക്ഷാ ഭൂമി സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ ബുദ്ധനും അശോകനും ഡോ. അംബേദ്ക്കറും ചെലുത്തിയ സ്വാധീനം ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന ദീക്ഷാഭൂമി ബുദ്ധമത നവോത്ഥാനത്തിന്റെ ചരിത്രത്തിലെ ഒരിക്കലും അസ്തമിക്കാത്ത അധ്യായത്തെയാണ് അടയാളപ്പെടുത്തുന്നത്.
