“ഞാൻ പാതി മലയാളിയും പാതി ബംഗാളിയും മുഴുവനായി ദേശദ്രോഹിയുമാണ്”.
അടുത്തകാലത്ത് അരുന്ധതി റോയ് പറഞ്ഞുവെച്ച വാക്കുകളാണിത്.
നമ്മുടെ രാജ്യത്തെ സമകാലിക എഴുത്തുകാരിൽ ഏറ്റവും ധീരയായ എഴുത്തുകാരി എന്ന് നിസ്സംശയം പറയാവുന്ന ആളാണ് ശ്രീമതി അരുന്ധതി റോയ്.
ദേശീയത നെയ്തെടുത്ത ഹിംസാത്മക വേലിക്കെട്ടുകളെ “താനൊരു ദേശഭക്തയല്ല” എന്ന ഉറച്ച പ്രഖ്യാപനവുമായാണ് അവർ നേരിടുന്നത്.
ആദിവാസികളുടെ അന്യാതീനപ്പെട്ട ഭൂമിക്ക് പകരമായി പണം നൽകി കളയാമെന്ന് കരുതുന്നത് സുപ്രീംകോടതി ജഡ്ജിമാർക്ക് ശമ്പളം പണമായി നൽകുന്നതിന് പകരം രാസവള ചാക്കുകളായി നൽകുന്നത് പോലെയാണെന്ന് പറഞ്ഞതിന്റെ പേരിൽ കോടതിയലക്ഷ്യ കുറ്റം ചുമത്തപ്പെട്ട എഴുത്തുകാരിയാണ് അവര്‍.
ജാതിയെ മഹത്വവൽക്കരിച്ച ഗാന്ധി, മഹാത്മ എന്ന വിശേഷണത്തിന് അർഹനല്ല എന്നതാണ് അരുന്ധതിയുടെ പക്ഷം.
രണ്ടു കാരണങ്ങളിലായി അരുന്ധതി റോയി ഇന്ന് ചർച്ച ചെയ്യപ്പെടുകയാണ്.
അരുന്ധതിയുടെ ഓർമ്മക്കുറിപ്പുകളായ “mother mary comes to me”എന്ന പുതിയ പുസ്തകമാണ് അതിൽ ഒരു കാരണം. മറ്റൊന്ന് അരുന്ധതിയുടെ ആസാദി എന്ന പുസ്തകമാണ്.
തെറ്റായ വ്യാഖ്യാനങ്ങളും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന പുസ്തകം എന്ന ആരോപണത്തെ മുൻനിർത്തി ഭാരതീയ ന്യായസംഹിതയിലെ 98ആം വകുപ്പ് പ്രകാരം പുസ്തകത്തിന് ജമ്മുകശ്മീർ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ആസാദി ഉൾപ്പെടെ 25 ഓളം പുസ്തകങ്ങൾക്കാണ് കാശ്മീരിൽ നിരോധനം ഏർപ്പെടുത്തിയത്.
എന്താണ് ആസാദി പറഞ്ഞുവെക്കുന്ന രാഷ്ട്രീയം എന്നത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
അരുന്ധതിയുടെ എഴുത്തുകളും പ്രഭാഷണങ്ങളും ക്രോഡീകരിച്ച് പുറത്തിറങ്ങിയ “ആസാദി: ഫ്രീഡം ഫാഷിസം ഫിക്ഷൻ” എന്ന പുസ്തകം 2020 ലാണ് പുറത്തിറങ്ങുന്നത്.
ആസാദി പേർഷ്യനിൽ നിന്ന് ഉറുദുവിലേക്കെത്തിയ പദമാണ്. ഇറാൻ വിപ്ലവത്തിലാണ് അത് ഒരു മുദ്രാവാക്യമായി ആദ്യം മുഴങ്ങിക്കേട്ടത്. ഇന്നത് കിഴക്കോട്ട് സഞ്ചരിച്ച് കാശ്മീർ പ്രക്ഷോഭത്തിന്റെ ഒപ്പ് പതിഞ്ഞ മുദ്രാവാക്യമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ പൗരത്വ സമര പ്രക്ഷോഭങ്ങളുടെയും രാജ്യത്തെ നവ ജനാധിപത്യ ഉയർത്തെഴുന്നേൽപ്പുകളുടെയും മുദ്രാവാക്യമായി “ആസാദി” മാറിയിരിക്കുന്നു.
മേൽ സൂചിപ്പിച്ച വിഘടനവാദ ന്യായമാണോ ആസാദിയുടെ നിരോധനത്തിന് പിന്നിൽ ഹിന്ദുത്വ ഭരണകൂടത്തിന് പ്രേരകമായത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
അരുന്ധതിയുടെ 2017 ൽ പുറത്തിറങ്ങിയ പുസ്തകമാണ് മിനിസ്ട്രി ഓഫ് അറ്റ്മോസ്‌റ്റ് ഹാപ്പിനസ്. ഗുജറാത്ത് കലാപത്തോട് സാദൃശ്യമുള്ള സംഭവവികാസങ്ങളെ കേന്ദ്ര പ്രമേയമാക്കിയ പ്രസ്തുത പുസ്തകത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്
“നെറ്റിയിൽ കുങ്കുമക്കുറിയണിഞ്ഞ, ശീതളനയനങ്ങളുള്ള മുഖ്യമന്ത്രി അടുത്ത ഇലക്‌ഷനിൽ ജയിച്ചേക്കും. കവി-പ്രധാനമന്ത്രിയുടെ സർക്കാർ കേന്ദ്രത്തിൽ താഴെ വീണിട്ടും ഗുജറാത്തിലെ മുഖ്യമന്ത്രി വീണ്ടും വീണ്ടും ജയിച്ചു. കൂട്ടക്കൊലയ്ക്ക് കാരണക്കാരൻ അദ്ദേഹം ആണെന്ന് ചിലരെങ്കിലും വിശ്വസിച്ചു. പക്ഷേ, അദ്ദേഹത്തിൻ്റെ വോട്ടർമാർ അദ്ദേഹത്തെ വിളിച്ചു. ‘ഗുജറാത്ത് കാ ലല്ലാ’ ഗുജറാത്തിന്റെ പ്രിയപ്പെട്ടവൻ.”
ആസാദിയിലും ഈ ഭാഗം അരുന്ധതി വീണ്ടും ഉദ്ധരിക്കുന്നുണ്ട്. പുസ്തക നിരോധനത്തിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയത്തെക്കുറിച്ച് ഇതിൽ നിന്നുതന്നെ മനസ്സിലാക്കാമല്ലോ.
കശ്മീർ പ്രശ്നത്തെക്കുറിച്ച് മാത്രമല്ല പുസ്തകം പറഞ്ഞുവെക്കുന്നത്. പൗരത്വ സമരത്തെക്കുറിച്ചും പൗരത്വം ചോദ്യചിഹ്നമായി നിൽക്കുന്ന ബ്രഹ്മപുത്ര നദിയോരത്തെ ലക്ഷക്കണക്കിന് ദരിദ്ര ജനങ്ങളെക്കുറിച്ചും തലതിരിഞ്ഞ ഭരണ നയങ്ങൾ നിമിത്തം കോവിഡ് മഹാമാരിയിൽ തെരുവിൽ ചേതനയറ്റു വീണ രാജ്യത്തെ ദരിദ്ര ജനങ്ങളെ കുറിച്ചും പുസ്തകം പറഞ്ഞു പറഞ്ഞുവെക്കുന്നു.
സായിബാബയും, ബിനായക് സെന്നും, ഉമർ ഖാലിദുമെല്ലാം പുസ്തകത്തിൽ കടന്നുവരുന്നുണ്ട്. മൂന്ന് കിലോ ഗോമാംസം മുസ്ലിം വീടുകളിൽ നിന്നും കണ്ടെത്താൻ കഴിയുന്ന ബി.ജെപി.ക്ക് പുൽവാമ ആക്രമണത്തിന് ഉപയോഗിച്ച 350 കിലോഗ്രാം ആർ ഡി എക്സ് കണ്ടെത്താൻ കഴിയാതെ പോയതിന്റെ വിരോധാഭാസത്തെ ഗ്രന്ധകാരി പരിഹസിക്കുന്നു.
പ്രതിലോമകരമായ ഹിന്ദുത്വ ഭരണകൂടത്തിന് ബദലായി പരസ്പരം അടികൂടുന്ന വിഭജിതവും അസ്ഥിരവുമായ ഒരു സഖ്യകക്ഷി ഭരണമാണ് ഇന്ത്യയ്ക്ക് നല്ലത് എന്ന നിരീക്ഷണമാണ് ആസാദി മുന്നോട്ടുവെക്കുന്നത്.
ഇടതുപക്ഷത്തെ നിശിധമായി വിമർശിക്കുന്ന അരുന്ധതി ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾക്ക് ജാതിയോട് ഒട്ടും തുറന്ന സമീപനമല്ലെന്നും മിക്കപ്പോഴും അവർ ജാതി വാദികളുമാണെന്നും വ്യക്തമാക്കുന്നു.
എന്നാൽ, യുവ ഇടതുപക്ഷക്കാരുടെ മുസ്ലീങ്ങളുമായും അംബേദ്റേറ്റുകളുമയുമുള്ള പുതിയ ഐക്യദാർഢ്യ സമീപനങ്ങൾ പ്രതീക്ഷാപരം എന്ന് പറയുന്നതോടൊപ്പം പഴയ തലമുറ കമ്മ്യൂണിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി വർഗ്ഗത്തോടൊപ്പം ജാതിയെ കൂടി ചേർത്തുനിർത്തുന്ന ലോക ബോധത്തെ രൂപപ്പെടുത്തിയ പുതുതലമുറ ഇടതുപക്ഷത്തിൽ പ്രതീക്ഷയർപ്പിക്കാനും അരുന്ധതി തയ്യാറാകുന്നുണ്ട്.
ദേശ് കേ ഗദ്ദാരോം കോ, ഗോലി മാരോ സാലോം കോ!
ദേശദ്രോഹികളെ എന്തു ചെയ്യണം? തെണ്ടി കളെ വെടിവെച്ചു കൊല്ലണം!
മുസൽമാൻ കി ഏക് ഹി! സ്ഥാൻ, പാകിസ്ഥാൻ യാ കബറിസ്ഥാൻ!’
മുസൽമാന് ഒരു സ്ഥലമേയുള്ളൂ കബറിടം അല്ലെങ്കിൽ പാകിസ്ഥാൻ!
തുടങ്ങിയ ഹിന്ദുത്വവാദികളുടെ പ്രതിലോമ മുദ്രാവാക്യങ്ങളും ആസാദിയോടൊപ്പം പുസ്തകത്തിൽ മുഴങ്ങി കേൾക്കാം
ധാതുലവണ സമ്പന്നമായ ബസ്തറിലെ വനങ്ങൾ കയ്യേറി ആദിവാസികളെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത ഭരണകൂട ഭീകരത, വടക്കു കിഴക്കൻ ഡൽഹിയിൽ സംഘപരിവാർ അഴിച്ചുവിട്ട കലാപം, ഷഹീൻ ബാഗ് സമരം,ഒരു ചെറു വിമാനം പോലും ഉണ്ടാക്കി പരിചയമില്ലാത്ത റിലയൻസ് ഏയറോ നോട്ടിക്സിനെ റാഫേൽ ഇടപാടിൽ ഉൾപ്പെടുത്തിയത്, ദീർഘവീക്ഷണമില്ലായ്മ മൂലം പരാജയപ്പെട്ട നോട്ട് നിരോധനം, കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്രമോദി സർക്കാരിന് ഉണ്ടായ വീഴ്ച എന്നിവയെയെല്ലാം പുസ്തകം രൂക്ഷമായാണ് വിമർശിക്കുന്നത്.
അതുകൊണ്ടുതന്നെ ആസാദിയെ കാശ്മീർ പ്രശ്നത്തെ മാത്രം അഭിസംബോധന ചെയ്യുന്ന പുസ്തകം എന്ന നിലയിൽ ചുരുക്കിക്കെട്ടാന്‍ കഴിയില്ല.
ഇന്ന് ഇന്ത്യ നേരിടുന്ന സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളെ കുറിച്ചുള്ള നഗ്നമായ തുറന്നെഴുത്താണ് ആസാദി. വർത്തമാന ഇന്ത്യയുടെ കൃത്യമായ പരിച്ഛേദം ഈ പുസ്തകത്തിലൂടെ വായനക്കാരന് ലഭിക്കും.
അപൂർവ്വ സുന്ദരമായ ഉറുദു ഭാഷയിൽ മറ്റൊരു ഭാഷയിലും ഇല്ലാത്ത സ്നേഹത്തെ സംബന്ധിച്ച് വാക്കുകളുണ്ടെന്നും, ഇംഗ്ലീഷിനെ വിമോചനത്തിന്റെ ഭാഷയായി നോക്കിക്കാണാമെന്നും അരുന്ധതി സമർത്ഥിക്കുന്നുണ്ട്.
പേർഷ്യനിൽ എഴുതിയ കവികളെ ഉറുദുവിൽ എഴുതാൻ പ്രേരിപ്പിക്കുകയും ഉറുദു സാഹിത്യത്തെ ലോക നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത മഹാനായ എഴുത്തുകാരൻ വലി ദഖ് നിയുടെ ദർഗ തകർത്ത ഗുജറാത്ത് കലാപത്തിലെ ആൾക്കൂട്ടതിന് കലകൾ സമൂഹത്തെ സ്വാധീനിക്കാൻ കഴിയും എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു എന്ന നിരീക്ഷണമാണ് എഴുത്തുകാരി പറഞ്ഞുവെക്കുന്നത്.
എഴുത്ത് പ്രതിരോധമാണ്. പ്രതിരോധത്തെ എഴുതുന്നത് ഇന്ത്യൻ അവസ്ഥയിൽ ഇന്ന് ഏറ്റവും അപകടം പിടിച്ച ജോലിയും. എന്റെ എഴുത്ത് ജീവിതത്തിന്റെ നിലനിർത്താൻ വേണ്ടിയാണ് എന്നു പറഞ്ഞയാളാണ് അരുന്ധതി.
ഹിന്ദുത്വത്തിന്റെ ആക്രമണോത്സുകരായ ആൾക്കൂട്ടത്തെ കുങ്കുമ വർണ്ണ തത്തകൾ എന്നാണ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സിൽ അരുന്ധതി വിശേഷിപ്പിക്കുന്നത്. ആ കുങ്കുമ വർണ്ണ തത്തകൾ കഴുകന്മാരുടെ ഹൃദയവുമായി നമുക്കുചുറ്റും വട്ടമിട്ട് പറക്കുന്ന ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ആസാദി തീർച്ചയായും വായിക്കേണ്ടതാണ് വായിക്കപ്പെടേണ്ടതും.
