October 14 Wednesday 2026

യൂടൂബും ഇന്‍സ്റ്റഗ്രാമും അദാനിക്ക് ഭീഷണിയോ?

രാജ്യത്തെ വലിയ കോര്‍പറേറ്റ് കമ്പനിയായ അദാനി ഗ്രൂപ്പ് മാധ്യമങ്ങള്‍ക്കെതിരെ കോടതി വ്യവഹാരവുമായി രംഗത്തു വന്നിരിക്കുകയാണ്. അതിന്റെ ഭാഗമായി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനെ കുറിച്ച് സ്ഥിരീകരിക്കാത്തും തെളിവില്ലാത്തതും അപകീര്‍ത്തികരവുമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് ഒന്‍പത് പത്രപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും സ്ഥാപനങ്ങളെയും വിലക്കികൊണ്ട് കഴിഞ്ഞ ദിവസമാണ് ഡല്‍ഹി കോടതി ഉത്തരവിട്ടത്. നൂറ്റി നാല്‍പതോളം യൂടൂബ് ലിങ്കുകളും 83 ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും നീക്കാനും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് യൂടൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മന്ത്രാലയം നോട്ടീസ് അയക്കുകയും ചെയ്തു.

ഇതിനെതിരെ രാജ്യത്തെ പത്രപ്രവര്‍ത്തകരുടെയും എഡിറ്റര്‍മാരുടെയും കൂട്ടായ്മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തു വന്നിരിക്കുന്നു. കോടതി ഉത്തരവ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനത്തിന് തങ്ങളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അപകീര്‍ത്തികരമായുള്ള ഉള്ളടക്കങ്ങള്‍ എന്താണെന്ന് സ്വയം നിര്‍ണയിക്കാനുള്ള അധികാരമാണ് ഉത്തരവിലൂടെ കോടതി നല്‍കിയിരിക്കുന്നത്. ഇത് സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നതാണ്. വിമര്‍ശന ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും ഗില്‍ഡ് പ്രസതാവനയില്‍ പറഞ്ഞു.

ഉത്തരവിനെതിരെ മാധ്യമ പ്രവര്‍ത്തകരായ രവി നായര്‍, അബിന്‍ ദാസ് ഗുപ്ത, അസ്‌കന്ത് ദാസ്, ആയുഷ് ജോഷി, പരംജോയ് ഗുഹ താക്കൂര്‍ത എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദാനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ നീക്കണമെന്ന ഡല്‍ഹി കോടതി ഉത്തരവ് ഡല്‍ഹി രോഹിണി കോടതി റദ്ദാക്കിയെങ്കിലും ഹരജിക്കാരുടെ വാദം കൂടി കേള്‍ക്കാന്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഇതില്‍ പരംജോയ് ഗുഹ താക്കൂര്‍ത സിവില്‍ ജഡ്ജിയുടെ ഉത്തരവ് ചോദ്യം ചെയ്തു മറ്റൊരു ജില്ലാ ജഡ്ജിയെയാണ് സമീപിച്ചത്. പരം ജോയ് ഗുഹ താക്കൂര്‍ത്തക്കെതിരെ അദാനി നല്‍കിയ ഹരജിയില്‍ രോഹിണി ജില്ലാ കോടതി ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം ജില്ലാ ജഡ്ജി സുനില്‍ ചൗധരി കേസ് വിധി പറയാന്‍ മാറ്റിവച്ചു. പരം ജോയ് ഗുഹ താക്കൂര്‍ത്തെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയോ എന്ന് അദാനി പക്ഷത്തിന് തന്നെ ഉറപ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര തെരഞ്ഞെടുപ്പ് കcീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉന്നയിച്ച പരം ജോയ് ഗുഹ താക്കൂര്‍ത്ത ഏറെ ശ്രദ്ധേനേടിയിരുന്നു.

ഈ മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ”ഇന്ത്യാ വിരുദ്ധ താല്‍പര്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്നും” ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊര്‍ജ്ജ സുരക്ഷയ്ക്കും നിര്‍ണായകമായ അദാനി എന്റര്‍പ്രൈസസിന്റെ പദ്ധതികളെ തടസ്സപ്പെടുത്താന്‍ ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും എ.ഇ.എല്‍ വാദിച്ചിരുന്നു. paranjoy.in, adaniwatch.org, adanifiles.com.au എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളെ എ.ഇ.എല്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച സിവില്‍ കോടതി, ഇടക്കാല ഉത്തരവ് നല്‍കാന്‍ അദാനി എന്റര്‍പ്രൈസസിന് പ്രഥമദൃഷ്ട്യാ സാധ്യതയുണ്ടെന്ന് വിധിച്ചതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ കോടതിയെ സമീപിച്ചത്.

തങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനെ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെന്നും, പകരം ഗൗതം അദാനിയെയോ അദാനി ഗ്രൂപ്പിനെയോ മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളതെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ അപ്പീലുകളില്‍ വാദിക്കുന്നത്. ”അപകീര്‍ത്തികരമെന്ന് ആരോപിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാല്‍, ഒരു സ്ഥലത്തും പരാതിക്കാരനെ (എ.ഇ.എല്‍) പേരെടുത്ത് വിളിക്കുകയോ, പരാമര്‍ശിക്കുകയോ, വിദൂരമായി പോലും സൂചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്,” ഹര്‍ജിയില്‍ പറയുന്നു.

താക്കുര്‍ത്തയുടെ അപ്പീലില്‍, ഏത് ഉള്ളടക്കമാണ് അപകീര്‍ത്തികരമെന്ന് വ്യക്തമാക്കാതെയാണ് കോടതി അതിവിപുലമായ വിലക്ക് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അദാനി ഗ്രൂപ്പിന്റെ സല്‍പ്പേരിന് കോട്ടം വരുത്തി, ഓഹരി ഉടമകള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കി, ഇന്ത്യയുടെ പ്രതിച്ഛായയെ പോലും ബാധിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അദാനി എന്റര്‍പ്രൈസസ് സിവില്‍ കോടതിയില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.

ഇതിനിടയില്‍ അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയില്‍ ഗുജറാത്ത് ഹൈക്കോടതി രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചു. അഭിസാര്‍ ശര്‍മ, രാജു പരുലേക്കര്‍ എന്നീ യൂടൂബര്‍മാര്‍ക്കെതിരെയാണ് ഗാന്ധിനഗര്‍ കോടതി നോട്ടീസ് അയച്ചത്. അദാനി ഗ്രൂപ്പിനെതിരെ നിരവധി ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന രാജു പരുലേക്കര്‍ ആഗസ്റ്റ് 18ന് പുറത്തിറക്കിയ യൂട്യൂബ് വീഡിയോയാണ് പരാതിക്ക് ആധാരം. രാഷ്ട്രീയ ഇടപെടലിലൂടെ അസമില്‍ ഭൂമി കൈവശപ്പെടുത്തി എന്നതാണ് യൂട്യൂബ് വീഡിയോയില്‍ രാജുനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം.

 

 

 

Related