യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത് അറസ്റ്റില്‍. തൊടുപുഴ പൊലീസ് ആണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. രഞ്ജിത്തിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും. ശേഷം കോടതിയില്‍ ഹാജാരാക്കും. BNS 74 ചുമത്തി FIR രേഖപ്പെടുത്തിയിരിക്കുന്നത്.
ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് നടി പരാതി നല്‍കിയ കാര്യം രഞ്ജിത് അറിഞ്ഞതെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥരെയടക്കം ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമം നടന്നെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉന്നതരാരും കേസില്‍ ഇടപെടാന്‍ തയാറായില്ല എന്നും വിവരമുണ്ട്. രാവിലെ ഏഴ് മണിയോടെ രഞ്ജിത്തിനെ കൊച്ചി മരടില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചാണ് പൊലീസ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് സബ് ജയിലിലേക്ക് മാറ്റി. എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ ഈ മാസം ജനുവരിയില്‍ യുവനടിക്ക് നേരെ കാരവന് ഉള്ളില്‍ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ യുവ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടര്‍ന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. യുവ നടിയോട് രഞ്ജിത് കാരവനില്‍ വെച്ച് മോശമായി പെരുമാറിയ കാര്യം സിനിമ സെറ്റിലുള്ളവരെല്ലാം അറിഞ്ഞിരുന്നെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസികാഘാതത്തിലായ അതിജീവിത കഴിഞ്ഞയാഴ്ച നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റില്‍ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യും.
