August 11 Tuesday 2026

ബക്രീദ് ആഘോഷങ്ങൾക്കിടെ മുസ്ലിംകൾക്കെതിരെ 46 അക്രമ സംഭവങ്ങൾ നടന്നതായി എപിസിആർ റിപ്പോർട്ട്

വലിയ പെരുന്നാൾ ആഘോഷത്തിനിടെ രാജ്യത്ത് മുസ്ലിംകൾക്കെതിരെ വ്യാപകമായ വംശീയ അതിക്രമങ്ങൾ നടന്നതായി മനുഷ്യാവകാശ സംഘടനയായ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിന്റെ റിപ്പോർട്ട്. അക്രമങ്ങളിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. അടുത്തിടെ രാജ്യത്ത് രേഖപ്പെടുത്തിയ 46 അക്രമ സംഭവങ്ങളിൽ 36 ഉം വലിയ പെരുന്നാളുമായി നേരിട്ട് ബന്ധമുള്ളതാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. മെയ്‌ പതിനൊന്നിനും 29നും ഇടയിലാണ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഗുജറാത്തിൽ പശുവിനെ കൊന്നു എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ യുവാവിന് ക്രൂരമായ പീഡനത്തെ തുടർന്ന് ജീവൻ നഷ്ടമായി. അസമിൽ കന്നുകാലികളെ മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് അക്രമിസംഘം രണ്ട് യുവാക്കളെ തല്ലിക്കൊന്നു. ബിജെപി ഭരിക്കുന്ന ഹരിയാനയിൽ രണ്ടു മുസ്ലിം യുവാക്കളെ പശുക്കടത്ത് ആരോപിച്ച് ഉപദ്രവിക്കുകയും ഗോമൂത്രം കുടിപ്പിക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഈദ്‌ ഗാഹിന് അനുമതി നൽകിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. താജ്മഹലിന് സമീപം നടത്തിയ ഈദ് പ്രാർത്ഥന ആർഎസ്എസ്, വിഎച്ച്പി ഗുണ്ടകൾ ചേർന്ന് തടസ്സപ്പെടുത്തി. ബജ്റംഗ് ദൾ, ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇത്തരം അക്രമ സംഭവങ്ങൾ നടമാടിയത് എന്ന് റിപ്പോർട്ട് കണ്ടെത്തുന്നുണ്ട്.

Related