കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ഒരു ശരത്കാല സായാഹ്നത്തില്‍ അലി ലാരിജാനിയുടെ വീട്ടില്‍ വെച്ച് ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിക്കേണ്ടിയിരുന്നത് അവരുടെ ഉമ്മയെക്കുറിച്ചായിരുന്നു. എന്നാല്‍, ആ സംഭാഷണത്തിലുടനീളം ‘അലി’ എന്ന പേര് അവരുടെ ചുണ്ടുകളില്‍ നിന്ന് മാഞ്ഞതേയില്ല.
അവര്‍ പറഞ്ഞു: ‘അലി വീട്ടിലില്ലാത്തപ്പോള്‍ എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ടതുപോലെ എനിക്ക് അനുഭവപ്പെടും! അലി ഇവിടെയുള്ളപ്പോള്‍ വീട്ടിലെ എല്ലാ ജോലികളും അദ്ദേഹം തന്നെ ചെയ്യും. ഞാന്‍ ആവശ്യപ്പെടാതെ തന്നെ അദ്ദേഹം സാധനങ്ങള്‍ അടുക്കി വെക്കും. പച്ചക്കറികളും കോഴിയിറച്ചിയും വൃത്തിയാക്കുന്നതും പാത്രങ്ങള്‍ കഴുകുന്നതും അദ്ദേഹമാണ്.’
പുറംലോകത്ത് ഇറാന്റെ ദേശീയ സുരക്ഷയുടെ ഭാരം ചുമലിലേറ്റുന്ന ഒരാള്‍ക്ക് എങ്ങനെ വീട്ടില്‍ വന്ന് കോഴിയിറച്ചി വൃത്തിയാക്കാനും പാത്രങ്ങള്‍ കഴുകാനും കഴിയുന്നു എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടുപോയി.
അവര്‍ തുടര്‍ന്നു, ‘അലി ആറ് മാസമായി വീട്ടില്‍ വന്നിട്ട്. പന്ത്രണ്ട് ദിവസത്തെ യുദ്ധത്തിന് ശേഷം അദ്ദേഹത്തിന് ഒരു സാധാരണ ജീവിതം നയിക്കാന്‍ അനുവാദമില്ലായിരുന്നു.’
ലോകത്തിലെ വന്‍ശക്തികള്‍ വധശിക്ഷ വിധിച്ച ആ മനുഷ്യന്‍ ഒരു യുവാവിന്റെ ഹൃദയവും പക്വമായ പെരുമാറ്റവുമുള്ള പ്രണയാതുരനായ ഒരാളായിരുന്നു.
ഫരീദ പറഞ്ഞു : ‘അലി പാര്‍ലമെന്റില്‍ നിന്നോ പിന്നീട് വഹിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്നോ ശമ്പളം വാങ്ങിയിരുന്നില്ല. വര്‍ഷങ്ങളായി ഒരു സര്‍വ്വകലാശാല പ്രൊഫസറുടെ ശമ്പളം മാത്രമാണ് അദ്ദേഹം വാങ്ങിയിരുന്നത്. കടക്കാരനാകാതിരിക്കാന്‍ അതില്‍ നിന്ന് ഒരു ഭാഗം പോലും അദ്ദേഹം എല്ലാ മാസവും പൊതുഖജനാവിലേക്ക് നിക്ഷേപിക്കുമായിരുന്നു. ഈ വീട് വാങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് പണത്തിന് ആവശ്യമുണ്ടായിരുന്നു, അപ്പോള്‍ എന്റെ മകള്‍ നിര്‍ദ്ദേശിച്ചു, ‘ ഉപ്പാ, നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക വാങ്ങിക്കൂടേ?’ എന്ന്. എന്നാല്‍, അലി അത് നിരസിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘നമ്മള്‍ ഈ രാജ്യത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എനിക്ക് അതിന്റെ പേരില്‍ മറ്റ് അവകാശവാദങ്ങളൊന്നുമില്ല.”
വിപ്ലവത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഒരു നിമിഷം പോലും വിശ്രമിക്കാതെ ഇറാന് വേണ്ടി അധ്വാനിച്ച ഒരാളാണ് ഇങ്ങിനെ പറയുന്നത്.
ഫരീദ ഇപ്രകാരം തുടര്‍ന്നു: ‘അലിയുടെ കുടുംബം എന്റെ കുടുംബത്തേക്കാള്‍ ഉയര്‍ന്ന നിലയിലായിരുന്നു, വടക്ക് അവര്‍ക്ക് ധാരാളം സ്ഥലവും ആടുകളും ഉണ്ടായിരുന്നു. എന്നാല്‍, വിവാഹശേഷം അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത വീട് വളരെ ചെറുതായിരുന്നു. ശഹീദ് മുര്‍തസ മൊത്തഹരിക്ക് (ഇറാന്‍ ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ ഫിലോസഫര്‍, ഫരീദയുടെ പിതാവ്) തന്റെ മകളുടെ സ്ത്രീധനമായി രണ്ട് സോഫ സെറ്റുകളും രണ്ട് പരവതാനികളും വാങ്ങേണ്ടി വന്നു, ആ ചെറിയ വീട്ടിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍ നിറയ്ക്കാന്‍ വേണ്ടിയായിരുന്നുവത്.’
നാല്‍പ്പത് വര്‍ഷം മുമ്പ് ശഹീദ് മൊത്തഹരി വാങ്ങിയ ആ സോഫകളും പരവതാനികളും ഇന്നും അലിയുടെയും ഫരീദയുടെയും വീട്ടിലുണ്ട്. അവര്‍ക്ക് വേറെ സോഫകളൊന്നുമില്ല. അതില്‍ ഒട്ടും അതിശയോക്തിയില്ല.
ഫരീദ പറച്ചില്‍ തുടര്‍ന്നു: ‘പിതാവിന്റെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള ഈ നാല്‍പ്പതോളം വര്‍ഷങ്ങളില്‍ അലി എനിക്ക് പിതാവും ഭര്‍ത്താവും സുഹൃത്തും അധ്യാപകനുമെല്ലാമായിരുന്നു. അദ്ദേഹത്തിന്റെ തലയിലെ ഒരു മുടിനാരിഴ പോലും നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല.’
കഴിഞ്ഞ രാത്രി, ‘അലി ലാരിജാനി രക്തസാക്ഷിയായി’ എന്ന വാര്‍ത്ത വായിച്ചപ്പോള്‍, എനിക്ക് അദ്ദേഹത്തെക്കുറിച്ചോ വിപ്ലവത്തെക്കുറിച്ചോ ആശങ്കയില്ലായിരുന്നു. എന്നാല്‍ ഞാന്‍ ഫരീദയെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. ഒരിക്കല്‍ പിതാവ് മൊര്‍ത്താസയെ ഒരു ദിവസം നഷ്ടപ്പെട്ട, ഇന്നലെ തന്റെ പ്രിയ സുഹൃത്തിനെയും അധ്യാപകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട ഒരു സ്ത്രീയെക്കുറിച്ച്. അലി വീട്ടിലില്ലെങ്കില്‍ തന്റെ കൈകള്‍ അറ്റുപോയതായി തോന്നുന്ന ഫരീദയെക്കുറിച്ച്. മനോഹരമായി ബാങ്ക് വിളിക്കുന്ന മകന്‍ മൊര്‍ത്താസയെക്കുറിച്ച്.
ഈ സ്ത്രീയുടെ ഒരൊറ്റ നെടുവീര്‍പ്പിന് അമേരിക്കയെയും ഇസ്രായേലിനെയും വേരോടെ പിഴുതെറിയാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സവിത ഹിരെമത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് വിവര്‍ത്തനം ചെയ്തത്: ശംസീര്‍ എ.പി
