August 13 Thursday 2026

അണ്ണെ മീനാംബാള്‍ ശിവരാജ്: ദലിത് – ബഹുജന്‍ വനിതാ വിമോചന മുന്നേറ്റങ്ങളുടെ മാര്‍ഗദര്‍ശി

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളില്‍ തന്തൈ പെരിയാറുടെയും മറ്റും ഉജ്ജ്വലമായ നേതൃത്വത്തില്‍ തമിഴകത്തില്‍ സ്വാഭിമാന, ജാതി വിരുദ്ധ, ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കെ സ്ത്രീകളുടെ, പ്രത്യേകിച്ചും സമൂഹത്തിലെ അടിത്തട്ടിലെ സ്ത്രീസമൂഹത്തിന്റെ ശാക്തീകരണത്തിനും വിമോചനത്തിനും ഊന്നല്‍ നല്‍കി നിസ്വാര്‍ഥമായ സാമൂഹിക പരിഷ്‌കരണ സപര്യയില്‍ മുഴുകി സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിച്ച മഹിളാരത്‌നമാണ് അണ്ണെ മീനാംബാള്‍ ശിവരാജ്. ദക്ഷിണേന്ത്യയുടെ നവോത്ഥാന ചരിത്രത്തില്‍ അര്‍ഹിക്കുന്ന വിധത്തില്‍ അംഗീകാരം ലഭിക്കാതെ പോയ മീനാംബാള്‍ പണ്ഡിറ്റ് അയോദി ദാസ്, തന്തൈ റെട്ടുമലൈ ശ്രീനിവാസന്‍, പെരുന്തലൈവര്‍ എം.സി രാജ, തന്തൈ ശിവരാജ്, റാവുസാഹേബ് എല്‍.സി ഗുരുസ്വാമി തുടങ്ങിയ നവോത്ഥാന നായകരുടെ നിരയിലെ പ്രധാനികളിലൊരാളും ഡോ. അംബേദ്ക്കറുടെ സഹയാത്രികയുമായിരുന്നു. ബാബാ സാഹേബ് ഡോ. ബി.ആര്‍ അംബേദ്കര്‍ ‘എന്റെ പ്രിയപ്പെട്ട സഹോദരി ‘എന്നു അഭിസംബോധന ചെയ്ത മീനാംബാള്‍ സ്വന്തം മേധാശക്തിയിലൂടെ അറിവും കഴിവും ആര്‍ജവവും ഇച്ഛാശക്തിയും കൈമുതലാക്കി സവര്‍ണാധിപത്യത്താല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദലിതരെയും സ്ത്രീകളെയും സമൂഹത്തിന്റെ മുകള്‍പ്പരപ്പിലേക്ക് കൈപിടിച്ചുയര്‍ത്തിയ സാമൂഹിക നീതിയുടെ കാവലാളും വിമോചന പോരാളിയുമായിരുന്നു. സ്ത്രീകളുടെ വിമോചനം മനുഷ്യ വിമോചനമാണെന്നു ഉറച്ചു വിശ്വസിച്ചിരുന്ന അവര്‍ ജീവിതാവസാനം വരെ ജാതിക്കും ബ്രാഹ്മണിസത്തിനും പുരുഷമേധാവിത്വത്തിനുമെതിരെ പോരാടുകയും നീതിക്കും സമത്വത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്തു. ബ്രാഹ്മണാധിനിവേശത്തിന്റെ വിവിധ മാനങ്ങളെയും സാംസ്‌കാരിക ആധിപത്യത്തെയും നിരന്തരം ചോദ്യം ചെയ്ത മീനാംബാളിന്റെ ഏറ്റവും വലിയ സ്വപ്നം വിവേചനവും അസമത്വവുമില്ലാത്തൊരു ആദര്‍ശ സമൂഹമായിരുന്നു. ആ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടി സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സ്ത്രീകളെയും അണിനിരത്തി തികഞ്ഞ സംഘബോധത്തോടെ ജീവിതാവസാനം വരെ ഒരു ധീരയോദ്ധാവിനെ പോലെ അവര്‍ പോരാടി.

1904 ഡിസംബര്‍ 12 ന് ബര്‍മയിലെ റംഗൂണിലായിരുന്നു മീനാംബാളിന്റെ ജനനം. സാമൂഹിക പരിഷ്‌കര്‍ത്താവായ വി.ജി വാസുദേവ പിള്ളയും മീനാക്ഷിയുമായിരുന്നു മീനാംബാള്‍ എന്ന ധീരവനിതയുടെ മാതാപിതാക്കള്‍. വിദ്യാഭ്യാസത്തിനും സേവനത്തിനും പ്രാമുഖ്യം നല്‍കിയ കുടുംബമായിരുന്നു മീനാംബാളിന്റേത്. മുത്തച്ഛന്‍ റംഗൂണിലെ അക്കാലത്തെ അറിയപ്പെടുന്ന വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. ആദിദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്ന മീനാംബാളിന്റെ പിതാവ് മദ്രാസ് കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദലിത് സമുദായംഗമായിരുന്നു. 1923 അദ്ദേഹം മദ്രാസ് നിയമനിര്‍മാണ സഭയിലേക്കും നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി. റംഗൂണിലായിരുന്നു മീനാംബാള്‍ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1900-ല്‍ റംഗൂണില്‍ മുത്തച്ഛന്‍ സ്ഥാപിച്ച മധുരൈ പിള്ളൈ ഹൈസ്‌കൂളിലായിരുന്നു മീനാംബാളിന്റെ പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസം. 1917-ല്‍ റംഗൂണ്‍ കോളജില്‍ നിന്നും ഫെലോ ഓഫ് ആര്‍ട്‌സ് ബിരുദം നേടിയ ശേഷം 1918 – ല്‍ അവര്‍ തമിഴ്‌നാട്ടിലേക്ക് മടങ്ങുകയും നിയമബിരുദധാരിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശിവരാജിനെ വിവാഹം കഴിക്കുകയും ചെയ്തു.

വിദ്യാഭ്യാസാനന്തരം തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ മീനാംബാള്‍ മുത്തച്ഛന്റെയും പിതാവിന്റെയും പാതപിന്തുടര്‍ന്ന് പണ്ഡിറ്റ് അയോദി ദാസ് തുടക്കം കുറിച്ചു ദ്രാവിഡ പ്രസ്ഥാനത്തിന്റെ വിപ്ലവ പാത പിന്‍പറ്റി 1916 – ല്‍ രൂപം കൊണ്ട ദ്രാവിഡ പ്രസ്ഥാനത്തിലും 1925ല്‍ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ നേതൃത്വത്തില്‍ ഉദയംകൊണ്ട സ്വാഭിമാന പ്രസ്ഥാനത്തിലും ആകൃഷ്ടയാവുന്നതോടുകൂടിയാണ് അവരുടെ പൊതുജീവിതം ആരംഭിക്കുന്നത്. അബ്രാഹ്മണ പ്രസ്ഥാനങ്ങള്‍ എന്ന നിലയില്‍ പൊതുവെ ബ്രാഹ്മണാധിപത്യത്തിനും ജാതിവിവേചനത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ ഈ പ്രസ്ഥാനങ്ങള്‍ ബ്രാഹ്മണേതര സമത്വം, സ്ത്രീ വിദ്യാഭ്യാസം, യുക്തിവാദം, ദ്രാവിഡ സ്വത്വം എന്നിവക്കു വേണ്ടിയും ബ്രാഹ്മണേതര്‍ക്ക് വിദ്യാഭ്യാസം സര്‍ക്കാര്‍ ജോലി, രാഷ്ടീയ പ്രാതിനിധ്യം എന്നിവ നേടിയെടുക്കുന്നതിനും വേണ്ടിയുമാണ് നിലകൊണ്ടത്. 1928-ല്‍ ദേശീയ പ്രസ്ഥാനം ബഹിഷ്‌കരിച്ച സൈമണ്‍ കമീഷന് അനുകൂലമായി ദലിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രസംഗിക്കുന്നതോടുകൂടി അണ്ണെ മീനാംബാള്‍ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. തുടര്‍ന്ന് ദ്രാവിഡ പ്രസ്ഥാനത്തിന്റെ ശക്തയായ വക്താവായും സ്വാഭിമാന പ്രസ്ഥാനത്തിന്റെ സാരഥിയായും മീനാംബാള്‍ തമിഴകത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ടീയ മണ്ഡലങ്ങളില്‍ നിത്യസാന്നിധ്യമായി മാറി. സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സ്ത്രീളെയും അണിനിരത്തി അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദയുയര്‍ത്തിയ മീനാംബാള്‍ സ്ത്രീകളുടെ ആത്മാഭിമാനവും ശാക്തീകരണവും ലക്ഷ്യമാക്കി നൂറുകണക്കിന് ആത്മാഭിമാന സമ്മേളനങ്ങളാണ് തമിഴ്‌നാട്ടിലുടനീളം സംഘടിപ്പിച്ചത്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും എല്ലാ അവകാശങ്ങളും ലഭിക്കണമെന്നവര്‍ ശക്തിയായി വാദിച്ചു. സാമൂഹ്യ പരിവര്‍ത്തനം സമൂഹത്തിന്റെ അടിത്തട്ടത്തില്‍ നിന്നുണ്ടാകണം എന്നതായിരുന്നു അവരുടെ പക്ഷം. അതുകൊണ്ടു തന്നെ സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കാതെ വിസ്മരിക്കപ്പെട്ട ദലിത്- ബഹുജന്‍ സ്ത്രീ സമൂഹത്തിനിടയിലേക്ക് നവോത്ഥാനത്തിന്റെ വെളിച്ചമായി കടന്നുചെന്ന അവര്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ആത്മവിശ്വാസം, സംസ്‌കാരം എന്നിവയുടെ പരിപോഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1938 നവംബര്‍ 13-ന് മദ്രാസില്‍ സംഘടിപ്പിച്ച തമിഴ്‌നാട് വിമന്‍സ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കവെ സ്വാഭിമാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഇ.വി രാമസ്വാമിയെ അവര്‍ തതെന്ത പെരിയാര്‍ എന്നു അഭിസംബോധന ചെയ്തത് ചരിത്രത്തില്‍ രജതരേഖയായി രേഖപ്പെടുത്തപ്പെട്ടു.

സാമൂഹ്യ സമത്വം, സ്ത്രീ ശാക്തീകരണം, മര്‍ദ്ദിതരുടെ വിമോചനം, സ്വാഭിമാനം, നീതി എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച മീനാംബാളിന്റെ ഭര്‍ത്താവ് റാവു ബഹുദൂര്‍ എന്‍. ശിവരാജ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവും രാഷ്ട്രീയ നേതാവുമായിരുന്നു. ഡേ. അംബേദ്ക്കറുടെ ഏറ്റവും അടുത്ത അനുയായികളില്‍ പ്രധാനിയായിരുന്ന അദ്ദേഹമാണ് തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രസ്ഥാനത്തിന് അടിത്തറ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. സ്വാഭിമാന പ്രസ്ഥാനവും ജസ്റ്റീസ് പാര്‍ട്ടിയുമായി ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം സാമൂഹിക പരിഷ്‌കര്‍ത്താക്കളായ റെട്ടുമലൈ ശ്രീനിവാസന്‍, എം.സി രാജ തുടങ്ങിയവരുടെ സമകാലികനും സഹപ്രവര്‍ത്തകനുമായിരുന്നു. തമിഴ്‌നാട്ടില്‍ തന്തൈ ശിവരാജ് എന്ന പേരില്‍ പരക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും (1926-1937) സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും 1946-47 കാലഘട്ടത്തില്‍ മദ്രാസ് കോര്‍പ്പറേഷന്‍ മേയറായും സേവനം അനുഷ്ഠിച്ചിരുന്നു. 1942-ല്‍ നാഗ്പൂരില്‍ വച്ച് ഡോ. അംബേദ്കര്‍ ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ രൂപീകരിക്കുമ്പോള്‍ സംഘടനയുടെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് പ്രൊഫസര്‍ ശിവരാജിനെയായിരുന്നു. ദേശീയ തലത്തില്‍ ഇന്ത്യയില്‍ രൂപംകൊണ്ട ആദ്യത്തെ ദലിതരുടെ രാഷ്ടീയ പ്രസ്ഥാനമായിരുന്നു ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍. ഡോ. അംബേദ്ക്കറുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1957-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും 1964 വരെ ഇതേ പദവിയില്‍ തുടരുകയും ചെയ്തു. 1957 ല്‍ ചെങ്കല്‍പ്പെട്ട് മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഭര്‍ത്താവ് റാവു ബഹുദൂര്‍ എന്‍. ശിവരാജിനൊപ്പമാണ് മീനാംബാള്‍ ദേശീയതലത്തില്‍ ഡോ. അംബേദ്കര്‍ നേതൃത്വം നല്‍കിയ മര്‍ദ്ദിത ജനവിഭാഗങ്ങളുടെ വിമോചന മുന്നറ്റത്തില്‍ പങ്കാളിയാവുന്നത്. 1942 ല്‍ ഡോ. അംബേദ്കര്‍ ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ രൂപീകരിക്കുന്നതു മുതല്‍ അവര്‍ അംബേദ്കര്‍ പ്രസ്ഥാനവുമായുള്ള ബന്ധം ശക്തിപ്പെടുത്തി. 1942 ജലായ് 20 ന് നാഗ്പുരില്‍ വച്ചു നടന്ന ആള്‍ ഇന്ത്യാ ഡിപ്രസ്ഡ് ക്ലാസസ് വുമണ്‍സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് മീനാംബാള്‍ ശിവരാജിനെയായിരുന്നു. എന്നാല്‍, പല കാരണങ്ങളാല്‍ അവര്‍ക്ക് ആ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായില്ല. അവരുടെ അസാന്നിധ്യത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സുലോചന ഡോംഗ്രെയാണ് അധ്യക്ഷപദം അലങ്കരിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25000 ദലിത് സ്ത്രീകള്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ വച്ചാണ് ദലിതരുടെ അഖിലേന്ത്യ പ്രസ്ഥാനമായ ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് വുമണ്‍സ് ഫെഡറേഷന്‍ രൂപീകരിക്കപ്പെടുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസം, വിവാഹ നിയമങ്ങള്‍, രാഷ്ട്രീയ പങ്കാളിത്തം എന്നിവയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സംഘടന നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. 1944-ല്‍ മദ്രാസില്‍ വച്ചു നടന്ന വനിതാ ഫെഡറേഷന്റെ രണ്ടാം അഖിലേന്ത്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് മീനാംബാള്‍ ശിവരാജായിരുന്നു. സൗത്ത് ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ പ്രസിഡന്റായും അവര്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1945 മേയ് 6-ന് ബോംബെയില്‍ വച്ചു നടന്ന ഫെഡറേഷന്റെ മൂന്നാം അഖിലേന്ത്യ സമ്മേളനത്തിലും അവര്‍ നേതൃത്വപരമായ പങ്കുവഹിച്ചു.

ദലിതരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഇന്ത്യയിലെ ആദ്യകാല ദലിത് വനിതാ നേതാക്കളില്‍ പ്രമുഖയും സാമൂഹിക പരിഷ്‌കര്‍ത്താവും രാഷ്ടീയ നേതാവുമായിരുന്ന അണ്ണെ മീനാംബാള്‍ ശിവരാജ് 1992 നവംബര്‍ 30-ന് ആണ് വിടവാങ്ങുന്നത്. സംഭവബഹുലമായ ആറു പതിറ്റാണ്ടുകാലത്തെ അവരുടെ ജീവിതം സാമൂഹിക നവോത്ഥാനത്തിന്റെയും രാഷ്ടീയ മുന്നേറ്റങ്ങളുടെയും പരിവര്‍ത്തനോന്മുഖമായൊരു കാലഘട്ടത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. പെരിയാര്‍ ഇ.വി രാമസ്വാമിയുടെയും മറ്റും നേതൃത്വത്തില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് ആത്മാഭിമാന -ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടതും ഡോ. അംബേദ്ക്കറുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ദലിത് മുന്നേറ്റം യാഥാര്‍ഥ്യമായതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. ചരിത്രത്തിന്റെ ഈ പരിവര്‍ത്തിത ഘട്ടത്തില്‍ നിരവധി അംഗീകാരങ്ങളും പദവികളും മീനാംബാളിനെ തേടിയെത്തിയിരുന്നു. 1944-ല്‍ മദ്രാസില്‍ വച്ചു നടന്ന ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് അണ്ണെ മീനാംബാളായിരുന്നു. ഒരു അഖിലേന്ത്യാ പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ പദം അലങ്കരിക്കുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വനിതയായിരുന്നു മീനാംബാള്‍. തമിഴ് ജനത അവരെ ആദരപൂര്‍വം അണ്ണെ മീനാംബാള്‍ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. മദ്രാസ് കോര്‍പ്പറേഷനില്‍ അംഗമാവുന്ന ആദ്യത്തെ ദലിത് വനിതാ പ്രതിനിധിയും മീനാംബാള്‍ ശിവരാജായിരുന്നു. മദ്രാസ് കോര്‍പ്പറേഷനിലെ ആദ്യത്തെ വനിത സെപ്പൂട്ടി മേയര്‍, മദ്രാസ് പ്രവിശ്യയിലെ ഓണററി മജിസ്‌ട്രേറ്റ്, മദ്രാസ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റികളില്‍ സെനറ്റ് അംഗം, യുദ്ധാനന്തര പുനരുദ്ധാരണ കമ്മിറ്റി അംഗം, ലേഡി വില്ലിംഗ്ടണ്‍ കോളജ് സെലക്ഷന്‍ കമ്മിറ്റി ഹെഡ്, ഷെഡ്യൂള്‍ഡ് കാസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, വിമന്‍സ് എന്റര്‍പ്രെണേഴ്‌സ് അസോസിയേഷന്‍ ചീഫ് തുടങ്ങിയ നിലകളിലും അവര്‍ സേവനം അനുഷ്ഠിച്ചു. 2023 ല്‍ നിവേദിത ലൂയിസ് പ്രസിദ്ധീകരിച്ച, ദക്ഷിണേന്ത്യയുടെ ഗതിമാറ്റിയ 45 ധീരവനിതകളുടെ ജീവിത കഥകള്‍ പ്രതിപാദിക്കുന്ന Trailblazzers : the first women of South India എന്ന ഗ്രന്ഥത്തിന്റെ രണ്ടാമധ്യായം അണ്ണെ മീനാംബാള്‍ ശിവരാജ് എന്ന റാഡിക്കല്‍ ഫെമിനിസ്റ്റിന്റെ അസാധാരണ ജീവിതത്തെ ഹൃദയസ്പര്‍ശിയായി അടയാളപ്പെടുത്തുന്നു.

Related