ബാഷ എന്ന തമിഴ് സിനിമയിലെയും ഹം എന്ന ഹിന്ദി സിനിമയിലെയും നഗരങ്ങളുടെ ദൃശ്യതകളെ നോക്കിക്കാണുവാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ പുറത്തിറങ്ങിയ ബച്ചന്‍ സിനിമയായ ഹം ല്‍ നിന്നും ആശയം ഉള്‍കൊണ്ടുകൊണ്ട് രജനികാന്ത് താല്‍പര്യമെടുത്ത് നിര്‍മിച്ച സിനിമയാണ് ബാഷ എന്ന് എല്ലാവര്‍ക്കും അറിയാം. ഈ രണ്ടു സിനിമകളിലും രജനികാന്ത് അഭിനയിച്ചിട്ടുമുണ്ട്. ഗ്ലോബലൈസേഷന്റെ തുടക്കകാലത്ത് പുറത്തിറങ്ങിയ ഹം എന്ന സിനിമയും, അത് കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തൊണ്ണൂറ്റി അഞ്ചില്‍ പുറത്തിറങ്ങിയ ബാഷ എന്ന സിനിമയിലെയും ബോംബെ, മദ്രാസ് എന്നീ നഗരങ്ങള്‍ എങ്ങനെയാണ് ഈ സിനിമകള്‍ വിഷ്വലുകളില്‍ രൂപപ്പെടുത്തുന്നത് എന്നത് ആ കാലഘട്ടത്തെ ബന്ധപ്പെടുത്തി കാണുവാനുള്ള ശ്രമമാണ്.
അമിതാബ് ബച്ചന്‍ എന്ന നടന്റെ ഹീറോഷിപ്പില്‍ ഏറ്റവും അവസാനത്തെ പോപ്പുലര്‍ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളില്‍ ഒന്നായിരുന്നു ഹം എന്നു വേണമെങ്കില്‍ പറയാം. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് സിനിമകളിലും, ആംഗ്രി യങ് മാന്‍ സിനിമകളിലും, അതുപോലെ ആക്ഷന്‍ സിനിമകളിലും തിളങ്ങിയ അമിതാബ് ബച്ചന്‍ ഗ്ലോബലൈസേഷന്റെ കാലത്ത് പതിയെ ഇന്ത്യന്‍ സ്‌ക്രീനിലെ ഹീറോയിസത്തില്‍ നിന്ന് പുറകിലേക്ക് പോകുകയായിരുന്നു. അതിനു ശേഷം വന്ന അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ നടന്മാരൊക്കെ ആഗോളവത്കരണത്തിനു ശേഷമുള്ള തുറവിയുടെ ലോകത്ത് പുതിയ ഹീറോസിനെ/നായക സങ്കല്പങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. അമിതാബ് ബച്ചന്റെ ഹം എന്ന സിനിമയിലെ ബോംബെ നഗരത്തിന്റെ മുകുള്‍ എസ്. ആനന്ദിന്റെ ചിത്രീകരണത്തില്‍ തന്നെ ഗ്ലോബലൈസേഷന്റെ തുടക്കത്തിന്റെ മുമ്പുള്ള അമിതാബ് സെന്‍സിബിലിറ്റിയില്‍ ആണ് ആ സിനിമ രൂപപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. അതായത് എണ്‍പതുകളില്‍ കാണുന്ന അമിതാബ് ബച്ചന്‍ സിനിമകളുടെ ഇമോഷണല്‍ ട്രാക്കിലും ഭാഷയിലും തന്നെയായിരുന്നു ഈ സിനിമയും രൂപപ്പെട്ടത്.
ബോംബെയിലെ ഒരു തുറമുഖത്തില്‍ കപ്പലുകള്‍ക്കിടയിലെ തൊഴിലാളി വര്‍ഗത്തിന്റെ ഐഡന്റിറ്റിയായിട്ടാണ് അമിതാബ് ബച്ചന്‍ ഈ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. ബോംബെ നഗരത്തിലെ കപ്പല്‍ശാലയും അതിനോട് ചേര്‍ന്നിട്ടുള്ള തൊഴിലാളി വര്‍ഗ ആവാസസ്ഥാനങ്ങളും ഒക്കെയാണ് ദൃശ്യതയില്‍ വരുന്നത്. ഏറ്റവും വലിയ മെക്കാനിക്കല്‍ അല്ലെങ്കില്‍ മോഡേണ്‍ ഡെവലപ്‌മെന്റ് ആയി ബോംബെ സിറ്റിയില്‍ ഈ സിനിമയില്‍ ദൃശ്യതപ്പെടുന്നത് അവിടത്തെ കപ്പലുകളാണ്. ഗ്ലോബലൈസേഷന്റെ കള്‍ച്ചറല്‍ മാറ്റങ്ങള്‍ക്കു മുമ്പുള്ള ഒരു കാലം. അതുമായി ബന്ധപ്പെട്ടിട്ടുള്ള തൊഴിലാളി വര്‍ഗ ഹീറോയിസമാണ് ആ സിനിമയില്‍ അമിതാബിന്റേതായി പുറത്തുവരുന്നത്. ഈ സിനിമയിലെ അമിതാബിന്റെ തുടക്കത്തിലെ ആക്ഷന്‍ സീനില്‍ കപ്പല്‍ വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളി ഇടങ്ങളായ ഗാരേജ്, ഫര്‍നെസ്, ചങ്ങലകള്‍, കപ്പല്‍, അവിടത്തെ തെരുവുകള്‍ ഒക്കെ തന്നെയും കാണിക്കുന്നു. ഒരു ഫിക്ഷണല്‍ സിനിമ ആണെങ്കിലും മുംബൈ നഗരത്തിന്റെ ഒരു റിയലിസ്റ്റിക് മോഡും ആ സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. അതായത് ബോംബെ പോലുള്ള ഒരു മെട്രോ നഗരത്തിലെ കോംപ്ലെക്‌സിറ്റീസ് ഏകതാനമല്ലാത്ത ഒരു രീതിയില്‍ ഈ സിനിമയില്‍ ചിത്രീകരിക്കുന്നു.
ഇതേ സിനിമയില്‍ തന്നെയാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയ ”ജുമ്മാ ജുമ്മാ… ദേ ദേ…” എന്ന പാട്ടും രൂപപ്പെടുന്നത്. ഏകദേശം ഏഴ് മിനിറ്റോളം നീളമുള്ള ഈ പാട്ടും സെറ്റ് ചെയ്തിരിക്കുന്നത് ഈ കപ്പല്‍ശാലകളുമായി ബന്ധപ്പെട്ട തൊഴിലാളി ഇടങ്ങളിലാണ്. എണ്‍പതുകളില്‍ കാണുന്ന കാബറെ ഡാന്‍സുകളുടെ പരിഷ്‌കരിച്ച രീതിയിലുള്ള ലേഡി ഡാന്‍സ് ചിത്രീകരണവുമാണ് ആ പാട്ടിലും. ഷോലെ പോലുള്ള സിനിമകളിലെ ‘മെഹ്ബൂബാ മെഹ്ബൂബ’ തുടങ്ങിയ കാബറെ ഡാന്‍സുകളുടെ പരിഷ്‌കരിച്ച വേറൊരു കള്‍ച്ചറല്‍ സ്‌പേസിലെ പതിപ്പ് എന്നു വേണമെങ്കില്‍ പറയാം. ഗ്ലോബലൈസേഷന്‍ ശേഷമുള്ള ഇന്ത്യന്‍ സിനിമകളില്‍ ഇത്തരം ഡാന്‍സുകളുടെ സ്‌റ്റൈലുകളും അവ കളിക്കുന്ന ഇടങ്ങളും അവയുടെ ഇറോട്ടിക് സ്ട്രക്ചറുകളും ഒക്കെ പാടെ മാറിയിരുന്നു. ഈ ഡാന്‍സില്‍ ചായ കുടിക്കുന്ന തൊഴിലാളികളുടെ വെള്ള കപ്പുകളൊക്കെ ഉപകരണങ്ങളായി മാറുന്നുമുണ്ട്. അതേ സമയം പാന്റ്‌സും ഷര്‍ട്ടും അടക്കമുള്ള മോഡേണിറ്റിയുടെ വേഷങ്ങളാണ് തൊഴിലാളികളായ അമിതാബ് ബച്ചനും കൂട്ടുകാരും ധരിക്കുന്നത്. ഇന്ത്യന്‍ വേഷങ്ങള്‍ ഒന്നുമല്ല അത്. തൊഴിലാളികളുടെ വളരെ കീഴാളമായ ഒരു ഇടത്ത് നിന്നാണ് ഈ ഡാന്‍സ് രൂപപ്പെടുന്നത്. ഒരുപക്ഷേ അമിതാബ് ബച്ചന്‍ ഏറ്റവും അവസാനം ഇന്ത്യന്‍ പോപ്പുലര്‍ കള്‍ച്ചറിനെ റോക്ക് ചെയ്ത ഒരു ഡാന്‍സ് ആയിരിക്കാം ജുമ്മാ ജുമ്മാ ദേ ദേ. അതുപോലെ എണ്‍പതുകളിലെ അമിതാബ് ബച്ചന്‍ സിനിമകളിലേതുപോലുള്ള പലായനം (ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള പറിച്ചുനടല്‍), വയലന്റ് ആയ ആക്ഷന്‍ രംഗങ്ങള്‍, കുടുംബബന്ധങ്ങളിലെ സ്‌നേഹം ഒക്കെ ഈ സിനിമയിലും നിലനിറുത്തുന്നുണ്ട്. പിന്നീട് വരുന്ന ഖാന്‍ ത്രയങ്ങളിലെ സിനിമകളില്‍ മേല്‍ പറഞ്ഞ സ്വഭാവങ്ങള്‍ക്ക് മാറ്റം ഉണ്ടാകുന്നു.
ഹം എന്ന സിനിമയിലെ ബോംബെ എന്ന നഗരത്തിലെ തുടക്കജീവിതമാണ് ഈ സിനിമയെ പല രീതിയില്‍ അട്ടിമറിച്ച് നിര്‍മിച്ചിട്ടുള്ള ബാഷ എന്ന സിനിമയില്‍ അന്നത്തെ മദ്രാസ് എന്ന നഗരത്തില്‍ രൂപീകരിക്കുന്നത്. ഹം എന്ന സിനിമയില്‍ ബച്ചന്‍ ബോംബെയിലെ കപ്പല്‍ശാലയിലോ മറ്റോ ഉള്ള ഒരു തൊഴിലാളിയായി മാറുമ്പോള്‍, ബാഷയില്‍ രജനീകാന്ത് മദ്രാസ് എന്ന നഗരത്തിലെ ഒരു ഓട്ടോ തൊഴിലാളിയായി മാറുകയാണ്. രജനീകാന്തിന്റെ വസ്ത്രങ്ങളും പാന്റ്‌സ്, ഷര്‍ട്ട്, ഷൂസ് തുടങ്ങിയ മോഡേണിറ്റിയുടെ വസ്ത്രങ്ങളാണ്. ഓട്ടോ റിക്ഷ തൊഴിലിനും ഒരു അഭിമാനം നിര്‍മ്മിക്കുന്ന ഒരു കോസ്റ്റ്യൂം സ്ട്രക്ചര്‍ ആയിരുന്നു ബാഷയിലെത്. പക്ഷേ ഹം എന്ന സിനിമയിലെ കോംപ്ലെക്‌സ് ആയ ബോംബെ നഗരത്തിലെ കോംപ്ലെക്‌സ് റിയാലിറ്റി ഫ്രെയിമുകളില്‍ നിന്നു വ്യത്യസ്തമായി ആണ് മദ്രാസ് എന്ന നഗരത്തെ സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ഫിക്ഷണല്‍ നഗരത്തെ സിനിമാറ്റിക് സെറ്റിലൂടെ രൂപപ്പെടുത്തുന്നതുപോലെ തോന്നിപ്പോകുന്നതാണ് ഈ സിനിമയിലെ മദ്രാസിന്റെ കണ്‍സ്ട്രക്ഷന്‍.
ബാബരി മസ്ജിദ് സംഭവത്തിനു ശേഷമുള്ള ഒരു കാലത്ത് തൊണ്ണൂറ്റി അഞ്ചിലാണ് ബാഷ എന്ന സിനിമ പുറത്തിറങ്ങുന്നത്. മദ്രാസ് എന്ന നഗരത്തില്‍ ആയുധപൂജ എന്ന ഒരു ആഘോഷത്തില്‍ ”നാന്‍ ഓട്ടോക്കാരന്‍ ഓട്ടോക്കാരന്‍” എന്ന പാട്ട് പാടി കൃത്യമായ ഒരു ഹിന്ദു ഐഡന്റിറ്റിയിലാണ് രജനീകാന്തിന്റെ മാണിക്യം എന്ന ഐഡന്റിറ്റിയെ ഈ സിനിമയില്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നത്. മദ്രാസ് നഗരത്തിലെ ആയുധ പൂജയിലെ ഡാന്‍സ് ബോംബെ നഗരത്തിലെ ‘ജുമ്മാ ജുമ്മാ..’ എന്ന പാട്ടില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ജൂമ്മാ ജൂമ്മാ എന്ന പാട്ടില്‍ ആഘോഷവും, തൊഴിലാളി ജീവിതവും, സെക്‌സ്വല്‍ ഇറോട്ടിസവും ഒക്കെ ആഘോഷമാകുമ്പോള്‍ ബാഷയിലെ ‘നാന്‍ ഓട്ടോക്കാരന്‍’ എന്ന പാട്ടില്‍ ഹിന്ദു ആചാരങ്ങള്‍, കുടുംബം, സാഹോദര്യം തുടങ്ങിയ ശുദ്ധിയുടെ തലത്തിലേക്ക് മദ്രാസിന്റെ ഒരു തെരുവിനെ ചേര്‍ത്തുനിരത്തുന്നു. ജൂമ്മാ ജൂമ്മാ ‘അശുദ്ധിയുടെ’ ആഘോഷമാകുമ്പോള്‍ ‘നാന്‍ ഓട്ടോക്കാരന്‍’ ദേശീയതയുടെ കുടുംബത്തിന്റെ ശുദ്ധിയുടെ വൈബ്രേഷനുകള്‍ സൃഷ്ടിക്കുന്നു. ഈ പാട്ട് കഴിഞ്ഞ ഉടനെ ആ ഒരു ഹിന്ദു കുടുംബത്തില്‍ നടക്കുന്ന സന്തോഷത്തിന്റെ / നന്മയുടെ സീനുകളാണ് എസ്റ്റാബ്ലിഷ് ചെയ്യുന്നത്. പക്ഷേ ഏറ്റവും വലിയ ഒരു മാജിക്കല്‍ റിയലിസ്റ്റിക് പാരഡോക്‌സ് എന്നത് ബാഷയിലെ മാണിക്യം അമിതാബ് ബച്ചന്റെ ഹം എന്ന സിനിമയിലെ ഒരു ജീവിതം ബോംബെ എന്ന ‘അശുദ്ധിയുടെ’ നഗരത്തില്‍ ബാഷയില്‍ ജീവിച്ചിരുന്നു എന്നതാണ്.
സ്വന്തം നഗരം, ദേശം, ഗ്രാമം, ജിയോഗ്രഫികള്‍ എന്ന ഒരു തിങ്കിങ് പാറ്റേണ്‍ ബാഷ എന്ന സിനിമയിലെ മദ്രാസ്-ബോംബെ എന്ന കണ്‍സ്ട്രക്ഷനില്‍ രൂപപ്പെടുന്നുണ്ട് എന്ന് തോന്നുന്നു. മനുഷ്യര്‍ക്ക് പ്രെം ഡിജിറ്റല്‍ കാലത്ത് സ്വന്തം നാട്, വേര്, ഗ്രാമം തുടങ്ങിയവ ഒക്കെ ചിലപ്പോള്‍ നൊസ്റ്റാള്‍ജിയ ആയിരിക്കാം. പക്ഷേ ഈ സ്വന്തം നാട്, ഗ്രാമം, ദേശം എന്നതൊക്കെ ഒരു ജാതി വ്യവസ്ഥയുടെ ഹിന്ദുത്വ ജീവിതങ്ങളുടെ സ്ട്രക്ചറില്‍ ആരുടെ നാട് എന്ന ഒരു ചോദ്യം ഉയരുന്നു. ഇന്ത്യയിലെ ഏത് ഗ്രാമവും സ്വന്തം നാടും, എന്തിന് നഗരവും, ജാതിയില്‍ താഴെ നില്‍ക്കുന്ന കീഴാള സമൂഹങ്ങള്‍ക്ക് ജയില്‍ ആയിരുന്നു എന്നതാണ് ഒരു കാര്യം. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ എണ്‍പതുകളിലെ ദലിത് സമൂഹങ്ങള്‍ ഒക്കെ വിദ്യാഭ്യാസങ്ങള്‍ക്ക് ശേഷമുള്ള സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ പോലുള്ള തൊഴില്‍ രൂപങ്ങളിലൂടെ ഗ്രാമങ്ങളും സ്വന്തം ദേശങ്ങളും വിട്ട് വണ്ടി കയറിയത്.
രജനീകാന്ത് ജീവിക്കുന്ന മാണിക്യം എന്ന ആ സിനിമ രൂപീകരിക്കുന്ന ഒരു ‘അഭിനയ’ ജീവിതത്തിലേക്കാണ് ഇത്തരം ഒരു കുടുംബം, കൂട്ടുകാര്‍, തൊഴില്‍, ഓട്ടോറിക്ഷ, പൂജകള്‍, അമ്പലങ്ങള്‍ തുടങ്ങിയവ രൂപപ്പെടുന്ന ഒരു സെറ്റ്അപ്പിലേക്ക് മാറുന്നത്. അതേ സമയം ഗുണ്ടകള്‍, അധോലോകങ്ങള്‍ ഒക്കെ ആ നഗരത്തിലും ഉണ്ട്. പക്ഷേ ആ നഗരവും ബോംബെ എന്ന നഗരവും സെറ്റ് ചെയ്ത രീതിയില്‍, അതിന്റെ ആര്‍ക്കിടെക്ചറുകളില്‍, ജീവിതങ്ങളുടെ ആചാരങ്ങളില്‍, നഗര ദൃശ്യങ്ങളില്‍, വയലന്‍സില്‍, എന്തിന് ബി.ജി.എം.-ല്‍ പോലും വ്യത്യാസങ്ങള്‍ ഉണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ ഓട്ടോ എന്ന വാഹനത്തിനു അതിന്റേതായ സാമൂഹിക ചരിത്രമുണ്ട്. ഒരുപക്ഷേ അധികം വിദ്യാഭ്യാസമില്ലാത്ത കീഴാള സമൂഹങ്ങള്‍ക്ക് നാട്ടുതൊഴിലില്‍ നിന്ന് അതായത് കൃഷിപ്പണി, കെട്ടിട നിര്‍മ്മാണ തൊഴില്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് ഒരു രക്ഷപ്പെടലും സ്വാതന്ത്ര്യവും ആയിരുന്നു ഓട്ടോറിക്ഷ പണി. അതേ സമയം ഒരു ഓട്ടോറിക്ഷയുടെ മുതലാളി ആകുമ്പോള്‍ അവര്‍ക്ക് അതിന്റെ ഒരു അഭിമാനവും ഉണ്ടായിരുന്നു. കീഴാള സമൂഹങ്ങള്‍ അവരുടെ മെക്കാനിക്‌സിലേക്കുള്ള പുതിയ തൊഴില്‍ മേഖലകളിലേക്കുള്ള ഒരു കടന്നുകയറ്റമായിരുന്നു ഓട്ടോറിക്ഷ തൊഴില്‍. അത്തരം ഒരു തൊഴിലിലേക്കാണ് രജനീകാന്ത് ഈ സിനിമയില്‍ ബോധപൂര്‍വം കടന്നുകയറുന്നത്. ഒരു സാധാരണക്കാരന്റെ ഇമേജിലേക്ക് രജനീകാന്ത് വളരെ പെട്ടെന്ന് കയറുകയാണ്. പക്ഷേ അയാളുടെ ആചാരങ്ങളും ജീവിതവും ഒന്നും തന്നെ കീഴാളമല്ല എന്നതാണ്. മോഹന്‍ലാല്‍ എന്ന നടന്‍ ‘എയ് ഓട്ടോ’ എന്ന സിനിമയില്‍ ഇതുപോലെ സാധാരണക്കാരന്റെ ഇമേജിലേക്ക് ഓട്ടോറിക്ഷയിലൂടെ വളരെ എളുപ്പം കടക്കുന്നു. പക്ഷേ ഇതേ എയ് ഓട്ടോയിലാണ് തൊഴിലില്ലാത്ത ബ്രാഹ്മണന്‍ ഓട്ടോ ഓടിക്കുന്ന ദാരിദ്ര്യത്തിന്റെ റിവേഴ്‌സ് പൊളിറ്റിക്‌സും പറയുന്നത്.
അതേ സമയം ബോംബെ എന്ന നഗരം അണ്ടര്‍വേള്‍ഡ്, ഗുണ്ടാവിളയാട്ടം, കുടിയൊഴിപ്പിക്കല്‍, ചേരി തുടങ്ങിയ പല രീതികളിലൂടെ ബാഷയില്‍ രൂപപ്പെടുന്നു. ആര്യന്‍ എന്ന മലയാളം സിനിമയില്‍ നിഷ്‌കളങ്കമായ ഒരു നമ്പൂതിരി തറവാട്ടില്‍ നിന്ന് ബോംബെയിലെ ‘അശുദ്ധിയിലേക്ക്’ പോകുന്ന ഒരു ബ്രാഹ്മണ നായകന്‍ രക്ഷപ്പെടുന്നതുപോലെ, മദ്രാസില്‍ ഗുണ്ടകളെ നേരിടുന്ന മാണിക്യം അവിടെയും അണ്ടര്‍വേള്‍ഡ് വഴിയാണ് ആ നഗരം ഭരിക്കുന്നത്. ബോംബെയില്‍ സ്വന്തം സുഹൃത്തിന്റെ ബാഷ എന്ന മുസ്ലിം പേര് സ്വീകരിച്ച ഒരു അണ്ടര്‍വേള്‍ഡ് നായകനായി രൂപാന്തരം പ്രാപിക്കുന്നു. പല തരത്തിലുള്ള അശുദ്ധികളുടെ ഒരു കേന്ദ്രമായി ബോംബെ എന്ന നഗരം രൂപാന്തരപ്പെടുന്നു. അശുദ്ധിയിലൂടെ, അണ്ടര്‍വേള്‍ഡിലൂടെ ആണ് ഈ നഗരത്തിലെ ഹീറോയിസം രൂപപ്പെടുന്നത്. സകല വയലന്‍സും ഉള്ള അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയി അയാള്‍ അവിടെ കുടുംബത്തിന് പുറത്തു കടക്കുന്നു. അതേസമയം മദ്രാസിലെ മാണിക്യം കുടുംബത്തിന് അകത്തെ മനുഷ്യനാണ്. പക്ഷേ, രണ്ടിടങ്ങളിലും അയാള്‍ ഹീറോയാണ്. അത് ഒരുപക്ഷേ രജനീകാന്ത് എന്ന താരശരീരത്തിനോട് ചേര്‍ത്തുവെച്ചിരിക്കുന്ന ഹീറോഷിപ്പും ആകാം. രണ്ടു നഗരങ്ങളിലെ ഒരേ മനുഷ്യന്റെ രണ്ടു ജീവിതങ്ങള്‍ രണ്ടു സാംസ്‌കാരിക പരിസരങ്ങളില്‍ ഒരു സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നു.
അതായത് ഹം എന്ന സിനിമയിലും ബാഷയിലും കാണുന്ന ബോംബെ പല തരത്തിലുള്ള മിക്‌സഡ് കള്‍ച്ചറുകളുടെ റെപ്രസന്റേഷന്‍ ആകുന്നു. തൊഴിലാളി വര്‍ഗം, അവരുടെ ആഘോഷങ്ങള്‍, ഇറോട്ടിക് ആയ ലേഡി കാബറെകള്‍, അണ്ടര്‍വേള്‍ഡ്, മുസ്‌ലിംകളുടെ ചെറുത്തുനില്‍പ്പ്, കുടിയൊഴിപ്പിക്കല്‍, ചോര വാര്‍ക്കുന്ന വയലന്‍സ് തുടങ്ങിയ അനേകം വൈരുധ്യങ്ങളിലൂടെ അശുദ്ധികളുടെ നഗരമായി മാറുന്നു. അതേസമയം ബാഷയില്‍ മദ്രാസ് നഗരത്തില്‍ പലവിധ വില്ലനിസങ്ങള്‍ രൂപപ്പെടുന്നുണ്ടെങ്കിലും, ആ സിനിമയില്‍ മദ്രാസ് എന്ന നഗരത്തിന് സെറ്റ് ചെയ്തിരിക്കുന്നത് അതിലെ കുടുംബബന്ധങ്ങള്‍, അതിലെ ആചാരങ്ങള്‍, ഹിന്ദു ജീവിതങ്ങള്‍, ഇമോഷനുകള്‍, ആര്‍ക്കിടെക്ചറുകള്‍, പൂജയ്ക്ക് ഉപയോഗിക്കുന്ന ടൂളുകള്‍ എന്നിവയിലൂടെ വേറെ ഒരു ലോകം തീര്‍ക്കുന്നതാണ്. ബാഷയിലെ ബോംബെയില്‍ പോലും ഒരു ഗണപതി കോവിലിലെ ബോംബാണ് ബാഷ നിര്‍വീര്യമാക്കുന്നത്. പക്ഷേ മദ്രാസിനെ/ചെന്നൈ നഗരത്തെ സംബന്ധിച്ചിടത്തോളം അതിനു മുമ്പും പിന്നീടും വന്നിട്ടുള്ള മറ്റു നിരവധി (വടചെന്നൈ പോലുള്ള) തമിഴ് സിനിമകളില്‍ വളരെ വയലന്റ് ആയ ചെന്നൈ നഗരത്തെയും, ‘അശുദ്ധിയുടെയും’ കീഴാള ജീവിതത്തിന്റെ വേറെ ഒരു ചെന്നൈ നഗരത്തെയും കാണിച്ചിട്ടുണ്ട്.
ഹം എന്ന സിനിമയില്‍ ഇത്തരം ബോംബെ നഗരത്തില്‍ നിന്ന് രക്ഷപ്പെട്ട അമിതാബ് ബച്ചന്‍ വേറെ ഒരു ദേശത്ത് കുടുംബം എന്ന ഒരു ‘പോസിറ്റീവ്’ ഫീല്‍ഡിലേക്ക് എത്തുന്നു. അവിടെ സ്‌നേഹം, സ്‌നേഹത്തിന്റെ പാട്ടുകള്‍ ഒക്കെ രൂപപ്പെടുന്നു. അവിടത്തെ വീടുകളും ജിയോഗ്രഫികളും പോലും അത്ര സ്വച്ഛമായാണ് സിനിമ രൂപപ്പെടുത്തുന്നത്. അതുപോലെ തന്നെ ബാഷയിലെ മദ്രാസും നഗരമാണെങ്കിലും കുടുംബവും ആചാരങ്ങളും ഒക്കെ ചേര്‍ത്ത് വെക്കുന്ന വേറെ ഒരു നഗരദൃശ്യം രൂപപ്പെടുത്തുന്നു. പക്ഷേ, പോസ്റ്റ് ബാബരി മസ്ജിദ് കാലത്ത് മലയാളം സിനിമയില്‍ ധ്രുവം പോലുള്ള സിനിമകളില്‍ ഹൈദര്‍ മരക്കാര്‍ പോലുള്ള വില്ലനെയും നരസിംഹ മന്നാടിയാര്‍ പോലുള്ള ക്ഷത്രിയ തമ്പുരാനെയും രൂപപ്പെടുത്തുമ്പോള്‍, ബാഷയില്‍ അന്‍വര്‍ ബാഷ എന്ന അനീതിക്കെതിരെ പോരാടി മരിക്കുന്ന ഒരു മുസ്‌ലിം കഥാപാത്രത്തെ രൂപീകരിക്കുന്നത് വേറെ ഒരു തലത്തിലാണ്.
ഒരു മൂലകഥയില്‍ നിന്ന് പിറന്ന രണ്ടു സിനിമകള്‍ രണ്ടു ഭാഷകളില്‍ നിര്‍മിക്കുമ്പോള്‍, ആ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന ബോംബെ എന്ന നഗരവും മദ്രാസ് എന്ന നഗരവും സിനിമാറ്റിക് വിഷ്വലുകളില്‍ രൂപപ്പെടുത്തുന്ന കോംപ്ലെക്‌സ് ആയ പല ധാരകളും നിര്‍മിക്കുന്നു. അതിനെ ഇനിയും പലവിധ സാധ്യതകളില്‍ വായിച്ചെടുക്കാവുന്നതാണ്.
