August 9 Sunday 2026

ഭരണഘടനയെ തകര്‍ക്കുന്ന അമിത് ഷായുടെ ഭേദഗതി ബോംബ്

2025 ആഗസ്റ്റ് 20ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച നൂറ്റിമുപ്പതാം ഭരണഘടനാ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239 (AA) എന്നിവയില്‍ ഗൗരവതരമായ മാറ്റം വരുത്താനുദ്ദേശിച്ചിട്ടുള്ളതാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര/സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതര കുറ്റാരോപങ്ങളോടെ 30 ദിവസം ജയിലിയടയ്ക്കപ്പെട്ടാന്‍ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടേണ്ടതുണ്ടെന്ന് ഭേഗദതി വ്യവസ്ഥ നിര്‍ദേശിക്കുന്നു.

  • മുഖ്യ വ്യവസ്ഥകള്‍
    ആര്‍ട്ടിക്കിള്‍ 75 (പ്രധാനമന്ത്രി, യൂണിയന്‍ മന്ത്രിമാര്‍), ആര്‍ട്ടിക്കിള്‍164 (മുഖ്യമന്ത്രിമാര്‍), Article239AA (ഡല്‍ഹി മന്ത്രിസഭ) എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഗുരുതര ചാര്‍ജില്‍ കുറ്റം ആരോപിക്കപ്പെട്ട് 30 ദിവസം തടവിലായാല്‍ (ശിക്ഷ വിധിക്കപ്പെടണമെന്നില്ല) സ്ഥാനം നഷ്ടപ്പെടുത്തുക എന്നതിനാണ് മേല്‍പ്പറഞ്ഞ നിയമമാറ്റം പ്രധാനമായും നിര്‍ദ്ദേശിക്കുന്നതാണ്.
  • മുപ്പത്തിയൊന്നാം ദിവസത്തില്‍, പ്രധാനമന്ത്രി/മുഖ്യമന്ത്രി/മന്ത്രിമാര്‍ എന്നിവര്‍ സ്വയം രാജി വെക്കണം, അല്ലെങ്കില്‍ അവരെ രാഷ്ട്രപതിക്ക് (പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍) അല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് (സംസ്ഥാന മുഖ്യമന്ത്രി/സംസ്ഥാന മന്ത്രിമാര്‍) പുറത്താക്കാന്‍ അധികാരമുണ്ടാകും.
  • തടവില്‍ നിന്ന് മോചിക്കപ്പെട്ട ശേഷം വീണ്ടും അതേ സ്ഥാനത്ത് വരുന്നതിന് തടസ്സമില്ല.
    പാര്‍ലമെന്റില്‍ അതിരൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ബില്ല് JPC (Joint Parliamentary Committee) യുടെ പരിഗണനക്ക് വിടാന്‍ തീരുമാനിച്ചിരിക്കുന്നു.

ജനാധിപത്യ, ധാര്‍മിക പ്രതിസന്ധികള്‍
ഇന്ത്യന്‍ നിയമസംഹിതകളുടെ പൊതു തത്വം കുറ്റാരോപിതര്‍ കുറ്റം തെളിയിക്കുന്നതുവരെ നിരപരാധികളായി കണക്കാക്കപ്പടണമെന്നാണ്. അറസ്റ്റു ചെയ്യപ്പെടുകയോ പ്രതിചേര്‍ക്കപ്പെടുകയോ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കപ്പെട്ട് ജയിലിലടക്കപ്പെടുകയോ ചെയ്താലും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കപ്പെടുന്നതുവരെ കുറ്റവളിയായി കണക്കാക്കാന്‍ പാടില്ല എന്നതാണ് അടിസ്ഥാന തത്വം. എന്നാല്‍, ഈ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട അധികാര സ്ഥാനങ്ങളില്‍ നിന്ന് കസ്റ്റഡിയിലെ 30 ദിവസത്തിനുള്ളില്‍ സ്ഥാനം നഷ്ടപ്പെടുന്നു, അന്വേഷണ സമയവും കോടതിയുടെ നടപടിക്രമങ്ങളും വിചാരണയും ഒക്കെ വര്‍ഷങ്ങളോളും നീളുന്ന നാട്ടില്‍ കുറ്റാരോപിതനായി എന്നതുകൊണ്ട് സ്ഥാനം നഷ്ടമാകുക എന്നത് നീതിയല്ല.

‘കില്‍ സ്വിച്ച്’
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഈ ബില്ലിനെ ഒരു ‘kill switch for regime change’ എന്നാണ് വിളേഷിപ്പിച്ചത്. അതായത് ‘ഭരണകൂടത്തെ മാറ്റുന്നതിനായി ഏതു സമയത്തും അമര്‍ത്തിക്കളയാന്‍ കഴിയുന്ന ഒരു ‘കില്‍ സ്വിച്ച്’ പോലെ ഉള്ള നിയമം.’ മന്ത്രി ജയിലില്‍ കഴിയുമ്പോള്‍ ഭരണത്തില്‍ തുടരരുത് എന്ന വാദം ഒരു പക്ഷേ ജനങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നാം. എന്നാല്‍, യാഥാര്‍ഥ്യത്തില്‍, അറസ്റ്റും കസ്റ്റഡിയും കുറ്റക്കാരനെന്ന് തെളിവല്ല. പലപ്പോഴും അത് രാഷ്ട്രീയ ആയുധം മാത്രമാണ് എന്ന് ബി.ജെ.പി ഭരണത്തിലെ കേന്ദ്ര സര്‍ക്കാര്‍ സമീപനങ്ങള്‍ പലവുരു തെളിയിച്ചതാണ്.
ഇത്തരം നിയമങ്ങള്‍ സ്വാഭാവികമായും കേന്ദ്രത്തില്‍ അധികാരത്തിലുള്ളവര്‍ക്കെതിരെ ഉപയോഗിക്കാറില്ല. പ്രതിപക്ഷ മുഖ്യമന്ത്രിമാരുള്ള സംസ്ഥാന സര്‍ക്കാരുകളെ തകര്‍ക്കാനാണ് ഉപയോഗിക്കുന്നത്. അരവിന്ദ് കെജ്രിവാളിനെയും ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചകാര്യം സമീപകാല സംഭവമാണല്ലോ. ഡി.കെ ശിവകുമാര്‍, പി. ചിദംബരം അടക്കം നിരവധി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്തതും നമുക്കറിയാം. ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഇത്തരം കേസുകളില്‍ അകപ്പെട്ട് ജയിലിലേക്ക് പോകേണ്ടിവരും എന്ന ഘട്ടം വന്നപ്പോഴാണ് ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറി മഹാരാഷ്ട്ര സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടത്. അതോടെ കേസുകള്‍ അപ്രത്യക്ഷമായി.

ഗവര്‍ണര്‍ക്ക് ലഭിക്കുന്ന ഭരണഘടനാ വിരുദ്ധ അധികാരം
ബിലിന്റെ ഭാഗമായി ഗവര്‍ണറുടെ അധികാരം ഉയരുകയാണ്. നിലവില്‍ സംസ്ഥനങ്ങളിലെ ഭരണഘടനാ പ്രശ്‌നങ്ങളില്‍ ശുപാര്‍ശ അധികാരം മാത്രമുള്ള ഗവര്‍ണര്‍ക്ക് ജയിലിലായി 30 ദിവസത്തിനുള്ളില്‍ സ്വമേധയാ രാജിവെക്കാത്ത സംസ്ഥാന മുഖ്യമന്ത്രി/മന്ത്രിമാരെ പുറത്താക്കാന്‍ അധികാരം നല്‍കുന്നു. ഗവര്‍ണര്‍മാര്‍ മിക്കപ്പോഴും രാഷ്ട്രീയ നിയമനമായാണ് വരാറുള്ളത്. ഭരണഘടന സംബന്ധിച്ച അറിവോ കൂറോ വിലയിരുത്തി നിയമിക്കപ്പെടുന്നവരല്ല ഗവര്‍ണര്‍മാര്‍. നിലവില്‍ കേന്ദ്ര ഭരണകൂടം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരുകളെ വരുതിക്ക് നിര്‍ത്താനാണ്. ആര്‍.എസ്.എസ് ശാഖകളില്‍ കവാത്ത് നടത്തിയവര്‍ എന്നല്ലാതെ ഒരു യോഗ്യതയും നോക്കിയല്ല ഇന്ത്യയില്‍ ഗവര്‍ണ്ണര്‍ നിയമം 2014 ന് ശേഷം നടന്നിട്ടുള്ളത്. ആ നിലക്ക് ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുള്ള മുഖ്യമന്ത്രിയെയും മന്ത്രിമാരാരെയും പുറത്തക്കാനുള്ള അധികാരം നല്‍കുക ഭരണഘടന തത്വങ്ങളുടെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല.

ഫെഡറല്‍ സംവിധാനത്തിനുള്ള വെല്ലുവിളി
ബില്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്ക്കും, സംസ്ഥാനങ്ങളില്‍ ജാതി-ഭാഷ-മത വൈജാത്യങ്ങളെയും സ്വയംഭരണ അധികാരങ്ങളെയും വെല്ലുവിളിക്കുന്നതാണ്. കേന്ദ്ര ഭരണകൂടത്തിനോട് രാഷ്ട്രീയ വിധേയത്വം പുലര്‍ത്തുക വഴി മാത്രമേ സംസ്ഥാനത്ത് സുസ്ഥിരമായ സര്‍ക്കാര്‍ നിലനില്‍ക്കൂ എന്ന ഭീഷണിയാണ് ഈ ബില്ലിലൂടെ വരുന്നത്. നിലവിലെ ഇന്ത്യയില്‍ ബി.ജെ.പിയെ പിന്തുണയക്കാതെ സംസ്ഥാന ഭരണം നടത്താനാവില്ല എന്ന സന്ദേശമാണ് ഇത് വഴി നല്‍കുന്നത്

എന്‍.ഡി.എ ഘടകകക്ഷികള്‍ക്കും ഭീഷണി

ഈ ബില്ല് പാസ്സായി നിയമമായില്‍ ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമല്ല നിലവില്‍ എന്‍.ഡി.എ ഘടകകക്ഷികളായി സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ടി.ഡി.പി, ജെ.ഡി.യു തുടങ്ങിയ പാര്‍ട്ടികള്‍ക്കു വലിയ ഭീഷണിയാണ്. ഇവരെ എന്‍.ഡി.എയില്‍ തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിതമാക്കാന്‍ കൂടിയാണ് ഈ നിയമം അവരുടെ തലക്കു മുകളില്‍ കൊണ്ടുവരുന്നത്. ഏതെങ്കിലും കാരണവശാല്‍ ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസം വന്നാല്‍ അവരുടെ നിലനില്‍പിന് തന്നെ ഭീഷണിയാകും.

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും നിയമത്തിന് വിധേയമാണല്ലോ എന്ന വാദം
പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും നിയമത്തിന് വിധേയരാണല്ലോ എന്ന വാദമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. ഇത് അത്യന്തം ബാലിശമായ വാദമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളാരും പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന കാലത്ത് പ്രധാന മന്ത്രിക്കെതിരെയോ കേന്ദ്ര മന്ത്രിമാര്‍ക്കെതിരെയോ ബി.ജെ.പി നേതാക്കള്‍ക്കെതിരെയോ ഒരു ചെറുവിരല്‍ പോലും അനക്കില്ല എന്നതാണ് നടന്നു പോകുന്ന രീതി. അഥവാ ഭീഷണിയുണ്ടെങ്കില്‍ അത് ഘടകകക്ഷികളില്‍ നിന്ന് മന്ത്രിമാരായവര്‍ക്ക് മാത്രമാണ്. അവരെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താന്‍ വേണ്ടിയാണ് ഈ ഭേദഗതി.

പ്രതിപക്ഷ പ്രതിഷേധവും ബില്ലിന്റെ ഭാവിയും
ബില്ലിനെ ഇന്‍ഡ്യാ ബ്ലോക്കിലെ എല്ലാ കക്ഷികളും അതി ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. (നിലവില്‍ കോണ്‍ഗ്രസ് എം.പി ആണെങ്കിലും ഏത് പക്ഷത്താണ് ഇപ്പോഴുള്ളത് എന്ന് വ്യക്തമാകാത്ത ശശി തരൂര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ച് പറഞ്ഞ ഏക പ്രതിപക്ഷ എം.പി) അതുകൊണ്ടാണ് ബില്‍ ജെ.പി.സിയുടെ പരിഗണന്ക്ക് വിട്ടത്. സ്വാഭാവികമായും ജെ.പി.സിയില്‍ ബി.ജെ.പിക്കായിരിക്കും ഭൂരിപക്ഷം. പ്രതിപക്ഷ വിയോജിപ്പുകളെ തൃണവത്ഗണിച്ച് ബില്ല് പാസാക്കാനാണ് അമിത്ഷായും കൂട്ടരും പരിശ്രമിക്കുക. ജനാധിപത്യത്തിന്റെ ഒരോ അടരുകളും തകര്‍ത്ത് ഭരണഘടനയുടെ പ്രസക്തി ഇല്ലാതാക്കുക എന്നതാണ് നിലവില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിലേക്ക് അടുക്കാനുള്ള അടുത്ത പടി മാത്രമാണ് ഈ ബില്ലും.

 

Related