അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവ് രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും കാര്യമായ അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള രാഷ്ട്രീയത്തില്‍ ട്രംപിന്റെ പുതിയ സാന്നിധ്യം ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തു തന്നെയായാലും അമേരിക്കന്‍ സമൂഹത്തിന്റെ ഉള്ളടരുകളില്‍ പുതിയ ശീലങ്ങളും തിരുത്തലുകളും ഉണ്ടാവാന്‍ ട്രംപിന്റെ കാലം കാരണമാവും എന്ന് വ്യക്തമാവുന്നതാണ് പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള അക്കാദമിക വിശകലനങ്ങള്‍. ഏറെ പ്രശസ്തമായ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ (ASU) പൊളിറ്റിക്കല്‍ സയന്‍സ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് സൂപ്പര്‍വൈസറും ഭരണകൂട നയങ്ങളുടെ സാമൂഹ്യ – രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച പഠനത്തില്‍ വിദഗ്ധനുമായ ചാള്‍സ് ഫെര്‍വിങ്കര്‍ വിലയിരുത്തുന്നതനുസരിച്ച്, ട്രംപിന്റെ നിലപാടുകള്‍ അമേരിക്കന്‍ സമൂഹത്തെ നിലനിര്‍ത്തി പോരുന്ന അടിസ്ഥാന മൂല്യങ്ങളെയും അമേരിക്ക എന്ന സങ്കല്പനത്തെ തന്നെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശിഥിലമാക്കും. ഡൊണാള്‍ഡ് ട്രംപ് ഒരു പൊളിറ്റീഷ്യനേ അല്ല എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന വിശകലനത്തില്‍, അമേരിക്കയെ വികലമായ കണ്ണിലൂടെ കണ്ടു ശീലിച്ചിട്ടുള്ള വ്യക്തികള്‍ ഭരണാധികാരികളാവുന്നതോടു കൂടി അവര്‍ പ്രസരണം ചെയ്യുന്ന രാഷ്ട്രസങ്കല്പം പുതിയ തലമുറ വഴി രാജ്യത്തിന്റെ സാമൂഹിക ഘടനയില്‍ കനത്ത വിള്ളലിന് കാരണമാകും എന്ന് നിരീക്ഷിക്കുന്നു. ഐക്യ അമേരിക്ക എന്ന സങ്കല്‍പനത്തെ ഭരണപരമായി മാത്രം സമീപിക്കുകയും അതിന്റെ യഥാര്‍ത്ഥ ഉള്‍ക്കരുത്തായി വര്‍ത്തിക്കുന്ന സാമൂഹിക ഐക്യത്തെ അവഗണിക്കുകയും ചെയ്യുന്നു എന്ന് മാത്രമല്ല, തെളിഞ്ഞ പക്ഷപാതിത്വവും വംശീയതയും ചിലപ്പോഴെങ്കിലും വലതുപക്ഷ വീക്ഷണങ്ങളും തുറന്നു പങ്കു വെക്കുവാന്‍ മടി കാണിക്കാത്ത ട്രംപിന്റെ സമീപനങ്ങള്‍ ആ സൊസൈറ്റിയുടെ കെട്ടുറപ്പിനേല്‍പ്പിക്കുന്ന പരിക്ക് ചെറുതായിരിക്കില്ല.
പോപ്പുലിസം അഥവാ ജനപ്രിയതയും ധ്രുവീകരണ അജണ്ടകളും
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അടുത്ത കാലത്തൊന്നും അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഇത്രയും അപകടകരമായ ഭിന്നതയുണ്ടായിട്ടില്ല. വോട്ടിനു വേണ്ടി രാജ്യത്തിന്റെ പാരമ്പര്യ ശീലങ്ങളെ അവഗണിച്ച് തെളിഞ്ഞ പക്ഷപാതിത്വവും വംശീയ മുന്‍വിധികളും പറയുവാനും നടപ്പിലാക്കുവാനും തിരഞ്ഞെടുപ്പ് കാലത്ത് ഡൊണാള്‍ഡ് ട്രംപ് മടിച്ചിട്ടില്ല. അദ്ദേഹത്തിന്റെ 2017 – 2021
ഭരണകാലവും ഈ വാദത്തിന് സാധൂകരണമായ നിരവധി ഉദാഹരണങ്ങളുമായി മുമ്പിലുണ്ട്.
ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അമേരിക്കന്‍ ശതകോടീശ്വരന്മാരാണെന്നതോടൊപ്പം തന്നെ കമ്പോള മുതലാളിത്തത്തിന്റെ ദുരിതം അനുഭവിച്ച ഒരു ദരിദ്ര അമേരിക്കയും കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടക്ക് രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്. ഈ ഘടകമാണ് മുതലാളിത്തത്തിന്റെ തികഞ്ഞ വക്താവായിരിക്കെ തന്നെ ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രീയമായി അനുകൂലമായി മാറിയത്. നിര്‍ഭാഗ്യവശാല്‍, ഈ ആനുകൂല്യത്തിന്റെ അന്തര്‍ധാര വൈകാരികമായ വംശീയതയും വിദ്വേഷവുമാണ്. അതു കൊണ്ടാണ് ഇതിനെ അന്ധമായ പോപ്പുലിസം എന്ന് വിളിക്കുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കന്‍ സാമൂഹിക ഘടനയുടെ ഉള്‍ക്കാമ്പില്‍ കാതലായ മുറിവുകളുണ്ടാക്കുവാന്‍ ഇത് കാരണമാകും എന്നു നിരീക്ഷിക്കപ്പെടുന്നതും.
അമേരിക്കന്‍ രാഷ്ട്രീയം ആഭ്യന്തരമായി സ്വീകരിച്ചു വന്നിരുന്ന രാഷ്ട്രീയ മൂല്യങ്ങളെയും ശീലങ്ങളെയും പ്രത്യക്ഷമായി തന്നെ നിരാകരിച്ചു കൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ക്യാമ്പയിനും മുന്നോട്ടു കൊണ്ടു പോയത്. മുമ്പ് ഭരണത്തിലേറിയ നാള്‍ തൊട്ട് ആഭ്യന്തരവും അന്താരാഷ്ട്ര തലത്തിലുമുള്ള സമീപനങ്ങളില്‍ വിവിധ തട്ടുകള്‍ സ്ഥാപിക്കുവാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. പൗരസ്ത്യ രാജ്യങ്ങളെക്കുറിച്ചും അറബികളടക്കമുള്ള ചില വിഭാഗം ജനങ്ങളെ കുറിച്ചും അജ്ഞതയില്‍ നിന്നുള്ള മുന്‍വിധി രാജ്യത്തിന്റെ നയമാക്കി പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. അതിരുകവിഞ്ഞ ദേശീയത, പോപ്പുലിസം, അമേരിക്കയുടെ അടിസ്ഥാന ജനാധിപത്യ ആശയങ്ങളെ തന്റെ മുന്‍വിധിക്ക് വേണ്ടി അട്ടിമറിക്കുക എന്നിവയാണ് ഇക്കാലമത്രയും അദ്ദേഹം സ്വീകരിച്ച സമീപനം.
മൂലധനത്തിന്റെ തോളിലേറിയാണ് രണ്ടു തവണയും അധികാരത്തിലെത്തിയതെങ്കിലും വംശീയത, പോപ്പുലിസ്റ്റ് നയങ്ങള്‍ വഴി ദരിദ്ര അമേരിക്കയുടെ ഒരു വിഭാഗത്തിന്റെ വൈകാരിക പിന്തുണ നേടാന്‍ ട്രംപിന് സാധിച്ചിട്ടുണ്ട്. കുടിയേറ്റം പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തി വിദ്വേഷ രാഷ്ട്രീയം പയറ്റിയതിന്റെ ഫലമാണ് ഈ വൈകാരിക പിന്തുണ. ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അമേരിക്കന്‍ ശതകോടീശ്വരന്മാരാണെന്നതോടൊപ്പം തന്നെ കമ്പോള മുതലാളിത്തത്തിന്റെ ദുരിതം അനുഭവിച്ച ഒരു ദരിദ്ര അമേരിക്കയും കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടക്ക് രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്. ഈ ഘടകമാണ് മുതലാളിത്തത്തിന്റെ തികഞ്ഞ വക്താവായിരിക്കെ തന്നെ ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രീയമായി അനുകൂലമായി മാറിയത്. നിര്‍ഭാഗ്യവശാല്‍, ഈ ആനുകൂല്യത്തിന്റെ അന്തര്‍ധാര വൈകാരികമായ വംശീയതയും വിദ്വേഷവുമാണ്. അതു കൊണ്ടാണ് ഇതിനെ അന്ധമായ പോപ്പുലിസം എന്ന് വിളിക്കുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കന്‍ സാമൂഹിക ഘടനയുടെ ഉള്‍ക്കാമ്പില്‍ കാതലായ മുറിവുകളുണ്ടാക്കുവാന്‍ ഇത് കാരണമാകും എന്നു നിരീക്ഷിക്കപ്പെടുന്നതും. ഡൊണാള്‍ഡ് ട്രംപിന്റെ സമീപനങ്ങള്‍ അമേരിക്കന്‍ സൊസൈറ്റിയില്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന വലിയ വിടവും ആശയപരമായും വംശപരമായും സാമൂഹിക സാമ്പത്തിക മേഖലയിലും ഉള്ള വൈരുദ്ധ്യങ്ങളും കൂടുതല്‍ അകല്‍ച്ചയുള്ളതും അപകടകരമാം വിധം വിഭിന്ന ധ്രുവങ്ങളിലേക്ക് സൊസൈറ്റിയെ അടര്‍ത്തി മാറ്റുന്നതുമായിമായിരിക്കും.
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മാറ്റം
ഏറെ ചരിത്രമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപ് നേടിയ സ്വാധീനം ആ പാര്‍ട്ടിയെ വംശീയഛായയുള്ള ഒന്നാക്കി മാറ്റിയിരിക്കുന്നു. കുടിയേറ്റ നിയമങ്ങള്‍, ഏതു വിധേനയുമുള്ള അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുടെ സംരക്ഷണം, ‘എന്തുവന്നാലും അമേരിക്ക ഒന്നാമത്’ (അമേരിക്ക ഫസ്റ്റ്) തുടങ്ങിയ നയങ്ങള്‍ ട്രംപിന്റേത് മാത്രമല്ല, പാര്‍ട്ടിയുടേത് കൂടിയായി മാറിയിരിക്കുന്നു. ട്രംപിന്റെ വരവോടു കൂടി റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ആദര്‍ശവാദികളും മോഡറേറ്റുകളും ലിബറലുകളും നിശബ്ദരാവുകയും നിര്‍ജീവരാവുകയും ചെയ്യുന്നതാണ് കാണുന്നത്. ധ്രുവീകരണം ഒരു അജണ്ടയാവുന്നതില്‍ അസ്വാഭാവികത ഇല്ല എന്ന നിലപാട് പാര്‍ട്ടിക്കകത്ത് സ്വീകാര്യത നേടിയതോടെ പാരമ്പര്യ വാദികളും ലിബറലുകളും ട്രംപ് പക്ഷവുമായി ഇടഞ്ഞു നില്‍ക്കുന്ന അവസ്ഥയാണുള്ളത്. ആഭ്യന്തരമായി ഇത്തരമൊരു ആശയപ്രതിസന്ധി നേരിടുന്ന പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന നയങ്ങള്‍ അമേരിക്കന്‍ സിവില്‍ സൊസൈറ്റിയില്‍ എന്തുതരം പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക എന്നത് ആശങ്കാവഹമാണ്.
കീഴാള അമേരിക്കയുടെ ഭാഗധേയം
‘അമേരിക്കയില്‍ എല്ലാം ഓക്കെയല്ല’ (Not Everything is ok in America) എന്ന മുദ്രാവാക്യം ക്യാമ്പസുകളിലടക്കം എഴുതി വെച്ച കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിഷേധക്കാലം കഴിഞ്ഞിട്ട് അധികമായിട്ടില്ല. രാജ്യത്ത് മാനവ വിഭവശേഷിയുടെ കാര്യത്തില്‍ വലിയ സംഭാവന നല്‍കുന്ന ആഫ്രോ – അമേരിക്കന്‍സിന് ഇപ്പോഴും അമേരിക്കയുടെ ഭരണ നിര്‍വഹണത്തിന്റെ മേല്‍ത്തട്ടിലേക്ക് അര്‍ഹിച്ച രീതിയിലുള്ള പ്രവേശനം ലഭിച്ചിട്ടില്ല. ബറാക് ഒബാമയെ പോലെ രാജ്യം കണ്ട എക്കാലത്തെയും മികച്ച നേതാക്കള്‍ വൈറ്റ് ഹൗസിലും കാപിറ്റോള്‍ ഹില്‍സിലും ഉണ്ടായിട്ടു പോലും സാധാരണക്കാരായ ആഫ്രോ – അമേരിക്കന്‍സിനു ഇപ്പോഴും മുഖ്യധാരാ സമൂഹത്തിന്റെ പുറംപോക്കില്‍ തന്നെയാണ് സ്ഥാനം. മെക്‌സിക്കോ അടക്കമുള്ള ഇതര അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരോടുള്ള സമീപനവും മറിച്ചല്ല. സാവധാനം അമേരിക്കന്‍ സമൂഹത്തില്‍ ലയിച്ചു ചേരാനുള്ള പതിറ്റാണ്ടുകള്‍ നീണ്ട ഈ വിഭാഗങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ അടിവേരറുക്കുന്ന സമീപനങ്ങളാണ് ഇതുവരെ ട്രംപ് സ്വീകരിച്ചിട്ടുള്ളത്. വംശീയ അജണ്ടയുമായി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ഒരിക്കല്‍ക്കൂടി ആ മുറിവുകളില്‍ ഉപ്പ് പുരട്ടുന്ന അനുഭവമായിരിക്കും അമേരിക്കന്‍ സൊസൈറ്റിയുടെ കീഴ്ത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് ഉണ്ടാവുക.
സ്വതന്ത്രാവിഷ്‌കാരം അപകടത്തില്‍
ട്രംപിന്റെ വിജയം സാംസ്‌കാരികവും ആവിഷ്‌കാരപരവുമായ വിഷയങ്ങളില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നു വരാനും കാരണമായിട്ടുണ്ട്. അമേരിക്കന്‍ സമൂഹത്തെ രൂപപ്പെടുത്തിയ അസംഖ്യം സ്വത്വങ്ങള്‍, മാധ്യമങ്ങളുടെ പങ്ക്, ഫ്രീ സ്പീച്ച് തുടങ്ങിയ സമൂഹത്തിന്റെ നിലനില്‍പ്പിനാധാരമായ നെടുംതൂണുകളുടെ ഭാവി എന്താവും എന്ന ചോദ്യം ഗൗരവമായി ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു. വംശീയതയും ധ്രുവീകരണവും വ്യക്തിത്വത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നൊരാളുടെ രണ്ടാം വരവ് സാമൂഹിക സംവിധാനങ്ങളെയും രാജ്യത്തിന്റെ പരമ്പരാഗത കെട്ടുറപ്പിനെയും ദോഷകരമായി ബാധിക്കുമെന്നും രാഷ്ട്രീയത്തിലും നേതാക്കളിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തുമെന്നും നിരീക്ഷകര്‍ ആശങ്കപ്പെടുന്നു.

വംശം, ലിംഗം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ വിവാദ നിലപാടുകള്‍ സാംസ്‌കാരിക മേഖലയില്‍ നിരന്തരമായ സംവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ട്രംപിന്റെ ഭരണകാലം രാഷ്ട്രീയത്തില്‍ മാത്രമല്ല സാംസ്‌കാരിക രംഗത്തും ദോഷകരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാവില്ല എന്നും നിരീക്ഷിക്കപ്പെടുന്നു. ഉള്‍ക്കൊള്ളലിനു പകരം പുറന്തള്ളുകയും അകറ്റിനിര്‍ത്തുകയും ചെയ്യുക എന്നതാണ് സംഭവിക്കുന്നതെങ്കില്‍ സ്വത്വരാഷ്ട്രീയവും സാംസ്‌കാരിക സ്വത്വവും നിരന്തരം വെല്ലുവിളി നേരിടുകയും രാജ്യത്തിന്റെ സാമൂഹിക അടരുകളില്‍ അസ്വസ്ഥതയും അന്യവല്‍ക്കരണവും വ്യാപകമാവുകയും ചെയ്യും. ആഭ്യന്തര യുദ്ധാനന്തരം അമേരിക്കന്‍ ഐക്യനാടുകളെ ചേര്‍ത്തു നിര്‍ത്തിയ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്നതും അവയുടെ അടിത്തറ തകര്‍ക്കുന്നതുമായിരിക്കും ഇതിന്റെ അനന്തരഫലം.
നവീന മാധ്യമങ്ങളുടെ ദുരുപയോഗം
നവീന മാധ്യമങ്ങളുടെ സാധ്യത ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയും പ്രസിഡണ്ടുമാണ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാത്രമല്ല ഭരണതലത്തിലും രാഷ്ട്രീയമായി സാമൂഹ്യമാധ്യമങ്ങളെ എങ്ങനെ തന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താം എന്ന കാര്യത്തില്‍ ട്രംപിനും കൂട്ടാളികള്‍ക്കും കൃത്യമായ ആസൂത്രണവും അജണ്ടയും ഉണ്ട്. മുന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ വരെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ഫലത്തില്‍ എങ്ങുമെത്താതെ പോവുകയാണുണ്ടായത്. മുഖ്യധാര മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം നിഷേധാത്മകമാകുന്നതിന് ഈ സോഷ്യല്‍ മീഡിയ സ്വാധീനവും വലിയ ഒരളവോളം കാരണമാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട മാധ്യമമായ എക്‌സ് വഴി ചെറുതും വലുതുമായ വിവരങ്ങളും അര്‍ധസത്യങ്ങളും അസത്യങ്ങളും ഞൊടിയിട കൊണ്ട് സാധാരണക്കാരിലേക്ക് നേരിട്ടെത്തിക്കാനുള്ള ട്രംപിന്റെ വ്യഗ്രത ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ പലതും അസത്യങ്ങളോ അര്‍ത്ഥ സത്യങ്ങളോ തെറ്റിദ്ധരിപ്പിക്കുന്നതോ പക്ഷപാതപരമോ ആയിരുന്നു എന്നതാണ് അതിനു കാരണം. വ്യവസ്ഥാപിത മാധ്യമങ്ങളെ അവഗണിക്കുന്നതോടു കൂടി സാമൂഹ്യ മാധ്യമങ്ങളുടെ ഘടനയില്ലായ്മയെ ദുരുപയോഗപ്പെടുത്തുവാന്‍ രാഷ്ട്രീയ നേതൃത്വത്തിന് സാധ്യത വര്‍ദ്ധിക്കുന്നു. താരതമ്യേന ഉത്തരവാദപ്പെട്ട മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും അക്കൗണ്ടബിലിറ്റി കുറഞ്ഞ നവീന മാധ്യമങ്ങളിലേക്ക് ഭരണകൂടത്തിന്റെ ദൈനംദിന മാധ്യമ വ്യവഹാരം ഷിഫ്റ്റ് ചെയ്യുക വഴി സിവില്‍ സൊസൈറ്റിയുടെ പ്രധാന ജനാധിപത്യ സംവിധാനമായ മാധ്യമങ്ങള്‍ രാഷ്ട്രീയമായി അവലംബിക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളായി കാലഹരണപ്പെടും. വ്യവസ്ഥാപിത മാധ്യമങ്ങളുടെ നിര്‍ബന്ധിതമായ ഈ കുടിയൊഴിഞ്ഞു പോക്ക് ക്രമേണ സിവില്‍ സൊസൈറ്റിയെ ദുര്‍ബലപ്പെടുത്തുകയും ശിഥിലമാക്കുകയും ചെയ്യും. ട്രംപ് അഡ്മിനിസ്‌ട്രേഷന്റെ മാധ്യമനയം വ്യവസ്ഥാപിത മാധ്യമങ്ങളെ മാത്രമല്ല രാജ്യത്തെ സിവില്‍ സൊസൈറ്റിയെ തന്നെ എങ്ങനെ ബാധിക്കും എന്നത് ആശങ്കയോടെയാണ് മാധ്യമ – അക്കാദമിക സമൂഹം നോക്കിക്കാണുന്നത്.
ഫെഡറല്‍ സ്ഥാപനങ്ങളുടെ ഭാവി
മറ്റൊരു വശത്ത് അമേരിക്കന്‍ പ്രൊഫഷണലുകള്‍ ഭയപ്പെടുന്നത്, ലോകം മുഴുവന്‍ ബഹുമാനിക്കുന്ന തങ്ങളുടെ രാഷ്ട്രീയ – സാമ്പത്തിക – പഠന – ഗവേഷണ സ്ഥാപനങ്ങളുടെ ഭാവിയെന്തായിരിക്കും എന്നുകൂടിയാണ്. അമേരിക്കന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ജുഡീഷ്യറി, എഫ് ബി ഐ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് തുടങ്ങി മാതൃകാ സ്ഥാപനങ്ങളെന്ന് അമേരിക്കന്‍ പൗരന്മാര്‍ ആദരിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷനുകളെ ട്രംപ് ആശയതലത്തില്‍ നിരാകരിച്ചു കഴിഞ്ഞു. പ്രധാനപ്പെട്ട ഫെഡറല്‍ സ്ഥാപനങ്ങളെ ഭരിക്കുന്നത് ഡീപ്പ് സ്റ്റേറ്റ് ആണ് എന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു കഴിഞ്ഞു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ പങ്കു വഹിക്കുന്നു എന്ന ട്രംപിന്റെ ആരോപണം പൊതുജനങ്ങള്‍ക്കിടയില്‍ അവയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍ക്കാന്‍ കാരണമായിട്ടുണ്ട്. ഫെഡറല്‍ സ്ഥാപനങ്ങളോടുള്ള അവിശ്വാസം വളരുന്നതനുസരിച്ച് ആഭ്യന്തരമായ അസ്വസ്ഥത ഉടലെടുക്കുകയും ജനാധിപത്യ പ്രക്രിയയിലും രാഷ്ട്രീയ സംവിധാനങ്ങളിലും ജനതയ്ക്കുള്ള അവലംബബോധം കുറയുകയും ചെയ്യും. ഇത് ക്രമേണ വിഭാഗീയതയിലേക്കും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്കും വളര്‍ന്ന ചരിത്രമാണ് സമൂഹങ്ങളുടേത്. അമേരിക്ക എന്ന സങ്കല്‍പ്പനം തന്നെ ചോദ്യം ചെയ്യപ്പെടാന്‍ ഈ അവിശ്വാസം കാരണമാകുമെന്ന് നിരീക്ഷിക്കപ്പെടുന്നു.
‘ഫ്‌ലക്‌സിബിലിറ്റി’ ഗുണമോ ദോഷമോ
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘അമേരിക്കന്‍ പോളിസി’ ലോകത്തിന് ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്ന ദുരിതം വളരെ വലുതാണ്. പ്രസിഡണ്ടുമാര്‍ മാറി വന്നാലും അമേരിക്കന്‍ അധീശത്വം ലോകമാകെ ഉറപ്പാക്കുന്ന നയങ്ങളില്‍ നിന്നും വൈറ്റ് ഹൗസ് ഒരിഞ്ചുപോലും പിറകോട്ട് പോകാറില്ല. എന്നാല്‍ പലപ്പോഴും വളയമില്ലാതെ ചാടാന്‍ ഔല്‍സുക്യം കാണിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മാത്രം ഉപകാരപ്പെടുന്ന, മറ്റു മുഴുലോകത്തിനും ദുരിതം സമ്മാനിക്കുന്ന അമേരിക്കന്‍ പോളിസി പൊളിച്ചെഴുതാനും അതതു കാലത്തെ ഭരണകൂടത്തിന്റെ മുന്‍ഗണനകളനുസരിച്ച് രാജ്യാന്തര ഇടപെടലുകള്‍ തീരുമാനിക്കപ്പെടുന്ന താരതമ്യേന അയഞ്ഞ സമീപനം പകരം വരാനും ഇടയാക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്. ആ നിലക്ക്, പതിറ്റാണ്ടുകളായി ഇളകാത്ത കോട്ടയായി നിലനില്‍ക്കുന്ന അമേരിക്കയുടെ കൊളോണിയല്‍ ഹെഗമണിയിലധിഷ്ഠിതമായ വിദേശ നയങ്ങളില്‍ കാലാകാലങ്ങളില്‍ മാറ്റം വരാമെന്നും അതിന്റെ തുടക്കമായിരിക്കും ട്രംപിന്റെ രണ്ടാം ഭരണകാലം എന്നും കാര്യങ്ങളെ ഗുണപരമായി വിലയിരുത്തുന്നതിന്റെ ഭാഗമായി പറയപ്പെടുന്നുണ്ട്. ശുഭസൂചകമായ ഒരു പ്രവചനമായി ഈ നിരീക്ഷണത്തെ വിലയിരുത്താം. പക്ഷേ ഈ സാധ്യതയിലേക്ക് എത്തുന്നതിനു മുമ്പ് ട്രംപിന്റെ അരാഷ്ട്രീയ ധ്രുവീകരണ നയങ്ങള്‍ അമേരിക്കന്‍ സൊസൈറ്റിയെ ആഴത്തില്‍ വിഭജിച്ചു കഴിഞ്ഞിട്ടുണ്ടാവും. അമേരിക്കന്‍ സമൂഹത്തിന്റെ ആന്തരിക ദൗര്‍ബല്യം കുറച്ചു കാലത്തേക്കെങ്കിലും ലോകത്ത് അവ്യവസ്ഥ പിടിമുറുക്കാനും കാരണമായേക്കും. അങ്ങിനെ സംഭവിച്ചാല്‍, ഇസ്രായേല്‍ പോലുള്ള താന്തോന്നി രാഷ്ട്രങ്ങളായിരിക്കും ആ സന്ദിഗ്ധാവസ്ഥ മുതലെടുക്കുക എന്ന കാര്യത്തില്‍ സംശയമില്ല.
ട്രംപിന്റെ നയങ്ങള്‍ രാജ്യാന്തരതലത്തില്‍ വ്യത്യസ്തമായ ചലനങ്ങളാണുണ്ടാക്കുക. ആഗോളതലത്തില്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന അമേരിക്കന്‍ മേധാവിത്വത്തെ ഏകാധിപത്യ സ്വഭാവവും വര്‍ധിച്ച അധീശത്വ പ്രയോഗങ്ങളും കൊണ്ട് കൂടുതല്‍ ശക്തമായി ഇതര രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കണമെന്ന തെളിഞ്ഞ അഭിപ്രായമാണ് പുതിയ പ്രസിഡന്റിനുള്ളത്. ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി അദ്ദേഹം നടത്താന്‍ പോകുന്ന അന്താരാഷ്ട്ര ഇടപെടലുകളില്‍ ഈ സമീപനം വ്യക്തമായിരിക്കും. വിദേശകാര്യനയത്തില്‍ ആക്രമണാത്മകമായ നിലപാടുകള്‍ സ്വീകരിക്കുക വഴി ഇപ്പോള്‍ കൂടെ നില്‍ക്കുന്ന രാഷ്ട്രങ്ങളെയും കോളനി രാഷ്ട്രങ്ങളാക്കി താഴ്ന്ന പരിഗണന നല്‍കുവാനും അന്താരാഷ്ട്ര വാണിജ്യ ഉടമ്പടികളില്‍ അമേരിക്കയുടെ മേധാവിത്വം ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കും വിധം കരാറുകള്‍ മാറ്റി എഴുതുവാനും അതുവഴി സഖ്യകക്ഷികള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുവാനും കാരണമായേക്കാം.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആര്‍ക്കു വേണ്ടി
ആഭ്യന്തരമായി വന്‍കിടക്കാര്‍ക്കുള്ള നികുതികള്‍ വെട്ടി കുറക്കുക, അവരുടെ മേലുള്ള സ്വാഭാവികമായ വാണിജ്യ നിയന്ത്രണങ്ങള്‍ നീക്കുക തുടങ്ങിയ നയംമാറ്റങ്ങളായിരിക്കും സാമ്പത്തിക മേഖലയില്‍ ട്രംപ് നടപ്പിലാക്കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കന്‍ മുതലാളിത്തത്തെ ഏകപക്ഷീയമായി പിന്താങ്ങുന്ന ഇത്തരം നയങ്ങള്‍ രാജ്യത്ത് സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഇടയില്‍ വലിയ വിടവ് ഉണ്ടാകാന്‍ കാരണമാകും. വന്‍കിട കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും നിലനില്‍പ്പിന്റെയും ആസ്തിയുടെയും ആനുകൂല്യം മുഴുവന്‍ ജനതക്കും ആനുപാതികമായി ലഭിക്കണമെന്ന അമേരിക്കന്‍ സാമൂഹ്യ സമ്പദ് വ്യവസ്ഥാ നയത്തിന്റെ അന്ത്യമായിരിക്കും ഫലത്തില്‍ ഇതുവഴി സംഭവിക്കുക. ഈ മാറ്റം രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയിലും കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല
അമേരിക്ക: ചരിത്രത്തിന്റെ നാല്‍ക്കവലയില്‍
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചു വരുന്നത് അമേരിക്കന്‍ ഐക്യനാടുകളെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായ ഒരു ചരിത്രഘട്ടമായിരിക്കും. രാജ്യത്ത് ഇതിനകം ഉടലെടുത്തു കഴിഞ്ഞ ആന്തരിക സംവാദങ്ങളുടെ മൂര്‍ച്ച കൂടുവാന്‍ അദ്ദേഹത്തിന്റെ സമീപനങ്ങള്‍ തീര്‍ച്ചയായും കാരണമാകും. ജനാധിപത്യം, ദേശീയത, സ്വത്വം, അമേരിക്കന്‍ അധീശത്വം, പാശ്ചാത്യമേന്മ തുടങ്ങിയ വിഷയങ്ങളില്‍ പുനര്‍നിര്‍വചനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ അദ്ദേഹത്തിന്റെ ഭരണകാലവും തുടര്‍ന്നുള്ള വര്‍ഷങ്ങളും നിമിത്തമാവും. ഭരണക്രമവുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിക്കാന്‍ പോകുന്ന പുതിയ രീതികളും ശൈലികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കന്‍ ഗവേണന്‍സിനെ അടിമുടി മാറ്റിപ്പണിതേക്കും. അവഗണിക്കപ്പെട്ട ശബ്ദങ്ങളെ പരിഗണിക്കുന്ന ഒരു നേതാവായി അദ്ദേഹത്തെ ചില പൗരന്മാരെങ്കിലും കണക്കാക്കുന്നുണ്ടെങ്കിലും ധ്രുവീകരണ അജണ്ടകള്‍ മുന്നില്‍ വച്ച് പ്രവര്‍ത്തിക്കുന്ന അരാഷ്ട്രീയക്കാരനായ കോമാളിയായാണ് ഇപ്പോഴും അമേരിക്കന്‍ മേല്‍ത്തട്ട് അദ്ദേഹത്തെ പരിഗണിക്കുന്നത്. ഓരോ വിഭാഗവും ഈ കോമാളിത്തരത്തെ എങ്ങനെയൊക്കെ തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്താം എന്ന് തന്ത്രം മെനയുന്നതിന്റെ സൂചനകള്‍ ഇപ്പോഴേ ലഭിച്ചു കഴിഞ്ഞു. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിനെ താക്കോല്‍ സ്ഥാനത്ത് നിയമിക്കുക വഴി തിരഞ്ഞെടുപ്പ് കാലത്തെ സഹായങ്ങള്‍ക്കുള്ള ഉപകാരസ്മരണ എന്നതിനപ്പുറം ഏതു തരം അമേരിക്കയെയാണ് താന്‍ പ്രതിനിധീകരിക്കാന്‍ പോകുന്നത് എന്ന് ട്രംപ് സ്വാഭാവികമെന്നോണം സൂചിപ്പിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യാനന്തര ഐക്യ അമേരിക്ക എന്ന സങ്കല്‍പ്പനത്തെ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന ആഫ്രോ – അമേരിക്കന്‍ വംശജരടക്കമുള്ള വൈവിധ്യ സമൂഹത്തെ ട്രംപ് ഭരണകൂടം എത്രമാത്രം മുഖവിലക്കെടുക്കുന്നു എന്നതനുസരിച്ചായിരിക്കും അമേരിക്ക എന്ന ആശയത്തിന്റെ തന്നെ ഭാവി തീരുമാനിക്കപ്പെടുന്നത്. രണ്ട് തിരഞ്ഞെടുപ്പ് ക്യാമ്പയിനുകള്‍ കൊണ്ട് അമേരിക്കന്‍ സമൂഹത്തെ ഭിന്നിപ്പിച്ചു എന്ന് വിലയിരുത്തപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ മറ്റൊരു ഭരണകാലം ഈ ഭിന്നിപ്പിനെ കൂടുതല്‍ വഷളാക്കുമോ അതല്ല പരിഹരിക്കുമോ എന്നതാണ് കാതലായ ചോദ്യം. ക്യാമ്പയിനുകളും ഭരണവും ഇതിനകം അമേരിക്കന്‍ സമൂഹത്തിന് ഏല്‍പ്പിച്ച പരിക്കുകള്‍ ആഴത്തില്‍ മനസ്സിലാക്കി പരിഹാര ക്രിയകള്‍ക്ക് ബന്ധപ്പെട്ടവര്‍ മുതിര്‍ന്നിട്ടില്ലെങ്കില്‍ അമേരിക്കന്‍ ആഭ്യന്തര സമൂഹത്തിന് മാത്രമല്ല ലോക ഘടനയ്ക്ക് തന്നെ അത് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതായിരിക്കില്ല. പോരായ്മകള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയില്‍ സമവായം സാധ്യമാക്കാന്‍ ലക്ഷ്യം വെച്ചുള്ള യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സമിതികളുടെയും സ്ഥാപനങ്ങളുടെയും നിലനില്‍പ്പിനെ വരെ അത് ചോദ്യം ചെയ്‌തേക്കും. മധ്യപൗരസ്ത്യ മേഖലയില്‍ ഗുണ്ടാ രാഷ്ട്രീയം പയറ്റുന്ന ഇസ്രായേല്‍ പോലുള്ള താന്തോന്നി രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര ബോഡികളോടുള്ള തികഞ്ഞ അവഗണനാ സമീപനങ്ങള്‍ ഇപ്പോള്‍ തന്നെ അങ്ങേയറ്റം അപകടകരമാണ്. അമേരിക്കന്‍ സോഷ്യല്‍ ഫാബ്രിക് കൂടി പൂര്‍ണ്ണമായും ധ്രുവീകരിക്കപ്പെട്ടാല്‍ ആ പതനം പൂര്‍ണമാവുകയും അന്താരാഷ്ട്രതലത്തില്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ സമവായമെന്നത് തീര്‍ത്തും ഇല്ലാതാവുകയും ചെയ്യും. ഇത്രയേറെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഒന്നായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയം എന്ന് ചരിത്രം വിലയിരുത്താതിരിക്കണമെങ്കില്‍ പോരായ്മകള്‍ പരിഹരിച്ച് അമേരിക്കയുടെ അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ രാജ്യത്തെ രാഷ്ട്രീയ അക്കാദമിക സാമ്പത്തിക സാമൂഹിക നേതൃത്വം ഗൗരവതരമായ ശ്രമങ്ങള്‍ നടത്തിയേ തിരൂ.
