November 20 Friday 2026

മഹാപരിവര്‍ത്തനത്തിന്റെ 69 വര്‍ഷങ്ങള്‍

അറുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1956 ഒക്ടോബര്‍ 14 – ലെ അശോക വിജയദശമി ദിനത്തിലായിരുന്നു ആറു ലക്ഷത്തോളം അനുയായികള്‍ക്കൊപ്പം മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍ വച്ച് ബാബാബാഹേബ് അംബേദ്കര്‍ ബുദ്ധമതം ആശ്ലേഷിച്ച് മതപരിവര്‍ത്തനത്തിന്റെ ലോകചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്നത്. നവയാന ബുദ്ധിസത്തിന് തുടക്കം കുറിക്കപ്പെട്ട ആ ചരിത്ര സംഭവത്തിന് 2026 ഒക്ടോബര്‍ 14- ന് 69 വര്‍ഷം പൂര്‍ത്തിയാവുകയാണ്. മഹാനായ അശോക ചക്രവര്‍ത്തി, കലിംഗ യുദ്ധാനന്തരം രക്തച്ചൊരിച്ചിലിന്റെയും യുദ്ധത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പാതവെടിഞ്ഞ് സമാധാനത്തിന്റെയും കരുണയുടെയും മാര്‍ഗമായ ബുദ്ധമതം സ്വീകരിച്ചതിന്റെ സ്മരണാര്‍ഥം ആഘോഷിക്കപ്പെട്ടു തുടങ്ങിയ അശോക വിജയദശമി ദിനമായിരുന്നു ഡോ. അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിക്കുന്നതിന് തെരഞ്ഞെടുത്തത്. അതോടെയാണ് ഒക്ടോബറിലെ വിജയദശമി ധമ്മചക്ര പരിവര്‍ത്തന ദിനമായും നവയാന ബുദ്ധിസത്തിന്റെ ഉദയദിനമായും ചരിത്രത്തില്‍ അറിയപ്പെടാനും ആഘോഷിക്കാനും തുടങ്ങുന്നത്. ഒക്ടോബര്‍ 14 ഇന്നും ധമ്മചക്ര പരിവര്‍ത്തന ദിനമായി ഇന്ത്യയിലെമ്പാടും, പ്രത്യേകിച്ചും നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍ വര്‍ണാഭമായി ആഘോഷിച്ചു വരുന്നു. നാഗ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. 1956 ഒക്ടോബര്‍ 14-ന് നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍ വച്ച് ഹിന്ദുമതം ഉപേഷിച്ച് ബുദ്ധമതം സ്വീകരിക്കുന്നതിന്റെ തലേന്നാള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ പ്രോദ്ഘാടനം ചെയ്യുന്നത് പുതിയൊരു ബുദ്ധമത ശാഖക്കാണെന്നും അതു നവയാന (പുതിയ വാഹനം)മാണെന്നും ഡോ. അംബേദ്കര്‍ പ്രഖ്യാപിക്കുന്നത്. അക്കാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന മഹായാന, ഥേരവാദ, വജ്രായന ബുദ്ധമത ധാരകളെ ഒന്നാകെ നിരാകരിച്ചുകൊണ്ടായിരുന്നു ഡോ. അംബേദ്കര്‍ നവയാന ബുദ്ധിസത്തിന് തുടക്കം കുറിക്കുന്നത്.

ബുദ്ധന്റെ ജീവിതത്തെയും ചിന്തകളെയും പ്രവര്‍ത്തന മാതൃകകളെയും പുനരാഖ്യാനം ചെയ്തുകൊണ്ടു വികസിച്ച നവയാന ബുദ്ധിസം പില്‍ക്കാലത്ത് ഇന്ത്യയുടെ ബുദ്ധമത നവോത്ഥാനത്തില്‍ ചെലുത്തിയ സ്വാധീനം അപരിമേയമായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പല കാലങ്ങളിലായി ബുദ്ധമതത്തില്‍ കടന്നുകൂടിയ ബ്രാഹ്മണിക കലര്‍പ്പുകളെയൊക്കെയും വകഞ്ഞു മാറ്റിയായിരുന്നു ഡോ.അംബേദ്കര്‍ നവയാനത്തിന് തുടക്കം കുറിച്ചത്. ഡോ. അംബേദ്ക്കറുടെ പരിനിര്‍വാണത്തിന് ശേഷം പ്രസിദ്ധീകരിക്കപ്പെട്ട ബുദ്ധനും അദ്ദേഹത്തിന്റെ ധമ്മവും (Buddha and his Dhamma) എന്ന ഗ്രന്ഥം ഈ വകഞ്ഞുമാറ്റലിന്റെയും ശുദ്ധീകരണത്തിന്റെയും നിദര്‍ശനമാണ്. ഈ വിശിഷ്ട ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 22 ശാസനകളെയാണ് നവയനത്തിന്റെ അന്തസത്തയായി വിലയിരുത്തപ്പെടുന്നത്. നവയാന ബുദ്ധിസ്റ്റുകള്‍ ബുദ്ധവന്ദനത്തിനും പഞ്ചശീല തത്വങ്ങള്‍ക്കും അഷ്ടാംഗമാര്‍ഗങ്ങള്‍ക്കുമൊപ്പം മതപരമായും സാംസ്‌കാരികമായും അവരെ ശുദ്ധീകരിക്കാന്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന 22 ശാസനകള്‍ കൂടി പിന്തുടരണമെന്ന് ബാബാസാഹേബ് അംബേദ്കര്‍ നിഷ്‌കര്‍ഷിച്ചു. നവയാന ബുദ്ധിസത്തിന്റെ പ്രചരണാര്‍ഥം ഡോ. അംബേദ്കര്‍ രൂപം നല്‍കിയ ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന ബുദ്ധിസ്റ്റ് മിഷണറി സംഘമാണ് ഡോ. അംബേദ്ക്കറുടെ പരിനിര്‍വാണത്തിന് ശേഷം നവയാന ബുദ്ധിസത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും ചുക്കാന്‍ പിടിച്ചത്.

1956 ഒക്ടോബര്‍ 14 – ന് ഡോ. അംബേദ്കര്‍ തുടക്കം കുറിച്ച മതപരിവര്‍ത്തന വിപ്ലവം പില്‍ക്കാലത്ത് ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും പ്രശോഭിതമായ അധ്യായങ്ങളിലൊന്നായി പരിണമിക്കുകയായിരുന്നു. ജാതി സമ്പ്രദായത്തിന്റെ കെടുതികളില്‍ നിന്നും ഇന്ത്യയിലെ അധഃസ്ഥിത ജനകോടികളെ മോചിപ്പിച്ച് ജാതിരഹിത ഇന്ത്യക്ക് രൂപം നല്‍കി ഇന്ത്യന്‍ സമൂഹത്തെ പ്രബുദ്ധതയിലേക്ക് നയിക്കുക എന്ന ഉദാത്ത ലക്ഷ്യത്തോടുകൂടിയായിരുന്നു ഡോ. അംബേദ്കര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധ മാര്‍ഗം ആശ്ലേഷിച്ചത്. സമതയിലും മൈത്രിയിലും സാഹോദര്യത്തിലും കരുണയിലും അധിഷ്ഠിതമായ ബുദ്ധിസത്തിന്റെ സാമൂഹ്യ വീക്ഷണമായിരുന്നു ഡോ. അംബേദ്ക്കറെ ആഴത്തില്‍ സ്പര്‍ശിച്ചത്. മാത്രമല്ല, ബുദ്ധമതത്തെ ഒരു സാംസ്‌കാരിക വിപ്ലവമായും അദ്ദേഹം വീക്ഷിച്ചു. Revolution and Counter Revolution in Ancient India എന്ന പ്രാമാണിക ഗ്രന്ഥത്തില്‍ ഡോ. അംബേദ്കര്‍ പൗരാണിക ഇന്ത്യയില്‍ ബ്രാഹ്മണിസത്തിനെതിരെ അരങ്ങേറിയ ബുദ്ധിസ്റ്റ് വിപ്ലവത്തെ ആഴത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയുടെ ചരിത്രം തന്നെ ബ്രാഹ്മണിസവും ബുദ്ധിസവും തമ്മിലുള്ള ആശയസംഘര്‍ഷങ്ങളുടെ ചരിത്രമാണെന്നും ഈ കൃതിയില്‍ അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്. മാത്രമല്ല, സമതയിലേയും മൈത്രിയിലേക്കും സമാധാനത്തിലേക്കുമുള്ള മാര്‍ഗമായും ഡോ. അംബേദ്കര്‍ ബുദ്ധിസത്തെ പരിഗണിക്കുകയുണ്ടായി. ഡോ. അംബേദ്ക്കറുടെ ബുദ്ധമതപരിവര്‍ത്തനം ആകസ്മികമായിരുന്നില്ലെന്ന് സാരം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ബുദ്ധന്റെ സാമൂഹ്യ- രാഷ്ട്രീയ ചിന്തകള്‍ ഡോ. അംബേദ്ക്കറെ സ്വാധീനിച്ചിരുന്നതായി ഡോ. ധനഞ്ജയ് കീറിനെ പോലുള്ള അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയ്‌ക്കെതിരിയുള്ള കുരിശ് യുദ്ധത്തിനൊടുവില്‍ 1935-ല്‍ ആണ് ഹിന്ദുമതം ഉപേഷിക്കല്‍ ഒരു രാഷ്ട്രീയ അജണ്ടയായി അദ്ദേഹം ഉയര്‍ത്തി കൊണ്ടുവരുന്നത്. ഹിന്ദുമതത്തിനുള്ളില്‍ അതിന്റെ അടിമകളായി തുടര്‍ന്നുകൊണ്ട് ദലിതര്‍ക്ക് ഒരിക്കലും നീതിയും സമത്വവും സ്വാതന്ത്ര്യവും കൈവരിക്കാനാവില്ലെന്ന ബോധ്യത്തിലായിരുന്നു ഹിന്ദുമതം ഉപേഷിക്കുന്നുവെന്ന പ്രഖ്യാപനം അദ്ദേഹം നടത്തന്നത്. നൂറ്റാണ്ടുകളായി ഹിന്ദു മതത്തിനുള്ളില്‍ അടിമത്തം അനുഭവിച്ച ജനവിഭാഗം എന്ന നിലയില്‍ ദലിതരുടെ മതപരമായ വേര്‍പിരിയല്‍ അവരുടെ വിമോചനത്തെ സംബന്ധിച്ച് ഒരു അനിവാര്യ ഘടകമാണെന്ന ഡോ. അംബേദ്ക്കറുടെ പ്രഖ്യാപനം അന്നും ഇന്നും പ്രസക്തമാണ്. ദലിതര്‍ ഒരു പ്രത്യേക വിഭാഗവും ഒരു സ്വതന്ത്ര സമുദായവുമായതിനാല്‍ അവര്‍ക്ക് ഹിന്ദു മതത്തിന്റെ നുകത്തിന്‍കീഴില്‍ നിന്നും വിമോചിതരാകാന്‍ അവകാശമുണ്ടെന്നും ഡോ. അംബേദ്കര്‍ അസന്ദിഗ്ധമായി പ്രഖ്യാപികുകയായിരുന്നു. ഒരു വേള ഹിന്ദുമതം ദലിതരുടെ മതമോ സംസ്‌കാരമോ അല്ലെന്നും അത് അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അടിമത്തമാണെന്നും ആകയാല്‍ അവര്‍ സ്വമേധയാ ആ അടിമത്വത്തില്‍ നിന്നും മോചിതരാകാണമൊന്നും അദ്ധേഹം എഴുതി.

ഹിന്ദുവായി മരിക്കില്ല

താന്‍ ഒരു ഹിന്ദുവായി മരിക്കില്ലെന്ന 1935-ലെ ചരിത്ര പ്രസിദ്ധമായ ഇയോള പ്രഖ്യാപനം കഴിഞ്ഞ് നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡോ. അംബേദ്കര്‍ ബുദ്ധമതം ആശ്ലേഷിക്കുന്നത്. ഈ നീണ്ട 20 വര്‍ഷങ്ങള്‍ വിവിധ മതങ്ങളെക്കുറിച്ചും മതത്തിന്റെ അനിവാര്യതയെപ്പറ്റി പഠിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം വിനിയോഗിച്ചത്. ഒടുവില്‍ അദ്ദേഹം പ്രജ്ഞയുടെയും കരുണയുടെയും മൈത്രിയുടെയും പാത പിന്തുടരുകയായിരുന്നു. നിയതാര്‍ഥത്തില്‍ ഡോ. അംബേദ്ക്കറുടെ ബുദ്ധമത പ്രവേശനത്തോടു കൂടിയാണ് ഇന്ത്യയില്‍ ബുദ്ധമത നവോത്ഥാനം ഒരു ബഹുജന പ്രസ്ഥാനമായി മാറുന്നത്. ഇന്നും ജീവസ്പന്ദനമുള്ള ഒരു ബഹുജന നവോത്ഥാന മുന്നേറ്റമായി ബുദ്ധിസ്റ്റ് മുന്നേറ്റം നിലകൊള്ളുന്നതിന്റെ പിന്നിലും അംബേദ്ക്കറിസത്തിന്റെ സ്വാധീനം വ്യക്തമായി കാണാം.

ബുദ്ധനും അദ്ദേഹത്തിന്റെ ധമ്മവും

1956ല്‍ എഴുതി 1957 ല്‍ പ്രസിദ്ധീകരിച്ച ഡോ. അംബേദ്ക്കറുടെ ബുദ്ധനും അദ്ദേഹത്തിന്റെ ധമ്മവും (Buddha and His Dhamma) എന്ന ആഖ്യാന ഗ്രന്ഥമാണ് നവയന ബുദ്ധിസത്തിന്റെ സുവിശേഷം എന്നു വിശേഷിപ്പിക്കുന്ന കൃതി. ബുദ്ധമതത്തിന്റെ ഉപജ്ഞാതാവായ ബുദ്ധനെ ഒരു സാമൂഹിക-സാംസ്‌കാരിക- രാഷ്ടീയ വിപ്ലവകാരിയായി അവതരിപ്പിക്കുന്ന ഈ കൃതി ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ അനന്ത സാധ്യതകളെയാണ് അനാവരണം ചെയ്യുന്നത്. ബുദ്ധിസത്തിന്റെ മൂലതത്വങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഈ കൃതി ബുദ്ധിസത്തിന്റെ ആധുനിക പുനരാഖ്യാനമായും വിലയിരുത്തപ്പെടുന്നു. ഈ കൃതിയുടെ പ്രസിദ്ധീകരണത്തിന് വളരെ മുന്‍പ് തന്നെ ഇന്ത്യയില്‍ ബുദ്ധമതം പ്രചരിപ്പിക്കുന്നതിന് ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘത്തിനും ഡോ. അംബേദ്കര്‍ തുടക്കം കുറിച്ചിരുന്നു. ഈ സംഘം നടത്തിയ പ്രവര്‍ത്തനങ്ങാണ് പില്‍ക്കാലത്ത് ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതിന് നിര്‍ണായ സംഭാവനകള്‍ നല്‍കിയത്. ഡോ. അംബേദ്ക്കറുടെ ബുദ്ധമത പ്രവേശനം കഴിഞ്ഞ് 69 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബുദ്ധമതത്തിലേക്കുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രയാണം ഒരു പ്രവാഹമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

 

Related