August 9 Sunday 2026

അംബേദ്കര്‍ – അംബേദ്കര്‍ – അംബേദ്കര്‍

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സംവാദങ്ങളില്‍ ഡോ.അംബേദ്കര്‍ വീണ്ടും ഒരു ചര്‍ച്ച വിഷയമായി മാറിയിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തിനകത്ത് ആരുടേതാണ് അംബേദ്കര്‍ എന്ന ചോദ്യമാണ് ഇന്ന് ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത്. ഗാന്ധിയെ പോലെ തന്നെ അംബേദ്കറിനെ സ്വന്തമാക്കാന്‍ ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരത്തിലാണ്. അംബേദ്കര്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ചിന്ത എന്ത് ? നിലവിലെ സംവാദങ്ങളുടെ അടിസ്ഥാനം എന്ത്? മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോട് അംബേദ്കര്‍ ചിന്തകള്‍ക്ക് പറയാനുള്ളതെന്ത് എന്ന ആലോചന പ്രസക്തമാണ്.

ഭരണഘടനാശില്പി എന്ന അര്‍ത്ഥത്തിലാണ് രാജ്യത്ത് അംബേദ്കര്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന രൂപപെടുന്നതിന് മുമ്പും ശേഷവും അംബേദ്കര്‍ നടത്തിയ വിശാലമായ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളുടെ, സംവാദങ്ങളുടെ, സാമൂഹിക അസമത്വത്തിനെതിരെ നയിച്ച പോരാട്ടങ്ങളുടെ വലിയൊരു ചരിത്രം പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് അംബേദ്കറിനെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ വീണ്ടും സ്ഥാനം പിടിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ഒരു ഭാഗത്ത് അധിക്ഷേപത്തിനെതിരെ വരുകയും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. മറുഭാഗത്ത് ചരിത്രത്തില്‍ കോണ്‍ഗ്രസ് അംബേദ്കറോട് കാണിച്ച അനീതിയും അവഗണനയും തുറന്നു കാട്ടി അതിനെ പ്രതിരോധിക്കുകയാണ് സംഘ്പരിവാര്‍. അഥവാ ഡോ. അംബേദ്കറെ ഏതെങ്കിലുമൊരു കോളത്തിലേക്ക് മാറ്റി നിര്‍ത്താനോ അദ്ദേഹം ഉന്നയിച്ച രാഷ്ട്രീയത്തെ ലളിതവല്‍ക്കരിക്കാനോ അവയെ അവഗണിച്ച് കൊണ്ട് മുന്നോട്ട് പോവാനോ അന്നും ഇന്നും സാധ്യമല്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എളുപ്പം സ്വാംശീകരിക്കാന്‍ സാധിക്കാത്ത, എന്നാല്‍ അവയെ മറികടന്നും പ്രസക്തമാവുന്ന അംബേദ്കര്‍ ചിന്ത എന്താണ് എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

പ്രധാനപ്പെട്ട മൂന്ന് അംബേദ്കര്‍ ചിന്തകളാണ് സംഘ്പരിവാര്‍ കാലത്ത് ഏറ്റവും പ്രസക്തമായി നിലകൊള്ളുന്നത്. ജാതി ശ്രേണിക്കെതിരെ സാമൂഹിക നീതി, ഭൂരിപക്ഷ വാദത്തിനെതിരെ ഭരണഘടന ജനാധിപത്യം, അസമത്വത്തിനെതിരെ സാമ്പത്തിക നീതി എന്നിവയാണവ.

അംബേദ്കര്‍ ആശയങ്ങള്‍ ഏറ്റവും പ്രധാനമാവുന്നത് രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നു എന്നിടത്താണ്. പ്രധാനമായും മൂന്ന് ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ വീക്ഷണങ്ങള്‍ രൂപപ്പെടുന്നത്. അധികാരം, സാമൂഹിക പദവി, ഭൂമിയുടെ വിതരണ വിനിയോഗങ്ങള്‍ എന്നിവയാണത്. ഇത് മൂന്നും രാജ്യത്തെ ഓരോ മനുഷ്യനിലും വ്യത്യസ്തമായാണ് നിലകൊള്ളുന്നത് എന്നും ആ നിലകൊള്ളലിന്റെ ആധാരമായി വര്‍ത്തിക്കുന്നത് ജാതിയാണ് എന്നുമാണ് അംബേദ്കറുടെ അടിസ്ഥാന സങ്കല്പം. ജാതി എന്ന വസ്തുതയെ അഭിമുഖീകരിച്ചും പ്രതിരോധിച്ചും മാത്രമേ സമത്വപൂര്‍ണമായ ഒരു സാമൂഹിക ഘടനയിലേക്ക് നമുക്ക് മാറാന്‍ സാധിക്കുകയുള്ളൂ എന്നാണ് അംബേദ്കര്‍ നിരീക്ഷിക്കുന്നത്.

നമ്മുടെ രാഷ്ട്രീയ തത്വശാസ്ത്രത്തിനകത്തെ അടിസ്ഥാന സങ്കല്പമായ ജനാധിപത്യമടക്കമുള്ളവ, നിലനില്‍ക്കുന്ന സാമൂഹിക അസമത്വത്തെ ഇല്ലാതാക്കാന്‍ പര്യാപ്തമല്ല എന്ന് നിരീക്ഷിക്കുന്നുണ്ട്, അംബേദ്കര്‍. സമത്വം, സ്വാതന്ത്രം, സാഹോദര്യം എന്നീ സങ്കല്‍പങ്ങളെ മുന്‍നിര്‍ത്തിയാണ് അംബേദ്കര്‍ ജനാധിപത്യമടക്കമുള്ള ആധുനിക രാഷ്ട്രീയ സംജ്ഞകളെ മനസിലാക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യം എന്നത് കേവല സര്‍ക്കാര്‍ രൂപമല്ലെന്നും മനുഷ്യര്‍ തമ്മിലെ ഇടപാടുകളിലെയും ഇടപഴകലുകളിലെയും സംയോജിത ജീവിതരീതിയാണെന്നുമാണ് അദ്ദേഹം സമര്‍ഥിച്ചത്. രാഷ്ട്രീയവും സാമ്പത്തികവുമായ ജനാധിപത്യത്തേക്കാളേറെ സാമൂഹിക ജനാധിപത്യത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കേവല ജനാധിപത്യം എന്ന സങ്കല്പിക്കുന്നതിനകത്ത് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. പ്രസ്തുത ജനാധിപത്യ സംവിധാനത്തില്‍ അധികാരം, സാമൂഹിക പദവി, ഭൂമിയുടെ വിതരണ വിനിയോഗങ്ങള്‍ എന്നിവ സ്വാഭാവികമായി വന്നു ചേരുന്ന ഒന്നല്ലെന്നും ഓരോ വ്യക്തിയിലും ഇത് സംഭവിക്കുന്നത് ജാതി അടിസ്ഥാനമാക്കിയാണ് എന്നും അംബേദ്കര്‍ തിരിച്ചറിയുന്നുണ്ട്.

ഇതില്‍ നിന്നാണ് ജാതി ഉന്മൂലനം (anhilation of caste) എന്ന വിഖ്യാത കൃതി രചിക്കപെടുന്നത്. ഈ കൃതിയുമായി ബന്ധപ്പെട്ട് അരുന്ധതി റോയ് നടത്തുന്ന നിരീക്ഷണം വളരെ പ്രസക്തമാണ്. അറുപത് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ജനാധിപത്യം പ്രയോഗത്തില്‍ ഉണ്ടായിട്ടും ആധുനിക ഇന്ത്യയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ബ്യൂറോക്രസി എന്നിവക്ക് അപ്പുറത്ത് ജാതിവ്യവസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അടിസ്ഥാനമായി വര്‍ത്തിക്കുന്നു എന്നും റോയ് നിരീക്ഷിക്കുന്നു.

ഈയൊരു ബോധ്യം തുടക്കം മുതല്‍ തന്നില്‍ ഉള്ളത് കൊണ്ടാണ് അതിനിശിതമായി ജാതിയെ വിമര്‍ശിക്കാനും ജാതിയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക – അധികാര ഘടനയെ പ്രതിരോധിക്കാനും അംബേദ്കര്‍ രംഗത്ത് ഉണ്ടായത്. അംബേദ്കര്‍ ചിന്തകള്‍ ഇവിടെയാണ് സംഘ്പരിവാര്‍ ആശയങ്ങളോട് നേരിട്ട് സംവാദത്തില്‍ ഏര്‍പ്പെടുന്നത്.

സംഘ്പരിവാര്‍ ആശയങ്ങളുടെ കേന്ദ്രബിന്ദു തന്നെ ജാതി ശ്രേണിയാണ്. ജാതി ഘടനയെ മുന്‍നിര്‍ത്തിയുള്ള സാമൂഹിക രാഷ്ട്രീയ അധികാര ഘടനയെയാണ് അത് മുന്നോട്ട് വെക്കുന്നത്. ഭൂരിപക്ഷ വാദം (Majoritarianism) ജാതിയുടെ സംരക്ഷണം (preservation of caste) മതേതരത്വത്തെ ദുര്‍ബലപ്പെടുത്തല്‍ (undermining of secularism) എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് സംഘ്പരിവാര്‍ മുന്നോട്ട് പോകുന്നത്. ഇതിനോട് ആശയപരമായും പ്രായോഗികമായും ഇടയുന്നു എന്നതാണ് അംബേദ്കര്‍ ചിന്തകളുടെ ഏറ്റവും വലിയ സമകാലിക പ്രസക്തി. ജാതി ഉന്മൂലനം എന്ന അദ്ദേഹത്തിന്റെ ചിന്ത ഏറ്റവും ഊന്നി നില്‍ക്കുന്ന ആശയങ്ങളില്‍ ഒന്ന് മനുസ്മൃതിയോടുള്ള സമീപനമാണ്. ഹിന്ദുമതം തന്നെയും ജാതിയാല്‍ നിര്‍മിതമാണെന്ന് കരുതുമ്പോഴും ഇതര ഹിന്ദു മത വേദഗ്രന്ഥങ്ങളെ അപേക്ഷിച്ച് മനുസ്മൃതിയെ ശക്തമായി ആക്രമിക്കാന്‍ അംബേദ്കര്‍ തുനിയുന്നതും, സംഘ്പരിവാര്‍ അന്നും ഇന്നും മനുസ്മൃതിയെ മുന്‍നിര്‍ത്തി തന്നെ തങ്ങളുടെ ആശയ രൂപീകരണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതും കേവല യാദൃശ്ചികത അല്ലെന്ന് തിരിച്ചറിയപ്പെടേണ്ടതാണ്. അഥവാ അംബേദ്കര്‍ ചിന്തകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഇടയുന്നത് സംഘ്പരിവാര്‍ ആശയങ്ങളോടാണ് എന്ന് സാരം

പ്രധാനപ്പെട്ട മൂന്ന് അംബേദ്കര്‍ ചിന്തകളാണ് സംഘ്പരിവാര്‍ കാലത്ത് ഏറ്റവും പ്രസക്തമായി നിലകൊള്ളുന്നത്. ജാതി ശ്രേണിക്കെതിരെ സാമൂഹിക നീതി, ഭൂരിപക്ഷ വാദത്തിനെതിരെ ഭരണഘടന ജനാധിപത്യം, അസമത്വത്തിനെതിരെ സാമ്പത്തിക നീതി എന്നിവയാണവ.

ഡോ. അംബേദ്കര്‍ മുന്നോട്ട് വെച്ച രാഷ്രീയവും സാമ്പത്തികവുമായ ജനാധിപത്യത്തിലൂടെ സാമൂഹിക ജനാധിപത്യം എന്ന സങ്കല്പത്തിന്റെ അട്ടിമറിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് കാരണം. ദേശീയ പ്രക്ഷോഭങ്ങള്‍ അടക്കമുള്ളവ മുതല്‍ ഇങ്ങോട്ട് ഇന്ത്യന്‍ ചരിത്ര നിര്‍മാണത്തില്‍ എവിടെയും ജാതിയെ ഒരു സാമൂഹിക പ്രശ്‌നമായി കണ്ടു കൊണ്ടുള്ള മുന്നേറ്റങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടില്ല. ഇന്ത്യയുടെ നിര്‍മാണത്തില്‍ ഗാന്ധിയും നെഹ്രുവും അടക്കമുള്ള ഒട്ടനേകം പേര്‍ പല നിലക്ക് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെങ്കിലും അംബേദ്കറെ പോലെ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നത്തെ തിരിച്ചറിയാന്‍ പലര്‍ക്കും പറ്റാതെ പോയി. ഗാന്ധിയുമായുള്ള അംബേദ്കര്‍ സംവാദങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇത് വ്യക്തമാവും. ജാതിയുടെ ഉള്ളില്‍ നിന്നു കൊണ്ട് തന്നെയാണ് ഗാന്ധിയുടെ ചിന്തകള്‍ വികസിച്ച് വന്നിട്ടുള്ളത്. അയിത്തമില്ലാതായാല്‍ ജാതിയുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാവുമെന്ന് ഗാന്ധി കരുതി. എന്നാല്‍ അംബേദ്കര്‍ ഹിന്ദു മതം തന്നെയും ജാതികളുടെ ഒരു കൂട്ടമായാണ് നിരീക്ഷിച്ചത്. നെഹ്റുവാകട്ടെ ലിബറല്‍ ഡെമോക്രസി എന്ന ആശയത്തെ മുന്‍നിര്‍ത്തി ജാതിയെ കാണാതിരിക്കാനാണ് ശ്രമിച്ചത്. ഗാന്ധിയും നെഹ്റുവും ഇന്ത്യന്‍ ചരിത്രത്തിലെ സുപ്രധാന ഏടുകളായി അടയാളപ്പെടുത്തപ്പെടുമ്പോഴും അവര്‍ മുന്നോട്ട് വെച്ച ആശയത്തിന്റ പരിമിതി ഭരണഘടനയുടെ വിഭാവനയിലൂടെ അംബേദ്കര്‍ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ ഭരണഘടന ഇന്ത്യയിലെ മനുഷ്യരോട് ചെയ്ത ഏറ്റവും വലിയ ദൗത്യം അതുവരെയും പുറത്ത് നിര്‍ത്തപ്പെട്ടിരുന്ന 80 ശതമാനം മനുഷ്യരെയും നിയമത്തിന്റെ മുന്നിലെങ്കിലും തുല്യരായി കാണാന്‍ ശ്രമിച്ചു എന്നതാണ്. അത് ഒട്ടും സങ്കല്‍പ്പിക്കാന്‍ പറ്റാത്ത കാലത്ത് അത് വിഭാവന ചെയ്യുകയും, ഇന്ന് സാമൂഹിക നീതി ഏറെ പ്രസക്തമാവുകയും ചെയ്യുന്നിടത്ത് ഡോ. അംബേദ്കര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അനിഷേധ്യ സാന്നിധ്യമാവുന്നതില്‍ ഒട്ടും അത്ഭുതപെടാനില്ല.

 

Related