August 13 Thursday 2026

അജണ്ടകള്‍ തകിടം മറിയുന്നു; പശ്ചിമേഷ്യന്‍ യുദ്ധതന്ത്രങ്ങള്‍ പാളുന്നു

പശ്ചിമേഷ്യയെ തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിവരയ്ക്കാന്‍ അമേരിക്കയും ഇസ്രായേലും മെനഞ്ഞ തന്ത്രങ്ങള്‍ ഇപ്പോള്‍ അവര്‍ക്കുതന്നെ വലിയ വെല്ലുവിളിയായി മാറുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന യുദ്ധം രണ്ടാഴ്ച്ചകള്‍ക്ക് ശേഷവും വിവിധ തലങ്ങളിലേക്ക് പടരുകയും രൂക്ഷമാവുകയുമാണ്. സംഘര്‍ഷം മേഖലയില്‍ നിന്ന് ലോകത്തെ ഒന്നാകെ ബാധിക്കുന്ന വലിയ യുദ്ധമായി പരിണമിച്ചിരിക്കുന്നു. അന്യായമായി ഇറാനുമേല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തോടെയാണ് ഈ യുദ്ധം ആരംഭിച്ചത്. തെഹ്‌റാനുമായി നടത്തിയ മൂന്നാംഘട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയായിരുന്നു ആദ്യ ആക്രമണം. ഇരു രാജ്യങ്ങളും അവരുടെ പ്രോക്‌സികളൂം ചേര്‍ന്ന് ഈ യുദ്ധം ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് പെട്ടെന്ന് വ്യാപിക്കുകയുണ്ടായി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക സഖ്യം നടത്തുന്ന വ്യാമാക്രമണവും ഇറാന്റെ തിരിച്ചടിയും ലോകത്തെ ഒന്നടങ്കം ആശങ്കയിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഖാംനഈയെ വധിച്ചതിനു തിരിച്ച് ഇസ്രായേല്‍ പ്രസിഡന്റിനെ വകവരുത്തിയതായി ഇറാനും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇനിയുമുണ്ടായിട്ടില്ല.

മദ്ധ്യപൗരസ്ത്യദേശം ഇന്നോളം കാണാത്ത ആക്രമണങ്ങളാണ് ഇരുപക്ഷത്തും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇറാന്‍ തലസ്ഥാന നഗരമായ ടെഹ്റാനിലും ചുറ്റുമുള്ള സൈനിക താവളങ്ങള്‍, നഗരത്തിന് പുറത്തുള്ള മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, നഗരത്തിന് ചുറ്റുമുള്ള റഡാറുകള്‍, പ്രതിരോധ യൂണിറ്റുകള്‍, ഇറാനിലെ ഏറ്റവും തന്ത്രപ്രധാനമായ ഇസ്ഫഹാനിലെ ആണവനിലയം, വ്യോമസേനാ താവളം, ഇവിടുത്തെ പ്രധാന എയര്‍ബേസുകള്‍, തെക്കന്‍ ഇറാനി നഗരമായ ഷിറാസിലെ സൈനിക കേന്ദ്രങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, തെഹ്റാനു സമീപമുള്ള കറജിലെ ഡ്രോണ്‍ നിര്‍മ്മാണ ശാലകള്‍, ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന അഹ്വാസ്, അതിര്‍ത്തി പ്രദേശങ്ങളായ ഇലാം, ഖുസെസ്താന്‍ എന്നിവിടങ്ങളിലെല്ലാം ശക്തമായ വ്യോമാക്രമണമുണ്ടായി. എന്നാല്‍, പലതും പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായി അവര്‍ അവകാശപ്പെടുന്നു. ഇസ്രയേലിന്റെ സാമ്പത്തിക കേന്ദ്രമായ ടെല്‍അവീവ്, ചുറ്റുമുള്ള ഹോളോണ്‍, രാമത് ഗാന്‍, വിശുദ്ധ നഗരമെന്ന് വിശേഷിപ്പിക്കുന്ന ജറുസലേം, തുറമുഖനഗരമായ ഹൈഫ, തീരദേശ നഗരങ്ങളായ അഷ്‌കലോണ്‍, അഷ്‌ദോദ, സൈനിക വിമാനത്താവളവും എയര്‍ബേസും സ്ഥിതിചെയ്യുന്ന ബീര്‍ഷെബ, നെവാറ്റിം, ടൂറിസ്റ്റ് നഗരമായ ഏയ്‌ലത്ത്, യഹൂദ് തുടങ്ങിയിടങ്ങളിലെല്ലാം ഇറാന്‍ പ്രത്യാക്രമണം നടത്തി.

വ്യോമാക്രമണങ്ങള്‍ ഇപ്പോഴും ഇടതടവില്ലാതെ തുടരുകയാണ്. വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനിലെയും ഇസ്രായേലിലേയും രാഷ്ടീയ സാഹചര്യം അതീവ ഗുരുതരവും അനിശ്ചിതത്വം നിറഞ്ഞതുമാണ്. 1989 മുതല്‍ ഇറാനെ നയിച്ചിരുന്ന അലി ഖാംനഈയുടെ മരണം ഒരു യുഗത്തിന്റെ അന്ത്യമായാണ് കാണപ്പെടുന്നത്. അലി ഖാംനഈയുടെ മരണത്തിന് പിന്നാലെ രാജ്യം അലി ഖാംനഇയുടെ മകന്‍ മുജ്ത്തബ ഖാംനഈക്ക് ആയത്തുല്ല പദവി നല്‍കി പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. പിതാവിനേക്കാള്‍ ശക്തിയുള്ള തീരുമാനങ്ങളുടെ രാജകുമാരന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. യുദ്ധം നിര്‍ത്താന്‍ ഇറാന്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ യുഎസ്സും ഇസ്രായേലും യുദ്ധം രൂക്ഷമാക്കാന്‍ തന്നെയാണ് പുറപ്പാട്.

ലക്ഷ്യം കാണാതെ സഖ്യസേന

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തുന്ന സൈനിക നീക്കത്തിന് പിന്നില്‍ ഉയര്‍ത്തിയിരുന്ന പ്രധാന ലക്ഷ്യങ്ങളൊന്നും ഫലപ്രദമാകാത്തതിനാല്‍ ലക്ഷ്യങ്ങള്‍ പോലും നിരന്തരം മാറ്റിപ്പറയേണ്ട അവസ്ഥയിലാണ് ട്രംപും പ്രഭൃതികളും. ഇറാന്‍ ഭരണനേതൃത്വത്തെ ഉന്മൂലനം ചെയ്യുകയാണ് ഒന്നമത്തേത്. യാതൊരു മുന്നറിയിപ്പുമില്ലാതെ തുടങ്ങിയ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇറാന്റെ പരമോന്നത നേതാവിനേയും ചില നേതാക്കളെയും ലക്ഷ്യം വയ്ക്കുക എന്ന തന്ത്രം അവര്‍ നടപ്പിലാക്കി. ആയത്തുല്ല അലി ഖാംനഈ ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വത്തെ വകവരുത്തിയതോടെ ഇറാന്റെ ആജ്ഞാശക്തിയെ തളര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. പക്ഷെ, ഇറാനെ അത് ഒട്ടും തളര്‍ത്തുകയുണ്ടായില്ല എന്നല്ല അതവര്‍ക്ക് പുതിയ വീര്യം നല്‍കുകയാണുണ്ടായത്. കൊന്നൊടുക്കിയാല്‍ തീര്‍ക്കാന്‍ പറ്റുന്ന ഒരു ജനതയല്ല ഇറാനിലുള്ളത് എന്ന തിരിച്ചറിവാണ് ഈ കൊലപ്പെടുത്തലുകള്‍ നല്‍കിയത്. വിശ്വാസത്തിന്റെ ഉള്‍കരുത്തുള്ള ഒരു ജനതയില്‍ ഒരായിരം നേതാക്കന്മാര്‍ പുനര്‍ജനിക്കുമെന്ന് അവര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. യുദ്ധത്തിലുടനീളം ഇറാനിയന്‍ നേതാക്കള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ അവരുടെ ജനതക്ക് അത്രയും കരുത്ത് പകരുന്നതുമാണ്. മുജ്ത്തബ ഖാംനഈയുടെ നേതൃത്വത്തില്‍ ഇറാന്‍ പുതിയ പ്രതിരോധ നിര തീര്‍ത്തത് പടിഞ്ഞാറന്‍ അജണ്ടകളെയാണ് തകിടം മറിച്ചത്. ഇറാന്‍ ചരിത്രപരമായി വലിയ അധിനിവേശങ്ങളെയും യുദ്ധങ്ങളെയും അതിജീവിച്ച രാജ്യമാണ്. പുറത്തുനിന്നുള്ള ഒരു രാജ്യം (പ്രത്യേകിച്ച് അമേരിക്കയോ ഇസ്രയേലോ) ആക്രമിക്കുമ്പോള്‍, ഭരണകൂടത്തോട് വിയോജിപ്പുള്ളവര്‍ പോലും രാജ്യത്തിന്റെ പരമാധികാരത്തിനായി ഒന്നിക്കുന്ന പ്രവണതയും ദേശീയബോധവും ഇറാനിലുണ്ട്

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍, ആണവ പരീക്ഷണശാലകള്‍, അത്യാധുനിക മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. ഇസ്രയേലിന് ഭീഷണിയായ ഇറാന്റെ ആയുധശേഖരം ഇല്ലാതാക്കി മേഖലയില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനാണ് സഖ്യസേന ഇതിലൂടെ ശ്രമിക്കുന്നത്. പക്ഷെ, ഇനിയും ആ ലക്ഷ്യങ്ങളുടെ അടുത്തൊന്നുമെത്താന്‍ സഖ്യസേനക്ക് സാധ്യമായില്ല എന്നതാണ് വാസ്തവം. പകരം ദിനമോരോന്ന് കഴിയുമ്പോഴും പുതിയ ആയുധങ്ങള്‍ അവര്‍ പുറത്തെടുക്കുന്നു. ഭൂമിയുടെ അന്തര്‍ഭാഗത്ത് സ്ഥാപിച്ച മിസൈല്‍ നഗരത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആണവ പരീക്ഷണങ്ങള്‍ പോലും അടഞ്ഞ അധ്യായമല്ലെന്നും അവര്‍ പറയുകയുണ്ടായി.

നിലവിലെ വിപ്ലവ ഭരണകൂടത്തെ അട്ടിമറിച്ച്, അമേരിക്കയ്ക്കും ഇസ്രായേലിനും വഴങ്ങുന്ന ഒരു ‘പാവ ഭരണകൂടത്തെ’ (Puppet Government) അധികാരത്തിലേറ്റുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം. ഇതിലൂടെ ഇറാന്റെ വിദേശനയങ്ങളെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാം എന്ന് അവര്‍ കണക്കുകൂട്ടി. ഇതിനായി മുന്‍ ഷാ ഭരണകൂടത്തിന്റെ പിന്‍ഗാമിയായ റെസാ പഹ്ലവിയെ അമേരിക്ക കരുതിവെച്ചിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ്, എന്ന സംഘടനയേയും മറ്റു ഉദാരവാദികളേയും കൂട്ടുപിടിച്ച് ഇറാനില്‍ ഒരു മതേതര ജനാധിപത്യ ലിബറല്‍ ഭരണകൂടം അമേരിക്കയുടെ ഒത്താശയോടെ ഉണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍, കുപ്പായം തുന്നി കാത്തിരുന്നവരുടെ കുത്തിയിരിപ്പ് തുടരുകയല്ലാതെ മറ്റൊരു ഫലവും കണ്ടില്ല. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ പോരാട്ടത്തില്‍ സഖ്യസേന അത്തരമൊരു ലക്ഷ്യം തന്നെ വിസ്മരിച്ച പോലെയാണ്. കാര്യങ്ങള്‍ വിചാരിച്ച പോലെയല്ലെന്ന് തിരിച്ചറിയുകയും അല്‍പ്പം വിയര്‍ക്കുകയും ചെയ്തിരിക്കുന്നു. ഇറാന്‍ ഒരു ഭരണകൂട തകര്‍ച്ചയിലേക്ക് പോകുന്നതിന് പകരം സുഖമമായ അധികാര കൈമാറ്റത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്.

നാലാമത്തേത് അതീവ തന്ത്രപരമായ ലക്ഷ്യമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളെ ഇറാന്റെ ശത്രുക്കളാക്കി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുക. സൗദി അറേബ്യയും യുഎഇയും തുടക്കത്തില്‍ കടുത്ത പ്രതികരണങ്ങളുമായി രംഗത്തെത്തിയെങ്കിലും അതവിടെ അവസാനിക്കുകയായിരുന്നു. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇപ്പോള്‍ അറബ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന തന്ത്രങ്ങളിലൊന്ന് ഇറാനെ ‘മേഖലയിലെ പൊതുശത്രു’വായി ചിത്രീകരിക്കുക എന്നതായിരുന്നു. മേഖലയിലെ സുന്നി-ഷിയാ വിഭജനം മുതലെടുത്ത് സൗദി അറേബ്യയെയും യു.എ.ഇയെയും ഇറാന് എതിരെ അണിനിരത്താന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറാനും സൗദിയും തമ്മിലുണ്ടായ നയതന്ത്ര ബന്ധം (ചൈനയുടെ മധ്യസ്ഥതയില്‍) ഈ നീക്കത്തിന് വലിയ തടസ്സമായി. എന്നാല്‍, യുഎഇ ഇസ്രായേലുമായി സഹകരിക്കുന്ന നിലപാടാണ് എടുത്തത്. ഇപ്പോള്‍ അറബ് രാജ്യങ്ങള്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്, തങ്ങളുടെ മണ്ണ് മറ്റൊരു വലിയ യുദ്ധത്തിന് വേദിയാകാന്‍ അവര്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ്.

ഗള്‍ഫ് രാജ്യങ്ങളിലുള്ള സ്വന്തം സൈനിക താവളങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്ക് പോലും സുരക്ഷ നല്‍കാന്‍ കഴിയാതിരിക്കെ ഗള്‍ഫ് രാജ്യങ്ങളെയെല്ലാം ഇനിയും യു.എസ് സംരക്ഷിക്കും എന്ന് കരുതുന്നത് അമിത ആത്മവിശ്വാസമാകും. ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍, അമേരിക്കയും ഇസ്രായേലും ആയുധ വിതരണക്കാരായി പിന്നണിയില്‍ നില്‍ക്കും. ഇതിലൂടെ ഒരു വശത്ത് കോടികളുടെ ആയുധക്കച്ചവടം ഉറപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാകുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. തങ്ങളുടെ സൈനികരുടെ ജീവന്‍ പണയപ്പെടുത്താതെ തന്നെ ആയുധങ്ങള്‍ വിറ്റ് ലാഭമുണ്ടാക്കാം എന്ന തന്ത്രമാണിത്. സൗദിയും യു.എ.ഇയും അമേരിക്കയെ മാത്രം ആശ്രയിക്കാതെ ചൈനയുമായും റഷ്യയുമായും ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. അതേസമയം ഗള്‍ഫ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ആയുധക്കച്ചവടം കൊഴുപ്പിക്കാനും എണ്ണസമ്പത്ത് നിയന്ത്രിക്കാനുമുള്ള യുഎസ് നീക്കങ്ങള്‍ അറബ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ സുരക്ഷാ വാഗ്ദാനങ്ങള്‍ വെറും പാഴ്‌വാക്കുകളാണെന്ന് ബോധ്യപ്പെട്ടതോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് അമേരിക്കയ്ക്ക് ഈ യുദ്ധം നല്‍കിയ വലിയ തിരിച്ചടികളില്‍ ഒന്നാണ്. അഥവാ യുദ്ധം കൊണ്ട് ലക്ഷ്യം വെച്ച അജണ്ടകള്‍ നേടിയെടുക്കുന്നതിന് പകരം, സ്വന്തം നഗരങ്ങളിലെ ആഭ്യന്തര കലാപങ്ങളെയും സാമ്പത്തിക തകര്‍ച്ചയെയും നേരിടേണ്ടി വരുന്ന ഇസ്രായേലിനെയും രാജ്യത്തിനകത്തും പുറത്തും സ്വീകാര്യത നഷ്ടപ്പെടുന്ന, വര്‍ഷങ്ങളായി ഉണ്ടാക്കിവെച്ച രാജ്യത്തിന്റെ യശസ്സ് നശിപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനേയുമാണ് ഇന്ന് ലോകം കാണുന്നത്. ഇറാനെ തകര്‍ക്കാന്‍ കരുതിവെച്ച ആയുധങ്ങള്‍ ഇന്ന് അവരെത്തന്നെ തിരിഞ്ഞുകുത്തുന്ന കാഴ്ചയാണ് എന്നും.

Related