November 23 Monday 2026

അസമിൽ പതിനായിരത്തോളം മുസ്‌ലിംകളെ കുടിയൊഴിപ്പിച്ച് അദാനിയുടെ താപവൈദ്യുതി നിലയം

അസമിലെ ധുബ്രി ജില്ലയിൽ 1400 മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ഭൂമിയിൽ അദാനി പവർ ലിമിറ്റഡിന്റെ താപവൈദ്യുതി നിലയത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തറക്കല്ലിട്ടു. 3,200 മെഗാവാട്ട് കൽക്കരി ഉൽപാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. 48,000 കോടി രൂപയുടെ പദ്ധതിയെ സംസ്ഥാനത്തെ ഏറ്റവും വലിയ താപവൈദ്യുതി പദ്ധതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബംഗാളി വംശജരായ 1,400-ലധികം മുസ്ലിം കുടുംബങ്ങളുടെ തകർത്ത വീടുകൾക്ക് മുകളിലാണ് ഇത് ഉയർന്നുനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല.

ധുബ്രി ജില്ലയിലെ ചപർ റവന്യൂ സർക്കിളിന് കീഴിലുള്ള ചരുവബഖ്ര, ചിരകുട്ട I, II, സന്തോഷ്പൂർ എന്നീ ഗ്രാമങ്ങളിലാണ് ഈ ഭൂമിയുള്ളത്.
2025 ജൂലൈയിൽ ശർമ്മ സർക്കാർ ഏകദേശം 1,157 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അങ്ങനെ പതിനായിരത്തോളം ആളുകളെ ഭവനരഹിതരാക്കി. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരാണ് കുടിയിറക്കപ്പെട്ട കുടുംബങ്ങൾ.
അവരിൽ പലരും ബ്രഹ്മപുത്രയിലെ മണ്ണൊലിപ്പ് കാരണം തങ്ങളുടെ പൂർവ്വിക ഭൂമി ഇതിനകം തന്നെ ഒരിക്കൽ നഷ്ടപ്പെട്ടവരാണ്. അവരെയാണ് ഭരണകൂടം അവരെ രണ്ടാമതും കുടിയൊഴിപ്പിച്ചിരിക്കുന്നത്.

2025 മാർച്ച് 30-ന്, ഗ്രാമത്തിലെ മേച്ചിൽപ്പുറങ്ങൾ വൈദ്യുത പദ്ധതിക്കായി മാറ്റാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ഏപ്രിൽ 2-ന് നടന്ന ഭൂമി ഉപദേശക സമിതി യോഗം ഇത് ഏറ്റെടുത്തു. അതിനുശേഷമാണ് കുടിയൊഴിപ്പിക്കൽ നോട്ടീസുകളും പൊളിച്ചുമാറ്റലും നടന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിക്കാണ് ഭൂമി ആദ്യം അനുവദിച്ചത്. അവർ പിന്നീട് അത് അദാനി പവറിന് കൈമാറി.

പിന്നീട് നടന്നത് അദാനി കമ്പനിയും ഭരണകൂടവും ചേർന്ന് നടത്തിയത് വലിയ ചതിയാണ്. പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷയിൽ അദാനി പവർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് പറഞ്ഞത് ആ സ്ഥലത്ത് ജനവാസം ഇല്ലെന്നാണ്. അതിനാൽ പുനരധിവാസത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും അവർ വാദിച്ചു. തുതർന്ന് 2026 ജൂലൈ 14-ന് മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി ഇതിന് അനുമതി നൽകാൻ ശുപാർശ ചെയ്തു.
അതോടെ കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷരായി.
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, 3,500 ഏക്കർ സർക്കാർ ഭൂമി ബലമായി പിടിച്ചെടുത്തു. കൂടാതെ സാധുവായ പട്ടയമുള്ള 1,700 ഏക്കർ ഭൂമിയും പിടിച്ചെടുക്കപ്പെട്ടു. കൃത്യമായ രേഖകൾ ഉണ്ടായിരുന്നിട്ടും, പട്ടയമുള്ള ഉടമകളിൽ പകുതിയോളം പേർക്ക് ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പുനരധിവാസത്തിനായി ഭരണകൂടം നൽകിയത് ബ്രഹ്മപുത്രയുടെ നടുവിലുള്ള താഴ്ന്ന പ്രദേശമായ ബൈസാർ ആൽഗയിലെ 300 ഏക്കർ ഭൂമി മാത്രമാണ്. സാധനങ്ങൾ മാറ്റുന്നതിനായി ഒറ്റത്തവണയായി 50,000 രൂപയും വാഗ്ദാനം ചെയ്തു. മണ്ണൊലിപ്പ് കാരണം കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്ക് ഇപ്പോൾ വെള്ളപ്പൊക്കമുണ്ടാകുന്ന ഭൂമിയാണ് നൽകിയിരിക്കുന്നത്.

2016-ൽ അസമിൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ, ജില്ലകൾ തോറും പൊളിച്ചുമാറ്റൽ നടപടികൾ തുടരുകയാണ്. കൂടുതലായും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെയാണ് അവർ ലക്ഷ്യമിടുന്നത്. ഇത്തരം കുടിയൊഴിപ്പിക്കലുകൾക്കിടെ എട്ട് മുസ്ലിംകൾ വെടിയേറ്റ് മരിച്ചിട്ടുണ്ട്.
ഒരുവെടിക്ക് രണ്ടുപക്ഷി എന്നതന്ത്രമാണ് അസം സർക്കാർ ഈ പദ്ധതികളിലൂടെ പ്രയോഗിക്കുന്നത്. മുസ്ലിംകളോടുള്ള വിദ്വേഷം ഉപയോഗിച്ച് ഭൂമി ഒഴിപ്പിക്കുകയും അങ്ങനെ ഒഴിപ്പിച്ചെടുക്കുന്ന ഭൂമി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ് ചങ്ങാത്തത്തിൻറെ ഏറ്റവും വലിയ ഗുണഭോക്താവായ അദാനിക്ക് കൈമാറുകയും ചെയ്യുന്നു. ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയവും ചങ്ങാത്ത മുതലാളിത്തവും രണ്ട് വ്യത്യസ്ത പദ്ധതികളല്ല. അവ ഒരൊറ്റ യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. വർഗീയ വിദ്വേഷം ദരിദ്രരെ വിഭജിക്കുകയും ചെറുത്തുനിൽപ്പുകളെ നിശ്ശബ്ദമാക്കുകയും ചെയ്യുന്നു. അതേസമയം പൊതുഭൂമിയും പ്രകൃതിവിഭവങ്ങളും കോർപ്പറേറ്റുകളുടെ കൈകളിലേക്ക് ഒഴുകുന്നു.

Related