ആട് 2 എന്ന സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായി ഞാന്‍ കണക്കാക്കുന്നത് അതിലെ ‘കമ്മട്ടം’ തന്നെയാണ്. ഒരു നാടോടിക്കഥയിലെ ഫാന്റസിപോലെ, ഈ കമ്മട്ടം ഉപയോഗിച്ച് മണ്ടന്മാരായ ഷാജി പാപ്പനും കൂട്ടരും പെട്ടെന്ന് പണക്കാരാകുമോ എന്ന ചിന്ത എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ എന്റര്‍ടൈന്‍മെന്റ് ഘടനയെ നിര്‍ണ്ണയിക്കുന്ന കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നു. സാമൂഹികമായി അപ്രധാനരായി കണക്കാക്കപ്പെടുന്ന പാവപ്പെട്ടവര്‍ അപ്രതീക്ഷിതമായി സമ്പത്തിന്റെയും അധികാരത്തിന്റെയും ലോകത്തിലേക്ക് കടക്കുന്നു എന്ന സങ്കല്‍പ്പം ജനകീയ സംസ്‌കാരത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു ആകര്‍ഷണമാണ്. ആട് ഈ സങ്കല്‍പ്പത്തെ ബാലരമ ചിത്രകഥകളുടെ ലഘുത്വത്തോടും അതേസമയം ആഴത്തിലുള്ള അബ്‌സര്‍ഡ് സ്വഭാവത്തോടും ചേര്‍ത്ത് പുനര്‍സൃഷ്ടിക്കുന്നു.
ഇവിടെ ‘കള്ള കമ്മട്ടം’ വെറും ഒരു പ്രോപ്പ് മാത്രമല്ല; അത് സാമ്പത്തിക സാധ്യതകളുടെയും വാഗ്ദാനങ്ങളുടെയും ഒരു സങ്കീര്‍ണ്ണ പ്രതീകമാണ്. സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരിലൂടെ കൊള്ളക്കാരന്‍, ചെറുകിട തൊഴിലാളി, മാമുക്കോയയുടെ കഥാപാത്രം, ഡ്യൂഡ് എന്നീ വഴികളിലൂടെ കമ്മട്ടം സഞ്ചരിക്കുന്നു.
ഈ സഞ്ചാരം ഫാന്റസിയുടെ രൂപത്തിലാണ് നടക്കുന്നത്. എന്നാല്‍, ഈ ഫാന്റസി തന്നെ അബ്‌സര്‍ഡിറ്റിയുടെ ഭാഗമാണ്. യാഥാര്‍ഥ്യത്തില്‍ അസാധ്യമാകുന്ന സാമ്പത്തിക സ്വയംപര്യാപ്തതയെ ഒരു ‘കള്ള കമ്മട്ടം’ വഴി സാധ്യമാക്കുന്ന ഈ സങ്കല്‍പ്പം മനുഷ്യന്റെ ആഗ്രഹവും സാമൂഹിക ഘടനയും തമ്മിലുള്ള വിടവിനെ തുറന്നുകാട്ടുന്നു. ഈ വിടവാണ് അബ്‌സര്‍ഡിറ്റിയുടെ അടിസ്ഥാനവും; അതുതന്നെ നമ്മളെ സ്വയം മണ്ടന്മാരാക്കുന്ന അനുഭവമായി മാറുന്നു.
ആല്‍ബര്‍ട്ട് കാമ്യൂസ് തന്റെ The Myth of Sisyphus എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അര്‍ത്ഥവും ക്രമവും ലക്ഷ്യവും കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, ലോകം ഈ ആവശ്യം നിറവേറ്റുന്നില്ല. മനുഷ്യന്റെ അര്‍ത്ഥാന്വേഷണവും ലോകത്തിന്റെ അര്‍ത്ഥശൂന്യതയും തമ്മിലുള്ള സംഘര്‍ഷമാണ് അബ്‌സര്‍ഡ് അവസ്ഥ. ആട് സിനിമകളില്‍ ഷാജി പാപ്പനും കൂട്ടരും ചെയ്യുന്ന ഓരോ പ്രവൃത്തിയും ഒരു ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്; പണം നേടല്‍, രക്ഷപ്പെടല്‍, സാമൂഹിക അംഗീകാരം. എന്നാല്‍, അവര്‍ നേരിടുന്ന ലോകം ഈ ലക്ഷ്യങ്ങളെ നിരന്തരം തകര്‍ക്കുന്നു. പ്രധാനമായി, ഈ അബ്‌സര്‍ഡ് സ്വഭാവത്തെക്കുറിച്ച് അവര്‍ക്കൊരു ബോധവുമില്ല; അവര്‍ എല്ലാം ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. ഈ ഗൗരവവും ചുറ്റുമുള്ള അസംബന്ധതയും തമ്മിലുള്ള സംഘര്‍ഷമാണ് ചിരിയുടെ പ്രധാന ഉറവിടം. അതിനാല്‍, ആട് സീരീസ് വെറും ‘അര്‍ത്ഥമില്ലാത്ത’ കോമഡി സിനിമകളല്ല; മറിച്ച് അര്‍ത്ഥം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ പരാജയത്തെ ദൃശ്യവത്കരിക്കുന്ന അബ്‌സര്‍ഡ് അവസ്ഥകളാണ്.
മണ്ടത്തരത്തിന്റെ അവതരണവും ഈ സിനിമകളില്‍ ശ്രദ്ധേയമാണ്. സാധാരണ സിനിമാഭാഷയില്‍ ‘മണ്ടന്‍’ ഒരു കോമഡി ഉപാധിയായി മാത്രമേ നിലനില്‍ക്കാറുള്ളു. എന്നാല്‍, ആട് സിനിമകളില്‍ മണ്ടത്തരത്തിന് സാംസ്‌കാരികവും ദാര്‍ശനികവുമായ ഒരു സ്ഥാനം ലഭിക്കുന്നു. ഹെന്റി ബെര്‍ഗ്‌സണ്‍ തന്റെ Laughter എന്ന കൃതിയില്‍ പറയുന്നതുപോലെ, കോമഡി പലപ്പോഴും ”ജീവന്തമായ മനുഷ്യാവസ്ഥയില്‍ കടന്നുകയറുന്ന മെക്കാനിക്കല്‍ ആവര്‍ത്തനമാണ്”. ആട് സിനിമകളിലെ കഥാപാത്രങ്ങള്‍ ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു, ഒരേ രീതിയില്‍ പ്രതികരിക്കുന്നു, യാഥാര്‍ത്ഥ്യബോധമില്ലാതെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നു. ഈ മെക്കാനിക്കല്‍ മണ്ടത്തരമാണ് ചിരിയെ സൃഷ്ടിക്കുന്നത്. ഈ മണ്ടത്തരങ്ങള്‍ കള്‍ട്ട് ആയി മാറുമ്പോഴാണ് അവ നമ്മളോടടുത്തുവരുന്നത്. ”ഇതൊക്കെ നിന്നെക്കൊണ്ടു എങ്ങനെ സാധിക്കുന്നെടാ ഊവേ..” എന്ന ഷാജി പാപ്പന്റെ ഡയലോഗ് മീമുകളിലൂടെ നമ്മുടെ ദിനചര്യയുടെ ഭാഗമാകുന്നു; നമ്മുടെ സ്വന്തം ജീവിതത്തിലെ മണ്ടത്തരങ്ങളെയും അത് പ്രതിഫലിപ്പിക്കുന്നു.
ഈ സിനിമകളില്‍ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥകള്‍ വീഴ്ച, ഓട്ടം, അടിയേറ്റം, ഭ്രമാവസ്ഥ എല്ലാം ചിരിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. സ്ലാപ്സ്റ്റിക് ഹാസ്യം ശരീരത്തിന്റെ ഗൗരവത്തെ തകര്‍ക്കുന്ന രീതിയാണ്. ആട് സിനിമകളില്‍ ശരീരം ഒരു സ്ഥിരതയുള്ള ഘടകമല്ല; അത് നിരന്തരം തകരുകയും പരാജയപ്പെടുകയും ചെയ്യുന്നു. ഷാജി പാപ്പന്റെ നടുവൊടിയല്‍, ഡ്യൂഡിന്റെ തുടര്‍ച്ചയായ അടി വാങ്ങലുകള്‍ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. എന്നാല്‍, ഈ പരാജയങ്ങളാണ് ആഘോഷമായി മാറുന്നത്. ചാര്‍ലി ചാപ്ലിന്‍, ബസ്റ്റര്‍ കീറ്റണ്‍ തുടങ്ങിയവരുടെ പാരമ്പര്യത്തില്‍ നിന്നുള്ള സ്ലാപ്സ്റ്റിക് ഘടകം ഇവിടെ കേരളത്തിന്റെ പ്രാദേശിക സംസ്‌കാരത്തില്‍ പുനര്‍രൂപപ്പെടുത്തപ്പെടുന്നു. ഷാജി പാപ്പനും ഡ്യൂഡും സാത്താനും പോലുള്ള കഥാപാത്രങ്ങളുടെ ഹീറോയിസവും തകര്‍ച്ചയും ഒരേ രീതിയില്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്നു.
കള്‍ട്ട് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മാത്രം കാണാനുള്ളതല്ല; അവ ഉപയോഗിക്കാനുള്ളതാണ്. ഇവിടെ ഷാജി പാപ്പന്റെ ഡയലോഗുകളും ശരീരഭാഷയും പ്രേക്ഷകരുടെ ദൈനംദിന ആശയവിനിമയത്തിന്റെ ഭാഗമാകുന്നു. സാംസ്‌കാരിക പഠനങ്ങളില്‍ ഇത് ‘participatory culture’ എന്ന ആശയത്തിലൂടെ വിശദീകരിക്കപ്പെടുന്നു.
മിഖായില്‍ ബാഖ്തിന്റെ ‘കാര്‍ണിവലെസ്‌ക്’ ആശയം ഇവിടെ പ്രസക്തമാണ്. കാര്‍ണിവല്‍ ഒരു സാമൂഹിക വ്യവസ്ഥ താല്‍ക്കാലികമായി മറിച്ചിടപ്പെടുന്ന അവസ്ഥയാണ്; അതില്‍ അധികാരവും ഗൗരവവും തകര്‍ന്നുപോകുന്നു. ആട് സിനിമകളില്‍ മണ്ടന്മാരും പരാജിതരുമായ കഥാപാത്രങ്ങള്‍ കേന്ദ്രത്തിലേക്ക് വരുന്നു. ഗൗരവം തകര്‍ന്നിടത്ത് ഹാസ്യം രൂപപ്പെടുന്നു. പ്രേക്ഷകര്‍ ഈ കഥാപാത്രങ്ങളെ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവന്ന് മീമുകളിലൂടെ പുനര്‍സൃഷ്ടിക്കുന്നു. അധികാരവും ഹീറോയിസവും പരിഹസിക്കപ്പെടുന്നു. കേരളത്തിലെ പ്രേക്ഷക മനോഭാവത്തോടും ഇതിന് ആഴത്തിലുള്ള ബന്ധമുണ്ട്. വിജയത്തെക്കാള്‍ പരാജയത്തെ ആസ്വദിക്കുന്ന പ്രവണത, മിമിക്രി, ഡയലോഗ് ആവര്‍ത്തനം, ശരീരഭാഷയുടെ അനുകരണം എന്നിവയിലൂടെ ഹാസ്യത്തെ സാമൂഹികമായി പുനര്‍സൃഷ്ടിക്കുന്ന സംസ്‌കാരം ഇവയെല്ലാം ആട് സിനിമകളുടെ കള്‍ട്ട് രൂപീകരണത്തില്‍ നിര്‍ണായകമാണ്.
എന്നാല്‍, ഈ അബ്‌സര്‍ഡ്-സ്ലാപ്സ്റ്റിക്-സാംസ്‌കാരിക ഘടന ആട് 3-ല്‍ തകര്‍ന്നുപോകുന്നു. ആട് 1, 2 സിനിമകളില്‍ അബ്‌സര്‍ഡിറ്റി നമ്മളോടടുത്തുള്ള ഒരു അനുഭവമായിരുന്നു; അത് നമ്മുടെ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ആട് 3-ല്‍ ടൈം ട്രാവല്‍, ഫ്യൂഡല്‍ അധികാരം, വ്യത്യസ്ത യൂണിവേഴ്‌സുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍, അബ്‌സര്‍ഡിറ്റി നമ്മളില്‍ നിന്ന് അകന്ന ഒരു ഫാന്റസിയായി മാറുന്നു. ഇതോടെ കഥാപാത്രങ്ങളും പ്രേക്ഷകരും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു.
സത്യത്തില്‍, നമ്മളെ സ്വയം മണ്ടന്മാരാക്കുകയും യാതൊരു കാരണവുമില്ലാതെ ചിരിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെയാണ് ആട് 3-ല്‍ കാണാന്‍ ഞാന്‍ പ്രതീക്ഷിച്ചത്. ഷാജി പാപ്പനും ഡ്യൂഡും ആശാനും സാത്താനുംഇവരൊക്കെ നമ്മുടെ സ്വഭാവത്തിന്റെ ഭാഗങ്ങളാണ്. എന്നാല്‍ അവരെ മറ്റൊരു ലോകത്തിലേക്ക് മാറ്റിയപ്പോള്‍, സിനിമയും നമ്മളില്‍ നിന്ന് അകന്നു.
അതുകൊണ്ടുതന്നെ, ആട് 3 മുന്‍ ചിത്രങ്ങള്‍ സൃഷ്ടിച്ച അബ്‌സര്‍ഡിറ്റിയുടെയും മണ്ടത്തരത്തിന്റെയും സ്ലാപ്സ്റ്റിക് ചിരിയുടെയും അനുഭവം പുനരാവിഷ്‌കരിക്കാന്‍ കഴിയാത്ത ഒരു പരാജയപ്പെട്ട സിനിമയായി മാറുന്നു. ആട് സിനിമകള്‍ നമ്മളെ ചിരിപ്പിക്കുന്നത് കഥാപാത്രങ്ങള്‍ മണ്ടന്മാരാണെന്നതിനാലല്ല; അവരുടെ മണ്ടത്തരത്തില്‍ നമ്മള്‍ നമ്മളെ തിരിച്ചറിയുന്നതിനാലാണ്. ആട് 3 ഈ ”നമ്മള്‍” എന്ന അനുഭവത്തില്‍ നിന്ന് മാറി ഒരു അകന്ന സിനിമാറ്റിക് യൂണിവേഴ്‌സിലേക്കാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ, നമ്മള്‍ സ്വയം മണ്ടന്മാരായി ചിരിക്കാനുള്ള അവസരം അവിടെ ഇല്ലാതാകുന്നു. ആട് 3 കിടന്നിടത്ത് കോമഡിയുടെ ഒരു പൂട പോലും ഇല്ല.
