ആഘോഷങ്ങള്‍ പലത് സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നവരാണ് നാം. സ്വാതന്ത്ര്യ ദിന-റിപ്ലബ്ലിക് ദിനം പോലെ ദേശീയമായതും മതേരമായതും, പെരുന്നാളും ക്രിസ്തുമസ്സും ഓണവും വിഷുവും പോലെ മതകീയമായതും, അയ്യങ്കാളി-ശ്രീനാരായണ ഗുരു പോലെ നവോത്ഥാന നായകരുടെയും, മാര്‍ക്‌സ്-എംഗല്‍സ് ചെഗുവേര ഉള്‍പ്പെടെ കമ്യൂണിസ്റ്റ് വിശ്വാസികളുടെതടക്കമുള്ള സാംസ്‌കാരിക പരിപാടികളും ആഘോഷിക്കാറുണ്ട്. ഇതൊക്കെയും ആഘോഷിക്കുന്നത് അതാത് മത കാര്യാലയങ്ങളിലോ ആരാധനാലയങ്ങളിലോ വീടുകളിലോ മാത്രമല്ല നഗര-ഗ്രാമ ഭേദമന്യേ നാട്ടിലൊന്നാകെയാണ്. മധുരം നല്‍കിയും ഒത്തു ചേര്‍ന്നും നാമതിനെ സന്തോഷദിനമാക്കുകയാണ്. അവിടെ വിളമ്പുന്ന രുചിക്കൂട്ടുകള്‍ ഞാനും നീയും മനുഷ്യനെന്ന നിലയില്‍ ഒന്നാണെന്ന പരസ്പരം ചേര്‍ത്ത് പിടിക്കലാണ്. മതാഘോഷങ്ങളും സാംസ്‌കാരിക പരിപാടികളും വാണിജ്യവത്ക്കരിക്കപ്പെട്ടതോടെ മാളുകളില്‍ ഓഫറുകള്‍ വാങ്ങിക്കൂട്ടാനായി ഓടിച്ചെല്ലുന്നവരില്‍ എല്ലാ വിഭാഗം ആളുകളുമാണ്. തെരുവുകളെ രാപ്പകലുകളാക്കി എല്ലാതരം വിശ്വാസികളാലും നാടലങ്കരിക്കപ്പെടുന്നത് മതേതര ഇന്ത്യയുടെ വികാസക്ഷമതയുടെ നേര്‍സാക്ഷ്യം കൂടിയാണ്. സഹിഷ്ണുതയോടെയുള്ള പങ്കാളിത്തത്തില്‍ ഉയിര്‍ക്കൊള്ളുന്നത് നാം ഒന്നെന്ന ഇന്ത്യന്‍ ജനതയുടെ ഏറ്റുപറച്ചിലാണ്.
എന്നാല്‍, മതേതര ഇന്ത്യയുടെ മഴവില്‍ വര്‍ണ്ണങ്ങള്‍ കൂടുതല്‍ ശോഭയോടെ നിലനില്‍ക്കണമെങ്കില്‍ യോജിക്കാനുള്ള അവകാശം പോലെതന്നെ വിയോജിക്കാനുള്ള അവകാശത്തെയും മാനിക്കേണ്ടതുണ്ട്. അതിന് മതേതരം എന്ന വിശാലാര്‍ത്ഥമുള്ള പദത്തെ അതിന്റെ തനത് രീതിയില്‍ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും വേറൊരു രീതിയില്‍ ഉണ്ടാവേണ്ടതുണ്ട്. ആചാര അനുഷ്ഠാന രീതികളെയും വിശ്വാസ ചിന്താ പദ്ധതികളെയും ഒരു രീതിയില്‍ മാത്രം കാണുന്ന, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ താല്‍പര്യങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതിനെ ദേശീയതയുടെ ഭാഗമായി കാണാന്‍ പഠിപ്പിക്കുന്ന ഒന്നിന്റെ പേരല്ല മതേതരത്വം. അങ്ങനെ വിശ്വസിക്കുന്നവനല്ല മതേതരവാദി. ഒരു വിഭാഗം ആളുകള്‍ വിശ്വാസത്തിന്റെ ഭാഗമെന്നോണം നടത്തപ്പെടുന്ന ചടങ്ങുകള്‍ ഇതെന്റെ വിശ്വാസത്തെ ഹനിക്കുമെന്ന ഉറപ്പോടെ മാറിനില്‍ക്കുന്ന മറ്റൊരു വിഭാഗവും ഉണ്ട്. അവരെ ഉള്‍ക്കൊള്ളാന്‍ കൂടി പാകപ്പെടുമ്പോഴാണ് മതേതരസങ്കല്‍പ്പത്തിന്റെ നിര്‍വചനം യാഥാര്‍ഥ്യമാവുക. അവരാരെയും അലോസരപ്പെടുത്താന്‍ പോകുന്നില്ല, അങ്ങനെ അലോസരപ്പെടുത്താന്‍ നമ്മുടെ ഭരണഘടന ആരെയും അനുവദിക്കുന്നുമില്ല. വ്യത്യസ്തതയില്‍ ഒന്നായിത്തീരുന്നവനും അങ്ങനെ ആകേണ്ടവനുമാണ് നാം എന്ന മതേതരവും മൂല്യവത്തായതും ദൈവികമായതുമായ ഒരു ബോധ്യമാണവരെ ചൂഴ്ന്നുനില്‍ക്കുന്നത്. ഇങ്ങനെയുള്ളവനെ കൂടി ഉള്‍ക്കൊള്ളാന്‍ പ്രാപ്തി നേടുമ്പോള്‍ മാത്രമേ ഭരണഘടനയില്‍ മതേതരത്വത്തിന് അതിന്റെ ശില്‍പികള്‍ കൊടുത്ത നിര്‍വചനത്തിന് സാധ്യത ഉണ്ടാവുകയുള്ളൂ. അത് ഉള്‍ക്കൊള്ളാന്‍ ധൈര്യമുള്ളവന് മാത്രമേ മതേതരവാദി എന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയുള്ളൂ.
പൂണൂല്‍ ധരിച്ച ബ്രാഹ്മണ വിശ്വാസി പോത്തിറച്ചിയും കാളയിറച്ചിയും തിന്നാതിരിക്കുമ്പോഴും ചങ്ക് പറിച്ചുകൊടുക്കുന്ന സഹോദരന്‍ തന്നതായാലും മുസ്‌ലിമായവന്‍ പന്നി വിഭവങ്ങള്‍ വാങ്ങാതിരിക്കുമ്പോഴും, യഹോവാ സാക്ഷികള്‍ പകല്‍ വെളിച്ചത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനും ദേശീയഗാനം ആലപിക്കാനും ഭയപ്പെടുമ്പോഴും ഈ വിശ്വാസത്തെയെല്ലാം ആദരവോടെ അംഗീകരിച്ചുകൊടുക്കണമെന്നതാണ് മതേതരത്വത്തിന്റെ കാതല്‍. മനുഷ്യനില്‍ അന്തര്‍ലീനമായ സഹജീവി സ്നേഹത്തിന്റെയും നീതിയുടെയും ബലത്തില്‍ അപരനെ ചേര്‍ത്തുപിടിക്കാന്‍ പ്രേരകമായൊരു ഈശ്വര ബോധ്യം കുടികൊള്ളുന്ന മനുഷ്യര്‍ എക്കാലത്തും ചെയ്തുപോന്ന രീതി ഇതുതന്നെയാണ്.
അഞ്ചുനേരം സമയം തെറ്റാതെ നമസ്‌ക്കരിക്കാന്‍ നേരത്തെകാലത്തെ വുളുവെടുത്തു കാത്തിരിക്കുന്ന, തലയില്‍ തട്ടമിട്ടവര്‍ പെരുന്നാളുകളിലും ആഘഷവേളകളിലും ഇറച്ചിയും മീനും ഇല്ലാത്ത പലഹാരങ്ങള്‍ അയല്‍പക്കത്തെ അമുസ്‌ലിംകള്‍ക്കായി പ്രത്യേകം ഉണ്ടാക്കി സല്‍ക്കരിക്കുന്നതും ഓണത്തിനും വിഷുവിനും തെയ്യങ്ങള്‍ക്കും പൂജിക്കാത്ത ഭക്ഷണങ്ങളും ബേക്കറി സാധനങ്ങളും പലഹാരങ്ങളും സ്നേഹത്തോടെ തിരിച്ചിങ്ങോട്ട് കൊടുക്കുന്നതും അതുകൊണ്ടാണ്. മതേതര ഭരണഘടനയൊന്നും ഉരുവിട്ടുപഠിച്ചിട്ടില്ലെങ്കിലും സാധാരണക്കാരായ വിശ്വാസികള്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ നല്ല അയല്‍ക്കാരായും നല്ല സഹപ്രവര്‍ത്തകരായും നല്ല കൂട്ടുകാരായും പരസ്പരം കൊണ്ടും കൊടുത്തും ഇങ്ങനെ ജീവിച്ചു പോകുന്നുണ്ട്. ഇങ്ങനെ വിശ്വാസത്താല്‍ അര്‍മാദിച്ചാഘോഷിക്കാനുള്ളപോലെ അവകാശം, മറ്റൊരു വിശ്വാസത്തില്‍നിന്ന് മാറി നില്‍ക്കാനുമുണ്ട്. ഒരാള്‍ക്ക് ആചരിക്കാനും മറ്റൊരാള്‍ക്ക് ഞാനൊന്നിനുമില്ലെന്ന് സമൂഹമധ്യേ പറഞ്ഞ് മാറിനില്‍ക്കാനും ധൈര്യം വരുന്നിടത്താണ് മതേതരത്വത്തിന്റെ വിശാലാര്‍ഥം പൂര്‍ണതയിലെത്തുക. ഈയൊരു ബോധ്യം ഇല്ലാതായിപ്പോകുന്നിടത്താണ് പശുവിനെ കണ്ടാലും പന്നിയെ കണ്ടാലും മനുഷ്യനെ അടിച്ചുകൊല്ലണമെന്നു തോന്നിപ്പോകുന്നത്.
ദൗര്‍ഭാഗ്യവശാല്‍ ക്രമാനുഗതമായി ഫാസിസത്തിലേക്കെത്തിക്കാന്‍ വെമ്പുന്ന ഭരണകൂടങ്ങളും അതിനൊത്തു സജ്ജീകരിക്കപ്പെട്ട സംവിധാനങ്ങളും ഇത്തരമൊരു മഴവില്‍ മതേതതരത്വത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാട്ടില്‍. ചില മതാഘോഷങ്ങള്‍ അതാത് മതത്തിന്റെ മാത്രമായി പരിമിതപ്പെട്ടുപോവുകയും ചില മതാഘോഷങ്ങളെ ആ മതത്തിനപ്പുറം കടന്നു ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായി എല്ലാവരുടേതുമാകുന്ന സാമൂഹികാവസ്ഥ ഇന്ത്യന്‍ മതേതര സങ്കല്‍പത്തിനുള്ളില്‍ കാലങ്ങളായി ഒളിച്ചുകടത്തപ്പെട്ടിട്ടുണ്ട്. സൂഡോ സെക്കുലറിസത്തിന്റെ മനസ്സറിഞ്ഞ ഈ അംഗീകരിച്ചു കൊടുക്കലാണ് വംശീയ ധ്രുവീകരണത്തിന് ഫാസിസത്തിന് ധൈര്യം പകരുന്നത്. അവര്‍ പാകപ്പെടുത്തിയെടുത്ത മണ്ണിലാണ് ഫാസിസം വേരുകളാഴ്ത്തുന്നത്. ഇവരാരും യഥാര്‍ഥ മതവിശ്വാസികളല്ലാത്തതുപോലെ തന്നെ, ഇത്തരം ഇടത് വാദികള്‍ യഥാര്‍ഥ മതേതരവാദികളേ അല്ല. ഏക ശിലാ മതാത്മക സമൂഹമെന്ന സ്വപ്നസാക്ഷാത്ക്കാരത്തിനുവേണ്ടി പണിയെടുക്കുന്നവരുടെ പണി വേഗത്തിലും എളുപ്പത്തിലുമാക്കുക എന്ന ഉത്തരവാദിത്വം കേരളത്തിലെങ്കിലും സി.പി.എം-പോഷക സംഘടനകള്‍ ഏറ്റെടുക്കുന്നു എന്നത് ഖേദകരമാണ്. അവര്‍ പാകപ്പെടുത്തിയ മണ്ണിലാണ് പൂക്കളമിടാത്തവന്റെയും നിലവിളക്ക് കൊളുത്താവന്റെയും ഇറച്ചി തിന്നുന്നവന്റെയും മേല്‍ കത്തിയും കഠാരയുമായി ജയ് ശ്രീരാം വിളികളുമായി പാഞ്ഞടുക്കാനുള്ള ഹിംസാത്മകത വളരുന്നത്.
ഓണവുമായി ബന്ധപ്പെട്ട സ്‌കൂള്‍ ടീച്ചറുടെ പ്രസ്താവനയെച്ചൊല്ലിയുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ ഇടപെടല്‍ സൂചിപ്പിക്കുന്നത് അതാണ്. പ്രത്യേക മതസംഘടനയുടെ കീഴില്‍ ആ മതം മാത്രം പഠിക്കുന്ന കുട്ടികളോട് സ്‌കൂള്‍ അധ്യാപിക പറഞ്ഞതിനെയാണ് പൊതുസമൂഹത്തോട് നന്മയുടെ പാഠങ്ങളാവേണ്ട അധ്യാപികയുടെ വാദം എന്ന രൂപേണ വര്‍ഗീയത പ്രചരിപ്പിച്ചു എന്ന രൂപത്തില്‍ ഡി.വൈ.എഫ്.ഐ കേസ് കൊടുക്കുന്നതും സി.പി.എം സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുന്നതും വേണ്ടിവന്നാല്‍ പൂട്ടിക്കും എന്ന് ആഹ്വാനം ചെയ്യുന്നതും.
കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരും ദലിത് ആക്ടിവിസ്റ്റുകളും ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യവും ആശയപരിസരവും വിമര്‍ശനാത്മകമായി എത്രയോ നേരത്തെ വിലയിരുത്തുകയും പറയുകയും ചെയ്തിട്ടുണ്ട്. അവരോടൊന്നുമില്ലാത്ത സമീപനം ടീച്ചറുടെ കാര്യത്തില്‍ പ്രശ്‌നവത്കരിക്കപ്പെട്ടത് സ്യൂഡോ സെക്കുലറിസത്തിന്റെ പൊള്ളത്തരം തന്നെയാണ്. ഒരുപക്ഷേ, വൈരുധ്യാത്മക ഭൗതികവാദത്തില്‍ അടിയുറച്ചുവിശ്വസിക്കുന്ന കമ്യൂണിസ്റ്റിന് ദൈവിക ഇടങ്ങളെന്നു വിശ്വസിക്കുന്ന അമ്പലവും പള്ളിയും അതിന്റെ പ്രകടമായ ആരാധനാ രീതികളെയെല്ലാം സ്വയം വിലക്കി മാറിനില്‍ക്കും പോലെ ഏക ദൈവ വിശ്വാസി ബഹുദൈവ ആരാധനയുമായി ബന്ധപ്പെട്ട ചടങ്ങിലെ അസാംഗിത്യത്തെ കുറിച്ച് പറഞ്ഞതായിരിക്കാം എന്നു കരുതി അവഗണിക്കാതെ, കേട്ടാല്‍ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയില്‍ വര്‍ഗീയതയും മതവിദ്വേഷവും പൊതുസമൂഹത്തോടായി പറയുന്ന നേതാക്കളെ നിര്‍ബാധം വിഹരിക്കാന്‍ വിട്ടുകൊണ്ടാണ് കമ്യുണിസ്റ്റുകള്‍ അധ്യാപകക്കെതിരെ നീങ്ങിയത്. ഒരു സമൂഹത്തെ ഇസ്‌ലാമോഫോബിക് ആയി രൂപാന്തരപ്പെടുത്തുക എന്നതിനു നല്ല തെളിവാണിത്.
ചില പ്രത്യേക മതത്തിന്റെ ആചാരരീതി എല്ലാവരും അനുവര്‍ത്തിക്കണമെന്നും അത് ദേശീയതയുടെ ഭാഗമാണെന്നും വാശിയാല്‍ നിര്‍വചിച്ചതാണ് രാജ്യം ഇന്നഭീമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ ഹേതു. നിലവിളക്ക് പ്രത്യേക മതാരാധനയുമായി ബന്ധപ്പെട്ടതാണെന്നും അത് ചെയ്യാത്തവന്‍ മാറി നില്‍ക്കട്ടെയെന്നും അതാണ് മതേതര സങ്കല്‍പ്പമെന്നും തീരുമാനിക്കുന്നതിനു പകരം അത് ചെയ്യാത്തവരെ രാജ്യദ്രോഹിയായി മുദ്രകുത്താന്‍ ഇടതു മതേതര ബുദ്ധിജീവികള്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട്. പലപ്പോഴും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായിട്ടുമുണ്ട്.
അധ്യാപിക മാത്രല്ല നെന്മാറ കോളേജിലെ പ്രിന്‍സിപ്പാളും ആഘോഷ പരിപാടിക്ക് അനുവാദം കൊടുത്തിട്ടില്ല എന്നാണ് വാര്‍ത്ത. പക്ഷേ, അദ്ദേഹത്തിന് യാതൊരുവിധ സമ്മര്‍ദങ്ങളും ഉണ്ടാവാത്തത് അദ്ദേഹത്തിന് എന്തെങ്കിലും പറയാനുള്ള അവകാശമുണ്ടെന്നും ഒരു മുസ്‌ലിമിന് അത് പറയാന്‍ പാടില്ല എന്ന് പൊതുസമൂഹം സ്വയം തീരുമാനിച്ചുറപ്പിച്ചു കൊടുത്തത് കൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് ആ സാധുവായ അധ്യാപികക്ക് സസ്‌പെന്‍ഷന്‍ കിട്ടേണ്ടി വന്നതും. ഭരണഘടന നല്‍കിയ ഉറപ്പിന്മേലും അവകാശത്തിന്മേലും സുരക്ഷിതത്വം കണ്ടെത്തുന്നതിന് പകരം ബാഹ്യമായ സമ്മര്‍ദ്ദത്തിന് വഴങ്ങിക്കൊടുക്കേണ്ടി വരിക എന്ന ഗതികേടിലേക്കാണ് ഈ സ്യൂഡോ സെക്കുലര്‍ മനോഭാവം ഒരു സമുദായത്തെ കൊണ്ടെത്തിക്കുന്നത്. നീതിനിര്‍വഹണ സംവിധാനങ്ങള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതിന് മുമ്പെ രാഷ്ട്രീയക്കാരുടെയും മാധ്യമസ്ഥാപനങ്ങളുടെയും അലര്‍ച്ചയില്‍ വിറച്ചുപോവുകയാണ് മുസ്‌ലിം സമുദായം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കേണ്ടതും ലഭിക്കേണ്ടതുമായ അവകാശങ്ങളെ, പ്രത്യേകിച്ച് ആരാധനയും വിശ്വാസവും ബന്ധപ്പെട്ട എല്ലാറ്റിനെയും ബോധപൂര്‍വ്വം കവര്‍ന്നെടുക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ അണിയറയില്‍ നിയമമായും കയ്യൂക്കിനാലും സാധിച്ചെടുക്കുന്ന ഇന്ത്യന്‍ അവസ്ഥയില്‍ ചാതുര്‍വര്‍ണാശ്രമ ധര്‍മത്തോട് സമീകരിച്ചുപോകുന്ന ഇടതു സൈദ്ധാന്തികതയും ലിബറല്‍ വാദങ്ങളും അപകടകരമാണ്.
