‘എന്റെ ജനനം തന്നെയാണ് ഏറ്റവും വലിയ ആപത്കരമായ ഹിംസ’ എന്ന് പ്രഖ്യാപിച്ച് കൊണ്ട് രോഹിത് വെമുല തന്റെ ജീവത്യാഗത്തിലൂടെ നടത്തിയ രാഷ്ട്രീയ പ്രതിരോധം ഇന്ത്യയിലെ കാമ്പസുകളിലും തെരുവുകളിലും സൃഷ്ടിച്ച ജനാധിപത്യ പോരാട്ടങ്ങളിലൂടെ ജന്മം കൊണ്ട പ്രസ്ഥാനമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ഈ സംഘടനയുടെ പേര് മുതല്‍ അതിന്റെ ഓരോ ആശയ തലത്തിലും രോഹിത് മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന്റെ കാതല്‍ കാണാന്‍ കഴിയും. ഡല്‍ഹി അംബേദ്കര്‍ ഭവനില്‍ 2017 ഏപ്രില്‍ 30-ന് തുടക്കം കുറിച്ച ഈ മൂവ്‌മെന്റ്, മഹാത്മാക്കളായ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും ഉമര്‍ ഖാദിയും വാരിയന്‍ കുന്നത്തും മമ്പുറം തങ്ങളും വക്കം മൗലവിയും പൊയ്കയില്‍ അപ്പച്ചനും സാഹോദര്യ രാഷ്ട്രീയത്താല്‍ ഉഴുതിട്ട കേരളത്തിന്റെ രാഷ്ട്രീയ പ്രതലത്തില്‍ 2017 മെയ് 13 മുതല്‍ പ്രയാണമാരംഭിച്ചിട്ട് ഏപ്രില്‍ 30-ന് ഒമ്പത് വര്‍ഷം തികയുകയാണ്. രോഹിതിന്റെ വ്യവസ്ഥാപിത കൊലപാതകമാണ് ഈ മൂവ്‌മെന്റിന് അടിത്തറ പാകിയതെങ്കില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ നിതിന്‍ രാജിന്റെ നീതിക്ക് വേണ്ടിയുള്ള സമരപോരാട്ടങ്ങളിലൂടെ കടന്നു പോകുന്ന ഈ പ്രസ്ഥാനം രോഹിത് മുന്നോട്ട് വെച്ച ആ ആപത്കരമായ ഹിംസക്കെതിരായ പോരാട്ടം തന്നെയാണ് ഇന്ത്യയിലെ കാമ്പസുകളും തെരുവുകളും ആവാഹിക്കേണ്ട ഭാവി രാഷ്ട്രീയം എന്ന് വീണ്ടും ആവര്‍ത്തിച്ചുറപ്പിക്കുകയാണ്.
ഒരു വ്യക്തി ജാതി-മത-ലിംഗ വ്യത്യാസങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കേവല മനുഷ്യന്‍ മാത്രമാണെന്ന വര്‍ഗരാഷ്ട്രീയ ബോധ്യങ്ങള്‍ക്കും ഒരു പൗരനെ കേവലം ദേശീയതയുടെ വരേണ്യ ചട്ടക്കൂടില്‍ നിന്നും മാത്രം അടയാളപ്പെടുത്തണമെന്ന വലത്പക്ഷ വരേണ്യ തിട്ടൂരങ്ങള്‍ക്കും നടുവില്‍ നിന്നാണ് രാജ്യത്ത് പുറംതള്ളലിന്റെയും പീഡനങ്ങളുടെയും കാരണങ്ങളായ ജാതി, മതം, വര്‍ഗം, ലിംഗം, ഭാഷ, പ്രദേശം എന്നിവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ അതിന്റെ അടിത്തട്ടില്‍ നിന്ന് കൊണ്ട് തന്നെ ചോദ്യം ചെയ്യുന്ന പുതിയ ജനാധിപത്യ-സാഹോദര്യ രാഷ്ട്രീയ സംസ്‌കാരത്തെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നോട്ട് വെച്ചത്. രോഹിത് വെമുലയും, നജീബ് അഹ്മദും, പായല്‍ തദ്‌വിയും, ഫാത്തിമ ലത്തീഫും, നിതിന്‍ രാജുമെല്ലാം ആവര്‍ത്തിച്ചു പറയുന്നത് കേവലം മനുഷ്യനും പൗരനുമാവുക എന്നത് രാജ്യത്തെ ചുരുക്കം ചില വിഭാഗങ്ങള്‍ക്ക് മാത്രം വിധിക്കപ്പെട്ട സാമൂഹിക യാഥാര്‍ത്ഥ്യമാണെന്ന് തന്നെയാണ്. കേവലം വ്യക്തികളുടെ നീതി, അധികാരം, വിഭവ തുല്യത എന്നതിനേക്കാള്‍ സമുദായങ്ങള്‍ക്കിടയിലുള്ള തുല്യമായ അധികാര പങ്കാളിത്തവും നീതിയും സാഹോദര്യവും ഉണ്ടാവുക എന്നതാണ് കാലഘട്ടത്തിന്റെ രാഷ്ട്രീയവും വിദ്യാര്‍ത്ഥി മാനിഫെസ്റ്റോയും എന്ന തിരിച്ചറിവില്‍ നിന്ന് കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ ഒമ്പത് വര്‍ഷക്കാലവും കാമ്പസുകളിലും തെരുവുകളിലും പ്രവര്‍ത്തിച്ചത്.
നീതി നിഷേധിക്കപ്പെട്ട വ്യത്യസ്ത സമുദായങ്ങളുടെ നേതൃത്വത്തില്‍ നടന്ന സാമൂഹിക-രാഷ്ട്രീയ പോരാട്ടങ്ങളാണ് ചരിത്രപരമായി ജാതി കേന്ദ്രീകൃതമായി നിലകൊണ്ട സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നും രാജ്യത്തിനും കേരളത്തിനും മോചനം നല്‍കിയത്. ഇതേ വംശീയ-ജാതി ബോധം പേറിക്കൊണ്ട് ഹിന്ദുത്വ വംശീയത രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ പോലും ചവിട്ടി മെതിച്ച് ഉന്മൂലന അജണ്ടകളുമായി സൈ്വര്യവിഹാരം നടത്തുമ്പോള്‍ വിദ്യാര്‍ഥി-യുവജനങ്ങളെ അണിനിരത്തി തെരുവുകളിലും കാമ്പസുകളിലും സാഹോദര്യ രാഷ്ട്രീയത്തിലധിഷ്ഠതമായ പ്രതിരോധം രൂപപ്പെടുത്തുന്നതില്‍ ഈ മൂവ്‌മെന്റ് മുന്‍നിരയിലുണ്ടായിരുന്നു. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള മൗലികാവാശം പോലും നിഷേധിച്ച് കൊണ്ട് മുസ്ലിം വിഭാഗത്തിനെ പുറം തള്ളാന്‍ പൗരത്വ ഭേദഗതി ബില്ല് കൊണ്ട് വന്നപ്പോള്‍ അതിനെതിരെ അലയൊടിച്ച പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് കാമ്പസുകളില്‍ നിന്ന് തിരികൊളുത്തുന്നതിലും തെരുവുകളിലേക്ക് ശഹീന്‍ ബാഗുകളായി പടര്‍ന്ന് പന്തലിപ്പിക്കുന്നതിലും ഈ മൂവ്‌മെന്റിന് അനിഷേധ്യമായ പങ്കുണ്ടായിരുന്നു.
കാല്‍പനികതയുടെ കാമ്പസുകളിലും അരാഷ്ട്രീയതയുടെ തെരുവീഥികളിലും രോഹിത് വെമുലയുടെയും, നജീബ് അഹ്മദിന്റെയും, നിതിന്‍ രാജിന്റെയും, ഫാത്തിമ ലത്തീഫിന്റെയും, അട്ടപ്പാടിയിലെ മധുവിന്റെയും, വയനാട്ടിലെ വിശ്വനാഥന്റെയും, വാളയാറിലെ രാം നാരായണന്റെയും, ജാതിക്കൊലപാതകത്തിന് ഇരയാക്കപ്പട്ട കെവിന്റെയുമെല്ലാം നാവും സാക്ഷ്യവുമായി നാം മാറിയിട്ടുണ്ട്. ഹിന്ദുത്വ വംശീയത കൊന്നു തള്ളിയ അഖ്‌ലാഖും പെഹ്ലുഖാനുമടക്കമുള്ള നൂറു കണക്കിന് മനുഷ്യരുടെ നീതിക്കായി തെരുവുകള്‍ പ്രക്ഷുബ്ധമാക്കി. സാമ്രാജ്യത്വവും സയണിസവും കൊന്നു തള്ളുന്ന ഗസ്സയിലെയും ഇറാനിലെയും ലബനാനിലെയും മനുഷ്യര്‍ക്ക് വേണ്ടി എഴുന്നേറ്റ് നിന്നു. വിദ്യാഭ്യാസ-വികസന രംഗത്ത് അനുഭവിക്കുന്ന പ്രാദേശിക അസന്തുലിതത്വത്തിനെതിരെ മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തകുകയും പ്രക്ഷോഭം നയിക്കുകയും ചെയ്തു.
വാളയാറില്‍ ബലാത്സംഗത്തിനിരകളാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടികളുടെ കേസ് അട്ടിമറിക്കുന്നതിന് എതിരായും, വംശീയ കൊലപാതകത്തിനിരയായി കൊല ചെയ്യപ്പെട്ട വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ നീതിക്കായും നടത്തിയ ലോങ് മാര്‍ച്ചുകള്‍, ചരിത്രപരമായി പിന്നാക്കം നില്‍ക്കുന്ന സാമൂഹിക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തെ ഉറപ്പിക്കാനുള്ള സംവരണമെന്ന അവകാശത്തെ സാമൂഹികമായും രാഷ്ട്രീയമായും ചര്‍ച്ച ചെയ്ത റിസര്‍വേഷന്‍ സമ്മിറ്റ്, ആരോഗ്യ രംഗത്ത് നിലനില്‍ക്കുന്ന വംശീയ അധികാര സങ്കല്‍പങ്ങളെ വിമര്‍ശന വിധേയമാക്കിയ ആതുരരംഗത്തെ സാഹോദര്യ കാഴ്ചപ്പാടിലൂടെ പുനര്‍നിര്‍വചിച്ചു കൊണ്ട് രണ്ട് ദിവസം മുമ്പ് നടന്ന മെഡിക്കല്‍ സമ്മിറ്റ് തുടങ്ങിയവ സാമൂഹിക നീതിക്കായുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നോട്ട് വെച്ച വേറിട്ട ചരിത്ര സാക്ഷ്യങ്ങളാണ്.
ജാതീയതയും വംശീയതയും തീര്‍ത്ത മതിലുകളാല്‍ ജീവിതത്തിന്റെ അരികുകളിലേക്ക് പുറംതള്ളപ്പെട്ട വ്യത്യസ്ത ജനവിഭാഗങ്ങളുടെ നീതിയും ഉന്നമനവും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ രാഷ്ട്രീയ മുന്‍ഗണനകളില്‍ വളരെ പ്രധാനപ്പെട്ടതാണ്. ജനനം കൊണ്ട് ഈ മണ്ണിന്റെ ആദ്യാവകാശികളായിട്ടും മണ്ണിന്റെ ഒരു തരിപോലും ഉടമസ്ഥാവകാശം ലഭിക്കാത്ത ആദിവാസ ജനവിഭാഗങ്ങള്‍, വര്‍ണ്ണ വ്യവസ്ഥയുടെ ജാതിക്കോമരങ്ങള്‍ പുറമ്പോക്കുകളിലേക്ക് തള്ളി വിട്ട ദലിത് വിഭാഗങ്ങള്‍, വംശീയ മുന്‍വിധികളാല്‍ വരിഞ്ഞു മുറുക്കി വംശഹത്യാ മുനമ്പിലേക്ക് എടുത്തെറിയപ്പെട്ട മുസ്ലിം ജനവിഭാഗങ്ങള്‍ തുടങ്ങി, ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന വ്യത്യസ്ത വിഭാഗങ്ങളുടെയെല്ലാം സാമൂഹിക നീതിക്കായി തെരുവുകളെയും കലാലയങ്ങളെയും പ്രക്ഷുബ്ദമാക്കാന്‍ ഈ സംഘം പ്രതിജ്ഞാബന്ധമാണ്.
ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് അരനൂറ്റാണ്ട് പിന്നിട്ട വിദ്യാര്‍ത്ഥി സംഘടനകളെക്കാള്‍ നീതിയുടെ ശബ്ദമാകാന്‍, വേട്ടക്കാരോടൊപ്പം ഓടാതിരിക്കാന്‍, ഇരകളാക്കപ്പെട്ടവര്‍ക്ക് ആത്മാഭിമാനം പകരാന്‍ ഈ മൂവ്‌മെന്റിന് കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ ജെ.എന്‍.യു മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വരെ സാമൂഹിക ജനാധിപത്യത്തിന്റെ വിദ്യാര്‍ത്ഥി സാക്ഷ്യം കാമ്പസുകളില്‍ നിര്‍വ്വഹിക്കാന്‍ മൂവ്‌മെന്റിന് കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ പ്രധാനപ്പെട്ട കേന്ദ്ര സര്‍വ്വകലാശാലകളിലൊന്നായ ഇഫ്‌ലുവിലെ യൂണിയന്‍ ഭരണം പിടിക്കാന്‍ ഫ്രറ്റേണിറ്റി സഖ്യത്തിന് കഴിഞ്ഞു എന്നത് ജനനം കൊണ്ട് തന്നെ വംശീയതയുടെ അതിര്‍വരമ്പുകളില്‍ തളക്കപ്പെട്ട ശരീരങ്ങളുടെ ആത്മാഭിമാന പോരാട്ടങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കേവല കക്ഷി രാഷ്ട്രീയത്തിനപ്പുറം വിവേചനപരവും ചൂഷണാധിഷ്ഠവുമായ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെ മാറ്റിപ്പണിയാനും സ്വാതന്ത്ര്യവും സമത്വവും പുലരുന്ന, സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു ജനാധിപത്യ ക്രമത്തെ സൃഷ്ടിക്കാനുമുള്ള വിദ്യാര്‍ഥി-യുവജനങ്ങളുടെ ഈ ഒത്തു ചേരലിലേക്കാണ് ഫ്രറ്റേണിറ്റി വിദ്യാര്‍ത്ഥി-യുവജനങ്ങളെ സ്വാഗതം ചെയ്യുന്നത്.
(ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)
