November 20 Friday 2026

ജാതി ചോദിക്കുന്ന അധ്യാപകരെ ഇനിയും നമുക്ക് ആവശ്യമുണ്ടോ?

അറിവിന്റെ വെളിച്ചം പകരേണ്ട കലാലയ മുറികള്‍ ജാതീയതയുടെയും അധികാരപ്രമത്തതയുടെയും ഇരുട്ടുനിറഞ്ഞ കൊലമുറികളായി മാറുന്നത് ഒരു സമൂഹമെന്ന നിലയില്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. നിതിന്‍ രാജ് എന്ന വിദ്യാര്‍ഥിയുടെ മരണം കേവലം ഒരു വ്യക്തിയുടെ നഷ്ടമല്ല, മറിച്ച് നമ്മുടെ വിദ്യാഭ്യാസ സംസ്‌കാരത്തിനേറ്റ കനത്ത പ്രഹരമാണ്. അധ്യാപകന്‍ എന്നത് ഒരു തൊഴിലിനപ്പുറം ഒരു സംസ്‌കാരത്തെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണെന്നിരിക്കെ, അവിടെ ജാതിയുടെയും വംശീയതയുടെയും വിഷം കലര്‍ത്തുന്നവര്‍ ആ പദവിക്ക് തന്നെ അപമാനമാണ്. ഒരു വിദ്യാര്‍ത്ഥിയെ ‘പുഴുത്ത പട്ടി’ എന്ന് വിളിക്കാനും അവന്റെ ശാരീരിക അവയവങ്ങള്‍ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്താനും ഒരു അധ്യാപകന് എങ്ങനെ ധൈര്യം വരുന്നു എന്നത് ഗൗരവതരമായ സാമൂഹിക വിശകലനം അര്‍ഹിക്കുന്നു.

പഠനമുറിയിലെ അധികാരശ്രേണികളെ വിദ്യാര്‍ഥികളെ തകര്‍ക്കാനുള്ള ആയുധമാക്കുന്ന പ്രവണത ഇന്ന് കലാലയങ്ങളില്‍ വര്‍ധിച്ചുവരികയാണ്. തനിക്ക് വഴങ്ങാത്തവരെയോ ചോദ്യം ചെയ്യുന്നവരെയോ മാനസികമായി തളര്‍ത്താന്‍ വിദ്യാര്‍ഥിയുടെ കുടുംബത്തെയും ജാതിയെയും സ്വകാര്യ ജീവിതത്തെയും അധിക്ഷേപിക്കുന്നത് ഒരു തരം സാഡിസമാണ്. നിതിന്‍ രാജിന്റെ ശബ്ദരേഖയില്‍ കേള്‍ക്കുന്നതുപോലെ, അമ്മയുടെ ശസ്ത്രക്രിയയെപ്പോലും പരിഹസിക്കുന്ന ക്രിമിനല്‍ മനോഭാവം പുലര്‍ത്തുന്നവര്‍ക്ക് എങ്ങനെയാണ് വൈദ്യശാസ്ത്രം പോലുള്ള മാനവികമായ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുക? മാര്‍ക്കിന്റെയും ഹാജരിന്റെയും അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തില്‍, ഒരു മനുഷ്യന്റെ അന്തസ്സിനെ ചോദ്യം ചെയ്യാമെന്ന ധാരണ തിരുത്തപ്പെടേണ്ടതാണ്.

അധ്യാപകരില്‍ അന്തര്‍ലീനമായിരിക്കുന്ന ജാതീയമായ മുന്‍വിധികള്‍ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന ‘അദൃശ്യമായ അയിത്ത’ത്തിന്റെ തെളിവാണ്. പുരോഗമന കേരളമെന്ന് നാം ഊറ്റം കൊള്ളുമ്പോഴും, കലാലയങ്ങളുടെ ഇടനാഴികളില്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന അധ്യാപകര്‍ ഉണ്ടെന്നത് ലജ്ജാകരമാണ്. ഇത്തരം സംഭവങ്ങളില്‍ വെറും സസ്പെന്‍ഷനുകള്‍ കൊണ്ട് മാത്രം നടപടി ഒതുക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്നതിന് തുല്യമാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കാത്തപക്ഷം, ഇനിയും നിതിന്‍ രാജിനെപ്പോലെയുള്ള സ്വപ്നങ്ങളുള്ള യുവത നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ജാതിയും വിവേചനവും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് അധ്യാപനമല്ല, കൗണ്‍സിലിംഗും തടവുശിക്ഷയുമാണ് നല്‍കേണ്ടത്. വിദ്യാര്‍ഥികളെ സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയാത്തവര്‍ക്ക് കലാലയങ്ങളില്‍ ഇനി സ്ഥാനമുണ്ടാകരുത്.

Related