സര്‍ക്കാരും ഭരണകക്ഷിയും തയ്യാറാക്കിയ തിരക്കഥയിലെപ്പോലെ അഭിനയിക്കാന്‍ വിസമ്മതിച്ചു എന്നതാണ് മമ്മൂട്ടി ചെയ്ത അപരാധം. ഇതൊക്കെ ജനങ്ങളുടെ പണമാണല്ലോ, അതുകൊണ്ട് ഔദാര്യത്തിന്റെ ഭാഷ ആവശ്യമില്ല എന്നൊന്നു സൂചിപ്പിച്ചു. അത്രേയുള്ളു. പിന്നെ, ഞങ്ങളും മമ്മൂട്ടിയും എന്നൊരു തെരഞ്ഞെടുപ്പ് പരസ്യത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയ അവിടത്തെ ഭരണകക്ഷിയുടെ കാര്യക്കാരനോട് അങ്ങനെ വേണ്ടെന്നും മൂപ്പര് പറഞ്ഞു. ശേഷം, ”മമ്മൂട്ടി; വയനാട് സന്ദര്‍ശനത്തിന് മുമ്പും പിമ്പും” എന്നായി മൂപ്പരുടെ ജീവിതം. ഭരണകക്ഷിയുടെ സൈബര്‍ സംഘം മമ്മൂട്ടിയെ വിലയിരുത്തുന്നു, വകവരുത്തുന്നു എന്ന മട്ടിലാണ് കാര്യങ്ങള്‍. ഇടതു സര്‍ക്കാര്‍ തുടരും എന്നൊരു വാചകം കൂടി പറഞ്ഞിരുന്നെങ്കില്‍ ഇതൊന്നുമുണ്ടാകുമായിരുന്നില്ല. അത് പറഞ്ഞില്ലെങ്കില്‍ പിന്നെയെന്തിന് മമ്മൂട്ടി!.
അധികാരത്തിനോടും അതിന്റെ മൂര്‍ത്തികളോടും വഴങ്ങുകയും അതിനാവശ്യമുള്ളപ്പോള്‍ പരസ്യമായി വിധേയന്മാരായി കൂത്താടുകയും ചെയ്യുകയെന്ന പെറുക്കിത്തീനികളുടെ ഗുണവിശേഷങ്ങള്‍ മാത്രമാണ് ഏതൊരു മനുഷ്യനില്‍നിന്നും ദുരധികാരം പ്രതീക്ഷിക്കുന്നത്. സമ്പൂര്‍ണ്ണ വിധേയത്വം. അതിപ്പോള്‍ മമ്മൂട്ടിയായാലും ശരി, ആരായാലും ശരി. ഇങ്ങനെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുനടക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ വിധേയവേഷം ആടാനാണ്. അതിന് നിന്നുകൊടുക്കാത്തതിന്റെ പേരിലുള്ള പുലഭ്യം പറച്ചിലാണ് ഇപ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും. തൊട്ടുമുമ്പ് ഒരു പാലത്തിന്റെ വികസനപരസ്യത്തില്‍ സര്‍ക്കാരിനായി പരമാവധി ശബ്ദം കനപ്പിച്ചു പരസ്യം ചെയ്ത താരമാണ് ഒറ്റ പകലുകൊണ്ട് വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങിയത്.
കേരളത്തിലെ ഭരണാധികാരവുമായോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ, സാമൂഹ്യാധികാരവുമായോ കലാകാരനെന്ന നിലയില്‍ വലിയ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ള ഒരാളല്ല മമ്മൂട്ടി. അത്തരത്തില്‍ പ്രതികരിക്കുന്ന കലാകാരന്മാരുള്ളപ്പോള്‍ അങ്ങനെ പ്രതികരിക്കുന്നില്ല എന്നതൊരു നിഷ്‌ക്കളങ്ക തീരുമാനവുമല്ല. അദ്ദേഹമൊരു നടനാണ്, വ്യാപാരസിനിമയുടെ ഭാഗമായ താരമാണ്. നടനെന്ന നിലയില്‍ വലിയ നടന്മാരുടെ കൂട്ടത്തിലുള്ളയാളാണ്. അതേസമയം ഒരു മതേതര, രാഷ്ട്രീയ സമൂഹത്തിനൊപ്പമാണ് താനെന്നും വളരെ വ്യക്തമായി ബോധ്യപ്പെടുത്തുന്ന ഒരാളാണ് മമ്മൂട്ടി. തന്റെ താരശരീരത്തിനും താരജീവിതത്തിനും നടനകാലത്തിനും പുറത്ത് അത്തരത്തിലൊരു മതേതര, രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തോടുള്ള പ്രതിബദ്ധത അദ്ദേഹം കാണിച്ചിട്ടുണ്ട്. അതത്ര മോശം കാര്യമല്ല. മമ്മൂട്ടിക്കൊപ്പമുള്ള, അതേ നിലയില്‍ താരമൂല്യമുള്ള മോഹന്‍ ലാല്‍ അത്തരത്തിലൊരു പ്രതിബദ്ധത ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കുകയും നിശബ്ദമായി ഹിന്ദുത്വ രാഷ്ട്രീയ മണ്ഡലത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മൂപ്പരും ഇന്ത്യ കണ്ട മഹാനടന്മാരില്‍ ഒരാളാണെന്നതില്‍ സംശയമൊന്നുമില്ല എന്നത് വേറെ കാര്യം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വയനാട് സന്ദര്‍ശനത്തിന് ശേഷം ഭരണകക്ഷിക്കാര്‍ക്ക് മമ്മൂട്ടിയിപ്പോള്‍ അഹങ്കാരിയും പൊങ്ങച്ചക്കാരനും നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയത്ത കാട്ടില്‍ക്കിടക്കുന്ന മൂളിക്കുരങ്ങനുമായി. ഇപ്പോഴൊന്നുമല്ല ആദ്യകാലം മുതലേ മമ്മൂട്ടി ഇങ്ങനെയൊക്കെയാണ് എന്ന് സിപിഎമ്മിന്റെ സൈബര്‍ സൈദ്ധാന്തികര്‍ പറയുന്നുണ്ട്. അതിനവര്‍ നാനാവിധ സിനിമാക്കഥകളെ ആശ്രയിക്കുന്നുണ്ട്. വിധേയന്‍ സിനിമയിലെ പട്ടേലരെപ്പോലെയാണ് മമ്മൂട്ടിയെന്നവര്‍ ചിറികോട്ടുന്നുണ്ട്. മമ്മൂട്ടി പട്ടേലരാണോ എന്നത് വേറെക്കാര്യം, പക്ഷെ തൊമ്മികളാരാണ് എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമൊന്നുമില്ല.
മമ്മൂട്ടിയേക്കാള്‍ മേലെയാണ്, ജില്ലാ സെക്രട്ടറി മാത്രമല്ല ഞങ്ങളുടെ ബ്രാഞ്ച് സെക്രട്ടറി പോലും എന്നവര്‍ കണ്ണുനിറച്ച്, കവിളുകള്‍ വിറപ്പിച്ചു ക്ഷോഭിക്കുന്നു. അവര്‍ക്കങ്ങനെയാകുന്നതില്‍ തെറ്റില്ല. എന്നാല്‍, മമ്മൂട്ടിക്കും നാട്ടുകാര്‍ക്കും അങ്ങനെയാകണമെന്ന് പറയുന്നത് പ്രായോഗികമല്ല. ബഹുസ്വര സമൂഹത്തിലെ പലതരത്തിലുള്ള രാഷ്ട്രീയ, സാമൂഹ്യ സംവിധാനങ്ങളില്‍ ഒന്നുമാത്രമാണ് രാഷ്ട്രീയ സംഘടന. ജനാധിപത്യ സമൂഹത്തില്‍ അതിന് മറ്റെല്ലാത്തിനും മുകളിലും പൗരന്മാര്‍ക്ക് മുകളിലും പ്രാമാണികത കല്‍പിക്കേണ്ടതില്ല. എന്നാല്‍, മറ്റെല്ലാത്തിനും മുകളിലാണ് ഏതു രാഷ്ട്രീയ സംഘടനയുടെയും നേതാക്കള്‍ എന്നത് ജനാധിപത്യത്തിന്റെ എതിര്‍സിദ്ധാന്തമാണ്. അത് രാഷ്ട്രീയ പ്രഭുവര്‍ഗത്തിനെയാണ് സൃഷ്ടിക്കുക. നമ്മുടെ നാട്ടില്‍ ഏതാണ്ടുള്ളതുപോലെ. അത്തരത്തിലൊരു പ്രഭുവര്‍ഗ്ഗത്തിന്റെ ഭാഗമായാണ് ഈ സംഘടനയുടെ നേതൃത്വത്തെ അവര്‍ പ്രതിഷ്ഠിക്കുന്നത് എന്നതുകൊണ്ടാണ് ജില്ലാ സെക്രട്ടറിയെ ബഹുമാനിക്കാത്ത മമ്മൂട്ടിയെന്തു മമ്മൂട്ടി എന്ന വിലാപവും ക്ഷോഭവും ഉയരുന്നത്. നിങ്ങളുടെ ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡണ്ടും കാര്യവാഹകുമൊക്കെ നിങ്ങള്‍ക്ക് വലിയ കക്ഷികളാകും. നാട്ടുകാര്‍ക്ക് അങ്ങനെയാകണമെന്നില്ല. കൂട്ടത്തിലൊരാളാകാന്‍ അറിയാത്തതിന്റെ കുഴപ്പം കൂടിയാണത്. കൂട്ടത്തിലൊരാളാവുക എന്നത് ജനാധിപത്യത്തിന്റെ ലളിതമായ ജീവിതരീതിയാണ്.
വാസ്തവത്തില്‍ ഇതെല്ലാം ജനം നല്‍കിയ പണമാണല്ലോ എന്ന മമ്മൂട്ടിയുടെ ചോദ്യം തങ്ങളുടെ പ്രചണ്ഡമായൊരു പ്രചാരണഗതിയില്‍ അവിചാരിതമായൊരു ഇടര്‍ച്ചയുണ്ടാക്കുന്നതായി ഭരണകക്ഷിക്കുണ്ടായ അങ്കലാപ്പാണ് ഈ ആക്രമണത്തിനുപിന്നില്‍. പിണറായി തുടരണം, ഈ സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ഇതിനൊക്കെ സാധിക്കുക എന്നാണ് അയാള്‍ മടങ്ങുമ്പോള്‍ പറഞ്ഞ അവസാനവാചകമെങ്കില്‍ ജില്ലാ സെക്രട്ടറിക്കില്ലാത്ത വിഷമം നിങ്ങള്‍ക്കെന്തിന്, ഞങ്ങളുടെ സ്വന്തം മമ്മൂട്ടിക്കമ്പനി എന്നായിരുന്നേനെ കഥ. ഇതിപ്പോള്‍ നാട്ടില്‍ ജനാധിപത്യമാണെന്നാണല്ലോ വെപ്പ്, അതിനൊരു ഔദാര്യത്തിന്റെ പ്രചാരണകോലാഹലം വേണോ എന്നൊരു ചോദ്യം ആളുകള്‍ ചോദിക്കുമോ എന്നൊരു വെപ്രാളമാണ്.
രാജാധികാരത്തിന്റെ ഔദാര്യം പോലെയാണ് നിര്‍ദ്ധനരായ മനുഷ്യര്‍ക്ക് ഭരണകൂടം നല്‍കുന്ന ക്ഷേമസൗകര്യങ്ങളുടെ ചടങ്ങുകളും വേദികളും. അതവരുടെ ജനാധിപത്യാവകാശമല്ല എന്നാണ് സമൂഹത്തെ മുഴുവന്‍ ബോധ്യപ്പെടുത്തുന്നത്. മലയാളികളൊന്നായി നല്‍കിയ, ദുരന്തബാധിതരെ സഹായിക്കാന്‍ വേണ്ടി മാത്രം നല്‍കിയ പണംകൊണ്ടാണ് സര്‍ക്കാര്‍ വീടുകളുണ്ടാക്കിയത്. നല്ല കാര്യം. എന്നാല്‍, അത് നല്കുമ്പോഴുള്ള പരസ്യങ്ങളും നാടകങ്ങളും നോക്കൂ. ആ മനുഷ്യരുടെ കണ്ണീരിനെ അക്ഷരാര്‍ത്ഥത്തില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. രാജാധികാരത്തിന്റെ ഔദാര്യത്തിന്റെയും നല്ല മനസിന്റെയും ഗുണഭോക്താക്കളായി അവരെ പ്രദര്‍ശിപ്പിക്കുന്നു. അദാനിക്കോ യൂസഫലിക്കോ നല്‍കുന്ന ആനുകൂല്യങ്ങളുടെ പേരില്‍ അവരാരും മന്ത്രിമാരെ കെട്ടിപ്പിടിച്ചു കരയുന്നില്ല. മന്ത്രിമാര്‍ അവരെയും കെട്ടിപ്പിടിക്കുന്നില്ല. എന്തിന്, കേരളത്തിലെ ധനികരും സവര്‍ണ്ണരുമായ മനുഷ്യരുടെ കൂട്ടത്തിലാണെങ്കില്‍പ്പോലും അവരുടെ ശരീരങ്ങളോട് തുല്യനിലയിലുള്ള അകലം പാലിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനറിയാം. എന്നാല്‍, ദുരിതം നിറഞ്ഞ മനുഷ്യര്‍ അവരുടെ നാടകങ്ങള്‍ക്ക് നിന്നുകൊടുത്തേ മതിയാകൂ എന്നാണ്!
മോഹന്‍ലാലാണ് പിണറായിയുമായ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖം നടത്തിയത്. ഗംഭീരമായി എന്നാണ് സൈബര്‍ സംഘം പ്രചരിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുമായും ലാല്‍ അഭിമുഖം നടത്തിയിട്ടുണ്ട്. ആ നിലയ്ക്ക് അത് നന്നായി. മോദിയുമായും ലാലിന് പ്രശ്‌നങ്ങളൊന്നുമില്ല. അതില്‍ പിണറായിക്കും പ്രശ്‌നമില്ല. താരങ്ങളെ തങ്ങളുടെ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാക്കുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. എന്നാല്‍, മോദിയും പിണറായിയുമൊക്കെ അതിനെ ഒരുപടികൂടി മുന്നില്‍ക്കൊണ്ടുപോയി. തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ താരങ്ങള്‍ വരുന്നതിനപ്പുറം, അല്ലെങ്കില്‍ മത്സരിക്കുന്നതിനപ്പുറം സര്‍വ്വഭൂതനാഥന്മാരും ശക്തരുമായ നേതാക്കളുടെ ശക്തിയെ ഒന്നുകൂടി പൊലിപ്പിക്കുന്ന പരസ്യപ്രചാരണത്തിനുവേണ്ടി താരങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങി. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ മിക്ക മാമാങ്കങ്ങളിലും പിണറായി വിജയനു ചുറ്റുമായി മമ്മൂട്ടി, മോഹന്‍ലാല്‍, കമലഹാസന്‍, എന്നിങ്ങനെ താരങ്ങളെ അണിനിരത്തുന്നത് ഇതിനാണ്. വെള്ളിത്തിരയിലെ അതിമാനുഷന്മാര്‍ ഇതാ യഥാര്‍ത്ഥ അതിമാനുഷനെ നമിക്കുന്നു എന്നാണതിന്റെ പ്രതീകസന്ദേശം. യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ ഇതാ എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ താരാരാധനയുടെ വിസ്മയബിംബങ്ങള്‍പ്പോലും ബഹുമാനിക്കുകയും തൊഴുകൈയുമായി നില്‍ക്കുകയും ചെയ്യുന്ന സര്‍വ്വാധികാരി എന്നാണത്. ഈ അശ്‌ളീല പ്രചാരണ നാടകങ്ങളില്‍ ഒരു പരാതിയുമില്ലാതെ അതിന്റെ ഭാഗമായി നിന്നയാളാണ് മമ്മൂട്ടി. അതയാളുടെ താരജീവിതത്തിന്റെ ഭാഗം കൂടിയാണ്. സിപിഎമ്മിന്റെ ടെലിവിഷന്‍ ചാനലിന്റെ അധ്യക്ഷനായി പരസ്യമായി തുടരുന്ന ബന്ധവുമുണ്ട്. എന്നിട്ടും ഏതോ ഒരു രാക്കാലമാത്രയില്‍ ഒരു നിമിഷമൊന്ന് ഉറക്കം തൂങ്ങിയ നമ്പ്യാരെപ്പോലെ അയാളെയിപ്പോള്‍ അധികാരക്കൂത്തിന്റെ കൂത്തമ്പലത്തില്‍ നിന്നും പുറത്താക്കെന്നാണ് ആക്രോശം.
കുനിഞ്ഞിട്ടുണ്ടെങ്കിലൊരു പിലാവില പെറുക്കാന്‍, കുടിച്ചിട്ടുണ്ടൊരുകിണ്ണം കൊഴുത്ത കഞ്ഞി എന്നുതന്നെയാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ത്യാഗസേവനങ്ങളുടെ രീതി. വിധേയത്തവും നന്ദിയും അവര്‍ തിരിച്ചു ചോദിച്ചുകൊണ്ടേയിരിക്കുന്നു. മണ്ണിടിഞ്ഞപ്പോളും മഴ പെയ്തപ്പോഴും വന്നിട്ടുണ്ടെങ്കില്‍ അധികാരയാത്രയിലെ രഥചക്രങ്ങളിലെ ആരക്കാലുകളാകാന്‍വേണ്ടി അവര്‍ നിങ്ങളെ വീണ്ടും തേടിവരും.
മമ്മൂട്ടിയുമായി മലയാളികള്‍ക്കുള്ളത് ചലച്ചിത്ര നടനെന്ന നിലയിലും ചലച്ചിത്ര വിപണിയിലെ താരമെന്ന നിലയിലുമുള്ള ബന്ധമാണ്. അതിനെ, അതിലെ താരമൂല്യത്തെ, അതിന്റെ പലവിധ വിപണിസാധ്യതയെ തങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാനാണ് ഭരണകക്ഷിയും സര്‍ക്കാരും ശ്രമിച്ചത്. അയാള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമൊപ്പം നിന്നപ്പോഴൊക്കെയും ആ താരശരീര ഭാഷ അവര്‍ക്ക് ആഹ്‌ളാദകരവും സ്വീകാര്യവുമായിരുന്നു. ഒന്ന് കുതറിയപ്പോഴാണ് അതൊക്കെയും പ്രശ്‌നമായത്. അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി ചെയ്തതും വസന്തം ചെറിമരങ്ങളോട് ചെയ്തതുമൊന്നും നമ്മുടെ പ്രശ്‌നങ്ങളല്ല.
ഇതിലെ ഏറ്റവും പ്രധാന സൂചനയെന്നത് ഇപ്പോള്‍ ഭരണകക്ഷിക്കൊപ്പം നില്‍ക്കുന്ന സാംസ്‌കാരിക തൊമ്മികള്‍ക്കുള്ളതാണ്. ജില്ലാ സെക്രട്ടറിയെ മാനിക്കാത്ത മമ്മൂട്ടിയെ ഇങ്ങനെയാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ സരോജിനിയുടെ കടുംകൈ സാഹിത്യമെഴുതുന്ന നിങ്ങള്‍ ഇമ്മാതിരിയെന്തെങ്കിലും കുരുത്തക്കേട് കാണിക്കാന്‍ തുനിഞ്ഞാല്‍, സുട്ടിടുമേ! എന്നാണാ ഭീഷണി.
”ആരാണ് തീബ്‌സിലെ ഏഴു കവാടങ്ങള്‍ ഉണ്ടാക്കിയത്?” എന്ന് ചോദിച്ചാണ് ”ഒരു തൊഴിലാളി ചരിത്രം വായിക്കുന്നു” എന്ന ബ്രെഹ്തിന്റെ കവിത തുടങ്ങുന്നത്. ”പുസ്തകങ്ങള്‍ മുഴുവന്‍ രാജാക്കന്മാരുടെ പേരുകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂറ്റന്‍ പാറക്കല്ലുകള്‍ വലിച്ചുകൊണ്ടുപോയത് രാജാക്കന്മാരാണോ?” മന്ത്രിമാരോടും ജില്ലാ സെക്രട്ടറിമാരോടും ഏത് രാഷ്ട്രീയകക്ഷിയുടെയും നേതൃത്വത്തോടുമൊക്കെ ജനങ്ങള്‍ അതുതന്നെയാണ് ചോദിക്കേണ്ടത്. ഒരുപക്ഷേ മമ്മൂട്ടി അദ്ദേഹത്തിന്റെ ജീവിതത്തില്‍ തന്റെ നടനജീവിതത്തിന്റെ സാമൂഹ്യ മൂലധനം വെച്ചുകൊണ്ട് ചോദിച്ചുപോയ ഏറ്റവും ജനാധിപത്യപരമായ ചോദ്യം അതായിരുന്നു.
(പ്രമോദ് പുഴങ്കരയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്)
