November 20 Friday 2026

നീറിപ്പുകയുന്ന നിക്കോബാർ

ആൻഡമാൻ നിക്കോബാർ ഇന്ന് വാർത്തയിൽ നിറയുകയാണ്. എന്താണ് ഗ്രേറ്റർ നിക്കോബാർ പ്രോജക്ട്? എന്താണ് അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കാം.

2021ൽ നീതി ആയോഗ് വിഭാവനം ചെയ്യുന്ന ഗ്രേറ്റ് നിക്കോബാർ പ്രോജക്ട് അന്താരാഷ്ട്ര ട്രാൻസ് ഷിപ്പ്മെന്റ് തുറമുഖം, ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം, ടൗൺഷിപ്പ്, ഗ്യാസ് സോളാർ പവർ പ്ലാന്റ് എന്നിവ നിക്കോബാറിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ്. ANIIDCO (andaman and nicobar islands integerated development corporation ) എന്ന സ്ഥാപനത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. സമുദ്ര സുരക്ഷയും വാണിജ്യവും ലക്ഷ്യം വെക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രോജക്ട്. പ്രദേശത്തെ നയതന്ത്ര -സാമ്പത്തിക – ടൂറിസം ഹബ്ബാക്കുവാൻ പദ്ധതി വിഭാവനം ചെയ്യുന്നു. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായി അടുത്ത് സ്ഥിതി ചെയ്യുന്നു എന്നതും പദ്ധതിക്കായി നിക്കോബാറിനെ തിരഞ്ഞെടുത്തു പിന്നിലെ തന്ത്രപരമായ കാരണങ്ങളിൽ ഒന്നാണ്. നിക്കോബാറിൽ നിലവിൽ വരുന്ന സൈനിക താവളങ്ങൾ ആഗോള ശക്തികൾ ഇന്ത്യക്ക് ചുറ്റും നിർമ്മിച്ചിരിക്കുന്ന സൈനികത്താവളങ്ങൾക്കുള്ള ഒരു മറുപടി കൂടിയായിരിക്കും. ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും കേവലം 50 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ അതിർത്തി പ്രദേശത്തെ കൊക്കോ ദ്വീപിൽ ചൈനക്ക്‌ സമുദ്ര രഹസ്യ പരിവേഷണ ദൗത്യങ്ങൾ ഉണ്ട്. ഇത് ഇന്ത്യയ്ക്ക് സൈനിക നാവികതാവളങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥാപിക്കുവാൻ നിർബന്ധിതമാക്കുന്നു. മലാക്ക, സുന്ദ, ലോംബോക്ക്, കടലിടുക്കിന് സമീപത്തുള്ള നിക്കോബാറിന്റെ സ്ഥാനം, അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ഊർജ്ജവിതരണത്തിന്റെയും സുപ്രധാന കടൽ പാതകൾ നിരന്തരം നിരീക്ഷിക്കുവാൻ ഇന്ത്യയ്ക്ക് അവസരമൊരുക്കും.
ഗ്രേറ്റർ നിക്കോബാർ പ്രോജക്ടിന്റെ ഭാഗമായി നിലവിൽ വരുന്ന തുറമുഖം 2040-ഓടുകൂടി 30,000 കോടി വാർഷിക വരുമാനം നേടി തരുമെന്നാണ് സർക്കാർ വാദം. ഇതിനോടനുബന്ധിച്ച് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പറയപ്പെടുന്നു.

*പരിസ്ഥിതി പ്രത്യാഘാതങ്ങൾ*

പാരിസ്ഥിതികവും സാമൂഹികവുമായ ഉത്കണ്ഠകൾ പദ്ധതിക്കെതിരെ ഉയരുന്നുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗ്രേറ്റർ നിക്കോബാറിൽ ഇരുന്നൂറിലധികം പക്ഷികളുടെ സ്പീഷസ്സുകൾ അധിവസിക്കുന്നുണ്ട്. നിക്കോബാറിലെ കണ്ടൽക്കാടുകൾ സുനാമി പ്രതിരോധശേഷിയുള്ളവയാണ്. കണ്ടൽക്കാടുകളുടെ ഈ പ്രാധാന്യം ലോകം തിരിച്ചറിയുകയും കണ്ടൽക്കാട് നിർമാണത്തിൽ പങ്കുകൊള്ളുകയും ചെയ്യുമ്പോൾ, നിക്കോബാർ തീരങ്ങളിലെ കണ്ടൽക്കാടുകളുകളുടെ നിർമ്മാജനം തീരദേശ മേഖലയുടെ സുനാമി പ്രതിരോധശേഷിയെ ദുർബലമാക്കും. 13,075 ഹെക്ടർ വനഭൂമിയാണ് പ്രോജക്ടിനായി സർക്കാരിന് ഏറ്റെടുക്കേണ്ടി വരിക. ഇതു വമ്പിച്ച തോതിലുള്ള വനനശീകരണത്തിന് ഇടയാക്കും. ലക്ഷക്കണക്കിന് മരങ്ങൾ മുറിച്ചു മാറ്റപ്പെടും. വമ്പിച്ച രീതിയിലുള്ള വനനശീകരണം പദ്ധതിയുടെ പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 8 ലക്ഷം മരങ്ങൾ പദ്ധതി നടപ്പാക്കുന്ന തോടുകൂടി മേഖലയിൽ നിന്നും മുറിച്ചുമാറ്റപ്പെടും എന്നും അപൂർവയിനം ജീവജാലങ്ങളുടെ നിഷ്കാസനവും പദ്ധതി നടത്തിപ്പിലൂടെ സംഭവിക്കുമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കോഴി വർഗ്ഗത്തിൽപ്പെട്ട നിക്കോബാർ മെഗാപൊഡെ, പ്രത്യേക ഇനം ആമകൾ എന്നിവയുടെ നിലനിൽപ്പിനെ അപകടത്തിലാക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടി.ഷോകപൻസ് അടക്കമുള്ള നിക്കോബാറിന്റെ ദുർബലമായ ഗോത്ര വിഭാഗങ്ങളെയും പദ്ധതി പ്രതികൂലമായി ബാധിക്കും. അവരുടെ സംസ്കാരത്തെ തന്നെ തുടച്ചുനീക്കാൻ പാകത്തിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന പദ്ധതി തീർച്ചയായും എതിർക്കപ്പെടേണ്ടതുണ്ട്. 2004ലെ സുനാമിയെ തുടർന്ന് തങ്ങളുടെ ആവാസ മേഖലയിൽ നിന്ന് എടുത്തറിയപ്പെട്ട, തിരികെ അവിടേക്ക് മടങ്ങാൻ സാധിക്കാത്തവരാണ് നിക്കോബാറിലെ ഗോത്രജനത. സർക്കാർ പദ്ധതി ഇവരുടെ ജീവിതത്തെ വീണ്ടും ഇരുട്ടിലാക്കും. ഗ്രേറ്റർ നിക്കോബാർ എന്നത് ഭൂകമ്പ സുനാമി സാധ്യത പ്രദേശവും കൂടിയാണ്. 2004 ൽ നാമത്തിന് സാക്ഷിയുമാണ്. ഈ ഭൂകമ്പ മേഖലയിൽ കോടികൾ മുടക്കിയുള്ള അടിസ്ഥാന സൗകര്യ വികസനവും നിർമ്മാണങ്ങളും എതിർക്കപ്പെടേണ്ടതല്ലേ എന്ന് ചോദ്യത്തിന് കേന്ദ്രത്തിനും ട്രൈബ്യൂണലിനും എന്തുത്തരമാണ് പറയാനുണ്ടാവുക?

*ഹരിത ട്രൈബ്യൂണലും നിക്കോബാർ പദ്ധതിയും*

ഒരു ടൗൺഷിപ്പ് പവർ പ്ലാന്റ്, ഗ്രീൻഫീൽഡ് എയർപോർട്ട് അന്താരാഷ്ട്ര ട്രാൻഷിപ്റ്റ്‌മെന്റ് തുറമുഖം,എന്നിവയ്ക്കായി 2022ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ പാരിസ്ഥിതിക അനുമതിയിൽ ഇടപെടുന്നതിൽ നല്ലത് കാണുന്നില്ല എന്നാണ് ഫെബ്രുവരി 16ന് ദേശീയ ഹരിത ട്രൈബ്യൂടൽ പറഞ്ഞുവെച്ചത്. പദ്ധതി ദേശീയ പ്രാധാന്യം അർഹിക്കുന്നതാണെന്നും ആയതിനാൽ സന്തുലിത സമീപനമാണ് കൈക്കൊള്ളേണ്ടതെന്നും ട്രിബ്യൂണൽ പറയുന്നുണ്ട്. ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് അവരുടെ മുൻകാല ഇടപെടലുകൾ വച്ച് നോക്കുമ്പോൾ അത്ഭുതകരമല്ലെന്നാണ് നിക്കോബാറിലെ ശാസ്ത്ര സമൂഹം വ്യക്തമാക്കുന്നത്. പാരിസ്ഥിതികവും സാമൂഹികപരവുമായ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുന്ന ഒരു പദ്ധതിയെ ദേശീയ പ്രാധാന്യം എന്ന വിഷയം മുൻനിർത്തി അനുവദിക്കുന്നത് പാരിസ്ഥിതിക സാമൂഹിക രംഗത്ത് ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

പദ്ധതി നടപ്പിലാക്കുന്നത് തീരപ്രദേശത്താണെന്നും ഗോത്രജനത ജീവിക്കുന്നത് കുന്നിൻ പ്രദേശത്താണെന്നുമാണ് ട്രിബ്യൂണൽ പറയുന്നത്. തീരപ്രദേശത്തെ ജീവികളെ ആകർഷിച്ച് മാറ്റി പുനരധിവസിപ്പിക്കുവാൻ മൂന്നു പ്രദേശങ്ങൾ കണ്ടിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇതിന്റെ പ്രായോഗികതയാണ് കണ്ടറിയേണ്ടത്.പവിഴ പുറ്റുകൾ പൂർണമായും ഒരുപക്ഷേ പദ്ധതി നടത്തിപ്പിൽ ഇല്ലാതായേക്കാം.

ജറാവ,ഷോംപെൻസ്, ഓംഗേ, തുടങ്ങിയവരുടെ ആവാസ ഭൂമിയാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുക. ഇത് ആ ജനതകളുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.1956 ലെ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളുടെ നിയന്ത്രണ നിയമം ( ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം), ആദിവാസി റിസർവുകൾ നിശ്ചയിക്കുകയും പുറത്തുനിന്നുള്ളവർക്ക് പ്രവേശം നിയന്ത്രിക്കുകയും ചെയ്യുന്നു. 1989 ലെ പട്ടികവർഗ്ഗ നിയമം നിക്കോബാറിലെ ഗോത്രജനതയ്ക്ക് ചൂഷണത്തിനെതിരെയുള്ള നിയമപരിരക്ഷ നൽകുന്നുണ്ട്. 2006ലെ വനവകാശ നിയമം ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ഭൂമി സംരക്ഷിക്കുവാനുള്ള അവകാശത്തെ ഉറപ്പുനൽകുന്നു. ഈ നിയമങ്ങളൊക്കെ ഏതുരീതിയിൽ നടപ്പിൽ വരുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ലക്ഷദ്വീപിലും, നിക്കോബാറിലും, ആരവല്ലിയിലും അടക്കം പാരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഇത്തരം പരിസ്ഥിതി വിഘാത പ്രവർത്തനങ്ങളുമായി സംസ്ഥാനത്തെയും കേന്ദ്രത്തെയും ബി.ജെ.പി സർക്കാരുകൾ രംഗത്തെത്തിയിരുന്നു. ജനകീയ സമരങ്ങളും സമ്മർദ്ദങ്ങളും ഇന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്നുമുണ്ട്. സുസ്ഥിരവികസനം എന്ന കാഴ്ചപ്പാടിനെ കീഴ്മേൽ മറിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരു തലമുറയ്ക്ക് നൽകുന്ന സന്ദേശം എന്തായിരിക്കണം?. ഭരണഘടന പ്രത്യേകം പരിരക്ഷ നൽകുന്നവരാണ് ഗോത്ര വിഭാഗങ്ങൾ. അവരുടെ ജീവനും സ്വത്തും സംസ്കാരവും ഏതു വികസനത്തിന്റെ പേരിലായാലും അവരെ അനുനയിപ്പിക്കാതെ നടപ്പിൽ വരുത്തിക്കൂടാ. സാമൂഹികമായും പാരിസ്ഥിതികമായും നിക്കോബാർ പ്രദേശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

Related