November 20 Friday 2026

മരണത്തിന്റെ പുണ്യാളനുമുന്നില്‍ ജീവന്റെ സൂത്രംതേടി എത്തുന്ന ഫ്രാങ്കന്‍സ്‌റ്റൈന്‍ | itfok2026

azad

ഒരാള്‍ രണ്ടാളായി, അയാളില്‍തന്നെ പലരായി ചിതറിയും സന്ധിച്ചും ഏറ്റുമുട്ടിയും അരങ്ങിനെ ചടുലവും സംഘര്‍ഷാത്മകവുമാക്കി നടത്തിയ ഏകാംഗപ്രകടനമായിരുന്നു പ്രോജക്റ്റ് ഫ്രാന്‍ങ്കന്‍സ്‌റ്റൈന്‍. ലൂസിയാനോ മണ്‍സൂര്‍ എന്ന അതുല്യപ്രതിഭയുടെ അരങ്ങാട്ടം. നടനും പാവയും മാത്രമാണ് രംഗത്ത്. പപ്പറ്റ് ആന്റ് ഓബ്ജക്റ്റ് തിയേറ്ററിന്റെ അസാധാരണമായ ആഖ്യാനവൈഭവം കണ്ടു. മേരിഷെല്ലിയുടെ ക്ലാസിക് രചനയ്ക്ക് വ്യത്യസ്തവും അപൂര്‍വ്വവുമായ ഒരു ആവിഷ്‌കാരം. റോമന്‍ ലാമസാണ് സംവിധായിക.

പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ, ഓരോ ശ്രമവും പരാജയപ്പെട്ട ഡോ. വിക്തര്‍ ഫ്രാങ്കന്‍സ്‌റ്റൈന്‍ ആരാധനാമൂര്‍ത്തികളെ തേടുന്നു. കനത്ത തോല്‍വികളാണ് അയാള്‍ക്കു ജീവിതം. തന്റെ പരീക്ഷണജീവിയെ ജീവിപ്പിക്കാനുള്ള ശക്തി ആര്‍ജ്ജിക്കണം. ഈ ശ്രമങ്ങള്‍ കുറ്റകൃത്യങ്ങളുടെ പരമ്പരയിലേക്ക് നയിക്കുന്നു. ഇരുട്ടിന്റെയും മരണത്തിന്റെയും ശക്തികളുമായി സംഭാഷണം നടത്തുന്നു. ചടുലവും വൈകാരികവുമായ വേഗവിതാനങ്ങളിലൂടെ അരങ്ങുസമയം നീങ്ങുന്നു. നടനായും പാവയായും ഒരാള്‍ ഒരേസമയം പാത്രസന്നിവേശം സാദ്ധ്യമാക്കുന്നു. സമകാലിക പപ്പറ്റ് നാടകവേദിയെയും നാടകവേദിയെ ആകെയും പുതുക്കുന്ന സര്‍ഗ്ഗോര്‍ജ്ജമാണ് നടന്‍ ലൂസിയാനോ മണ്‍സൂര്‍ തുറന്നു വിടുന്നത്.

മേരി ഷെല്ലിയുടെ നോവല്‍ 1816ല്‍ പ്രസിദ്ധീകരിച്ചതാണ്. അതിന് സമകാലിക അനുവര്‍ത്തനം സാദ്ധ്യമാക്കുകയാണ് മണ്‍സൂര്‍. ലോകത്തിന്റെ അന്തര്‍ഗതങ്ങളും രഹസ്യങ്ങളും അറിയാന്‍, അവ പൊളിച്ചു പുതുക്കാന്‍ ശ്രമിക്കുന്ന ഒരു ശാസ്ത്രജ്ഞനെയാണ് മേരിഷെല്ലി അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ കാലികമാക്കി വര്‍ത്തമാനമനസ്സിന്റെ സംഘര്‍ഷങ്ങളിലൂടെ കടത്തിക്കൊണ്ടുപോവുകയാണ് പുതിയ നാടകം. നിര്‍ജ്ജീവ വസ്തുക്കളില്‍ ജീവന്‍ സൃഷ്ടിക്കാനും ചിതറിയ ശരീരത്ത ഒന്നിപ്പിച്ചു ജീവന്‍ വെപ്പിക്കാനുമെല്ലാം ശ്രമിച്ച ഭ്രാന്തമായ ഉത്സാഹത്തിന്റെ പരിണതികളാണ് നോവലിലേത്. അതിന്റെ തിടുക്കങ്ങളും ഇച്ഛാഭംഗങ്ങളും സമകാലികമായി നാം ദൃശ്യഭാഷയില്‍ അറിയുന്നു. ലൂസിയാനോ മണ്‍സൂര്‍ എന്ന അഭിനയപ്രതിഭ നടുക്കുംവിധം പാവകള്‍ക്ക് ജീവന്‍ നല്‍കുന്നു. ഒരാള്‍ മാത്രമുള്ള അരങ്ങില്‍ ഒന്നിലേറെ പേരെ നാം കാണുന്നു. അവരുടെ ശബ്ദം കേള്‍ക്കുന്നു. അവരുടെ ഉടലിളക്കത്തിന്റെ സൂക്ഷ്മതപോലും അമ്പരപ്പിക്കുന്നതാണ്.

മരണത്തിന്റെ പുണ്യാളനുമുന്നില്‍ ജീവന്റെ സൂത്രംതേടി എത്തുന്ന ഫ്രാങ്കന്‍സ്‌റ്റൈനിലാണ് അറുപതു മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം ആരംഭിക്കുന്നത്. താനുണ്ടാക്കീയ ജീവിക്ക് ജീവശ്വാസം വേണം. അത് മിടിക്കണം. അത് ലോകത്തെ കീഴടക്കണം. ലോകത്തിനിണങ്ങാത്ത പുതിയ ജീവിയുടെ ഏകാന്തവും വിരസവുമായ ജീവിതം അതിന്റെ സ്രഷ്ടാവിനെ വിചാരണചെയ്യാന്‍ പോന്നതാകും. ഈ ദയനീയമായ വൈപരീത്യത്തെയും സ്രഷ്ടാവിന് നേരിടാതെ വയ്യ. പരാജയവും വിജയവും പരസ്പരം മാറിപ്പോകാന്‍ ഇടയുള്ള കഥാസംഘര്‍ഷമാണത്. ഭയപ്പെടേണ്ടതിനെ ആര്‍ദ്രമാക്കുന്ന കലാവിരുതും അതിന്റെ ലാവണ്യവും നമ്മെ വിസ്മയിപ്പിക്കുന്നു. പുണ്യാളനായും ജീവിയായും ഫ്രാങ്കന്‍സ്‌റ്റൈനായും നാം ഓരോരുത്തരായും മാറുന്ന നടനെ നാം അരങ്ങില്‍ കാണുന്നു. അതത്ര ലളിതവൃത്തിയേയല്ല. പാവകളിയുടെ പതിവു പരിചരണത്തില്‍ ഒതുങ്ങുന്നതുമല്ല. അതാണ് അര്‍ജന്റീനിയന്‍ നാടകകലാകാരനായ ലൂസിയാനോ മണ്‍സൂറിനെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് പ്രാപ്തനാക്കിയത്. കഴിഞ്ഞ ഒക്ടോബറില്‍ ബീജിംഗില്‍ നടന്ന അന്താരാഷ്ട്ര പാവനാടകോത്സത്തില്‍ വലിയ പ്രേക്ഷകശ്രദ്ധയും അംഗീകാരവും നേടിയിരുന്നു.

Related