November 20 Friday 2026

ക്ഷേമവാർഡിനെ കുറിച്ചുള്ള വെൽഫെയർ സങ്കൽപങ്ങൾ

ക്ഷേമവാർഡിന് വേണം വെൽഫെയർ

തദ്ദേശ സ്വയംഭരണമെന്നത് അധികാരവികേന്ദ്രീകരണത്തിന്റെയും ജനാധിപത്യ പൂർണ്ണതയുടെയും തദ്ദേശീയ ആവിഷ്കാരമാണ്. ഗ്രാമസ്വരാജ് എന്ന മഹത്തായ ആശയത്തെയാണ് ഇത്
പ്രതിനിധീകരിക്കുന്നത്.

പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ പദവി നൽകിയത് 1992-ലെ 73, 74 ഭരണഘടനാ ഭേദഗതി നിയമം ആണ്. ഈ നിയമം 1993 ഏപ്രിലിൽ പ്രാബല്യത്തിൽ വന്നു.
ഇന്ത്യൻ ഭരണഘടനയിൽ ഇതിനായി ഒമ്പതാം ഭാഗം (Part IX) കൂട്ടിച്ചേർക്കുകയും പഞ്ചായത്തുകൾക്ക് 29 വിഷയങ്ങളിൽ അധികാരം നൽകുന്ന പതിനൊന്നാം ഷെഡ്യൂൾ ഉൾപ്പെടുത്തുകയും ചെയ്തു.
ഇത് ഗ്രാമീണ തലത്തിൽ ജനാധിപത്യപരമായ വികേന്ദ്രീകരണം യാഥാർത്ഥ്യമാക്കി
(ഡെമോക്രാറ്റിക് ഡി സെൻട്രലൈസേഷൻ) .ഇതോടെ
ത്രിതല പഞ്ചായത്ത് എന്ന സംവിധാനം നിലവിൽവന്നു
സ്ത്രീകൾക്കും പട്ടികജാതി പട്ടിക വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തി അധികാരപങ്കാളിത്തം ഉറപ്പാക്കി.പ്രാദേശിക ഭരണത്തിൽ ഏറ്റവും ആകർഷണീയമായത് ഗ്രാമസഭകളും വാർഡ് സഭകളുമാണ്. ഇത് ഭരണത്തിൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കാനും സ്വന്തം നാടിൻ്റെ വികസനം തീരുമാനിക്കാനും അവസരമൊരുക്കുന്നു.

എന്നാൽ ജനങ്ങളുടെ സ്വയംഭരണ സങ്കല്പം ഇനിയും പൂർണ്ണമായി സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.അത് സാധ്യമാവണമെങ്കിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അവയെ സ്വതന്ത്ര ഭരണകൂടങ്ങൾ ആയി കാണണം.ഗ്രാമസഭയിലൂടെ ആവിഷ്കരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് സർക്കാരുകൾ അനുവദിച്ചുകൊടുക്കുകയും വേണം.

എന്നാൽ 30 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഇത് വേണ്ടത്ര മുന്നോട്ടു പോയിട്ടില്ല. എന്നു മാത്രമല്ല അൽപ്പാൽപ്പമായി
സ്വയംഭരണ സ്ഥാപനം എന്ന അവസ്ഥയിൽ നിന്ന് സംസ്ഥാന കേന്ദ്ര ഗവൺമെന്റുകളുടെ കീഴ് ഗവൺമെൻറ് എന്ന തലത്തിലേക്ക് മാറുന്നതാണ് അനുഭവം. ഓരോ പ്രാദേശിക ഭരണകൂടങ്ങൾക്കും ആ പ്രദേശത്തിൻ്റെ സവിശേഷത യനുസരിച്ച് വികസനം നിശ്ചയിക്കാനും നടപ്പിലാക്കാനും പറ്റുംവിധം ഫണ്ടുകൾ അനുവദിക്കേണ്ടതുണ്ട്.
വികസന പ്രവർത്തനങ്ങൾ സ്വയം തീരുമാനിക്കാൻ പറ്റാത്തവിധം കേന്ദ്രീകരിക്കപ്പെട്ടതാവാൻ പാടില്ല.
വ്യവസായ സംരംഭങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ അധികാരം ഉദ്യോഗസ്ഥരിലും ഗവൺമെന്റുകളിലും നിക്ഷിപ്തമാക്കിരിക്കുകയാണിപ്പോൾ. ഇത് സ്വയംഭരണം എന്ന ആശയത്തെ തന്നെ റദ്ദ് ചെയ്യുന്നതാണ്.

ഇതിനെതിരെ സാധ്യമാകുന്ന രാഷ്ട്രീയ പോരാട്ടം ഉയരേണ്ടതാണ്.എന്നാൽ നിലവിലെ പരിമിതിക്കകത്തും ഒരു ക്ഷേമവാർഡ് എങ്ങനെയായിരിക്കണം എന്നും അതെങ്ങനെ രൂപീകരിക്കാമെന്നുമുള്ള ആലോചനകൾ നടക്കേണ്ടതുണ്ട്. ജനപ്രതിനിധികളുള്ള വാർഡുകളിലൂടെ അത് നടപ്പിലാക്കാനാണ് വെൽഫെയർ പാർട്ടി ശ്രമിക്കുന്നത്.

ക്ഷേമ വാർഡ്

സാമൂഹ്യനീതി ,സമത്വം ,സാഹോദര്യം ,സ്വാതന്ത്ര്യം എന്നീ ഭരണഘടന മൂല്യങ്ങളിൽ കെട്ടിപ്പടുക്കുന്നതാണ് വെൽഫെയർ പാർട്ടി മുന്നോട്ടുവയ്ക്കുന്ന വെൽഫെയർ വാർഡുകൾ. ഒരു ഗ്രാമത്തിൽ വികസനം തീരെ ചെന്നിട്ടില്ലാത്ത പ്രദേശങ്ങൾക്കും സാമൂഹ്യ വിഭാഗങ്ങൾക്കും ദാരിദ്ര്യം അനുഭവിക്കുന്ന മുഴുവൻ ജനതയ്ക്കും മുൻഗണന നൽകിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.
വികസനം ,പരിസ്ഥിതി ,സൗഹൃദവും മനുഷ്യബന്ധുവും സന്തുലിതവും സുസ്ഥിരവും ആയിരിക്കണമെന്ന് പാർട്ടിക്ക് നിർബന്ധമുണ്ട്.

ഭൂമി, പാർപ്പിടം, ഭക്ഷണം, വസ്ത്രം വിദ്യാഭ്യാസം, ആരോഗ്യം, യാത്രാസംവിധാനം എന്നീ അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കുമുണ്ടാവണം. അതോടൊപ്പം മുഴുവൻ മനുഷ്യർക്കും അന്തസ്സ് അഭിമാനം അവസര സമത്വം സാഹോദര്യബോധം എന്നത് കൂടി ഉറപ്പാക്കുന്നതിലൂടെ മാത്രമേ
ക്ഷേമവാർഡ് അർത്ഥപൂർണ്ണ മാവുകയുള്ളൂ എന്ന് പാർട്ടി മനസ്സിലാക്കുന്നു.

സാഹോദര്യം

വെറുപ്പുകാലത്ത് അപരത്വവും പുറത്താക്കലും രാഷ്ട്രീയ പദ്ധതിയാക്കിയവർ കേരളത്തിൻ്റെ
ആരോഗ്യകരമായ സാമുദായിക സൗഹൃദത്തിന് ക്ഷതമേൽപ്പിച്ചിട്ടുണ്ട്. മുസ്ലീങ്ങളും അല്ലാത്തവരും എന്ന ആർഎസ്എസിന്റെ വർഗീയ ധ്രുവീകരണ രാഷ്ട്രീയം തടഞ്ഞു നിർത്താൻ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ ഇടതുപക്ഷം പ്രത്യേകിച്ചും സിപിഎം നേതൃത്വം കൊടുക്കുന്ന ഗവൺമെൻ്റ് അതേ ധ്രുവീകരണ രാഷ്ട്രീയമാണ് തങ്ങളുടെ അധികാര തുടർച്ചയ്ക്ക് പ്രയോജനപ്പെടുത്തുന്നത് .മതനിരപേക്ഷ ചിന്ത ഉയർത്തിപ്പിടിക്കുന്ന കേരളീയ സമൂഹത്തെ ഇത് ആശങ്കപ്പെടുത്തുന്നുണ്ട്.വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദവും സാഹോദര്യ ബോധവും ഊട്ടിയുറപ്പിക്കുന്ന സാഹോദര്യ വാർഡുകൾ ആയിരിക്കണം വെൽഫെയർ വാർഡുകൾ എന്ന് നമുക്ക് നിർബന്ധമുണ്ട്.
ഗ്രാമോത്സവങ്ങളിലൂടെയും ഓണം പെരുന്നാൾ ,ക്രിസ്തുമസ് തുടങ്ങിയ വിവിധ ആഘോഷങ്ങൾ പ്രയോജനപ്പെടുത്തിയും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഇടപഴകാനും കൂടിയാടാനും അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടുമാണ് സാഹോദര്യ വാർഡുകളെ രൂപപ്പെടുത്തുന്നത്.

ഹാപ്പി വാർഡ്

അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണവും വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും അവസരസമത്വവും ഉറപ്പാകുന്നിടത്ത് സന്തോഷവും സൗഹാർദവും നിലനിൽക്കും.
ഒപ്പം കളിസ്ഥലങ്ങൾ, വയോജന വിശ്രമകേന്ദ്രങ്ങൾ, ലൈബ്രറികൾ ,ജനകീയ ഭക്ഷണശാലകൾ, പാലിയേറ്റീവ് സംവിധാനങ്ങൾ ,വ്യായാമകേന്ദ്രങ്ങൾ തുടങ്ങി പൊതുവിടങ്ങൾ സൃഷ്ടിച്ചുകൊണ്ട് സന്തോഷത്തിന്റെ ഹാപ്പി വാർഡുകൾ ആക്കി മാറ്റും.

ലഹരിയില്ലാ വാർഡ്

കുടുംബത്തിലും നാട്ടിലും പൊതുവേ സമൂഹത്തിലും എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കുന്ന വില്ലനാണ് ലഹരി. കുറ്റകൃത്യങ്ങൾ പെരുകുന്നതും ആരോഗ്യമുള്ള മനസ്സും ശരീരവും പണവും നഷ്ടപ്പെടുത്തുന്നതുമായ ലഹരി ഉൽപ്പന്നങ്ങൾ ഘട്ടം ഘട്ടമായി വാർഡിൽ നിന്നും പൂർണ്ണമായി ഇല്ലാതാക്കി ലഹരി മുക്ത വാർഡുകളാക്കി മാറ്റും.ലഹരിക്കെതിരെ ജാഗ്രതാ സമിതികൾ രൂപീകരിച്ചും കൂട്ടായ ബോധവൽകരണത്തിലൂടെയുമായിരിക്കും ഈ ലക്ഷ്യം നേടിയെടുക്കുക.

അഴിമതി മുക്ത വാർഡ്

പൊതുപണം ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യുന്ന മൂല്യാധിഷ്ഠിത സംസ്കാരം വളർത്തിയെടുക്കും. നയാപൈസ പോലും ചോർന്നുപോകാതെ കമ്മീഷനുകൾ ഇല്ലാത്ത വികസനം സാക്ഷാത്കരിക്കുകയും ചെയ്യും.

മാലിന്യ മുക്ത വാർഡ്

യൂസ് ആൻഡ് ത്രോ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉപഭോഗ സംസ്കാരകാലത്ത് മാലിന്യ മാനേജ്മെൻ്റ് പലയിടങ്ങളിലും വലിയ പ്രശ്നമാണ്.മാലിന്യം പെരുകുന്ന ആർഭാട സംസ്കാരത്തിൽ നിന്നും ലളിത ജീവിതരീതിയിലേക്ക് ജനങ്ങളെ കൊണ്ടുവരും.ആവശ്യമുള്ളത് ഉത്പാദിപ്പിച്ചും സ്വന്തം ഗ്രാമത്തിൽ തന്നെ വിപണനം ചെയ്തും ഗ്രാമീണ സമ്പത്ത് ഘടനയെ പരിപോഷിപ്പിക്കും. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു ഹരിത വാർഡുകളാക്കി മാറ്റും.

തൊഴിൽ

ഓരോ പ്രദേശത്തുമുള്ള ജനങ്ങളുടെ പ്രത്യേകമായ അഭിരുചികളും കഴിവുകളും യോഗ്യതകളും മനസ്സിലാക്കി പ്രാപ്തമായ തൊഴിലിടങ്ങൾ ഉണ്ടാവണം. അത്തരം സംരഭത്തിനാവശ്യമായ തൊഴിൽ പരിശീലനങ്ങൾ നടത്തും.തൊഴിൽ പരീക്ഷകൾക്ക് യോഗ്യരാക്കി മാറ്റിയും തൊഴിൽരഹിതർ ഇല്ലാത്ത നാട് എന്ന ഉയർന്ന പദവിയിലേക്ക് വാർഡിനെ ഉയർത്തും.

വികസനത്തെ കേവലം അടിസ്ഥാന ആവശ്യങ്ങളിൽ ഒതുക്കുകയില്ല. മനുഷ്യർക്കിടയിൽ സൗഹാർദവും സാഹോദര്യവും നീതിയും സമത്വവും അവസര സമത്വവും ഉറപ്പാക്കും. അതിന് തടസ്സമായ ചരിത്രപരമായ തെറ്റുകളെ തിരുത്തുന്ന സമഗ്രമായ കാഴ്ചപ്പാടോടുകൂടിയാണ് പാർട്ടി ഇത്തവണയും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. വിവേചനം നേരിടുന്ന ദലിത് ആദിവാസി പിന്നാക്ക വിഭാഗങ്ങളും അപരത്വം അനുഭവിക്കുന്ന മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളും അക്കാരണത്താൽ തന്നെ വെൽഫെയർ പാർട്ടിയുടെ മുഖ്യ ഉത്തരവാദിത്വവും പരിഗണനയും അർഹിക്കുന്നു. അതിനാൽ നാടിൻ്റെ നല്ലൊരു നാളേക്ക് വെൽഫെയർ അനിവാര്യമാണ്.

Related