November 20 Friday 2026

ഗസ്സ വെടിനര്‍ത്തല്‍: വഴിത്തിരിവാകുന്ന കരാറും ചെറുത്തുനില്‍പ്പിന്റെ വിജയവും

ലെബനാനിലെ ഫലസ്തീകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന അഭയാര്‍ഥികള്‍ ക്യാമ്പുകളായ സാബ്രയും ഷാത്തില്ലയും അത്ര പെട്ടെന്നൊന്നും ആരും മറക്കാന്‍ ഇടയില്ല. 1982-ല്‍, ഇസ്രായേല്‍ ലെബനാന്‍ അധിനിവേശ സമയം, അമേരിക്കയുടേയും ഇസ്രയേലിന്റേയും ഉറപ്പുകള്‍ പ്രകാരം ഫലസ്തീനില്‍ നിന്നുള്ള പ്രമുഖരുടേയും അന്താരാഷ്ട്ര നേതാക്കന്മാരുടേയും മധ്യസ്ഥതയില്‍ ഒരു കരാര്‍ നടന്നു. ആയിരക്കണക്കിന് ഫലസ്തീന്‍ പോരാളികളെ ബെയ്‌റൂത്തില്‍ നിന്ന് ഒഴിപ്പിക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. സാബ്ര ഷാത്തില്ല എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ അവശേഷിച്ച, (അതില്‍ കൂടുതലും സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍) ഫലസ്തീനില്‍ സമാധാനം തിരിച്ചുവരുന്നതുവരെ അന്താരാഷ്ട്ര സേനകള്‍ അവരെ സംരക്ഷിക്കുമെന്നും വ്യവസ്ഥയിലുണ്ടയിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്കുള്ളില്‍, അന്താരാഷ്ട്ര സമാധാന സേന അവിടെ നിന്നും പിന്‍വാങ്ങി. അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണിന്റെ കീഴിലുള്ള ഇസ്രായേല്‍ സൈന്യം ക്യാമ്പുകള്‍ വളഞ്ഞു. ഇസ്രായേലിന്റെ സഖ്യകക്ഷികളായ ലെബനിലെ സൈന്യത്തെ (ഫലാഞ്ചിസ്റ്റുകള്‍) പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. 1982 സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ മൂന്ന് രാത്രികളില്‍, സൈന്യം മുവായിരത്തിലധികം ഫലസ്തീനികളെ ക്രൂരമായി കൂട്ടക്കൊല ചെയ്തു, അവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു.

ലോകം ഈ ഭീകരതയെക്കുറിച്ച് അറിഞ്ഞപ്പോള്‍, ക്രിസ്ത്യന്‍ സൈന്യമായ ഫലാഞ്ചിസ്റ്റുകള്‍ ചെയ്തതാണെന്ന് ഇസ്രായേല്‍ പ്രചരിപ്പിച്ചു. എന്നാല്‍, കൊലപാതകങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം പ്രതിരോധ മന്ത്രി ഷാരോണിനാണെന്ന് ഇസ്രായേലിലെ കഹാന്‍ കമീഷന്‍ പിന്നീട് കണ്ടെത്തുകയുണ്ടായി. എന്നാല്‍, ആരും പിന്നീട് ഒരിക്കലും ശിക്ഷിക്കപ്പെട്ടില്ല. വെള്ളത്തില്‍ വരച്ചവര പോലെയായിരുന്നു അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയ അന്നത്തെ കരാര്‍. ഇസ്രായേലിന്റെ കരാറുകള്‍ പലപ്പോഴും ചര്‍ച്ചാമുറികളില്‍ ആരംഭിച്ച് കൊടും ചതിയില്‍ അവസാനിക്കുന്നതാണ് ചരിത്രം. സംരക്ഷിക്കപ്പെടാതെ വരുന്ന സമാധാനത്തിനുള്ള ഓരോ വാഗ്ദാനവും വഞ്ചനയുടെ ഒരോ പുതിയ അധ്യായമായി മാറുന്ന കാഴചകള്‍ ഇനിയും ഏറെയുണ്ട്. സാബ്രയും ഷാറ്റിലയും ഒരു കൂട്ടക്കുരുതി മാത്രമല്ല, അന്താരാഷ്ട്ര ഏജന്‍സികളുടേയും ഇസ്രായേലിന്റെയും ഉറപ്പുകളിലുള്ള വിശ്വാസ വഞ്ചനയായിരുന്നു.

ഈജിപ്തിലെ ശറമുഷൈഖ് എന്ന പ്രദേശം ഒരു ചരിത്ര കരാറിനു കൂടി സാക്ഷിയായിരിക്കുന്നതു. ഇസ്രായേലും ഫലസ്തീന്‍ വിമോചന പോരാളികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ട് ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന കരാറില്‍ നിന്നും ഏതാനും പദ്ധതികള്‍ തല്‍കാലം ഇരുരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്നു. ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ മുന്നേറുന്നത്. ബന്ധികളുടെ കൈമാറ്റം, ഗസ്സയുള്‍പെടെ ഫലസ്തീന്‍ നഗരങ്ങളിലെ ആക്രമണം അവസാനിപ്പിക്കുക, ഗസ്സയില്‍ നിന്നുള്ള ഭാഗികമായ സൈനിക പിന്മാറ്റം, ഫലസ്തീനിലേക്ക് വരുന്ന ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ തടയാതിരിക്കുക, സ്വതന്ത്ര ഫലസ്തീന്‍ സമിതിയുടെ മേല്‍നോട്ടത്തിലുള്ള പുനര്‍നിര്‍മാണം തുടങ്ങിയവയാണ് അവ. ഇതോടെ ലോകം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യക്ക് തല്‍കാലം അറുതിയാകും.

സമ്മര്‍ദശക്തിയായത് ലോകസമൂഹം

ലോകത്തെമ്പാടും ഫലസ്തീന്‍ പതാകകളും റാലികളുമാണ്. പശ്ചാത്യ രാജ്യങ്ങളില്‍ ക്രമാതീതമായി വര്‍ധിച്ച് വരുന്ന പ്രതിഷേധങ്ങള്‍, കിഴക്കും പടിഞ്ഞാറുമുള്ള സര്‍വ്വകലാശാലയിലും കലാലയങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍, ഇസ്രായേലിനകത്ത് പോലും ഭരണകക്ഷിക്ക് നില്‍കക്കള്ളിയില്ലാത്ത അവസ്ഥ, ഇസ്രായേല്‍ വംശഹത്യയില്‍ ഏറിവരുന്ന മരണസംഖ്യ, അതില്‍ ഏറെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണ പൗരന്മാരുടേതാണ്. അറബ് സമൂഹങ്ങളിലൂടെയും, സോഷ്യല്‍ മീഡീയയിലൂടെയും പ്രചരിക്കുന്ന ക്രൂരതയുടെ ലൈവ് ദൃശ്യങ്ങള്‍, ലോകമെമ്പാടുമുള്ള യുവതക്ക് ഫലസ്തീന്‍ വിഷയങ്ങളിലുള്ള താല്‍പര്യം നിമിത്തം ഓണ്‍ലൈനില്‍ ഫലസ്തീന്‍ വിഷയങ്ങളിലുള്ള വര്‍ധിച്ച പ്രതികരണങ്ങള്‍. ഇറാന്‍ സഹായത്തോടെ ഹൂതികളും ഹിസ്ബുള്ളയും ഉയര്‍ത്തുന്ന ഭീഷണികള്‍, ഇനിയും മുന്നോട്ട് പോയാല്‍ ലോകം ഭരിക്കുന്നവര്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. അങ്ങനെ ഒരുപോലെ ഉയര്‍ന്നുവന്ന സമ്മര്‍ദ്ദങ്ങളാണ് 20 ഇന കരാറിലേക്കും ഒരു നയതന്ത്ര പരിഹാരത്തിലേക്കുമുള്ള വേഗം കൂട്ടിയത്. യുഎസ്സിലും ഇസ്രായേലിലും തെരെഞ്ഞെടുപ്പ് വരാനിരിക്കുന്നുണ്ട്. ഇരുരാഷ്ട്രത്തിലെയും നായകന്മാര്‍ക്ക് ആഭ്യന്തര ഭീഷണികള്‍ ഏറെയാണ്. ഭരിക്കുന്ന പാര്‍ട്ടികളില്‍ പോലും ഭിന്നതകള്‍ നിലനില്‍ക്കുന്നു. ഇനിയും മുന്നോട്ട് പോയാല്‍ അവയെല്ലാം വലിയ പിളര്‍പ്പിലേക്ക് എത്തിച്ചേക്കും. ഇസ്രായേലിനുണ്ടായ ഒറ്റപ്പെടല്‍ വേറെയും. നയതന്ത്രപരമായ ഒറ്റപ്പെടുത്തല്‍ മാത്രമല്ല, പല അന്താരാഷ്ട്ര വേദികളില്‍ നിന്നും ഇസ്രായേലിനെ പേരെടുത്ത് പറഞ്ഞ് അകറ്റാന്‍ ആരംഭിച്ചതും ഒപ്പം താങ്ങാനാകാത്ത സാമ്പത്തിക ഭാരവും വലിയ സമ്മര്‍ദ്ദ ശക്തിയായി.

മധ്യസ്ഥത: മേശക്ക് ചുറ്റുമിരുന്ന് നേതാക്കള്‍

അന്താരാഷ്ട്ര ഏജന്‍സികളും ലോകരാജ്യങ്ങളും നോക്കിനില്‍ക്കെ മൂന്ന് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ യുദ്ധവിരാമമെത്തുമെങ്കില്‍ അത് ചെറിയ കാര്യമല്ല. ഈജിപ്തിലെ ചര്‍ച്ചകള്‍ക്ക് ഖത്തറും, ഈജിപ്തും അമേരിക്കയുമാണ് മധ്യസ്ഥ രാജ്യങ്ങളായി വര്‍ത്തിക്കുന്നത്. അതില്‍ ഖത്തറും ഈജിപ്തും വഹിച്ച പങ്ക് നിര്‍ണായകമാണ്. ഗസ്സയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കും തടവുകാരുടെ മോചന ചര്‍ച്ചകളിലും ഖത്തറിന്റെ പങ്ക് നിസ്തുലമാണ്. ഹമാസ് നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്താനും വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി അവരെ മൊസാദ്-ഇസ്രായേല്‍ -അമേരിക്ക നേതൃത്വത്തോടൊപ്പമുള്ള ശറം ഷൈഖിലെ ചര്‍ച്ച നടക്കുന്ന മീറ്റിംഗ് ഹാളിലെ ഒരു മേശക്ക് ചുറ്റും ഇരിക്കാന്‍ പ്രാപ്തരാക്കിയതും ഖത്തറാണ്. ഗസ്സയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്ത് തുടക്കം മുതല്‍ മധ്യസ്ഥരായി കൂടെയുണ്ട്. റഫ വഴി കടന്നുപോകാനും ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ബന്ധം ആരോഗ്യകരമാക്കാനും ഈജിപ്ത് മുന്നില്‍ നില്‍ക്കുന്നു. യുദ്ധത്തിലുടനീളം ഇസ്രായേലിനൊപ്പം നിന്നിട്ടും കറാറില്‍ താല്‍പര്യം ജനിപ്പിക്കുന്ന ഒരു ഘടകമായി അമേരിക്കയും വര്‍ത്തിച്ചു. അമേരിക്കയുടെ സമ്മര്‍ദത്തിലാണ് ഇസ്രായേല്‍ കരാറിലെത്തുന്നത്. ഈ രാജ്യങ്ങളോടൊപ്പം ചര്‍ച്ചാമുറിക്ക് പുറത്ത് നിന്നാണെങ്കിലും തുര്‍ക്കിയും രാഷ്രീയമായ പങ്ക് വഹിക്കുന്നുണ്ട്. ഫലസ്തീനികളുടെ അവകാശങ്ങളുടെ സംരക്ഷകനായി എന്നുമുണ്ടാകുമെന്ന് സ്വയം അടയാളപ്പെത്തിയ ഉര്‍ദുഗാന്‍ വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഖത്തറിനേയും ഹമാസിനേയും പിന്തുണച്ചു പോന്നു. വിശാലമായ മുസ്‌ലിം ഏകോപനത്തിനും അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടാക്കുന്നതിലും തുര്‍ക്കി പങ്കാളിയായി. എന്തായാലും മധ്യസ്ഥത വഹിച്ച രാജ്യങ്ങള്‍ തുടര്‍ന്ന് കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യണം. ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് തടയാന്‍ പ്രേരിപ്പിക്കുകയും വേണം. പക്ഷെ, അതിനു ഈ രാജ്യങ്ങള്‍ക്ക് കഴിയുമൊ എന്ന് കാത്തിരുന്ന് കാണണം.

ഗസ്സയുടെ ഭാവിയും പുതിയ വെല്ലുവിളികളും

വളരെ സങ്കീര്‍ണ്ണമായ പല വിഷയങ്ങളും വിശദമായ ചര്‍ച്ചകള്‍ക്ക് മാറ്റിവച്ചിരിക്കുന്നു. യുദ്ധത്തിനു താല്‍കാലിക വിരാമമാകുമെങ്കിലും സുസ്ഥിരമായ വെടിനിര്‍ത്തലും സമൂലമായ സൈനിക പിന്മാറ്റവും ഇപ്പോഴും തീരുമാനമായില്ല. ബന്ധികളെ കൈമാറിയ ശേഷം ആക്രമണം വീണ്ടും തുടങ്ങിയാല്‍ ആര്‍ക്കാണത് നിര്‍ത്താന്‍ സാധിക്കുക. ചതിയുടെ ചരിത്രമുള്ള ഇസ്രായേലിനു ഗസ്സക്കുള്ളിലും സഖ്യകക്ഷികള്‍ ഉണ്ടെന്നത് അതിന്റെ ഗൗരവം കൂട്ടുന്നുണ്ട്. ഗസ്സയുടെ ഭാവി ഭരണം ആരെയേല്‍പ്പിച്ചാലും വലിയ വെല്ലുവിളിയാകും. ഭരണം തങ്ങളുടെ മുന്‍ഗണനയല്ലെന്ന് ഹമാസ് പലതവന ആവര്‍ത്തിച്ചതാണ്. പക്ഷെ, ഹമാസിനെ ജനങ്ങള്‍ കൈവെടിയാനുള്ള യാതൊരു സാധ്യതയും നിലവിലില്ല. ഗസ്സ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹമാസിനെ നിരായുധീകരിക്കുകയും തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ഒരു വിഭാഗത്തെ സൈനിക സഹായം നല്‍കി ഭരണമേല്‍പ്പിക്കണമെന്നാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നത്.
ഹമാസിന്റെ സൈനികമായ നിലനില്‍പ്പ് ചോദ്യം ചെയ്യുകയും നിരായുധീകരണം ആവശ്യപ്പെടൂകയും ചെയ്താല്‍ (ഹമാസ് അതൊരിക്കലും അംഗീകരിക്കുന്നില്ലെങ്കിലും) ഭാവിഗസ്സയെ അത് വല്ലാത്ത പ്രതിസന്ധിയിലാക്കാനിടയുണ്ട്. ഫലസ്തീന്‍ ജനത ഏറെ വിശ്വാസമര്‍പ്പിക്കുന്ന, മുമ്പ് തെരെഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസ് തന്നെയാണ് കനത്ത വില നല്‍കിയാണെങ്കിലും ഫലസ്തീന്‍ വിഷയം ലോകത്തിനു നെറുകെയിലെത്തിച്ചത്. ഇന്നതൊരു ചരിത്രസാക്ഷ്യം കൂടിയാണ്. അതുകൊണ്ടുതന്നെ ഹമാസില്ലാത്ത ഫലസ്തീന്‍ പുതിയ സങ്കീര്‍ണതകളിലേക്കും വലിയ അനിശ്ചിതത്വത്തിലേക്കും കൊണ്ടെത്തിച്ചെക്കും. സ്വതന്ത്ര്യ സ്വപനങ്ങളുമായാണ് പോരാട്ടവീര്യം ഒട്ടും ചോരാതെ ഹമാസ് ഉള്‍പ്പെടെയുള്ള പോരാട്ട പ്രസ്ഥാനങ്ങള്‍ അതിജീവിക്കുന്നത്. അതില്‍ കുറഞ്ഞ ഏതൊരു നീക്കുപോക്കും താല്‍കാലികമായി സ്ഥിതിഗതികള്‍ ശാന്തമാക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് അശാന്തി തന്നെയാകും ഫലം.

ഗസ്സയുടെ പുനര്‍നിര്‍മാണം ആറിന പദ്ധതിയില്‍ സുപ്രധാനമായ ഒന്നായി വന്നത് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമാവുകയില്ല. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ഏറെ മൃതദേഹങ്ങളുണ്ട്. കൂമ്പാരമായ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം, അതിനിടയില്‍ മൈനുകള്‍ തുടങ്ങിയവ മാറ്റിയെടുക്കണം, ഇതിനെല്ലാം വലിയ കാലതാമസമെടുക്കും. തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, മറ്റു അടിസ്ഥന സൗകര്യങ്ങളുടെ നിര്‍മാണം, എല്ലാം ശൂന്യതയില്‍ നിന്ന് ആരംഭിക്കണമെന്നത് കാര്യങ്ങളെ ഏറെ ശ്രമകരമാക്കും. പൊട്ടിപൊളിഞ്ഞ മണ്‍കൂമ്പാരങ്ങള്‍ക്കിടയില്‍ വലിച്ചുകെട്ടി പള്ളിയുണ്ടാക്കി നമസ്‌കരിക്കുന്ന ഗസ്സയിലെ ജനങ്ങളുടെ ഇഛാശക്തി നേരെത്തെ നാം കണ്ടതാണ്.
പുതിയ കരാര്‍ പ്രാവര്‍ത്തികമായാല്‍ സമാധാനം ആഗ്രഹിക്കുന്ന ലോക സമൂഹത്തിനു അത് നല്‍കുന്ന ശുഭാപ്തിവിശ്വാസം ചെറുതായിരിക്കില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഗസ്സയിലെ ജനതക്കത് ആശാസവും പുതുജീവനും നല്‍കിയേക്കും. മാനുഷിക സഹായം കൃത്യമായി എത്തിയാല്‍ നിവര്‍ന്ന് നില്‍ക്കാനും എല്ലാ പുനര്‍നിമാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗസ്സ നിവാസികള്‍ സജ്ജരാണ്. പോരാളികളോടൊപ്പം ഗസ്സ നിവാസികളിലെ അസാധ്യമായ ദൃഢവിശ്വാസവും ഇച്ചാശക്തിയും ആസൂത്രണവും ചരിത്രം അതിന്റെ തങ്കലിപികളില്‍ ഇതിനകം അടയാളപ്പെടുതത്തിയിട്ടൂണ്ട്. രണ്ട് വര്‍ഷത്തിനപ്പുറം സമാധാന കാരാര്‍ സാധ്യമാവുകയും സംഘര്‍ഷവും വശഹത്യയും യുദ്ധവിരാമത്തില്‍ എത്തുകയും ചെയ്യുമ്പോള്‍ ലോക ശക്തികള്‍ക്കു മുന്നില്‍ ഒരിക്കലും കീഴടങ്ങാത്ത ഹമാസ് ഉള്‍പെടെയുള്ള ചെറുത്തുനില്‍പ്പ് ശക്തികളുടെ വലിയ വിജയവും കൂടിയാണ്.

Related