ഗസ്സയിലെ ഇസ്രായേല്‍ സംഘര്‍ഷത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റവും ഒടുവില്‍ 2023 ഒക്ടൊബര്‍ ഏഴിനു ആരംഭിച്ച സംഘര്‍ഷത്തിനു രണ്ട് വര്‍ഷം തികയുമ്പോള്‍ ലോക യുദ്ധങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ മനുഷ്യ കുരുതിക്കളമായി ഗസ്സ മാറിയിരിക്കുന്നു. ആഗോള മനസ്സാക്ഷിയെ വെല്ലുവിളിച്ച് ഇനിയും ഒടുക്കമില്ലാത്ത മാനുഷിക ദുരന്തമായി അത് തുടരുകയാണ്. ഗസ്സയുടെ മേല്‍ ഇസ്രായേല്‍ തുടരുന്ന ക്രൂരതകള്‍ക്ക് അറുതിവരുത്താന്‍ ലോകത്ത് ഒരു ശക്തിയും ഇല്ലതായിരിക്കുന്നു. വേട്ടപ്പട്ടികളുടെ ക്രൗര്യത്തിനു ഇനിയും വിരാമമായില്ല. ചുരുങ്ങിയത് 60,000 അധികം ഫലസ്തീനികള്‍ ക്രൂരമായി കൊലചെയ്യപ്പെടു. ജനസംഖ്യയുടെ 85 ശതമാനത്തില്‍ അധികം ആളുകള്‍ കുടിയിറക്കപ്പെട്ടു. അവരുടെ വീടുകള്‍, ആശുപത്രികള്‍, അഭയാര്‍ഥി കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ബോംബുകള്‍ വര്‍ഷിച്ച് കല്‍കൂമ്പാരങ്ങളാക്കി. അവര്‍ക്കുള്ള ഭക്ഷണവും വെള്ളവും വൈദ്യസഹായവും തടഞ്ഞുവെച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി അമേരിക്കയുടെ സഹായത്തോടെ ഇസ്രായേല്‍ നിര്‍ബാധം വംശഹത്യ തുടരുകയാണ്.
ഏറ്റവും ഒടുവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാധാനത്തിന്റെ ദൂതുമായെത്തിയ ‘സുമൂദ് ഫ്‌ലോട്ടില്ല’ കപ്പലുകളെ പോലും അവര്‍ തടഞ്ഞുവെച്ചു. അമേരിക്കയുടെ ആലയില്‍ വെവിച്ചെടുത്ത കരാറുകളില്‍ ട്രംപും ഇസ്രായേലും തട്ടിത്തിരിഞ്ഞ് ഉഴലുകയാണിപ്പോള്‍. ഇസ്രായേലിന്റെ വിജയപ്രഖ്യാപനത്തിനു വേണ്ടി അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ഒരു മുഴം നീട്ടിയെറിഞ്ഞ കരാറിലെ വഞ്ചന തിരിച്ചറിഞ്ഞ ഹമാസ് ഏറെ അവധാനതയോടെയാണ് പ്രതികരിച്ചത്. ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കരാര്‍ ആയിരുന്നു ലോകം പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഇസ്രായേലിനെ രക്ഷിച്ചെടുക്കാനും ഹമാസിനെ നിരായുധീകരിച്ച അധിനിവേശം നിയമാനുസൃതമാക്കനുള്ള വലിയൊരു തട്ടിപ്പാണെന്ന് ആര്‍ക്കും തിരിച്ചറിയാവുന്നതായിരുന്നു.
ഒരു ജനതയുടെ സ്വയം നിര്‍ണ്ണയായവകാശം, സ്വതന്ത്രരാഷ്ട്ര സ്വപ്നം, അവര്‍ക്കുമേലുള്ള അന്യായമായ കുടിയേറ്റം തടയല്‍ എന്നിവയെ ഇനിയും അഭിമുഖീകരിക്കാന്‍ തയ്യാറാകാതിരിക്കുന്നത് ലോകം ചര്‍ച്ചചെയ്യുന്ന ഫലസ്തീന്‍ വിഷയത്തോട് കാണിക്കുന്ന കടുത്ത അനീതിയാണ്. ലോകമുടനീളം ഫലസ്തീന്‍ രാഷ്ടം അല്ലെങ്കില്‍ ദ്വിരാഷ്ട്രം എന്ന പരിഹാരം നിര്‍ദേശിക്കുമ്പോള്‍ ചര്‍ച്ചകള്‍ ആ വഴിയിലേക്ക് നീങ്ങാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയും അതൊരു ഉട്ടോപ്യന്‍ പദ്ധതിയായി അന്തരീക്ഷത്തിലേക്ക് എറിഞ്ഞുകൊടുത്ത് വേഗത്തില്‍ ചുട്ടെടുത്ത ഏകമുഖ കരാറുകളെ സമാധാന പദ്ധതി എന്ന് പറയുന്നത് പോലും വലിയ കാപട്യമാണ്. ഇസ്രായേലിനു കൂടുതല്‍ മെച്ചപ്പെട്ട പുനരിധിവാസത്തിനു സൗകര്യമൊരുക്കുന്നതും അബ്രഹാം ഉടമ്പടി തിരിച്ച് കൊണ്ടുവന്ന് അറബ് രാജ്യങ്ങളുമായി ബന്ധം സാധാരണമാക്കാനും ലക്ഷ്യവെക്കുന്ന കരാറുകളില്‍ ഫലസ്തീന്‍ വെറുമൊരു ചാവേര്‍ മാത്രമാണെന്ന് ഏറ്റവും ചുരുങ്ങിയത് ഹമാസിനു നന്നായറിയാം. ഇനിയും അവരെ അതിനു കിട്ടില്ലെന്നാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ ചരിത്രം നമ്മൊട് പറയുന്നത്. പുതിയ കരാറുകളെ ഹമാസ് ഏറ്റെടുത്തതും മറിച്ചല്ല.
ഗസ്സയുടെ രണ്ട് വര്‍ഷങ്ങള്‍
തീയും പുകയും നിറഞ്ഞ ഗസ്സയുടെ രണ്ട് വര്‍ഷങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞത് അസ്ഥിത്വത്തിനു വേണ്ടി പൊരുതിയ ഒരു സമൂഹത്തിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെ നേര്‍സാക്ഷ്യമാണ്. രണ്ട് വര്‍ഷമായി തുടരുന്ന നിലവിളികള്‍ ഇനിയും അവസാനിക്കുന്നില്ല. അതിരുകള്‍പ്പുറവും കടന്ന് ലോകത്തുടനീളം അവ പ്രതിധ്വനിക്കുകയാണ്. ഒരു രോദനവും കുറേകാലം മതിലുകള്‍ക്കുള്ളില്‍ തളച്ചിടാനാകില്ല. ഒരു ജനതയുടെ സ്വപ്നങ്ങള്‍ എന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ പൂഴ്ത്തിവെക്കാനാകില്ല. മൃഗീയത കൊണ്ട് കുഞ്ഞുങ്ങളുടെ കണ്ണുനീര്‍ ഒപ്പിയെടുത്ത ചരിത്രവുമില്ല. എന്നിട്ടും നമ്മള്‍ പുലര്‍ത്തിയ നിശബ്ദത അപരാധമാണ്. നിഷ്പക്ഷതയില്‍ നിതിയുടെ കണികയേതുമില്ല. രണ്ട് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി പെയ്ത തീമഴ, ആകാശം കുട്ടികളുടെമേല്‍ വര്‍ഷിച്ച തീനാളങ്ങള്‍, ആശുപത്രിയിലും അഭയാര്‍ഥിക്കൂടാരങ്ങളിലും കൈമാറിയ മൃതദേഹത്തില്‍ പോലും ബോംബുകളുടെ രാസകേളികള്‍. ഇവയെല്ലാം കണ്ടാസ്വദിച്ച രാജ്യങ്ങള്‍ പുലര്‍ത്തിയ മൗനമാകട്ടെ മനുഷ്യ മനഃസാക്ഷിക്ക് മേലുള്ള തീരാമുറിവായി അടയാളപ്പടുത്തിക്കഴിഞ്ഞു. കൂട്ടുനിന്ന രാജ്യങ്ങള്‍ ദുരന്തമാകുന്ന കാഴ്ച്ചകള്‍ നാം കണ്ടു, ഇനിയും കാണാനിരിക്കുന്നു. മനുഷ്യാവകാശം ഉത്‌ഘോഷിക്കുന്നവര്‍ തന്നെ ഉയിരെടുക്കുന്ന കാഴ്ചകള്‍ നിത്യസംഭവമായി. നിരപരാധികളെ കൊന്ന് തള്ളുന്നത് ലൈവായി കണ്ടിട്ടും, സത്യമെന്തെന്ന് വ്യക്തമായിട്ടും ക്രൂരതകളോട് ഒട്ടി നിന്നവരൊട് ചരിത്രം പൊറുക്കാന്‍ സാധ്യതയില്ല.. നമ്മുടെ സൗകര്യങ്ങള്‍, നിലനില്‍പ്പ്, രാഷ്ട്രീയ സമ്മര്‍ദങ്ങള്‍, സാമ്പത്തിക ഉപരോധങ്ങള്‍ തുടങ്ങി ഭയപ്പാടുകള്‍ പലതുമാകാം. പക്ഷെ, നീതിക്ക് രണ്ട് തുലാസുകളില്ല, മാനുഷീകതക്ക് മുഖം മൂടിയുമില്ല എന്ന് കാലം തെളിയിക്കും.
ഗസ്സയുടെ രണ്ട് വര്‍ഷങ്ങള്‍ ഫലസ്തീന്‍ പ്രശ്നത്തെ വീണ്ടും ആഗോള അജണ്ടയുടെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. ദ്വിരാഷ്ട്ര പരിഹാരം വീണ്ടും ചൂടേറിയ ചര്‍ച്ചയാക്കാന്‍ ചെറുത്തുനില്‍പ്പു ശക്തികള്‍ക്ക് സാധിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ആഹ്വാനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം ഫലസ്തീന്‍ എന്ന സ്വതന്ത്ര രാജ്യത്തിനു (സ്റ്റേറ്റ്) ലൊകത്തെ 156 രാജ്യങ്ങള്‍ പിന്തുണ നേടിയെടുക്കാനായി. 2025 സെപ്റ്റംബറില്‍, 193 ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളില്‍ ഏകദേശം 81 ശതമാനം പ്രതിനിധീകരിക്കുന്ന കുറഞ്ഞത് 156 രാജ്യങ്ങളെങ്കിലും ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചു. ഇസ്രായേലിനു വേണ്ടി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന അസത്യങ്ങളും അര്‍ധസത്യങ്ങളും പൊളിക്കാന്‍ ഹമാസ് വിഡിയോകള്‍ പുറത്ത് വിട്ടു. പ്രചാരണ യുദ്ധങ്ങളില്‍ ഇസ്രായേല്‍ ആദ്യമേ പരാജയപ്പെട്ടുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ നേരെത്തെ സമ്മതിച്ചിരുന്നു. അറബ് ജനതയുടെ മനസ്സ് ഭരിക്കുന്ന സര്‍ക്കാരുകളോടൊപ്പമില്ലെന്ന് വ്യക്തമാക്കുന്ന സര്‍വെകള്‍ പുറത്ത് വന്നു. സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നതനുസരിച്ച് ഫലസ്തീന്‍ പ്രശ്‌നം ഫലസ്തീനികളുടെ മാത്രം പ്രശ്‌നമെല്ലെന്നും അത് മൊത്തം അറബികളുടെയും ലോകത്തിന്റെ തന്നെയും പ്രശ്‌നമാണെന്ന് വിശ്വസിക്കുന്നവര്‍ ഏറി. അബ്രഹാം ഉടമ്പടി വന്‍ ചതിയാണെന്ന് അറബ് രാജ്യങ്ങള്‍ പോലും വിളിച്ചു പറഞ്ഞു. ഇസ്രായേലുമായി സാധാരണവത്കരിക്കുന്നതിനെ അറബ് ജനത ചോദ്യം ചെയ്തു. ഇസ്രായേലിന്റെ വശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയുണ്ടായി. യുദ്ധ കുറ്റകൃത്യങ്ങള്‍ക്കും മാനുഷീക വിരുദ്ധതക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേല്‍ നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. തൂക്കമൊപ്പിക്കാന്‍ ഹമാസ് നേതാക്കള്‍കെതിരെയും ഉണ്ടായിരുന്നു. സമാന വാറണ്ട്.
പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും
നദി മുതല്‍ കടല്‍ വരെ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ആഗോളതലത്തില്‍ നടക്കുന്ന ഫലസ്തീന്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും വലിയ പ്രതീക്ഷകള്‍ നല്‍കുന്നവയായി. പുതുതലമുറയും അവരുടെ കലാലയങ്ങളും ഫലസ്തീന്‍ പ്രശ്‌നത്തോടൊപ്പം നില്‍ക്കുകയും കോളോണീയല്‍ അധിനിവേശവും ഇസ്രായേല്‍ വംശഹത്യയും നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യുവതലമുറ ഇസ്രായേല്‍ ക്രൂരതകളെ വെറുക്കുന്നതിനാല്‍ ഗസ്സയോട് ഐക്യദാര്‍ഢ്യം കാണിക്കുന്നു. അറബ് നാടുകളിലും പടിഞ്ഞാറന്‍ നാടുകളിലും ഗസ്സക്ക് വേണ്ടി വമ്പിച്ച പ്രതിഷേധ റാലികള്‍ നടന്നു. ഇറ്റലിയില്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന വന്‍ പണിമുടക്ക് നടക്കുകയുണ്ടായി. ന്യൂയോര്‍ക്ക് മുതല്‍ ആഫ്രിക്കയിലെ കേപ്ടൗണ്‍ വരെയുള്ള ക്യാമ്പസുകളില്‍ നിന്നും ഉയര്‍ന്ന റാലികള്‍, ലണ്ടന്‍ മുതല്‍ ജാക്കര്‍ത്ത വരെയും വ്യത്യസ്ത ഭൂഗണ്ടങ്ങളില്‍ നിന്നും അന്താരാഷ്ട്ര ഐക്യദാര്‍ഡ്യ ശബ്ദങ്ങള്‍ മുഴങ്ങുകയുണ്ടായി. വിദ്യാര്‍ഥികളോടൊപ്പം യുവാക്കളും തൊഴിലാളി യുണിയനുകളും സമാന ശബ്ദം മുഴക്കി. സോഷ്യല്‍ മീഡിയ വഴി ലോകത്തുടനീളം ഇവക്ക് വന്‍ പ്രചാരം നേടാന്‍ കഴിഞ്ഞു. പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളോടൊപ്പം ഗസ്സയില്‍ നിന്നുള്ള ക്രൂരതകളും ഇവര്‍ ലോകത്തെ കാണിച്ചു. ഇത് ഇസ്രായേലിനും വലിയ തിരിച്ചടിയായി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഈ പ്രക്ഷോഭങ്ങള്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.
വംശഹത്യയുടെ നെറുകെയില്‍ കുഞ്ഞുങ്ങള്‍
കുട്ടികളെ കൊലചെയ്യുകയെന്നാല്‍ തലമുറയെ ഇല്ലാതാക്കുകയെന്നാണ് അര്‍ഥം. വെളുത്ത തുണിയില്‍ ചുമന്നുകൊണ്ടുപോകുന്ന കുഞ്ഞു ശവശരീരങ്ങള്‍ ലോകത്തിനു നല്‍കുന്ന വലിയ ദുഃസൂചനകള്‍ കാണാതിരുന്നുകൂടാ. അത് മനുഷ്യ വര്‍ഗ്ഗത്തിനു വരുത്തുന്ന വംശനാശം കൂടിയാണ്. അവരുടെ നിലവിളികള്‍ക്ക് രാഷ്ടീയവും മതവുമില്ല. അവര്‍ എവിടെയാണെന്നത് പോലും പ്രസക്തമാകുന്നില്ല. ഗസ്സയിലെ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ഇല്ലാതായത് 20,000 ല്‍ അധികം കുഞ്ഞുങ്ങളാണ്. 42,000 ത്തില്‍ അധികം കുഞ്ഞുങ്ങള്‍ക്ക് പരിക്കേറ്റു. 21,000 പേരെ എന്നെന്നേക്കുമായി വികലാംഗരാക്കി. പിറന്ന് വീണു ദിവസങ്ങള്‍ക്കകം മരണം ഏറ്റുവാങ്ങേണ്ടിവന്ന ഒട്ടേറേ കുഞ്ഞുങ്ങളും ഇതിലുണ്ട്. അവരുടെ സ്‌കൂളുകള്‍ ബോംബിട്ട് തകര്‍ത്തു. വിദ്യാഭ്യാസം എന്നെന്നേക്കുമായി മുടക്കി. അവരുടെ മാതാപിതാക്കളെ കൊന്നൊടുക്കുന്നതിലൂടെ അവരെ മാനസികമായി തളര്‍ത്തി. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഒരു ദിവസം നൂറ് കുട്ടികളെങ്കിലും മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നുണ്ട്. അസ്തിത്വ ഭീഷണിയിലേക്ക് ഒരു ജനതയെ തള്ളിയിടാന്‍ കരുതിക്കൂട്ടി ചെയ്യുന്ന ക്രൂരതയാണത്. ഇത് ഫലസ്തീന്‍ സമൂഹത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്നു. ഗസ്സയിലെ യുദ്ധത്തിന്റെ രണ്ട് വര്‍ഷം. കുഞ്ഞുങ്ങളുടെ കളിസ്ഥലങ്ങളെ ശ്മശാനമൂകവും ക്ലാസ് മുറികളെ കല്‍കൂമ്പാരങ്ങളുമാക്കി മാറ്റി. കുട്ടികളുടെ ഭാവി കത്തിയെരിയുമ്പോള്‍ നിശ്ബ്ദമായവരെയും നിഷ്‌ക്രിയമായവരെയും കാലവും മനഃസാക്ഷിയുടെ കോടതിയും വെറുതെ വിടാന്‍ സാധ്യതയില്ല. ശേഷം ദൈവത്തിന്റെ കോടതിയിലും തഥൈവ.
വിജയപരാജയങ്ങള്‍
യുദ്ധത്തിലെ വിജയപരാജയങ്ങള്‍ രൂപപ്പെടുത്തുന്ന ഒട്ടേറെ കാരണങ്ങളുണ്ടാകാം. പക്ഷെ, ആര്‍ക്കാണ് വിജയം ആര്‍ക്കാണ് പരാജയം എന്ന ചോദ്യത്തിനു യാതൊരു അര്‍ഥവുമില്ല. മനുഷ്യമനഃസ്സാക്ഷി ഇന്നോളം കണ്ടതില്‍ ഏറ്റവും ഭീകരമായ യുദ്ധകളമാക്കി ഗസ്സയെ മാറ്റുകയും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള മനുഷ്യജീവനുകളെ ക്രൂരമായി കൊല്ലുകയും ചെയ്തത് വിജയമായി ഗണിക്കുമെങ്കില്‍ ആ അളവുകോലിനു പോലും മാനസിക ചികിത്സ ആവശ്യമാകും. 66000 മനുഷ്യരെ കൊന്നൊടുക്കിയത് വിജയത്തിന്റെ നിദാനമാണെങ്കില്‍ അത് പരാജയത്തിന്റെ പടുകുഴിയില്‍ നിന്നുള്ള വിജയത്തിന്റെ കേവലരുചി മാത്രമാണ്. മാനവികതയെ മരവിപ്പിക്കുന്ന ദുരന്തങ്ങളുണ്ടാക്കുകയും വിനാശം വിതക്കുകയും ചെയ്തിട്ട് അല്ലെങ്കിലും ആര്‍ക്കാണ് വിജയിക്കാന്‍ സാധിക്കുക? യുദ്ധത്തിന്റെ ആരംഭത്തില്‍ മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍ രണ്ട് വര്‍ഷമായിടും സാധിക്കാതെ വന്നതിനാല്‍ മനുഷ്യക്കുരുതി ഉയര്‍ത്തിക്കാണിക്കുന്നത് എന്തൊരു ആഭാസമാണ്? ലോകോത്തര ശക്തികള്‍ക്ക് മുന്നില്‍ രണ്ട് വര്‍ഷമായിട്ടും മുട്ടുകുത്താതെ പൊരുതി നില്‍കുന്ന ഹമാസിന്റേത് വിജയമാണെന്ന് അവര്‍ പോലും വിചാരിക്കുന്നുണ്ടാകില്ല. എന്നാല്‍ ഒന്നുറപ്പാണ് ഒരു ജനതയുടെ അസ്തിത്വത്തിനു വേണ്ടി, അവരുടെ നിലനില്‍പ്പിനും ഭാവിക്കും വേണ്ടി അവരുടെ സ്വാതന്ത്ര്യ പുലരിക്ക് വേണ്ടി ഇനിയും തോല്‍വികള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നവരാണ് ഹമാസ് ഉള്‍പെടെയുള്ള പോരാട്ട പ്രസ്ഥാനങ്ങള്‍. അവരുടെത് തോല്‍വിയാണെങ്കില്‍ വിജയത്തിന്റെ രുചിയും പ്രതീക്ഷയുമുള്ള തോല്‍വിയാണത്.
അതിജീവനത്തിന്റെ ഉറച്ച സ്വരങ്ങള്‍
നിരന്തരമായ ബോംബാക്രമണത്തിലൂടെ ഗസ്സയെ വാസയോഗ്യമല്ലാത്ത നരകമാക്കി മാറ്റാന്‍ ഇസ്രയേലിനു കഴിഞ്ഞെങ്കിലും അതിജീവനത്തിന്റെ ഉറച്ച സ്വരങ്ങള്‍ ആ മണ്ണില്‍ ഇനിയും ബാക്കിയുണ്ട്. അവര്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും ആവശ്യവുമുണ്ട്. ആ ജീവിതങ്ങളോട് ലോകം ഒന്നടക്കം കടപ്പെട്ടിരിക്കുന്നു. വംശങ്ങളും തലമുറകള്‍ ഇല്ലാതാവുന്നതില്‍ പരിഭവവും പ്രശ്‌നവും ഇല്ലതാവുകയെന്നാല്‍ ജീവനുള്ള സമൂഹങ്ങളുടെ മരണം കൂടിയാണത്. ഭീകരതക്കെതിരെ അനിവാര്യ യുദ്ധമായി ഏറ്റെടുത്ത ഒരു ജനത ഫലസ്തീനില്‍ ഇനിയും ജീവിച്ചിരിക്കുന്നു. അവരുടെ പോരാട്ടവും അതിജീവനവും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വംശഹത്യ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹം നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുമ്പോഴും തങ്ങളുടെ പോരാട്ട വീര്യം കുറയുകയില്ലെന്ന് ഗസ്സയില്‍ പോരുതുന്ന ജീവിതങ്ങള്‍ ലോകത്തോട് വിളിച്ച് പറയുന്നുണ്ട്. അഭിമാനത്തോടെ കുട്ടികള്‍ ഫലസ്തീന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു
ലോകമനഃസാക്ഷി മരവിച്ചുപോയ രണ്ട് വര്‍ഷങ്ങളാണ് കടന്ന് പോയത്. രാജ്യങ്ങളില്‍ നിന്നും അവശേഷിക്കുന്ന മാനവികതയുടെ എല്ലാ സ്ത്ഗുണങ്ങളെയും കരിച്ചുകളയാന്‍ ശ്രമിച്ച യുദ്ധത്തിന്റെ ദിനരാത്രങ്ങള്‍. അലിഞ്ഞില്ലാതായ ഓരോ കനലുകളില്‍ നിന്നും കരിഞ്ഞമര്‍ന്ന ചാരത്തില്‍ നിന്നും പ്രതീക്ഷയുടെ പൊന്‍കിരണങ്ങളും നീതിയുടെ വെളിച്ചവും ഉദയം ചെയ്യും, കാലം സാക്ഷി. രക്തസാക്ഷിത്വം നേടിയ ഒരു ജീവിതവും വരും കാലത്തേക്ക് എന്തെങ്കിലും ബാക്കിവെക്കാതെ പോയിട്ടില്ല. വിശ്വാസത്തില്‍ ദൃഢതയുള്ള ഒരു സമൂഹം അവര്‍ നല്‍കുന്ന പ്രതീക്ഷകള്‍ നമ്മള്‍ കരുതുന്നതിനേക്കാളും എത്രയോ മടങ്ങ് വലുതാണ്.
