കേരളീയ സമൂഹത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചിന്തകനാണ് സഹോദരന് അയ്യപ്പന്. കേരളത്തിലെ എണ്ണം പറഞ്ഞ യുക്തിവാദിയാണ് സഹോദരനെന്നാണ് പ്രശസ്തി. അദ്ദേഹത്തെക്കുറിച്ച ഓരോ ഓര്‍മക്കുറിപ്പുകളും ഇക്കാര്യം ഉച്ചത്തില്‍ പറഞ്ഞുവയ്ക്കുന്നു. ഈ എഴുതുന്നയാള്‍ക്കും അതില്‍ വിയോജിപ്പൊന്നുമില്ല. എന്നാല്‍ യുക്തിവാദത്തെയും നിരീശ്വരവാദത്തെയും കുറിച്ചുള്ള സാമ്പ്രദായിക ധാരണകളിലേക്ക് അയ്യപ്പന്റെ ചിന്തകളെ ഒതുക്കുന്ന ശൈലി എന്നും പ്രചാരത്തിലുണ്ട്. ഇന്നും അതുണ്ട്. അക്കാര്യത്തില്‍ തീര്‍ച്ചയായും വിയോജിപ്പുണ്ട്.
പലരും വിലയിരുത്തുന്നതില്‍നിന്ന് വ്യത്യസ്തമായി ദൈവശാസ്ത്രത്തോട് വിയോജിക്കുമ്പോള്‍ത്തന്നെ അതിന്റെ സാമൂഹ്യശാസ്ത്രപരമായ പ്രസക്തി തള്ളിക്കളഞ്ഞ ആളായിരുന്നില്ല സഹോദരന്. പലരും ശേഖരിച്ചിട്ടുള്ള സംഭാഷണങ്ങളിലും ഗുരുവുമായുള്ള ചര്‍ച്ചകളിലും സഹോദരനിലെഴുതിയ കുറിപ്പുകളിലും ദൈവശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലേക്കുള്ള സൂചകള്‍ കാണാം. കാണാത്ത ദൈവത്തേക്കാള്‍ ശ്രീനാരായണഗുരുവിനെ ആരാധിക്കുന്നത് എത്രയോ നന്ന് എന്നു പോലും അദ്ദേഹം സ്വാമിഭക്തരെ ഉപദേശിച്ചിരുന്നതായി രേഖകളുണ്ട്.
മതത്തെ ശാസ്ത്രത്തിന് എതിര്‍നിര്‍ത്തി അവതരിക്കുന്ന ഏകമുഖമായ രീതി സഹോദരനമുണ്ടായിരുന്നില്ല. കേവല യുക്തിവാദികളുടെ അളവുപാത്രത്തില് ഒതുങ്ങുന്നയാളുമായിരുന്നില്ല. മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്ത പോലും ആ അളവുപാത്രത്തെ ഭേദിയ്ക്കും. 1924ല്‍ സര്‍വമത സമ്മേളനത്തിന്റെ ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്ന വാക്യം കോയിന് ചെയ്ത അദ്ദേഹം അമ്പതില്‍ മതത്തിന് മതത്തിന്റെ യുക്തിയുണ്ടെന്ന് പറഞ്ഞ് വിമര്‍ശകരുടെ വായടച്ചു. ഒരു വിശ്വാസിയ്ക്കും സ്വതന്ത്ര ചിന്തയാകാം എന്ന് പി.കെ ബാലകൃഷ്ണനുമായുള്ള അഭിമുഖത്തില്‍ ഗുരുവിനെ മുന്‍നിര്‍ത്തിയും അദ്ദേഹം നിരീക്ഷിക്കുന്നു.
മറ്റൊന്ന് സയന്‍സ് ദശകം സൃഷ്ടിച്ച ചില കള്ളിയിലേക്ക് ഒതുക്കി അദ്ദേഹത്തെ കേവല ശാസ്ത്രവാദിയായി അവതരിപ്പിക്കുന്നതാണ്. മതത്തെ തള്ളി ശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച മഹാന് എന്നാണ് മിക്കവരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ കേവലം ശാസ്ത്രവാദിയായി സഹോദരനെ ചുരുക്കുന്നത് അടിസ്ഥാനപരമായി ഒരു സവര്‍ണ ലോജിക്കാണ്. ശാസ്ത്രവും മതവും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിപക്ഷത വലിയൊരു ശതമാനത്തോളം മിത്താണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകും.
കൊളോണിയല്‍ കാലത്തെ ഏറ്റവും വിമോചനപരമായ ആശയമായിരുന്നു സമുദായികതയെന്നത്. അതിന്റെ വക്താവായാണ് അദ്ദേഹം പൊതുമണ്ഡലത്തില്‍ ഇടംപിടിക്കുന്നത്. സമുദായവാദികളില് അക്കാലത്ത് വിശ്വാസികളും അവിശ്വാസികളും യുക്തിവാദികളും അണിനിരന്നു. ഇക്കാര്യത്തില്‍ ഗുരുവിനെയും കവച്ചുവച്ചുകൊണ്ട് സഹോദരന് സഞ്ചരിക്കുന്നതു കാണാം. സമുദായം എന്ന ഘടകത്തിന്റെ ഭാഗമായാണ് മതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ സങ്കല്പം പോലും കരുപിടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈഴവര്‍ അന്ത്യകര്മങ്ങള്ക്കുവേണ്ടി ചൊല്ലുമായിരുന്ന ഒരു പദ്യം രചിച്ചത് സഹോദരനാണെന്ന് വായിച്ച ഓര്‍മയുണ്ട്.
മതംമാറ്റ പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ സാമുദായിക വീക്ഷണത്തിന്റെ പ്രത്യേകതകള്‍ വെളിപ്പെടുത്തുന്നു. ഈഴവരെ എന്നു മാത്രമല്ല, മുഴുവന്‍ കീഴാളരെയും സംബന്ധിച്ചിടത്തോളം മതംമാറ്റ പ്രസ്ഥാനം അവരുടെ സ്വാഭിമാനരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയായിരുന്നു. സ്വാഭാവികമായും മതംമാറ്റത്തിന്റെ വലിയ തരംഗങ്ങള്‍ പല തവണ അവരെ പ്രചോദിപ്പിച്ചു. ഇരുപതാംനൂറ്റാണ്ടിന്റെ പല ഘട്ടങ്ങളിലും അതവരുടെ ജീവിതത്തില്‍ കയറിയിറങ്ങിപ്പോയി.
ഈഴവരെ സംബന്ധിച്ചിടത്തോളം മതംമാറ്റ പ്രസ്ഥാനത്തിന്റെ അടിസ്ഥാനംതന്നെ ഈഴവ സാമുദായികതയെക്കുറിച്ചുള്ള ബോധ്യങ്ങളായിരുന്നു. എന്നാല്‍, ഇത് ചില പ്രതിസന്ധികള്‍ക്ക് കാരണമാകാതെയിരുന്നില്ല. ഓരോ സമുദായത്തിന്റെയും അംഗസംഖ്യയായിരുന്നുവല്ലോ ആ സാമുദായത്തിന്റെ ആപേക്ഷിക ബലത്തെ നിശ്ചയിച്ചിരുന്നത്. പത്തുകൊല്ലം കൂടുമ്പോള്‍ നടന്നിരുന്ന സെന്‍സസ് ഈ ബോധ്യങ്ങളുടെ അളവുകോലുമായിരുന്നു. സ്വാഭാവികമായും മതംമാറ്റ പ്രസ്ഥാനം അവരുടെ അംഗസംഖ്യയില്‍ വലിയ ഇടിവുണ്ടാക്കുമെന്ന് അവര്‍ ഭയന്നു. മതംമാറ്റത്തെ എതിര്‍ക്കുകയാണ് സ്വാഭാവികമായി ചെയ്യാവുന്നത്. പക്ഷേ, ഹിന്ദുമതത്തെ വെറുത്തിരുന്ന അവര്‍ മതംമാറ്റമെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ മറ്റൊരു തന്ത്രം പ്രയോഗിച്ചു. 1936ലെ എസ്എന്‍ഡിപിയുടെ ചങ്ങനാശ്ശേരി യോഗത്തില്‍ മതംമാറ്റമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഈഴവര്‍ ഹിന്ദുക്കളായി ജീവിക്കുന്നിടത്തോളം അഭിമാനത്തോടുകൂടി ജീവിക്കുക സാധ്യമല്ലാത്തതിനാല്‍ ഈഴവര്‍ ഹിന്ദുമതം വിടണമെന്ന് പ്രമേയം പാസ്സാക്കി. അന്നത്തെ യോഗത്തില്‍ ഈഴവരെ സ്വമതത്തിലേക്ക് ക്ഷണിക്കാനായി ഇസ്ലാം, ക്രൈസ്തവ, ബുദ്ധ, സിഖ് മതപ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
എസ്എന്‍ഡിപി യോഗം മറ്റൊരു സുപ്രധാന ആലോചനയും നടത്തി. തന്റെ അധ്യക്ഷപ്രസംഗത്തില്‍ അയ്യപ്പന് തന്നെയാണ് ഈ ചര്‍ച്ചക്ക് തുടക്കമിട്ടത്. മതം മാറുന്നവരെ സമുദായത്തില്‍നിന്നു പുറംതള്ളാതെ സമുദായത്തില്‍ നിര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. അതു സാധ്യമായാലേ ശ്രീനാരായണ ഗുരുസ്വാമികള്‍ ദീര്‍ഘദര്‍ശനം ചെയ്ത ഏകമതമനസ്ഥിതി നടപ്പാകുയുള്ളൂവെന്നും ഭിന്ന മതസ്ഥരായ ആളുകള്‍ ഒരു വീട്ടില്‍ യോജിച്ചു കഴിയുന്ന ഒരു സമുദായസ്ഥിതിയാണ് ഏകമതസന്ദേശംകൊണ്ട് നിര്‍ദേശിച്ചിരിക്കുന്നതെന്നു കൂടി അദ്ദേഹം പറഞ്ഞു. ബുദ്ധമതക്കാരും ക്രിസ്ത്യാനികളും സിക്കുകാരും നിര്മതക്കാരും മറ്റുമാകുന്നവരെല്ലാം ആ ഏകസമുദായാദര്ശത്തെ സ്വയം സ്വീകരിക്കാന്‍ താല്പര്യമുള്ളവരായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, സ്വാതന്ത്ര്യാനന്തരം ദേശീയതയുടെ യുക്തി സഹോദരനെയും പിടികൂടിയെന്നുതന്നെ വേണം കരുതാന്‍. ഇനി സാമുദായികതയുടെ കാലമല്ലെന്നും ഈഴവര്‍ സമുദായസംഘടനകള്‍ വിട്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം തന്റെ അനുയായികളെ ഉപദേശിച്ചു. സ്വയം അങ്ങനെ ചെയ്യുകയും ചെയ്തു.
(ബാബുരാജ് ഭഗവതിയുടെ എഫ്.ബി പോസ്റ്റ്)
