മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ 2025 ജൂലെ 10 ന് സിപിഎം സംഘടിപ്പിച്ച ‘മനുഷ്യക്കൂട്ടായ്മയുടെ ജാഥയില്‍’ ഉയര്‍ന്ന മുദ്രാവാക്യം കേരളത്തിലെ ഭരണ നേതൃത്വം നല്‍കുന്ന സിപിഎം, മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ എത്രമാത്രം മാനിക്കുന്നുവെന്നും എത്രമാത്രം ജനാധിപത്യ സംസ്‌കാരം ആ പാര്‍ട്ടിക്ക് ഉണ്ടന്നും വെളിപ്പെടുത്തുന്നതാണ്.
‘മീഡിയവണ്‍ മാനേജിംഗ് എഡിറ്റര്‍ സി. ദാവൂദിന്റെ കൈവെട്ടണം!’ എന്നുയര്‍ന്ന മുദ്രാവാക്യം വ്യക്തിപരമായ ആക്രമണത്തിന് അതീതമായി, മാധ്യമ സ്വാതന്ത്ര്യത്തെയും മതേതര ജനാധിപത്യ നിലപാടുകളെയും പ്രസ്തുത പാര്‍ട്ടി എത്രമാത്രം ഭീഷണിയില്‍ നിര്‍ത്താനാഗ്രഹിക്കുന്നു എന്ന് തുറന്നുകാണിക്കുകയാണ്. ഒരു മാധ്യമ പ്രവര്‍ത്തകനെ സംബോധന ചെയ്യുന്ന ഈ മുദ്രാവാക്യം, കേരളത്തിലെ രാഷ്ട്രീയ സംസകാരത്തിന്റെ മൊത്തം കുലപതികളായി വിശേഷിപ്പിക്കപ്പെടുന്ന സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ സൂചികയാണ്.
മീഡിയവണ്‍ മാനേജിങ് എഡിറ്ററായ സി. ദാവൂദ് അദ്ദേഹത്തിന്റെ പംക്തിയില്‍ നടത്തിയ സിപിഎം വിമര്‍ശനങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലും ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന ആ പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധതയുടെയും മതനിരപേക്ഷതിയില്‍ നിന്നുള്ള വ്യതിചലനങ്ങളുടെയും ചരിത്രം വെളിപ്പെടുത്തുന്നതുമായിരുന്നു. അതിന് ജനാധിപത്യപരമായി മറുപടിയില്ലാത്തതിനാലാണ്. സിപിഎം വിറളി പിടച്ചത്. മീഡിയവണ്ണിന്റെ ചരിത്രം ഇന്ത്യന്‍ മാധ്യമ രംഗത്ത് പലകാരണങ്ങള്‍കൊണ്ടും അടയാളപ്പെടുത്തപ്പെട്ടതാണ്. ഒരിക്കല്‍ സംപ്രേഷണം നിര്‍ത്തിവെപ്പിക്കപ്പെട്ടു. പിറ്റേന്ന് തന്നെ പുനഃസ്ഥാപിച്ചു കിട്ടിയെങ്കിലും പിന്നീട് മുന്നറിയിപ്പോ കാരണമോ കൂടാതെ ലൈസന്‍സ് പുതുക്കല്‍ നിഷേധിക്കപ്പെട്ടു. അതിലൊന്നും പതറാതെ നിയമ പോരാട്ടം വഴി മീഡിയവണ്‍ ശക്തമായി തിരിച്ചുവന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. ദാവൂദിനെ കേന്ദ്രീകരിച്ചാണ് സിപിഎം ഭീഷണി. എന്നാല്‍, ലക്ഷ്യം ദാവൂദ് എന്ന വ്യക്തിയല്ല; ലക്ഷ്യം സത്യം വിളിച്ചg പറയുന്ന ഒരു ദൃശ്യമാധ്യമത്തെ അടിച്ചമര്‍ത്തുക എന്നതാണ്.
സിപിഎമ്മിന്റെ ഭീഷണിയും അക്രമ രാഷ്ട്രീയവും കെട്ടുപോയ ചരിത്രമല്ല. മുന്‍കാലങ്ങള്‍ അവരുടെ ഭീഷണിയും പ്രതികാരവും ഹിംസയും വ്യക്തമാക്കുന്നുണ്ട്. സുതാര്യതയും വിമര്‍ശന സ്വാതന്ത്ര്യവുമുള്ള വ്യത്യസ്തചിന്തകള്‍ തടയുന്നതില്‍ സിപിഎമ്മിന് അത്യന്തം നികൃഷ്ടമായ പൈതൃകമുണ്ട്: ടി.പി. ചന്ദ്രശേഖരനെ നമുക്ക് മറക്കാനാവില്ലല്ലോ. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ആര്‍.എം.പി സ്ഥാപിച്ച് സ്വതന്ത്രമായ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ജീവനെടുത്താണല്ലോ സിപിഎം മറുപടി പറഞ്ഞത്.
കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ എന്ന യുവാവിനെയും നമുക്ക് മറക്കാനാവില്ല. 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് പാര്‍ട്ടി കോടതിയില്‍ വിചാരണ ചെയ്ത് കൊലപ്പെടുത്തിയതാണ് ഷുക്കൂറിനെ. പട്ടുവത്ത് എത്തിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തെ തടഞ്ഞ കൂട്ടത്തില്‍ ഷുക്കൂറുമുണ്ടെന്നാണ് പാര്‍ട്ടി കോടതി വധശിക്ഷ വിധിക്കാന്‍ കാരണം.
പറമ്പില്‍ ജോലിക്കാരെ പണിയെടുപ്പിക്കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിറ്റാണ്ടോളം വീടിന് പുറത്തിറങ്ങാനാവാതെ ഈര് വിലക്ക് പാര്‍ട്ടി കോടതി ഏര്‍പ്പെടുത്തിയ വിനീത കോട്ടായിയുടെ ചരിത്രം കേരളത്തിന് മുന്നിലുണ്ട്. വീട്ടിലേക്കുള്ള ടെലഫോണ്‍ കേബിള്‍ പോലും പാര്‍ട്ടി ഗുണ്ടകള്‍ കട്ട് ചെയ്താണ് അവരുടെ പുറം ലോക ബന്ധം പാര്‍ട്ടി തടഞ്ഞത്.

പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ തിട്ടൂരം അനുസരിക്കാത്തതിനാല്‍ കണ്ണൂരിലെ ദലിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്കുണ്ടായ ദുരനുഭവങ്ങളും ചരിത്രമാണ്. അവരുടെ ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷ കത്തിച്ചു. അവര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു സെന്റ് സ്ഥലം അനുവദിച്ചതു പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ റദ്ദാക്കി. ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി ചിത്രലേഖ മരിക്കുംവരെയും പാര്‍ട്ടി വേട്ടയാടല്‍ തുടര്‍ന്നു. ഇങ്ങനെ പാര്‍ട്ടിക്ക് കീഴൊതുങ്ങാത്ത എത്രയെത്ര മനുഷ്യരെ കൊല്ലുകയോ ഹിംസാത്മകമായി വേട്ടയാടുകയോ ചെയതതിന്റെ രക്തരൂക്ഷിതമായ ചരിത്രം കേരളത്തിലെ സിപിഎമ്മിനുണ്ട്. അതുകൊണ്ട് ദാവൂദിന് നേരെ ഉയരുന്ന കൈവെട്ടല്‍ കൊലവിളി നിസ്സാരമായി തള്ളേണ്ടതല്ല.
ഇന്ത്യാരാജ്യത്ത് സ്വതന്ത്രവും ധീരവുമായ പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ ഇന്ന് അത്യന്തം ഗുരുതരമായ വെല്ലുവിളി നേരിടുന്ന കാലഘട്ടം കൂടിയാണ്. 2024-ലെ World Press Freedom Index അനുസരിച്ച് ഇന്ത്യ 180 രാജ്യങ്ങളില്‍ 161ആം സ്ഥാനത്താണ്. ഇതൊരു അപകടഭീഷണിയല്ലാതെ മറ്റൊന്നുമല്ല: കശ്മീരില്‍ തുടര്‍ന്നു വരുന്ന മാധ്യമ നിയന്ത്രണങ്ങള്‍, UAPA, Nation Security Act, Sedition ഇവയുടെ പേരില്‍ പത്രപ്രവര്‍ത്തകര്‍ക്ക് സംശയത്തിന്റെ പേരില്‍ അറസ്റ്റ്, പീഡനം എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ആദിവാസി മേഖലയിലെ ഫീല്‍ഡ് റിപ്പോര്‍ട്ടര്‍മാര്‍ ‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ച് നിരന്തരം പിടിയിലാകുന്നു. NLFT, Manipur, Nagaland പോലുള്ള മേഖലയിലെ പ്രവര്‍ത്തകര്‍ നേരിടുന്ന ഭരണകൂട നിയന്ത്രണങ്ങളെല്ലാം രാജ്യത്തെ പത്ര പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളാണ്. ഗൗരി ലങ്കേഷിനെപ്പോലെ നിരവധി രക്തസാക്ഷികളായ പത്രപ്രവര്‍ത്തകരുണ്ട്. സിദ്ധീഖ് കാപ്പനെയും റിജാസിനെയും ആള്‍ട്ട് ന്യൂസ് സുബൈറിനെയും പോലെ ഭരണകൂടവേട്ടയുടെ ഇരകളായി ജീവിക്കുന്ന പത്രപ്രവര്‍ത്തകരും രാജ്യത്ത് ധാരാളമുണ്ട്.

അതേസമയം ഭരണകൂടത്തിന്റെ എംബഡഡ് ജേര്‍ണലിസ്റ്റുകളായി തുടരുന്നവര്‍ക്ക് പട്ടും വളയും കിട്ടും. ഇങ്ങനെ ഭരണകൂട ഭാഷ്യം ഏറ്റുചൊല്ലി നേടുന്ന പട്ടും വളയും വേണ്ടെന്നു വെച്ചതാണ് ദാവൂദിന് നേരെ കൊലവിളി ഉയര്‍ത്താനുള്ള നിദാനം. രാജ്യത്തെ മറ്റിടങ്ങളില്‍ സംഘ്പരിവാറിനാല്‍ ശക്തമായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടല്‍ കേരളത്തില്‍ സിപിഎം ഏറ്റെടുത്തു എന്ന വ്യത്യാസമേയുള്ളൂ. ”കൈവെട്ടണം” എന്ന മുദ്രാവാക്യം തിരുത്തേണ്ടത് സിപിഎമ്മാണ്. പക്ഷേ ഇതിനെതിരെ പ്രതികരിക്കേണ്ടത് പത്രപ്രവര്‍ത്തകര്‍, വായനക്കാര്‍, ജനാധിപത്യവിശ്വാസികള്‍ എന്നിവരാണ്. മാധ്യമ സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ പുനരാഖ്യാനത്തിനുള്ള വഴിയാണ്. സ്വന്തം നിലപാടുകള്‍ സംരക്ഷിക്കാന്‍ മാത്രം ഉപയോഗിക്കേണ്ട വിഷയമല്ല മാധ്യമ സ്വാതന്ത്ര്യം എന്നത്.
സി. ദാവൂദിനൊപ്പം നില്‍ക്കുക എന്നത് ഒരു വ്യക്തിയോടൊപ്പം നില്‍ക്കുക എന്നതല്ല. അത് പത്രപ്രവര്‍ത്തനത്തെ ഭീഷണിയോടെ കുരുക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരായ സമരമാണ്. കേരളം വീണ്ടും ചോദിക്കണം, കേരളം ഭരിക്കുന്ന പാര്‍ട്ടി ഇതെങ്ങോട്ടാണ് എന്ന്. സിപിഎം പൊതുപരിപാടിയില്‍ ഒരാളുടെ കൈവെട്ടണമെന്ന മുദ്രാവാക്യം വിളിച്ചവരോട് വിശദീകരണം പോലും ചോദിച്ചില്ലെങ്കില്‍ അതിന്റെ അര്‍ഥം അത് ആസൂത്രിതമാണ് എന്നാണ്. ഒരു കേസുപോലും എടുത്തില്ലെങ്കില്‍ അതിനര്‍ഥം സര്‍ക്കാര്‍ ഈ ഹൂളിഗനിസത്തോടൊപ്പമാണ് എന്നതുമാണ്. ദാവൂദിനെതിരയുള്ള ഭീഷണി ഒരു വ്യക്തിയോടുള്ള രാഷ്ട്രീയ വിരോധമല്ല, ജനാധിപത്യ മൂല്യങ്ങളോടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അതിക്രമമാണ്.
”കൈവെട്ടണം” എന്ന മുദ്രാവാക്യം തിരുത്തേണ്ടത് സിപിഎമ്മാണ്. പക്ഷേ ഇതിനെതിരെ പ്രതികരിക്കേണ്ടത് പത്രപ്രവര്‍ത്തകര്‍, വായനക്കാര്‍, ജനാധിപത്യവിശ്വാസികള്‍ എന്നിവരാണ്. മാധ്യമ സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ പുനരാഖ്യാനത്തിനുള്ള വഴിയാണ്. സ്വന്തം നിലപാടുകള്‍ സംരക്ഷിക്കാന്‍ മാത്രം ഉപയോഗിക്കേണ്ട വിഷയമല്ല മാധ്യമ സ്വാതന്ത്ര്യം എന്നത്.
