ഇസബെല്ല വെബർ-ന്റെ Anti-Fascist Economics: In Defence of Affordability, Dignity & Democracy എന്ന പുസ്തകത്തിന്റെ വായന | ഭാഗം 04
ഹംഗറിയിൽ വിക്ടർ ഓർബാൻ, ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു, അമേരിക്കയിൽ ഡൊണാൾഡ് ട്രംപ്, സെർബിയയിൽ അലക്സാണ്ടർ വൂചിച്, ബ്രസീലിൽ ഫ്ളാവിയോ ബോൾസനാരോ എന്നിങ്ങനെയുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നേരിട്ട തെരഞ്ഞെടുപ്പ് പരാജയങ്ങൾ സാധാരണ ജനജീവിതങ്ങൾക്ക് തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോടുള്ള വിമുഖത വ്യക്തമാക്കുന്നതാണ്. ഒരു ഭാഗത്ത് ഏതാനും വൻകിട കൈകളിലേക്ക് രാജ്യത്തിൻറെ സമ്പത്ത് കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുമ്പോൾ തന്നെ സാധാരണ മനുഷ്യരുടെ നിത്യജീവിതം ദുരിതപൂർണ്ണമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് വലതുപക്ഷ പ്രചരണ മായാവലയത്തിൽ നിന്നും കുതറിമാറാൻ ജനങ്ങൾ തയ്യാറായത്.
സാമ്പത്തിക അരക്ഷിതാവസ്ഥ തൊട്ട് സമൂഹത്തിൻറെ ക്രിമിനൽവത്കരണം വരെയുള്ള പ്രശ്നങ്ങളെ നേരിടാൻ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യവാദികളും ലിബറലുകളും അടങ്ങുന്ന ഭരണകൂടങ്ങളുടെ കയ്യിൽ എന്തു പദ്ധതികളാണുള്ളത് എന്നതാണ് ജനങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ജനങ്ങൾ അധികാരത്തിലേറ്റിയ ജനാധിപത്യ സർക്കാരുകൾ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ സംബന്ധിച്ച് ഇസബെല്ല വെബർ മുന്നോട്ടുവെക്കുന്ന അടിയന്തിര പരിഹാരങ്ങൾ, തിരുത്തൽ നിർദ്ദേശങ്ങൾ എന്തൊക്കെയാണ് എന്ന് അറിയുന്നത് കൗതുകകരമാണ്.
ഗ്രന്ഥത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളിൽ നടത്തിയ ചരിത്രപരവും രോഗനിർണ്ണയപരവുമായ വാദങ്ങളെ പ്രായോഗിക പരിപാടിയിലേക്ക് പരിഭാഷപ്പെടുത്തുകയാണ് ഗ്രന്ഥകാരി മൂന്നാം ഭാഗത്തിലൂടെ ചെയ്യുന്നത്. അന്തസ്സുള്ള ജീവിതമെന്നത് എല്ലാ പൗര ജനങ്ങളുടെയും അവകാശമാണെന്നും, അത്തരമൊരു ജീവിത നിലവാരത്തിലേക്ക് ചെന്നെത്താനാവശ്യമായ ഒരു സാമ്പത്തികശാസ്ത്രം ആവശ്യമാണെന്നും, ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ഇത് ഒഴിച്ചുകൂടാനാവാത്തതാണെന്നും അവർ വാദിക്കുന്നു.
ഇസബെല്ല വെബർ തന്റെ ഗ്രന്ഥത്തിലെ മൂന്നാം ഭാഗത്തിന് നൽകിയ ശീർഷകം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് – An Economy for the Dignity of ALL. വിപണി ആധിപത്യത്തിനും ഭ്രാന്തമായ ലാഭ കേന്ദ്രീകരണത്തിനും പകരം മനുഷ്യാന്തസ്സ്, താങ്ങാനാവുന്ന വിലയ്ക്കുള്ള അവശ്യവസ്തുക്കൾ, ജനാധിപത്യപരമായ നിയന്ത്രണം എന്നിവയിൽ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയെയാണ് വെബർ മുന്നോട്ടുവെക്കുന്നത്. സാധാരണ മനുഷ്യരുടെ ജീവിതമാർഗ്ഗങ്ങൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കുകയും, അതേസമയം സ്വകാര്യ-കോർപ്പറേറ്റ് ശക്തികളുടെ അമിതമായ കേന്ദ്രീകരണത്തിന് ഒരു പരിധി നിശ്ചയിക്കുകയും ചെയ്യുന്ന, ഘട്ടംഘട്ടമായുള്ള പ്രായോഗിക പദ്ധതിയാണ് ഇതിന്റെ ലക്ഷ്യം.
മൂന്നാം ഭാഗത്തിലെ ആദ്യ അധ്യായം ‘അവശ്യവസ്തുക്കളുടെ രാഷ്ട്രീയം’ തിരിച്ചറിഞ്ഞുകൊണ്ട് ‘ജനാധിപത്യ പുനരുജ്ജീവന’ത്തിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതെങ്ങിനെയെന്ന് വിശദീകരിക്കുന്നു. ജീവിതത്തിന്റെ ഭൗതിക അടിത്തറകളിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ കഴിയാത്തവിധം ഗവൺമെന്റുകൾ നിസ്സഹായരാകുമ്പോൾ, ജനാധിപത്യം അതിന്റെ അർഥം നഷ്ടപ്പെട്ട് പൊള്ളയായി മാറുന്നുവെന്ന് വെബർ വാദിക്കുന്നു. അതിനാൽ, ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാൻ ‘അവശ്യവസ്തുക്കളെക്കുറിച്ചുള്ള രാഷ്ട്രീയം’ (politics of the essentials) ആവശ്യമാണ്. പാർപ്പിടം, ഭക്ഷണം, ഊർജ്ജം, ഗതാഗതം, പരിചരണ സേവനങ്ങൾ, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെ ഗ്രന്ഥകാരി ഊന്നിപ്പറയുന്നു. ഇത്തരം നടപടികളിലൂടെ മാത്രമേ തങ്ങളുടെ അന്തസ്സും സ്വയം നിർണ്ണയാവകാശവും സംരക്ഷിക്കാൻ കഴിവുള്ള ഒരു സംവിധാനമായി ജനാധിപത്യ ഭരണകൂടത്തെ അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയൂ എന്നും അവർ വാദിക്കുന്നു. കോർപ്പറേറ്റ് കമ്പനികളുടെ വിലനിർണ്ണയ അധികാരത്തിന് ജനങ്ങളെ വിട്ടുകൊടുക്കുന്നതിന് പകരം, ഭൂരിപക്ഷ ജനതയുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകൾക്ക് എങ്ങിനെ സാധിക്കുമെന്ന് ഉദാഹരണ സഹിതം തെളിയിക്കുന്നു.
കേന്ദ്രീകൃത ആസൂത്രണത്തിലും സമഗ്ര പദ്ധതി (master plan)യിലും അധിഷ്ഠിതമല്ല വെബറിന്റെ ബദൽ ചിന്തകൾ, മറിച്ച്, ഘട്ടംഘട്ടമായി നടപ്പിലാക്കാവുന്നതും, പ്രായോഗികവുമായ സമീപനം അത് മുന്നോട്ടുവെക്കുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ കൈവരിക്കാനാവശ്യമായ നിർദ്ദേശങ്ങളോടൊപ്പം തന്നെ, കൂടുതൽ ആഴത്തിലുള്ളതും സമഗ്രവുമായ പരിവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് സ്ഥാപനപരമായ ശേഷി വികസിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും അവർ ചൂണ്ടിക്കാണിക്കുന്നു. അവശ്യവസ്തുക്കളെ കേന്ദ്രീകരിച്ചുള്ള ഈ രാഷ്ട്രീയം, ജനങ്ങൾക്കിടയിൽ പൊതുവായ ഭൗതിക ആവശ്യങ്ങളെയും അന്തസ്സിനെയും മുൻനിർത്തി ഐക്യം വളർത്തുന്നതിന് സഹായകമാകുമെന്ന് അവർ വിശദീകരിക്കുന്നു. തീവ്ര വലതുപക്ഷത്തിന്റെ, ജനങ്ങളെ ഭിന്നിപ്പിക്കുന്ന ‘അസ്തിത്വ രാഷ്ട്രീയത്തെ’ (identity politics) പ്രതിരോധിക്കുവാൻ ഇത് അനിവാര്യമാണെന്ന് അവർ വ്യക്തമാക്കുന്നു. താങ്ങാനാവുന്ന വില (affordability) എന്നത് കേവലം സാങ്കേതിക വിഷയമല്ല, മറിച്ച് സ്വേച്ഛാധിപത്യ ഭരണ മാതൃകകളെ ചെറുത്തുനിൽക്കുന്നതിനുമുള്ള ഭൗതിക അടിത്തറയുടെ നിർമ്മിതിയാണെന്ന് വെബർ വിശദീകരിക്കുന്നു.
അവശ്യവസ്തുക്കളുടെ സാമ്പത്തികശാസ്ത്രം (An Economics of Essentials) എന്ന അധ്യായത്തിൽ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ഒരു ജനാധിപത്യ ക്രമത്തിന്റെ സാമ്പത്തിക ഘടന എങ്ങിനെയായിരിക്കണം എന്ന് വിശദീകരിക്കുന്നു. ഏതാനും സ്വകാര്യ കുത്തകകളുടെ ലാഭം പരമാവധിയാക്കുക എന്നതിന് പകരം, പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപജീവനമാർഗങ്ങളെയും ഉൽപ്പാദനത്തെയും ആശ്രയിക്കുന്ന മേഖലകളെ പുനഃക്രമീകരിക്കുന്ന ഒരു ‘അവശ്യവസ്തുക്കളുടെ സാമ്പത്തികശാസ്ത്രം’ വെബർ ഈ അധ്യായത്തിലൂടെ മുന്നോട്ടുവെക്കുന്നു.അവശ്യവസ്തുക്കളുടെ’ നിയന്ത്രണം ഏതാനും ചില സ്വകാര്യ സ്ഥാപനങ്ങളുടെ കൈകളിൽ മാത്രം വിട്ടുകൊടുക്കാൻ പാടില്ലാത്തത്ര പ്രധാനപ്പെട്ടവയാണ് എന്ന് അവർ ആവർത്തിച്ച് ബോധ്യപ്പെടുത്തുന്നു.
ഇന്ത്യ അടക്കമുള്ള, ഏഷ്യൻ – ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും ആയി നടപ്പിലാക്കിയ ഘടനാപരമായ പരിഷ്കരണങ്ങൾ (structural reforms) കയ്യൊഴിഞ്ഞ പലതിനെയും തിരിച്ചുപിടിക്കാൻ ഈ അധ്യായത്തിലൂടെ വെബർ നിർദ്ദേശിക്കുന്നുണ്ട്. അവശ്യ സാധനങ്ങളുടെ വില നിയന്ത്രണം, അമിത ലാഭത്തിന് മേലുള്ള നികുതി, കരുതൽ ശേഖരം എന്നിവ കൂടാതെ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന രീയിൽ ഘടനാപരമായ മാറ്റം തുടങ്ങി ഹ്രസ്വകാല സ്ഥിരത ഉറപ്പാക്കുന്നതിനുള്ള നടപടികൾ വെബർ മുന്നോട്ടുവെക്കുന്നു.
അവശ്യ വസ്തുക്കളിന്മേലുള്ള കുത്തക നിയന്ത്രണം ഒഴിവാക്കി, യഥാർത്ഥ ബദലുകൾ സൃഷ്ടിക്കുന്നതിനായി വെബർ നിർദ്ദേശിക്കുന്നു. ജനാധിപത്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ശക്തമായ കുത്തക വിരുദ്ധ നയങ്ങൾ രൂപപ്പെടുത്താൻ നിർബന്ധിക്കുന്നു.
കാലാവസ്ഥാ പ്രതിസന്ധി അടക്കമുള്ള പുതിയകാല വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ട്, ഹരിത പരിവർത്തനം (green transition) സാധ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഗ്രന്ഥകാരി മുന്നോട്ടുവെക്കുന്നുണ്ട്. വിലയിലെ അസ്ഥിരതയ്ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണമാകുന്ന ഫോസിൽ ഇന്ധനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ നിന്ന് മാറി, മനുഷ്യന്റെ ആവശ്യങ്ങളെ മുൻനിർത്തി സമ്പദ് വ്യവസ്ഥയെ പുനഃക്രമീകരിക്കാൻ ആവശ്യപ്പെടുന്നു.
മുഖ്യധാരാ സമ്പദ്ശാസ്ത്ര ബോധ്യങ്ങളിൽ നിന്ന് പൂർണ്ണമായും അകന്ന് നിന്നുകൊണ്ടുള്ള ഒരു ബദൽ ഒരുക്കുകയല്ല ഗ്രന്ഥകാരി ചെയ്യുന്നത്. വിപണിയെ പൂർണ്ണമായും തള്ളിക്കഞ്ഞുകൊണ്ടുള്ള പദ്ധതിയില്ല, മറിച്ച് ‘വിപണി മൗലികവാദ (market fundamentalism)ത്തെ നിരാകരിക്കുന്ന, അവശ്യ മേഖലകൾ ജനാധിപത്യപരമായ നിയന്ത്രണങ്ങൾക്ക് വിധേയമാക്കുന്ന, സാധാരണക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാൻ പ്രായോഗിക നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇസബെല്ല വെബർ ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്.
മൂലധനത്തിന്റെ അമിത കേന്ദ്രീകരണം, അടിസ്ഥാന വിഭവങ്ങളിന്മേലുള്ള വൻകിട കുത്തകളുടെ പിടിമുറുക്കം, അവയ്ക്ക് മേലുള്ള സാധാരണ ജനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടൽ, കാലാവസ്ഥാ പ്രതിസന്ധി, പ്രകൃതി വിഭവങ്ങളുടെ നാശം, സാങ്കേതികവിദ്യകളുടെ അമിതപ്രയോഗം തുടങ്ങി ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. ഈ വെല്ലുവിളികളെ പൂർണ്ണമായും പരിഗണിച്ചുകൊണ്ടുള്ള ഒരു സമ്പദ്വ്യവസ്ഥയെക്കുറിച്ചല്ല, ഒരു ഇടക്കാല തിരുത്തൽ നടപടികളാണ് ഇസബെല്ല വെബർ തന്റെ ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നത്.
വിശാലമായ ജനാധിപത്യ മുന്നേറ്റങ്ങളിലൂടെ രൂപപ്പെടേണ്ട സുസ്ഥിര ബദലുകളെക്കുറിച്ചുള്ള സംവാദങ്ങൾ അനിവാര്യമായിരിക്കുമ്പോഴും, ഇടക്കാല തിരുത്തൽ നടപടികളും അത്രതന്നെ പ്രധാനമായി മാറുന്നുണ്ട്. അത്തരമൊരു ചിന്തകൾ, പ്രായോഗിക പരിപാടികൾ അവതരിപ്പിക്കുന്നു എന്നതാണ് ഇസബെല്ല വെബറിന്റെ ഗ്രന്ഥം നിർവ്വഹിക്കുന്ന ധർമ്മം.
(അവസാനിച്ചു)
