ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കിയെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട തെളിവുകളോ വിവരങ്ങളോ കൈമാറണമെന്ന് ആവശ്യപ്പെട്ട്, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വിരമിച്ച ജഡ്ജിമാരടങ്ങുന്ന സമിതി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി.
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (Special Intensive Revision – SIR) പ്രക്രിയയ്ക്കിടെ അർഹരായ വോട്ടർമാരെ അന്യായമായി പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക എന്നതാണ് ഈ സ്വതന്ത്ര കമ്മീഷന്റെ ദൗത്യം. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ഈ സമിതി, മുഖ്യമന്ത്രിയുടെ പ്രസ്താവന തങ്ങളുടെ പരിശോധനാ വിഷയവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി.
‘ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷൻ’ (LAFC) രൂപീകരിച്ച ഈ സ്വതന്ത്ര കമ്മീഷൻ, ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരസ്യ പ്രസ്താവനയുമായി ബന്ധപ്പെട്ട തെളിവുകളോ വിവരങ്ങളോ നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തെഴുതിയതായി LAFC പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിലേക്ക് നയിച്ചേക്കാവുന്ന നടപടിക്രമങ്ങളിലെ പോരായ്മകൾ വ്യക്തമാക്കുന്ന എന്തെങ്കിലും വിവരങ്ങളോ രേഖകളോ ഉണ്ടെങ്കിൽ അത് കൈമാറാൻ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന വിവരങ്ങൾ പൂർണ്ണമായ സ്വതന്ത്രതയോടും നിഷ്പക്ഷതയോടും കൂടി പരിശോധിക്കുമെന്ന് കമീഷൻ അറിയിച്ചു.
“വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും, ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്ത്, ആവശ്യപ്പെട്ട വിവരങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു,” പത്രക്കുറിപ്പിൽ പറയുന്നു.
ജസ്റ്റിസ് ലോക്കൂർ അധ്യക്ഷനായ ഈ സമിതിയിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എ.കെ. പട്നായിക്, ഹൈക്കോടതികളിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ബദർ ദുറേസ് അഹമ്മദ്, ജസ്റ്റിസ് രേഖ ശർമ്മ, ജസ്റ്റിസ് അഞ്ജന പ്രകാശ് എന്നിവരും അംഗങ്ങളാണ്.
തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വോട്ടർ പട്ടിക പുനഃപരിശോധനാ പ്രക്രിയയുടെ ഭരണഘടനാപരമായ സാധുത, നിയമപരമായ സാധുത, പിന്തുടരുന്ന രീതികൾ, അതിന്റെ മൊത്തത്തിലുള്ള ആഘാതം എന്നിവ പരിശോധിക്കുന്നതിനാണ് LAFC ഈ കമീഷനെ രൂപീകരിച്ചത്.
