November 21 Saturday 2026

കേരള നവോത്ഥാനവും അംബേദ്കറിസ്റ്റ് രാഷ്ട്രീയവും ചരിത്രത്തിന്‍റെ തുടർച്ച

Kerala Renaissance and Ambedkarite Politics

കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഒരു പ്രധാനപ്പെട്ട ചോദ്യം ഉയരുന്നുണ്ട്. കേരളത്തിൻറെ നവോത്ഥാന ചരിത്രത്തിൽ അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്തായിരുന്നു പങ്ക്? ശ്രീനാരായണ ഗുരുവിൻറെയും അയ്യങ്കാളിയുടെയും പൊയ്കയിൽ അപ്പച്ചൻറെയും നേതൃത്വത്തിൽ രൂപംകൊണ്ട ജാതിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടർച്ചയായിട്ടാണോ കേരളത്തിലെ അംബേദ്കറിസ്റ്റ് രാഷ്ട്രീയം വളർന്നത്?

ചരിത്രപരമായി പരിശോധിക്കുമ്പോൾ കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ രൂപീകരണത്തിലും വികാസത്തിലും അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ടായിരുന്നില്ല. കേരളത്തിൻറെ സാമൂഹിക പരിവർത്തനത്തിന് അടിത്തറയിട്ടത് അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നില്ല, മറിച്ച് കേരളത്തിൻറെ പ്രത്യേകമായ സാമൂഹിക സാഹചര്യങ്ങളിൽ രൂപംകൊണ്ട വ്യത്യസ്ത നവോത്ഥാന മുന്നേറ്റങ്ങളായിരുന്നു.

ശ്രീനാരായണ ഗുരുവിൻറെ നേതൃത്വത്തിലുള്ള സാമൂഹിക പരിഷ്കരണ പ്രസ്ഥാനം, അയ്യങ്കാളിയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും കാർഷികത്തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള സമരങ്ങൾ, പൊയ്കയിൽ അപ്പച്ചൻറെ സാമൂഹിക വിമോചന പ്രവർത്തനങ്ങൾ, സഹോദരൻ അയ്യപ്പൻറെ ജാതിവിരുദ്ധ ഇടപെടലുകൾ എന്നിവ കേരളത്തിൻറെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു.

ഇതിനൊപ്പം ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഹിന്ദുമതത്തിനകത്തെ പരിഷ്കരണ പ്രസ്ഥാനങ്ങളും കേരളത്തിലെ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതിൽ പങ്കുവഹിച്ചു. ഇവയെല്ലാം ഒരേ ആശയത്തിൽനിന്നോ ഒരേ രാഷ്ട്രീയ ലക്ഷ്യത്തിൽനിന്നോ രൂപപ്പെട്ടവയായിരുന്നില്ല. എന്നാൽ, അവയുടെ വ്യത്യസ്തമായ ഇടപെടലുകൾ കൂടി ചേർന്ന് കേരളത്തിൽ പുതിയൊരു സാമൂഹിക സാഹചര്യം സൃഷ്ടിച്ചു.

ക്ഷേത്രപ്രവേശന വിളംബരം, വിദ്യാഭ്യാസത്തിൻറെ വ്യാപനം, പൊതുവഴികളിലേക്കും തൊഴിൽമേഖലകളിലേക്കുമുള്ള പ്രവേശനം, രാഷ്ട്രീയമായ സംഘടനാബോധം എന്നിവ പഴയ ജാതീയ അധികാരഘടനയിൽ വിള്ളലുകൾ സൃഷ്ടിച്ച ഈ മാറ്റങ്ങൾ കേവലം നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഒതുങ്ങിയില്ല. പുതിയൊരു സാമൂഹിക തലമുറയുടെ രൂപീകരണത്തിനും അവ വഴിയൊരുക്കി.

വിദ്യാഭ്യാസം നേടിയ ഈ പുതിയ തലമുറയാണ് പിന്നീട് അംബേദ്കറുടെ ആശയങ്ങളെ കൂടുതൽ ആഴത്തിൽ കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്തത്. ജാതിവ്യവസ്ഥയെ കേവലം സാമൂഹികമായ അയിത്തമായോ വിവേചനമായോ കാണുന്നതിനപ്പുറം അധികാരത്തിൻറെയും വിഭവങ്ങളുടെയും അസമമായ വിതരണത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥയായി മനസ്സിലാക്കാൻ അംബേദ്കറുടെ ചിന്തകൾ സഹായകമായി.

എന്നാൽ, ഇവിടെ ഒരു ചരിത്രപരമായ വിടവുണ്ട്.. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച സാമൂഹിക പരിവർത്തനത്തിൻറെ നേരിട്ടുള്ള രാഷ്ട്രീയ തുടർച്ചയായി അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സ്വയം അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ ദലിത് സമൂഹത്തിൻറെ ചരിത്രപരമായ രാഷ്ട്രീയ ഓർമകളിൽ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും പൊയ്കയിൽ അപ്പച്ചനും മറ്റു നവോത്ഥാന നായകരും വഹിക്കുന്ന സ്ഥാനത്തോട് അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങളുടെ ബന്ധം എങ്ങനെയായിരിക്കണം എന്നതിൽ വ്യക്തമായ രാഷ്ട്രീയ ധാരണ രൂപപ്പെട്ടിട്ടില്ല.

അതുകൊണ്ടുതന്നെ ചരിത്രത്തിൻറെ തുടർച്ച അവകാശപ്പെടുന്ന കേരളത്തിലെ ദലിത് സമൂഹത്തിൻറെ വലിയൊരു വിഭാഗത്തിനിടയിൽ അംബേദ്കറിസ്റ്റ് രാഷ്ട്രീയം ശക്തമായ സ്വീകാര്യത നേടുന്നതിൽ പരിമിതികൾ നിലനിൽക്കുന്നു. അംബേദ്കറുടെ ആശയങ്ങളുടെ പ്രസക്തി കുറവായതുകൊണ്ടല്ല ഇത്, മറിച്ച് ആ ആശയങ്ങളെ കേരളത്തിൻറെ സ്വന്തം നവോത്ഥാന ചരിത്രവുമായി ബന്ധിപ്പിക്കുന്ന രാഷ്ട്രീയ വ്യാഖ്യാനം വേണ്ടത്ര വികസിച്ചിട്ടില്ലാത്തതുകൊണ്ടാണ്.

ഇവിടെ അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങളും ഒരു പ്രതിസന്ധി നേരിടുന്നു. കേരളത്തിലെ നവോത്ഥാനത്തിൻറെ തുടർച്ചയായി സ്വയം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പരിമിതികളെയും വൈരുധ്യങ്ങളെയും എങ്ങനെ വിലയിരുത്തും എന്ന ചോദ്യം ഉയരുന്നു. അവയെ പൂർണമായി നിരാകരിച്ചുകൊണ്ട് കേരളത്തിലെ ദളിത് സമൂഹത്തിൻറെ ചരിത്രപരമായ ഓർമകളുമായി ബന്ധപ്പെടാനാവില്ല. അതേസമയം, നവോത്ഥാനത്തിൻറെ നേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടി ജാതിവ്യവസ്ഥയുടെ തുടർച്ചയായ അധികാരബന്ധങ്ങളെ അവഗണിക്കാനും കഴിയില്ല.

ഈ പ്രതിസന്ധി മനസ്സിലാക്കാൻ ക്ഷേത്രപ്രവേശനത്തിൻറെ ചരിത്രം തന്നെ ഉദാഹരണമാണ്. ക്ഷേത്രപ്രവേശന വിളംബരം കേരളത്തിലെ സാമൂഹിക പരിവർത്തനത്തിലെ പ്രധാനപ്പെട്ട സംഭവമായിരുന്നു. എന്നാൽ, ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശം ലഭിച്ചതുകൊണ്ട് ക്ഷേത്രത്തിൻറെ ആചാരപരമായ അധികാരഘടനയിൽ തുല്യത സ്ഥാപിക്കപ്പെട്ടില്ല. ക്ഷേത്രത്തിൽ ഭക്തനാകാനുള്ള അവകാശവും പൂജാരിയാകാനുള്ള അവകാശവും ഒരുപോലെയായിരുന്നില്ല. നവോത്ഥാനം തുറന്നുവിട്ട സാമൂഹിക സാധ്യതകളും അതിൻറെ പരിധികളും ഒരേസമയം ഈ ചരിത്രത്തിൽ കാണാം. അംബേദ്കറിസ്റ്റ് രാഷ്ട്രീയം കേരളത്തിൽ ശക്തിപ്പെടണമെങ്കിൽ ഈ ചരിത്രത്തെ നിരാകരിക്കുകയല്ല വേണ്ടത്. മറിച്ച്, കേരള നവോത്ഥാനത്തിൻറെ നേട്ടങ്ങളും പരിമിതികളും ഒരുപോലെ തിരിച്ചറിഞ്ഞ് അതിൻറെ തുടർച്ചയിൽ പുതിയൊരു ജാതിവിരുദ്ധ രാഷ്ട്രീയദർശനം വികസിപ്പിക്കുകയാണ് വേണ്ടത്.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ ജാതിയുടെ പേരിൽ അടച്ചിട്ടിരുന്ന വാതിലുകൾ തുറക്കാൻ പോരാടി. അംബേദ്കറുടെ രാഷ്ട്രീയം ജാതിവ്യവസ്ഥയുടെ അടിസ്ഥാനഘടനയെ തന്നെ ചോദ്യം ചെയ്യാനുള്ള സൈദ്ധാന്തികവും രാഷ്ട്രീയവുമായ ഉപകരണങ്ങൾ നൽകി. ഇവ രണ്ടും തമ്മിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും അവയ്ക്കിടയിൽ സംവാദത്തിനും തുടർച്ചയ്ക്കും സാധ്യതയുണ്ട്. കേരളത്തിലെ അംബേദ്കറിസ്റ്റ് രാഷ്ട്രീയം നേരിടുന്ന യഥാർഥ വെല്ലുവിളി, കേരളത്തിൻറെ ജാതിവിരുദ്ധ ചരിത്രവുമായി ആ ആശയങ്ങളെ ബന്ധിപ്പിച്ച് പുതിയൊരു രാഷ്ട്രീയ തുടർച്ച സൃഷ്ടിക്കുക കൂടിയാണ്.

ഒരു സമൂഹം അതിൻറെ ചരിത്രത്തെ ഉപേക്ഷിച്ചുകൊണ്ട് പുതിയൊരു രാഷ്ട്രീയ സ്വത്വം സ്വീകരിക്കണമെന്നില്ല. ആ ചരിത്രത്തിൻറെ നേട്ടങ്ങളെയും പരിമിതികളെയും തിരിച്ചറിഞ്ഞുകൊണ്ട് അതിനെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് പുതിയ രാഷ്ട്രീയം സാമൂഹികമായി വേരൂന്നുന്നത്. കേരളത്തിലെ അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രതിസന്ധി അംബേദ്കറുടെ ആശയങ്ങളുടെ പ്രസക്തിയിലല്ല, കേരളത്തിന്റെ നവോത്ഥാന ചരിത്രവും അംബേദ്കറിസ്റ്റ് രാഷ്ട്രീയവും തമ്മിൽ ചരിത്രപരമായ തുടർച്ച സ്ഥാപിക്കുന്നതിലെ രാഷ്ട്രീയ പരിമിതിയിലാണ്.

ഗുരുതരമായ ഒരു പ്രശ്നം, ചരിത്രപരമായ തുടർച്ച സ്ഥാപിക്കുന്നതിന് പകരം അയ്യങ്കാളിയെയും ശ്രീ നാരായണ ഗുരുവിനെയും ഒക്കെ ഹിന്ദു സ്ഥാപകരായി കാണുന്ന ശത്രുതയും വൈരുദ്ധ്യങ്ങളും സൃഷ്ടിക്കുന്ന മറ്റു താല്പര്യക്കാരായ ചിലരും അംബേദ്കറിസ്റ്റുകളായി അവതരിക്കുന്നു എന്നതാണ്.

Related