മലപ്പുറം ജില്ലയിലെ താനാളൂർ വില്ലേജ് ഓഫീസിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി അപേക്ഷകനോട് മൂന്ന് പാക്കറ്റ് A4 പേപ്പർ വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടുവെന്ന പരാതിയിൽ വിവാദങ്ങൾ കൊഴുക്കുകയാണ്. പഞ്ചായത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പ്രശ്നത്തിൽ ഇടപെടുകയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. പ്രശ്നത്തിൽ റവന്യൂ മന്ത്രി അന്വേഷണം നടത്താൻ കളക്ടർക്ക് നിർദേശം നൽകുകയും ചെയ്തിരിക്കുകയാണ്. പ്രശ്നത്തെ രാഷ്ട്രീയവത്കരിച്ചു കൊണ്ട് ഇടതുപക്ഷത്തെ വാർഡ് മെമ്പർമാരും സർവീസ് സംഘടനകളും രംഗത്ത് വന്നിരിക്കുകയാണ്. പ്രശ്നത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചർച്ചകളിപ്പോൾ സജീവമാണ്. ഈ വിഷയത്തെ വൈകാരികമായ വാദപ്രതിവാദങ്ങൾക്കപ്പുറം, ഭരണപരമായ സംവിധാനങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്.
കേരളത്തിൽ സർക്കാർ ഓഫീസുകളുടെ സ്റ്റേഷനറി ആവശ്യങ്ങൾ നിറവേറ്റാൻ ഔദ്യോഗിക സംവിധാനമുണ്ട്. കേരള സർക്കാരിന്റെ സ്റ്റേഷനറി ഡിപ്പാർട്ട്മെന്റ് വിവിധ സർക്കാർ ഓഫീസുകൾക്ക് ആവശ്യമായ സ്റ്റേഷനറി മെറ്റീരിയൽസ് വിതരണം ചെയ്യുന്നതിനായി പ്രത്യേകം പ്രവർത്തിക്കുന്ന സർവീസ് ഡിപ്പാർട്ട്മെന്റ് ആണ്. പേപ്പർ, മറ്റ് സ്റ്റേഷനറി സാധനങ്ങൾ, ഓഫീസ് മെഷീനുകൾ എന്നിവ വാങ്ങുക, സംഭരിക്കുക, വിതരണം ചെയ്യുക തുടങ്ങിയ ചുമതലകൾ ഈ വകുപ്പിനുണ്ട്. തിരുവനന്തപുരം ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ റീജിയണൽ സ്റ്റേഷനറി ഓഫീസുകളും വിവിധ ജില്ലകളിൽ ഡിസ്ട്രിക്റ്റ് സ്റ്റേഷനറി ഓഫീസുകളും പ്രവർത്തിക്കുന്നതായി വകുപ്പിന്റെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
ഇത് വെറും ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഓഫീസുകളിലേക്ക് എത്തിക്കുന്ന സംവിധാനം മാത്രമല്ല. സ്റ്റേഷനറി ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക ഘടനയിൽ തന്നെ ഓരോ ഓഫീസിന്റെയും സ്റ്റേഷനറി യൂസേജ് പരിശോധിക്കുന്ന സ്റ്റേഷനറി ഇൻസ്പെക്ടർമാർ, കോട്ട ഫിക്സേഷൻ, കോട്ട റിന്യൂവൽ, അഡീഷണൽ കോട്ട അലോക്കേഷൻ എന്നിവ പരിശോധിക്കുന്ന സംവിധാനങ്ങൾ എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഒരു സർക്കാർ ഓഫീസിന് എത്ര സ്റ്റേഷനറി വേണം എന്നത് പൂർണ്ണമായും അനൗദ്യോഗികമായോ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ തീരുമാനപ്രകാരമോ ആയിരിക്കേണ്ടതല്ല. ഉപയോഗവും ആവശ്യകതയും പരിശോധിക്കുന്ന ഒരു ഔദ്യോഗിക സംവിധാനമാണ് ഇതിന് പിന്നിൽ.
ഇപ്പോൾ ഈ സംവിധാനവും കൂടുതൽ ഡിജിറ്റലാകുകയാണ്. സ്റ്റേഷനറി ഡിപ്പാർട്ട്മെന്റിന്റെ ടേംസ് (TOTAL ENTERPRISE RESOURCE MANAGEMENT SYSTEM – TERMS) വഴി കൺസ്യൂമർ ഓഫീസുകൾക്ക് ഡിമാൻഡ് ഫോർക്കാസ്റ്റ് നൽകാനും മന്ത്ലി കൺസംപ്ഷൻ റിട്ടേൺസ് സമർപ്പിക്കാനും വൗച്ചർ അപ്രൂവലിന്റെ നടപടികൾ പിന്തുടരാനും സംവിധാനമുണ്ട്. സ്റ്റേഷനറി ഡിപ്പാർട്ട്മെന്റ് തന്നെ ഓഫീസ് സ്റ്റോക്ക് രജിസ്റ്റേഴ്സ്, കൺസംപ്ഷൻ റിട്ടേൺസ് തുടങ്ങിയവ പരിശോധിക്കുന്ന സംവിധാനത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അതായത്, പേപ്പർ കിട്ടിയോ ഇല്ലയോ എന്നത് വാക്കുതർക്കമായി മാത്രം നിൽക്കേണ്ട വിഷയമല്ല; സപ്ലൈ റെക്കോർഡ്സ്, ഡിമാൻഡ് ഫോർക്കാസ്റ്റ്, കൺസംപ്ഷൻ റിട്ടേൺസ്, വൗച്ചേഴ്സ്, സ്റ്റോക്ക് റെക്കോർഡ്സ് എന്നിവ പരിശോധിച്ച് വസ്തുത കണ്ടെത്താൻ കഴിയുന്ന വിഷയമാണ്.
കേരള ഫിനാൻഷ്യൽ കോഡിലും ഓഫീസ് എക്സ്പെൻസസിന്റെ ഭാഗമായി സ്റ്റേഷനറി, ഫോംസ് പ്രിന്റിംഗ്, ഓഫീസ് മെഷീൻസ് ആൻഡ് എക്യുപ്മെന്റ് എന്നിവയുടെ ചെലവ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത്, സർക്കാർ ഓഫീസിന്റെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ സ്റ്റേഷനറി ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ബാധ്യതയായി കാണുന്ന ഭരണക്രമമല്ല സർക്കാർ ധനകാര്യ സംവിധാനം. ഓഫീസ് നടത്തിപ്പിനാവശ്യമായ അടിസ്ഥാന ചെലവുകൾക്ക് സർക്കാർ ബജറ്ററി സംവിധാനം തന്നെ നിലവിലുണ്ട്.
സർക്കാർ ഓഫീസുകളിൽ എല്ലാ വാങ്ങലുകളും ഉദ്യോഗസ്ഥന്റെ ഇഷ്ടപ്രകാരം നടത്താൻ കഴിയില്ല. കേരള ഫിനാൻഷ്യൽ കോഡ്, സ്റ്റോർസ് പർച്ചേസ് മാനുവൽ, ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റൽ റൂൾസ്, ഡെലിഗേറ്റഡ് ഫിനാൻഷ്യൽ പവേഴ്സ് തുടങ്ങിയവയാണ് സർക്കാർ വാങ്ങലുകൾക്ക് ചട്ടക്കൂട് നൽകുന്നത്. 2013-ലെ സ്റ്റോർസ് പർച്ചേസ് മാനുവൽ സംബന്ധിച്ച സർക്കാർ സർക്കുലറിൽ തന്നെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റ്സ്, ഓഫീസുകൾ, പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ്, ഓട്ടോണമസ് ബോഡീസ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് തുടങ്ങിയവയും മാനുവലിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്; ലംഘനങ്ങൾ ഗൗരവമായി കാണുമെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ഓഫീസുകളിൽ പേപ്പർ തീർന്നുപോയാൽ ഉദ്യോഗസ്ഥർക്ക് സ്വന്തം ഇഷ്ടപ്രകാരം അടുത്തുള്ള കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കാനോ പൗരന്മാരിൽ നിന്ന് വാങ്ങിപ്പിക്കാനോ നിയമപരമായി സാധിക്കില്ല; കാരണം സർക്കാർ ഓഫീസിലെ ഓരോ വാങ്ങലും കർശനമായ സാമ്പത്തിക ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമാണ്. അടിയന്തര ഘട്ടങ്ങളിൽ പുറത്തുനിന്ന് സാധനങ്ങൾ വാങ്ങുന്ന ‘ലോക്കൽ പർച്ചേസ്’ (Local Purchase) അനുവദനീയമാണെങ്കിലും, സ്റ്റേഷനറി വകുപ്പിൽ സാധനം ലഭ്യമല്ല എന്ന ‘നോൺ-അവൈലബിലിറ്റി സർട്ടിഫിക്കറ്റ്’ (NAC), കേരള ഫിനാൻഷ്യൽ കോഡ് പ്രകാരമുള്ള സാമ്പത്തിക അധികാര പരിധി, സ്റ്റോർ പർച്ചേസ് മാനുവൽ അനുസരിച്ചുള്ള ക്വോട്ടേഷൻ-ബില്ലിംഗ് നടപടികൾ, കൃത്യമായ ഫണ്ട് അലോട്ട്മെന്റ്, സ്റ്റോക്ക് രജിസ്റ്റർ രേഖകൾ എന്നിവ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, കൃത്യമായ ഡോക്യുമെന്റേഷനും ചട്ടക്കൂടുകളും പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ഇത്തരം വാങ്ങലുകൾ ഔദ്യോഗിക സംവിധാനത്തിൽ അനുവദനീയമല്ല.
ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണ്, ഉദ്യോഗസ്ഥരുടെ ഔദാര്യമല്ല. സേവനം മുടങ്ങാതിരിക്കാൻ ഒരു ഉദ്യോഗസ്ഥൻ സ്വന്തം പണമെടുക്കുകയോ പൗരന്റെ സഹായം തേടുകയോ ചെയ്യുന്നത് വ്യക്തിപരമായ ആത്മാർത്ഥതയായി കാണാമെങ്കിലും, അതൊരു സ്ഥിരം രീതിയാക്കുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. പൊതുസേവനത്തിന്റെ ചെലവ് ഖജനാവിൽ നിന്ന് വഹിക്കുന്നതിന് പകരം പൗരന്റെ ചുമലിലേക്ക് മാറ്റുന്ന പ്രവണത, ഭരണസംവിധാനത്തിന്റെ അടിസ്ഥാനപരമായ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.
ഉദ്യോഗസ്ഥന് വ്യക്തിപരമായ സാമ്പത്തിക നേട്ടമില്ല എന്നതുകൊണ്ട് മാത്രം ഇത്തരം നടപടികളെ ഒറ്റയടിക്ക് ന്യായീകരിക്കാനോ, മറിച്ച് അവയെ അഴിമതിയായി മുദ്രകുത്താനോ കഴിയില്ല; പകരം ഉദ്ദേശ്യം, നടപടി, അധികാരം, രേഖകൾ, വ്യക്തിപരമായ നേട്ടം എന്നീ അഞ്ച് ഘടകങ്ങളാണ് പരിശോധിക്കേണ്ടത്. “ഓഫീസ് ആവശ്യത്തിനല്ലേ” എന്ന വാദം വ്യക്തിപരമായ ദുരുപയോഗമില്ലെന്ന് തെളിയിച്ചേക്കാം, എന്നാൽ ചട്ടങ്ങൾ മറികടന്ന് പൗരനിൽ നിന്ന് സാധനങ്ങൾ വാങ്ങിപ്പിക്കുന്നത് ഭരണപരമായ ക്രമക്കേട് തന്നെയാണ്. അതിനാൽ, ഉദ്യോഗസ്ഥന്റെ സത്യസന്ധതയുടെ മറവിൽ ഭരണകൂടത്തിന്റെ വീഴ്ചകളെ ന്യായീകരിക്കുന്നതിന് പകരം, താഴെത്തട്ടിലുള്ള ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് വേണ്ടത്.
Prevention of Corruption Act-ലെ Section 7 പ്രകാരം ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് നിയമപരമായ ഫീസല്ലാത്ത യാതൊരുവിധ ഗ്രാറ്റിഫിക്കേഷനും ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്; അതുകൊണ്ടുതന്നെ താനാളൂർ വില്ലേജ് ഓഫീസിലെ വിവാദത്തിൽ പേപ്പർ വാങ്ങിയോ എന്നതല്ല, മറിച്ച് ആ നടപടി ഒരു ഔദ്യോഗിക സേവന ലഭ്യതയ്ക്കുള്ള മുൻവ്യവസ്ഥയായി അടിച്ചേൽപ്പിക്കപ്പെട്ടിരുന്നോ എന്നതാണ് നിർണായക ചോദ്യം. ഓഫീസിൽ പേപ്പർ തീർന്നതുകൊണ്ട് സൗഹൃദപരമായി ഒരു ബണ്ടിൽ വാങ്ങിത്തരാൻ അഭ്യർത്ഥിക്കുന്നതും, പേപ്പർ വാങ്ങിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല എന്ന് സേവനവുമായി ബന്ധപ്പെടുത്തി നിർബന്ധിക്കുന്നതും തികച്ചും വ്യത്യസ്തമാണ്. രണ്ടാമത്തേത് പൗരന്റെ മേൽ അധികച്ചെലവ് അടിച്ചേൽപ്പിക്കുന്ന അനൗദ്യോഗിക വ്യവസ്ഥയായി മാറുമ്പോൾ അത് അധികാര ദുരുപയോഗമോ അഴിമതിയുടെ പരിധിയിൽ വരുന്നതോ ആയ പ്രശ്നമായി മാറുന്നു.
നിയമാനുസൃത ഫീസ് അടയ്ക്കുകയും നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യുക എന്നതാണ് പൗരന്റെ കടമയെങ്കിലും, സർക്കാർ നിശ്ചയിച്ചിട്ടില്ലാത്ത സ്റ്റേഷനറി സാധനങ്ങൾ സേവനം ലഭിക്കുന്നതിനുള്ള ഉപാധിയായി മാറ്റുമ്പോൾ അതിനെ ചോദ്യം ചെയ്യാനും നിയമപരമായ വഴികൾ തേടാനുമുള്ള അവകാശം പൗരനുണ്ട്. ഉദ്യോഗസ്ഥന് വ്യക്തിപരമായോ സാമ്പത്തികമായോ നേരിട്ട് ലാഭം ഉണ്ടായോ ഇല്ലയോ എന്നതിനപ്പുറം, അധികാര ദുരുപയോഗത്തിലൂടെ പൗരനെക്കൊണ്ട് അധികച്ചെലവുകൾ വഹിപ്പിച്ച ആ പ്രവൃത്തി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലോ ഭരണപരമായ അധികാര ലംഘനത്തിലോ വരുന്നുണ്ടോ എന്നത് ജനാധിപത്യ സമൂഹം ഗൗരവമായി പരിശോധിക്കേണ്ട രാഷ്ട്രീയ ചോദ്യമാണ്.
ഇന്ന് ഒരു ബണ്ടിൽ A4 പേപ്പർ ആണെങ്കിൽ, നാളെയത് പ്രിന്റർ കാട്രിഡ്ജോ, മറ്റന്നാൾ ഫയൽ കവറോ, അതിനുശേഷമുള്ള ദിവസങ്ങളിൽ ടോണറോ സ്കാനറോ ചെറിയ റിപ്പയർ ചെലവുകളോ ഒക്കെയായി മാറിമറിയാം; ഓരോ ചെറിയ ആവശ്യത്തിനും ഒരു പൗരൻ സഹായിച്ചാൽ മതി എന്ന നിസ്സംഗമായ സംസ്കാരം ഓഫീസുകളിൽ വേരുറച്ചാൽ ക്രമേണ സർക്കാർ സേവനങ്ങളുടെ യഥാർത്ഥ ചെലവ് ഖജനാവിൽ നിന്ന് അപ്രത്യക്ഷമാവുകയും അത് പൗരന്റെ മേൽ അനൗദ്യോഗികമായി അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യും. പോലീസ് സ്റ്റേഷനുകൾ മുതൽ വിവിധ സർക്കാർ ഓഫീസുകൾ വരെ സ്റ്റേഷനറി സാധനങ്ങൾക്കായി ജീവനക്കാർ സ്വന്തം പണം മുടക്കുന്നതോ പൗരന്മാരെ ആശ്രയിക്കുന്നതോ ആയ പ്രവണത വ്യാപകമാണെങ്കിൽ, അതൊരു വ്യക്തിയുടെ മാത്രം പ്രശ്നമായല്ല, മറിച്ച് ഗൗരവമായി പരിഹരിക്കപ്പെടേണ്ട ഒരു ഭരണപരമായ പരാജയമായാണ് കാണേണ്ടത്. എല്ലാവരും ഇങ്ങനെയാണ് ചെയ്യുന്നത് എന്ന ന്യായീകരണം ഒരു തെറ്റായ രീതിക്ക് എപ്പോഴെങ്കിലും നിയമസാധുത നൽകില്ല; പകരം അത് കൃത്യമായ ഓഡിറ്റിങ്, സ്റ്റേഷനറി ഉപഭോഗ വിശകലനം, ക്വാട്ട പരിഷ്കരണം, സംഭരണ സംവിധാനങ്ങളിലെ പൊളിച്ചെഴുത്ത് എന്നിവയിലൂടെ സർക്കാർ തലത്തിൽ തന്നെ അടിയന്തരമായി തിരുത്തേണ്ട ഒരു വ്യവസ്ഥാപിത തകരാറിന്റെ നേർക്കാഴ്ചയാണ്.
സർക്കാർ ഓഫീസിൽ പേപ്പർ ഇല്ലാതാകുമ്പോൾ ജീവനക്കാർ സ്വന്തം പണമെടുക്കുന്നതോ പൗരന്മാരുടെ സഹായം തേടുന്നതോ വ്യക്തിപരമായ ആത്മാർത്ഥതയായി കാണാമെങ്കിലും, ഉദ്യോഗസ്ഥന്റെ ആത്മാർത്ഥതയെ ചൂഷണം ചെയ്ത് അതൊരു സ്ഥാപനപരമായ പരിഹാരമായി മാറ്റുന്നത് ഭരണകൂടത്തിന്റെ ഗുരുതരമായ പരാജയമാണ്. വെറുമൊരു ബണ്ടിൽ പേപ്പറിന്റെ പേരിൽ ഒരു മനുഷ്യനെ സാമൂഹികമായി തകർക്കുന്നതും, അതേസമയം എല്ലാവരും ഇങ്ങനെയാണ് ചെയ്യുന്നത് എന്ന ന്യായീകരണത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ ഒളിച്ചോടുന്നതും ഒരുപോലെ തെറ്റാണ്. സർക്കാരിന്റെ സ്റ്റേഷനറി വകുപ്പും ക്വാട്ട സംവിധാനങ്ങളും സ്റ്റോക്ക് രജിസ്റ്ററുകളും കടലാസിൽ ഒതുങ്ങാതെ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് അധികാരികൾ വിലയിരുത്തേണ്ടതുണ്ട്. ചെറിയൊരു സംഭവത്തെ ഊതിപ്പെരുപ്പിച്ച് വ്യക്തികളെ വേട്ടയാടാനോ പോരായ്മകളെ നിസ്സാരവൽക്കരിച്ച് സ്ഥിരം സംസ്കാരമാക്കാനോ നിൽക്കാതെ, ആരോപണങ്ങൾക്ക് പകരം രേഖകളെയും തെറ്റായ നടപടികളെയും പിന്തുടർന്ന്, തകരാറുകൾ നിറഞ്ഞ സംവിധാനത്തെ തിരുത്താൻ തയ്യാറാകുമ്പോഴാണ് യഥാർത്ഥ നീതിയും പൊതുതാൽപര്യവും സംരക്ഷിക്കപ്പെടുന്നത്.
ഒരു വില്ലേജ് ഓഫീസിൽ പേപ്പർ, പ്രിന്റർ, സ്കാനർ, ഇന്റർനെറ്റ്, ജീവനക്കാർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കിൽ, ഓഫീസിലെ മേലുദ്യോഗസ്ഥരും ജീവനക്കാരുമാണ് അത് യഥാസമയം റിപ്പോർട്ട് ചെയ്ത് നേടിയെടുക്കേണ്ടത്; കാരണം സർക്കാർ ഓഫീസുകളിലേക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ എല്ലാ തലത്തിലുമുള്ള സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതയും ഏകോപനവുമാണ് പ്രധാനം. ഓഫീസുകളിലെ ഇത്തരം ചെറിയ ദൈനംദിന പ്രതിസന്ധികളൊന്നും മുൻകൂട്ടി അറിയാൻ ജനപ്രതിനിധികൾക്ക് കഴിയില്ലെന്നതും, പൊതുജനങ്ങളുടെ പരാതികൾ വരുമ്പോൾ അവയിൽ ഇടപെടുകയോ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയോ മാത്രമാണ് സാധാരണയായി അവർക്ക് സാധിക്കുക എന്നതും യാഥാർത്ഥ്യമാണ്. അതിനാൽ ഇത്തരം സംഭവങ്ങളിൽ വാർഡ് മെമ്പർമാരായ ജനപ്രതിനിധികളെയോ രാഷ്ട്രീയ പ്രവർത്തകരെയോ അനാവശ്യമായി കുറ്റപ്പെടുത്തേണ്ടതില്ല. സർക്കാർ സേവനങ്ങളുടെ അടിസ്ഥാന ചെലവുകൾ വഹിക്കേണ്ടത് സർക്കാരും, ചട്ടങ്ങൾ പാലിച്ച് ആ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് ഉദ്യോഗസ്ഥനും, നിയമാനുസൃത സേവനം നേടിയെടുക്കേണ്ടത് പൗരന്റെ അവകാശവും, പോരായ്മകൾ പരിഹരിക്കാൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തവും, സത്യാവസ്ഥ ജനങ്ങളിലെത്തിക്കേണ്ടത് മാധ്യമങ്ങളുടെ ധർമവുമാണ്.
താനാളൂർ വില്ലേജ് ഓഫീസിൽ അപേക്ഷകനിൽ നിന്നും പേപ്പർ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ ജീവനക്കാർ ഉദ്യോഗസ്ഥന് അനുകൂലമായി പ്രതിഷേധ പ്രകടനം നടത്തുകയും പഞ്ചായത്തിലെ ഇടതു വാർഡ് മെമ്പർമാർ ഇതിനെ കേവലമൊരു രാഷ്ട്രീയ നാടകമായി മാത്രം ചിത്രീകരിച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്ന കാഴ്ചയുമാണ് നാം കണ്ടത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും സർക്കാർ സംവിധാനങ്ങളിൽ ജനവിരുദ്ധമായ പിഴവുകൾ സംഭവിക്കുമ്പോൾ അത് ആർജവത്തോടെ ചൂണ്ടിക്കാണിക്കുക എന്നത് തന്നെയാണ് ജനാധിപത്യത്തിലെ യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം. ഇതിനിടയിൽ ഓഫീസിൽ പേപ്പറില്ലെങ്കിൽ പൗരന്മാർ വാങ്ങിക്കൊടുക്കുന്നതിൽ എന്താണ് തെറ്റ്? എന്ന തരത്തിലുള്ള ന്യായീകരണങ്ങൾ സോഷ്യൽ മീഡിയ കമന്റുകളിൽ വ്യാപകമായി പ്രചരിക്കുന്നത് അത്യന്തം അപകടകരമായ ഒരു പ്രവണതയാണ്. ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്ന ഇത്തരം ‘ക്യാപ്സ്യൂൾ’ ആഖ്യാനങ്ങളിലൂടെ, പൗരന്മാർക്ക് യാതൊരു നിയമപരമായ ബാധ്യതയുമില്ലാത്ത കാര്യങ്ങളിൽ പോലും ഉദ്യോഗസ്ഥ തിട്ടൂരങ്ങളെയും തെറ്റായ നാട്ടുനടപ്പുകളെയും ചോദ്യം ചെയ്യാതെ വിധേയപ്പെടണമെന്നൊരു പൊതുബോധമാണ് നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത്.
ജനാധിപത്യ സംവിധാനത്തിൽ പൗരൻ വെറുമൊരു ഔദാര്യം സ്വീകരിക്കുന്നവനല്ല, മറിച്ച് നികുതിപ്പണത്തിലൂടെ ഭരണകൂടത്തെ നിലനിർത്തുന്ന അവകാശബോധമുള്ള പൗരനാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങൾ സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കുന്നതിനെ സാധാരണ വൽക്കരിക്കുന്നത് പൗരാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. സർവീസ് സംഘടനകൾ സഹപ്രവർത്തകരെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോഴും, ഭരണപരമായ വീഴ്ചകളെ വെള്ളപൂശുന്നതും പൗരന്റെ ചോദ്യം ചെയ്യാനുള്ള അവകാശത്തെ പരിഹസിക്കുന്നതും ആരോഗ്യകരമായ പൊതുഭരണത്തിന് ഭൂഷണമല്ല. ഇത്തരം തെറ്റായ നറേഷനുകളെ തള്ളിക്കളഞ്ഞ്, സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാനും സുതാര്യമായ സേവനം ഉറപ്പാക്കാനും രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.
കരിപ്പൂർ അന്താരാഷ്ട്ര എയർപോർട്ടിനും മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിനും ഭൂമി ഏറ്റെടുക്കാൻ നാട്ടുകാർ മുൻകൈയെടുത്ത് പണം പിരിക്കണമെന്ന ആഹ്വാനവും അഭിപ്രായവും ഉണ്ടായ നാടാണ് മലപ്പുറം. എന്നാൽ ഈ പ്രവണത കേവലം ജനങ്ങളുടെ സ്വമേധയാ ഉള്ള സഹകരണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. അത്തരം മാതൃകകൾ അനുകരണീയമാണെന്ന് വാഴ്ത്തിക്കൊണ്ട് നാട്ടുകാരിൽ നിന്നും പണം പിരിക്കാൻ ജില്ലയിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികളുടെ സമുന്നതരായ നേതാക്കൾ പോലും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തമായിരിക്കേണ്ട ഇത്തരം വലിയ പദ്ധതികൾക്ക് പോലും ജനങ്ങളുടെ ഔദാര്യത്തെ ആശ്രയിക്കുന്ന ഈ മാതൃക ക്രമേണ ഭരണകൂടം ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കാനുള്ള ഒരു എളുപ്പവഴിയാക്കി മാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്. വലിയ വികസന പദ്ധതികളിൽ തുടങ്ങിയ ഈ ജനകീയ പിരിവ് സംസ്കാരം ഇപ്പോൾ വില്ലേജ് ഓഫീസുകളിൽ പേപ്പർ വാങ്ങുന്നത് പോലെയുള്ള ഏറ്റവും ചെറിയ ദൈനംദിന കാര്യങ്ങളിൽ പോലും എത്തിനിൽക്കുന്നു എന്നത് അത്യന്തം ഗൗരവകരമാണ്. സർക്കാരിന്റെ ഖജനാവിൽ നിന്ന് ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും നാട്ടുകാർ പിരിവെടുത്തു ചെയ്യേണ്ടതാണെന്ന മാനസികാവസ്ഥ ഉദ്യോഗസ്ഥരിലും പൗരന്മാരിലും ഒരേപോലെ വേരുറച്ചു പോകുന്നു എന്നത് നമ്മുടെ ജനാധിപത്യ സംവിധാനം നേരിടുന്ന ഏറ്റവും വലിയ വൈകല്യമാണ്.
വില്ലേജ് ഓഫീസിൽ പേപ്പർ തീർന്നാൽ അത് പൗരന്മാരോട് വാങ്ങിപ്പിക്കാമെന്ന തോന്നൽ ഉദ്യോഗസ്ഥരിൽ ഉണ്ടാവുന്നതും, അത് ചോദ്യം ചെയ്യപ്പെടാതെ സാധാരണമാണെന്ന് ജനങ്ങൾ തന്നെ ചിന്തിക്കുന്നതും സമൂഹത്തിന്റെ അവകാശബോധത്തെയാണ് തളർത്തുന്നത്. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു ഭരണകൂടം പൗരന് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കേണ്ടത് ഔദാര്യമല്ല, മറിച്ച് ഭരണഘടനാപരമായ ബാധ്യതയാണ്; എന്നാൽ ആ ബാധ്യതയിൽ നിന്ന് സർക്കാർ ഒളിച്ചോടുമ്പോൾ, ജനങ്ങൾ തന്നെ അത് സ്വന്തം ചെലവിൽ നടത്തിക്കൊടുക്കുന്ന പരോപകാര സംസ്കാരം യഥാർത്ഥത്തിൽ സർക്കാരിന്റെ പരാജയത്തെ വെള്ളപൂശുകയാണ് ചെയ്യുന്നത്. ഈ രോഗാവസ്ഥയെ തുടച്ചുനീക്കുന്നതിൽ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മാധ്യമങ്ങളും വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുന്ന ഭരണകൂട അലംഭാവത്തെ രാഷ്ട്രീയ ഭേദമന്യേ ചോദ്യം ചെയ്യാനും, അവകാശങ്ങൾ ചോദിച്ചു വാങ്ങുന്ന ജനാധിപത്യ ബോധം തിരിച്ചുപിടിക്കാനും കഴിയുമ്പോഴേ ഇത്തരം അനാരോഗ്യകരമായ കീഴ്വഴക്കങ്ങൾക്ക് വിരാമമിടാൻ സാധിക്കൂ.
