കേരളം ഇന്ന് അടിസ്ഥാനസൗകര്യ വികസനത്തിന്റെ നിർണായക ഘട്ടത്തിലാണ്. ദേശീയപാതാ വികസനം, റെയിൽവേ നവീകരണം, നഗരവികസനം, തീരദേശ സംരക്ഷണം എന്നിവയെല്ലാം പൊതുതാൽപര്യവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങളാണ്. സുരക്ഷിതമായ ഗതാഗതവും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരു വികസിത സമൂഹത്തിന് അനിവാര്യമാണ്. എന്നാൽ, ഈ ലക്ഷ്യങ്ങൾ കൈവരിക്കുമ്പോൾ സാധാരണ ഭൂവുടമകളുടെ സ്വത്തവകാശം, കുടുംബങ്ങളുടെ ഭവനസുരക്ഷ, ചെറുകിട വ്യാപാരികളുടെ ഉപജീവനം, പ്രാദേശിക സമ്പദ്വ്യവസ്ഥ എന്നിവ അവഗണിക്കപ്പെടരുത്. ഭൂമിയുടെ ലഭ്യത പരിമിതവും ജനവാസം വ്യാപകവുമായ കേരളത്തിൽ ഭൂവിനിയോഗത്തെ നിയന്ത്രിക്കുന്ന ഓരോ തീരുമാനവും ആയിരക്കണക്കിന് കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും ഭാവിയെ ബാധിച്ചേക്കാം. ദേശീയപാതയോരത്തെ ഭൂവിനിയോഗ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് ഈ ആശങ്കകളെ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
ഫലോദി ദുരന്തവും സുപ്രീം കോടതിയുടെ ഇടപെടലും
2025 നവംബർ 2,3 തീയതികളിൽ രാജസ്ഥാനിലെ ഫലോദിയിലും തെലങ്കാനയിലെ രംഗറെഡ്ഡിയിലുമുണ്ടായ രണ്ട് റോഡപകടങ്ങളിലായി 34 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ദേശീയപാതകളിലെ അപകടസാധ്യത, അനധികൃത പാർക്കിങ്, റോഡരികിലെ കൈയേറ്റങ്ങൾ, അപര്യാപ്തമായ മുന്നറിയിപ്പ് സംവിധാനങ്ങൾ, അടിസ്ഥാനസൗകര്യങ്ങളിലെ വീഴ്ചകൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയ ദുരന്തങ്ങളായിരുന്നു അവ. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി 2025 നവംബർ 10-ന് Suo Motu Writ Petition (Civil) No. 9 of 2025 – In Re: Phalodi Accident എന്ന കേസിൽ സ്വമേധയാ നടപടിയെടുത്തു. മുതിർന്ന അഭിഭാഷകൻ എ.എൻ.എസ്. നാദ്കർണിയെ അമിക്കസ് ക്യൂറിയായി നിയമിച്ച് ദേശീയപാതാ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ചു. തുടർന്ന് അമിക്കസ് ക്യൂറിയും സോളിസിറ്റർ ജനറലും സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ചാണ് 2026 ഏപ്രിൽ 13-ന് 2026 INSC 388 എന്ന റിപ്പോർട്ടബിൾ ഉത്തരവിലൂടെ സുപ്രീം കോടതി വിവിധ ഇടക്കാല നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
രാജ്യത്തെ ആകെ റോഡ് ശൃംഖലയുടെ ഏകദേശം രണ്ട് ശതമാനം മാത്രമാണ് ദേശീയപാതകളെങ്കിലും റോഡപകട മരണങ്ങളിൽ ഏകദേശം 30 ശതമാനവും ദേശീയപാതകളിലാണ് സംഭവിക്കുന്നതെന്ന കണക്ക് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അപകടങ്ങൾക്കു ശേഷമുള്ള നടപടികൾക്കപ്പുറം അപകടങ്ങൾ മുൻകൂട്ടി തടയാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് കോടതി ഊന്നിപ്പറഞ്ഞത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശത്തെയും കോടതി പരിഗണിച്ചു. മനുഷ്യജീവന്റെ സംരക്ഷണം ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും അതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇടക്കാല നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ദേശീയപാതകളിലെ പ്രധാന അപകടകാരണങ്ങൾ പരിഹരിക്കുന്നതിനായി കോടതി നിരവധി നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. നിർദിഷ്ട പാർക്കിങ് ബേകളിലോ വേസൈഡ് അമിനിറ്റികളിലോ അല്ലാതെ ദേശീയപാതയിലെ കാരിയേജ്വേയിലോ പാവ്ഡ് ഷോൾഡറിലോ ഹെവി, വാണിജ്യ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യുന്നത് വിലക്കി. അനധികൃത കൈയേറ്റങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനും പരിശോധനാ സംഘങ്ങളും പട്രോളിങ് സംവിധാനങ്ങളും ശക്തിപ്പെടുത്താനും നിർദേശിച്ചു. രാജ്മാർഗ് യാത്രാ സംവിധാനത്തിൽ ജിയോ ടാഗ് ചെയ്ത പരാതികൾ സമർപ്പിക്കാനുള്ള സൗകര്യവും 1033 ടോൾ ഫ്രീ നമ്പറും പ്രവർത്തനക്ഷമമാക്കണം. ഡ്രോൺ സർവേകൾ വർഷത്തിൽ കുറഞ്ഞത് രണ്ടുതവണ നടത്തണമെന്നും ദേശീയപാതയുടെ Right of Way-ക്കുള്ളിൽ പുതിയ ധാബകൾ, ഭക്ഷണശാലകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവ അനുവദിക്കരുതെന്നും നിർദേശമുണ്ട്. ദേശീയപാതാ സുരക്ഷാ മേഖലകളിൽ NHAI/PWD അനുമതിയില്ലാതെ പുതിയ ലൈസൻസ്, NOC, വ്യാപാരാനുമതി എന്നിവ നൽകുകയോ പുതുക്കുകയോ ചെയ്യരുതെന്നും നിലവിലുള്ള അനുമതികൾ പുനഃപരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
ഇതിനുപുറമേ, ഓരോ ജില്ലയിലും ജില്ലാ ഹൈവേ സുരക്ഷാ ടാസ്ക് ഫോഴ്സ് രൂപീകരിക്കുക, ദേശീയപാതകളിൽ ATMS നിരീക്ഷണ സംവിധാനം പ്രവർത്തനക്ഷമമാക്കുക, അപകടബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി വെളിച്ചം, ക്യാമറ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കുക, ഓരോ 75 കിലോമീറ്ററിലും ആംബുലൻസുകളും റിക്കവറി ക്രെയിനുകളും വിന്യസിക്കുക, ട്രക്ക് പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളും ഉത്തരവിലുണ്ട്. ദേശീയപാതാ സുരക്ഷയെ വെറും റോഡ് വികസനത്തിന്റെ സാങ്കേതിക വിഷയമായി കാണാതെ മനുഷ്യജീവന്റെ സംരക്ഷണവുമായി ബന്ധിപ്പിച്ചാണ് കോടതി സമീപിച്ചിരിക്കുന്നത്.
40 മീറ്ററും 75 മീറ്ററും: കേരളത്തിലെ ആശങ്കയുടെ കേന്ദ്രം
എന്നാൽ, ഈ ഉത്തരവിലെ ഏറ്റവും കൂടുതൽ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുന്നത് ദേശീയപാതയുടെ മധ്യരേഖയിൽനിന്ന് 40 മീറ്റർ പരിധിക്കുള്ളിൽ താമസാവശ്യത്തിനും 75 മീറ്റർ പരിധിക്കുള്ളിൽ വാണിജ്യാവശ്യത്തിനും ഭൂവിനിയോഗം മാറ്റുന്നത് നിരോധിക്കുന്ന വിജ്ഞാപനം സംസ്ഥാനങ്ങൾ പുറപ്പെടുവിക്കണമെന്ന നിർദേശമാണ്. ഇന്ത്യൻ റോഡ് കോൺഗ്രസ് (IRC) മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഈ നിയന്ത്രണം നടപ്പാക്കേണ്ടത്. ഈ നിർദേശം കേരളത്തിന്റെ സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സാഹചര്യത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
ഇവിടെ ഒരു നിയമപരമായ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കോടതി നിർദേശിക്കുന്നത് നിശ്ചിത ദൂരപരിധിക്കുള്ളിലെ ഭൂവിനിയോഗ മാറ്റം നിയന്ത്രിക്കാനാണ്. അതുകൊണ്ട് ആ പരിധിക്കുള്ളിലെ എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കണമെന്നോ എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്നോ ഉത്തരവ് അർത്ഥമാക്കുന്നില്ല. ദേശീയപാതയുടെ ഔദ്യോഗിക Right of Way-ക്കുള്ളിലെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യാനുള്ള നിർദേശം വേറിട്ടതാണ്. അതേസമയം, 40 മീറ്റർ, 75 മീറ്റർ പരിധിക്കുള്ളിൽ പുതിയ നിർമാണം, ഭൂവിനിയോഗ മാറ്റം, നിലവിലുള്ള കെട്ടിടങ്ങളുടെ പുനർനിർമാണം, വിപുലീകരണം, വ്യാപാരാനുമതി പുതുക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് സ്വതവേ ഇളവുണ്ടെന്ന് കരുതാനും കഴിയില്ല. ഇവയുടെ പ്രായോഗിക പരിധി ബന്ധപ്പെട്ട വിജ്ഞാപനങ്ങളും കോടതി ഉത്തരവുകളും മറ്റ് ബാധകമായ നിയമങ്ങളും പരിശോധിച്ചാണ് തീരുമാനിക്കേണ്ടത്.
കേരളത്തിന്റെ ആശങ്കയുടെ അടിസ്ഥാനം ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്ത രീതിയിലാണ്. NH 66 വികസനത്തിനായി കേരളത്തിൽ പ്രധാനമായും 45 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ഈ വീതി മധ്യരേഖയെ അടിസ്ഥാനമാക്കി ഇരുവശത്തും തുല്യമായി കണക്കാക്കിയാൽ റോഡിന്റെ അതിർത്തി മധ്യരേഖയിൽനിന്ന് ഏകദേശം 22.5 മീറ്റർ അകലെയായിരിക്കും. അതിനാൽ 40 മീറ്റർ നിയന്ത്രണപരിധി റോഡിന്റെ അതിർത്തിക്ക് പുറത്തേക്ക് ഏകദേശം 17.5 മീറ്ററും 75 മീറ്റർ പരിധി ഏകദേശം 52.5 മീറ്ററും കൂടി വ്യാപിക്കുന്ന സാഹചര്യമുണ്ടാകാം. എന്നാൽ, യഥാർഥ സ്ഥലങ്ങളിൽ റോഡിന്റെ അലൈൻമെന്റ്, ഏറ്റെടുത്ത ഭൂമിയുടെ അതിർത്തി, മധ്യരേഖയുടെ സ്ഥാനം എന്നിവ പരിശോധിച്ചായിരിക്കണം കൃത്യമായ അളവ് നിർണയിക്കേണ്ടത്.
ഇതിന്റെ അർത്ഥം, ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിനു ശേഷവും ശേഷിക്കുന്ന ഭൂമിയുടെ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വരാമെന്നതാണ്. നഷ്ടപരിഹാരം ലഭിച്ച് ഭൂമി വിട്ടുനൽകിയവർക്കുപോലും ശേഷിക്കുന്ന ഭാഗത്ത് വീട് നിർമിക്കാനോ വ്യാപാരാവശ്യത്തിന് ഉപയോഗിക്കാനോ കഴിയാത്ത സാഹചര്യമുണ്ടായാൽ അത് ഗൗരവമായ നീതിന്യായ-സാമ്പത്തിക പ്രശ്നമായി മാറും. പ്രത്യേകിച്ച് ഭൂമിയുടെ വലിയൊരു ഭാഗം ഏറ്റെടുത്തശേഷം ചെറിയ പ്ലോട്ടുകൾ മാത്രം ശേഷിച്ച കുടുംബങ്ങളുടെ അവസ്ഥ പ്രത്യേകം പരിഗണിക്കപ്പെടേണ്ടതാണ്.
കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും
ദേശീയപാതയുടെ ഇരുവശങ്ങളിലും ജനവാസവും വ്യാപാരവും വർഷങ്ങളായി വളർന്നുവന്നതാണ് കേരളത്തിന്റെ പ്രത്യേകത. NH 66 കടന്നുപോകുന്ന പല പ്രദേശങ്ങളിലും വീടുകൾ, കടകൾ, ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വർക്ക്ഷോപ്പുകൾ, ഹോട്ടലുകൾ, ഗോഡൗണുകൾ തുടങ്ങിയവ ദേശീയപാതയുമായി ചേർന്നാണ് നിലനിൽക്കുന്നത്. ജനവാസം കുറഞ്ഞ തുറന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതകളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ പല ദേശീയപാതാ ഭാഗങ്ങളും തുടർച്ചയായ ജനവാസ-വാണിജ്യ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.
2011-ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ശരാശരി ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 382 പേരാണ്. കേരളത്തിലേത് 860 പേരാണ്. അതായത്, കേരളത്തിലെ ശരാശരി ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. എന്നാൽ, സംസ്ഥാനത്തിന്റെ മൊത്തം ശരാശരി മാത്രം ഉപയോഗിച്ച് ദേശീയപാതയോരത്തെ യഥാർഥ ജനസാന്ദ്രത നിർണയിക്കാനാവില്ല. ദേശീയപാതയുടെ ഇരുവശത്തുമുള്ള 40 മീറ്റർ, 75 മീറ്റർ പരിധികളിലെ ജനസാന്ദ്രതയും വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണവും കണ്ടെത്താൻ പ്രത്യേക GIS അടിസ്ഥാനത്തിലുള്ള പഠനം ആവശ്യമാണ്. നിലവിലെ നിരീക്ഷണമനുസരിച്ചു 2000 – 2500 വരെ വ്യക്തികൾ ഒരു ചതുരശ്ര കിലോമീറ്ററിൽ ദേശീയ പാതക്ക് സമീപമുള്ള പ്രദേശങ്ങളിലും നഗരങ്ങളിലും താമസിക്കുന്നുണ്ട്. അതിനാൽ, കേരളത്തിന്റെ ആശങ്കകൾ ശക്തമായി അവതരിപ്പിക്കാൻ കൃത്യമായ പ്രാദേശിക വിവരശേഖരണം അനിവാര്യമാണ്.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഈ പ്രശ്നത്തെ സങ്കീർണമാക്കുന്നു. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ടവും അതിരിടുന്ന നീളൻ ഭൂപ്രകൃതിയുള്ള സംസ്ഥാനമാണ് കേരളം. ജനവാസവും നഗരവൽക്കരണവും റോഡുകളുടെ ഇരുവശങ്ങളിലായി വ്യാപിച്ചിരിക്കുന്നു. ഭൂമിയുടെ ലഭ്യത പരിമിതമായതിനാൽ പുതിയ റോഡുകൾക്കും വികസനപദ്ധതികൾക്കും ഭൂമി കണ്ടെത്തുന്നതുതന്നെ വലിയ വെല്ലുവിളിയാണ്. അതിനാൽ ജനവാസത്തിന്റെ യഥാർഥ സ്വഭാവം പരിഗണിക്കാതെ ഒരേ അളവിലുള്ള നിയന്ത്രണം എല്ലാ പ്രദേശങ്ങളിലും നടപ്പാക്കുന്നത് വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.
കേരളത്തിന്റെ പ്രത്യേക സാഹചര്യം: സർക്കാരിന്റെ വാദം
2026 ഒക്ടോബർ 3-ലെ മാധ്യമറിപ്പോർട്ടുകൾ പ്രകാരം, സുപ്രീം കോടതിയിൽ കേരളം ഉന്നയിച്ച വാദങ്ങളിൽ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരവും ജനസംഖ്യാ ഘടനാപരവുമായ പ്രത്യേകതകൾക്ക് പ്രധാന സ്ഥാനം നൽകിയിട്ടുണ്ട്. NH 66 കേരളത്തിലെ അഞ്ച് കോർപ്പറേഷനുകൾ, 25 മുനിസിപ്പാലിറ്റികൾ, 66 പഞ്ചായത്തുകൾ എന്നിവയിലൂടെ കടന്നുപോകുന്നുവെന്നും വികസിപ്പിച്ച ഭാഗങ്ങളുടെ ഇരുവശങ്ങളിലുമുള്ള ഭൂമിയുടെ ഏകദേശം 60 ശതമാനം വർഷങ്ങൾക്കുമുമ്പേ വികസിതമായിരുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്. ദേശീയപാതയുടെ സമീപപ്രദേശങ്ങളിൽ ഇതിനകം തന്നെ വീടുകളും സ്ഥാപനങ്ങളും ജനവാസകേന്ദ്രങ്ങളും വ്യാപകമായി നിലനിൽക്കുന്നു എന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം.
ദേശീയപാതയുടെ വീതി 60 മീറ്ററിൽനിന്ന് 45 മീറ്ററായി കുറക്കേണ്ടിവന്നതിനു പിന്നിൽ കേരളത്തിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രയാസങ്ങളും ഭൂമിയുടെ ലഭ്യതക്കുറവും പ്രധാന കാരണങ്ങളായിരുന്നു. ഉയർന്ന റോഡ് സാന്ദ്രതയും വേഗത്തിലുള്ള നഗരവൽക്കരണവും സംസ്ഥാനത്തിന്റെ നീളൻ ഭൂപ്രകൃതിയും സർക്കാരിന്റെ വാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ 1,000 ആളുകൾക്ക് 5.3 കിലോമീറ്റർ റോഡ് ദൈർഘ്യമുണ്ടെന്നതും ദേശീയ ശരാശരി 4.5 കിലോമീറ്ററാണെന്നതും കേരളത്തിന്റെ വികസന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള കണക്കുകളാണ്. ഈ സാഹചര്യത്തിൽ 40 മീറ്റർ, 75 മീറ്റർ നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വലിയൊരു ജനവിഭാഗത്തെ ബാധിക്കുമെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക. ഇത്തരം വാദങ്ങൾ പൊതുവായ പ്രസ്താവനകളായി മാത്രം നിൽക്കാതെ കൃത്യമായ ഭൂപടങ്ങളും ബാധിതരുടെ വിവരങ്ങളും സാമ്പത്തിക ആഘാതപഠനങ്ങളും സഹിതം കോടതിയിൽ അവതരിപ്പിക്കേണ്ടതുണ്ട്. ഓരോ ദേശീയപാതാ ഭാഗത്തും നിയന്ത്രണപരിധിക്കുള്ളിൽ വരുന്ന വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഭൂമിയുടെ വിസ്തൃതി, ജനവാസം, ഭൂമി ഏറ്റെടുത്തശേഷം ശേഷിച്ച പ്ലോട്ടുകൾ എന്നിവയുടെ കൃത്യമായ കണക്ക് സർക്കാരിന്റെ കൈവശമുണ്ടാകണം.
ഭൂമി ഏറ്റെടുത്തശേഷം ശേഷിക്കുന്ന പ്ലോട്ടുകൾ: ഇരട്ടപ്രതിസന്ധി
ദേശീയപാതാ വികസനത്തിനായി സ്വകാര്യ ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കുമ്പോൾ ശേഷിക്കുന്ന ഭൂമിയുടെ ഉപയോഗക്ഷമത പലപ്പോഴും വലിയ പ്രശ്നമാകുന്നു. ഉദാഹരണത്തിന്, പത്ത് സെന്റ് ഭൂമിയിൽനിന്ന് മൂന്ന് സെന്റ് ഏറ്റെടുത്താൽ ഏഴ് സെന്റ് ശേഷിക്കും. എന്നാൽ, ശേഷിക്കുന്ന ഭൂമി പുതിയ നിയന്ത്രണപരിധിക്കുള്ളിലാണെങ്കിൽ അവിടെ പുതിയ വീട് നിർമിക്കാനോ കട തുറക്കാനോ വാണിജ്യാവശ്യത്തിന് ഉപയോഗം മാറ്റാനോ കഴിയുമോ എന്ന ചോദ്യം ഉയരും. ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്നത് മാത്രം ശേഷിക്കുന്ന ഭാഗത്തിന്റെ ഉപയോഗക്ഷമത ഉറപ്പാക്കുന്നില്ല. പ്ലോട്ടിന്റെ ആകൃതി, റോഡിലേക്കുള്ള പ്രവേശനം, നിർമാണത്തിന് ലഭ്യമായ സ്ഥലം, ഡ്രെയിനേജ്, മറ്റ് നിയമപരമായ നിയന്ത്രണങ്ങൾ എന്നിവ അതിന്റെ മൂല്യത്തെ ബാധിക്കും.
ഇത് ചില കുടുംബങ്ങൾക്ക് ഇരട്ടപ്രതിസന്ധിയാണ്. ഒരു ഭാഗം ഭൂമി വികസനത്തിനായി വിട്ടുനൽകുകയും ശേഷിക്കുന്ന ഭാഗം പ്രതീക്ഷിച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ശേഷിക്കുന്ന പ്ലോട്ടിന്റെ ഉപയോഗക്ഷമത പ്രത്യേകം വിലയിരുത്തുന്ന സംവിധാനം വേണം. അത്തരം ഭൂമി പ്രായോഗികമായി ഉപയോഗശൂന്യമാകുന്ന സാഹചര്യങ്ങളിൽ ബാധകമായ നിയമങ്ങൾക്കും കോടതി ഉത്തരവുകൾക്കും വിധേയമായി അധിക നഷ്ടപരിഹാരം, ഭൂമിയുടെ പുനഃക്രമീകരണം, സുരക്ഷിതമായ പ്രവേശനമാർഗം, പ്രത്യേക പരിഗണന തുടങ്ങിയ പരിഹാരങ്ങൾ പരിശോധിക്കേണ്ടതാണ്.
ഭൂമിയുടെ മൂല്യവും വ്യാപാരവും തൊഴിലും
കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ പ്രധാന സമ്പാദ്യങ്ങളിലൊന്നാണ് ഭൂമി. താമസത്തിനും കൃഷിക്കും ഉപജീവനത്തിനും പുറമേ ബാങ്ക് വായ്പയ്ക്കുള്ള ഈടായും അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കുള്ള സുരക്ഷയായും ഭൂമി ഉപയോഗിക്കുന്നു. ഭൂവിനിയോഗ നിയന്ത്രണം കാരണം ഒരു പ്ലോട്ടിൽ പുതിയ നിർമാണം നടത്താനോ വാണിജ്യ ഉപയോഗം വികസിപ്പിക്കാനോ കഴിയാത്ത സാഹചര്യമുണ്ടായാൽ അതിന്റെ വിപണിമൂല്യത്തെയും വിൽപ്പനസാധ്യതയെയും ബാങ്ക് ഈടായി സ്വീകരിക്കുന്നതിലെ പ്രായോഗികതയെയും ബാധിക്കാം. ഇത് എല്ലാ ഭൂമികളിലും ഒരേ തോതിലായിരിക്കില്ലെങ്കിലും ബാധിക്കപ്പെടുന്ന ഉടമകൾക്ക് ഗൗരവമായ സാമ്പത്തിക പ്രശ്നമായേക്കാം.
ദേശീയപാതയോരത്തെ ചായക്കടകൾ, ബേക്കറികൾ, ഹോട്ടലുകൾ, മരുന്നുകടകൾ, ക്ലിനിക്കുകൾ, വാഹന വർക്ക്ഷോപ്പുകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, ഗോഡൗണുകൾ എന്നിവ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. പുതിയ നിർമാണത്തിനുള്ള നിയന്ത്രണം, പ്രവേശനമാർഗങ്ങളിലെ മാറ്റം, പാർക്കിങ് സൗകര്യങ്ങളുടെ കുറവ്, അനുമതികളിലെ അനിശ്ചിതത്വം എന്നിവ ഇവയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ഒരു കടയുടെ വരുമാനം കുറയുമ്പോൾ ഉടമ മാത്രമല്ല ബാധിക്കപ്പെടുന്നത്; ജീവനക്കാർ, വിതരണക്കാർ, പ്രാദേശിക ഉൽപ്പാദകർ, വാടകവരുമാനം ആശ്രയിക്കുന്ന കുടുംബങ്ങൾ എന്നിവരിലേക്കും അതിന്റെ ആഘാതം വ്യാപിക്കും.
പുതിയ വീടുകൾ, കടകൾ, ഗോഡൗണുകൾ, വ്യാപാരകെട്ടിടങ്ങൾ എന്നിവയുടെ നിർമാണസാധ്യത ചുരുങ്ങുമ്പോൾ നിർമാണത്തൊഴിലാളികൾ, കരാറുകാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, കെട്ടിടസാമഗ്രി വിതരണക്കാർ തുടങ്ങിയവരുടെ തൊഴിൽ അവസരങ്ങളെയും ബാധിക്കാം. അതുപോലെ, പാതയോരത്തെ ചെറുകിട സ്ഥാപനങ്ങൾ അടയ്ക്കുകയോ വികസിപ്പിക്കാൻ കഴിയാതാകുകയോ ചെയ്താൽ ജീവനക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും പ്രതിസന്ധിയുണ്ടാകാം. എത്ര തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നതിന് കൃത്യമായ സർവേയും സാമ്പത്തിക പഠനവും കൂടാതെ സംഖ്യ പറയാനാവില്ല. അതിനാൽ സ്ഥാപനങ്ങളുടെ എണ്ണം മാത്രമല്ല, ജീവനക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, വാടകവരുമാനം ആശ്രയിക്കുന്ന കുടുംബങ്ങൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കണം.
സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണമോ?
അപകടങ്ങൾ കുറയ്ക്കാനുള്ള ശാസ്ത്രീയ നടപടികൾ തീർച്ചയായും സ്വാഗതാർഹമാണ്. ദേശീയപാതകളിൽ അനധികൃത പാർക്കിങ് തടയുക, കാഴ്ച മറയ്ക്കുന്ന കൈയേറ്റങ്ങൾ നീക്കുക, അപകടബ്ലാക്ക് സ്പോട്ടുകൾ പരിഹരിക്കുക, സുരക്ഷിതമായ പ്രവേശന-പുറത്തിറക്ക വഴികൾ ഒരുക്കുക, സർവീസ് റോഡുകളും പാർക്കിങ് ബേകളും വികസിപ്പിക്കുക, ആംബുലൻസ് സേവനങ്ങൾ ഉറപ്പാക്കുക തുടങ്ങിയവ അനിവാര്യമാണ്. എന്നാൽ, അപകടങ്ങളുടെ പ്രധാന കാരണങ്ങൾ കൃത്യമായി കണ്ടെത്തി അവ പരിഹരിക്കുന്നതിനുപകരം ദേശീയപാതയുടെ മധ്യരേഖയിൽനിന്നുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ വ്യാപകമായ ഭൂവിനിയോഗ നിയന്ത്രണം ഏർപ്പെടുത്തുന്നത് എത്രത്തോളം അനുപാതികമാണ് എന്ന ചോദ്യം ഉയരുന്നു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു കുടുംബത്തിന് ശേഷിക്കുന്ന ഭൂമിയിൽ വീട് നിർമിക്കാനോ ഒരു ചെറുകിട വ്യാപാരിക്ക് ഉപജീവനം തുടരാനോ കഴിയാത്ത സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടോ? നിയന്ത്രിത പ്രവേശനമുള്ള അതിവേഗ പാതയും ജനവാസകേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതയും ഒരേ രീതിയിൽ പ്രവർത്തിക്കുന്നില്ല. അപകടസാധ്യത, റോഡിന്റെ രൂപകൽപ്പന, പ്രവേശന-പുറത്തിറക്ക സൗകര്യം, കാഴ്ചപരിധി, സർവീസ് റോഡ്, സമീപത്തെ ജനവാസം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചുകൊണ്ടുള്ള സ്ഥലവിശേഷമായ സമീപനം സാധ്യമാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്.
സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ട്
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ സുപ്രീം കോടതിയിൽ ഇളവ് തേടുന്നതിൽ മാത്രം ഒതുങ്ങരുത്. കേരളത്തിന്റെ ഭൂമിശാസ്ത്രം, ജനസാന്ദ്രത, 45 മീറ്റർ ഭൂമി ഏറ്റെടുക്കൽ രീതി, NH 66 കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങൾ, ഇതിനകം വികസിതമായ പാതയോര ഭൂമികളുടെ വിഹിതം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനം തയ്യാറാക്കണം. നിയന്ത്രണപരിധിക്കുള്ളിൽ വരുന്ന വീടുകൾ, കടകൾ, സ്ഥാപനങ്ങൾ, ഭൂമിയുടെ വിസ്തൃതി, ഭൂമി ഏറ്റെടുത്തശേഷം ശേഷിച്ച പ്ലോട്ടുകൾ എന്നിവയുടെ GIS അടിസ്ഥാനത്തിലുള്ള മാപ്പിങ് നടത്തി കോടതിയിൽ സമർപ്പിക്കണം. നിയന്ത്രണങ്ങൾ മൂലം ഉപജീവനം നഷ്ടപ്പെടാൻ സാധ്യതയുള്ള ചെറുകിട വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും വാടകവരുമാനത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾക്കും ഉണ്ടാകുന്ന ആഘാതവും വിലയിരുത്തണം.
നിലവിലുള്ള നിയമാനുസൃത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പുനർനിർമാണം, ആവശ്യമായ സുരക്ഷാ നവീകരണം, വ്യാപാര ലൈസൻസ് പുതുക്കൽ, സുരക്ഷിതമായ പ്രവേശനാവകാശം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദേശങ്ങൾ ആവശ്യപ്പെടണം. പ്രത്യേകിച്ച് ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകിയശേഷം ശേഷിക്കുന്ന പ്ലോട്ടുകൾ നിർമാണയോഗ്യമല്ലാതാകുന്ന സാഹചര്യത്തിൽ എന്ത് പരിഹാരമാണ് നൽകേണ്ടതെന്ന് സർക്കാർ നയം രൂപപ്പെടുത്തണം. ആവശ്യമായിടത്ത് അധിക നഷ്ടപരിഹാരം, ഭൂമിയുടെ പുനഃക്രമീകരണം, സുരക്ഷിതമായ പ്രവേശനമാർഗം, നിയമപരമായ ഇളവുകൾ എന്നിവ പരിശോധിക്കണം.
ഇത് കക്ഷിരാഷ്ട്രീയ തർക്കമാക്കി ചുരുക്കേണ്ട വിഷയമല്ല. ഭരണകക്ഷിയും പ്രതിപക്ഷവും ഉൾപ്പെടുന്ന സർവകക്ഷി യോഗം വിളിച്ച് കേരളത്തിന്റെ പൊതുനിലപാട് രൂപപ്പെടുത്തണം. നിയമസഭയിൽ വിഷയം വിശദമായി ചർച്ച ചെയ്ത് സംയുക്ത പ്രമേയം പാസാക്കുകയും എം.പിമാരുടെ നേതൃത്വത്തിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിനും ദേശീയപാത അതോറിറ്റിക്കും മുന്നിൽ കേരളത്തിന്റെ പ്രത്യേക സാഹചര്യം അവതരിപ്പിക്കുകയും വേണം. വ്യാപാരി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഭൂവുടമകളുടെ കൂട്ടായ്മകൾ, നിയമവിദഗ്ധർ, റോഡ് സുരക്ഷാ വിദഗ്ധർ എന്നിവരെയും ഈ പ്രക്രിയയിൽ ഉൾപ്പെടുത്തണം.
അതേസമയം, സുപ്രീം കോടതിയുടെ ഉത്തരവ് നിലവിലുള്ളിടത്തോളം കാലം സംസ്ഥാനത്തിനോ വ്യക്തികൾക്കോ അത് ഏകപക്ഷീയമായി അവഗണിക്കാനാവില്ല. ആവശ്യമായ മാറ്റങ്ങൾക്കും ഇളവുകൾക്കും കോടതിയുടെ വ്യക്തമായ ഉത്തരവോ നിയമാനുസൃതമായ വിജ്ഞാപനമോ ആവശ്യമാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം തെളിവുകളോടെ കോടതിയിൽ അവതരിപ്പിച്ച് ഉത്തരവിൽ വ്യക്തതയും ആവശ്യമായ പരിഷ്കരണവും തേടുകയാണ് നിയമപരമായ മാർഗം. 2026 ഒക്ടോബർ 3-ലെ റിപ്പോർട്ടുകൾ പ്രകാരം കേരളം ഈ വിഷയത്തിൽ ഇളവ് ആവശ്യപ്പെട്ട് കോടതിയിൽ വാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2026 ഒക്ടോബർ 13-ലെ തുടർനടപടിയിൽ അനധികൃത താമസക്കാരുമായി ബന്ധപ്പെട്ട അപേക്ഷകളിലെ ഉത്തരവ് മാറ്റിവെക്കുകയും അതുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് ക്വോ തുടരാൻ നിർദേശിക്കുകയും ചെയ്തതായി ലഭ്യമായ കോടതി രേഖകൾ സൂചിപ്പിക്കുന്നു. അതിനാൽ കേസിന്റെ തുടർനടപടികളും കേരളത്തിന്റെ അപേക്ഷയിലെ അന്തിമ തീരുമാനവും നിരീക്ഷിക്കേണ്ടതുണ്ട്.
നിയന്ത്രണങ്ങൾക്കിടയിൽ ശ്വാസംമുട്ടുന്ന കേരളത്തിന്റെ തീരദേശ–ഇടനാട് ജനജീവിതം
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ദേശീയപാതാ ബഫർ സോൺ നിയന്ത്രണങ്ങളുടെ ആഘാതം കൂടുതൽ സങ്കീർണമാക്കുന്നു. പ്രത്യേകിച്ച് മലബാർ മേഖലയിൽ—മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ—ദേശീയപാത 66, അറബിക്കടൽ, അതിന് സമാന്തരമായി കടന്നുപോകുന്ന റെയിൽവേ ലൈൻ എന്നിവ വളരെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിൽ 90 ശതമാനത്തിലധികം ഇടങ്ങളിലും ദേശീയ പാതയിൽനിന്നും കടലും റെയിൽവേ ലൈനും 15 കിലോമീറ്ററിനുള്ളിലാണെന്നത് ഈ ഭൂമിശാസ്ത്രപരമായ പരിമിതിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. കിഴക്കൻ മലയോര മേഖലയെ അപേക്ഷിച്ച് ഉയർന്ന ജനസാന്ദ്രതയും തിങ്ങിനിറഞ്ഞ ജനവാസ–വാണിജ്യ കേന്ദ്രങ്ങളുമുള്ള തീരദേശ–ഇടനാട് ഇടനാഴിയാണിത്. വീടുകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും തൊഴിൽ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒന്നിനോടൊന്ന് ചേർന്നുനിൽക്കുന്ന ഈ പ്രദേശങ്ങളിൽ ഭൂമി കേവലം സ്വത്തല്ല; കുടുംബങ്ങളുടെ താമസത്തിന്റെയും ഉപജീവനത്തിന്റെയും സാമ്പത്തിക സുരക്ഷയുടെയും അടിസ്ഥാനമാണ്.
ഈ പ്രദേശങ്ങളിൽ ഭൂവിനിയോഗത്തിന് നിയന്ത്രണങ്ങൾ ഇതിനകംതന്നെ നിലനിൽക്കുന്നുണ്ട്. തീരദേശ നിയന്ത്രണ വിജ്ഞാപനമായ CRZ പ്രകാരം കടൽത്തീരങ്ങൾക്കും കടലുമായി ബന്ധമുള്ള ചില കായലുകൾ, അഴിമുഖങ്ങൾ, വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങൾ എന്നിവയുടെ സമീപപ്രദേശങ്ങൾക്കും വ്യത്യസ്ത നിയന്ത്രണങ്ങൾ ബാധകമാണ്. 2019-ലെ CRZ വിജ്ഞാപനപ്രകാരം തീരപ്രദേശങ്ങൾ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്നും, ചില CRZ-III മേഖലകളിൽ ഔദ്യോഗിക വർഗീകരണത്തിനനുസരിച്ച് High Tide Line-ൽനിന്ന് കരയിലേക്ക് 50 മീറ്ററോ 200 മീറ്ററോ വീതമുള്ള No Development Zone ബാധകമാകാമെന്നും പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം, കടൽത്തീരത്തുനിന്നുള്ള പൊതുവായ 500 മീറ്റർ പരിധിയിലും ചിലയിടങ്ങളിൽ നിർമാണ നിയന്ത്രണങ്ങളുണ്ട്. റെയിൽവേ പാതയോടു ചേർന്നുള്ള സ്വകാര്യ ഭൂമിയിലും റെയിൽവേയുടെ ഔദ്യോഗിക അതിർത്തി, സുരക്ഷാ വ്യവസ്ഥകൾ, ബാധകമായ കെട്ടിടനിർമാണ ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളുണ്ട്. ചില സാഹചര്യങ്ങളിൽ റെയിൽവേ അതിർത്തിയിൽനിന്ന് 30 മീറ്ററിനുള്ളിലെ നിർമാണത്തിന് റെയിൽവേ NOC ആവശ്യമാണ് .
ഇതിനകം നിലനിൽക്കുന്ന ഈ നിയന്ത്രണങ്ങൾക്കു പുറമെയാണ് ദേശീയപാതയുടെ മധ്യരേഖയിൽനിന്ന് 40 മീറ്റർ പരിധിയിൽ താമസാവശ്യങ്ങൾക്കും 75 മീറ്റർ പരിധിയിൽ വാണിജ്യാവശ്യങ്ങൾക്കുമുള്ള ഭൂവിനിയോഗ മാറ്റങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന വ്യവസ്ഥ കൂടി വരുന്നത്. ഇതോടെ കടൽ, റെയിൽവേ, ദേശീയപാത എന്നീ മൂന്ന് വ്യത്യസ്ത നിയന്ത്രണ സംവിധാനങ്ങൾ ഒരേ പ്രദേശത്തെ ഭൂമിയിൽ ഒരേസമയം ബാധകമാകുന്ന സാഹചര്യമുണ്ടാകുന്നു. പ്രത്യേകിച്ച് മലബാറിലെ ഇടുങ്ങിയ തീരദേശ–ഇടനാട് ഇടനാഴിയിൽ താമസിക്കുന്നവർക്ക് ഇത് വലിയ പ്രതിസന്ധിയാണ് . ഭൂമിയിൽ പുതിയ നിർമാണം നടത്തുന്നതിനും നിലവിലുള്ള കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിനും കടകൾ വികസിപ്പിക്കുന്നതിനും ഭൂമി കൈമാറ്റം ചെയ്യുന്നതിനും വായ്പയ്ക്കായി ഈടുവെക്കുന്നതിനും കൂടുതൽ അനിശ്ചിതത്വങ്ങൾ നേരിടേണ്ടിവരാം. ഭൂമിയുടെ വിപണിമൂല്യം കുറയാനും ചെറുകിട വ്യാപാരങ്ങൾ, വാടകവരുമാനത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾ, തൊഴിലാളികൾ, വിതരണക്കാർ തുടങ്ങിയവരുടെ ഉപജീവനത്തെ ബാധിക്കാനും സാധ്യതയുണ്ട്. ഇതിനെ വെറും നിർമാണാനുമതിയുടെ പ്രശ്നമായി കാണാനാവില്ല; ഭൂമിയുടെ ഉപയോഗക്ഷമതയും സാമ്പത്തിക സുരക്ഷയും പ്രാദേശിക സമ്പദ്വ്യവസ്ഥയും ഒരുമിച്ച് ബാധിക്കപ്പെടുന്ന വിഷയമാണിത്.
ദേശീയപാതാ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത തർക്കവിഷയമല്ല. എന്നാൽ കേരളത്തിന്റെ ഭൂമിശാസ്ത്രം, ഉയർന്ന ജനസാന്ദ്രത, വ്യാപകമായ ജനവാസം, നിലവിലുള്ള CRZ–റെയിൽവേ നിയന്ത്രണങ്ങൾ എന്നിവ പരിഗണിക്കാതെ രാജ്യത്തുടനീളം ഒരേ രീതിയിലുള്ള നിയന്ത്രണങ്ങൾ പ്രയോഗിക്കുന്നത് നീതിയുക്തമാണോ എന്നതാണ് പരിശോധിക്കേണ്ടത്. വീടുകൾ, കടകൾ, സ്ഥാപനങ്ങൾ, ശേഷിക്കുന്ന ഭൂമിയുടെ വിസ്തൃതി, പ്ലോട്ടുകളുടെ ഉപയോഗക്ഷമത, ബാധിക്കപ്പെടുന്ന ജനസംഖ്യ, തൊഴിൽ–വരുമാന പ്രത്യാഘാതങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ സാമൂഹിക–സാമ്പത്തിക ആഘാതപഠനം നടത്തണം. നിലവിലുള്ള നിയമാനുസൃത കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പുനർനിർമാണം, തുടർവ്യാപാരം എന്നിവയ്ക്ക് ബാധകമായ വ്യവസ്ഥകൾ വ്യക്തമായി പ്രസിദ്ധീകരിക്കുകയും അനുമതി നൽകുന്ന അധികാരികൾ, അപേക്ഷാ നടപടികൾ, സമയപരിധി, അപ്പീൽ സംവിധാനം എന്നിവ സുതാര്യമാക്കുകയും വേണം. അതോടൊപ്പം സുരക്ഷിതമായ സർവീസ് റോഡുകൾ, പ്രവേശന–പുറത്തിറക്ക മാർഗങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ, ഡ്രെയിനേജ്, കാൽനട സുരക്ഷ എന്നിവ ഉറപ്പാക്കുകയും അപകടബ്ലാക്ക് സ്പോട്ടുകൾ, അപകടകരമായ ജംഗ്ഷനുകൾ, അനധികൃത പാർക്കിങ്, സുരക്ഷിതമല്ലാത്ത പ്രവേശനങ്ങൾ എന്നിവ പ്രത്യേകം പരിഹരിക്കുകയും വേണം. ഭൂവിനിയോഗ നിയന്ത്രണം മാത്രം എല്ലാ റോഡ് സുരക്ഷാ പ്രശ്നങ്ങൾക്കും പരിഹാരമല്ല.
വികസനത്തിനും സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ്. എന്നാൽ അവയുടെ നടപ്പാക്കൽ പ്രദേശത്തിന്റെ യഥാർഥ സാഹചര്യങ്ങൾ പരിഗണിക്കുന്നതും നീതിയുക്തവുമായിരിക്കണം. ദേശീയപാതാ സുരക്ഷക്കായി നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുടെ ആഘാതം ഏറ്റുവാങ്ങേണ്ടിവരുന്ന സാധാരണക്കാരുടെ ഭൂമിയവകാശവും ഉപജീവനവും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കപ്പെടണം. സുപ്രീം കോടതിയുടെ സുരക്ഷാ ലക്ഷ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ആവശ്യമായ വ്യക്തതയും അനുയോജ്യമായ പരിഹാരവും നിയമപരമായി തേടേണ്ടതുണ്ട്. റോഡ് സുരക്ഷയ്ക്കായി മനുഷ്യരുടെ ജീവിതം തകർക്കേണ്ടിവരരുത്; വികസനത്തിന്റെ പേരിൽ ഭൂമിയും ഉപജീവനവും അനിശ്ചിതത്വത്തിലാകുകയും അരുത്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന സമീപനമല്ല, സുരക്ഷയും നീതിയും ഒരുപോലെ ഉറപ്പാക്കുന്ന വിവേകപൂർവമായ നയമാണ് കേരളത്തിന് ആവശ്യം.
