November 23 Monday 2026

കേരള കാമ്പസുകളിലെ ദലിത് വിദ്യാർഥികളുടെ അതിജീവന പോരാട്ടങ്ങളും പ്രമുഖ വിദ്യാർഥി സംഘടനകളുടെ മൗനവും

പ്രബുദ്ധമെന്നും ഉന്നതവിദ്യാഭ്യാസത്തിൽ മാതൃകയെന്നും അവകാശപ്പെടുന്ന കേരളത്തിലെ കാമ്പസുകൾ ഇന്ന് ആഴത്തിലുള്ള ചില വൈരുധ്യങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന വിദ്യാർഥി സമരങ്ങളെ സുവ്യക്തമായ രണ്ടു ധ്രുവങ്ങളായി കാണാൻ സാധിക്കും. ഒന്ന് എസ്.എഫ്.ഐ (SFI), കെ.എസ്‌.യു (KSU), എ.ബി.വി.പി (ABVP) തുടങ്ങിയ പ്രബല രാഷ്ട്രീയ പാർട്ടികളുടെ ലേബലിൽ നടത്തുന്ന വ്യവസ്ഥാപിത സമരങ്ങൾ. രണ്ട്, സാമൂഹികനീതിയും തുല്യതയും ഉറപ്പുവരുത്തുന്നതിനായി ദലിത് ബഹുജൻ വിദ്യാർഥികൾ തങ്ങൾ നേരിടുന്ന ജാതി വിവേചനങ്ങൾക്കെതിരെ നടത്തുന്ന സാമൂഹ്യ നീതിക്കു വേണ്ടിയുള്ള അതിജീവന സമരങ്ങൾ.

ദലിത് വിദ്യാർഥികൾ സ്വന്തം അവകാശങ്ങൾക്കായി പോരാടുമ്പോൾ മുഖ്യധാരാ വിദ്യാർഥി സംഘടനകൾ അതിൽ നിന്ന് വിട്ടുനിൽക്കുന്നതും ആ വിഷയങ്ങളെ ദലിതരുടെ മാത്രം പ്രശ്നം എന്ന് പറഞ്ഞ് ചുരുക്കിക്കളയുന്നതുമാണ് കാമ്പസുകളിലെ ഏറ്റവും വലിയ ജനാധിപത്യപ്രതിസന്ധി. കേരളത്തിന്റെ കാമ്പസ് ചരിത്രം പരിശോധിച്ചാൽ ദലിത് വിദ്യാർഥികൾ തങ്ങളുടെ അഭിമാനത്തിനും പഠന അവകാശത്തിനും വേണ്ടി ഒറ്റയ്ക്ക് പൊരുതേണ്ടി വന്ന നിരവധി സന്ദർഭങ്ങൾ കാണാം.

രജനി എസ്. ആനന്ദ് (2004)
ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ജീവനൊടുക്കേണ്ടി വന്ന രജനി കേരളത്തിലെ കാമ്പസുകളിൽ ദലിത് വിദ്യാർഥികൾ അനുഭവിക്കുന്ന അദൃശ്യമായ സാമ്പത്തിക സാമൂഹിക ഒറ്റപ്പെടലിന്റെ വലിയൊരു ഉദാഹരണമായിരുന്നു.
ദീപ പി. മോഹൻ (2021)
എം.ജി. സർവ്വകലാശാലയിലെ നാനോ സയൻസ് സെന്ററിൽ ഗവേഷണത്തിന് നേരിടേണ്ടിവന്ന ജാതി അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ നിരാഹാര സമരം കിടന്നാണ് ദീപ നീതി നേടിയെടുത്തത്.
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരം (2022-23)
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ സ്ഥാപന ഡയറക്ടറുടെ ജാതീയതയ്ക്കും ശുചീകരണ തൊഴിലാളികളോടുള്ള മോശം പെരുമാറ്റത്തിനുമെതിരെ വിദ്യാർഥികൾ നടത്തിയ സമരം വലിയ ചർച്ചയായിരുന്നു.

മലയാള സർവ്വകലാശാലയിലെ അനഘയുടെ സമരം
ഏറ്റവും ഒടുവിൽ ഗവേഷണ ആവശ്യങ്ങൾക്കും നീതിക്കും വേണ്ടി തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അനഘയ്ക്ക് സമരം ചെയ്യേണ്ടി വന്ന സാഹചര്യം കാമ്പസുകളിലെ ജാതി വിവേചനം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും അതൊരു വ്യവസ്ഥാപരമായ യാഥാർത്ഥ്യമാണെന്നും (Institutional Casteism) തെളിയിക്കുന്നു.

അംബേദ്കർ ചിത്രങ്ങളിലെ ഇരട്ടത്താപ്പും മാതൃപാർട്ടികളുടെ താല്പര്യങ്ങളും
ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുധ്യം തുറന്നുകാട്ടപ്പെടുന്നത്. പൊതുസമൂഹത്തിലും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലും മാതൃ രാഷ്ട്രീയ പാർട്ടികൾ ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോകളും ബാനറുകളും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ദലിത് വോട്ട് ബാങ്കുകളെ തങ്ങളിലേക്ക് ചേർത്തുനിർത്താനും തങ്ങൾ സോഷ്യൽ ജസ്റ്റിസിനായി നിലകൊള്ളുന്നു എന്ന് കാണിക്കാനും അംബേദ്കർ ഒരു പ്രതീകമായി നിർബന്ധമായും മാറുന്നു.

എന്നാൽ, അതേ മാതൃപാർട്ടികളുടെ വിദ്യാർഥി സംഘടനകൾ കാമ്പസുകളിൽ ഈ അംബേദ്കറൈറ്റ് ബോധത്തെ തന്ത്രപരമായി ഒഴിവാക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. ദലിത് വിദ്യാർഥികൾ ജാതി വിവേചനത്തിനെതിരെ അംബേദ്കർ പ്രതീകങ്ങൾ ഉയർത്തി പോരാടുമ്പോൾ ആ സമരങ്ങളെ തങ്ങളുടെ കാമ്പസ് അജണ്ടയിൽ നിന്ന് മാറ്റാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിന് പിന്നിൽ കൃത്യമായ ചില ഭരണ പാർട്ടി കാരണങ്ങളുണ്ട്:
ഏത് മുന്നണി അധികാരത്തിൽ വന്നാലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് (വൈസ് ചാൻസലർമാർ സിൻഡിക്കേറ്റ് അംഗങ്ങൾ അധ്യാപകർ) ഇരിക്കുന്നവർ പ്രബല രാഷ്ട്രീയ പാർട്ടികളുടെ ആശീവാദത്തോടെ എത്തിയവരാണ്. അക്കാദമിക് രംഗത്ത് ജാതീയമായ വിവേചനം കാണിക്കുന്ന വ്യക്തികൾ തങ്ങളുടെ മാതൃപാർട്ടി അനുഭാവികളാകുമ്പോൾ അതിനെതിരെ നിലപാടെടുക്കാൻ വിദ്യാർഥി സംഘടനകൾക്ക് കഴിയില്ല.
പൊതുവേദിയിൽ അംബേദ്കറെ വെക്കുമ്പോഴും കാമ്പസിൽ അംബേദ്കറൈറ്റ് ജാതി വിശകലനത്തെ ഇവർ ഭയപ്പെടുന്നു.

സ്വതന്ത്ര രാഷ്ട്രീയത്തോടുള്ള ഭയം പാർട്ടി വിപ്പുകൾക്ക് വഴങ്ങാതെ വിദ്യാർഥികൾ സ്വയം ചിന്തിക്കുകയും സംഘടിക്കുകയും ചെയ്യുന്നത് തങ്ങളുടെ ഏകാധിപത്യപരമായ മേധാവിത്വത്തിന് ഭീഷണിയാണെന്ന് പ്രബല സംഘടനകൾ കരുതുന്നു. അതിനാൽ, ഇത്തരം സമരങ്ങളെ പൊതുരാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുകയും അവയെ ദലിതരുടെ മാത്രം പ്രശ്നമായി മുദ്രകുത്തുകയും അവഗണിക്കുകയും ചെയ്യുന്നു ചെയ്യുന്നു.

പുതിയ കാമ്പസ് രാഷ്ട്രീയം – സ്വയം പ്രതിനിധാനത്തിന്റെ കടന്നുവരവ്
പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൈയൊഴിഞ്ഞിടത്താണ് കേരളത്തിന്റെ കാമ്പസുകളിൽ അംബേദ്കറൈറ്റ് ദലിത് ബഹുജൻ, സ്വതന്ത്ര വിദ്യാർഥി കൂട്ടായ്മകൾ ശക്തമാകുന്നത്. ഈ പുതിയ മുന്നേറ്റങ്ങൾ കാമ്പസ് രാഷ്ട്രീയത്തിന്റെ ദിശയെത്തന്നെ തിരുത്തിക്കുറിക്കുകയാണ്:

അനുകമ്പ’യിൽ നിന്ന് സ്വയം പ്രതിനിധാനത്തിലേക്ക്
ദലിത് വിദ്യാർഥികളെ തങ്ങളുടെ വോട്ട് ബാങ്കോ സംരക്ഷണവും ദാനവും അർഹിക്കുന്നവരോ ആയി കണ്ടിരുന്ന പഴയ രീതിക്ക് പകരം തങ്ങളുടെ അവകാശങ്ങൾക്കായി ആത്മാഭിമാനത്തോടെ സ്വന്തമായി സംസാരിക്കാനും പോരാടാനുമുള്ള രാഷ്ട്രീയം ഇവർ മുന്നോട്ടുവെച്ചു.

കേവലം വോട്ട് രാഷ്ട്രീയത്തിനപ്പുറം അംബേദ്കറൈറ്റ് പുസ്തകച്ചർച്ചകൾ സാംസ്കാരിക പ്രതിരോധങ്ങൾ വികേന്ദ്രീകൃത കൂട്ടായ്മകൾ എന്നിവയിലൂടെ ഇവർ കാമ്പസുകളിൽ പുതിയ ജനാധിപത്യ ഇടങ്ങൾ സൃഷ്ടിക്കുന്നു. യഥാർഥ വിഷയങ്ങൾ മുന്നോട്ട് ഫെലോഷിപ്പുകൾ വൈകുന്നത് വൈവകളിലെ ജാതീയമായ മാർക്ക് കുറയ്ക്കലുകൾ ഗൈഡുമാരുടെ മാനസിക പീഡനം എന്നിവയെല്ലാം കേവലം ഭരണപരമായ വീഴ്ചകളല്ല വ്യക്തമായ അക്കാദമിക് ജാതീയതയാണെന്ന് സധൈര്യം വിളിച്ചുപറയാൻ ഈ സ്വതന്ത്ര കൂട്ടായ്മകൾക്ക് സാധിച്ചു. മാതൃ രാഷ്ട്രീയ പാർട്ടികൾ തെരുവിൽ അംബേദ്കറുടെ ഫോട്ടോ ഉയർത്തുകയും, അതേസമയം കാമ്പസിലെ ദലിത് വിദ്യാർഥികളുടെ യഥാർഥ അംബേദ്കറൈറ്റ് സമരങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്നത് കേരള രാഷ്ട്രീയത്തിലെ വലിയൊരു കപടതയാണ്.
കാമ്പസിലെ ഒരു ദലിത് വിദ്യാർഥഇ നേരിടുന്ന ജാതി വിവേചനം കേവലം അയാളുടെ മാത്രം പ്രശ്നമല്ല, മറിച്ച് ആ കാമ്പസിന്റെയും അത് സ്ഥിതി ചെയ്യുന്ന പൊതുസമൂഹത്തിന്റെയും ജനാധിപത്യ ബോധത്തിന്റെ പരാജയമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം തടയാൻ രോഹിത് വെമുല ആക്ട് പോലുള്ള കർശന നിയമങ്ങൾ വരേണ്ടതിന്റെ ആവശ്യകത ഏറുകയാണ്.

പ്രതീകാത്മകമായി മാത്രം അംബേദ്കറെ ഉപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യധാരാ സംഘടനകൾ ഈ യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറാകാത്തിടത്തോളം കാലം കേരളത്തിലെ കാമ്പസുകളിൽ ജനാധിപത്യവും സാമൂഹികനീതിയും പുലരുകയില്ല.

Related