ഇനി നമുക്ക് ദക്ഷിണ കര്‍ണ്ണാടകയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് പോകാം. തങ്ങളുടെ വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും ശേഖരിക്കുന്ന ഓലകള്‍ ഉപയോഗിച്ച് ഒഴിവുസമയങ്ങളില്‍ ഈര്‍ക്കിലുകള്‍ വാര്‍ന്നെടുത്ത് ചൂലുകള്‍ തയ്യാറാക്കി തങ്ങളുടെ വീടും പരിസരവും ശുചിയാക്കുന്ന ഗ്രാമീണര്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് എന്തെങ്കിലും സംഭാവനകള്‍ നല്‍കുന്നുണ്ടോ? നിയോക്ലാസിക്കല്‍ സമ്പദ്ശാസ്ത്രകാരന്മാരുടെ മറുപടി തീര്‍ച്ചയായും ‘ഇല്ല’ എന്നായിരിക്കും. എന്തുകൊണ്ട്? കാരണം, സാമ്പത്തിക ക്രയവിക്രയം സാധ്യമാക്കുന്ന ഒരു ചരക്ക് അവിടെ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടില്ല എന്നതുതന്നെ. അതേസമയം, ഇവിടെ നിന്നും ശേഖരിക്കുന്ന ചൂലുകള്‍ പഞ്ചാബിലെ ഗ്രാമങ്ങളില്‍ ഉപയോഗിക്കപ്പെടുമ്പോഴോ? വാങ്ങലുകള്‍ വില്പനകള്‍, ഇടനിലക്കാര്‍, ചരക്കുഗതാഗതം, നികുതി തുടങ്ങി ഇടപാടുകളുടേതായ വലിയൊരു ശൃംഖല രൂപപ്പെടുകയായി.
ചൂല്‍ നിര്‍മ്മിക്കുന്ന വ്യക്തി, അത് ശേഖരിക്കുന്നയാള്‍, മൊത്തവ്യാപാരി, ട്രാന്‍സ്‌പോര്‍ട്ട് കമ്പനി, പെട്രോളിയം കമ്പനി, സര്‍ക്കാര്‍, പഞ്ചാബിലെ വ്യാപാരി, അവരുടെ ഏജന്റ്, ഗ്രാമങ്ങളിലെ ചില്ലറ വില്പനക്കാര്‍ സാമ്പത്തിക ഇടപാടുകാര്‍ക്കിടയിലെ കണ്ണികള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ആഭ്യന്തര മൊത്തോല്‍പാദന സൂചികയില്‍ കര്‍ണ്ണാടകയിലെ ഗ്രാമീണ ചൂല്‍ നിര്‍മ്മാണം തങ്ങളുടേതായ സംഭാവന നല്‍കുന്നു. തിരിച്ച് പഞ്ചാബില്‍ നിന്ന് പ്ലാസ്റ്റിക് ചൂലുകള്‍ കര്‍ണ്ണാടകയിലെ ഗ്രാമീണ മേഖലയില്‍ എത്തുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു! രാജ്യം സാമ്പത്തിക പുരോഗതി കൈവരിക്കുന്നു!
ഇനി ഈ പ്രക്രിയകള്‍ക്കിടയില്‍ സംഭവിക്കുന്ന മറ്റ് കാര്യങ്ങളെക്കൂടി പരിശോധനയ്ക്ക് വിധേയമാക്കാം.
കര്‍ണ്ണാടകയിലെ തെങ്ങിന്‍ ചൂലും പഞ്ചാബിലെ പ്ലാസ്റ്റിക് ചൂലും നിര്‍വ്വഹിക്കുന്ന ധര്‍മ്മം ഒന്നുതന്നെയാണ് എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ കൃത്രിമമായ സാമ്പത്തിക ക്രയവിക്രയം -രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച- സാധ്യമാക്കുന്നതിനായി ഈ ഉത്പന്നങ്ങള്‍ പരസ്പരം വെച്ചുമാറേണ്ടതുണ്ട്. ഈയൊരു ക്രയവിക്രയത്തിനിടയില്‍ നഷ്ടപ്പെടുന്ന അധ്വാനത്തെയോ ഊര്‍ജ്ജത്തെയോ അത് വഴി സംഭവിക്കുന്ന പാരിസ്ഥിതിക നാശത്തെയോ മറ്റ് നൈതിക ശോഷണത്തെയോ ഒന്നും തന്നെ നാം കണക്കിലെടുക്കേണ്ടതില്ല. കാരണം, ഈ നഷ്ടങ്ങളൊന്നും തന്നെ നികത്താനുള്ള ബാദ്ധ്യത ഈ തലമുറയ്ക്കില്ല. അത് ഭാവി തലമുറയുടെ തലയില്‍ നാം കെട്ടിയേല്‍പ്പിക്കുകയായിരിക്കും ചെയ്യുന്നത്. അത് എങ്ങിനെയാണെന്ന് നാം വഴിയേ മനസിലാക്കുന്നതാണ്.
ആധുനിക സമ്പദ്ശാസ്ത്രത്തിന്റെ ഏറ്റവും അടിസ്ഥാന പ്രമാണമായി നിലകൊള്ളുന്നത് ആവശ്യങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ്. ആവശ്യങ്ങളുടെ നിര്‍മ്മിതി സാധ്യമാക്കിക്കഴിഞ്ഞാല്‍ പിന്നീട് എല്ലാ വസ്തുക്കളെയും ചരക്ക് (commodity) ആക്കി മാറ്റാന്‍ സാധിക്കും. ആശയങ്ങളെ, സങ്കല്പങ്ങളെ, മനുഷ്യ ബന്ധങ്ങളെ, പ്രകൃതി വിഭവങ്ങളെ അങ്ങിനെ എന്തിനെയും ചരക്കാക്കി മാറ്റി അവ വിലകൊടുത്തു വാങ്ങേണ്ട ഉത്പന്നങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതിലൂടെയാണ് നാം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. മുന്‍കാലങ്ങളില്‍ മനുഷ്യര്‍ സാമൂഹികമായി നിര്‍വ്വഹിച്ചുപോന്ന എല്ലാ സേവനങ്ങളും ഇന്ന് വിലകൊടുത്തു വാങ്ങാവുന്ന ഉത്പന്നങ്ങളായി പരിണമിച്ചിരിക്കുന്നത് നമുക്ക് കാണാം. നമ്മുടെ ചുറ്റുവട്ടങ്ങളിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയാകും. വൃദ്ധജനപരിപാലനം, കുഞ്ഞുങ്ങളെ വളര്‍ത്തല്‍, പ്രസവശുശ്രൂഷ തുടങ്ങി എല്ലാ മാനുഷിക സേവനങ്ങളും ഇന്ന് വില നല്‍കി വാങ്ങാന്‍ കഴിയുന്ന സേവനങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. പ്രാകൃതികവും സാമൂഹികപരവും സാംസ്‌കാരികവുമായി പരസ്പരാശ്രിതത്വത്തില്‍ നിലനിന്നിരുന്ന ഒരു സമൂഹം തങ്ങളുടെ സഹകരണ മനോഭാവം കൈവെടിയുകയും ആദം സ്മിത്തിന്റെ ഭാഷയിലെ ‘സാമ്പത്തിക മനുഷ്യനായി’ മാറുകയും ചെയ്തതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്.
നമ്മുടെ സാമ്പത്തിക മൂല്യവ്യവസ്ഥ നല്‍കുന്ന മുന്‍ഗണനകള്‍, പരിഗണനകള്‍ എന്തെന്ന് മനസിലാക്കാന്‍ ഒരു ഉദാഹരണം കൂടി നമുക്ക് നോക്കാം. പ്രകൃതി വിഭവങ്ങളെയും അടിസ്ഥാന പാരിസ്ഥിതിക സേവനങ്ങളെയും അവ എങ്ങിനെ നോക്കിക്കാണുന്നുവെന്നും അവയുടെ മൂല്യവ്യവസ്ഥയില്‍ ഇത്തരം സംഗതികള്‍ക്ക് സ്ഥാനമില്ലെന്നും ഈ ഉദാഹരണം നമ്മെ ബോദ്ധ്യപ്പെടുത്തും.
നിലവിലുള്ള നാണയ സമ്പദ്‌വ്യവസ്ഥ വായ്പയെ ആശ്രയിച്ച് നില്‍ക്കുന്നതാണ്. വായ്പ, പലിശ എന്നിവയുടെ നിരന്തരമായ പ്രവര്‍ത്തനമില്ലാതെ അവയ്ക്ക് നിലനില്‍ക്കാന്‍ സാധ്യമല്ല. വായ്പ വാങ്ങുവാനും വായ്പയില്‍ നിലനിര്‍ത്തുവാനും അത് എല്ലായ്‌പോഴും ശ്രമിച്ചുകൊണ്ടിരിക്കും. കടാധിപത്യത്തെ (debtocracy) അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയാണ് ഇന്ന് ലോകമെങ്ങും നിലനില്‍ക്കുന്നതെന്ന് ചുരുക്കം. വായ്പ വാങ്ങാന്‍ ആളുകള്‍ ഇല്ലാതാകുന്ന ഒരു കാലം സംജാതമാകുന്നതോടെ ഈയൊരു സമ്പദ്‌വ്യവസ്ഥയുടെ അന്ത്യം സംഭവിക്കുകയും ചെയ്യും. വായ്പ വാങ്ങലിന്റെയും പലിശ നല്‍കലിന്റെയും ചാക്രികതയ്ക്ക് ഭംഗം വരുമ്പോഴാണ് ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുന്നത് എന്ന് കാണാം. കടാധിപത്യത്തിന്റെ മറ്റ് വശങ്ങള്‍ പിന്നീട് വിശദമായി നാം മനസിലാക്കാന്‍ ശ്രമിക്കുന്നതാണ്.
ഇനി നിങ്ങള്‍ ഇത്തരമൊരു സന്ദര്‍ഭം സങ്കല്പിച്ചു നോക്കുക:
നിങ്ങളുടെ കയ്യില്‍ പത്തേക്കര്‍ ഭൂമിയുണ്ട്. ഈ ഭൂമിയില്‍ ധാരാളം മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈയൊരാവശ്യാര്‍ത്ഥം വായ്പയ്ക്കായി തൊട്ടടുത്തുള്ള ബാങ്ക് മാനേജരെ നിങ്ങള്‍ കാണുന്നു.
നിങ്ങള്‍: സര്‍, എനിക്ക് പത്തേക്കര്‍ ഭൂമിയുണ്ട്. അതില്‍ ഒരു പതിനായിരത്തോളം മരങ്ങള്‍ വെച്ചുപിടിപ്പിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിലേക്കായി എനിക്ക് അഞ്ച് ലക്ഷം രൂപ വായ്പയായി അനുവദിച്ചുതരണം. ഈ മരങ്ങള്‍ ഇവിടുത്തെ പ്രകൃതിയിലേക്ക് നിരവധി സംഭാവനകള്‍ നല്‍കും. ശുദ്ധവായു, കിളികള്‍ക്ക് ഭക്ഷണവും താമസവും, അന്തരീക്ഷ കാര്‍ബണിന്റെ അളവ് ഈ ഹരിതമേഖല കുറയ്ക്കുന്നതായിരിക്കും. പ്രദേശത്തിന്റെ ജലവിതാനം ഇത് സംരക്ഷിക്കും. നിങ്ങളുടെ പദ്ധതി സമൂഹത്തിന് നല്‍കാവുന്ന നേട്ടങ്ങളെക്കുറിച്ച് നിങ്ങള്‍ മാനേജരോട് വാചാലനാകും.
നിങ്ങളുടെ സദുദ്യമത്തെ വ്യക്തിപരമായി പ്രോത്സാഹിപ്പിക്കാന്‍ മാനേജര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കൂടിയും വായ്പ നല്‍കുവാന്‍ മാനേജര്‍ തയ്യാറാകുകയില്ല. കാരണം, വായ്പ തിരിച്ചടക്കുവാനുള്ള നിങ്ങളുടെ ശേഷി മാനേജരെ ബോദ്ധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതുതന്നെ.
ഇനി ഇതേ സ്ഥലത്ത് മറ്റൊരു പദ്ധതിയുമായി നിങ്ങള്‍ ചെല്ലുന്നു. മാനേജരോട് നിങ്ങള്‍ പറയുന്നു.
സര്‍, എനിക്ക് പത്തേക്കര്‍ ഭൂമിയുണ്ട്. അതില്‍ ഏതാണ്ട് പതിനായിരത്തോളം മരങ്ങളുണ്ട്. അത് വെട്ടി തടികളാക്കി മാര്‍ക്കറ്റിലെത്തിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിലേക്കായി എനിക്ക് അഞ്ച് ലക്ഷം രൂപ വായ്പയായി അനുവദിക്കണം. ഏറ്റവും നല്ല തുക പലിശയിനത്തില്‍ ബാങ്കിന് ലഭിക്കുന്നതായിരിക്കും. ഇത്ര കാലത്തിനുള്ളില്‍ ഞാന്‍ വായ്പ തിരിച്ചടയ്ക്കുന്നതായിരിക്കും. മാനേജര്‍ നിങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
ഈ രണ്ട് സന്ദര്‍ഭങ്ങളെയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ നമുക്ക് മനസിലാകുന്ന കാര്യം നിലവിലുള്ള സമ്പദ്‌വ്യവസ്ഥ ചരക്കുകളെയും സേവനങ്ങളെയും നിര്‍വ്വചിച്ചിരിക്കുന്ന രീതിശാസ്ത്രമാണ്. മനുഷ്യന്‍ സ്വതാല്‍പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ജീവിയാണെന്നും ഈ സ്വതാല്‍പര്യങ്ങള്‍, നിലനില്‍ക്കുന്ന നാണയ വ്യവസ്ഥയുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്നും ഉള്ള സാമ്പ്രദായിക സമ്പദ്ശാസ്ത്ര ബോദ്ധ്യങ്ങള്‍ ഇവിടെ അരക്കെട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്.
മരങ്ങള്‍ പ്രകൃതിയിലും സമൂഹത്തിലും നല്‍കുന്ന സേവനങ്ങളെ സാമ്പത്തിക ബന്ധങ്ങളിലേക്ക് മുതല്‍ക്കൂട്ടായി പരിഗണിക്കാന്‍ സമ്പദ്‌വ്യവസ്ഥ അനുവദിക്കുന്നില്ല. പ്രകൃതി മനുഷ്യന് നല്‍കുന്ന പാരിസ്ഥിതിക സേവനങ്ങള്‍ ഒരു കച്ചവട ചരക്കായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തിടത്തോളം അവ സമ്പദ്ഘടനയ്ക്ക് ഒരു സംഭാവനയും നല്‍കുന്നില്ല. ശുദ്ധജലവും, കുളിര്‍കാറ്റും, നിലാവും, തണല്‍മരങ്ങളും നല്‍കുന്ന സേവനങ്ങളെ ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്റെ കണക്കു പുസ്തകത്തില്‍ ചേര്‍ക്കാന്‍ സാധിക്കാത്തിടത്തോളം അവ പടിക്ക് പുറത്തുതന്നെ. മരങ്ങള്‍ വെട്ടി തടികളാക്കി വിവിധ ഉരുപ്പടികളാക്കി മാറ്റുമ്പോള്‍ അവിടെ സാമ്പത്തിക ക്രയവിക്രയം സാധ്യമാകുന്നു. ശുദ്ധജലം പ്രകൃതിയില്‍ സുലഭമായി ലഭിക്കുന്നത് നമ്മുടെ സമ്പദ്ഘടനയില്‍ മാറ്റങ്ങളൊന്നുമുണ്ടാക്കുന്നില്ല. അവ കുപ്പികളിലടച്ച് വിലനിശ്ചയിച്ച് വിപണിയിലൂടെ ഉപഭോക്താവിന്റെ കൈകളിലേക്ക് ചെന്നെത്തുമ്പോള്‍ നമ്മുടെ സമ്പദ്ഘടന വികസിക്കുകയായി. ശുദ്ധവായു ഓക്‌സിജന്‍ പാര്‍ലറുകളിലൂടെ ലഭ്യമാക്കുമ്പോള്‍ അവ വില്‍ക്കാന്‍ സാധിക്കുന്ന ചരക്കായി മാറുന്നു.
ഒരു സമൂഹം പരസ്പര സഹകരണത്തില്‍, സന്തോഷത്തോടും ആത്മാഭിമാനത്തോടും ചെയ്യുന്ന ഒരു പ്രവൃത്തിയും നിലവിലുള്ള സമ്പദ്‌വ്യവസ്ഥയില്‍ പരിഗണനാ വിഷയമാകില്ല എന്നത് വസ്തുതയാണ്. അറിവും ആത്മാഭിമാനവും, സംതൃപ്തിയും സന്തോഷവും, ധീരതയും സഹാനുഭൂതിയും, സഹകരണവും ഒത്തൊരുമയും വിലകൊടുത്തുവാങ്ങാന്‍ കഴിയാത്ത ചരക്കുകളാകാത്തിടത്തോളം സമ്പദ്‌വ്യവസ്ഥയില്‍ അവയ്ക്ക് സ്ഥാനമില്ല തന്നെ. അതുകൊണ്ടുതന്നെ ആശയങ്ങളെ ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിലും, കുഞ്ഞുങ്ങളില്‍ സ്വാഭാവികമായി ഉയര്‍ന്നുവരേണ്ട കൗതുകങ്ങളെ, അന്വേഷണത്വരകളെ, സങ്കല്പങ്ങളെ വീഡിയോ ഗെയിമുകളായും മനുഷ്യബന്ധങ്ങളെ പണം നല്‍കി വാങ്ങാവുന്ന സേവനങ്ങളായും മാറ്റാന്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ അനുവദിക്കുന്നു.