(വോട്ടുകൊള്ളക്കെതിരെ ഇന്‍ഡ്യ സഖ്യം സംഘടിപ്പിച്ച ചലോ ദില്ലി മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം)
‘മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ജി, സോണിയാ ഗാന്ധി ജി, മമത ബാനര്‍ജി ജി, അഖിലേഷ് യാദവ് ജി, തേജസ്വി യാദവ് ജി, ഫാറൂഖ് അബ്ദുള്ള ജി, വേദിയിലുള്ള ഇന്ത്യാ സഖ്യത്തിന്റെ നേതാക്കളെ, സിവില്‍ സൊസൈറ്റിയില്‍ നിന്ന് എത്തിച്ചേര്‍ന്നവരെ, സഹോദരീ സഹോദരന്മാരെ, മാധ്യമ സുഹൃത്തുക്കളെ… നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദ്യമായ സ്വാഗതം.
നിങ്ങളെല്ലാവരും ഇവിടെ നടന്നെത്തി. ലക്ഷക്കണക്കിന് ആളുകള്‍ ഒന്നിച്ച് ഇവിടെ നടന്നെത്തി. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനും ഒരു സന്ദേശം അയക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചു; ആ സന്ദേശം നിങ്ങള്‍ അയച്ചുകഴിഞ്ഞു. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ശബ്ദമല്ല; ഇത് വെറും നേതാക്കളുടെ ശബ്ദവുമല്ല. ഇത് ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദമാണ്, കര്‍ഷകരുടെ ശബ്ദമാണ്, തൊഴിലാളികളുടെ ശബ്ദമാണ്. ഇന്ത്യയില്‍ ജനാധിപത്യം തകരാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നാണ് ഈ ശബ്ദം പറയുന്നത്. നമ്മള്‍ ഭരണഘടനയെ നശിപ്പിക്കാന്‍ അനുവദിക്കില്ല. നിങ്ങള്‍ നിങ്ങളെ എത്ര വലിയവരായി കരുതിയാലും, നിങ്ങളുടെ പക്കല്‍ എത്ര പണമുണ്ടായാലും, എത്ര അധികാരമുണ്ടായാലും, നിങ്ങള്‍ ആരായാലും ഭരണഘടനയേക്കാള്‍ വലിയവനല്ല – ഭരണഘടനയാണ് നിങ്ങളേക്കാള്‍ വലുത്.
സഹോദരീ സഹോദരന്മാരെ, വര്‍ഷങ്ങളായി ഈ രാജ്യത്ത് വോട്ട് കൊള്ള നടക്കുന്നു. മമത ജി ബംഗാളിന്റെ ഉദാഹരണം പറഞ്ഞു. മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക, കൂടാതെ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ്-എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് കൊള്ള നടന്നു. ഇവിഎമ്മുകള്‍ ഉപയോഗിച്ച് വോട്ട് കവര്‍ന്നു; വോട്ടര്‍പട്ടികയില്‍ നിന്ന് ആളുകളെ വെട്ടിമാറ്റിയും കൃത്രിമമായി ചേര്‍ത്തും വോട്ട് മോഷ്ടിച്ചു. ഒരു ചെറിയ ഉദാഹരണം ഞാന്‍ തരാം. 2024-ലെ തെരഞ്ഞെടുപ്പിന് ശേഷം 13.5 കോടി വോട്ടര്‍മാരെയാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. അതായത് 130 ദശലക്ഷം വോട്ടര്‍മാരെ പുറത്താക്കി. 2024-ലെ തെരഞ്ഞെടുപ്പിന് ശേഷം ഓരോ ഏഴ് വോട്ടര്‍മാരിലും ഒരാളെ വീതം നീക്കം ചെയ്തു. രാജ്യത്തെ 15% വോട്ടര്‍മാരെയാണ് 2024-ലെ തെരഞ്ഞെടുപ്പിന് ശേഷം ഒഴിവാക്കിയത്. 2024-ല്‍ എന്‍ഡിഎയും ഞങ്ങളും തമ്മില്‍ വെറും 3% വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ; അതിനുശേഷമാണ് 15% വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയത്. ഇതിനര്‍ത്ഥം 2024-ലെ തെരഞ്ഞെടുപ്പ് ഒരു അനധികൃത തെരഞ്ഞെടുപ്പായിരുന്നു, കള്ളത്തരത്തിന്റെ തെരഞ്ഞെടുപ്പായിരുന്നു എന്നാണ്. ഇത് പറയുന്നത് ഞാനല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ്-കാരണം 2024-ലെ പട്ടികയില്‍ നിന്ന് 13 കോടി വോട്ടര്‍മാരെ നീക്കം ചെയ്തത് അവരാണ്.
ഈ വേദിയില്‍ നിന്ന് ഞാന്‍ നിങ്ങളോട് പറയുന്നു: ലോകത്തിലെ ഒരു ശക്തിക്കും… ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കൂ, ഞാന്‍ പറയുന്നത് എപ്പോഴും സത്യമായി വരാറില്ലേ? കോവിഡിനെക്കുറിച്ച് ഞാന്‍ പറഞ്ഞു, അത് സത്യമായി. ഈ വേദിയില്‍ നിന്ന് ഞാന്‍ രാജ്യത്തെ ഓരോ പൗരനോടും യുവാവിനോടും പറയുന്നു-ഗ്യാനേഷ് കുമാര്‍ സിഇസി (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍) സ്ഥാനത്ത് നിന്ന് പുറത്താകും, ഗ്യാനേഷ് കുമാര്‍ ഇന്ത്യയില്‍ ജയിലില്‍ പോകും. ഇത് എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കണം; ഇത് സാധാരണ മോഷണമല്ല. കടയില്‍ നിന്ന് ചെറിയ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെല്ലാം ആളുകള്‍ ജയിലില്‍ പോകുന്നുണ്ട്. സഹോദരീ സഹോദരന്മാരെ, ഇത് അങ്ങനെയുള്ള സാധാരണ മോഷണമല്ല; ഇത് ഇന്ത്യയിലെ ഓരോ പൗരന്റെയും ശബ്ദത്തെയാണ് മോഷ്ടിച്ചത്. ഓരോ പൗരന്റെയും അഭിപ്രായപ്രകടനത്തെയാണ് കവര്‍ന്നത്. നിയമപരമായ ഭാഷയില്‍ ഇതിനെ ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്’ എന്ന് വിളിക്കാം. ഇത് രാജ്യദ്രോഹമാണ്, ‘ട്രീസണ്‍’ ആണ്. ഗ്യാനേഷ് കുമാര്‍ ഇല്ലാതെ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലായിരുന്നു; അമിത് ഷാ ആഭ്യന്തര മന്ത്രിയുമാകില്ലായിരുന്നു.
ഈ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചെടുത്തിരിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സിബിഐ, ഇഡി, ജുഡീഷ്യറി, ബ്യൂറോക്രസി, പോലീസ് തുടങ്ങി നിങ്ങളുടെ സ്ഥാപനങ്ങളായ സര്‍വ്വതിനെയും അവര്‍ കൈപ്പിടിയിലൊതുക്കി. അത് നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ ആര്‍എസ്എസിന്റെയോ സ്വത്തല്ല; അത് ഇന്ത്യയിലെ യുവാക്കളുടെ സ്ഥാപനങ്ങളാണ്. ഇതെല്ലാം അവര്‍ പിടിച്ചടക്കിവെച്ചിരിക്കുന്നു. എന്താണ് ഇതിന്റെ അനന്തരഫലം? കര്‍ഷകന് അവന്റെ അവകാശം ലഭിക്കുന്നില്ല, യുവാക്കള്‍ക്ക് തൊഴിലില്ല, തൊഴിലാളിക്ക് അര്‍ഹതപ്പെട്ടത് കിട്ടുന്നില്ല. രാജ്യത്തിന്റെ മുഴുവന്‍ സമ്പത്തും രണ്ടോ മൂന്നോ വ്യക്തികളുടെ കൈകളിലേക്ക് പോയിരിക്കുന്നു-അംബാനിയും അദാനിയും. അവര്‍ എന്ത് സ്വപ്നം കാണാന്‍ ആഗ്രഹിച്ചാലും കാണാം; അവരുടെ ആയിരക്കണക്കിനും ലക്ഷക്കണക്കിനും കോടി രൂപയുടെ കടങ്ങള്‍ ഒരു നിമിഷം കൊണ്ട് എഴുതിത്തള്ളുന്നു. എന്നാല്‍ ഒരു കര്‍ഷകന്റെയോ തൊഴിലാളിയുടെയോ ചെറുകിട വ്യാപാരിയുടെയോ മകന്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാന്‍ വൈകിയാല്‍ രണ്ട് മിനിറ്റിനുള്ളില്‍ അവനെ ജയിലിലടയ്ക്കുന്നു, മര്‍ദ്ദിച്ച് ജയിലില്‍ തള്ളുന്നു. അങ്ങനെയൊരു ഇന്ത്യ ഞങ്ങള്‍ക്ക് ആവശ്യമില്ല, അങ്ങനെയൊരു ഇന്ത്യയെ ഞങ്ങള്‍ അംഗീകരിക്കുകയുമില്ല.
സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ ശിവന്റെ ഘോഷയാത്രയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ശിവന്റെ ഘോഷയാത്രയില്‍ ആര്‍ക്കും പോകാം; പോകാന്‍ കഴിയില്ലേ? അതില്‍ എല്ലാ ജീവജാലങ്ങള്‍ക്കും പങ്കെടുക്കാം. ആ താണ്ഡവത്തില്‍ ചെന്ന് ആര്‍ക്കും നൃത്തം ചെയ്യാം; ശരിയല്ലേ? ആ താണ്ഡവത്തില്‍ എപ്പോഴെങ്കിലും ‘നിനക്ക് വരാന്‍ കഴിയില്ല’ എന്ന് ആരെങ്കിലും പറയാറുണ്ടോ? ആരെയും തടയാന്‍ സാധിക്കുമോ? ഇല്ല. അങ്ങനെയുള്ളൊരു ഇന്ത്യയാണ് നമുക്ക് വേണ്ടത്. കര്‍ഷകന്‍ അധ്വാനിച്ചാല്‍ അവനും തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയണം. രാജ്യത്തിന് രക്തവും വിയര്‍പ്പും നല്‍കി അവന്‍ അന്നം തരുമ്പോള്‍ ആ അധ്വാനത്തിന്റെ ഫലം അവന് ലഭിക്കണം. ഒരു വിദ്യാര്‍ത്ഥി 18 മണിക്കൂര്‍ പഠിച്ചാല്‍ ആ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലം അവന് ലഭിക്കണം, അവന് ജോലി കിട്ടണം. രണ്ടോ മൂന്നോ ആളുകളുടെ രാജ്യം നമുക്ക് ആവശ്യമില്ല. അദാനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം, വിദ്യാഭ്യാസ രംഗം പിടിച്ചെടുക്കാം, ആരോഗ്യരംഗം കൈക്കലാക്കാം, എല്ലാ വിമാനത്താവളങ്ങളും റെയില്‍വേയും ഇന്‍ഫ്രാസ്ട്രക്ചറും കവര്‍ന്നെടുക്കാം, വൈദ്യുതി ശൃംഖല കൊണ്ടുപോകാം… ആ പറക്കുന്ന ഡ്രോണും അദാനിയുടേതാണ്, മൊബൈല്‍ ഫോണും അദാനിയുടേതാണ്, ആയുധങ്ങളും അദാനിയുടേതാണ്, എല്ലാം അദാനിയുടെ മാത്രം! അങ്ങനെയൊരു രാജ്യം നമുക്ക് ആവശ്യമില്ല; അതിന് ഞങ്ങള്‍ അനുവദിക്കില്ല, ഒരിക്കലും അനുവദിക്കില്ല.
ഈ രാജ്യത്തെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആദ്യപടി ഈ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്നതാണ്. നരേന്ദ്ര മോദി എങ്ങോട്ടും പോകുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ഞാന്‍ നിങ്ങളോട് തിരിച്ചൊരു കാര്യം പറയാം: നരേന്ദ്ര മോദിക്ക് എങ്ങോട്ടും പോകാന്‍ കഴിയില്ല. പോകാന്‍ ശ്രമിച്ചാലും ഞങ്ങള്‍ അദ്ദേഹത്തെ പോകാന്‍ അനുവദിക്കില്ല. നരേന്ദ്ര മോദി ജീ, അമിത് ഷാ ജീ, നിങ്ങള്‍ ഒരുകാര്യം മനസ്സിലാക്കുക: ഗ്യാനേഷ് കുമാറിന് ശേഷം ഞങ്ങള്‍ നിങ്ങളുടെ മുന്നിലാണ് വന്നുനില്‍ക്കാന്‍ പോകുന്നത്. നിങ്ങള്‍ നടത്തിയ വോട്ട് കൊള്ള ആരും മറക്കില്ല; നിങ്ങള്‍ എങ്ങോട്ടും രക്ഷപ്പെടില്ല. നിങ്ങള്‍ക്കെതിരെ, നരേന്ദ്ര മോദിക്കെതിരെ, അമിത് ഷായ്‌ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകും. രാജ്യത്തിന് നീതി ലഭിക്കും. നിങ്ങള്‍ നടത്തിയ വോട്ട് കൊള്ളയ്ക്കും അദാനിക്ക് രാജ്യത്തെ വിറ്റതിനും ഈ രാജ്യം നിങ്ങളോട് നീതി ചോദിക്കും, നോക്കിക്കോളൂ. ഓടിപ്പോകാന്‍ ചിന്തിക്കുകയേ വേണ്ട; നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. നിങ്ങള്‍ ഇവിടെത്തന്നെ കാണും. നിങ്ങള്‍ക്കെതിരെ, അമിത് ഷായ്‌ക്കെതിരെ, ഗ്യാനേഷ് കുമാറിനെതിരെ കര്‍ശന നടപടി ഉണ്ടാകും, തീര്‍ച്ചയായും ഉണ്ടാകും!
പക്ഷേ മറ്റൊരു കാര്യം കൂടി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം നോക്കൂ. നിങ്ങള്‍ കോണ്‍ഗ്രസുകാരോ പ്രതിപക്ഷക്കാരോ ആകട്ടെ, ഒരു കാര്യം മനസ്സിലാക്കണം: ഈ രാജ്യം വിദ്വേഷത്തിന്റേതല്ല. നമ്മള്‍ നരേന്ദ്ര മോദിയെ വെറുക്കുന്നില്ല, അമിത് ഷായെ വെറുക്കുന്നില്ല, ഗ്യാനേഷ് കുമാറിനെയും വെറുക്കുന്നില്ല. ഞങ്ങള്‍ സ്‌നേഹത്തിന്റെ അങ്ങാടി (മൊഹബത്ത് കി ദുകാന്‍) തുറക്കുന്ന ആളുകളാണ്. ഞങ്ങള്‍ അക്രമത്തിന്റെ ആളുകളല്ല, ഞങ്ങള്‍ അഹിംസയുടെ പക്ഷത്തുള്ളവരാണ്. എന്നാല്‍ നരേന്ദ്ര മോദി ജീ, അമിത് ഷാ ജീ, ഗ്യാനേഷ് കുമാര്‍ ജീ… നിങ്ങള്‍ ഈ രാജ്യത്തിന്റെ ആത്മാവിനെ ആക്രമിച്ചു; രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും നിങ്ങള്‍ ആക്രമിച്ചു. ഇത് അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങളെ സംബന്ധിച്ച്, എന്നെ സംബന്ധിച്ച് ആരും ശത്രുക്കളല്ല. നരേന്ദ്ര മോദിയോ അമിത് ഷായോ ഗ്യാനേഷ് കുമാറോ എനിക്ക് ശത്രുക്കളല്ല. എന്നാല്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനം, മതത്തേക്കാള്‍ പ്രധാനം, ഇന്ത്യയിലെ ഓരോ പൗരന്റെയും ശബ്ദമാണ്.
എന്റെ മതം എന്താണെന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ പറയും: ഇന്ത്യയിലെ ഓരോ പൗരന്റെയും ശബ്ദം ഉയര്‍ന്നു കേള്‍ക്കണം, അതാണ് എന്റെ മതം. അത് നരേന്ദ്ര മോദിയായാലും അമിത് ഷായായാലും ഗ്യാനേഷ് കുമാറായാലും ആര്‍എസ്എസുകാരായാലും ശരി, ഞങ്ങള്‍ അവര്‍ക്കെതിരെ അക്രമം നടത്തില്ല; ഞങ്ങള്‍ അവരെ ഉപദ്രവിക്കില്ല, വെട്ടിമുറിക്കില്ല, വെറുപ്പ് പടര്‍ത്തുകയുമില്ല. ഞങ്ങള്‍ സ്‌നേഹത്തോടെ പ്രവര്‍ത്തിക്കും. എന്നാല്‍ ഭരണഘടനയെ നശിപ്പിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല-എന്ത് സംഭവിച്ചാലും അനുവദിക്കില്ല. ഇതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം. നമ്മുടെ ധര്‍മ്മം പറയുന്നത് ആരും ശത്രുക്കളല്ല എന്നാണ്; ആരോടും വിദ്വേഷം പാടില്ല, എല്ലാവരില്‍ നിന്നും പഠിക്കണം, സ്‌നേഹത്തോടെ പ്രവര്‍ത്തിക്കണം, ഓരോ വ്യക്തിയുടെയും ശബ്ദത്തെ സംരക്ഷിക്കണം. ശിവന്റെ ഘോഷയാത്രയെക്കുറിച്ച് ഞാന്‍ പറഞ്ഞതുപോലെ, ഗാന്ധിജി പറഞ്ഞിരുന്നു: ഏറ്റവും അറ്റത്ത്, വരിയിലെ അവസാനത്തില്‍ നില്‍ക്കുന്ന വ്യക്തിയുടെ ശബ്ദമാണ് ഏറ്റവും പ്രധാനം എന്ന്. അതാണ് ഞങ്ങള്‍ പറയുന്നത്. ഇന്ത്യയിലെ വരിയില്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ആളിന്റെ ശബ്ദം നാം സംരക്ഷിക്കണം-അവന്‍ ഹിന്ദുവോ മുസ്ലിമോ സിഖോ ആദിവാസിയോ ദളിതനോ സ്ത്രീകളോ ഭിന്നശേഷിക്കാരോ ആരായാലും ശരി, എല്ലാവരെയും നാം കാത്തുസൂക്ഷിക്കണം. വിദ്വേഷം തുടച്ചുനീക്കണം. നരേന്ദ്ര മോദിയും അമിത് ഷായും ആര്‍എസ്എസും ഈ രാജ്യത്ത് വിദ്വേഷം പരത്തിയിരിക്കുന്നു. ഈ വിദ്വേഷം രാജ്യത്തിനും രാജ്യത്തിന്റെ ആത്മാവിനും കനത്ത പരിക്കേല്‍പ്പിക്കുന്നു. രാജ്യം ഉറക്കെ നിലവിളിക്കുന്നു, ഈ ജനക്കൂട്ടം ആക്രോശിക്കുന്നു: ഞങ്ങള്‍ക്ക് വിദ്വേഷം വേണ്ട, സ്‌നേഹം വേണം, സാഹോദര്യം വേണം, ശത്രുത വേണ്ട, സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഒരു രാജ്യമാണ് ഞങ്ങള്‍ക്ക് വേണ്ടത്!
അതാണ് ഞങ്ങള്‍ ചെയ്തു കാണിക്കാന്‍ പോകുന്നത്. വെറും നേതാക്കളല്ല, ഞാനല്ല, ഇന്ത്യയിലെ ഓരോ യുവാവും ഓരോ ആത്മാവും ഓരോ പൗരനും സ്‌നേഹമാണ് ആഗ്രഹിക്കുന്നത്. സ്‌നേഹത്തിന്റെ കട വീണ്ടും തുറക്കാന്‍ പോകുന്നു; ഒരിക്കല്‍ക്കൂടി ഈ രാജ്യം നേര്‍വഴിയിലൂടെ സഞ്ചരിക്കാന്‍ പോകുന്നു. നിങ്ങള്‍ ഇവിടെ വന്നു; വളരെ സ്‌നേഹത്തോടും സമാധാനത്തോടും കൂടി നിങ്ങള്‍ കാര്യങ്ങള്‍ ചെയ്തു. നിങ്ങള്‍ ഒരു സന്ദേശം നല്‍കിയിരിക്കുന്നു-നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനും മാത്രമല്ല. ഞാന്‍ നിങ്ങളോട് പറയട്ടെ, ആ പാവം ഗ്യാനേഷ് കുമാറിന് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. എനിക്ക് വിഷമം തോന്നുന്നുണ്ട്, ഗ്യാനേഷ് കുമാര്‍ പേടിച്ചിരിക്കുകയാണ്, രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍ അവന്‍ ചെയ്തത് വലിയൊരു കുറ്റകൃത്യമാണ്; രാജ്യത്തിന്റെ ആത്മാവിനെയും ശബ്ദത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു, രാജ്യത്തിന്റെ തൊണ്ട ഞെരിച്ചു. അതുകൊണ്ടാണ് രാത്രി അവന് ഉറക്കം വരാത്തത്. ഞാന്‍ തുറന്നു പറയാം, നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പോലും ഇപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. എന്നാല്‍ നമ്മള്‍ വിദ്വേഷത്തിന്റെ ആളുകളല്ല, ശത്രുതയുള്ളവരല്ല; നമ്മള്‍ സ്‌നേഹത്തിന്റെ ആളുകളാണ്. ഈ രാജ്യത്തേക്ക് സ്‌നേഹവും സാഹോദര്യവും തിരികെ കൊണ്ടുവരാന്‍ നാം ആഗ്രഹിക്കുന്നു. വീണ്ടും ഈ രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ നാം ആഗ്രഹിക്കുന്നു.
ഞാന്‍ ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി പറയുന്നു. ഈ പ്രതിഷേധം ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ല, ഒരു നേതാവിന്റേതുമല്ല. ഇതൊരു പൊതുപ്രതിഷേധമാണ്, ഇതില്‍ എല്ലാവരും പങ്കാളികളാണ്. ഇത് ഇന്ത്യയുടെ പ്രതിഷേധമാണ്, ഇന്ത്യയുടെ ശബ്ദമാണ്, ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ശബ്ദമാണ്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ജയ് ഹിന്ദ്!’
(പരിഭാഷ ബഷീര്‍ സിവി, തിരൂര്‍)
