November 23 Monday 2026

കാമ്പസിലെ കൊടികൾക്ക് മീതെ ജനാധിപത്യമില്ലേ?

ചോദ്യം ചോദിക്കണം. വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിക്കണം. ചോദ്യങ്ങൾ ഉണ്ടാകുമ്പോഴാണ് അവർ യഥാർഥത്തിൽ വിദ്യാർത്ഥികളാകുന്നത്. അറിവിന്റെ ആദ്യപടി സംശയമാണ്; ജനാധിപത്യത്തിന്റെ ആദ്യപടി ചോദ്യമാണ്. ചോദ്യങ്ങളില്ലാത്ത സമൂഹം ചിന്താശേഷി മരവിച്ച സമൂഹമാണ്. അധികാരത്തോട് ചോദ്യം ചോദിക്കാൻ ഭയപ്പെടുന്നവർ ക്രമേണ അധികാരത്തിന്റെ വിധേയരായി മാറും. എന്നാൽ, ചോദ്യം ചോദിക്കുമ്പോൾ പരസ്പര ബഹുമാനവും ജനാധിപത്യ മര്യാദയും കൈവിടാതിരിക്കാനുള്ള വിവേകവും വേണം. വിമർശനം വ്യക്തിഹത്യയാകരുത്; പ്രതിഷേധം ഹിംസയാകരുത്. അതേസമയം, അധികാരത്തിന്റെ അഹങ്കാരത്തിന് മുന്നിൽ വിനയത്തിന്റെ പേരിൽ മൗനം പാലിക്കേണ്ടതുമില്ല.

‘ഞങ്ങൾക്കു മീതെ ആര്?’ എന്ന അധികാരബോധമാണ് ചോദ്യങ്ങളുടെ മൂർച്ചയൊടിക്കുന്നത്. ഈ മനോഭാവം രാഷ്ട്രീയ നേതൃത്വത്തിൽ മാത്രമല്ല, വിദ്യാർത്ഥി സംഘടനകളിലും വളരുന്നത് ജനാധിപത്യത്തിന് അപകടകരമാണ്. ഒരു സംഘടനയ്ക്ക് അംഗബലമുണ്ടെന്നതുകൊണ്ടോ രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയ പിന്തുണയുണ്ടെന്നതുകൊണ്ടോ മറ്റുള്ളവരുടെ അവകാശങ്ങൾക്കു മീതെ അധികാരം സ്ഥാപിക്കാനാവില്ല. കാമ്പസുകൾ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും സ്വകാര്യ സ്വത്തല്ല. അവിടെ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും അഭിപ്രായം പറയാനും വിയോജിക്കാനും ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്.

അലൻ, താഹ എന്നീ രണ്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയപ്പോൾ ഉയരേണ്ടിയിരുന്ന ചോദ്യങ്ങൾ ഇന്നും പ്രസക്തമാണ്. വിദ്യാർത്ഥികളുടെ രാഷ്ട്രീയാഭിപ്രായങ്ങളെയും ആശയങ്ങളെയും കുറ്റകരമാക്കുന്ന ഭരണകൂട നടപടികളെ ചോദ്യം ചെയ്യാൻ കഴിയാത്തവർ ഇന്ന് മറ്റുള്ളവരുടെ പ്രതിഷേധങ്ങളെ ജനാധിപത്യവിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നതിൽ എന്ത് ധാർമികതയാണുള്ളത്? അന്ന് ചോദ്യം ചെയ്യാതിരുന്നവർ ഇന്ന് ചോദ്യം ചോദിക്കുന്നവരുടെ രാഷ്ട്രീയ നിലപാട് പരിശോധിക്കുന്നതിൽ എന്ത് ആത്മാർഥതയാണുള്ളത്? മനുഷ്യാവകാശം സ്വന്തം രാഷ്ട്രീയപക്ഷത്തുള്ളവർക്ക് മാത്രമുള്ള ആനുകൂല്യമല്ല. അധികാരത്തോട് വിയോജിക്കുന്നവർക്കും അതേ അവകാശമുണ്ട്.

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളും ഇതേ ചോദ്യം ഉയർത്തുന്നു. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയപരമായ ഇടപെടലുകളെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുമ്പോൾ, പദ്ധതിയുടെ വ്യവസ്ഥകളും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തിനുമേലുള്ള പ്രത്യാഘാതങ്ങളും തുറന്ന ചർച്ചയ്ക്ക് വിധേയമാക്കേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ ധാരണകളുടെ പേരിൽ വിദ്യാഭ്യാസ നയങ്ങൾ പൊതുസമൂഹത്തിന്റെ പരിശോധനയ്ക്ക് അതീതമാകരുത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ അജണ്ടയെ വിമർശിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ നടപടികളെയും അതേ ജനാധിപത്യ മാനദണ്ഡത്തിൽ പരിശോധിക്കണം. വിദ്യാഭ്യാസം രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള അധികാരവിനിമയത്തിന്റെ വിഷയമല്ല; അത് ഒരു തലമുറയുടെ ഭാവിയെ നിർണയിക്കുന്ന പൊതുസമ്പത്താണ്.

കണ്ണൂർ സർവകലാശാലയിലെ പാഠ്യപദ്ധതിയിൽ ഹിന്ദുത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെച്ചൊല്ലിയുണ്ടായ വിവാദവും മറ്റൊരു ഉദാഹരണമാണ്. സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യവും പാഠ്യപദ്ധതിയുടെ ബൗദ്ധിക നിലവാരവും രാഷ്ട്രീയ സ്വാധീനങ്ങളിൽനിന്ന് സംരക്ഷിക്കപ്പെടണം. ഒരു ആശയധാരയെ വിമർശിക്കുമ്പോൾ മറ്റൊരു ആശയധാരയുടെ രാഷ്ട്രീയ ഇടപെടലുകൾക്ക് ന്യായീകരണം കണ്ടെത്തുന്നത് വിമർശനമല്ല, രാഷ്ട്രീയ സൗകര്യവാദമാണ്. മറ്റൊരാളെ ചൂണ്ടിക്കാട്ടി ഹിന്ദുത്വവാദിയെന്ന് ആക്രോശിക്കുന്നവർ സ്വന്തം രാഷ്ട്രീയ നിലപാടുകളെയും നടപടികളെയും പരിശോധിക്കാൻ തയ്യാറാകണം.

വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ കാര്യത്തിലും കേരളത്തിൽ ഒരേ ജനാധിപത്യ മാനദണ്ഡമാണോ എല്ലാവർക്കും ബാധകമാകുന്നത് എന്ന ചോദ്യം ഉയരുന്നു. ഒരു മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ വിദ്യാർത്ഥികൾക്കെതിരെ വധശ്രമം പോലുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയപ്പോൾ പ്രതിഷേധത്തിന്റെ സ്വഭാവവും നിയമനടപടിയും വലിയ ചർച്ചയായി. എന്നാൽ, മറ്റൊരു മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ സമാനമായ രാഷ്ട്രീയ മാനദണ്ഡങ്ങൾ പ്രയോഗിക്കപ്പെടുന്നുണ്ടോ? നിയമം രാഷ്ട്രീയ നിറം നോക്കി പ്രവർത്തിക്കരുത്. പ്രതിഷേധം ഭരണപക്ഷത്തിന്റേതായാലും പ്രതിപക്ഷത്തിന്റേതായാലും നിയമത്തിന്റെ പരിധിയും വ്യക്തികളുടെ അവകാശങ്ങളും ഒരുപോലെ ബാധകമാണ്. രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് പ്രതിഷേധത്തിന്റെ കുറ്റവും നിരപരാധിത്വവും നിർണയിക്കുന്ന രീതി ജനാധിപത്യത്തെ പരിഹാസ്യമാക്കും.

മഹാരാജാസ് കോളേജിലെ സംഭവം ഈ രാഷ്ട്രീയ വൈരുധ്യങ്ങളുടെ ഏറ്റവും പ്രകടമായ ഉദാഹരണമായി മാറുന്നു. ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് പ്രതിഷേധത്തിന്റെ രാഷ്ട്രീയമല്ല; അതിന്റെ ജനാധിപത്യപരമായ അതിരുകളാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്. മന്ത്രിയുടെ നയങ്ങളെയും നിലപാടുകളെയും ചോദ്യം ചെയ്യാം. മന്ത്രിയുടെ സന്ദർശനത്തിനെതിരെ കരിങ്കൊടി കാണിക്കാം, മുദ്രാവാക്യം വിളിക്കാം, പ്രതിഷേധസമരം നടത്താം. എന്നാൽ, അതിന്റെ പേരിൽ മറ്റു വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങ് തടസ്സപ്പെടുത്തുന്നതും മന്ത്രിയെ തടയുന്നതും എങ്ങനെയാണ് ജനാധിപത്യ പ്രതിഷേധമാകുന്നത്?

വർഷങ്ങളോളം പഠിച്ച് പരീക്ഷകൾ വിജയിച്ച് ബിരുദത്തിന് അർഹത നേടിയ വിദ്യാർത്ഥികൾ അവരുടെ അക്കാദമിക നേട്ടത്തിന്റെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു. അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു ബിരുദദാനച്ചടങ്ങ്. ആ ചടങ്ങിൽ പങ്കെടുക്കാനും ബിരുദം സ്വീകരിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം ആ നിമിഷം പങ്കിടാനും അവർക്കുള്ള അവകാശം ഒരു രാഷ്ട്രീയ സംഘടനയുടെ സമരപരിപാടിക്ക് കീഴ്പ്പെടേണ്ടതുണ്ടോ? സ്വന്തം രാഷ്ട്രീയ പ്രതിഷേധം രേഖപ്പെടുത്താൻ മറ്റൊരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ സുപ്രധാനമായ അക്കാദമിക മുഹൂർത്തം തടസ്സപ്പെടുത്താൻ ആർക്കാണ് അധികാരം നൽകിയത്?

ഒരു മന്ത്രിയെ തടയുന്നതിലൂടെ സർക്കാരിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കാമെന്ന് കരുതുന്നവർ, അതേസമയം ബിരുദം ഏറ്റുവാങ്ങാൻ കാത്തുനിന്ന വിദ്യാർത്ഥികളുടെ അവകാശത്തെക്കുറിച്ചും ചിന്തിക്കണം. പ്രതിഷേധത്തിന് ജനാധിപത്യപരമായ നിരവധി മാർഗങ്ങളുണ്ട്. കരിങ്കൊടി കാണിക്കാം, നിവേദനം നൽകാം, മുദ്രാവാക്യം വിളിക്കാം, സമരം നടത്താം. എന്നാൽ, മറ്റുള്ളവരുടെ അവകാശങ്ങൾ ബന്ദിയാക്കി പ്രതിഷേധത്തിന്റെ രാഷ്ട്രീയം നടപ്പാക്കുന്നത് ജനാധിപത്യ മര്യാദയല്ല. അത് ആൾക്കൂട്ടത്തിന്റെ സമ്മർദരാഷ്ട്രീയമാണ്.

ഇവിടെ ഏറ്റവും വലിയ വൈരുധ്യം മറ്റൊന്നാണ്. വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സംഘടനകൾ തന്നെ മറ്റു വിദ്യാർത്ഥികളുടെ അക്കാദമിക അവകാശങ്ങൾക്ക് തടസ്സമാകുന്നുവെങ്കിൽ അതിനേക്കാൾ വലിയ രാഷ്ട്രീയ വൈരുധ്യമെന്തുണ്ട്? ഒരു വിദ്യാർത്ഥിയുടെ രാഷ്ട്രീയ നിലപാടിനോട് വിയോജിക്കാം. അയാളുടെ സംഘടനയെ വിമർശിക്കാം. എന്നാൽ, അതിന്റെ പേരിൽ അയാളുടെ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല. ഒരു സംഘടനയുടെ രാഷ്ട്രീയ താൽപര്യം മുഴുവൻ കാമ്പസിന്റെയും താൽപര്യമായി അവതരിപ്പിക്കാനാവില്ല. കാമ്പസ് ഒരു സംഘടനയുടെ സ്വകാര്യ രാഷ്ട്രീയവേദിയല്ല. അവിടെ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നങ്ങൾക്കും നേട്ടങ്ങൾക്കും അവകാശങ്ങൾക്കും തുല്യമായ പരിഗണന ലഭിക്കണം.

പ്രതിഷേധം മറ്റൊരാളുടെ അവകാശത്തെ നിഷേധിക്കുന്ന നിമിഷം അതിന്റെ ജനാധിപത്യപരമായ ന്യായം അവസാനിക്കുന്നു. ഒരാളെ വളഞ്ഞുനിൽക്കുന്നത് രാഷ്ട്രീയ സംവാദമല്ല. ആൾക്കൂട്ടത്തിന്റെ സമ്മർദംകൊണ്ട് അയാളുടെ ശബ്ദം ഇല്ലാതാക്കുന്നത് ആശയസമരമല്ല. വിയോജിപ്പിനെ നേരിടാൻ കഴിയാത്തവർ ആൾക്കൂട്ടത്തെ ഇറക്കിവിടുന്നത് രാഷ്ട്രീയ ധൈര്യമല്ല; ആശയപരമായ പാപ്പരത്തമാണ്. മഹാരാജാസിൽ നടന്ന സംഭവത്തെ ഒരു സാധാരണ സംഘടനാ ഏറ്റുമുട്ടലായി ചുരുക്കുന്നത് അതിന്റെ അടിസ്ഥാന ജനാധിപത്യപ്രശ്നത്തെ മറച്ചുവെക്കലായിരിക്കും. പ്രതിഷേധത്തിന്റെ പേരിൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന ആൾക്കൂട്ട മനോഭാവത്തെ രാഷ്ട്രീയമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

വിദ്യാർത്ഥി സംഘടനകൾ കാമ്പസുകളിൽ അധികാരത്തെ ചോദ്യം ചെയ്യാനാണ് രൂപപ്പെട്ടത്. ഇന്ന് അവ തന്നെ ചോദ്യം ചെയ്യാനാവാത്ത അധികാരകേന്ദ്രങ്ങളായി മാറുന്നുവെങ്കിൽ അതൊരു രാഷ്ട്രീയ ദുരന്തമാണ്. ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ വിമർശിക്കുന്നവർ സ്വന്തം സംഘടനയ്ക്കുള്ളിൽ ജനാധിപത്യം അനുവദിക്കാത്തത് എന്തുകൊണ്ടാണ്? കേന്ദ്രത്തിന്റെ ഫാഷിസ്റ്റ് പ്രവണതകളെക്കുറിച്ച് സംസാരിക്കുന്നവർ സ്വന്തം കാമ്പസിൽ എതിർസ്വരങ്ങളെ അടിച്ചമർത്തുമ്പോൾ അവരുടെ ജനാധിപത്യബോധം എവിടെയാണ്? ഫാഷിസം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ മാത്രം സ്വഭാവദോഷമല്ല; എതിർപ്പിനെ സഹിക്കാത്ത എല്ലാ അധികാര മനോഭാവങ്ങളിലും അതിന്റെ വിത്തുകളുണ്ട്.

വിദ്യാർത്ഥി സംഘടനകളുടെ യഥാർഥ ശക്തി അവരുടെ കൊടികളുടെ എണ്ണത്തിലോ മുദ്രാവാക്യങ്ങളുടെ ഉച്ചത്തിലോ അല്ല. അവരുടെ ആശയങ്ങളുടെ ഗുണനിലവാരത്തിലും വാദങ്ങളുടെ വ്യക്തതയിലും ജനാധിപത്യബോധത്തിലുമാണ്. ഒരു അധ്യാപകനെ ചോദ്യം ചെയ്യാൻ കഴിയണം; എന്നാൽ അദ്ദേഹത്തെ അപമാനിക്കാതെ. ഒരു മന്ത്രിയെ വിമർശിക്കാൻ കഴിയണം; എന്നാൽ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കാതെ. ഒരു രാഷ്ട്രീയ നിലപാടിനെ എതിർക്കാൻ കഴിയണം; എന്നാൽ എതിർപക്ഷത്തിന്റെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കാതെ. ഇതാണ് ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠം.

സമത്വവും സോഷ്യലിസവും ഉയർത്തിപ്പിടിക്കുന്നതായി അവകാശപ്പെടുന്ന സംഘടനകൾ ആദ്യം സ്വന്തം പ്രവർത്തനരീതിയിൽ ആ മൂല്യങ്ങൾ തെളിയിക്കണം. സമത്വം എന്നത് സ്വന്തം സംഘടനയിലെ അംഗങ്ങൾക്ക് മാത്രം ലഭിക്കുന്ന പരിഗണനയല്ല. രാഷ്ട്രീയമായി എതിർക്കുന്നവർക്കും തുല്യ അവകാശം അംഗീകരിക്കലാണ്. അധികാരത്തിന്റെ എല്ലാ രൂപങ്ങളെയും ചോദ്യം ചെയ്യാൻ തയ്യാറാകുന്നതാണ് ജനാധിപത്യ സോഷ്യലിസ്റ്റ് ബോധം. സ്വന്തം പക്ഷം തെറ്റു ചെയ്താൽ അതിനെ ന്യായീകരിക്കുകയും എതിർപക്ഷം തെറ്റു ചെയ്താൽ മാത്രം പ്രതിഷേധിക്കുകയും ചെയ്യുന്ന രാഷ്ട്രീയം സമത്വത്തിന്റെ രാഷ്ട്രീയമല്ല. അഹങ്കാരത്തിന്റെയും ഹിംസയുടെയും ഭാഷ ജനാധിപത്യത്തിന് ഭൂഷണമല്ല. അതല്ല സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ വഴിയും.

ഇതിന്റെ ഏറ്റവും അപകടകരമായ വശം കാമ്പസുകളിൽ വളരുന്ന രാഷ്ട്രീയ ദാസ്യമാണ്. പഠിക്കാതെ ജോലി കിട്ടും, യോഗ്യതയില്ലെങ്കിലും അധികാരത്തിന്റെ തണലിൽ അവസരം ലഭിക്കും, സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചാൽ ഭാവി സുരക്ഷിതമാകും എന്നൊരു സന്ദേശം യുവതലമുറയ്ക്ക് നൽകപ്പെടുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ വിദ്യാഭ്യാസവിരുദ്ധതയില്ല. രാഷ്ട്രീയ പ്രവർത്തനം തൊഴിൽ യോഗ്യതയല്ല. പാർട്ടി ബന്ധം പൊതുസേവനത്തിലേക്കുള്ള പ്രവേശന കവാടവുമല്ല. യുവാക്കളുടെ ഭാവി അവരുടെ അറിവിലും കഴിവിലും അധ്വാനത്തിലും ആയിരിക്കണം; ഭരണകക്ഷിയുടെ രാഷ്ട്രീയ ഔദാര്യത്തിലല്ല.

‘ഞങ്ങളുടെ സർക്കാർ ഭരിക്കുമ്പോൾ മിനിമം യോഗ്യതയില്ലെങ്കിലും ഞങ്ങൾക്ക് ജോലി കിട്ടും; അതിനാൽ പഠനമല്ല, കക്ഷി രാഷ്ട്രീയ ദാസ്യമാണ് ഭാവി ജീവിതം സുരക്ഷിതമാക്കുക’ എന്ന സന്ദേശം കാമ്പസുകളിൽ പടരുന്നുണ്ടെങ്കിൽ അത് വിദ്യാഭ്യാസത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരുപോലെ തകർച്ചയാണ്. രാഷ്ട്രീയ വിധേയത്വം യോഗ്യതയ്ക്ക് പകരമാകുന്ന സാമൂഹിക സാഹചര്യം സൃഷ്ടിക്കപ്പെടരുത്. വിദ്യാർത്ഥികൾക്ക് സ്വന്തം കഴിവിലും അറിവിലും അധ്വാനത്തിലും വിശ്വാസമുണ്ടാകണം. അധികാരത്തിന്റെ ഔദാര്യം കാത്തിരിക്കുന്നവരല്ല, അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നവരായിരിക്കണം അവർ.

വിദ്യാർത്ഥി സംഘടനകളുടെ യഥാർഥ പരാജയം എതിർസംഘടനകൾ വളരുന്നതല്ല. സ്വന്തം വിദ്യാർത്ഥികൾ ചിന്തിക്കുന്നത് അവസാനിപ്പിക്കുന്നതാണ്. നേതാവ് പറയുന്നത് ചോദ്യം ചെയ്യാതെ ആവർത്തിക്കുന്ന തലമുറയെ സൃഷ്ടിക്കുന്നതാണ്. സംഘടനയുടെ തെറ്റിനെ തെറ്റെന്ന് പറയാൻ കഴിയാത്ത പ്രവർത്തകരെ വളർത്തുന്നതാണ്. ഇത്തരമൊരു രാഷ്ട്രീയം സമൂഹത്തിന് നൽകുന്നത് വിമർശനബോധമുള്ള പൗരന്മാരെയല്ല, രാഷ്ട്രീയ വിധേയന്മാരെയാണ്.

കാമ്പസുകൾക്ക് ആവശ്യം കൂടുതൽ രാഷ്ട്രീയമാണ്; പക്ഷേ കൂടുതൽ കക്ഷിദാസ്യമല്ല. കൂടുതൽ പ്രതിഷേധമാണ്; പക്ഷേ കൂടുതൽ ആൾക്കൂട്ട ആക്രമണമല്ല. കൂടുതൽ സംഘടനാപ്രവർത്തനമാണ്; പക്ഷേ സംഘടനകൾക്ക് മീതെ ജനാധിപത്യമില്ലെന്ന ധാർഷ്ട്യമല്ല. വിദ്യാർത്ഥികൾക്ക് നേതാക്കളെ സൃഷ്ടിക്കാം; എന്നാൽ നേതാക്കൾക്ക് വിദ്യാർത്ഥികളുടെ ചിന്താശേഷി കൈവശപ്പെടുത്താനാവില്ല.

വിദ്യാർത്ഥികൾ രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കണമെന്നല്ല പറയുന്നത്. മറിച്ച്, കൂടുതൽ രാഷ്ട്രീയബോധമുള്ളവരാകണമെന്നാണ്. എന്നാൽ രാഷ്ട്രീയം എന്നത് പാർട്ടി വിധേയത്വം മാത്രമല്ല. അധികാരത്തെ സംശയിക്കാനുള്ള ശേഷിയും അനീതിക്കെതിരെ നിലകൊള്ളാനുള്ള ധൈര്യവും സ്വന്തം പക്ഷത്തിന്റെ തെറ്റുകൾ സമ്മതിക്കാനുള്ള സത്യസന്ധതയുമാണ് രാഷ്ട്രീയം. തൊഴിൽ അവകാശങ്ങൾ, വിദ്യാഭ്യാസത്തിലെ അസമത്വം, സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, പരിസ്ഥിതി നീതി, സാമൂഹിക വിവേചനം തുടങ്ങിയ വിഷയങ്ങൾ കാമ്പസിലെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് തിരിച്ചുവരണം. അത്തരമൊരു ധൈഷണിക രാഷ്ട്രീയം മാത്രമേ കാമ്പസുകളെ സാമൂഹിക മാറ്റത്തിന്റെ കേന്ദ്രങ്ങളാക്കൂ.

കാമ്പസുകൾ രാഷ്ട്രീയ പാർട്ടികളുടെ പരിശീലനക്കളരികളായി ചുരുങ്ങരുത്. അവ ചോദ്യങ്ങൾ ജനിക്കുന്ന ഇടങ്ങളായിരിക്കണം. അവിടെ വിദ്യാർത്ഥികൾ അധ്യാപകരെയും ഭരണാധികാരികളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ചോദ്യം ചെയ്യണം. അതോടൊപ്പം സ്വന്തം സംഘടനകളെയും സ്വന്തം നേതാക്കളെയും സ്വന്തം രാഷ്ട്രീയത്തെയും ചോദ്യം ചെയ്യാനുള്ള ധൈര്യവും ആർജിക്കണം. ഒരു പ്രതിഷേധം മറ്റൊരു വിദ്യാർത്ഥിയുടെ അവകാശത്തെ ഇല്ലാതാക്കുന്നുവെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള ധൈര്യവും വിദ്യാർത്ഥികൾക്കുണ്ടാകണം.

കൊടി ഉയർത്തുന്നതിന് മുമ്പ് അതിൽ എഴുതിയിരിക്കുന്ന ആശയം വായിക്കണം. മുദ്രാവാക്യം വിളിക്കുന്നതിന് മുമ്പ് അതിന്റെ അർഥം തിരിച്ചറിയണം. സ്വന്തം നേതാവിനെ ചോദ്യം ചെയ്യാൻ കഴിയാത്തവർക്ക് മറ്റൊരു ഭരണാധികാരിയെ ചോദ്യം ചെയ്യാനുള്ള ധാർമിക അവകാശം എവിടെനിന്നാണ് ലഭിക്കുന്നത്? സ്വന്തം സംഘടനയുടെ തെറ്റിനെ തെറ്റെന്ന് പറയാൻ കഴിയാത്തവർക്ക് ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കാനുള്ള ധാർമിക അടിത്തറയെന്താണ്?

പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ, പ്രതിഷേധത്തിന്റെ പേരിൽ മറ്റൊരാളുടെ അവകാശം കവർന്നെടുക്കാൻ ആർക്കും അവകാശമില്ല. ഒരു മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്; അതിന്റെ പേരിൽ മറ്റൊരു വിദ്യാർത്ഥിയുടെ ബിരുദദാനച്ചടങ്ങ് തടസ്സപ്പെടുത്താൻ അവകാശമില്ല. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ആൾക്കൂട്ടാധിപത്യമല്ല; ന്യൂനപക്ഷത്തിന്റെ വിയോജിപ്പിനുപോലും സംരക്ഷണം ഉറപ്പാക്കുന്ന സംവിധാനമാണ്.

വിദ്യാർത്ഥികൾ അധികാരത്തിന്റെ കാവൽപ്പടയാകരുത്. അവർ അധികാരത്തെ ചോദ്യം ചെയ്യുന്നവരാകണം. സ്വന്തം സംഘടനയുടെ തെറ്റിനുപോലും എതിരായി ശബ്ദമുയർത്താൻ കഴിയുമ്പോഴാണ് ഒരു വിദ്യാർത്ഥി യഥാർഥത്തിൽ സ്വതന്ത്രനാകുന്നത്. ചോദ്യങ്ങൾ മരിക്കുന്ന കാമ്പസുകളിൽ ജനാധിപത്യം ജീവിച്ചിരിപ്പില്ല. അവിടെ അവശേഷിക്കുന്നത് കൊടികളും മുദ്രാവാക്യങ്ങളും അധികാരത്തിന്റെ ആൾക്കൂട്ടങ്ങളുമാണ്.

Related