November 21 Saturday 2026

കല്ലറ സുകുമാരൻ: ദലിത്-ബഹുജൻ  മുന്നേറ്റങ്ങൾക്ക് നവഭാവുകത്വം  നൽകിയ മാർഗ്ഗദർശി

കേരളത്തിലെ ദലിത് – ബഹുജൻ  മുന്നേറ്റത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അയ്യങ്കാളി, പൊയ്കയിൽ യോഹന്നാൻ, പാമ്പാടി ജോൺ ജോസഫ്, വർക്കല എസ്.കെ.രാഘവൻ  തുടങ്ങിയ നവോത്ഥാന നായകരുടെ പാരമ്പര്യത്തിന് ശേഷം, ദലിത് ബഹുജൻ മുന്നേറ്റങ്ങൾക്ക്  പുതിയ ദിശയും ഭാഷയും നൽകിയ നേതാക്കളിൽ കല്ലറ സുകുമാരന് പ്രമുഖ സ്ഥാനമാണുള്ളത്. സാമൂഹിക പരിഷ്കരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ  സംഘാടനം, രാഷ്ട്രീയ അധികാരം, അവകാശബോധം, ഭൂമി, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികനീതി, ആത്മാഭിമാനം എന്നിവയെ ദലിത് ബഹുജൻ  മുന്നേറ്റത്തിന്റെ കേന്ദ്രപ്രമേയങ്ങളാക്കി മാറ്റുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

1939 ആഗസ്റ്റ് 4-ന് കോട്ടയം ജില്ലയിലെ കല്ലറയിൽ ജനിച്ച സുകുമാരൻ 1942-ൽ കുടുംബത്തോടൊപ്പം ഇടുക്കിയിലെ തോട്ടം  മേഖലയിലേക്ക് കുടിയേറതോടെയാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.  വിദ്യാഭ്യാസത്തിനുശേഷം 1957-ൽ പീരുമേട് താലൂക്ക് ഹരിജൻ ഫെഡറേഷൻ രൂപീകരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. തോട്ടം മേഖലയിൽ ജോലി ചെയ്തിരുന്ന ദലിത് തൊഴിലാളികൾ അനുഭവിച്ചിരുന്ന ചൂഷണം, സാമൂഹിക വിവേചനം, അവകാശനിഷേധം എന്നിവ ഈ സംഘടന ഏറ്റെടുത്ത പ്രധാന വിഷയങ്ങളായിരുന്നു. അതുവരെ നിലനിന്നിരുന്ന ദലിത് മുന്നേറ്റങ്ങളിൽ ഇത് വളരെ നിർണായകമായൊരു  മാറ്റമായിരുന്നു. ദലിതരെ കേവലം ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി കാണുന്ന സമീപനത്തിൽ നിന്ന് മാറി സ്വന്തം അവകാശങ്ങൾക്കായി സംഘടിക്കുന്ന രാഷ്ട്രീയ സമൂഹമായി ദലിതരെ മാറ്റുകയായിരുന്നു സുകുമാരന്റെ ലക്ഷ്യം.

സുകുമാരന്റെ സംഘടനാ പ്രവർത്തനം ഏതെങ്കിലും ഒരു സംഘടനയിൽ മാത്രം  ഒതുങ്ങുന്നതായിരുന്നില്ല. കേരള ഹരിജൻ ഫെഡറേഷൻ, വിദ്യാർത്ഥി സംഘടനകൾ, പിന്നീട് ഇന്ത്യൻ ദലിത് ഫെഡറേഷൻ (IDF) തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ അദ്ദേഹം ദലിത് മുന്നേറ്റത്തിന്  സംസ്ഥാനതലത്തിലും  ദേശീയതലത്തിലും പ്രാമുഖ്യം  നൽകാൻ ശ്രമിച്ചു. പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, 1970-കളിലും 1980-കളിലും അംബേദ്കർ ചിന്തകൾ കേരളത്തിലെ പുതിയ ദലിത് തലമുറയെ സ്വാധീനിക്കുകയും സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘടനകൾ ഈ പുതിയ രാഷ്ട്രീയബോധത്തിന്റെ ഭാഗമാകുകയും ചെയ്തുവെന്നാണ്. ഡോ.അംബേദ്ക്കറുടെ വിപ്ലവ ചിന്തകളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് ‘ഹരിജൻ’ എന്ന ഭരണപരവും ഗാന്ധിയൻ പാരമ്പര്യവുമായ ഭാഷയിൽ നിന്ന് ‘ദലിത്’ എന്ന രാഷ്ട്രീയ സ്വത്വത്തിലേയ്ക്കുള്ള പരിവർത്തനത്തിൻ്റെ  ഈ ഘട്ടത്തിൽ കേരളത്തിലെ ദലിത് മുന്നേറ്റത്തിന് കല്ലറ സുകുമാരൻ നൽകിയ ദിശാബോധം വ്യക്തവും നിർണായകവുമായിരുന്നു.

ദലിത് പ്രശ്നത്തെ രാഷ്ട്രീയ പ്രശ്നമാക്കാൻ കല്ലറ സുകുമാരൻ നടത്തിയ ശ്രമങ്ങൾ  ശ്ലാഘനീയമായിരുന്നു. ദലിത്  പ്രശ്നത്തെ കേവലം  സാമൂഹികപരിഷ്കരണ പ്രശ്നമായി കാണാതെ രാഷ്ടീയമായി മറികടക്കാനും ദലിത്-ബഹുജൻ ജനസമൂഹത്തെ ഒരു രാഷ്ടീയ ശക്തിയായി ശാക്തീകരിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമായും ഉയർന്നുവന്ന വിഷയങ്ങൾ:
ഭൂമിയില്ലാത്തവർക്ക് ഭൂമി, ദലിത്–ആദിവാസി വിഭാഗങ്ങളുടെ ഭരണഘടനാപരമായ  അവകാശ സംരക്ഷണം,
വിദ്യാഭ്യാസം, തൊഴിൽ അവകാശങ്ങൾ, സംവരണത്തിന്റെ ഫലപ്രദമായ നടപ്പാക്കൽ, സാമൂഹിക വിവേചനത്തിനെതിരായ പോരാട്ടം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയായിരുന്നുവെന്നു കാണാം. ഈയൊരു  ധൈഷണിക പശ്ചാത്തലത്തിലാണ് അദ്ദേഹം ദലിത്–പിന്നാക്ക–ന്യൂനപക്ഷ ഐക്യത്തിൻ്റെ അനിവാര്യതയെപ്പറ്റി ആഴത്തിൽ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും.

ഭൂമിയെ അദ്ദേഹം ഒരു സാമ്പത്തിക പ്രശ്നം മാത്രമായി കണ്ടില്ല; അധികാരത്തിന്റെയും സാമൂഹിക അന്തസ്സിന്റെയും രാഷ്ട്രീയ അവകാശത്തിന്റെയും പ്രശ്നമായാണ് അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ഭൂമിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു. ദലിത്- ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം കേരള ഭൂപരിഷ്കരണം ഒരു വലിയ വഞ്ചനയാണെന്ന് ആദ്യം വിലയിരുത്തിയ നേതാക്കളിൽ പ്രമുഖനായിരുന്നു കല്ലറ സുകുമാരൻ. ദലിത് പ്രസ്ഥാനങ്ങളിലെ ഭൂമി സംബന്ധമായ ആവശ്യങ്ങൾ പിന്നീട് കേരളത്തിലെ വിവിധ ഭൂസമരങ്ങളുമായി ബന്ധപ്പെടുന്ന ഒരു രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാറുന്നത് കല്ലറ സുകുമാരൻ്റെ ഇടപെടലുകൾക്ക് ശേഷമാണെന്നു കാണാം. കേരളത്തിലെ ആദിവാസികളുടെ മണ്ണും മാനവും സംരക്ഷിക്കുക എന്ന ആവശ്യവുമായി ഇന്ത്യൻ ദലിത് ഫെഡറേഷൻ്റെ നേതൃത്വത്തിൽ കല്ലറ സുകുമാരൻ നയിച്ച പ്രക്ഷോഭം നിർണ്ണായകമായിരുന്നല്ലോ .

കല്ലറ സുകുമാരന്റെ സമരചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് 1983-ലെ ഗുരുവായൂർ പദയാത്ര. 1983 ഫെബ്രുവരി 1-ന് തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര ഗുരുവായൂരിലേക്കായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ജാതിവിവേചനപരമായ നിയന്ത്രണങ്ങൾക്കെതിരെയായിരുന്നു പ്രസ്തുത സമരം. ഫെബ്രുവരി13-ന് ഗുരുവായൂരിലെത്തിയ പ്രവർത്തകർ ബ്രാഹ്മണർക്കായി മാത്രം സംവരണം ചെയ്തിരുന്ന ഭക്ഷണശാലയിൽ പ്രവേശിക്കുകയും പൂണൂൽധാരികൾക്ക് മാത്രം നിഷ്കർഷിക്കപ്പെട്ടിരുന്ന നമസ്കാര സദ്യയിൽ പങ്കെടുക്കുകയും ചെയ്തു. ഗുരുവായൂർ പദയാത്ര മതപരമായ അവകാശം മാത്രം ആവശ്യപ്പെട്ട സമരമായി കാണാനാകില്ല, പ്രത്യുത പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും മനുഷ്യർക്ക് തുല്യമായ സാമൂഹിക പദവി നേടിയെടുക്കാനുള്ള ജനാധിപത്യാവകാശത്തിന്റെ പ്രഖ്യാപനമായിരുന്നു.

ദലിത്–ആദിവാസി-പിന്നോക്ക ഐക്യത്തിനു വേണ്ടി നിരന്തരം വാദിച്ച നേതാവ് കൂടിയായിരുന്നു കല്ലറ സുകുമാൻ. തൻ്റെ പ്രവർത്തനങ്ങളിൽ എപ്പോഴും അദ്ദേഹം ദലിത്- ആദിവാസി-പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രാമുഖ്യം നൽകി. മറ്റൊരു പ്രത്യേകത, ദലിത് പ്രശ്നത്തെ ആദിവാസി പ്രശ്നത്തിൽ നിന്ന് വേർതിരിക്കാതിരുന്നതാണ്.
ഭൂമിയില്ലായ്മ, സാമൂഹിക വിവേചനം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, തൊഴിലില്ലായ്മ, രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കുറവ് തുടങ്ങിയവ ദലിത്–ആദിവാസി വിഭാഗങ്ങളെ ബാധിക്കുന്ന ഘടനാപരമായ പ്രശ്നങ്ങളായി അദ്ദേഹം ഉയർത്തിക്കാട്ടി. ആദിവാസികൾക്കെതിരായ അതിക്രമങ്ങളെ ഗൗരവത്തോടെ കണ്ട അദ്ദേഹം  ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനുള്ള നിയമപരമായ സംരക്ഷണം ആവശ്യപ്പെടുകയും അതിനു വേണ്ടി നിരന്തരം പോരാടുകയും  ചെയ്തിരുന്നു.

ദലിത് ബഹുജൻ രാഷ്ട്രീയത്തെയും  സംഘടനാ സ്വാതന്ത്ര്യത്തെയും ഉൾക്കാഴ്ചയോടെ വീക്ഷിച്ച നേതാവ് കൂടിയായിരുന്നു കല്ലറ സുകുമാരൻ . കേരളത്തിലെ ഇടത്–വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തണലിൽ ദലിതർ സജീവമായി പങ്കെടുത്തിരുന്ന കാലഘട്ടത്തിലായിരുന്നു കല്ലറ ഇത്തരമൊരു ആശയത്തെ ദലിത് പ്രസ്ഥാനങ്ങളുടെ അജണ്ടകളിലേയ്ക്ക് സന്നിവേശിപ്പിക്കുന്നത്. സ്വന്തം രാഷ്ട്രീയ അജണ്ടയുമായി സ്വതന്ത്രമായ ദലിത്-ബഹുജൻ  രാഷ്ട്രീയശക്തി ഉയർന്നുവരേണ്ടതുണ്ടെന്ന ഏറെ വിപ്ലവകരമായ നിലപാടാണ് കല്ലറ സുകുമാരൻ മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ സമീപനം കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ചോദ്യമുയർത്തി,
ദലിതർ മറ്റുള്ളവരുടെ രാഷ്ട്രീയത്തിന്റെ പിന്തുണക്കാരായി മാത്രം തുടരണമോ, അതോ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന സ്വതന്ത്ര രാഷ്ട്രീയ സമൂഹമാകണമോ എന്ന പ്രസക്തമായ ചോദ്യം.
ഈ ചോദ്യം  അദ്ദേഹത്തിന്റെ സംഘടനാപ്രവർത്തനത്തിന്റെ കേന്ദ്ര പ്രമേയങ്ങളിൽ എപ്പോഴും  ഉണ്ടായിരുന്നു . ഇന്ത്യൻ ലേബർ പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും പോലുള്ള രാഷ്ട്രീയസംരംഭങ്ങളിലൂടെയും അദ്ദേഹം ദലിത് രാഷ്ട്രീയത്തിന് സ്വതന്ത്രമായ രാഷ്ട്രീയ വേദി സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഡോ . അംബേദ്ക്കറുടെ ചിന്തകളെ കേരളത്തിന് പരിചയപ്പെടുത്തിയ ആദ്യകാല ധൈഷണികരിൽ ഒരാൾ കൂടിയായിരുന്നു കല്ലറ സുകുമാരൻ. ഡോ. അംബേദ്ക്കറുടെ ജാതിനശീകരണ ചിന്തയും ബഹുജൻ രാഷ്ടീയ ചിന്തയും ബ്രാഹ്മണസത്തിനെതിരെയുള്ള കാഴ്ചപ്പാടുകളും പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും അദ്ദേഹം കേരളത്തിന് പരിചയപ്പെടുത്തി. മാത്രമല്ല, ദലിതരുടെ വിമോചന പ്രത്യയശാസ്ത്രം അംബേദ്ക്കറിസമാണെന്നും അദ്ദേഹം നിദർശിച്ചു. ഇതു കേരളത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര സമീപനത്തിൽ വിപ്ലവകരമായ വഴിത്തിരിവ് തന്നെ സൃഷ്ടിച്ചു.

ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയ ചിന്തയിലെ ആശയങ്ങളുമായി കല്ലറ സുകുമാരന്റെ നിരീക്ഷണങ്ങൾക്കും  പ്രവർത്തനങ്ങൾക്കും പല തലങ്ങളിലും സാമ്യമുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രസ്ഥാനം കേരളത്തിന്റെ സ്വന്തം സാമൂഹിക സാഹചര്യങ്ങളിൽ നിന്നാണ് വളർന്നുവന്നത് എന്ന പ്രത്യേകതയുണ്ട്. ആകയാൽ  അദ്ദേഹം ഉയർത്തിയ  ദലിത് – പിന്നോക്ക രാഷ്ട്രീയത്തെ അംബേദ്ക്കറിസത്തിന്റെ ഒരു യാന്ത്രിക പകർപ്പായില്ല, മറിച്ച് കേരളത്തിലെ ജാതി, ഭൂമി, തൊഴിൽ, മതം, രാഷ്ട്രീയ പ്രതിനിധാനം എന്നിവയുമായി ബന്ധപ്പെടുത്തി വികസിപ്പിച്ച ഒരു പ്രസ്ഥാനമായാണ് കാണേണ്ടത്.

ധിഷണാശാലിയായ സംഘാടകൻ എന്നതിലുപരി ദലിത് സാഹിത്യത്തിനും ചരിത്രരചനയ്ക്കും അവിസ്മരണിയ  സംഭാവനകൾ നൽകിയ എഴുത്തുകാരനും ചരിത്രബോധമുള്ള സാമൂഹിക ചിന്തകനും കൂടിയായിരുന്നു കല്ലറ സുകുമാരൻ. കേരളത്തിലെ മുഖ്യധാരാ സാമ്പ്രദായിക ചരിത്രരചനയിൽ ദലിത് അനുഭവങ്ങൾക്കും ദലിത് ചരിത്രത്തിനും  മതിയായ ഇടം ലഭിക്കാതിരുന്ന കാലഘട്ടത്തിലാണ് കല്ലറ സുകുമാരൻ ഉൾപ്പെടെയുള്ള എഴുത്തുകാർ ദലിത് ചരിത്രവും അനുഭവങ്ങളും രേഖപ്പെടുത്താൻ ശ്രമിച്ചത്. ദലിതരുടെ ചരിത്രം, സംസ്കാരം, രാഷ്ടീയം, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചു ഏതാണ്ട് പതിനെട്ടോളം അമൂല്യ കൃതികൾ കല്ലറയിൽ നിന്നും  മലയാളത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വിമോചനത്തിൻ്റെ അർഥശാസ്ത്രം എന്ന കൃതി രാഷ്ട്രീയ  പ്രത്യയശാസ്ത്ര ചരിത്രപഠനത്തിലെ നാഴികക്കല്ലായി നിലകൊള്ളുന്നു. ദലിത് ചരിത്രരചനയെ സജീവമാക്കുന്നതിൽ കല്ലറ സുകുമാരൻ, പോൾ ചിറക്കരോട് തുടങ്ങിയ എഴുത്തുകാർക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്ന് പില്‍കാല പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1990-കളിൽ ദലിത് സാഹിത്യരചനകൾക്ക് പ്രത്യേക വേദികൾ സൃഷ്ടിക്കുന്നതിലും അദ്ദേഹം ഇടപെട്ടു. 1993-ൽ കോട്ടയത്ത് നടന്ന പുസ്തകമേളയിൽ ദലിത് സാഹിത്യത്തിന് പ്രത്യേക കൗണ്ടർ ഒരുക്കിയതും 1995-ൽ ‘ദലിത് സാഹിത്യകളരി’ സംഘടിപ്പിച്ചതും അതിന്റെ ഉദാഹരണങ്ങളാണ്.

കേരളത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ പൊതുവായി നിരീക്ഷിക്കുമ്പോൾ പല ഘട്ടങ്ങൾ തിരിച്ചറിയാനാവും. മഹാത്മ അയ്യങ്കാളിയിൽ തുടങ്ങുന്ന സാമൂഹിക അവകാശങ്ങളുടെ പോരാട്ടങ്ങളും
പൊയ്കയിൽ അപ്പച്ചൻ്റെ  ആത്മീയ വിമോചന പ്രസ്ഥാനവും ഇവയിൽ നിർണ്ണായകമാണ്.ഈ മുന്നേറ്റങ്ങളുടെ പിന്തുടർച്ചയായാണ് കല്ലറ സുകുമാരൻ്റെ  സംഘടനാപരവും രാഷ്ട്രീയവുമായ മുന്നേറ്റം ഉരുവം കൊള്ളുന്നത്. അദ്ദേഹം വിഭാവനം ചെയ്ത അംബേദ്കറൈറ്റ് ദലിത് – ബഹുജൻ  രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ പ്രസക്തി ഇപ്പോഴും ശോഭകെടാതെ  നിലനിൽക്കുന്നുണ്ട്.

നവോത്ഥാനകാലത്തെ സാമൂഹിക പരിഷ്കരണത്തിൽ നിന്ന് ആധുനിക ദലിത് – ബഹുജൻ രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് കാണാം. ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ ദലിത് മുന്നേറ്റത്തിന്റെ പരിണാമത്തിൽ കല്ലറ സുകുമാരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ഇടപെടലുകൾ നിർണായകമായിരുന്നുവെന്ന് അക്കാദമിക പഠനങ്ങളും വിലയിരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ ആശയലോകത്തെയും അദ്ദേഹം നേതൃത്വം നൽകിയ പ്രസ്ഥാനങ്ങളെയും ആഴത്തിൽ മനസ്സിലാക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.

Related