November 23 Monday 2026

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണം; പ്രതീകാത്മക ഇംപീച്ച്മെന്‍റ് പ്രമേയം – വോട്ട് ഫോര്‍ ഡെമോക്രസി

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ  തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘ വോട്ട് ഫോര്‍ ഡെമോക്രസി’ യുടെ ആഭിമുഖ്യത്തില്‍ 2026 ഒക്ടോബർ 27 ന് കണ്ണൂർ ജന്തർ മന്തറിൽ (കാൽടെക്സ് ജംഗ്ഷൻ)ചേർന്ന വോട്ടേഴ്സ് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രതീകാത്മക ഇംപീച്ചമെന്‍റ് പ്രമേയം.

സാർ,
നമ്മുടെ ജനാധിപത്യ വ്യവസ്ഥ സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തിലധിഷ്ഠിതമായതാണ്. പാർലെമന്‍ററി ഭരണ വ്യവസ്ഥയുടെ ജീവവായുവാണ് സാർവത്രികമായ വോട്ടവകാശം. ഈ സാർവത്രിക വോട്ടവകാശം ഇന്ത്യ സ്വതന്ത്രമാകും മുമ്പ് കോൺഗ്രസ്സിനകത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ സാമ്പത്തികമായോ ലിംഗപരമായോ ഉള്ള ഒരു വിവേചനവും ഇല്ലാതെ കോൺഗ്രസ് അംഗങ്ങൾക്ക് മുഴുവൻ ഒരേ മൂല്യമുള്ള വോട്ട് അതിന്റെ സംഘടനാ തെരഞ്ഞെടുപ്പുകളിൽ നിർബന്ധവും നിയമപരവുമാക്കപ്പെട്ടിരുന്നു. 1918 മുതൽ സരോജിനി നായിഡു, ആനി ബസന്റ് തുടങ്ങിയ നേതാക്കൾ സ്ത്രീവോട്ടവകാശത്തിനുവേണ്ടി ഗാന്ധിജിയുടെ പിന്തുണയോടെ ശബ്ദമുയർത്തിയിരുന്നു. കൂലികളായി കണക്കാക്കിയിരുന്ന ദക്ഷിണാഫ്രിക്കയിലെ അന്നത്തെ ബ്രീട്ടീഷ് ഇന്ത്യക്കാരായിരുന്നവർക്ക് വോട്ടവകാശം നിഷേധിച്ചതിനെതിരെ ഗാന്ധിജി നടത്തിയ സമരങ്ങൾ വിഖ്യാതമാണ്. അവിടെ വോട്ടവകാശം നിഷേധിക്കപ്പെട്ടവരെ ബ്രിട്ടീഷ് ഇന്ത്യൻ പൗരന്മാരല്ലാതാക്കുകയും തുടർന്ന് അവരെ തടങ്കൽ പാളയങ്ങളിലടക്കുകയും ചെയ്തതിനെതിരെ ഗാന്ധി നടത്തിയ കടുത്ത സമരങ്ങളുടെ ഫലമായിട്ടാണ് അവർക്ക് വോട്ടവകാശം നൽകുന്നതിന് ഭരണകൂടം തയ്യാറായത്. സാമ്പത്തിക, സാമൂഹിക, ലിംഗ വിവേചനമില്ലാതെ പ്രായപൂർത്തിയായ എല്ലാവർക്കും വോട്ടവകാശം എന്ന തത്വം ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമായി ഇന്ത്യയിലും സ്വീകരിക്കപ്പെട്ടു. 1919ലെയും 1935ലെയും ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യക്കായി തയ്യാറാക്കപ്പെട്ട ഭരണഘടനയിലും ദരിദ്രർക്കും വിദ്യാഭ്യാസം കുറഞ്ഞവർക്കും എല്ലാ സ്ത്രീകൾക്കും സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശമുണ്ടായിരുന്നില്ല. എന്നാൽ, 1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം ഭാവിയിൽ ഇന്ത്യയിൽ സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം അടിസ്ഥാനപരമായ അവകാശമാവുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. വോട്ടവകാശം എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ മാറ്റത്തിനുവേണ്ടിയുള്ള ഉപകരണം മാത്രമല്ല അത് സാമൂഹികമായ പരിവർത്തനത്തിന്റെ ചാലക ശക്തി കൂടിയാണ് സാർ. അതു കൊണ്ട് ഏതെങ്കിലും കാരണം കൊണ്ട് അത് ഏതെങ്കിലും സാമൂഹിക വിഭാഗങ്ങൾക്കോ പൗരന്മാർക്കോ നിഷേധിക്കപ്പെടുന്നത് രാജ്യത്തെ സാമൂഹിക മുന്നേറ്റത്തെ പുറകോട്ട് വലിക്കും.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷാധിപത്യത്തിൽ നിന്ന് മോചനം നേടാൻ മാത്രമായിരുന്നില്ല, ഒരു പുതിയ ജനാധിപത്യ മതേതര രാഷ്ട്രത്തെ സൃഷ്ടിക്കുന്നതിനു വേണ്ടിയായിരുന്നു. പൗരരെയെല്ലാം തുല്യമായി പരിഗണിക്കുന്ന ഒരു ജനാധിപത്യ വ്യവസഥയുടെ അസ്തിവാരമാണ് തുല്യ മൂല്യമുള്ള, സാമ്പത്തിക, സാമൂഹിക, ലിംഗ വിവേചനങ്ങളെ അതിലംഘിക്കുന്ന സാർവത്രികമായ വോട്ടവകാശമെന്നത്. അത് തകർപ്പെടുകയെന്നാൽ ജനാധിപത്യത്തിന്റെ അസ്തിവാരം തന്നെ ഇല്ലാതാവുകയാണ് ചെയ്യുക. ഇന്ത്യയെ മുൻ കാലത്തെ ഫ്യൂഡൽ,രാജവാഴ്ചയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് സാർ രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

സാർവത്രികമായ വോട്ടവകാശത്തെ അതിപ്രധാനമായ ഒന്നായിട്ടാണ് ഇന്ത്യയുടെ ഭരണഘടന കാണുന്നത്. സ്വാതന്ത്ര്യ സമരത്തിൽ രൂപപ്പെട്ടുവെന്ന ഈ തത്വത്തെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാക്കുന്നതരത്തിൽ ഭരണഘടനയുടെ ഭാഗമാക്കുന്ന ദൗത്യം ഡോ. ബി.ആർ.അംബേദ്കറുടെ നേത്വത്തിലുള്ള ഡ്രാഫ്റ്റിംഗ് കമ്മറ്റി ഇന്ത്യക്കു വേണ്ടി പൂർത്തീകരിക്കുകയുണ്ടായി. ഭരണഘടനയുടെ ആർട്ടിക്ക്ൾ 326 അനുസരിച്ച് അതാത് മണ്ഡലത്തിൽ താമസക്കാരനായ ബുദ്ധിഭ്രമമില്ലാത്ത ക്രിമിനൽകുറ്റം,അഴിമതി,നിയമവിരുദ്ധ പ്രവർത്തികൾ മൂലം അയോഗ്യനാക്കപ്പെടാത്ത പ്രായപൂർത്തിയായ ഇന്ത്യൻ പൗരന് വോട്ടവകാശം ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനുണ്ട്. വോട്ടർമാരെ ഉൾക്കൊള്ളുകയെന്നതാണ് ഭരണഘടനയുടെ മൂല തത്വം, പുറംതള്ളലല്ല.
മതം, വംശം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ ആരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കരുത് എന്നാണ് ഭരണഘടനയുടെ 325ആം വകുപ്പ് തെരഞ്ഞെടുപ്പ് കമീഷണർക്ക് കൊടുക്കുന്ന നിർദ്ദേശം.

ഈ തത്വങ്ങളെ അട്ടിമറിക്കുകയും ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയുടെ അസ്തിവാരം തകർക്കുന്നതുമായ നടപടികളുടെ പേരിൽ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ ഗ്യാനേഷ് കുമാറിൽ രാജ്യത്തെ വോട്ടർമാർക്ക് വിശ്വാസം നഷ്ടമാകുകയും അദ്ദേഹം ക്രിമിനൽ കുറ്റം ചെയ്തതായി ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. പാർലമെന്ർറ് മുമ്പാകെ ആർട്ടിക്ക്ൾ 324(5) പ്രകാരം എം.പി.മാർ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് നിലവിലുണ്ട്. എന്നാൽ, അത് രാഷ്ട്രീയ കാരണങ്ങളാൽ ഇതുവരെ പരിഗണനക്കെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ പാർലിമെണ്ടറി വ്യവസ്ഥയുടെ അടിത്തറയായ വോട്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ആരോപിക്കപ്പെട്ടതും ഇവിടെ പ്രതിപാദിക്കുന്നതുമായ കുറ്റങ്ങളുടെ പേരിൽ ഇംപീച്ച് ചെയ്യാൻ അധികാരമുണ്ടെന്ന് ഈ വോട്ടേഴ്സ് കൗൺസിൽ കരുതുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ 2026 ഒക്ടോ.13 ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് ജില്ലാ വരണാധികാരിയായ കണ്ണൂർ കലക്ടർ മുഖാന്തിരം ഇംപീച്മെന്റ് നോട്ടീസ് കൊടുത്തിരുന്നു. ഈ നോട്ടീസിലെ ആവശ്യപ്രകാരം രാജിവെച്ചില്ലെങ്കിൽ ഇന്നത്തെ വോട്ടേഴ്സ് കൗൺസിൽ യോഗത്തിൽ വെച്ച് ഇംപീച്ച് ചെയ്യുമെന്ന് അറിയിപ്പ് കൊടുത്തിട്ടുള്ളതുമാണ്. ഇത് പ്രകാരമാണ് ഈ വോട്ടേഴ്സ് കൗൺസിൽ മുമ്പാകെ ഈ ഇംപീച്ച്മെന്റെ പ്രമേയം അവതരിക്കുന്നത്.

സാർ,
നമ്മുടെ ഭരണഘടനയിലും ജനാധിപത്യ വ്യവസ്ഥയിലും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ അസാധാരണമായ ഒരു ഉത്തരവാദിത്തം വഹിക്കുന്നു. ജനങ്ങളുടെ സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശത്തിന്റെ സൂക്ഷിപ്പുകാരനും നിഷ്പക്ഷ റഫറിയുമാണ് അദ്ദേഹം. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ആത്യന്തികമായി ആശ്രയിച്ചിരിക്കുന്നത്, ഒരിക്കൽ ശ്രീ സുകുമാർ സെന്നിനെ പോലുള്ളവർ വഹിച്ചിരുന്ന ചീഫ് തെരഞ്ഞെടുപ്പ് കമീഷണറുടെ സ്ഥാനത്തെയാണ്. അതിനാൽ ഒരു സാധാരണ പൊതു ഓഫീസിനേക്കാൾ വളരെ ഉയർന്ന സ്ഥാനം മുഖ്യതെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസിനുണ്ട്. ഈ ഓഫീസിലെ ചുമതല വഹിക്കുന്നയാൾ ആ പാരമ്പര്യത്തിന് അവകാശിയാകുകയും അത് സംരക്ഷിക്കേണ്ട കടമ നിർവഹിക്കുകയും ചെയ്യേണ്ടുന്നയാളാണ്.

ആ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ ഗ്യാനേഷ് കുമാർ ഗുരുതരമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് സുപ്രീം കോടതി നിർദേശിച്ച സുരക്ഷാ സംവിധാനങ്ങൾ അട്ടിമറിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനം തന്നെ നടത്തിയിട്ടുള്ളത്. അത് മുൻകൂട്ടിയുള്ള ആസൂത്രണത്തോടെയുള്ളതായിരുന്നുവെന്നവിശ്വാസം ജനങ്ങളിൽ പ്രബലമാണ്. അതിനെ സാധൂകരിക്കുന്ന സംഭവ വികാസങ്ങളാണ് വോട്ടർ പട്ടികയിലെ ക്രമക്കേടിന് ഗ്യാനേഷ് കുമാർ നേതൃത്വം വഹിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ ജനാധിപത്യത്തിന് വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് കമീഷന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനുപകരം, ഗ്യാനേഷ് കുമാറിന്റെ നടപടികൾ ഭരണാഘടനാ സ്ഥാപനത്തെ അതിന്റെ ഭരണഘടനാപരമായ അധികാരവും പൊതുജനവിശ്വാസവും നഷ്ടപ്പെടുത്തുന്ന ഒരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾ ഗ്യാനേഷ് കുമാറിനോട് രാജിവയ്ക്കാനും കൂടുതൽ അപമാനം ഒഴിവാക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം അത് പാലിക്കാത്ത സാഹചര്യത്തിൽ ഇന്ത്യയിലെ വോട്ടർമാരായ ഞങ്ങൾ, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ നിർബന്ധിതരായിരിക്കുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) “തെളിയിക്കപ്പെട്ട മോശം പെരുമാറ്റം അല്ലെങ്കിൽ കഴിവില്ലായ്മ” എന്നിവയുടെ അടിസ്ഥാനത്തിലല്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നീക്കം ചെയ്യുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നു. താഴെ പ്രതിപാദിച്ചിരിക്കുന്ന കുറ്റങ്ങൾ വിധിന്യായത്തിലെ സാധാരണ പിശകുകൾ, കഴിവില്ലായ്മ അല്ലെങ്കിൽ നയപരമായ പരാജയങ്ങൾ എന്നിവയെക്കുറിച്ചല്ല, മറിച്ച് നിയമത്തെയും ഭരണഘടനാ കടമയെയും മനഃപൂർവ്വം അവഗണിക്കുക, അധികാര ദുർവിനിയോഗം, ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സമഗ്രതയെ നശിപ്പിക്കുന്ന പെരുമാറ്റം എന്നിവയെക്കുറിച്ചാണ്.

ചാർജ് I – തെരഞ്ഞെടുപ്പ് കമീഷന്റെ കൂട്ടായ പ്രവർത്തനത്തെ അട്ടിമറിക്കൽ

ശരിയായ പരിഗണനയ്ക്കും തീരുമാനത്തിനും വേണ്ടി കമീഷന് മുമ്പാകെ കാര്യങ്ങൾ സമർപ്പിക്കാതെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനിൽ നിക്ഷിപ്തമായ അധികാരങ്ങൾ നിങ്ങൾ തനിയെ ആവർത്തിച്ച് പ്രയോഗിച്ചു. മറ്റ് പ്രധാന തീരുമാനങ്ങൾക്കൊപ്പം, സ്പെഷ്യൽ ഇന്റൻസീവ് റിവിഷ(SIR)നുള്ള തീരുമാനം മതിയായ ചർച്ചയോ കൂടിയാലോചനയോ, നിയമനിർമ്മാണമോ നടപടിക്രമങ്ങൾ രേഖപ്പെടുത്തലോ ഇല്ലാതെയാണ് എടുത്തത്. അജണ്ടയും മിനിറ്റ്സുകളും ഇല്ലാത്ത സമയത്ത് നടന്ന യോഗങ്ങളിൽ, കമീഷണർമാർ അവരുടെ അറിവില്ലാതെ എടുത്ത തീരുമാനങ്ങൾക്കെതിരായ എതിർപ്പുകൾ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഇനി മുതൽ അജണ്ടകൾ വിതരണം ചെയ്യുകയും മിനിറ്റ്സ് സൂക്ഷിക്കുകയും ചെയ്യുമെന്ന കമീഷന്റെ ഏറ്റവും പുതിയ പ്രഖ്യാപനം, കമീഷൻ ഒരു കൂട്ടായ സ്ഥാപനമായി പ്രവർത്തിക്കണമെന്ന നിയമപരവും ഭരണഘടനാപരവുമായ ആവശ്യകതയിൽ നിന്നുള്ള ഗുരുതരമായ വ്യതിയാനത്തിന് ശക്തമായ തെളിവ് നൽകുന്നു. കമീഷന്റെ പേരിൽ അതിന് മുന്നിൽ വയ്ക്കാതെ എടുക്കുന്ന തീരുമാനങ്ങൾ ഭരണഘടനാപരമായ ഒരു അധികാരത്തിന്റെ അടിസ്ഥാനപരമായ ദുരുപയോഗമാണ്.

ചാർജ് II- സ്റ്റാറ്റ്യൂട്ടറി ഫോം 6 ന്റെ മനഃപൂർവ്വവും അനധികൃതവുമായ മാറ്റം.

വോട്ടർ പട്ടികയിൽ വരുത്തിയ മാറ്റം “അനധികൃതവും നിയമവിരുദ്ധവുമാണെന്ന്” കമീഷനിൽ നിന്ന് തന്നെ എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും, പരിഷ്കരിച്ച ഫോം 6 ഇലക്ടറൽ റോൾ റിവിഷനായി നിങ്ങൾ അംഗീകാരം നൽകുകയും അത് തുടർന്നും ഉപയോഗിക്കുകയും ചെയ്തു. യഥാർഥ ഫോം 6 ന്റെ തുടർന്നുള്ള പുനഃസ്ഥാപനം മുമ്പത്തെ നടപടിക്രമത്തിന് നിയമപരമായ അധികാരമില്ല എന്നതിന്റെ ശക്തമായ തെളിവാണ്. കൂടുതൽ ഗുരുതരമായി, വോട്ടർ പട്ടികയിൽ പേരുകൾ നിലവിലുണ്ടായിരുന്നെങ്കിലും തെറ്റായി ഒഴിവാക്കപ്പെട്ട പൗരന്മാർക്ക് വോട്ടവകാശം വീണ്ടെടുക്കുന്നതിന് കള്ളം പറയണമെന്ന് കമീഷൻ ആവശ്യപ്പെടുന്നു. യഥാർത്ഥ ഫോം 6 പ്രകാരം, ആദ്യമായി ഉൾപ്പെടുത്തലിനായി അപേക്ഷിക്കുകയാണെന്ന് അവർ പ്രഖ്യാപിക്കേണ്ടതുണ്ട്. തെറ്റായ പ്രസ്താവനകൾക്ക് ക്രിമിനൽ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു പ്രഖ്യാപനത്തിൽ അവർ ഒപ്പിടേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് അധികാരികൾ തന്നെ ഉത്തരവാദികളായ ഒരു തെറ്റ് തിരുത്താൻ കോടിക്കണക്കിന് പൗരന്മാരെ തെറ്റായ പ്രഖ്യാപനം നടത്താൻ നിർബന്ധിച്ചതിന് ഗ്യാനേഷ് കുമാർ കുറ്റക്കാരനാണ്. ഫോം.നമ്പർ 6ൽ മാറ്റം വരുത്തിയത് സുപ്രീം കോടതിയുടെ അനുമതിയോടെയാണെന്ന് നിങ്ങൾ രാജ്യത്തോട് കള്ളം പറഞ്ഞു. വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യുന്നത് അജ്ഞാത കേന്ദ്രത്തിൽ നിന്നുകൊണ്ട് അതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. സുപ്രീം കോടതി നിയമിച്ച ട്രിബ്യൂണലിന്റെ ജുഡീഷ്യൽ പ്രക്രിയയിലൂടെ തിരികെയെടുക്കപ്പെട്ട ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കാൻ അജ്ഞാതരായ ആളുകൾ സംഘടിതമായ ശ്രമം മുഖ്യ തെരഞ്ഞെടുപ്പ് കമീഷന്റെ ഒത്താശയോടെ ചെയ്തുവെന്ന റിപ്പോർട്ടുകളും പല സംസ്ഥാനങ്ങളിലെയും വോട്ടർപട്ടികയിൽ കമീഷൻ തന്നെ സമ്മതിക്കുന്ന ക്രമക്കേടുകളും തെരഞ്ഞെടുപ്പുകളുടെ സാധുതയെ മാത്രമല്ല ചോദ്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സംവിധാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

ചാർജ് III- വോട്ടർ പട്ടിക തയ്യാറാക്കലിലെ നിയമവിരുദ്ധ കേന്ദ്രീകരണവും കൃത്രിമത്വവും

വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ, ഇല്ലാതാക്കലുകൾ, തിരുത്തലുകൾ എന്നിവക്ക് നിയമപരമായി അധികാരമുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നിയമപരമായ പങ്കിനെ ദുർബലപ്പെടുത്തുകയോ അവരുടെ അധികാരത്തെ മറികടക്കുകയോ ചെയ്യുന്ന രീതിയിൽ ECINET സോഫ്റ്റ് വെയർ വിന്യസിച്ചു. അതിന്റെ നിയമസാധുതയെയും പ്രവർത്തനത്തെയും കുറിച്ചുള്ള എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും ഈ സംവിധാനവുമായി മുന്നോട്ട് പോയി. തുടർന്ന്, ECINET നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാനുള്ള തീരുമാനം, വോട്ടർ പട്ടികയിലെ കോടിക്കണക്കിന് പേരുകൾ ഇല്ലാതാക്കാൻ ഇതിനകം ഉപയോഗിച്ചിരുന്ന ഒരു സംവിധാനം നിയമപരമായിരുന്നില്ലെന്ന് അസാധാരണമായി സമ്മതിക്കുന്നതിന് തുല്യമാണ്. ഇതു സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും, നിയമപരമായ അധികാരത്തെ മറികടക്കാൻ നിങ്ങൾ സാങ്കേതിക സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും അവയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു.

ചാർജ് IV – SIR വഴിയുള്ള അഭൂതപൂർവമായ കൂട്ട വോട്ടവകാശ നിഷേധം

മതിയായ തയ്യാറെടുപ്പുകളോ കൂടിയാലോചനകളോ, നിയമങ്ങളോ പരിശീലനങ്ങളോ അല്ലെങ്കിൽ ഫലപ്രദമായ സംവിധാനങ്ങളോ ഇല്ലാതെ നിങ്ങൾ SIR കൊണ്ടുവരികയും ധൃതിയിൽ നടപ്പിലാക്കുകയും ചെയ്തു. വോട്ടർ രജിസ്ട്രേഷന്റെ ഉത്തരവാദിത്തം പൗരന്മാരുടെ മേൽ കെട്ടിവച്ചും പൗരത്വത്തെ സംബന്ധിച്ച നിലവിലെ പൗരന്മാർക്ക് അനുകൂലമായ അനുമാനം റദ്ദാക്കുകയും സാർവത്രിക വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള ഇതുവരെ നല്ല രീതിയിൽ പ്രവർത്തിച്ചു വന്ന സുസ്ഥാപിതമായ സംവിധാനത്തെ SIR നശിപ്പിച്ചു. ഈ പ്രക്രിയ, അപര്യാപ്തമായ പരിശീലനം ലഭിച്ച ലക്ഷക്കണക്കിന് ബൂത്ത് ലെവൽ ഓഫീസർമാരെ പരസ്പരവിരുദ്ധവും പതിവായി മാറുന്നതുമായ നിർദ്ദേശങ്ങൾക്ക് വിധേയമാക്കുകയും ദശലക്ഷക്കണക്കിന് പൗരന്മാരെ തെറ്റായ ഒഴിവാക്കലിന് വിധേയമാക്കുകയും ചെയ്തു. “2025-ൽ രാജ്യത്തുടനീളം ഒരു പ്രത്യേക തീവ്ര പരിഷ്കരണം (SIR) ആരംഭിക്കുന്നതിനെക്കുറിച്ച് കമീഷൻ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല” എന്ന മറുപടിയാണ് RTI അപേക്ഷകൾക്ക് കമീഷൻ നൽകിയത്. ഇത് SIR-ന് പിന്നിലെ തീരുമാനമെടുക്കൽ അധികാരത്തിന്റെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ച് സാധുവായ ആശങ്കകൾ ഉയർത്തുന്നു.

സമഗ്രതയും സത്യസന്ധതയും സംബന്ധിച്ച മൂന്ന് പരീക്ഷണങ്ങളിലും SIR പരാജയപ്പെട്ടു. വോട്ടർപട്ടികയുടെ പ്രധാന സ്വഭാവമായിരുന്ന പൂർണത, കൃത്യത, തുല്യത എന്നിവയെ ഇല്ലാതാക്കി. ഇലക്ടറൽ ജനാധിപത്യവ്യവസ്ഥയുള്ള രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി SIR-ന് മുമ്പുള്ള പട്ടികയിൽ നിന്ന് 13.3 കോടി വോട്ടർമാരെ ഒഴിവാക്കിയതായി ഇതിനകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രക്രിയ പൂർത്തിയാകുമ്പോഴേക്കും, മുതിർന്നവരുടെ ജനസംഖ്യയും വോട്ടർമാരും തമ്മിലുള്ള അന്തരം 15 കോടിയോ അതിൽ കൂടുതലോ ആയിരിക്കും, ഇത് മനുഷ്യ ചരിത്രത്തിലെ വോട്ടർമാരുടെ ഏറ്റവും വലിയ “കാണാതാകലിനെ” സൂചിപ്പിക്കുന്നു. തത്ഫലമായുണ്ടായ ഒഴിവാക്കലുകൾ ദുർബലരായ പൗരന്മാരെ, പ്രത്യേകിച്ച് സ്ത്രീകൾ, ദരിദ്രർ, കുടിയേറ്റക്കാർ, ന്യൂനപക്ഷങ്ങൾ, പ്രായമായവർ എന്നിവരെയാണ് ബാധിച്ചത്. ഈ കൂട്ട ഒഴിവാക്കൽ, മുൻകൂട്ടിക്കാണാൻ കഴിയാതിരുന്ന ഒരു അപകടമോ ആകസ്മികമായ ഒരു അനന്തരഫലമോ ആയിരുന്നില്ല, ഇത് മുൻകൂട്ടി നിർണയം ചെയ്ത് ആസൂത്രിതമായി പ്രാവർത്തികമാക്കിയതാണെന്ന് വ്യക്തമായിരിക്കുകയാണ്. ഗ്യാനേഷ് കുമാർ ഭരണഘടനയുടെയും ജനാധിപത്യ വ്യവസ്ഥയുടേയും സാർവത്രിക പ്രായപൂർത്തി വോട്ടവകാശമെന്ന അടിസ്ഥാന തത്വത്തെ അട്ടിമറിച്ചതിൽ നിങ്ങൾ
കുറ്റക്കാരനാണ്.

ചാർജ് V – രാഷ്ട്രീയ പക്ഷപാതിത്തം
സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതയ്ക്കും അനുയോജ്യമല്ലാത്ത നിങ്ങളുടെ പെരുമാറ്റം രാഷ്ട്രീയ പക്ഷപാതത്തെക്കുറിച്ച് ന്യായവും ഗണ്യമായതുമായ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുവഴി തെരഞ്ഞെടുപ്പ് കമീഷൻ ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവർത്തിക്കണമെന്ന ഭരണഘടനാ നിർദ്ദേശത്തെ ലംഘിക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരായ നിങ്ങളുടെ പൊതു ഇടപെടലുകൾ, നിങ്ങളുടെ രാഷ്ട്രീയ വാചാടോപം, എസ്.ഐ.ആറിനെ ചുറ്റിപ്പറ്റിയുള്ള തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും രീതി എന്നിവ സ്ഥാപനപരമായ നിഷ്പക്ഷതയുടെ രൂപത്തെയും യാഥാർത്ഥ്യത്തെയും ഗുരുതരമായി ബാധിച്ചു. കളിക്കാരനുമായി ഒത്തുകളിക്കുന്ന കളിയിൽ നിങ്ങൾക്ക് ഇനിയും ഒരു റഫറിയായി തുടരാൻ കഴിയില്ല. ഇവിടെ നിങ്ങൾ കൂട്ടു കളിക്കാരനാണ്.

ചാർജ് VI-നിയമപരമായ കടമയുടെ ആവർത്തിച്ചുള്ള ലംഘനം

1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32(1) പ്രകാരം, വോട്ടർ പട്ടിക തയ്യാറാക്കുന്നതിനോ പരിഷ്കരിക്കുന്നതിനോ ബന്ധപ്പെട്ട് ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ന്യായമായ കാരണമില്ലാതെ ഔദ്യോഗിക കടമ ലംഘിച്ച് ഒരു പ്രവൃത്തി ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമാനുസൃതമായ ഫോമുകളിൽ അനധികൃതമായി മാറ്റം വരുത്തൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരം കവർന്നെടുക്കൽ, സംശയാസ്പദമായ സാങ്കേതിക സംവിധാനത്തിന്റെ ഉപയോഗം, രേഖകൾ മറച്ചുവെക്കൽ, പ്രസക്തമായ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കൽ, അറിയപ്പെടുന്ന ലംഘനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടൽ എന്നിവ പ്രഥമദൃഷ്ട്യാ തന്നെ ഔദ്യോഗിക കടമയുടെ മനഃപൂർവ്വമായ ലംഘനങ്ങളാണ്. വോട്ടർ പട്ടിക തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നവരുടെ പ്രാഥമികവും നിയമപരവുമായ കർത്തവ്യങ്ങളെ ഇല്ലാതാക്കുന്നതിന് നിങ്ങൾക്ക് ഭരണഘടനാപരമായ ഓഫീസിനെ ഉപയോഗിക്കാൻ കഴിയില്ല.

മേൽപ്പറഞ്ഞ പ്രവൃത്തികളെ ഒറ്റപ്പെട്ട ഭരണപരമായ വീഴ്ചകളായി കാണാൻ കഴിയില്ല. ജനങ്ങളുടെ വോട്ടിന്റെ പരമാധികാരം സംരക്ഷിക്കാൻ നിയുക്തമാക്കിയിരിക്കുന്ന ഭരണഘടനാപരമായ സ്ഥാപനം നിയമസാധുത, കൂട്ടായ തീരുമാനമെടുക്കൽ, നിഷ്പക്ഷത, വോട്ടർമാരുടെ നിയമപരമായ അവകാശങ്ങൾ എന്നിവയെ അവഗണിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ഗ്യാനേഷ് കുമാറിന്റെ പ്രവർത്തികൾ . വലിയ തോതിലുള്ള അവകാശ ലംഘനം, പൊതുജനവിശ്വാസത്തിന്റെ ചോർച്ച, തെരഞ്ഞെടുപ്പ് കമീഷന്റെ സ്ഥാപന സ്വാതന്ത്ര്യം ദുർബലപ്പെടുത്തൽ എന്നിവയാണ് ഇതിന്റെ ഫലം. ഈ പ്രവൃത്തികളിലൂടെയും ഒഴിവാക്കലുകളിലൂടെയും, ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി തുടരാനുള്ള ധാർമികവും ഭരണഘടനാപരവുമായ അധികാരം നിങ്ങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു.

അതിനാൽ, ഇന്ത്യയിലെ വോട്ടർമാരായ ഞങ്ങൾ, നിങ്ങളെ ഇംപീച്ച് ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. മുകളിൽ പറഞ്ഞ പ്രവൃത്തികൾ ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) ന്റെ അർഥത്തിൽ തെളിയിക്കപ്പെട്ട മോശം പെരുമാറ്റമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്ത് നിന്ന് നിങ്ങളെ നീക്കം ചെയ്യണമെന്ന് ഈ വോട്ടേഴ്സ് കൗൺസിൽ യോഗം ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു.

Related