November 23 Monday 2026

കിഫ്ബിക്കുശേഷം കേരളത്തിന്റെ വഴി | KIIFB

നാളത്തെ കേരളത്തെ പണയപ്പെടുത്തുന്ന ധനശാസ്ത്രവുമായാണ് കിഫ്ബി പ്രവർത്തിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. സുധ പിള്ള കമ്മിറ്റിയുടെ റിപ്പോർട്ട് അക്കാര്യങ്ങളിൽ വ്യക്തത നൽകുന്നുണ്ട്. നികുതിയിൽനിന്ന് തിരിച്ചടയ്ക്കേണ്ട വായ്പ മറ്റൊരു സ്ഥാപനത്തിൻ്റെ പേരിലായി എന്നതിൻ്റെ പേരിൽ വേറിട്ട ഒരു ധനലോകം സൃഷ്ടിക്കുന്നില്ലെന്ന പാഠം പൊതുവായതാണ്. അതില്ലാതെ പോയതോ അവഗണിച്ചതോ ആണ് ഡോ.തോമസ് ഐസക് അടക്കമുള്ള കേരളത്തിലെ ഇടത് സാമ്പത്തിക വിദഗ്ധരുടെ ഇപ്പോഴും തുടരുന്ന കിഫ്ബി സ്തുതികൾക്ക് കാരണം. കേരളം സൃഷ്ടിച്ചത് പിണറായിയാണെന്ന രൂപത്തിലുള്ള പ്രചാരണമാമാങ്കത്തിനുശേഷം, എല്ലാ വികസനനേട്ടങ്ങൾക്കും കാരണം കിഫ്ബിയാണെന്നുപറഞ്ഞ് കേരളത്തിന്റെ വികസനചരിത്രത്തെ കിഫ്ബിയിലേക്ക് ചുരുക്കുന്ന പ്രചാരണവും ഇപ്പോൾ നടക്കുകയാണ്.

പഞ്ചാബിൽ ധാന്യസംഭരണത്തിന്റെ പഴയ വായ്പക്കണക്കുകളിൽ ഉണ്ടായിരുന്ന ഏകദേശം 31,000 കോടി രൂപ 2017ൽ ഇരുപതുവർഷംകൊണ്ട് തിരിച്ചടയ്ക്കേണ്ട വായ്പയായി മാറ്റേണ്ടിവന്നത് നമുക്ക് കൂടിയുള്ള പാഠമാണ്. പഴയ ക്യാഷ് ക്രെഡിറ്റ് ബാധ്യതയായിരുന്ന ഇത് ധാന്യസ്റ്റോക്കിന്റെ ഈടില്ലാത്ത കുടിശ്ശികയായിരുന്നു. തിരിച്ചടവ് മുടങ്ങിയാൽ സംസ്ഥാനത്തിന്റെ കേന്ദ്രനികുതി വിഹിതത്തിൽനിന്ന് പിടിക്കാമെന്ന ഉറപ്പ് നൽകിയാണ് ഇത് സാധ്യമായത്. ഈ കടം വീട്ടാൻ സബ്സിഡിച്ചെലവ് കുറയ്ക്കാൻ ശ്രമിക്കണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഏജൻസികളുമായി ബന്ധപ്പെട്ട കടബാധ്യതകൾ പോലും ഭാവിയിലെ നികുതിവരുമാനത്തെയും ക്ഷേമച്ചെലവുകളെയും എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിന് ഇന്ത്യയിൽതന്നെയുള്ള ഉദാഹരണമാണിത്.

കേന്ദ്രവും പൊതുചെലവിനെ കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ കടമായി മാറ്റുകയും പിന്നീട് ബജറ്റ് കണക്കിലേക്ക് മാറ്റേണ്ടി വരികയും ചെയ്തിട്ടുണ്ട്.. ഭക്ഷ്യസബ്സിഡിക്കായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ദേശീയ ചെറുസമ്പാദ്യനിധിയിൽനിന്ന് കടമെടുത്തിരുന്ന രീതി മാറ്റി, പണം ബജറ്റിൽ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചത് 2021ലാണ്. പൊതുചെലവ് ഒരു സ്ഥാപനത്തിന്റെ വായ്പക്കണക്കിലേക്ക് മാറ്റിയതുകൊണ്ട് സർക്കാരിന്റെ ബാധ്യത ഇല്ലാതായില്ല. സംസ്ഥാനങ്ങളുടെ കടക്കണക്കിൽ കർക്കശക്കാരനാകുന്ന കേന്ദ്രത്തിന് ഇത്തരത്തിലുള്ള സ്വന്തം ധനകാര്യചരിത്രവും ഓർമ്മയുണ്ടാകേണ്ടതുണ്ട്.

ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കിഫ്ബിയെയും വിലയിരുത്തേണ്ടത്. റിപ്പോർട്ടിലെ കണക്കുകളെച്ചൊല്ലിയുള്ള തർക്കത്തിൽ കേരളത്തിന്റെ ഭാവിയെ കുടുക്കിയിടരുത്. ഇന്നത്തെ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ചെലവുകൾ നാളത്തെ പൊതുജീവിതത്തെ എങ്ങനെ ബാധിക്കും എന്നതാണ് പരിശോധിക്കേണ്ടത്. ഏതെങ്കിലും രാഷ്ട്രീയനേതാവിന്റെ ധനകാര്യപ്രതിഭ തെളിയിക്കാനുള്ള പരീക്ഷണശാലയല്ല ഒരു സംസ്ഥാനത്തിന്റെ ഖജനാവ്.

കടത്തിനൊപ്പം ആസ്തിയുമുണ്ടെന്ന വാദം തിരിച്ചടവിന്റെ പ്രശ്നത്തിനുള്ള ഉത്തരമല്ല. ആശുപത്രിയുടെ കെട്ടിടമൂല്യം ബാങ്കിലേക്കു മാസാമാസം അയയ്ക്കാനാവില്ല. പൊതുവിദ്യാലയം വരുമാനമുണ്ടാക്കേണ്ട വ്യാപാരസ്ഥാപനവുമല്ല. അതിന്റെ സാമൂഹികപ്രയോജനം വലിയതായിരിക്കെത്തന്നെ, നിശ്ചിത തീയതിയിൽ അടയ്ക്കേണ്ട പലിശയ്ക്കുള്ള പണം സ്വയം രൂപപ്പെടുന്നില്ല എന്നതും പ്രധാനമാണ്. ആസ്തിയുടെ മൂല്യം, സമൂഹത്തിനു ലഭിക്കുന്ന നേട്ടം, ഖജനാവിലെ പണലഭ്യത എന്നിവ തമ്മിലുള്ള വ്യത്യാസം മറച്ചുവെച്ചാണ് വികസനത്തിന്റെ ചിത്രംകൊണ്ട് ധനകാര്യപ്രശ്നം മറയ്ക്കുന്നത്.

പദ്ധതികൾ സമ്പദ്‌വ്യവസ്ഥയെ വളർത്തുമെന്നും അതിലൂടെ നികുതി വർധിക്കുമെന്നും പറയുമ്പോഴും ഇതേ സൂക്ഷ്മത വേണം. പദ്ധതിയില്ലാതെയും സംഭവിക്കുമായിരുന്ന വളർച്ചയെ പദ്ധതിയുടെ നേട്ടമായി എഴുതിച്ചേർക്കാനാവില്ല. സൃഷ്ടിക്കപ്പെടുന്ന അധികവരുമാനത്തിൽ എത്ര സംസ്ഥാന ഖജനാവിലെത്തുമെന്നും പരിശോധിക്കണം. കമ്പനികളുടെ ലാഭവും വ്യക്തികളുടെ കാർഷികേതര വരുമാനവും വർധിച്ചാലും, അവയ്ക്കുമേലുള്ള കോർപ്പറേറ്റ് നികുതിയും ആദായനികുതിയും നേരിട്ടു പിരിക്കുന്നത് കേന്ദ്രമാണ്. നികുതിവിഭജനത്തിലൂടെയുള്ള കേരളത്തിന്റെ വിഹിതം വേറെ കാര്യമാണ്. കേരളത്തിൽ സൃഷ്ടിക്കുന്ന സാമ്പത്തികമൂല്യവും കേരളത്തിന് ചെലവഴിക്കാവുന്ന നികുതിയും ഒന്നല്ല എന്ന് സാരം.

കിഫ്ബിയെ ദുർബലപ്പെടുത്തിയാൽ കേരളം കാൽനൂറ്റാണ്ട് പിന്നിലാകുമെന്ന ഭീഷണിയാണ് മുൻധനമന്ത്രി ഡോ. തോമസ് ഐസക് ഉയർത്തുന്നത്. ഈ കാൽനൂറ്റാണ്ട് ഏതു സാമ്പത്തിക വിലയിരുത്തലിൽനിന്നു കിട്ടിയതാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഒരു ധനസമാഹരണസ്ഥാപനം അതേ ഘടനയിൽ തുടരണോ എന്ന ചോദ്യത്തെ പൊതുനിക്ഷേപം നടക്കണമോ എന്ന ചോദ്യമാക്കി മാറ്റുന്നതിന്റെ സാംഗത്യം പരിശോധിക്കണം.

ഭാവിയിലെ നികുതിയിൽനിന്ന് പൊതുവായ്പ തിരിച്ചടയ്ക്കുന്നത് ലോകത്തെ സാധാരണ രീതിയാണ്. എന്നാൽ നികുതിയിലെ ഒരു വിഹിതം പ്രത്യേക സ്ഥാപനത്തിന് ഉറപ്പുനൽകുന്നത് പുതിയ വരുമാനമുണ്ടാക്കുന്നില്ല എന്നോർക്കണം. പണം നേരത്തേ ലഭിക്കുന്നതും തിരിച്ചടയ്ക്കാനുള്ള ശേഷി വർധിക്കുന്നതും രണ്ടാണ്. ഈ വ്യത്യാസം മറച്ചാണ് കിഫ്ബിയെ കേരളത്തിന്റെ സാമ്പത്തിക പരിമിതികൾക്കുള്ള അത്ഭുതപരിഹാരമായി അവതരിപ്പിച്ചത്.

മോട്ടോർവാഹന നികുതിയുടെ വിഹിതം അഞ്ചാം വർഷംമുതൽ അമ്പതുശതമാനമാക്കിയും പെട്രോളിയം സെസ് കൈമാറിയുമാണ് കിഫ്ബിക്ക് തിരിച്ചടവിന്റെ അടിത്തറ ഒരുക്കിയത്. ഈ നികുതികൾ കിഫ്ബി സൃഷ്ടിച്ച വരുമാനമല്ല. സ്കൂളിനും ആശുപത്രിക്കും തദ്ദേശസ്ഥാപനങ്ങൾക്കും ഉൾപ്പെടെ സർക്കാർ ചെലവഴിക്കേണ്ട പൊതുവരുമാനമാണ്. അതിൽനിന്ന് ഒരു ഭാഗം കടത്തിനായി മാറ്റിവെച്ചശേഷം, ബജറ്റിന് പുറത്തൊരു പുതിയ സാമ്പത്തികലോകം തുറന്നെന്ന പ്രതീതി സൃഷ്ടിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. സ്കൂൾക്കെട്ടിടത്തിനുള്ള വായ്പയ്ക്കൊപ്പം അധ്യാപകരുടെ വേതനവും പരിപാലനച്ചെലവും ഉൾപ്പെടുന്ന ഭാവിബാധ്യതകളും കണക്കാക്കണം. റോഡിന്റെ കാര്യത്തിലും ഇതു ബാധകമാണ്.

സാമ്പത്തികവളർച്ചകൊണ്ട് നികുതി വർധിക്കുമെന്ന പൊതുവാദം മാത്രം പോരാ. വിലവർധനയും ഉൾപ്പെടുത്തി കണക്കാക്കുമ്പോൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പത്തുശതമാനത്തിനടുത്ത് വളർന്നിട്ടും സ്വന്തം നികുതിവരുമാനം അതിനനുസരിച്ച് കൂടിയില്ലെന്നാണ് 2024–25ലെ സിഎജി റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.

വികസനത്തിന്റെ സാമ്പത്തികനേട്ടം മുഴുവൻ സംസ്ഥാന ഖജനാവിൽ എത്തുക പ്രായോഗികമോ സാധ്യവുമോ അല്ല എന്നതിൻറെ ആധികാരിക വിവരമാണിത്. പ്രതീക്ഷിക്കുന്ന നികുതിവരുമാനവും ഓരോ വർഷത്തെ തിരിച്ചടവും പരിശോധിക്കാതെ ഇത്തരം വലിയ ബാധ്യതകൾ ഏറ്റെടുക്കുന്നത് യുക്തിസഹമല്ല. വരുമാനം കുറഞ്ഞാലും നിർമാണം വൈകിയാലും പദ്ധതി താങ്ങാനാകുമോ എന്നത് വ്യക്തമാക്കണം. പ്രതീക്ഷയെ തെളിവിന് പകരമാക്കാനാവില്ല.

നിയമം ഉറപ്പുനൽകിയ നികുതിവിഹിതം നൽകിയാൽ മതിയെന്ന തോമസ് ഐസക്കിന്റെ ന്യായീകരണത്തിൽ മറഞ്ഞിരിക്കുന്നത് അത്രയും പണം സംസ്ഥാനത്തിന്റെ മറ്റാവശ്യങ്ങൾക്ക് ലഭിക്കില്ലെന്ന വസ്തുത കൂടിയാണ്. കിഫ്ബിയുടെ തിരിച്ചടവ് സുരക്ഷിതമായും കൃത്യമായും നടക്കുമെന്ന് ഉറപ്പാക്കുന്നതും സംസ്ഥാനത്തിന് ആ വായ്പ താങ്ങാനാകുമോ എന്നതും ഒരേ കാര്യമല്ല. വായ്പദാതാവിന്റെ സുരക്ഷയെ ജനങ്ങളുടെ സാമ്പത്തികസുരക്ഷയായി അവതരിപ്പിക്കുന്നിടത്താണ് ഈ ധനകാര്യവാദത്തിന്റെ അടിത്തറ തകരുന്നത്.

ഇപ്പോൾ കിഫ്ബിയുടെ കടവും സംസ്ഥാനത്തിന്റെ അനുവദനീയ കടപരിധിയിൽ കണക്കാക്കപ്പെടുന്നു. അതേ പരിധിയിൽ വരുന്ന പണം കൂടുതൽ ചെലവുള്ള ഒരു ഇടനിലസ്ഥാപനമായ കിഫ്ബിയിലൂടെ സമാഹരിക്കുന്നതിന്റെ യുക്തി എന്താണ് എന്നതാണ് കാതലായ ചോദ്യം. ഭാവിനികുതി ഒരു സ്ഥാപനത്തിനായി മാറ്റിവെച്ചതുകൊണ്ടുമാത്രം സംസ്ഥാനത്തിന്റെ ആകെ തിരിച്ചടവുശേഷി വർധിക്കുമെന്ന ധാരണ സാമ്പത്തികശാസ്ത്രപരമായി നിലനിൽക്കില്ല. കുറഞ്ഞ ചെലവിന്റെയും പൊതുഭരണശേഷിയുടെയും മാനദണ്ഡങ്ങളിൽ കേരളത്തിലെ കിഫ്ബി മാതൃക പരാജയപ്പെട്ട സാമ്പത്തിക പരീക്ഷണമാണ്.

ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങൾ നിയന്ത്രിക്കുന്ന ധനസമാഹരണ കമ്പനികളിലൂടെ ബജറ്റിനു പുറത്തുള്ള കടം പെരുകിയതും ഈ അവസരത്തിൽ കേരളത്തിന് പാഠമാണ്. ഭൂമിയുടെ ഉപയോഗാവകാശം കൈമാറിക്കിട്ടുന്ന വരുമാനവും അതിലൂടെ ഉയരുന്ന ഭൂവിലയും കടം തിരിച്ചടവിന് താങ്ങാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ആ കടമെടുപ്പ്. റിയൽ എസ്റ്റേറ്റ് മേഖല തളർന്നതോടെ ആ വരുമാനം കുറഞ്ഞു; കടവും പണക്ഷാമവും പ്രാദേശിക ഭരണകൂടങ്ങളുടെ പൊതുസേവനങ്ങളെ ബാധിച്ചു. വളർച്ചയുടെ കാലത്തെ വരുമാനപ്രതീക്ഷയെ ദീർഘകാല തിരിച്ചടവിന് ഉറപ്പാക്കുന്നതിലുള്ള അപകടമാണ് അവിടെ വെളിപ്പെട്ടത്.

ബ്രസീലിലെ സംസ്ഥാനങ്ങളുടെ കടപ്രതിസന്ധിയിൽ ജീവനക്കാരുടെ ശമ്പളവും വിതരണക്കാർക്കുള്ള പണവും കുടിശ്ശികയായി. പ്രതിസന്ധി മറികടക്കാൻ കേന്ദ്രസഹായവും കടം തിരിച്ചടവിലെ ഇളവുകളും വേണ്ടിവന്നു. പ്യൂർട്ടോറിക്കോയിൽ ദീർഘകാല സാമ്പത്തികത്തകർച്ചയും തുടർച്ചയായ കമ്മിയും കടമെടുപ്പും ചേർന്നുണ്ടാക്കിയ പ്രതിസന്ധിക്കൊടുവിൽ, ജനങ്ങൾ തിരഞ്ഞെടുത്ത ഭരണകൂടത്തിന്റെ ബജറ്റ് പുറംമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലായി. കടത്തിന്റെ പേരിൽ സാമ്പത്തികസ്വാതന്ത്ര്യം വാഗ്ദാനംചെയ്ത ഭരണകൂടങ്ങൾക്ക് ഒടുവിൽ നയവും പരിപാടികളും പദ്ധതികളും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെടുമെന്നുള്ളതിൻെറ അനുഭവങ്ങളാണിത്.

കേരളത്തിന്റെ സാമൂഹികവികസനത്തിന് പ്രധാന അടിത്തറയായത് തുടർച്ചയുള്ള പൊതുസേവനങ്ങളാണ്. ആശുപത്രിക്കെട്ടിടം നിർമിക്കുന്നത് ആദ്യഘട്ടമാണ്. അവിടെ ഡോക്ടറും നഴ്സും മരുന്നും പരിശോധനയും ഉറപ്പാക്കുന്നത് തുടർച്ചയായ പൊതുചുമതലയാണ്. കിഫ്ബി മാതൃകയിൽ കരാർ–ദിവസവേതനക്കാർ വഴി സ്ഥിരം ജീവനക്കാരുടെ സേവനത്തെയും സ്ഥാപനങ്ങളുടെ അനുഭവസമ്പത്തിനെയും ദുർബലപ്പെടുത്തിക്കൊണ്ട് നിർമാണത്തിന്റെ വലിപ്പം കൂട്ടുന്നത് കേരളമാതൃകയെ മുന്നോട്ടുകൊണ്ടുപോകില്ല.

വകുപ്പുകളുടെ സാങ്കേതികശേഷി കിഫ്ബിയാശ്രിതത്വം ക്ഷയിപ്പിച്ചെന്ന് വകുപ്പുകൾതന്നെ സുധ പിള്ള കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള വിദഗ്ധസേവനം ആവശ്യമായേക്കാമെങ്കിലും, പദ്ധതികൾ ആലോചിക്കാനും അതിന്റെ ആവശ്യകത പരിശോധിക്കാനും കരാർ നിയന്ത്രിക്കാനുമുള്ള അറിവ് സർക്കാരിനകത്താണ് ഉണ്ടാകേണ്ടത്. ഓരോ തവണയും അതു വിലയ്ക്കുവാങ്ങേണ്ടിവരുന്നത് മറ്റൊരു ആവർത്തനച്ചെലവ് കൂടിയാണ്. പൊതുസംവിധാനത്തെ ആശ്രിതാവസ്ഥയിലാക്കുകയും ജീവനക്കാരെ കരാറിന്റെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുന്ന നയത്തിന് ഇടതുപക്ഷമെന്ന പേരിൽ പ്രത്യേക ഇളവൊന്നും നൽകാനാവില്ല.

അധ്യാപകന്റെയും ആരോഗ്യപ്രവർത്തകയുടെയും വേതനം കണക്കുപുസ്തകത്തിൽ റവന്യൂച്ചെലവാണ്. അതുകൊണ്ട് അതിന്റെ വികസനമൂല്യം ഇല്ലാതാകുന്നില്ല. മനുഷ്യരുടെ അറിവും ആരോഗ്യവും മെച്ചപ്പെടുത്തുന്ന പൊതുസേവനത്തെ ചെലവെന്നും കെട്ടിടത്തെ മാത്രം നിക്ഷേപമെന്നും കാണുന്ന കാഴ്ചപ്പാട് കേരളത്തിന്റെ അനുഭവത്തിനുതന്നെ വിരുദ്ധമാണ്. ആരോഗ്യംപോലുള്ള മേഖലകളെ ഒഴിവാക്കി, സാധ്യമാകുന്നിടത്ത് പുതിയ തസ്തികകൾ രണ്ടുവർഷം മാറ്റിവെക്കുമെന്ന് പ്രഖ്യാപിച്ച 2016ലെ ഡോ. തോമസ് ഐസക്കിന്റെ ബജറ്റിൽതന്നെയാണ് കിഫ്ബിയുടെ വിപുലീകരണവും വന്നത് എന്നത് തികച്ചും യാദൃശ്ചികമായി കാണാനാകില്ല. നിയമനത്തിന് നിയന്ത്രണവും നിർമാണത്തിന് വായ്പയും എന്ന മുൻഗണന പൊതുസ്ഥാപനങ്ങളെ ക്ഷയിപ്പിക്കുന്നു. കരാർവൽക്കരണത്തിന് വിപണിയുടെ ന്യായം സ്വീകരിച്ചിട്ട് അതിനെ പുരോഗമന ധനശാസ്ത്രമെന്ന് വിശേഷിപ്പിക്കുന്നതിൽ ഒരർത്ഥവുമില്ല.

അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ധന പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാനങ്ങൾക്ക് മേൽ കെട്ടിവെക്കുന്നത് കേന്ദ്രത്തിന്റെ രാഷ്ട്രീയമാണ്. സംസ്ഥാനങ്ങളുമായി പങ്കിടേണ്ട നികുതിക്ക് പകരം പങ്കിടേണ്ടതില്ലാത്ത സെസും സർചാർജും ധനസമാഹരണത്തിന് ഉപയോഗിക്കുന്ന കേന്ദ്രനയം ഫെഡറൽ നീതിയെ ദുർബലപ്പെടുത്തുകയാണ്. കടമെടുപ്പിനുള്ള അനുമതിയും ധനസഹായത്തിന്റെ നിബന്ധനകളും സംസ്ഥാനങ്ങളുടെ മുൻഗണന നിർണയിക്കാനുള്ള ആയുധമാക്കരുത്. അതോടൊപ്പം കേന്ദ്രത്തിന്റെ ധനാധികാരകേന്ദ്രീകരണത്തെ ചോദ്യംചെയ്യാൻ കേരളത്തിന്റെ സ്വന്തം കണക്കുകൾ സുതാര്യമാണെന്ന് നാം ഉറപ്പാക്കണം.

ഉയർന്ന സാമൂഹികനേട്ടങ്ങൾ നേടിയ കേരളത്തിന് അവ നിലനിർത്താൻ സ്ഥിരമായ ചെലവുകളുണ്ട്. ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരമുള്ള റവന്യൂക്കമ്മി ഗ്രാന്റ് 2024–25 മുതൽ കേരളത്തിന് ലഭിക്കാതായതിന്റെ ആഘാതം സിഎജിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനസംഖ്യാനിയന്ത്രണത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മുന്നേറിയ കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ പുതിയ ആവശ്യങ്ങൾ വരുമാനം പങ്കിടുന്ന നയങ്ങളിലും നിയമങ്ങളിലും കേന്ദ്രം പരിഗണിക്കണം.

വയോജനപരിചരണവും കാലാവസ്ഥാ ദുരന്തപ്രതിരോധവും അടക്കമുള്ള പുതിയ വെല്ലുവിളികൾ കേരളം നേരിടുകയാണ്. സംസ്ഥാനങ്ങളുടെ ധനാവകാശം കേന്ദ്രത്തിന്റെ ഔദാര്യത്തിനായി കാത്തിരിക്കേണ്ട വിഷയമാക്കുന്ന സമീപനം തിരുത്തപ്പെടാനുള്ള നിയമപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങൾ കേരളം തുടരേണ്ടതുണ്ട്.

നിത്യച്ചെലവിന് വരുമാനം തികയാതെ കടത്തെ ആശ്രയിക്കുന്ന കേരളത്തിന് പുതിയൊരു കിഫ്ബി ഉണ്ടാക്കിയാലും രക്ഷയുണ്ടാകില്ല. കടത്തിന്റെ വിലാസം മാറിയതുകൊണ്ട് പണം കണ്ടെത്തേണ്ട ഖജനാവ് മാറില്ല. സർക്കാർ സ്ഥിരമായി വഹിക്കേണ്ട ചെലവുകളിൽ പലിശയ്ക്കു പുറമെയുള്ള പ്രധാന ഇനങ്ങൾ ശമ്പളവും പെൻഷനുമാണ്. പൊതുസേവനങ്ങളെയും വിരമിച്ച ജീവനക്കാരുടെ സാമൂഹികസുരക്ഷയെയും നിലനിർത്തുന്ന ഈ ചെലവുകളെ കേവല സാമ്പത്തികഭാരമായി കാണാനാവില്ല എന്നതിനാൽ അതിൽ വെട്ടിക്കുറവ് വരുത്തുക സാധ്യവുമല്ല.

സംസ്ഥാനത്തിൻ്റെ വരുമാനക്കുറവ് പരിഹരിക്കാതെ പശ്ചാത്തല സൗകര്യ വികസനങ്ങൾക്ക് വേണ്ടിയുള്ള വായ്പകൾ മാത്രം വർധിപ്പിച്ചാൽ തിരിച്ചടവും പൊതുസേവനങ്ങളും ഖജനാവിലെ ഒരേ പണത്തിനായി മത്സരിക്കേണ്ടി വരും. അതിന്റെ പരിഹാരമായി ക്ഷേമപ്പെൻഷനും ചികിത്സയും വിദ്യാഭ്യാസവും തുടങ്ങി സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ജനങ്ങളെ രണ്ടുതവണ ശിക്ഷിക്കലാണ്.

സുധ പിള്ള കമ്മിറ്റിയുടെ നിർദേശങ്ങളിൽനിന്ന് സ്വീകരിക്കാവുന്ന തുടക്കങ്ങളുണ്ട്. കിഫ്ബിയുടെ പുതിയ കടമെടുപ്പ് അവസാനിപ്പിക്കുകയും നിലവിലെ കടങ്ങളുടെ തിരിച്ചടവിന് വാർഷിക ബജറ്റിൽ ആവശ്യമായ തുക വകയിരുത്തുകയും ചെയ്യുക എന്നതാണ് പ്രധാന നിർദേശം. മുൻഗണനാ പദ്ധതികൾ അതത് വകുപ്പുകൾ വഴി പൂർത്തിയാക്കുക, സാധ്യമായിടത്ത് ഉയർന്ന പലിശയുള്ള കടങ്ങൾ കുറഞ്ഞ ചെലവുള്ള വായ്പയായി മാറ്റുക തുടങ്ങിയവയും അതിൽപ്പെടുന്നു. പുനഃക്രമീകരണം പഴയ കരാറുകൾ ലംഘിക്കാനുള്ള ശ്രമമല്ലാത്തതുപോലെ പുതിയൊരു വായ്പക്കമ്പനി സ്ഥാപിക്കാനും കമ്മിറ്റി നിർദേശിക്കുന്നില്ല എന്നത് പ്രധാനമാണ്.

ഇതിനൊപ്പം കേരളത്തിന്റെ അഞ്ചുവർഷത്തെ സംയോജിത ധനകാര്യപദ്ധതി തയ്യാറാക്കി നിയമസഭയ്ക്കുമുന്നിൽ വെക്കണം. പഴയ കടത്തിന്റെ തിരിച്ചടവ്, അവശേഷിക്കുന്ന പദ്ധതിച്ചെലവ്, നിർമിച്ച ആസ്തികളുടെ പരിപാലനം, അനിവാര്യ പൊതുസേവനങ്ങൾ എന്നിവ ഒരുമിച്ച് വിലയിരുത്തുന്ന സമഗ്രമായ ചർച്ച അതിന്മേൽ നടക്കണം. ഇതിനുശേഷമാണ് പണലഭ്യത ഉറപ്പാക്കി പുതിയ പദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. കുറഞ്ഞ പലിശയിലേക്കുള്ള വായ്പമാറ്റത്തിലും മുൻകൂർ തിരിച്ചടവിന്റെ ചെലവുകൾ പരിശോധിക്കണം. വികസനപ്രഖ്യാപനത്തിനും അതിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിനുമിടയിൽ വർഷങ്ങളുടെ അകലം അനുവദിക്കരുത്.

ധനസമാഹരണത്തിന്റെ സ്ഥിരമായ അടിത്തറ സ്വന്തം വരുമാനമാണ്. വലിയ ഭൂസ്വത്തിനും ഉയർന്ന മൂല്യമുള്ള കെട്ടിടങ്ങൾക്കും ന്യായമായ നികുതി, വൻകിട കുടിശ്ശികയുടെ കാര്യക്ഷമമായ പിരിവ്, നികുതിവെട്ടിപ്പ് തടയൽ എന്നിവയ്ക്ക് മുൻഗണന നൽകണം. തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം ശക്തിപ്പെടുത്താതെ അവരുടെ ചുമതല കൂട്ടരുത്. പൊതുനിക്ഷേപംകൊണ്ട് ഭൂമിക്കുണ്ടാകുന്ന മൂല്യവർധനയുടെ ന്യായമായ വിഹിതം, നേട്ടം ലഭിക്കുന്ന ഭൂവുടമകളിൽനിന്ന് നിയമാനുസൃത നികുതികളിലൂടെയോ വികസനവിഹിതത്തിലൂടെയോ പൊതുസൗകര്യങ്ങൾക്ക് തിരിച്ചുപിടിക്കണം. സാധാരണവീടിനെയും വൻകിട വാണിജ്യസ്വത്തിനെയും ഒരേ തോതിൽ കാണേണ്ടതില്ല.

പ്രവാസികളുടെ പണം ഉയർന്ന പലിശ വാഗ്ദാനംചെയ്ത് വീണ്ടും പൊതുകടമാക്കുന്നതിന് പകരം, ഉൽപാദനത്തിലും തൊഴിൽ സൃഷ്ടിക്കുന്ന സംരംഭങ്ങളിലും നിയമാനുസൃത നിക്ഷേപത്തിന് അവസരമൊരുക്കണം. ചെറുകിട വ്യവസായം, കാർഷിക സംസ്കരണം, ആരോഗ്യസേവനം, ഗവേഷണം എന്നിവയിൽ സർക്കാർ അടിസ്ഥാനസൗകര്യവും പരിശീലനവും വിശ്വസനീയമായ നിയന്ത്രണവും ഉറപ്പാക്കണം. ഇത്തരം നിക്ഷേപം ഉടനെ ബജറ്റ് വിടവ് നികത്തില്ല. എന്നാൽ ഭാവിവരുമാനത്തിന്റെ അടിത്തറ വിപുലപ്പെടുത്താനുള്ള വഴിയാണത്.

സംസ്ഥാനത്തിന് ലഭ്യമായ കടപരിധിക്കുള്ളിൽ നിന്ന് ഏറ്റവും കുറഞ്ഞ മൊത്തച്ചെലവുള്ള വായ്പ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. നേരിട്ടുള്ള പൊതുവിപണി വായ്പയും നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനനിധിയും പദ്ധതി അനുസരിച്ച് പരിശോധിക്കാം. കിഫ്ബിയും നബാർഡ് വായ്പ ഉപയോഗിച്ചിട്ടുണ്ട് എന്നതിനാൽ ഇതൊന്നും പുതിയ കണ്ടെത്തലല്ല. യോഗ്യതയും പരിധിയും പരിശോധിച്ച്, അനാവശ്യ ചെലവുകൾ ഒഴിവാക്കുകയാണ് വേണ്ടത്. കേരളം ഇതിനകം ഉപയോഗിച്ചിട്ടുള്ള കേന്ദ്രത്തിന്റെ അമ്പതുവർഷത്തെ പലിശരഹിത മൂലധനവായ്പയിൽ അർഹമായ തുടർവിഹിതം ആവശ്യപ്പെടാനും നമുക്കവകാശമുണ്ട്.

വിദേശ ധനസഹായത്തിനും നിയമവഴിയുണ്ട്. ഭരണഘടനയിലെ അനുച്ഛേദം 293 സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടമെടുപ്പ് ഇന്ത്യയ്ക്കകത്താണ് അനുവദിക്കുന്നത്. കേന്ദ്രത്തിൽനിന്നുള്ള വായ്പയോ കേന്ദ്രഗാരന്റിയുള്ള വായ്പയോ ബാക്കിയുള്ള സാഹചര്യത്തിൽ പുതിയ കടത്തിന് കേന്ദ്രാനുമതിയും വേണം. ലോകബാങ്ക്, ഏഷ്യൻ വികസനബാങ്ക് തുടങ്ങിയവയുടെ പദ്ധതി സഹായം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിശോധനയും അനുമതിയും കരാറുകളും വഴി ഉപയോഗിക്കാം. കേന്ദ്രവും കേരളവും ലോകബാങ്കും ചേർന്ന് ഒപ്പുവെച്ച ദുരന്തപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള റസിലിയന്റ് കേരള പരിപാടി (Resilient Kerala Program) ഇതിനുള്ള നിലവിലെ ഉദാഹരണമാണ്. ഈ വായ്പകൾ ബാധകമായ കടപരിധികൾക്കും തിരിച്ചടവുശേഷിക്കും വിധേയമായി പൊതുബജറ്റിന്റെ നിയന്ത്രണത്തിൽ ഉപയോഗിക്കുകയാണ് വേണ്ടത്.

വിദേശവായ്പയുടെ പലിശ മാത്രം നോക്കിയുള്ള തിരഞ്ഞെടുപ്പും അപകടമാണ്. വിദേശനാണയത്തിൽ തിരിച്ചടയ്ക്കേണ്ട വായ്പകളിൽ രൂപയുടെ മൂല്യം താഴുമ്പോഴുണ്ടാകുന്ന അധികച്ചെലവും കണക്കാക്കണം. ഫീസുകളും നയനിബന്ധനകളും ഉൾപ്പെടുത്തിയാകണം മൊത്തച്ചെലവ് വിലയിരുത്തേണ്ടത്. തീരസംരക്ഷണം, ജലസുരക്ഷ, ദുരന്തപ്രതിരോധം എന്നിവയ്ക്ക് ഗ്രീൻ ക്ലൈമറ്റ് ഫണ്ടിന്റെ ഗ്രാന്റുകൾ തേടാം. ഒഡിഷയിലെ ആദിവാസിമേഖലകളുടെ ജലസുരക്ഷയ്ക്കും കൃഷിക്കും ഇത്തരത്തിൽ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. നബാർഡ് പോലുള്ള അംഗീകൃത സ്ഥാപനങ്ങളിലൂടെ പദ്ധതി തയ്യാറാക്കി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യമായ സമ്മതവും ഫണ്ടിന്റെ അംഗീകാരവും നേടണം.

കേരളത്തിന് ഇനിയാവശ്യം കൂടുതൽ നിർമാണങ്ങൾ മാത്രമല്ല. നിലവിലെ ആസ്തികളുടെ പരിപാലനം, പൊതുഗതാഗതം, വയോജനപരിചരണം, സ്ത്രീകൾക്ക് തൊഴിൽ ചെയ്യാൻ സഹായിക്കുന്ന ശിശുപരിചരണം, ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസവും ചികിത്സയും എന്നിവയ്ക്കാകണം വികസനത്തിൽ മുൻഗണന.

ഓരോ പുതിയ പദ്ധതിക്കും നിർമാണച്ചെലവിനൊപ്പം പത്തോ ഇരുപതോ വർഷത്തെ നടത്തിപ്പുചെലവും വെളിപ്പെടുത്തണം. ജനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും മുൻഗണന നിശ്ചയിക്കാൻ അധികാരം നൽകണം. ഇതാണ് സാമ്പത്തിക അച്ചടക്കത്തിനായുള്ള മനുഷ്യപക്ഷമുള്ള ജനാധിപത്യ രീതി.

പൊതുസ്വകാര്യ പങ്കാളിത്തം എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമരുന്നല്ല. സ്വകാര്യപണം സ്വീകരിക്കുമ്പോൾ സർക്കാർ നൽകുന്ന ഉറപ്പുകളും ഭാവിയിൽ നൽകേണ്ട തുകയും ഉൾപ്പെടുന്ന സുതാര്യമായ ഒരു കണക്കുണ്ടാകണം. ചെലവ് ഒടുവിൽ ഉപയോക്താവിനുമേൽ ചുമത്തുന്ന കരാറിലൂടെ പണം കണ്ടെത്താനായാലും, അതുകൊണ്ടുമാത്രം ജനക്ഷേമം ഉറപ്പാകില്ല. ചികിത്സയും വിദ്യാഭ്യാസവും സാധാരണക്കാരന്റെ വാങ്ങൽശേഷിക്കു വിട്ടുകൊടുക്കാത്ത നയമാണ് കേരളത്തിന് വേണ്ടത്. പണം നൽകുന്നവരുടെ സൗകര്യത്തിനായി വികസനത്തിന്റെ ലക്ഷ്യം മാറ്റാനാവില്ല.

ക്ഷേമരാഷ്ട്രത്തിന്റെ ശക്തി എത്ര കടം വാങ്ങാനാകുമെന്നതിൽ അളക്കാനാവില്ല. പ്രതിസന്ധിക്കാലത്തും ജനങ്ങളുടെ അവകാശങ്ങൾ എത്രത്തോളം സംരക്ഷിക്കാനാകുന്നു എന്നതാണ് അതിന്റെ പരിശോധന. കേരളത്തിന്റെ സാമൂഹികനേട്ടങ്ങൾ ഒരു പാർട്ടിയുടെയോ ഒരു സാമ്പത്തികസിദ്ധാന്തത്തിന്റെയോ മാത്രം സംഭാവനയുമല്ല. സാമൂഹികപ്രസ്ഥാനങ്ങളും പൊതുസ്ഥാപനങ്ങളും വ്യത്യസ്ത ഭരണകൂടങ്ങളും ജനങ്ങളുടെ ഇടപെടലും ചേർന്നുണ്ടാക്കിയ അനുഭവസമ്പത്ത് നമുക്കുണ്ട്. അതിൽനിന്ന് പുതിയ ബദൽ രൂപപ്പെടുത്താനുള്ള ആത്മവിശ്വാസമാണ് വേണ്ടത്. കിഫ്ബിയുടെ പരാജയത്തിൽനിന്ന് കേരളം തിരിച്ചുപിടിക്കേണ്ടത് ആ വിവേകമാണ്.

Related